Monday, March 19, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 8

സ്സലു ഹൈറേഞ്ച്‌ റോഡാണ്‌ തൂക്കുപാലം-പുളിയന്മല-കട്ടപ്പന റോഡ്‌. ഞങ്ങളുടെ ഡ്രൈവര്‍ ശ്രീ. റെജി പ്രകടമായ തഴക്കത്തോടെ ആ മുരടന്‍ ജീപ്പിനെ ആ വഴികളിലൂടെ തെളിച്ചു. വണ്ടി പുളിയന്മല എത്താറായപ്പോഴേക്കും ചര്‍ച്ചകള്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു - 'യാതു പടം കാണണം?' രണ്ടു സിനിമകളാണ്‌ പ്രധാനമായും കട്ടപ്പനയിലെ തീയേറ്ററുകളില്‍ ഓടുന്നത്‌. സാഗരായില്‍ വെനീസിലെ വ്യാപാരിയും ഐശ്വര്യായില്‍ അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ(ഏതു ചെറ്റയാണാവോ ഇത്രയും നല്ല പേര്‌ ഇതിനിട്ടത്‌! * ).

റിവ്യൂകള്‍ ഒക്കെ വീട്ടിലിരുന്നപ്പോള്‍ തന്നെ വായിച്ചിരുന്നു. രണ്ടും കുഴപ്പമില്ല എന്ന ഒരു അവലോകനമാണ്‌ റിവ്യൂ വായിച്ച മ..ഹാന്മാര്‍ തന്നത്‌. ആയതിനാല്‍ ഏതു പടം എന്ന കാര്യം ടോസ്സിലൂടെ തീരുമാനിക്കാം എന്നു നിശ്ചയിക്കുകയും ഒരു ഒറ്റരൂപാ നാണയം എടുത്ത്‌ ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന മള്‍ട്ടി പണിതുടങ്ങുകയും ചെയ്തു. ബെസ്റ്റ്‌ ഒഫ്‌ ത്രീ. ആദ്യം വീണതു വെനീസിലെ വ്യാപാരി. രണ്ടാമതു അറബിയൊട്ടകം. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍!

മൂന്നാമത്‌ ... മൂന്നാമത്‌ അറബിയൊട്ടകം!!!

അങ്ങനെ രണ്ടാമതൊരാലോചനയില്ലാത്തവിധം അറബിയൊട്ടകം നമ്മള്‍ കാണുന്നു എന്നുറപ്പിച്ചു. ഐശ്വര്യാ തീയേറ്ററിനു മുന്നില്‍ ഞങ്ങളെ ഇറക്കി. വണ്ടിക്കൂലിയും കൊടുത്ത്‌ അയാളെ പറഞ്ഞുവിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ അടുത്തകാലത്തൊന്നും കാണ്ടിട്ടില്ലാത്തത്ര വാഹനങ്ങളാണ്‌ തീയേറ്ററിന്റെ മുന്നില്‍. പുത്തന്‍ കാറുകള്‍, അസംഖ്യം ബൈക്കുകള്‍, ഓട്ടോകള്‍, പോഷ്‌ കാറുകള്‍. കട്ടപ്പനക്കാരൊക്കെ ഇത്ര പണക്കാരായോ?? ബ്ലോഗര്‍ നെറ്റി ചുളിച്ചു.

***** ***** *****

അറുപതു രൂപയ്‌ക്ക്‌ ബാല്‍ക്കണി ടിക്കറ്റെടുത്തു കയറുമ്പോഴേക്കും ടൈറ്റില്‍ കാട്ടിത്തുടങ്ങിയിരുന്നു. അവിടെ ഞാന്‍ ബാല്‍ക്കണീല്‍ കയറാത്തതാണ്‌. ഒന്ന്‌ അറുപതു രൂപാ കൊടുക്കാനുള്ള സെറ്റപ്പ്‌ ആ തീയേറ്ററിനില്ല. രണ്ട്‌ ആകാശത്തിരുന്നു ഭൂമീലോട്ടു നോക്കുന്നതു പോലെ വേണം സ്ക്രീനിലേക്കു നോക്കാന്‍. എന്തായാലും ഒരു ചങ്ങാതിക്കൂട്ടത്തിലായതു കൊണ്ട്‌ കൂടുതലൊന്നും ആലോചിച്ചില്ല.

