ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം മൂന്ന്
ഹൊസൂര്‍ പുതിയ സ്റ്റാന്‍ഡിനൊരു പ്രത്യേകതയുണ്ട്, കുറഞ്ഞ പക്ഷം സേലത്തിനു പോകുന്ന ബസ്സുകളുടെ കാര്യത്തിലെങ്കിലും - പ്ലാറ്റ്‌ഫോമില്‍ നിന്നാല്‍ ബസ്സില്‍ സീറ്റ് കിട്ടില്ല. സ്റ്റാന്‍ഡിന്റെ മൂലയ്ക്ക് അതാതു പ്ലാറ്റ്‌ഫോമിലേക്കു ബസുകള്‍ എത്തുന്നതിനു മുന്നേ നിര്‍ത്തിയിടുന്ന ഒരിടമുണ്ട്. അവിടെ ചെന്നാല്‍ ടേണില്‍ കിടക്കുന്ന ബസ്സുകള്‍ ഉണ്ടാവും. സീറ്റുള്ളതില്‍ കയറി ഇരിക്കാം. എന്നാല്‍ അന്നു ഞാന്‍ ചെല്ലുമ്പോള്‍ ഒരൊറ്റ ബസില്ല സേലത്തിന്! തപ്പിത്തേടി ചെന്നപ്പോഴുണ്ട് ഒരു കോവൈ(കോയമ്പത്തൂര്‍) വണ്ടി കിടക്കുന്നു. നാലു ബസ്സിനു പോകാനുള്ള ആള്‍ അതിനു ചുറ്റും നില്‍പ്പുണ്ട്. ബസ്സിന്റെ മുന്നില്‍ നിന്ന് ഒരു കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്നു. റിസര്‍വ്വേഷനിലൂടെ മാത്രമേ സീറ്റുള്ളൂ എന്നു വ്യക്തം. ഞാന്‍ തിരിഞ്ഞു നടന്നു.
പത്തു പതിനഞ്ചു മിനിറ്റായിക്കാണും ഞാന്‍ അങ്ങനെ നില്‍ക്കുന്നു. ബാംഗ്ലൂരു നിന്നു വരുന്ന സേലം ബസ്സുകളെല്ലാം സ്റ്റാന്‍ഡിന്റെ വാതില്‍ക്കല്‍ വന്നു തലകാണിച്ചശേഷം വിട്ടടിച്ചു പോകുകയാണ്. ഇന്നു ഹൊസൂര്‍ സ്റ്റാന്‍ഡില്‍ കിടന്നുറങ്ങേണ്ടി വരുമോ ആവോ!
ഞാന്‍ ബസുകള്‍ വന്നുചേരുന്ന ഭാഗത്തേക്കു നീങ്ങി നിന്നു. ഹും! ഒരു പത്തു ബസ്സിനുള്ള ആള്‍ അവിടെ പറ്റിക്കൂടി നില്‍പ്പുണ്ട്. ഒരു സേലം ബസ് വന്നു, അതില്‍ നിറയെ ആള്‍ക്കാര്‍. എങ്കിലും അതില്‍ കയറിപ്പറ്റാനായി ചിലര്‍ ഓടുന്നു. ബസ് നിര്‍ത്താതെ പോയി. എനിക്കും ഇന്ന് ഈ ഗതി തന്നെ എന്നുറപ്പിച്ചു. ഉടനെ അടുത്ത സേലം ബസ്സ് വന്നു. ബസ് വേഗം കുറച്ചപ്പോള്‍ തന്നെ ഓടിയവരുടെ ഒപ്പം ഞാന്‍ ചേര്‍ന്നു. ഒരു അന്‍പതു മീറ്റര്‍ ഓടിക്കഴിഞ്ഞപ്പോഴേക്കും ഓട്ടക്കാരുടെ എണ്ണം പാതി കുറഞ്ഞു. ബസ് നിര്‍ത്തില്ലേ എന്ന സംശയത്താല്‍ ഞാന്‍ ഓട്ടം മതിയാക്കാനൊരുങ്ങുമ്പോള്‍ അതാ അല്‍പം മാറി ബസ് നില്‍ക്കുന്നു. ഒരു കുഞ്ഞു പോലും അതില്‍ നിന്നും ഇറങ്ങുന്നില്ല, എന്നു മാത്രമല്ല, ആള്‍ക്കാര്‍ കയറാനും നോക്കുന്നു.
എന്തു ചെയ്യണം? മനസ്സില്‍ ഈ ചോദ്യം പൊന്തി വന്നു.
"സ്റ്റാന്‍ഡിംഗ് മട്ടും, സാര്‍!" കണ്ടക്ടര്‍ ഉറക്കെപ്പറഞ്ഞു.
അങ്ങനെ ഒരു നിമിഷം കൊണ്ട്, 'നിന്നു യാത്ര ചെയ്യാം' എന്ന ധീരമായ തീരുമാനം ഞാന്‍ എടുത്തു!
