മെട്ടിലിറങ്ങി. 2007 ഒക്ടോബറിനു ശേഷം ഇന്നാണവിടെ ഞാന്‍ ചെല്ലുന്നത്. ഒരു റൗണ്ട് ചായയ്‌ക്കും കടിക്കും ശേഷം നേരേ വ്യൂപോയിന്റ് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. സദാ കാറ്റു ചൂളം വിളിക്കുന്ന, മണ്ണിനു പോലും കുളിരുള്ള, മര്‍മ്മരം മുറിയാത്ത ഒരില്ലിക്കാട്. പിന്നെ ചെറിയൊരു നീര്‍ച്ചോല. കുറ്റിക്കാടുകള്‍ക്കിടയിലൂടെയുള്ള ദുര്‍ഘടമായ കയറ്റമുള്ള ഒരു നടപ്പുവഴി. ഒരു പത്തു മിനിറ്റു കൊണ്ട് ഇത്രയും താണ്ടിച്ചെല്ലുന്നതു തുറസ്സായ മലഞ്ചെരിവിലേക്ക്. അക്കരെ മലയുടെ അടിവാരത്ത്, റോഡിന്റെ ഓരത്ത് ഞങ്ങള്‍ വന്നതുള്‍പ്പടെ വാഹനങ്ങള്‍ കളിപ്പാട്ടത്തിന്റെ വലിപ്പത്തില്‍. മുല്ലപ്പെരിയാര്‍ വിഷയം കത്തി നില്‍ക്കുന്നതുകൊണ്ട് സ്ഥലത്തു ക്യാമ്പ് ചെയ്യുന്ന റിസര്‍വ്വ് പൊലീസിന്റെ വാന്‍ മാത്രം മൊത്തം രംഗത്തിനു കളങ്കമായി ഒരു മരച്ചുവട്ടില്‍ കിടക്കുന്നുണ്ടായിരുന്നു. മേലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഏറ്റവും മേലെ ശില്‍പി ജിനന്‍ രൂപകല്‍പന ചെയ്ത കുറവന്‍ കുറത്തി ശില്‍പം. ദൂരെയുള്ള മലകളില്‍ അലസമായി കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍. ഇവ സ്ഥാപിച്ചശേഷം ഞാന്‍ ആദ്യമായാണ് ഇവിടെ വരുന്നത്.
കല്യാണത്തണ്ട് മലയുടെ മുകളില്‍ നിന്നു കിഴക്കോട്ടു നോക്കിയാല്‍ കാണുന്ന അതേ കാഴ്‌ചയാണ് രാമക്കല്‍മെട്ടില്‍ നിന്നു പടിഞ്ഞാട്ടു നോക്കിയാല്‍. പട്ടണങ്ങള്‍ കാണപ്പെടില്ല എന്നു മാത്രം. അന്തമില്ലാതെ കിടക്കുന്ന ഹരിതഗിരിനിരകള്‍. സമീപത്തെ മലകളിലെ കാറ്റാടികളാണ് ഒരു കൗതുകം. പക്ഷേ മറുവശത്ത് നാം കാണുന്നത് മറ്റൊരു ലോകം. മണ്ണിന്റെയും മരങ്ങളുടെയും നിറങ്ങള്‍ ഇടകലര്‍ന്ന ഒരു പരമ്പു വിരിച്ചിട്ടതുപോലെ തമിഴ്‌നാട്. ഞങ്ങള്‍ നില്‍ക്കുന്ന മലയോടെ കേരളവും പശ്ചിമഘട്ടവും തീരുന്നു. അങ്ങേ ചെരിവിനപ്പുറം കമ്പം, തേവാരം, കോമ്പൈ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങള്‍. മലമുകളില്‍ ഇപ്പോഴിങ്ങ് ഉരുണ്ട് താഴേക്കു വീഴുമെന്നു തോന്നിപ്പിച്ചുകൊണ്ട് ഭീമന്‍ പാറകള്‍ പ്രകൃതി കൊടുത്ത ഏതോ ഊടിന്മേല്‍ ചാഞ്ഞു നിന്നു.
