ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം രണ്ട്
ഫ്രൈഡ് റൈസ് ഇട്ടിട്ടു പോകാനോ? ഇട്ടിട്ട് എങ്ങോട്ട് പോകാന്‍ ? അതുകൊണ്ട് തീറ്റ പൂര്‍ത്തിയാക്കിയിട്ടേ ഉള്ളൂ ഇനി എന്തും.
ബസിപ്പോ ഹൊസൂര്‍ കടന്നു കാണും. ഇനി വണ്ടി മാറിക്കേറി പോയാലോ? എന്തായാലും തുനിഞ്ഞിറങ്ങിയതല്ലേ? ഞാന്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടാണേല്‍ ഒരു പൂരത്തിനുള്ള ആളുണ്ട്. മിനിമം ഒരു നാനൂറു പേരെങ്കിലും. നിന്നാല്‍ ഇവിടെ നിന്നു വേരുമുളയ്ക്കത്തേയുള്ളൂ. ഇനി യാത്ര നാളെയെങ്ങാനും ആക്കാം എന്ന ചിന്തയില്‍ തലേം താഴ്ത്തി ഞാന്‍ തിരിച്ചു നടന്നു.
മാട്ടേലിരുന്ന തേങ്ങാ പോലെ ആയിരുന്നു ആ ടിക്കറ്റ്, ലക്കിനു കിട്ടീതാ. അതു ദാണ്ടെ ഇല്ലാണ്ടാക്കി. ഉറുപ്പിക 317 ഗോവിന്ദ! എതോ ഒരു ഭാഗ്യവാന് ആ സീറ്റില്‍ യാത്ര ചെയ്യാനൊത്തു, അത്ര തന്നെ. പിന്നെ കേയെസ്സാര്‍ടീസീക്ക് എന്റെ വക ദെമ്പിടി റംസാന്‍ സമ്മാനം.
ഭാര്യാജിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. പക്ഷേ പറഞ്ഞതുപോലൊക്കെ തന്നെ ആയിരുന്നു. 'ഇത്രയ്ക്കു വെളിവില്ലേ?' എന്നു ചോദിച്ചില്ലെങ്കിലും അതും അതിലപ്പുറവും അവള്‍ ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തം.
ഇ-സിറ്റി കര്‍ണാടക ട്രാന്‍സ്പോര്‍ട് ബുക്കിംഗ് സെന്ററില്‍ നിന്നുള്ള വെളിച്ചം റോഡിലേക്കു ചാഞ്ഞു വീണു, അല്‍പം എന്റെ മനസ്സിലും. അവിടെ കയറി നാളെ എറണാകുളത്തിനു വല്ല ടിക്കറ്റും ഉണ്ടോന്നു തപ്പി. ഒരെണ്ണം നാളെ ഉണ്ടത്രേ, അതും മൈസൂര്‍-കോഴിക്കോട് റൂട്ടില്‍. വെല്യ താല്‍പര്യം തോന്നിയില്ല. ഞാന്‍ അവിടുന്നിറങ്ങി.
നേരേ പോയി ഇന്റര്‍നെറ്റ് കഫെയില്‍ കയറി. കല്ലട ട്രാവല്‍സിന്റെ സൈറ്റില്‍ നോക്കി. നാളെ ഒരു ഗുദാമിലോട്ടും സീറ്റില്ല. പത്തനംതിട്ട ബസില്‍ ഒരു സീറ്റുണ്ട്. ഉം.. വേണമെങ്കില്‍ അങ്കമാലി വരെ പോകാം. പിന്നെ വൈഫ്‌ജിയുടെ നാട്ടിലേക്ക്(കായംകുളം) വേറേം ബസു കേറണം. നോക്കണോ? തീരുമാനം എടുക്കേണ്ടി വന്നില്ല അതിനും മുന്‍പെ ആ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടു.ന്ന്വച്ചാ ഞാന്‍ ഒന്നൂടെ നോക്കിയപ്പൊ ആ സീറ്റ് ബുക്ക്ഡ് ആയി. അപ്പോ ദേ, കിടക്കുന്നു കട്ടപ്പനയ്ക്ക് ഒരു സീറ്റ്! ആവശ്യമുള്ളനേരത്തു നോക്കിയാല്‍ ഇതൊന്നും കാണില്ല. എനിക്കു സ്വദേശത്തേക്കല്ല പോകേണ്ടത് എന്ന് സിസ്റ്റത്തിന് അറിയില്ലല്ലോ. ഞാന്‍ അവിടുന്നും ഇറങ്ങി റൂമിലേക്കു നടന്നു.
