Wednesday, August 13, 2014

പതിമൂന്നാന്തീ!

ചില ദിവസങ്ങൾ അങ്ങനെയാണ്‌. വമ്പൻ പ്രതീക്ഷകളോടെയും എളിയ ശ്രമങ്ങളോടെയും തുടങ്ങിയിട്ട് അവസാനം ഒരു കിഴവൻ കഴുതയെപ്പോലെ ഞരങ്ങി ഞരങ്ങിത്തീരും. അങ്ങനത്തെ ഒരു ദിവസത്തെപ്പറ്റിയാണ്‌ ഈ കുറിപ്പ്. ഇന്നത്തെ എന്റെ മൂഡോഫുകളുടെ കഥയിലേക്ക് സ്വാഗതം.

രാവിലെ പതിവിലും നേരത്തെ ഉണർന്നതിനു കാരണം മൂന്നു നാലു ദിവസമായിട്ടും മരുന്നു കഴിച്ചിട്ടും മാറാത്ത ചുമ നല്കിയ അലോസരമാണ്‌. ഹൈറേഞ്ചിലെ മഴക്കാലക്കുളിര്‌ രൂക്ഷമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ കമ്പിളി കൊണ്ട് മൂടിപ്പുതച്ചും മങ്കിക്യാപ് ധരിച്ചുമാണ്‌ ഉറക്കം. എന്നിട്ടും രാവിലെ കഫം തൊണ്ടയിൽ കൂട്ടുകൂടി കഷ്ടപ്പെടുത്തിയപ്പോൾ എഴുന്നേറ്റു.

ഒരു വൻ യുദ്ധത്തിനൊടുവിൽ കണ്ഠത്തിലുടക്കിയ കഫത്തെ പറ്റുന്നത്ര ഗെറ്റൗട്ടടിച്ചിട്ട് പല്ലു തേപ്പും ഷേവിങ്ങും കഴിഞ്ഞപ്പോൾ ഇന്നത്തെ ദിനം നേരത്തെ തുടങ്ങിയെന്നോർത്ത് സന്തോഷിച്ചു. ആ അധികനേരത്ത് ബൈക്ക് കഴുകാമെന്നു വെച്ചു. വഴിയിലെ ചെളി മുഴുവൻ ചൂടി ഒരാഴ്ചയായി ഓടുകയാണ്‌ കുടുകുടുവണ്ടി. വാരാന്ത്യത്തിൽ വണ്ടി കഴുകാൻ പറ്റാഞ്ഞതിന്റെ കുറ്റം ഇന്നു തീർത്തു.

അത്യാവശ്യമുള്ള ചില ബാങ്കിടപാടുകൾ തീർക്കുന്നതിന്‌ അച്ഛനെ ഏർപ്പാടാക്കി. ബാങ്കിലടയ്ക്കാനുള്ള തുകയുടെ ചെക്ക് എഴുതി. നാളെ ഞാനും ബാങ്കിൽ നേരിട്ടു ചെല്ലണം. ഇത്രയൊക്കെയായപ്പോഴേക്കും സമയമായി. ഷർട്ട് നേരത്തെ ഇസ്തിരിയിട്ടു വെച്ചിട്ടുണ്ട്, അപ്പോൾ ആ പണി ഒഴിവായി. ഇന്നു പുതിയ പാന്റ്സ് ആണു ധരിക്കുന്നത്. അതിന്റെ ഒരു സന്തോഷവും ഉണ്ട്.

കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മഴയായി. ഭക്ഷണം കഴിച്ച് കൃത്യ സമയത്തുതന്നെ ഇറങ്ങി. മഴയ്ക്ക് കാഠിന്യം കുറവാണ്‌. ടൗണിൽ പതിവു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്തിട്ട് പതിവു ബസ്സിൽ ഓഫീസിലേക്ക് പോയി. പുറപ്പെട്ട ശേഷമാണ്‌ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു!! മനസ്സിൽ ഒരു ചില്ലുകൊട്ടാരം ഉടഞ്ഞുവീണൂ. ഇന്നു ബുധനാഴ്ച. ഓഫീസിൽ വലിയ തിരക്കുള്ള ദിവസമാണ്‌. പലയിടത്തു നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളി വരും. ബസ്സിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വന്ന്‌ മൊബൈൽ എടുത്താലോ എന്നു വരെ ചിന്തിച്ചുപോയി.