രാമക്കല്ല്. ഐതിഹ്യങ്ങളില്‍ നിറയുന്ന ശിലാശൃംഗം. സീതാപഹരണ കാലത്ത് പത്നിയെത്തേടി കാടായ കാടുമുഴുവന്‍ അലഞ്ഞ ശ്രീരാമന്‍ ഇവിടെയുമെത്തുകയും ഈ മലയുടെ മേലെ നിന്നു ദൂരെ താഴ്‌വരയിലേക്കു നോക്കി ഏറിയ ദുഃഖഭാരത്താല്‍ സീതയെ ഉറക്കെ വിളിക്കുകയും ചെയ്‌തെന്നാണ് വിശ്വാസം. സ്ഥലത്തിന് ആ പേരു വരാന്‍ കാരണവും ഈ കഥ തന്നെ. ഇതിന് അവലംബമെന്നോണം രാമക്കല്ലിന്റെ ഉച്ചിയില്‍ കാല്‍പാദം പോലുള്ള ഒരടയാളവും ഉള്ളതായി പറയപ്പെടുന്നു. ആ പാറയുടെ മുന്നില്‍ ഇന്നുവരെ വലിഞ്ഞു കയറാനുള്ള ഗട്‌സ് കിട്ടാഞ്ഞതിനാല്‍ ഞാനതു കണ്ടിട്ടില്ല. രാമക്കല്ലിന്റെ കിഴക്കുവശം കുത്തനെ നില്‍ക്കുന്ന പാറകൊണ്ടുള്ള ഒരു ഭിത്തി പോലെ. നൂറുകണക്കിന് അടി താഴെ കാണുന്ന മരങ്ങള്‍ വെറും പുല്‍ക്കൊടി പോലെ തോന്നിക്കുന്നു. കാലൊന്നിടറിയാല്‍ ആളു താഴേക്കു പതിക്കും. നോക്കിയാല്‍ത്തന്നെ തലകറങ്ങുമെന്നതു വേറെ കാര്യം. തവിടുപൊടിയായിട്ടേ ശവം പോലും കിട്ടൂ. ചെന്നു വീഴുന്നതോ തമിഴ്‌നാട്ടിലും. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാത്ത ഇവിടെ പണ്ടുകാലങ്ങളില്‍ എത്രയോ ആത്മഹത്യകള്‍ നടന്നിരിക്കുന്നു!
പാറക്കെട്ടില്‍ അങ്ങിങ്ങു തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍. താഴെ വനം. അതിനുമപ്പുറം കാര്‍ഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പാടങ്ങളും തോട്ടങ്ങളും. ചെസ്സ്‌ബോര്‍ഡിലെ ചതുരങ്ങള്‍ പോലെ കൃഷിക്കളങ്ങള്‍. സൈന്യം വരി നില്‍ക്കുന്നതു പോലെ അടുങ്ങിക്കാണപ്പെടുന്നു തോട്ടങ്ങളിലെ മാവുകളും പുളിമരങ്ങളും. ഉഴുതിട്ട കളങ്ങള്‍ ചെമ്മണ്ണിന്റെ സൗന്ദര്യം ഉദ്‌ഘോഷിക്കുന്നു. പ്രൗഢിയോടെ തലപൊക്കിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍. അങ്ങിങ്ങായി കാണപ്പെടുന്ന കനാലുകളും ചെറിയ കുളങ്ങളും. ഇവയെ കീറിമുറിച്ചുകൊണ്ട് പോകുന്ന ടാറിട്ട ഒരു റോഡ്. കുറെ നേരം അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അതിലേ ഏതെങ്കിലും ഒരു വാഹനം പോകുന്നതു കാണാം. ചിലയിടങ്ങളില്‍ നിന്നും പുക ഉയരുന്നു. അങ്ങിങ്ങ് പട്ടണങ്ങളും ഒറ്റപ്പെട്ട മലകളും കാണാം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു തമിഴകം. അവിടത്തെ പച്ചപ്പിന്റെ ഓരോ തന്മാത്രയിലും നമുക്കു വായിച്ചെടുക്കാം മുല്ലപ്പെരിയാര്‍ എന്ന പദം.
ചെയ്യാന്‍ പ്രത്യേകിച്ചൊന്നും ഇല്ല. കാലിടറാതെ ഓരോ മുക്കിലും മൂലയിലും പോകയും പറ്റാവുന്ന ഇന്ദ്രിയങ്ങള്‍ കൊണ്ടെല്ലാം ആ പ്രദേശത്തെ ആസ്വദിക്കുകയും തന്നെ. എടുത്തു പറയേണ്ടത് ഒരു പാറയുടെ വിളുമ്പത്ത് അഞ്ചുസന്ദര്‍ശകരും കൂടി കമിഴ്‌ന്നു കിടന്ന് കാഴ്‌ചകാണുന്ന പോസ്. കൂടാതെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പാറകള്‍ക്കിടയിലെ വിള്ളലില്‍ കയറിനിന്ന നിറ്റ്‌സിന്റെ അഭ്യാസ പ്രകടനവും.
