അതെ. അന്നും മഴയുണ്ടായിരുന്നു. ഇന്നിനി പെയ്യണോ എന്ന ശങ്കയോടെ അറച്ചു പെയ്യുന്ന 2012 ലെ കാലവർഷത്തിന്റെ ചള്ളു സ്വഭാവമുള്ള മഴ. അതിന്നലെയായിരുന്നു. ജോലിസ്ഥ്ലത്തേക്കുള്ള പതിവു യാത്ര. തൊടുപുഴയ്ക്കു പോകുന്ന ടി.പി. 214ആം നമ്പർ കെ.എസ്.ആർ.ടി.സി. ബസിൽ ജനൽ ഷട്ടറുകൾ പുറത്തെ ചാഞ്ഞു വീഴുന്ന മഴത്തുള്ളികൾക്കും ആനുവാദം ചോദിക്കാതെ ഉടൽ തഴുകാൻ വരുന്ന നേർത്ത മഞ്ഞിനും മറയിട്ടു. ഇരമ്പുന്ന ലെയ്ലാൻഡ് എഞ്ചിൻ ഇടുക്കിയിലേക്കുള്ള കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തള്ളിക്കൊണ്ടുപോയി.
മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. ബസിന്റെ ചില്ലിൽ വീഴുന്ന ജലകണങ്ങൾ ഒരല്പനേരം അവിടിരുന്ന് കാറ്റിനെ പ്രണയിച്ച്, അവളാൽത്തന്നെ താഴെയേതോ അറിയാക്കയങ്ങളിലേക്കു വീണുമരിച്ചുകൊണ്ടിരിക്കുന്നു.
ബസ് പത്താം മൈൽ താണ്ടിക്കഴിഞ്ഞു. ഇറക്കമാണിനി ഇടുക്കി വരെ. ചെവിയിലൂടെ ഒഴുകിയിറങ്ങിയ സംഗീതം അപ്പോഴാണ് സ്പിരിറ്റിലെ ‘മരണമെത്തുന്ന നേരത്തു’ എന്ന ഗാനത്തിലേക്ക് ചുവടുമാറിയത്...
... യാത്ര. ജീവിതവും യാത്ര തന്നെ. ഇപ്പോൾ ഞാൻ ചെയ്യുന്നതും യാത്ര തന്നെ. ചെറുതോണിയിൽ ഞാൻ ബസ്സിറങ്ങുമ്പോൾ എന്റെ യാത്രയുടെ ഈ പാദം മരിക്കുകയാണ്. മരണം. അകത്ത് ഷഹബാസ് അമന്റെ ഈണം പുതച്ച റഫീഖ് അഹമ്മദിന്റെ കവിത ഉണ്ണി മേനോന്റെ ശബ്ദത്തിലും പുറത്തു മടിച്ചു പെയ്യുന്ന ചാറ്റൽ മഴയും.
സിനിമയ്ക്കു പുറത്ത് ആദ്യമായാണു ഞാൻ ആ ഗാനം, അല്ല, കവിത കേൾക്കുന്നത്. ദാരുണമായ ഒരു മരണത്തിനു മറയിടാനാണ് സിനിമയിൽ ഈ കവിത വിരിയുന്നതെങ്കിലും, നോക്കൂ, എത്ര ലോലമായ, സ്വച്ഛ സുന്ദരവും പ്രണയതരളവുമായ ഒരു മരണത്തെയാണ് അതിൽ ആശിക്കുന്നതെന്ന്?
പൂർണ്ണമായും പ്രണയം കൊണ്ടല്ലെങ്കിലും ആ പാട്ടു കേൾക്കുമ്പോൾ തന്നെ ഞാൻ അതിലെ ഓരോ വരിയിലും കൊതിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. മഴ കൊണ്ടു നനഞ്ഞ് റോഡിലേക്ക് തലനീട്ടി ഉള്ളു നിറയെ കയ്പുമായി കയ്പ്പൻ ചെടിയുടെ ഇലകൾ ബസിന്റെ പാർശ്വങ്ങളിൽ തഴുകുന്നുണ്ടായിരുന്നിരിക്കണം. ഞരമ്പുകളിൽ തിളയ്ക്കുന്ന ഡീസലിന്റെ ക്രൗര്യം ആറിച്ച് തെല്ലലസം ബസ് ഇറക്കമിറങ്ങിക്കൊണ്ടിരുന്നു. യൗവ്വനത്തിന്റെ ഉത്തുംഗത്തിൽ നിന്നും വാർധക്യത്തിന്റെ പടവുകളിറങ്ങുന്ന ഏതെങ്കിലും ഒരു ജീവിതം പോലെ.