ബസില്‍ കയറി. ഏറ്റവും മുകളിലെ ചവിട്ടു പടിയില്‍ ഞാന്‍ നില്‍പായി. ബാഗ് ഫുട്ബോര്‍ഡിനും അതിനു മുന്നിലത്തെ സീറ്റിനും ഇടയിലായി തിരുകി വെച്ചു. എനിക്കു താഴെ മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നു. യാത്ര തുടങ്ങി. ഒരു ചൊക്കടാ വണ്ടി ആണെങ്കിലും അത്യാവശ്യം വേഗമുണ്ട്. അരമണിക്കൂറായില്ല, നില്‍പ് ബോറടിച്ചു തുടങ്ങി.
കൃഷ്ണഗിരി വരെ ആടിയും തൂങ്ങിയും നിന്നു. ബസുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ഭക്ഷണം കഴിക്കാനായും മറ്റും നിര്‍ത്തുന്ന ഒരിടത്തു നിര്‍ത്തി. പുറത്തെ കാഴ്ചകളൊക്കെ നോക്കി നിന്നു. ജനാലയിലൂടെ ഊളിയിട്ടുവരുന പാതിരാക്കാറ്റ് ആവോളമാസ്വദിച്ചു.
വീണ്ടും നില്‍പ്. ഒരു അഞ്ചു മിനിറ്റ് മുന്നോട്ട് നോക്കും, പിന്നെ അഞ്ചു മിനിറ്റ് പിന്നോട്ട് നോക്കി നില്‍ക്കും, പിന്നൊരു പത്തു മിനിറ്റ് പുറത്തേക്കു നോക്കി നില്‍ക്കും, കുറച്ചുനേരം ഇടത്തെ കൈ കമ്പിയില്‍ പിടിക്കും, പിന്നെ കുറെ നേരം വലത്ത്... നേരം കൊല്ലാന്‍ ഞാന്‍ പലവഴികള്‍ നോക്കി.
ബസ് ഹൈവേയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു. അവന്മാര്‍ക്കു ഹാജരു വെയ്ക്കാന്‍ കൃഷ്ണഗിരി ബസ്‌സ്റ്റാന്‍ഡില്‍ കയറണം. ഇനി കുറേ ആള്‍ക്കാര്‍ അവിടുന്നു കൂടി തള്ളിക്കയറിയാല്‍ ശേലായി. സ്റ്റാന്‍ഡില്‍ കയറിയ പാടെ കണ്ട്രാവി ഇറങ്ങി. സൈന്‍ പോട്ടിട്ടു വരാം, ഡോര്‍ ഓപ്പണ്‍ പണ്ണകൂടാത് എന്നൊക്കെ വാതില്‍ക്കല്‍ നിന്നവനെ ശട്ടംകെട്ടി പുള്ളി പോയി. ബസ് സ്റ്റാന്‍ഡ് ചുറ്റി മുന്നില്‍ വന്നു നിന്നപ്പോഴേക്കും ഒരു പതിനഞ്ചു പേരെങ്കിലും വാതിലിനു നേരേ ഇടിച്ചു വന്നു. നിയുക്തകിളി ഡോര്‍ തുറക്കില്ല എന്നു പിടിവാശി കാണിച്ചെങ്കിലും കയറാന്‍ വന്നവര്‍ ബലമായിട്ടു തന്നെ വാതില്‍ തുറപ്പിച്ചു. മുന്നിലെ വാതിലിലൂടെ അഞ്ചു പേരുള്ള ഒരു കുടുംബം ഇടിച്ചു കയറി വന്നു. കെട്ടും കെടയും ഒക്കെയുണ്ട്. 'അകത്ത് ഇടമുണ്ടല്ലോ, പിന്നെന്താ' എന്ന വാദവുമായി വന്നതാണ്. പക്ഷേ കയറിക്കഴിഞ്ഞപ്പോള്‍ മുന്നോട്ടും പോകാന്‍ വയ്യ, പിന്നോട്ടും മാറാന്‍ വയ്യ. ഇറങ്ങാനും മേല. സമാധാനമായി ഇത്രേം നേരം നിന്നാണെങ്കിലും യാത്ര ചെയ്തുപോന്ന ഞങ്ങള്‍ക്കാണെങ്കില്‍ നിന്നു തിരിയാനിടയില്ലാത്തുപോലെ അസൗകര്യവുമായി. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്' എന്നുറക്കെ പാടാന്‍ തോന്നി.
