"നമുക്കു നാരകക്കാനം വരെ ഒന്നു പോയാലോ?" സിറ്റിയിലെ കടയിലെ സജിച്ചേട്ടനോടാണ് എന്റെ ചോദ്യം.
"ആയ്ക്കോട്ടെ!" എന്നുപറഞ്ഞു പുള്ളി ഉടനെ തയ്യാറായി ഇറങ്ങി. പട്ടണത്തില്‍ ചെന്നു ഡീസലും അടിച്ച് ഇടുക്കിക്കുള്ള വഴിയെ ഞങ്ങളാറിനെയും കൊണ്ട് ജീപ്പങ്ങനെ പോയി.
"അവിടെയെന്നാ കാണാനാ? ഡാം കാണാനാണോ?"
"ഏയ് അല്ല, ഡാം ഇപ്പോള്‍ തുറന്നു കൊടുത്തിട്ടില്ല. സാധാരണ ക്രിസ്‌മസ് കാലമാകുമ്പോള്‍ തുറക്കാറുള്ളത. ഇത്തവണ മുല്ലപ്പെരിയാര്‍ പ്രശ്നം ഉള്ളതു കൊണ്ടാവും.. എന്തോ... ഞങ്ങളു പോകുന്നത് അവിടെ ഒരു തുരങ്കമുണ്ട്, അതു കാണാനാ!"
നാരകക്കാനം കഴിഞ്ഞാല്‍ ഇടുക്കി ഭാഗത്തേക്കുള്ള ആദ്യത്തെ സ്റ്റോപ്. അവിടെ നിന്നും താഴേക്കിറങ്ങുന്ന ഒരു ജീപ്പ്പുറോഡ്. വളഞ്ഞും പുളഞ്ഞും മലയുടെ നെഞ്ചിലൂടെ അതു ഇറങ്ങിച്ചെല്ലുന്നതു വേനലില്‍ ചെറിയൊരു നീര്‍ച്ചാലുമാത്രമായി മെലിഞ്ഞ ഒരു തോടിന്റെ കരയില്‍. വഴി അവിടെ തീരുന്നു. അപ്പോഴേക്കും ഇരുപത്തി രണ്ട് കിലോമീറ്റര്‍ ഓഡോമീറ്റര്‍ എണ്ണിക്കഴിഞ്ഞിരുന്നു.
സന്ദര്‍ശകരുടെയെല്ലാം മുഖത്ത് ഇതെങ്ങോട്ടാണീ പോക്കെന്ന ചോദ്യം വായിച്ചെടുക്കാമായിരുന്നു. ഞങ്ങളിറങ്ങിയതിന്റെ ഇടതുവശത്ത് ചെറിയൊരു ചെക്ക് ഡാമുണ്ട്. ആ കൈത്തോടിലൂടെ ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്തി ഇടുക്കിഡാമിലേക്ക് വഴിതിരിച്ചു വിടുന്നു. ഇരുവശവും കല്‍ഭിത്തി കെട്ടി സംരക്ഷിച്ച ആ ചാല്‍ നീങ്ങുന്നത് കോണ്‍ക്രീറ്റ് തൂണുകള്‍ തട തീര്‍ത്ത ഒരു ഗുഹാമുഖത്തേക്കാണ്. അതിലേ ഒഴുകിവരുന്ന മരക്കഷണങ്ങളെയും മറ്റു തടഞ്ഞു നിര്‍ത്താനാണീ തൂണുകള്‍. അങ്ങിങ്ങു പൊന്തിവളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ അഞ്ചടിയോളം പൊക്കമുള്ള കയ്യാലയുടെ താഴേക്ക് ഊര്‍ന്നിറങ്ങി. പാദം മൂടാന്‍ തക്ക വെള്ളമേയുള്ളൂ. കുളിരുള്ള തെളിനീര്‍. ശങ്കിച്ചു നിന്ന കൂട്ടുകാരെ ഇറങ്ങാന്‍ സഹായിച്ചു. എല്ലാവരും താഴെയിറങ്ങി. 'സെറ്റപ്പ് സ്ഥലം ചേട്ടായീ!' മള്‍ട്ടിയുടെ അഭിപ്രായത്തിന് എല്ലാവരും തലകുലുക്കി. കോണ്‍ക്രീറ്റു തൂണുകള്‍ക്കപ്പുറം വാ പിളര്‍ന്നു നില്‍ക്കുന്നു തുരങ്കം!
