Sunday, January 19, 2020

പേരറിയാത്തവർ

പണ്ട് വല്ലപ്പോഴുമൊക്കെ പോകാറുണ്ടായിരുന്ന ഒരു കടയുണ്ട്. എന്നും അടഞ്ഞു മാത്രം കാണപ്പെടാറുള്ള നാലഞ്ച് ഷട്ടർ മുറികൾ നിരന്നിരിക്കുന്ന ഒരു കെട്ടിടത്തിലെ ഇടയ്ക്കുള്ള ഒരു മുറി. പച്ചക്കറിയും പലചരക്കും വിൽക്കുന്ന ഒറ്റഷട്ടർ മുറിയും അതിനു മുന്നിൽ വരാന്തയിലൂടെ മുറ്റം വരെ ഗ്രില്ലിട്ട് നീട്ടിയെടുത്തിരിക്കുന്നതുമായ ഒരു നാടൻ കട. ഗ്രില്ലിട്ട ഭാഗത്ത് പലവിധം പച്ചക്കറികൾ വില്പനയ്ക്കായി വെച്ചിരിക്കും. ഉള്ളിൽ പലചരക്കും.

ആ കടക്കാരന്റെ പേര് എനിക്കറിയില്ല. ആളൊരു മുസൽമാൻ ആണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഏറ്റവും അടുത്ത് മാവേലി സ്റ്റോർ കഴിഞ്ഞാൽ ഉണ്ടായിരുന്ന കട ഇതാണ്. പലതവണയായി അവിടുന്നു സാധനങ്ങൾ വാങ്ങിയ കൂടെ അയാൾ എന്നെയും പരിചയപ്പെട്ടു. വീട്ടുകാരെ ഒക്കെ അങ്ങേർക്ക് അറിയാം. അപ്പോളൊന്നും പേരു ചോദിക്കാൻ ഞാനും ശ്രദ്ധിച്ചില്ല. നാട്ടുകാര്യങ്ങളും അതിന്റെ കമന്റും ഒക്കെയായി സംസാരിക്കാറുണ്ടെങ്കിലും എന്റെയുള്ളിൽ അയാൾ വെറുമൊരു കടക്കാരൻ മാത്രമായി നിലകൊണ്ടു. എനിക്കു വിളിക്കേണ്ടപ്പോൾ ഇക്കാ എന്ന് മാത്രം ഞാനയാളെ വിളിച്ചു.
മറ്റുകടകളിൽ പൊതുവേ പലവ്യഞ്ജനം പ്ലാസ്റ്റിക് കൂടുകളിലും മറ്റും കെട്ടി തരുമ്പോൾ ഇയാൾ പരമ്പരാഗത രീതിയിൽ കടലാസ് കുമ്പിളിൽ സാധനം പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടി തന്നിരുന്നു.

അലങ്കോലമെന്ന് തോന്നിക്കുന്ന കടയിൽ നിന്നും ഓരോ കിടുപിടി സാധനങ്ങൾ അയാൾ കൃത്യമായി എടുത്ത് തരുന്നത് എന്നെ വിസ്മയിപ്പിച്ചിരുന്നു. അല്പം കഷണ്ടിയും അങ്ങിങ്ങു നരകളുമുള്ള അയാളുടെ മീശയും മുഖവും ഞാൻ മറന്നിരിക്കുന്നു. മുകളിലെ കുടുക്കുകളിടാത്ത അയഞ്ഞ ഫുൾകൈ ഷർട്ടും ധരിച്ച് അലസമായി ഉടുത്ത ലുങ്കിയിലാണ് ഇരുണ്ട നിറമുള്ള അയാളെ ഞാൻ കാണാറ്. ഇടയ്ക്കെല്ലാം എരിയുന്ന ഒരു സിഗരറ്റും ചുണ്ടിലുണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നു. പച്ചക്കറി അടുക്കിയ ഗ്രില്ലിട്ട ഭാഗം കടന്ന് ഷട്ടർ വരമ്പിന്റെ അടുത്തിട്ടിട്ടുള്ള മേശയ്ക്കു സമീപം നമുക്ക് നിൽക്കാം. മച്ചിൽ നിന്നും കെട്ടിത്തൂക്കിയ തുലാസിൽ ആടിക്കളിക്കുന്ന ഭാരക്കട്ടികളും കടലാസുകുമ്പിളുകളും എന്നെ ബാല്യത്തിലെ ഏതോ വ്യാപാരക്കാഴ്ചകളിലേക്ക് അന്നെല്ലാം എടുത്തെറിയുന്നുണ്ടാവണം.
ഒരിക്കൽ ഒരു സന്ധ്യാവേളയിൽ ഞാൻ സാധനങ്ങൾ വാങ്ങാനായി ചെല്ലുമ്പോൾ മേശയ്ക്കൽ അയാൾ പരിക്ഷീണിതനായി തലകുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ അമ്മയെന്നു തോന്നിക്കുന്ന നന്നേ മെലിഞ്ഞ ഒരു വൃദ്ധയും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അയാളുടെ അതേ നിറമായിരുന്നു ആ അമ്മയ്ക്കും. പ്രായം പൊള്ളിച്ച ആ മുഖത്തെ കണ്ണുകൾ രണ്ടു കുഴികളിലേക്ക് ആണ്ടിരുന്നു. എന്നാൽ ചാരനിറം പടർന്ന ആ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു. ഞാൻ സാധങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാളെ ഒന്നു രണ്ടു വട്ടം വിളിച്ച് നിരാശയായ ആ ഉമ്മ അവ ഒന്നൊന്നായി എടുത്തു തന്നുതുടങ്ങി.

