ആമുഖം - ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ എന്റെ വാക്കുകളിൽ..
ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശത്തെ വില്ലേജതിർത്തിയിലാണ് ഈ സംഭവം നടക്കുന്നത്. തിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ലാത്ത ഒരിടമാണ് വില്ലേജാഫീസ്. അതിനാൽ ഓഫീസിലെ പതിവു പണികൾക്കു മുടക്കം വരാത്തവിധം അഞ്ചു മണിക്കുശേഷമാണ് ഞാൻ അപേക്ഷകളിലും പരാതികളും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു പോവാറ്. അന്ന് വില്ലേജാഫീസർ എന്നെ ഏല്പ്പിച്ചത് ഒരാളുടെ മരണത്തിന്റെ പിന്നാലെ ഉയർന്ന പരാതിയുടെ അന്വേഷണമാണ്.
കെ.എസ്.ഇ.ബി.വക സ്ഥലത്ത് പുല്ലുചെത്താൻ പോയ ഒരാൾ പൊട്ടിക്കിടന്നിരുന്ന ലൈനിൽ നിന്നോ മറ്റോ ഷോക്കേറ്റു മരിച്ചു. ഇയാളുടെ കുടുംബത്തിനു സർക്കാരിൽ നിന്നും യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിച്ചില്ല. വൈദ്യുതി ബോർഡിൽ നിന്നും ഒരു തുക ഇവർക്കു നഷ്ടപരിഹാരമായി കിട്ടാൻ അർഹതയുണ്ടത്രേ. എന്നാൽ, ബോർഡ് വക സ്ഥലത്ത് അതിക്രമിച്ചു കടന്നു എന്നൊരു ന്യായം പറഞ്ഞ് ആ തുക നല്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന് പരേതന്റെ ഭാര്യ നല്കിയ പരാതിയിലാണ് അന്വേഷണം നടത്തേണ്ടത്.
അങ്ങനെ വൈകിട്ട് ഒരു വില്ലേജ്മാനെയും സഹായത്തിനു കൂട്ടി ഞാൻ പരാതിക്കാരിയുടെ വാസസ്ഥലത്തേക്കു പോവുകയാണ്. ഏറെ ദൂരം നടന്നും കുന്നു കയറിയും നേരം മയങ്ങിയപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഞങ്ങൾ എത്തി. വീട്ടിലുള്ളത് പരാതിക്കാരിയും അമ്മായിയമ്മയും മൂന്നോ നാലോ വയസ്സു പ്രായമുള്ള ഒരു മകളും. കുടുംബത്തിന്റെ അവസ്ഥ ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഗൃഹനാഥന്റെ മരണം ഈ കുടുംബത്തെ തകർത്തിരിക്കുന്നു. അമ്മയ്ക്കു പണിയെടുത്തു ജീവിക്കാനുള്ള പ്രയം കടന്നു. അമ്മയുടെയും മകളുടെയും ചുമതല പൂർണ്ണമായും ഇരുപത്തഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഈ വിധവയുടെ ചുമലിലായി. അധ്വാനിച്ചു കിട്ടുന്നതു കൊണ്ട് പൊന്നു പോലെ കുടുംബം നോക്കിയിരുന്നു, ഭർത്താവ്. ഇവൾക്കു പണിക്കൊന്നും ഇതുവരെ പോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രം കിട്ടുന്ന പണിക്കു പോയി ഒപ്പിക്കുന്ന കൂലി കൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നു എന്നതാണു സ്ഥിതി.
വിവരങ്ങളെല്ലം ചോദിച്ചറിയുന്നതിനിടെ ആ അമ്മ ഒരു രഹസ്യം പോലെ എന്നോടു പറഞ്ഞ വാചകം കേട്ട് ഞാൻ സ്തബ്ധനായിപ്പോയി.
“അതേ, സാറെ, പൈസാ വല്ലോം കിട്ടുന്ന കാര്യമാണെങ്കി അത് എന്റെ പേരിൽ കിട്ടുന്നതു പോലെ എഴുതിക്കോണേ...”
ഓ... സ്വന്തം മകൻ മരിച്ചതിനു കിട്ടിയേക്കാവുന്ന പണത്തിന്റെ മേൽ ഇവർക്കിങ്ങനെ ഒരു ഗൂഢതാല്പര്യമോ! എന്തെങ്കിലുമാകട്ടെ, അവരുടെ വീടിനകം കൂടി ഒന്നു കണ്ടേക്കാമെന്നു വെച്ച് ഞാൻ കയറിനോക്കി. മുൻപ് പറഞ്ഞതു പോലെ ഒറ്റമുറി. ഇരിക്കാനും കിടക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടം മാത്രം. അയയിൽ തുണികളൊക്കെ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ മൂലയ്ക്ക് ഒരു പായയിൽ ആ പെൺകുഞ്ഞു കിടന്നുറങ്ങുന്നു. ഭക്ഷണം പാകം ചെയ്യുന്നിടത്ത് ഒരു കലത്തിൽ വെള്ളം വെട്ടിത്തിളയ്ക്കുന്നു. വെള്ളം മാത്രം!