പിന്നേം അരമണിക്കൂര്‍ കഴിഞ്ഞുകാണും. മുന്‍പു കയറിയ കൂട്ടത്തിലുള്ള പെണ്ണിനേം തള്ളിക്കൊണ്ട് കാര്‍ന്നോര്‍ വാതില്‍ക്കലേക്ക്. പൊടുന്നന്നെ, വാതിലിനു മുകളിലൂടെ തല പുറത്തേക്കിട്ട് പെണ്ണങ്ങു വാളുവെപ്പ് തുടങ്ങി. തള്ളേ കലിപ്പ്! ഒരു യാത്രയുടെ രസം മുഴുവന്‍ കൊല്ലുന്ന ഒരേര്‍പ്പാടാണ് വാളുവെക്കുന്നതും വാളുകാണുന്നതും. ആയതിനാല്‍ ഞാന്‍ ആ ഭാഗത്തു നിന്നും കണ്ണുകള്‍ പിന്‍വലിച്ചു. കാവടിയാട്ടം കഴിഞ്ഞോ എന്നറിയാന്‍ ഇടയ്ക്കു നോക്കിയപ്പോഴുണ്ട്, ആ പെണ്ണ് തലയില്‍ ചൂടിയ മുല്ലപ്പൂ എടുത്തു മണപ്പിക്കുന്നു. ദൈവമേ! മുല്ലപ്പൂവിന്റെ കുഴഞ്ഞ മണം എനിക്കാണെങ്കില്‍ മനംപിരട്ടലുണ്ടാക്കുന്നതാ! ആ കൊച്ചിനു ദേ, അതു റെമഡി!
പിന്നെ ധര്‍മ്മപുരി സ്റ്റാന്‍ഡിലും ബസ് കയറി കട്ടനടിക്കാനുള്ളത്ര സമയം നിര്‍ത്തിയിട്ടു. ഈ സമയം കൊണ്ട് എന്റെ തിളച്ചു നിന്ന 'നിശ്ചയദാര്‍ഢ്യം' എതിലേപോയെന്നു കണ്ടില്ല. നനഞ്ഞിറങ്ങിയതല്ലേ, ഇനി കുളിച്ചേ കയറാന്‍ പറ്റൂ എന്നെനിക്കറിയാമായിരുന്നു.
അങ്ങനെ അവസാനം, നാലേകാല്‍ മണിക്കൂര്‍ നിന്നും ആ നില്‍പിനിടയില്‍ മയങ്ങിയും യാത്ര ചെയ്ത് രാത്രി രണ്ടരയ്ക്ക് ഞാന്‍ സേലം സ്റ്റാന്‍ഡിലിറങ്ങി. എന്റെ തളരാത്ത കാലുകള്‍ക്ക് നന്ദി പറഞ്ഞും കോയമ്പത്തൂരിനു സീറ്റുള്ള വണ്ടിയിലേ കയറൂ എന്നു വാശി പിടിച്ചും പ്ലാറ്റ്‌ഫോമിലേക്കു നടന്നു, ഒന്നു മൂത്രമൊഴിക്കാന്‍ പോലും മെനക്കെടാതെ. ഒരു കോവൈ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു, കണ്ട്രാവി ആളെ വിളിച്ചു കയറ്റുകയാണ്. ഭാഗ്യം സീറ്റുണ്ടായിരുന്നു. അങ്ങനെ സേലം സ്റ്റാന്‍ഡില്‍ ഒരു മിനിറ്റുപോലും ചെലവഴിക്കാതെ ഞാന്‍ കോവൈ യാത്ര ആരംഭിച്ചു.
ബസ്സിലെ ടിവിയില്‍ 'വില്ല്' ഓടുന്നു. അന്‍പത്തഞ്ചു ചില്ലറ കൊടുത്ത് ടിക്കറ്റ് വാങ്ങി. നേരം വല്ലാത്ത നേരമാണെങ്കിലും ഉറക്കം വന്നില്ല, വില്ലിന്റെ അവസാന അരമണിക്കൂര്‍ ഞാന്‍ കണ്ടുകാണണം. വീണ്ടും പടം ഓടുമെന്ന മട്ടുകണ്ട് വേഗം ഞാന്‍ ഉറക്കത്തിലേക്കു കൂപ്പുകുത്തി.
ഇടയ്ക്കെപ്പോഴോ ഉണര്‍ന്നു. ഒരു സ്വപ്നത്തിലെന്നപോലെ ഇടയ്ക്ക് പരിചയമുള്ള ഏതൊക്കെയോ ഈണങ്ങള്‍ കാതില്‍ പൊഴിഞ്ഞുവീണു. കണ്ണുതുറന്നപ്പോള്‍ 'പയ്യാ' ഓടുന്നു. അതു കുറെ നേരം കണ്ടിരുന്നു. ഏതോ നഗരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇടതു വശത്ത് കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ കമാനം കണ്ടു. സ്റ്റാന്‍ഡെത്താന്‍ കാത്തിരിപ്പ്.
റമസാന്‍ അവധി ദിനത്തില്‍, രാവിലെ അഞ്ചര കഴിഞ്ഞപ്പോള്‍ ഞാന്‍ കോവൈയില്‍ ബസ്സിറങ്ങി.
ഇനി പാലക്കാട്ടേക്ക്!
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'