മുൻപെല്ലാം നല്ല തകൃതത്തോടെ സാധനങ്ങൾ തന്നിരുന്ന അയാൾക്ക് പകരം ഈ ഉമ്മ എടുത്തുതന്നാൽ നേരം കുറെ പിടിക്കുമല്ലോ എന്നെല്ലാം ഞാൻ വിചാരിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്നോണം, കടയിലെ അനക്കങ്ങൾ അറിഞ്ഞിട്ടാവാം, ബോധശൂന്യനെ പോലെ മേശയിൽ തലവെച്ചു കിടന്ന അയാൾ സാവധാനം എഴുന്നേറ്റു. അഴിഞ്ഞു പോകാറായ ലുങ്കി ഉടുത്ത് നന്നേ ക്ലേശിച്ച് അയാൾ നേരേ നിന്നു. എന്നോട് പഴയ പരിചയഭാവമൊന്നും കാണിക്കാതെ ഉമ്മയുടെ നേരേ തിരിഞ്ഞ് എന്തെടുക്കുവാ എന്നൊക്കെ ശബ്ദമുയർത്തി ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടാവണം. പാവം ആ ഉമ്മ ഒന്നും പറയാതെ ജോലി തുടർന്നു. ഉമ്മയോട് 'അങ്ങു മാറി നിൽക്ക് , മാറി നിൽക്കാനല്ലേ പറഞ്ഞത്' എന്നെല്ലാം ഉറക്കച്ചടവാർന്ന സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് എനിക്കു വേണ്ടുന്ന സാധനങ്ങൾ അയാൾ എടുത്തു തരുവാൻ തുടങ്ങി. ഉമ്മയാകട്ടെ മറുത്തൊന്നും പറയാതെ അയാളെ നീരസത്തോടെ നോക്കിക്കൊണ്ട് സൗകര്യപൂർവ്വം മാറിനിന്നുകൊടുത്തു. ഭാഗ്യത്തിനു കുറച്ചുമാത്രം വസ്തുക്കളേ എനിക്കന്ന് വാങ്ങാനുണ്ടായിരുന്നുള്ളൂ. ശേഷം അയാൾ കണക്കു കൂട്ടിയപ്പോൾ അയാളുടെ അവസ്ഥമൂലം എനിക്കു നഷ്ടം ഉണ്ടാകരുതെന്ന് കണ്ട് ഞാൻ മേശയ്ക്കരികിൽ ജാഗ്രതയോടെ നിന്നു. പണം കൊടുത്ത് അന്നു ഞാൻ പോന്നശേഷം വർഷങ്ങളായി അപൂർവ്വം അവസരങ്ങളിലേ ആ കടയിൽ കയറിയിട്ടുള്ളൂ.