ബെസ്റ്റ്!! പത്തരയ്ക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ബന്ധപ്പെട്ട സെക്‌ഷനിലെ ആൾ ലീവായതുകൊണ്ട് പകരം ഞാൻ കയറണം. അതുകൊണ്ട് ഇന്നെന്തായാലും താമസിച്ച് ഓഫീസിലെത്താൻ പറ്റില്ല. ഫോൺ ഇല്ലാതെ തന്നെ യാത്ര തുടരാൻ നിശ്ചയിച്ചു. ഓഫീസിൽ വന്നയുടനെ വീട്ടിൽ വിളിച്ച് ഞാൻ ഫോൺ എടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. അച്ഛൻ ബാങ്കിൽ പോകുന്ന സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന്‌ ശട്ടം കെട്ടി.

രണ്ടു മൂന്നു ദിവസമായി ചെയ്യാൻ പറ്റാതിരുന്ന ഒരു ഓർഡർ തയ്യാറാക്കി ഒപ്പിടുവിച്ച് അയക്കണം. അതിന്‌ അവലംബമായ അപേക്ഷ ഇന്നലെ മുതൽ തിരയുന്നതാണ്‌. അവസാനം സ്കാൻ ചെയ്തതിന്റെ പ്രിന്റ് എടുത്ത് ഫയൽ എഴുതി വെക്കാമെന്നു നിനച്ചു. പക്ഷേ പ്രിന്ററിന്റെ ടോണർ നിറയ്ക്കാനായി ഇന്നലെ കൊടുത്തിരിക്കുകയാണ്‌. മറ്റൊരു പ്രിന്ററിലെ കാട്രിഡ്ജ്‌ തല്ക്കാലത്തേക്ക് എടുത്ത് പ്രിന്റെടുത്തു ഫയലാക്കി. അപ്പോഴേക്കും മീറ്റിങ്ങിനു പോകാറായി.

ഇടുക്കി മെഡിക്കൽ കോളേജ് രൂപീകരണം സംബന്ധിച്ച യോഗമാണ്‌. മെഡിക്കൽ കോളേജിന്റെ സ്പെഷ്യൽ ഓഫീസറും പ്രിൻസിപ്പലും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറുടെ അധ്യക്ഷതയിൽ കൂടിയിരിക്കുകയാണ്‌. ആ യോഗത്തിൽവെച്ചു ഞാൻ അനിയന്ത്രിതമായി ചുമയ്ക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിയുമ്പോൾ തുടങ്ങും അടുത്തത്. ഇറങ്ങിപ്പോകാനും വയ്യ, ഇരിക്കാനും വയ്യ, അടക്കിവെക്കാനും വയ്യ! ചുമച്ചു തുമച്ച്‌ എന്റെ കണ്ണു നിറഞ്ഞു. ഭാഗ്യത്തിന്‌ അപ്പോൾ ചായ എത്തി. ചൂടു ചായ രണ്ടു കവിൾ മൊത്തിക്കുടിച്ചപ്പോൾ തൊണ്ടയിലെ കിരുകിരുപ്പും ചുമയും ശമിച്ചു. പിന്നീട് യോഗത്തിൽ എന്റെ സാന്നിദ്ധ്യം ശാന്തമായിരുന്നു.

യോഗം കഴിഞ്ഞിറങ്ങിയപ്പോൾ കാല്പാദത്തിന്റെ ഒരു വശത്ത് ചോര ഒലിക്കുന്നു. അട്ട! ഓഫീസിന്റെ പരിസരത്തും റോഡരികിലുമെല്ലാം മഴയായാൽ അട്ടയുടെ എട്ടുകളിയാണ്‌. രാവിലെ ബസ്സിറങ്ങി ഓഫീസിലേക്കു നടന്നു വരുന്ന വഴി എപ്പോഴോ കയറിപ്പറ്റിയതായിരുന്നു ഈ അട്ട. ആശാൻ പണ്ടേ ആവശ്യത്തിനു ചോര മോന്തി സ്ഥലം കാലിയാക്കിയിരുന്നു. പുത്തൻ പാന്റ്സിന്റെ അടിഭാഗത്ത് അല്പം ചോര പറ്റിയിട്ടുണ്ടെങ്കിലും ഇരുണ്ട നിറമുള്ള തുണിയായതിനാൽ ഒന്നും കാണാനില്ല. തുടർന്ന് ഞാൻ കാൽ കഴുകാൻ പോയി.