അതൊരു പ്രകടനം തന്നെ ആയിരുന്നു. റമീസ് ആണ് അതിന്റെ ഫോട്ടോ എടുത്തത് എന്നാണ് എന്റെ ഓര്‍മ്മ. ആ പടമെടുക്കാന്‍ നിറ്റ്‌സ് ആവശ്യപ്പെട്ടപ്പോഴേ അതിന്റെ ഉദ്ദേശം വെളിവാക്കപ്പെട്ടിരുന്നു - ഫേസ്‌ബുക്കിലിടണം! പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും നിറ്റ്‌സിന്റെ ഫേസ്‌ബുക്കിലെ ഒരു റെക്കോഡ് ചിത്രമായി അതു മാറുകയും ചെയ്‌തു(അതിനു മുന്‍പേ ഓഫീസില്‍ മെയില്‍ വഴിയും ഈ പടം അത്യാവേശപൂര്‍വ്വം അവന്‍ പ്രചരിപ്പിച്ചിരുന്നു എന്നുകൂടി അറിയുക). '127 അവേഴ്‌സ്' എന്ന സിനിമയിലെ നായകനായി സ്വയം അവരോധിച്ചു കൊണ്ടുള്ള ആ പോസും അതിലുപരി ആ ചിത്രവും കലക്കനായി എന്നു സമ്മതിക്കാതെ വയ്യ. അതിന്റെ ഉള്ളുകള്ളി എന്താന്നു വെച്ചാല്‍, എതാണ്ട് ഒരാള്‍ പൊക്കമുള്ള ഒരു വലിയ കല്ലിന്റെ മേലെ ഇരിക്കുന്ന രണ്ടു കല്ലുകള്‍, അതിനിടയില്‍ കയറി ഇരു കാലുകളിലും ശരീരഭാരം താങ്ങിക്കൊണ്ട് 'അള്ളാ, ഞമ്മളിബ്‌ടെ കുരുങ്ങീക്കണല്ലാ!' എന്ന മുഖഭാവത്തോടെ പടിഞ്ഞാട്ടു തിരിഞ്ഞ് ഒരു അലന്ന ലുക്ക്. സംഭവം ണപ്പ്! എന്നാല്‍ ലവനീ ഇരിക്കുന്നത് അടിയിലെ കല്ലിന്‍ നിന്നും കേവലം രണ്ടോ മൂന്നോ അടി മാത്രം ഉയരെ ആണെന്നു മനസ്സിലാകണമെങ്കില്‍ ഒന്നുകില്‍ ആ സ്ഥലം പരിചയം വേണം, അല്ലെങ്കില്‍ വേറൊരാംഗിളിലുള്ള പടം വേണം(അങ്ങനെ ഒന്നെടുക്കാന്‍ അവന്‍ സമ്മതിച്ചേയില്ല). വിടവുണ്ടാക്കുന്ന കല്ലുകള്‍ ഇരിക്കുന്ന കല്ലിന്റെ കീഴെ നിന്നും പടം എടുത്തതിനാല്‍ എതോ ഗുദാമിലാണ് ഇഷ്‌ടന്‍ കേറിനിക്കുന്നതെന്നു തോന്നിപ്പോകും - വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍! നിറ്റ്‌സ് ഇത് മാട്രിമോണി സൈറ്റുകളിലും അപ്‌ലോഡ് ചെയ്യാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കാരണം ഇന്നുവരെ തന്റെ ഒരു ചിത്രത്തിനും ലഭിക്കാതിരുന്ന സ്വീകാര്യത ഈ ചിത്രത്തിനു ലഭിച്ചു എന്നതുതന്നെ. എന്തായാലും വലന്‍റ്റൈന്‍സ് ഡേ അടുത്തുള്ളതു കൊണ്ട് ഇത്രയും കൂടി ഞാന്‍ പറഞ്ഞു വെച്ചേക്കാം - വയസ്സ് 25, പൊക്കം 5' 11", ഭാരം 62 കിലോ, എന്തേലും ഒരു കുറവെന്നു പറയാന്‍ തലയിലെ മുടി... യേയ്.. ആറാഴ്‌ചയ്‌ക്കുള്ളില്‍ എന്തും സംഭവിക്കാവുന്നതു കൊണ്ട് അതു കാര്യമാക്കേണ്ട, പിന്നെ മദ്യപാനം, പുകവലി, മുറുക്ക്, ഹാന്‍സ്-തമ്പാക്ക്-ശംഭു-പാന്‍പരാഗ് എന്നീ ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല, അച്ഛന്‍ ബിസിനസ്സ്, അമ്മ ഹൗസ്‌വൈഫ്, അനിയന്‍ വിദ്യാര്‍ത്ഥി, മതം-ജാതി പ്രശ്‌നമല്ല, ഡിമാന്‍ഡുകളില്ല!!!