ഇന്നലെ, വൈകിട്ട് ആ വഴി യാത്ര ചെയ്തപ്പോൾ അത്യാവശ്യം വേണ്ടുന്ന പച്ചക്കറിയും മറ്റും വാങ്ങാനായി ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങി. എന്നെ നിരാശനാക്കിക്കൊണ്ട് അവിടെ എനിക്കു വേണ്ടുന്ന പച്ചക്കറികളൊന്നും ഇല്ലായിരുന്നു. പണ്ടേ വലിയ പകിട്ടില്ലാത്ത ആ കടയ്ക്ക് നന്നായി നോക്കിനടത്താത്തതിന്റെ എല്ലാ ഭംഗികേടും ഞാൻ കണ്ടു. പകുതിയോളം കാലിയാണ്. ഫ്രഷ് പച്ചക്കറി ഒന്നുമില്ല. കൂടുതൽ നാൾ ഇരിക്കുന്നതരം കുറെ കായ്കളും കിഴങ്ങുകളും ഉള്ളിയും മറ്റും ആണുള്ളത്. കറിപ്പൊടിക്കമ്പനിയുടെ ക്യു ആർ കോഡുള്ള ഒരു സ്റ്റിക്കർ കാണാവുന്ന ഒരിടത്ത് ഒട്ടിച്ചിട്ടുണ്ട്. അതിൽ 'ചങ്ങാതി സ്റ്റോഴ്സ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആ കടയ്ക്ക് ഒരു പേരുണ്ട് എന്നത് ഞാൻ അന്നു വരെ ശ്രദ്ധിച്ചിരുന്നില്ല. കയറിച്ചെന്നപ്പോൾ അന്നു കണ്ട ഉമ്മയാണ് കടയിലുള്ളത്. എന്റെ ഓർമ്മയിലെ ചിത്രത്തിനെക്കാൾ അല്പം കൂടി അവരുടെ അവസ്ഥ മോശമായിട്ടുണ്ട്. അവരുടെ കണ്ണിലെ വെള്ളിത്തിളക്കം നല്ലതോ ചീത്തയോ എന്നെനിക്ക് അപ്പോഴും മനസ്സിലായില്ല.

"ഇക്കാ എന്ത്യേ.?" ഇക്കയുടെ മിടുക്കുള്ള സപ്ലൈ ആണെങ്കിൽ വേഗമാകുമല്ലോ കാര്യങ്ങൾ എന്നോർത്ത് ഞാൻ തിരക്കി.
കഷ്ടിച്ചു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ആ ഉമ്മാ അവ്യക്തമായ ഒരാംഗ്യം കലർത്തി എന്നോട് പറഞ്ഞു : ".. പോയി.."

നന്നായി കേൾക്കാഞ്ഞതു കൊണ്ടും കൂടിയാണ്; ഞാൻ ചോദിച്ചു - "എവിടെ പോയി?"

വല്ലാതെ ഇടറിയ സ്വരത്തിൽ മറുപടി അവർ പറയാൻ ആഞ്ഞപ്പോഴാണ് ഞാൻ അവരുടെ മുഖത്ത് നോക്കിയതും അവരുടെ ഭാവം എന്നെ സ്തബ്ധനാക്കിയതും അവരുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞതും - "മരിച്ചുപോയി!!"

ഒരു നിമിഷം ഞാൻ ഷോക്കടിച്ചതുപോലെ നിന്നു. അവരുടെ വാക്ക് അവസാനിക്കുമ്പോൾ ഉയരാൻ കെല്പില്ലാത്ത ഒരു തേങ്ങലിന്റെ സ്വരം ഞാൻ കേട്ടു. അജ്ഞാതമായ തിളക്കമുള്ള കുഴിഞ്ഞ കണ്ണുകളിൽ നീർ പൊടിയുന്നതുപോലെ. എന്റെ കയ്യും കാലും ഒരു നിമിഷം മരച്ചു. സാധനം വാങ്ങാൻ വന്നതാണെന്ന് ഞാൻ മറന്നു.

"അയ്യോ.. ഞാൻ അറിഞ്ഞില്ലായിരുന്നു.. എന്തു പറ്റി.. എന്ന്.. എത്ര നാളായി...."
എന്നിങ്ങനെ മൂന്നുനാലു ചോദ്യങ്ങൾ അവിവേകിയായ എന്റെ പാഴ്നാവിൽ നിന്നും പിന്നെയും വീണു.

"മഞ്ഞപ്പിത്തമായിരുന്നു.. ഒരു മാസം.. പെട്ടെന്ന്..."