ഇരുട്ടുകൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ പോലെ തുരങ്കം കാണപ്പെട്ടു. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ നീളമുണ്ടിതിന്. ഇങ്ങു നിന്നു നോക്കിയാല്‍ മറ്റേയറ്റം പ്രകാശത്തിന്റെ ഒരു പൊട്ടുപോലെ കാണാം. ഞങ്ങള്‍ യാത്ര ചെയ്തുവന്ന ഇടുക്കി റോഡ് കടന്നു പോകുന്ന മലയുടെ നെഞ്ചു തുരന്ന് മറുവശത്തെ ഡാം റിസര്‍വ്വോയറിന്റെ ദിശയിലേക്കാണ് ഈ തുരങ്കം പണിതിരിക്കുന്നത്.
'പോകണോ വേണ്ടയോ?' എന്നൊരു കണ്‍ഫ്യൂഷന്‍ സന്ദര്‍ശകരുടെയുള്ളില്‍ ഉണ്ടായിരുന്നു. മുന്‍പ് രണ്ടുവട്ടം (2002 ലും 2003 ലും) ഇതിലൂടെ കടന്നുപോയിട്ടുള്ള എന്നെ അവര്‍ വിശ്വാസത്തിലെടുത്തു. നേരത്തെ അതിലേ പോയവരാരോ ഉപേക്ഷിച്ചു പോയ രണ്ടു നീളന്‍ വടികള്‍ കിട്ടി.
"അതെടുത്തോ.. വല്ല പാമ്പിനേം കണ്ടാല്‍ തല്ലിക്കൊല്ലാം."
"പാ.. പാമ്പോ? പാമ്പൊക്കെയുണ്ടാവുമോ?" സംഭ്രമം നിറഞ്ഞ ആ ചോദ്യം റംസിന്റെ വായില്‍ നിന്നാണു വീണത്.
"കാണാന്‍ സാധ്യതയില്ലാതില്ല. ഇന്നുവരെ കണ്ടിട്ടില്ല. കണ്ടാലത്തെ കാര്യമാണു പറഞ്ഞത്.' ഞാന്‍ തുടര്‍ന്നു. 'മറ്റൊന്ന്, ഇതില്‍ കുറെ വവ്വാലുകളുണ്ട്(നരിച്ചീറുകള്‍). നമ്മള്‍ കൂവിയും അലറിയും ഒച്ചവെച്ചു വേണം പോകാന്‍. അതുങ്ങ്നള്‍ അകന്നു പോകാന്‍ വേണ്ടീട്ടാണ്. പിന്നെ, വെള്ളം കാലുകൊണ്ട് നന്നായി ഇളക്കി വേനം നടക്കാന്‍. മുന്‍പേ പറഞ്ഞപോലെ പാമ്പു വല്ലോം ഉണ്ടെങ്കില്‍ മാറിപ്പോയ്ക്കോളും. ചിലപ്പൊ വല്ല കുപ്പിച്ചില്ലും കാണ്ടേക്കാം. നോക്കി വന്നോണം. എതാണ്ട് പകുതിയാകുമ്പോള്‍ തറ്യിലെ കല്ലുകള്‍ മുഴച്ചും കുഴിഞ്ഞുമൊക്കെയാണ്. വീഴാതെ നോക്കണം. കയ്യിലുള്ള വടികൊണ്ട് തപ്പിക്കൊണ്ട് നടന്നോണം. ഇത്രയുമാണ് മുന്‍കരുതല്‍ നടപടികള്‍."