സീറ്റിൽ ചെന്നപ്പോൾ അവിടെ പൂരത്തിനുള്ള ആൾ. ഓരോ അപേക്ഷയും വാങ്ങി അതിനുള്ള മറുപടിയും പറഞ്ഞു. ഇന്നു തന്നെ തയ്യാറാക്കേണ്ട റിപ്പോർട്ടുകൾക്കുള്ള പേപ്പറുകൾ ശരിയാക്കൻ ഏർപ്പാടുണ്ടാക്കി. രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഓർഡർ ഡ്രാഫ്റ്റ് ചെയ്ത് വേഗം തന്നെ സാങ്ക്‌ഷനാക്കി അയയ്ക്കാൻ ഏല്പ്പിച്ചു. സമയം 12.45! അതിനിടയിൽക്കൂടി തുരുതുരെ ഫോൺ കാളുകൾ(ഓഫീസ് ഫോണിൽ). ഊണുകഴിക്കാൻ പോകുമ്പോളും ഇന്നു തയ്യാറാക്കാനുള്ള റിപ്പോർട്ടുകളുടെ മൂന്നു ഫയലുകളിൽ തൊടാൻ പോലും നേരം കിട്ടിയില്ല.

ഊണുകഴിഞ്ഞു വന്നപ്പോൾ ബാങ്കിൽ നിന്നും വിളി വന്നിരുന്നു. തിരിച്ചു വിളിച്ചു. എഴുതിക്കൊടുത്ത ചെക്ക് അവിടെ മാറാൻ പറ്റില്ലെന്ന്‌. തിരിച്ചടവ്‌ ഒരു ദിവസം കൂടി വൈകും. അങ്ങനെ ഇന്നത്തെ കാര്യം അവിടെയും ഗോവിന്ദ!

വരുന്നവഴി വരാന്തയിലെ ബെഞ്ചിൽ ഒരു മുഖം കണ്ടപ്പോൾ ഒന്നു ഞെട്ടി. ഇയാൾ ഇന്നും വന്നോ!!? കക്ഷി ഒരു ശല്യക്കാരൻ വ്യവഹാരിയാണ്‌. സാവധാനം അയാളുടെ കാര്യം തീരുമാനമാക്കാം എന്ന്‌ പറഞ്ഞാൽ കേൾക്കില്ല. കൊടുക്കുന്ന മറുപടികൾ ഒരു ചെവീൽ കൂടി കയറ്റി മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. സീറ്റിനു സമീപം തോക്കുപോലെ വന്നു നിൽക്കും, എന്നിട്ട് മോണിട്ടറിലേക്കു നോക്കിക്കൊണ്ട് നിൽപാണ്‌. അങ്ങനെ കക്ഷികൾ നിന്നാൽ എനിക്ക് കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കില്ല. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നൊരു തോന്നൽ അറിയാതെ അലട്ടിക്കൊണ്ടിരിക്കും. ഇത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാൽ അങ്ങനെ നിൽക്കുന്നവരെ ഞാൻ മാറ്റി നിർത്താറുണ്ട്. ഇയാളോടും മറുപടി പറഞ്ഞ ശേഷം ഞാൻ ജോലിയിൽ മുഴുകി. അപ്പോഴും ഇങ്ങേർ ഈ നിൽപാണ്‌. അര മണിക്കൂർ കഴിഞ്ഞു കാണും, അയാൾ സ്വയം പിൻവാങ്ങി (സർക്കാരിനെ കബളിപ്പിക്കുന്നതു തൊഴിലാക്കിയ ആളായതുകൊണ്ടാണു കെട്ടോ ഈ സമീപനം). പക്ഷേ, ഒന്നുറപ്പ് - അയാൾ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം വീണ്ടും വരും.