പിന്നെയും ആ മോഹമരണസങ്കല്പങ്ങൾ, കനലുകൾ കോരിയ വിരലുകളിൽ ഒരു തലോടലാകുവാനും അന്ത്യശ്വാസത്തിലെ ഗന്ധമായി നിറയാനും ആരെങ്കിലുമൊക്കെ എല്ലാവർക്കും ഉണ്ടാവില്ലേ? ഓരോരുത്തരുടെയും പ്രിയപ്പെട്ടവരെയല്ലേ ലോകത്തോടു പിരിയുന്ന നേരങ്ങളിൽ ഓരോ മനസ്സും മരവിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് അകലുന്ന ജീവനെ അളവില്ലാത്ത തൃഷ്ണയാൽ ഒരുവട്ടം കൂടി അറിയാൻ ശ്രമിക്കുക? നീ ഏതു മണം കൊതിക്കും? ഏതു തലോടലിനായി തുടിക്കും? ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ ഒടുക്കം ഏതു ചിത്രം പതിപ്പിക്കും? ഏതുമധുരസ്വരം കൊണ്ട് നിന്റെ കാതുകൾ മുദ്ര വെയ്ക്കും? ഏതു ദീപ്തസ്മരണ നിന്റെ സ്മൃതിയിൽ ഒരു മഴയായ് പൊഴിഞ്ഞു വീഴും? ഏതു പുണ്യം ചൂടിയ നാമം ചൊല്ലി നിന്റെ ചുണ്ടുകൾ പൂട്ടും? നടന്നയേതു വഴിയോർത്തു നിന്റെ പാദം തണുക്കും? ആ നിനവുകൾ, നിർവൃതികൾ - മതിയാവുമോ ഒന്നുകൂടി ഉയിർത്തെഴുന്നേല്ക്കാൻ?
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി - എന്ന് ആരാണു പ്രാർത്ഥിച്ചു പോകാത്തത്?
ആഗ്രഹങ്ങൾക്ക് അവാസാനമില്ലാത്ത ഈ ലോകത്ത്, അടച്ചുമൂടിയ ആ ബസിനുള്ളിലിരുന്ന്, പുറത്തെ ചിണുങ്ങിപ്പെയ്യുന്ന മഴയെയും ഇളം മഞ്ഞിനെയും സാക്ഷിയാക്കി ഈ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം മനസ്സിൽ കുറിച്ചിട്ടു. അതിനാൽ, കവി റഫീഖ് അഹമ്മദ്, നിങ്ങൾ ഒരു ദിവ്യനാണ്!
തേങ്ങാ!
ReplyDeleteവിവരണം/ആസ്വാദനം എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു.
(പാട്ട് ഞാന്‍ കേട്ടിട്ടില്ല)
സമീപകാലത്തൊന്നും ഒരു ഗാനം എന്നെ ഇത്രയേറെ Haunt ചെയ്തിട്ടില്ല.
ReplyDeleteഈണവും,വരികളും ഇതു പോലെ ഹൃദയത്തെ തൊടുന്ന അവസരങ്ങളും വളരെ വിരളം.
ഏറ്റവും ഉദാത്തമായ ഒരു പ്രണയ/സ്നേഹ സങ്കല്പമാണു ഈ ഗാനം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു നിമിഷം വരുമെന്നറിയാത്ത മരണത്തിന്റെ നിമിഷത്തില്‍ കണ്ണിലെ കാഴച്ചയും,കാതിലെ ശബ്ദവും,ശ്വാസത്തിലെ ഗന്ധവും,മനസ്സിലെ ചിന്തയും ഓര്‍മ്മകളും എല്ലാം ഒരാള്‍ ആയിരിക്കണെമെന്നു ആഗ്രഹിക്കുമ്പോള്‍,ജീവിതത്തിലെ എല്ലാ നിമിഷവം കൂടെ അയാള്‍ ഉണ്ടായിരിക്കണമെന്നു കൂടി അര്‍ത്ഥമില്ലേ,അതിനുമപ്പുറം ഒരു പ്രണയമോ,സ്നേഹമോ ഉണ്ടോ??
അതുതന്നെ ആവണം റഫീക് അഹമ്മദും ഉദ്ദേശിച്ചത്. എന്തായാലും ഈ കവിത എല്ലിൽ പിടിച്ചു പോയി എന്നതു പറയാതെ വയ്യ!
ReplyDelete