ഞാന്‍ ബാഗില്‍ നിന്നും ടോര്‍ച്ചെടുത്തു. എല്‍.ഇ.ഡി.ബള്‍ബിനു നല്ല പ്രകാശമുണ്ട്. സാഹസികതയുടേതായ ഒരു ത്രില്‍ വരണമെങ്കില്‍ പന്തം കത്തിച്ചു കൊണ്ടു പോകണം.
"അപ്പോള്‍ ശെരി... പേടിക്കാനൊന്നുമില്ല. നമ്മള്‍ തുടങ്ങുന്നു!!"
"കൂ... ഹൂ ഹാ... ഹൂയ്...യ്"
ആമോദത്തിമിര്‍പ്പിന്റെ ശബ്‌ദം മുഴക്കി ഞങ്ങളാറും തുരങ്കത്തിലേക്കു കടന്നു. ഏറ്റവും മുന്നില്‍ ഞാന്‍. കഷ്‌ടിച്ച് ആദ്യത്തെ ഒരു അന്‍പതു മീറ്റര്‍ പിന്നില്‍ നിന്നുള്ള വെളിച്ചം കടന്നു വരും. പൂപ്പലോ പായലോ ഒക്കെ ഉണങ്ങിപ്പിടിച്ച് തുരങ്കത്തിന്റെ ഭിത്തിയിലെ പാറകള്‍ ചാരനിറം പൂണ്ടുകാണപ്പെട്ടു. മേല്‍ത്തട്ടില്‍ കയ്യെത്തിച്ചു തൊടാവുന്നത്ര പൊക്കമേയുള്ളൂ. ഇടവും വലവും മേലും കീഴും പാറ തന്നെ പാറ. വെള്ളത്തിനൊപ്പം ഒഴുകിവന്നടിഞ്ഞ മണലും ചരലും തറയില്‍ കനം കുറഞ്ഞ ഒരാവരണം തീര്‍ത്തിട്ടുണ്ട്. മന്ദം ഒഴുകുന്ന വെള്ളം കാല്‍പാദങ്ങളില്‍ ഇക്കിളി കൂട്ടുന്നു. തുടക്കത്തിലെല്ലാം പരിഭ്രാന്തരായ പരല്‍മീനുകള്‍ കാലുകളില്‍ വന്നു മുട്ടിയിട്ട് എങ്ങോട്ടൊക്കെയോ പരക്കം പാഞ്ഞു. ഇരുട്ടിലേക്കു കടന്നപ്പോള്‍ കുറെ വവ്വാലുകള്‍ പുറത്തേക്കു പറന്നുപോയി.
മുന്നിലേക്കു നീട്ടി ടോര്‍ച്ചടിച്ച് പോകേണ്ട പാത നന്നായി നോക്കി മനസ്സിലാക്കി കൂവിയാര്‍ത്തു നീങ്ങി. ശേഷിച്ച വവ്വാലുകള്‍ ബഹളവും ഞങ്ങളുടെ കയ്യിലെ വെളിച്ചവും നിമിത്തം ഞങ്ങള്‍ക്കു മുന്‍പേ മറുവശത്തേക്കു നീങ്ങിക്കൊണ്ടിരിക്കും. പ്രകാശവീഥിയില്‍ അവയെല്ലാം ഇടയ്‌ക്കിടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. അസുഖകരമായ ഒരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് അവ പറന്നകലുന്നത് അകലെക്കാണുന്ന വെള്ളപ്പൊട്ടിനിപ്പുറം നിഴല്‍ച്ചിത്രങ്ങളായിക്കണ്ടു.