ഒരു 600 മില്ലി പെപ്സി വാങ്ങിയാലോ? എന്തായാലും ഈ ദിവസത്തിന്റെ ഫുള്ള് മൂഡും പോയി. എന്നാപ്പിന്നെ ഓള്‍ഡ് മങ്ക് രണ്ട് ലാര്‍ജും വിട്ട് സുഖമായി ഉറങ്ങാം. ഓ മങ്കും മങ്കീം ഒന്നും വേണ്ട. അതിനും മനസ്സു വന്നില്ല.
നേരം എട്ടുമണി. തിരികെ റൂമിലെത്തി. തുണിമാറി നീണ്ടു നിവര്‍ന്നൊന്നു കിടന്നു.
ഞാന്‍ തിരിച്ചു പോന്നതു ശെരിയായോ?
ഓ.. ഉവ്വ, അവിടെ നിന്നിരുന്നേല്‍ നിന്റെ അമ്മാവന്‍ കോണ്ടസ്സായും കൊണ്ടു വന്നു നിന്നെ കായംകുളത്തേക്ക് എഴുന്നള്ളിച്ചേനെ..
എന്നാലും, എത്ര തവണ കട്ടപ്പനയ്ക്ക് ബസ് മാറിക്കയറി പോയിരിക്കുന്നു?
ഹൊസൂരിനു പോലും വണ്ടി കിട്ടാതെ നൂറുകണക്കിനു ജനം അവിടെ കുറ്റിയടിച്ചു നിപ്പാ, അപ്പോഴ അവന്റൊരു..
എങ്കില്‍ നാളെ രാവിലെ പോയാലോ?
പാതിരാത്രി കഴിയും അങ്ങെത്താന്‍, കൂടാതെ പകല്‍ യാത്ര ചെയ്താല്‍ ഒരു പരുവമാകും അവിടെ ചെല്ലുമ്പോഴേക്കും.
മനസ്സ് ചിന്തകളുടെ യുദ്ധക്കളമായി.
ഒരു ഫ്രണ്ടിനെ വിളിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ബാംഗ്ലൂര്‍ - സേലം - കോയമ്പത്തൂര്‍ റൂട്ടില്‍ ഒരുപാടു യാത്ര ചെയ്യുന്ന ആളാണ്. 'സേലത്തിനു വണ്ടി ഇഷ്ടം പോലെ കിട്ടും. പക്ഷെ ഇ-സിറ്റിയില്‍ നിന്നാല്‍ സീറ്റുകിട്ടില്ല. അല്ലെങ്കില്‍ പിന്നെ ഹൊസൂരിനു പോകണം. അവിടുന്ന് എപ്പോഴും സേലം വണ്ടി കിട്ടും. 24 ബൈ 7. സേലത്തു ചെന്നാല്‍ എപ്പോഴും കോയമ്പത്തൂരിനു ബസ്സുണ്ട്.' കാര്യം പറഞ്ഞാല്‍ കേട്ടതില്‍ പുതുമ ഒന്നും ഇല്ലായിരുന്നെങ്കിലും രാത്രിയില്‍ തന്നെയങ്ങു പോയാലോ എന്നൊരു ചിന്തയുടെ കയറൂരിവിടാന്‍ ആ സംസാരം മതിയായിരുന്നു.
'അപ്പൊ ഞാന്‍ ഒന്‍പതു മണിയോടെ പുറപ്പെടുന്നു.' ധര്‍മ്മപത്നിയെ വിവരം ധരിപ്പിച്ചു.