പടം തുടങ്ങി. മോഹന്‍ലാല്‍ ഉറക്കം ഉണരുന്നു, പല്ലുതേക്കുന്നു, ഷര്‍ട്ട്‌ തേക്കുന്നു.... മലബാര്‍ ഗോള്‍ഡില്‍ പോയി ഒരു മോതിരം സെലക്റ്റ്‌ ചെയ്യുന്നു. ഇവിടം വരെ, കൃത്യമായി പറഞ്ഞാല്‍ ലക്ഷ്‌മി റായി(അവള്‍ടെ ഗ്ലാമറിന്‌ ഒരഞ്ചു മാര്‍ക്ക്‌!)ക്കുവേണ്ടി ആ മോതിരം ഉപേക്ഷിക്കാന്‍ സുമനസ്സായ നായകന്‍ ലാലേട്ടന്‍ ലോകത്തെങ്ങുമില്ലാത്ത 'ശുഷ്‌കാന്തി' കാണിക്കുന്ന ഭാഗം വരെ ഞങ്ങള്‍ സിനിമ ആസ്വദിച്ചു എന്നതാണു നേര്‌.

പിന്നെയങ്ങോട്ട്‌ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന യാദൃശ്ചികതകള്‍. സ്വിമ്മിംഗ്‌ പൂളിലെ തുണി അലക്കല്‍. ഒരുപാടു പറയാന്‍ നിന്നാല്‍ ഞാന്‍ ആ സിനിമ മുഴുവന്‍ ഇവിടെ എഴുതേണ്ടി വരും! തമാശകള്‍! ഹ..ഹ..ഹഹഹഹ! ചിരിച്ചതല്ല, അട്ടഹസിച്ചതാ. അതിലെ തമാശകള്‍ കേട്ടും കണ്ടും ഞങ്ങള്‍ ആറുപേരും ചിരിക്കാന്‍ മറന്ന്‌ പലപ്പോഴും മുഖത്തോട്‌ മുഖം നോക്കി.

അതേ സമയം തൊട്ടുപിന്നിലെ നിരയില്‍ ഇരുന്ന ഒരുവന്റെ നിര്‍ത്താതെയുള്ള ചിരി ഞങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു. പലപ്പോഴും എന്റെ അടുത്തിരുന്ന മള്‍ട്ടി പല്ലിരുമ്മി. തെന്നിത്തെന്നി എങ്ങാണ്ടോട്ടൊക്കെയോ കഥ(അങ്ങനെയൊന്നുണ്ടെങ്കില്‍) നീങ്ങുമ്പോള്‍ പിന്നിലെ ആ കശ്‌മലന്മാര്‍ ചിരിച്ചു മറിഞ്ഞ്‌ ഞങ്ങളുടെ ഉള്ള സ്വസ്ഥത കൂടി കെടുത്തുകയായിരുന്നു. പ്രിയദര്‍ശന്‍ എന്ന 'സെലിബ്രേറ്റഡ്‌ ഡിറക്‌ടര്‍' ഇത്രയും കാമ്പില്ലാത്ത ഒരു സിനിമയും കൊണ്ട്‌ എന്തിനു വന്നെന്നോര്‍ത്ത്‌ നായകനെയും സംവിധായകനെയും എന്തിന്‌ ഈജിപ്ഷ്യന്‍ ട്യൂണ്‍ മോഷ്‌ടിച്ചു പാട്ടുണ്ടാക്കിയ ചിരിക്കുട്ടനെയും വരെ പറ്റാവുന്നത്ര ചീത്തപറഞ്ഞും ഞങ്ങള്‍ നേരം പോക്കി. അതിനിടെ ദോഷൈകദൃക്ക്‌, ഞാന്‍, രണ്ടു 'ഗൂഫു'കളും കണ്ടെത്തി. ദോഷം പറയരുതല്ലോ ഒരു ഡയലോഗിന്‌, ഒരൊറ്റ ഡയലോഗിനു ഞാന്‍ ചിരിച്ചു. മരുഭൂമിയില്‍ വെകിളി പിടിച്ചു നില്‍ക്കുമ്പോള്‍ എങ്ങോട്ടു നോക്കിയാലും മണല്‍ മാത്രം കണ്ട്‌ കലികയറി മുകേഷിന്റെ കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍: "ഇവിടെങ്ങും മണല്‍ മാഫിയായും ഇല്ലേ?" പിന്നെ, അടികൊണ്ട സുരാജിന്റെ കഥാപാത്രത്തെ വിവാഹവിരുന്നു നടക്കുന്ന വീട്ടില്‍ നിന്നു നീക്കം ചെയ്യുന്ന കാഴ്‌ചയും ചിരിപ്പിച്ചു.