രണ്ടു റിപ്പോർട്ടുകൾ അയച്ചു. ഇനി ഒന്നു കൂടി. അതിന്റെ പണി തുടങ്ങുന്ന നേരത്ത് ‘കാതു കുത്തിയവൻ പോയപ്പോൾ കടൂക്കനിട്ടവൻ വന്നു’ എന്നു പറയുന്ന പോലെ ഒരു കടുംവെട്ട് കക്ഷി വന്നു. ഇതും നമ്മുടെ ഒരു സ്ഥിരം ക്ലയന്റാണ്‌. ഇയാളുടെ അപേക്ഷയിലെ സർക്കാർ ഉത്തരവു സംബന്ധിച്ച് ഒരു തർക്കമുണ്ട്. അതിന്റെ റിപ്പോർട്ടു കിട്ടാതെ ഇങ്ങേരുടെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന വിവരം എനിക്കറിയാവുന്ന എല്ല ഭാവത്തിലും വികാരത്തിലും അയാളുടെ മുഖത്തു നോക്കിയും ആവർത്തിക്കേണ്ടി വന്നപ്പോൾ സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെയും അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അയാളെയും വല്ലവിധേനയും ഒന്നു സമാധാനിപ്പിച്ചു വിടാൻ. ധൃതി കൂട്ടി റിപ്പോർട്ട് പ്രിന്റെടുത്തു. അപ്പോൾ അതിൽ ഒരു പിശക്‌. ഏറ്റവും അത്യാവശ്യമായി എന്നെല്ലാം ഡ്രാഫ്റ്റ് തയ്യാറാക്കിയോ അന്നെല്ലാം അതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടുണ്ട്. ഇന്നും വിഭിന്നമല്ല. ഡ്രാഫ്റ്റ് റെഡിയായപ്പോൾ ഫയലിൽ ഒപ്പിടേണ്ട ഏമാൻ സീറ്റിലില്ല. കളക്ടറുമായി സംസാരിക്കുന്നു. കാത്തു നിന്നുനിന്ന്‌ ഒരു ഇരുപത്തഞ്ചു മിനിറ്റും പതിവായി പോകുന്ന ബസ്സും കടന്നുപോയി. അവസാനം കക്ഷിയുടെ കൈവശം റിപ്പോർട്ട് കൊടുത്തയച്ചപ്പോൾ നേരം ഏറെ വൈകി. അതിനിടെ, റിപ്പോർട്ടു കൈപ്പറ്റി എന്നെഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ ‘കയ്യിൽ പറ്റി’ എന്നയാൾ എഴുതിവെച്ചത് പിന്നീട് ചിരിക്കാനും വകനല്കി. വാലിനു തീപിടിച്ചതുപോലെ തിരക്കിട്ട് കാര്യങ്ങൾ നടത്തേണ്ടി വന്ന മറ്റൊരു ദിനം കൂടി.

തിരികെ പോരുമ്പോൾ ഉടനീളം മഴ. കട്ടപ്പനയ്ക്കുള്ള വഴിയിൽ നിറയെ മഞ്ഞ്. ബസ്സിലിരുന്ന്‌ അതികഠിനമായി ചുമച്ചു. അത് ഏറിയപ്പോൾ എനിക്ക് എന്നോടു തന്നെ ഈർഷ്യ തോന്നി. ഭാഗ്യവശാൽ അല്പം കഴിഞ്ഞപ്പോൾ ശമനമുണ്ടായി. ടൗണിൽ നിന്നും വീട്ടിലേക്കു ബൈക്കിൽ വരുമ്പോഴും മഴ. ചുരുക്കത്തിൽ രാവിലെ വണ്ടി കഴുകിയതിന്റെ ഗുണം തീർന്നുകിട്ടി. ഒരു ദിവസം തികച്ച് വൃത്തിയായിട്ടിരിക്കാൻ വണ്ടിക്ക് യോഗമില്ലെന്നു തോന്നുന്നു.

സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!


PS : നാളെ നന്നാവാനേ തരമുള്ളൂ. കാരണം ഞാൻ ഒരു ഓഫ് എടുക്കുകയാണു നാളെ!

2 comments:

  1. സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!

    ReplyDelete
  2. നാളെ നന്നാവും.:)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'