എട്ടുനാല്‍പതായപ്പോള്‍ ഇ-സിറ്റി സ്റ്റോപ്പില്‍ വീണ്ടും ഞാനെത്തി. പൂരം കഴിഞ്ഞിരിക്കുന്നു. എന്നാലും ചെറുപൂരങ്ങള്‍ ഇപ്പോഴും ഉണ്ട്. മിനിമം ഒരു 150 പേരെങ്കിലും ഉണ്ടവിടെ.
മണി ഒന്‍പതേകാല്‍ കഴിഞ്ഞു. 'ഒസ്സുര്‍ ഒസ്സുര്‍' എന്നു ജീവനക്കാര്‍ നിലവിളിക്കുന്ന ഒരു പ്രൈവറ്റ് ബസ് വന്നു. മൂന്നാമനായി ആ ബസ്സില്‍ കയറിപ്പറ്റാന്‍ എന്നെ സഹായിച്ചത് 'ഇന്നു പോയിട്ടേ ഉള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവും പിന്നെ ബസ് നില്‍ക്കുമെന്നു തോന്നിയ സ്ഥലം ലക്ഷ്യമാക്കി ഓടിയതും. ഭാഗ്യം സീറ്റും കിട്ടി. ഇരുപത് രൂപാ ടിക്കറ്റ്. അങ്ങനെ ഞാന്‍ യാത്ര തുടങ്ങി.
ഹൊസൂരെത്തും മുന്‍പെ ബസ് നിന്നു. എല്ലാരും ഇറങ്ങുന്നു. അവിടെ വരെയേ ബസ്സുള്ളൂവത്രേ. ബസ്സുകാരോട് തര്‍ക്കിക്കാന്‍ നിന്നാല്‍ കാര്യമില്ല എന്നു കണ്ട് മനസ്സില്‍ അവന്മാരെ കുറെ തെറീം പറഞ്ഞ് അത്തിബെലെ കവലയില്‍ ഞാന്‍ നില്‍പായി. അപ്പോ തമിഴ്‌നാടിന്റെ ഒരു നീളന്‍ ബസ്(നടുവശം ഒടിഞ്ഞ ബസ്സില്ലേ, അതു തന്നെ) വരുന്നു. സമയോചിതമായ ഇടപെടല്‍ ആ ബസ്സിലും സീറ്റ് കിട്ടാന്‍ എന്നെ സഹായിച്ചു. ഐ മീന്‍, ആള്‍ക്കാര്‍ തള്ളിവരുമ്പോള്‍ ഒപ്പം ഒന്നു നിന്നു കൊടുത്താല്‍ മതി, കൈയ്യും കാലും എവിടെ എങ്ങനെ വെക്കണമെന്നൊരു ചെറിയ കണക്കുക്കൂട്ടല്‍ നിങ്ങളെ സുരക്ഷിതമായി വണ്ടിക്കുള്ളില്‍ എത്തിക്കും.(ഇത് സ്ത്രീകള്‍, കയ്യില്‍ ഒത്തിരി ലഗേജുള്ളവര്‍, വസ്ത്രം മുഷിയുമെന്നു ഭയക്കുന്നവര്‍, മൂത്രശങ്ക ഉള്ളവര്‍, അയഞ്ഞമുണ്ട് അരയിലുള്ളവര്‍, തിരക്കിനിടയില്‍ പേഴ്സ് ശ്രദ്ധിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ അനുവര്‍ത്തിക്കരുത്). അഞ്ചു രൂപ - ഹൊസൂരെത്തി.
ഞാന്‍ മുന്‍പു പറഞ്ഞ ആ സാധനം നിശ്ചയദാര്‍ഢ്യം - ഡിറ്റര്‍മിനേഷന്‍ - ആ സുനാപ്പി വല്ലാതെ വേണ്ടപ്പെട്ട സമയമായിരുന്നു പിന്നീട്.
അതേപ്പറ്റി അടുത്ത തവണ.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'