ചന്ദ്രലേഖയിലെ തുണി പറിക്കലും സകലമാന പ്രിയന്‍ പടത്തിലും ഉള്ള ഒളിച്ചുകളി-ആള്‍മാറാട്ടം-അങ്കലാപ്പ്‌-അലങ്കോലം (വെട്ടത്തിലെ അലമ്പുമായി കൂടുതല്‍ അടുത്തു നിന്നു അവ), കാക്കക്കുയിലില്‍ കണ്ട നായകന്റെ പ്രാരാബ്‌ധങ്ങള്‍, അതിലെപ്പോലെ തന്നെ മുകേഷ്‌ ഒരു തട്ടിപ്പാണെന്ന തോന്നല്‍ ഒക്കെ പ്രിയദര്‍ശന്‍ സിനിമകളുടെ ഒരു റീക്യാപ്‌ പോലെ തോന്നിപ്പിച്ചു. ഊരും പേരും കുടുംബക്കാരെയും പോലും മനസ്സിലാക്കാതെ കല്യാണം കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകന്‍(അയാള്‍ക്ക്‌ മുട്ടി നില്‍ക്കുവാരുന്നെന്നു തോന്നുന്നു, കെട്ടാന്‍!), നായിക പ്രതിശ്രുത വരനു കാത്തുവെയ്‌ക്കുന്ന ഒരു സസ്‌പെന്‍സ്‌(അവള്‍ടെ കളര്‍ ഫോട്ടോസ്റ്റാറ്റ്‌ എടുത്തപോലെ ഉള്ള ഒരു സഹോദരി), അതറിയുമ്പോള്‍ എല്ലാ കണ്‍ഫ്‌യൂഷനും തീരുന്ന നായകന്‍, നിധികുംഭം കൊണ്ടു ചാടിവീണ്‌ ക്ലൈമാക്‌സില്‍ എല്ലാം ശുഭമാക്കുന്ന ഭാവനയുടെ വേഷം, ഒപ്പം വേഷമില്ലായ്‌മ(മാധവേട്ടനെന്നും എന്ന ഗാനരംഗം) എന്നിവയും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്നസവിശേഷതകളാണ്‌. (മേലെ പടം പരാമര്‍ശിച്ചിടത്ത്‌ * ഇട്ടതിന്റെ കാരണമെന്ത്‌ എന്ന ചോദ്യത്തിനും ഉത്തരം ഈ 3 ഖണ്ഡികകള്‍ തന്നെ)

ഇടവേളയില്‍ എന്തെങ്കിലും കൊറിക്കാന്‍ വാങ്ങാം എന്നുകരുതി പുറത്തിറങ്ങി. തീയേറ്ററിന്റെ ഗേറ്റ്‌ അടച്ചിട്ടുണ്ട്‌. അതായതു പടം തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തുള്ളവര്‍ക്ക്‌ അകത്തേക്കും അകത്തുള്ളവര്‍ക്കു പുറത്തേക്കും പ്രവേശനമില്ല. ഒരു പ്രകാരത്തില്‍ നല്ലതാണെങ്കിലും ഇങ്ങനത്തെ ഒരു സിനിമ കാണുന്നവന്‌ മനസ്സുമടുത്താല്‍ ഇവിടെ നിന്നൊന്നു രക്ഷപ്പെടാന്‍ പോലും വഴിയില്ലല്ലോ ദൈവമേ എന്നു ഞാന്‍ ഓര്‍ത്തുപോയി. അതിലുപരി, ഇടവേളയില്‍ പ്രേക്ഷകരില്‍ നിന്നുള്ള സകല കച്ചവടവും തീയേറ്റര്‍ കാന്റീനു തന്നെ ലഭിക്കും എന്ന ക്രൂരമായ വാണിജ്യതാല്‍പര്യവും!

