Thursday, October 28, 2010

ഓര്‍മ്മകള്‍ക്കൊപ്പം നടക്കാം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഏഴ്

രൂപേഷിന്റെ മരണം എന്നെ വല്ലാതെ മൂകനാക്കിക്കളഞ്ഞു. എന്തോ, ഞാന്‍ എന്റെ കൊക്കൂണില്‍ തന്നെ ഒതുങ്ങിക്കൂടി. ഇടയ്ക്കെന്തെങ്കിലും വായിച്ചും, ഈ അനുഭവങ്ങളെല്ലാം പോസ്റ്റാക്കണമെന്നു നിനച്ചും പിന്നെ ടി.വി. കണ്ടുമെല്ലാം...

ഭാര്യവീടിന്റെ ചുറ്റുമുള്ള 'അയ്യത്ത്‌' നിറയെ തുമ്പച്ചെടികളുണ്ട്‌. വൈകിട്ട്‌ അവ കുറെ പറിച്ചെടുത്ത്‌ കൂട്ടിയിട്ട്‌ കത്തിക്കും, ന്ന്വച്ചാ പുകയ്ക്കും. കൊതുകിനെ അകറ്റാന്‍ നല്ലതാണത്രേ. അവിടം പ്രത്യേകിച്ചു കൃഷിയൊന്നുമില്ലാതെ നില്‍ക്കുന്നു, അഞ്ചെട്ടു തെങ്ങുകളൊഴികെ. അയല്‍പക്കത്തുള്ള പശുക്കളെ അവിടെ കൊണ്ടുവന്നു കെട്ടാറുണ്ട്‌. പൊന്മാന്റെ പോലെ നീലനിറമുള്ള ചിറകുള്ള ഒരു വലിയ പക്ഷി അവിടെ സ്ഥിരതാമസക്കാരിയായിരുന്നു. ഒരു ഓലേഞ്ഞാലിക്കിളി, സ്ഥിരം, വരാന്തയിലെ അഴിക്കിടയിലൂടെ അകത്തു കടന്നു വരും. ലാക്കുനോക്കിയിരുന്നിട്ട്‌ നിലവിളക്കിലെ എണ്ണ കുടിച്ചിട്ട്‌ പോകും. അല്ലെങ്കില്‍ തിരി കൊത്തിക്കൊണ്ട്‌ പോകും! പിന്നെ ഒത്തിരി ശലഭങ്ങള്‍, തുമ്പികള്‍, ഉറുമ്പുകള്‍, വണ്ടുകള്‍. പിന്നെ കുറെ അണ്ണാന്മാര്‍, രണ്ട്‌ കീരികള്‍, കാക്കകളും മറ്റു കിളികളും. മതിലിന്റെ പുറത്ത്‌ ബ്രെഡോ മറ്റു പലഹാരമോ എടുത്തുവെച്ചാല്‍ ആരാവും ആദ്യം വന്നെടുക്കുക എന്നു നോക്കിയിരിക്കുന്നതു കൗതുകമുള്ള കാര്യമാണ്‌. അണ്ണാന്‍ വന്ന്‌ അതു രണ്ടു കയ്യും കൊണ്ടെടുത്ത്‌ കടിച്ചു കടിച്ചു തിന്നും - നമ്മുടെ കൈ തൊടാവുന്ന അകലത്തില്‍.

വീടിനു മുന്നിലെ റോഡിനപ്പുറം ചെറിയൊരു വെള്ളക്കെട്ടുണ്ട്‌. ഒത്തിരി പരല്‍മീനുണ്ടതില്‍. ചിലരൊക്കെ അവിടെ പശുക്കളെ കുളിപ്പിക്കുന്നതു കാണാം. നാനാവിധം കിളികള്‍ വരും അവിടെ. അതിന്റെ കരയില്‍ ഒരു കുഞ്ഞു പ്ലാവുണ്ട്‌. അതിന്റെ ചുവട്ടില്‍ പോയിരിക്കാന്‍ നല്ല രസമാണ്‌. മൂന്നു ഗ്രീന്‍ ബീ ഈറ്റര്‍ പക്ഷികള്‍ എന്നെപ്പോലെ തന്നെ ആയിടത്തെയും പതിവുകാരായിരുന്നു. അവരിങ്ങനെ കരണ്ടുകമ്പിയില്‍ വന്നിരിക്കും. അവിടെല്ലാം ഉല്ലസിച്ചു പറക്കും. ചുരുക്കത്തില്‍, ഒരു 'ഭൂമിയുടെ അവകാശികള്‍' സെറ്റപ്പ്‌.