"ഇതു കടിച്ചാല്‍ പേ പിടിക്കത്തില്ലേ?" മള്‍ട്ടി ഇതു ചോദിക്കുമ്പോള്‍ പച്ച വിരിപ്പിട്ട ആശുപത്രി മെത്തയില്‍ മലര്‍ന്നു കിടന്ന് സുന്ദരിയായ ഒരു നേഴ്‌സിന്റെ പുഞ്ചിരിയില്‍ മയങ്ങി പൊക്കിളിനു ചുറ്റും പതിനാലു കുത്തിവെയ്‌പ്പു വാങ്ങുന്നതിന്റെ കഠോരമായ വേദനയായിരുന്നിരിക്കണം ഭാവനയില്‍.
ഓരോ ചുവടുവെയ്‌പ്പിലും വെള്ളത്തില്‍ മുങ്ങിയ നിലത്തെ കുഴികളും കൂര്‍ത്ത കല്ലുകളും കണ്ടെത്തി വേണം പോകാന്‍. ഒരു ഭീതിദമായ അനുഭവം എന്തെന്നാല്‍, ഭയത്തോടെ മനസ്സില്ലാ മനസ്സോടെ തുരങ്കത്തിലൂടെ നടപ്പുതുടങ്ങി, എതാണ്ടൊരു കാല്‍ ഭാഗം ദൂരം പിന്നിട്ടുകഴിയുമ്പോള്‍ പിന്നോട്ടൊന്നു വലിയാന്‍ തോന്നും. 'ഈ സാഹസം വേണോ? തിരിച്ചു പോയാലോ? ഇരുളടഞ്ഞ തുരങ്കം മുന്നിലിങ്ങനെ നീണ്ടു കിടക്കുന്നു. തിരികെപ്പോകാനാണെങ്കില്‍ വേഗം ചെന്നു കര പറ്റാം. മുന്നോട്ടു നടന്നാല്‍ ഏറെ ദൂരം കൂടി അസുഖകരമായ ഈ അന്തരീക്ഷത്തിലൂടെ നടക്കണം. തിരികെപ്പോയാലോ?' അതിശക്തമായൊരു തോന്നലാണിത്. ആദ്യതവണ മാത്രം, ഒരിക്കല്‍ മാത്രം തോന്നുന്ന ഒരു ഭയം. പക്ഷേ മുന്നോട്ടു തന്നെ നീങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതു രണ്ടു വസ്‌തുതകളാണ് - ഒന്ന് കൂടെയുള്ളവറുടെ ആവേശവും പ്രോല്‍സാഹനവും. രണ്ട്, എന്തായാലും ഇത്രയും ഇതിലൂടെ നടന്നു, എങ്കില്‍ പിന്നെ ഇതുമുഴുവനാക്കി ഇതുവരെ കാണാത്ത അക്കരക്കാഴ്‌ചകളും കണ്ടു മടങ്ങിക്കൂടേ? ആദ്യം പറഞ്ഞ ആവേശം തന്നെയാവും മുഖ്യമായും നമ്മളെ മുന്നോട്ടു നയിക്കുക.
പൊട്ടിയടര്‍ന്ന പാറയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുറിപ്പാടുകള്‍ വീഴ്‌ത്തി ആഴ്‌ന്നിറങ്ങിയ തമരിന്റെ പാടുകള്‍ കാണാം. ഇടയ്‌ക്ക് ഒന്നു രണ്ടുസ്ഥലത്ത് മേലെ നിന്നും തുള്ളിതുള്ളിയായി വെള്ളം അരിച്ചിറങ്ങിയ അടയാളം. മലയിലെ പാറയുടെ അടുക്കുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയതാവണം. നമ്മള്‍ നടന്നു പോകുന്ന നേരത്ത് ഈ സുനാപ്പിയെങ്ങാനും ഇടിഞ്ഞു താഴുമോ, ഇതിനുള്ളില്‍ നാം കുടുങ്ങിപ്പോകുമോ എന്നൊരു അനാവശ്യചിന്തയും സുനിശ്ചിതമാണ്. പ്രത്യേകിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വന്ന കവാടവും അങ്ങേക്കവാടവും ഏതാണ്ട് തുല്യദൂരത്തിലാണെന്നു കാണുമ്പോള്‍. ആ ചിന്തകള്‍ക്കൊന്നും അധികം ഇട കൊടുക്കാതിരിക്കാനും കൂടിയാണ് ബഹളമുണ്ടാക്കി നടക്കുന്നത്. ഇരുട്ടു തരുന്ന സ്വാതന്ത്ര്യം - അതു ഞങ്ങളെ ലോകത്തിലെ ഏറ്റവും നല്ല കൂവല്‍ വിദഗ്‌ധരാക്കിക്കൊണ്ടിരുന്നു.