സ്വീറ്റ്‌ പൊറോട്ടയും മിക്‌സ്‌ചറുമൊക്കെ വാങ്ങുന്നതിനു ഞാന്‍ തിരക്കു കൂട്ടുമ്പോഴാണ്‌ ആ തല ഞാന്‍ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ കാണുന്നത്‌. തൊട്ടു പിന്നില്‍ ചെന്നു നിന്നു 'തക്കായീ, തക്കായീ' എന്നു വിളിച്ചു. ഞെട്ടിത്തിരിഞ്ഞ്‌ അവന്‍ നോക്കി, ഇപ്പോ ഇവിടെ ആരാ തന്നെ അങ്ങനെ വിളിക്കാന്‍! കക്ഷി നേരത്തെ ഞാന്‍ വിളിച്ച അനിലാണ്‌. അപാര വണ്ടറായിപ്പോയി ആ കൂടിക്കാഴ്‌ച. വിശേഷങ്ങളൊക്കെ പങ്കുവെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു - ഈ പടം കാണാന്‍ വരാനുള്ള ഓട്ടത്തിലായിരുന്നു അല്ലേ വിളിച്ചപ്പോള്‍! അതെയെന്ന വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരദ്ഭുതം കൂടി തേടിവന്നു, കുട്ടന്‍ എന്ന അരുണും ഉണ്ട്‌ അവന്റെ ഒപ്പം. തീയേറ്ററില്‍ കയറിയപ്പോള്‍ അവനെയും കണ്ടു. പടം കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ കുറേനേരം അവിടെ നിന്ന്‌ സംസാരിച്ചിട്ടാണു ഞങ്ങള്‍ പിരിഞ്ഞത്‌.

ബി.എസ്‌സി കാലഘട്ടത്തിലെ അതേ കുസൃതിക്കാരായ സഹപാഠികളായി ആ നേരമത്രയും ഞങ്ങള്‍ മാറുകയായിരുന്നു. കുട്ടന്‍ വിവാഹിതനായത്‌ അടുത്തകാലത്താണ്‌.

അനില്‍ ഇപ്പോഴും കെട്ടാച്ചരക്കായി നില്‍ക്കുന്നതിനെ ഞാന്‍ കളിയാക്കി - "എന്തോന്നടെ വയസ്സു മുപ്പത്തിനാലായില്ലേ? ഇനീം എന്തിനാ വൈകിക്കുന്നെ?" "മുപ്പത്തിനാലു നിന്റെ.... ഞാന്‍ പറയുന്നില്ല..!" (ഇന്‍ ഫാക്റ്റ്‌ അവന്‍ പറഞ്ഞായിരുന്നു, ഞാന്‍ എഴുതുന്നില്ല.) അടുത്ത ഗോളും എനിക്കിട്ടായിരുന്നു.

"ജെ.. എന്തിയേടാ ഇപ്പ? വിളിക്കാറൊക്കെ ഉണ്ടോ?"

"ജെ...യോ? അവളു രണ്ടു പിള്ളാരുമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു."

കണ്ടോടാ കുട്ടാ, ഇവനെ മാത്രമേ അവള്‍ നമ്മടെ കൂട്ടത്തീന്നു കല്യാണത്തിനു വിളിച്ചൊള്ളു.. അതെന്നാടാ അങ്ങനെ?"

"പോടേ... ക്ഷണം വന്നോരെല്ലാം ചെല്ലാതിരുന്നേനു ഞാനെന്നാ പെഴച്ചു? അല്ലാ, മറ്റേ മാളു ഇപ്പ എവടെയാ ഖത്തറില്‍ തന്നെയാണോ? ഇപ്പോ വിളിയൊന്നുമില്ലേ? പണ്ടൊക്കെ പതിവായി വിളിക്കുമാരുന്നല്ലോ? അവക്കു പിള്ളാരൊക്കെയായോ? പിന്നേ വേറൊരെണ്ണം ഒണ്ടാരുന്നല്ലോ തൂക്കുപാലത്തെ ... ഒരു കടയിലെ പെണ്ണ്‌... "