ഇടയ്ക്ക്‌ പുറത്തുപോകണമെന്നു വല്ലാണ്ട്‌ കൊതി തോന്നും. അപ്പോ ഓച്ചിറയ്ക്കോ കായംകുളത്തിനോ ഒന്നിറങ്ങും. മന:പൂര്‍വ്വം പരമാവധി നടക്കും. ഹൈറേഞ്ചിലുള്ളവര്‍ക്ക്‌ നടപ്പൊരു പണിയേയല്ല. കാരണം ബഹുദൂരം നടന്നു ശീലിച്ചവരാണു ഞങ്ങളൊക്കെ. സ്കൂളിലൊക്കെ പോകുന്നകാലത്ത്‌ പ്രതിദിനം എട്ടു കിലോമീറ്ററെങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഒരു കിലോമീറ്റര്‍ നടക്കാന്‍ പത്തു മിനിറ്റ്‌ എന്നതാണ്‌ അന്നത്തെ കണക്ക്‌. അതിന്റെ ഇരട്ടിയില്‍ കൂടുതല്‍ നടന്നു പഠിക്കാനെത്തുന്നവരും ഉണ്ടായിരുന്നു എന്നു കേട്ടാല്‍ നെറ്റി ചുളിക്കരുത്‌. ഇതു വെറും പത്തു പന്ത്രണ്ട്‌ വര്‍ഷം മുന്‍പത്തെ കഥയാണ്‌. ഇന്നിപ്പോ വാഹനങ്ങളും റോഡ്‌ സൗകര്യവും കൂടി, ആള്‍ക്കാരുടെ മടിയും കൂടി. അഞ്ചു മിനിറ്റത്തെ നടപ്പിനുപോലും ബൈക്കിനെയോ ഓട്ടോയെയോ ആശ്രയിക്കുന്നതായി രീതി. ഒരു അഞ്ചു വര്‍ഷം മുന്‍പു വരെ കട്ടപ്പന ടൗണിലേക്ക്‌ പോകാന്‍ എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക്‌ മൂന്നര കി.മീ. നടക്കാന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ആരെങ്കിലും നടന്നുപോയാല്‍ അവനെന്തോ കുഴപ്പമുണ്ടെന്നാവും മറ്റുള്ളവര്‍ കരുതുക. എത്രയോ തവണ രാവേറെ വൈകി ടൗണില്‍ നിന്നും ഒറ്റയ്ക്ക്‌ ഒരു കൈത്തിരി പോലുമില്ലാതെ ഞാന്‍ വീട്ടിലേക്കു നടന്നിരിക്കുന്നു! ഭയക്കാനൊന്നുമില്ല. ഈ സിറ്റിയില്‍ പോലും ഇല്ലാത്ത ഒരു സുരക്ഷയുണ്ടവിടെ. നമ്മള്‍ പ്രൊട്ടക്ട്ടഡ്‌ ആണെന്നൊരു ഫീല്‍. ഉടനീളം വീടുകള്‍, മിക്കവാറും പരിചയക്കാര്‍. രാവേറെ വൈകിയാല്‍ മാത്രം വാഹനങ്ങള്‍ കുറവായിരിക്കും. എസ്‌.എന്‍. ജങ്‌ഷന്‍ കടന്നിങ്ങു പോരുമ്പോള്‍ വലതുവശത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന കട്ടപ്പന കുരിശുമലയുടെ കിഴക്ക്‌ പാല്‍നിലാവുമായി അമ്പിളിമാമനുണ്ടെങ്കില്‍.... ഒരു മൂളിപ്പാട്ടും പാടി സ്വച്ഛന്ദമായി നടക്കാന്‍ എന്തു രസമാണെന്നോ! സാഗരാ തീയേറ്ററില്‍ ഒരു മലയാളം ഫസ്റ്റ്‌ ഷോ കൂടി കണ്ടതിനു ശേഷമാണീ നടപ്പെങ്കില്‍ ശേലായി... മുപ്പത്തഞ്ചു-നാല്‍പത്‌ മിനിറ്റുകൊണ്ട്‌ വീട്ടിലെത്താം. പിന്നെ, ചൂടുള്ള കഞ്ഞി തേങ്ങാച്ചമ്മന്തിയും കൂട്ടിക്കഴിച്ചിട്ട്‌ ഒറ്റയുറക്കത്തിനു നേരം വെളുപ്പിക്കാം!

ഓ.. ഞാന്‍ കാടുകയറി. ഞാനിപ്പോ ഹൈറേഞ്ചിലല്ലല്ലോ. ഇവിടെ നടപ്പിനു മറ്റൊരു മാനമാണ്‌. നമ്മുടെ നാടല്ലാത്തതു കൊണ്ട്‌ ആര്‍ക്കും നമ്മെ അറിയില്ല. നിരന്ന പ്രദേശം. കണ്ടുപഴകാത്ത വഴികള്‍. അതും ഒരു രസമാണ്‌. ഒരു പുതുമ.

മറ്റൊരുകാര്യം ഭക്ഷണമാണ്. സുലഭമായ മീന്‍!! വൗ!! എന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ, 'മല്‍സ്യപരമായി' സുവര്‍ണ്ണകാലമായിരുന്നു ഈ അവധിക്കാലം. ഇതിനിടയില്‍ ഒരു തവണ അച്ഛന്‍ അവിടെ വന്നു. പിറ്റേന്നു ഞണ്ടും കൊഞ്ചുമായിട്ട്‌ ആഘോഷമായിരുന്നു. ഹൈറേഞ്ചിലെ നോണ്‍-വെജ്‌ രീതിയില്‍ നിന്നും വേറിട്ട ഒരു നടത്തം.. ആഹഹ!

ദിവസങ്ങള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടെ ആ ദിനം വന്നെത്തി. ഓരോ വര്‍ഷവും പതിവായി വന്ന് എന്റെ മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചകലുന്ന ആ ഒരു ദിവസം!

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'