രാമക്കല്ലിന്റെ മേലെ കയറണോ എന്നു ഞാന്‍ ശങ്കിച്ചു. പിന്നെ ഏതോ ഒരു ധൈര്യത്തില്‍ കയറാമെന്നു വെച്ചു. വലിഞ്ഞു കയറണം. താരതമ്യേന കയറുന്നതെളുപ്പവും എന്നാല്‍ തിരിച്ചിറങ്ങല്‍ അപകടകരവുമാണ്. അതിന്റെ മുകളില്‍ നില്‍ക്കുന്നതൊരു അനുഭവം തന്നെയാണ്, വര്‍ണ്ണിക്കാനാവാത്ത വിധം. കല്ലിനു മുകളില്‍ കാല്‍പാദത്തോടു സാദൃശ്യമുള്ള ഒരടയാളം കണ്ടു. അവിടെ അപ്പോഴുണ്ടായിരുന്ന സംഘത്തോട് ഇതാണോ രാമന്റെ കാല്‍പാടെന്നു ചോദിച്ചപ്പോള്‍ ഉറപ്പുള്ള ഒരു മറുപടി കിട്ടിയതുമില്ല. എന്തായാലും രാമക്കല്ലിനു മുകളില്‍ ആദ്യമായി കയറിയ ചാരിതാര്‍ഥ്യത്തില്‍ ഞാന്‍ തത്തിപ്പിടിച്ചിറങ്ങി. കൂട്ടുകാര്‍ എനിക്കു ചുവടുറപ്പിച്ചിറങ്ങാന്‍ സഹായിച്ചതിനാല്‍ സുരക്ഷിതനായി ഇറങ്ങാനൊത്തു.
മണി അഞ്ചായി. കട്ടപ്പനയില്‍ പോയിട്ട് ഫസ്റ്റ് ഷോ കാണണമെങ്കില്‍ ഇപ്പൊഴേ പുറപ്പെടണം. മലയിറങ്ങി ജീപ്പിനരികെയെത്തി. അതിനിടയില്‍ തന്റെ പതനഗാഥകള്‍ ചിക്കു തുടര്‍ന്നുകൊണ്ടിരുന്നു. വണ്ടി കട്ടപ്പനയ്‌ക്കു തിരികെ. വഴിക്ക് അനിലിനെ വിളിച്ചപ്പോള്‍ അവന്‍ മറ്റെങ്ങോ പോയെന്നറിഞ്ഞു. എങ്കില്‍ നോണ്‍-സ്റ്റോപ് ടു കട്ടപ്പന എന്നുറപ്പിച്ചു നീങ്ങി. തൂക്കുപാലത്തെ പാലം കടന്ന് പുളിയന്മല റോഡിലേക്കു തിരിയുമ്പോള്‍ 'ടാ രാജ്‌മോനേ' ന്നൊരു വിളി. വളരെ അപ്രതീക്ഷിതം. എന്റെയും അനിലിന്റെയുമൊക്കെ സഹപാഠിയായിരുന്ന കുട്ടന്‍ എന്നു വിളിക്കപ്പെടുന്ന അരുണ്‍! ഞാന്‍ അതിശയിച്ചു പോയി. വണ്ടി നീങ്ങിക്കൊണ്ടിരുന്നതിനാല്‍ 'മെട്ടുവരെ പോയതാ, ഞാന്‍ വിളിക്കാം' എന്ന് ഓട്ടത്തില്‍ത്തന്നെ പറഞ്ഞു. ഇന്ന് കാണേണ്ട സിനിമയേത് എന്നതായി പിന്നെ വാഹനത്തിലെ ചര്‍ച്ച.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'