അടർന്നടർന്നു വീണ മറുപടികൾ. അവ പിന്നെയും നീറുന്ന ഓർമ്മകളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയിരിക്കാം. അവരുടെ കണ്ണുകൾ സജലങ്ങളായി, നീർമണികളാവാതെ, പൊഴിയാതെ വിങ്ങിവിങ്ങി നിന്നു.

എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. ഞാനോ? ആ പാവം വൃദ്ധയുടെ മുന്നിൽ നിഷ്പ്രഭനായ നിസ്സാരനായ ഒരു മൊണ്ണയായി നിന്നു. എനിക്കറിയാവുന്ന ക്ഷമാവാക്യങ്ങളൊന്നും അവരുടെ മുന്നിൽ ഏശില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

"ഒ.. ഒരു ചിക്കൻ മസാല" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവരെ അഭിമുഖീകരിക്കാനാവാതെ, അതിന്റെ വില നൽകിയിട്ട്, ഇപ്പോഴും എന്തെന്ന് വിവേചിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ആ പടിയിറങ്ങി.

പേരറിയാത്ത ആ കടക്കാരൻ എന്റെ ആരുമല്ല. എന്നിട്ടും ഞാൻ കരുതുന്നു എന്റെ ആരുമല്ല അയാളെങ്കിൽ പിന്നെ...?

© MS Raj 13/10/2019

12 comments:

  1. അങ്ങനെ ആരുമല്ലാത്ത ആർക്കൊക്കെയോവേണ്ടി, എന്തിനെന്നറിയാതെ ഒരു വേദന മനസ്സിൽ വല്ലപ്പോഴുമെങ്കിലും തോന്നിയില്ലെങ്കിൽ നമ്മളിലെ മനുഷ്യത്വം മരിച്ചു എന്നല്ലേ അർത്ഥം???

    ReplyDelete
    Replies
    1. ഇങ്ങനെ ചില അജ്ഞാതനൊമ്പരങ്ങൾ എന്നും അലട്ടാറുണ്ട്.

      Delete
  2. ഈ എഴുത്ത് വല്ലാത്ത വിങ്ങലുണ്ടാക്കി...നല്ലെഴുത്ത്.

    ReplyDelete
    Replies
    1. നന്ദി ഉനൈസ്. മനസ്സിൽ തോന്നിയതും കണ്ടതും അപ്പടി എഴുതി.

      Delete
  3. ജീവിച്ചിരുന്നു എന്നതിന്റെ ശേഷിപ്പായി ഇത്തരം ചില ഓർമ്മകൾ മാത്രം ബാക്കി വെച്ച് പോകുന്നവരുണ്ട്. ഓരോ ഓർമ്മയും അവർക്കുള്ള നിവേദ്യമാണ്..

    ReplyDelete
    Replies
    1. അറിയാത്തവരുടെ നൊമ്പരങ്ങളും നാമറിയാതെ ചിലപ്പോൾ നമ്മുടേതാവും.

      നന്ദി അൽമിത്ര!

      Delete
  4. എന്തൊരു കഷ്ടം.അയാളുടെ പേരെങ്കിലും അറിഞ്ഞു വെക്കാമായിരുന്നു..

    ReplyDelete
    Replies
    1. പേര് അറിയാമായിരുന്നെങ്കിൽ ഈ കുറിപ്പ് ഇവിടെ ഉണ്ടാകില്ലായിരുന്നു.

      Delete
  5. നൊമ്പരം പകർന്നു തന്ന അനുഭവം ...
    ആ ഉമ്മയുടെ ദു:ഖത്തോളം  വരില്ല നമ്മുടെ ഒരു സഹതാപവും.. 

    ReplyDelete
    Replies
    1. അതെ. അത്രമേൽ ആർദ്രമാക്കാനും നിസ്സഹായരാക്കാനും പോന്ന എന്തോ ഒരു ശക്തി ആ സംഭവത്തിനുണ്ടായിരുന്നു.

      Delete
  6. തുടക്കം വായിച്ചപ്പോ എന്തോ ഒരു മിസ്സിംഗ് തോന്നിയെങ്കിലും അവസാനം എത്തിയപ്പോൾ മിസ്സായതും ഫുൾ ആയി. മനസ്സിൽ തട്ടിയ എഴുത്ത്. നമ്മൾ മനസ്സിൽ കരുതുന്ന പോലെ അല്ലല്ലോ ഓരോരുത്തരുടെയും ജീവിതം.
    ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ആദീ. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'