"നാം പാതി പിന്നിട്ടിരിക്കുന്നു" ആവേശപൂര്‍വ്വം ഞാന്‍ അറിയിച്ചു.
"ഏ? പകുതിയേ ആയൊള്ളോ?" ഫോട്ടോയില്‍ മാത്രം സാഹസികത കാണിക്കുന്ന നിറ്റ്‌സിന് ഒരല്‍പം നിരാശ.
പോകെപ്പോകെ മറുവശത്തെ ദ്വാരം കൂടുതല്‍ വ്യക്തമായി വന്നു. തീക്ഷ്‌ണമായ വെളിച്ചത്തിന്റെ ഒരു പൊട്ട് എന്നതു മാറി അകലെ തലനീട്ടി നില്‍ക്കുന്ന മരത്തിന്റെ ഇലകള്‍ ദൃശ്യമായി. അതുവരെ നമ്മെപ്പേടിച്ചു മുന്‍പേ പറന്ന വവ്വാലുകള്‍ ഭൂരിഭാഗവും വെറുപ്പിക്കുന്ന പകലിലേക്ക് പറന്നകന്നു. ചിലവ തലയ്ക്കു മുകളിലൂടെ പ്രിയപ്പെട്ട ഇരുട്ടിലേക്കു തിരിച്ചു പറന്നു. തുരങ്കത്തിലേക്കെത്തിനോക്കുന്ന പ്രകാശം വീണ്ടും വശങ്ങളിലെ കല്ലുകളുടെ നിറം വെളിവാക്കി. ശക്തമായി തുരങ്കത്തിനുള്ളിലേക്കു കാറ്റുവീശുന്നുണ്ട്. ഏറ്റവും സുന്ദരം കാറ്റു തുരങ്കത്തിന്റെ വായില്‍ത്തട്ടിയകലുമ്പോള്‍ നേര്‍ത്ത ഒരു മൂളല്‍ പോലെ കേള്‍ക്കുന്ന സംഗീതമാണ്. തുരങ്കത്തിന്റെ മുഖം ഒരു മുളങ്കുഴലിന്റെ ഓട്ട പോലെ ആകൃതിയൊത്തതായിരുന്നെങ്കില്‍ ആ നാദം ഒരുപക്ഷേ കൂടുതല്‍ മധുരമായേനെ.
വെളിച്ചം കാണേ അറിയാതെ നടപ്പിനു വേഗം കൂടും. ഇത്രനേരം നടന്ന ഇരുട്ടിനോടുള്ള അസഹ്യത മൂലം. മറുതലയ്ക്കല്‍ വരുമ്പോള്‍ ഒരു വലിയ പ്രതിസന്ധി കടന്ന മട്ടില്‍ വിജയാരവം ആരായാലും മുഴക്കിപ്പോകും! പിന്നെ അവിടത്തെ കാഴ്‌ചയില്‍ അല്‍പനേരം മതിമറന്നൊരു നില്‍പാണ്. മുന്നില്‍ കാണുന്നതു വനം, പരന്നു കിടക്കുന്നു തടാകം.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'