പരേതന്റെ ഭാര്യയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ഊഹിച്ചതിനെക്കാൾ മോശമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ഇന്നു പണിയില്ലായിരുന്നു. വീട്ടിലാണെങ്കിൽ ഒരു സാധനമില്ല. ദൈന്യം വിവരിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മുള്ളുപോലെ എന്റെ ഉള്ളിൽ കൊളുത്തിവലിച്ചു.
“എന്റെ സാറെ, ഇവിടെയാണെങ്കിൽ ഒരു മണി അരിയില്ല. വിശന്നിട്ട് ആ കൊച്ചു കിടന്നു കരയുവാരുന്നു ഇത്രേം നേരം. ഞാൻ അതിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കിടത്തിയേക്കുവാ..”
കാര്യം ശരിയാണ്. ഒന്നുമില്ലാത്ത ആ വീട്ടിൽ വെറും വെള്ളം മാത്രം തിളയ്ക്കുന്ന കലം ഞാൻ കണ്ടതുമാണ്. ഒരു വശത്ത് സർക്കാർ അനുവദിച്ചേക്കാവുന്ന സഹായം സ്വന്തം പേരിൽ വരണമ്മെന്നാഗ്രഹിക്കുന്ന അമ്മ. ഇപ്പുറം, വിശന്നു തളർന്ന് ഉറങ്ങുന്ന കുഞ്ഞ് ഉണരുന്ന നിമിഷത്തെ ഏതു നിമിഷവും പ്രതീക്ഷിച്ച് വെറുംകയ്യോടെ കാത്തിരിക്കുന്ന വേറൊരമ്മ. ഇന്നു രാത്രിയിൽ ഇവർ മൂന്നു പേർക്കും ഒരേ വിധിയാണ് - മുഴുപ്പട്ടിണി!
ഈ ദാരിദ്ര്യം ആ പെണ്ണിനെ നാളെ ഇതേ സമയം കവലയിൽ ഇരുട്ടു പറ്റി നില്ക്കുന്ന ഒരു ശരീരം മാത്രമാക്കിയേക്കാം. ഇന്നത്തെ പട്ടിണി താഴെ കിടന്നുറങ്ങുന്ന പിഞ്ചു പെൺജീവന്റെ ഭാവി എന്നെന്നേക്കുമായി ഇരുളടഞ്ഞതാക്കാം. വിവരങ്ങൾ ശേഖരിച്ചു പുറത്തിറങ്ങുന്നവഴിക്ക് കണ്ണീരണിഞ്ഞ, നിസ്സഹായയായ ആ അമ്മയുടെ കയ്യിൽ ഞാൻ ഒരു നൂറു രൂപ വെച്ചു കൊടുത്തു. ഒന്നും പറയാനോ കേൾക്കാനോ കാണാനോ ആവാതെ ഞാൻ ആ ഇടവഴിയിറങ്ങി നടന്നു. വഴിയിൽ ഇരുട്ടു വീണുകഴിഞ്ഞിരുന്നു അപ്പോൾ.
വില്ലേജ്മാൻ എന്റെയൊപ്പം നടന്നെത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പാതി ഓടിയും കിതച്ചും അയാൾ ഒപ്പം വന്നുകൊണ്ട് എന്നോടു പറഞ്ഞു - “എന്നാലും സാർ എന്നാ പണിയാ ആ കാണിച്ചെ? സാറെന്തിനാ അവർക്കു കാശു കൊടുത്തത്?? സാറിന്റെ ആരാ അവര്? സാറെ, അതൊന്നും നമ്മടെ പണിയല്ല. അവർക്ക് സർക്കാരിൽ നിന്നും വല്ല കാശും കിട്ടാനുണ്ടെങ്കിൽ നമ്മളു വാങ്ങിച്ചു കൊടുക്കണം... അല്ലാതെ നമ്മടെ കയ്യിലെ കാശെടുത്ത് അങ്ങോട്ടു കൊടുക്കേണ്ട കാര്യമെന്താ....??? സാറെ, നമ്മളൊണ്ടല്ലോ, വല്ലോം ഇങ്ങോട്ടു കിട്ടിയാൽ മേടിക്കാനുള്ളവരാ! അല്ലാതെ...“
അയാൾ ഈ വർത്തമാനം വഴി നീളെ തുടർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ ചെവിക്കപ്പുറത്തേക്കു നീണ്ടില്ല.
പിറ്റേന്നു രാവിലെ ആഫീസിൽ ചെന്ന് വില്ലേജാഫീസറെ സത്യാവസ്ഥകൾ ബോധ്യപ്പെടുത്തി. ഉടൻ തന്നെ പരേതന്റെ ഭാര്യയുടെ പേർക്ക് ഏറ്റവും അനുകൂലമായ ഒരു റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. ദൈവം കരുണ ചെയ്തിട്ടുണ്ടെങ്കിൽ ഞാനിതെഴുതുന്ന ഈ രാത്രിയിൽ ആ പെൺകുഞ്ഞ് ഒരു പക്ഷേ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് പഠിക്കുകയായിരിക്കും.
ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ...
ReplyDeleteKurachukoody frequent aayit ezhuthikkude....
ReplyDeleteEzhuth nirtharuth..
ശരിയാണ്, ഇത്തരം അനുഭവങ്ങള്‍ എഴുതിയിടുന്നത് നല്ലതു തന്നെ.
ReplyDeleteതുടരുക