അവനെ മലര്‍ത്തിയടിക്കേണ്ടത്‌ എന്റെ ഗസ്റ്റുകളുടെ മുന്നില്‍ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ഞാന്‍ ഒരു ബ്രഹ്‌മാസ്‌ത്രം തന്നെ തൊടുത്തു. അനില്‍ സാമാന്യം ശക്തമായി എന്റെ വയറ്റത്തു തോണ്ടി. അപ്പോഴാണ്‌ അനിലിന്റെയും കുട്ടന്റെയും ഒപ്പം നിന്നിരുന്ന ഒരുവനെ ഞാന്‍ കണ്ടത്‌. അതോടെ വിഷയം മാറ്റി. താമസിയാതെ പിരിഞ്ഞു. എന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത അന്നാണ്‌ ഇതിനു മുന്‍പ്‌ ഇരുവരെയും നേരിട്ടു കണ്ടത്‌. അനില്‍ നെടും‌കണ്ടത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു. കുട്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ കണ്ടക്ടറാണ്. അനില്‍ രണ്ടു വര്‍ഷം എന്റെ റൂം‌മേറ്റ് ആയിരുന്നു. ഞങ്ങളുടെ അയല്പക്കത്താ‍യിരുന്നു കുട്ടനും താമസം. എന്തും പറയാനും എത്രവേണമെങ്കിലും കളിയാക്കാനും പറ്റുന്ന കൂട്ടുകാര്‍. സ്നേഹിച്ചും സഹായിച്ചും സുഖത്തിലും കഷ്ടപ്പാടിലും കൂ‍ടെ നിന്ന മിത്രങ്ങള്‍. ഇന്നുവരെ പിണങ്ങാത്ത രണ്ടുപേര്‍. ഈ കൂട്ടുകാരെ കണ്ടില്ലായിരുന്നെങ്കില്‍ ആ സായാഹ്നം ഒരു വെറുക്കപ്പെട്ട അദ്ധ്യായമായി മാറിയേനെ.

***** ***** *****

ടൗണിലേക്കു നടക്കുമ്പോള്‍ സിനിമയെപ്പറ്റി ഒരു ചെറിയ ചര്‍ച്ച. ഇടുക്കിക്കവലയിലെത്തി.

"മള്‍ട്ടീ, നീ ടോസ്‌ ചെയ്‌ത ആ ഒരു രൂപാ കയ്യിലില്ലേ?"

"ഒണ്ട്‌."

"തലയ്‌ക്കു മൂന്നു വട്ടം ഉഴിഞ്ഞിട്ട്‌ ദോണ്ടെ ആ അമ്പലത്തിന്റെ കാണിക്കവഞ്ചീലോട്ട്‌ ഇട്ടേക്ക്‌, കയ്യില്‌ വെക്കണ്ടാ!" ബാക്കിയെല്ലാവനും മള്‍ട്ടിയെ നോക്കി അടക്കിച്ചിരിച്ചു.

"ഒരുത്തനും ചിരിക്കല്ലേ..! വീട്ടില്‍ ചെന്നു കഴിയുമ്പോള്‍ റിവ്യൂ വായിച്ച്‌ അഭിപ്രായം പറഞ്ഞവന്മാര്‍ ആരൊക്കെ എന്നതു കൂടി എന്നോടൊന്നു പറയണം." ചിരി നിന്നു.

ഒരോട്ടോ പിടിച്ച്‌ വീട്ടിലും വന്നു. ഇല്ലാത്ത കൂലി ചോദിച്ച ഓട്ടോക്കാരന്‌ നല്ല കനത്തിനൊരു ഡോസ് : "ചേട്ടനു പത്തു രൂപ കൂടുതല്‍ വേണമെങ്കില്‍ തരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല. പക്ഷെ കൂലി അതാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കത്തില്ല. കാരണം ഇന്നലെ, ഇന്നലേം കൂടി ഞാന്‍ ആ ചാര്‍ജ്ജിനു ഇവിടെ ഓട്ടോയ്‌ക്കു വന്നിട്ടുള്ളതാ!"

ചോദിച്ച കാശുകൊടുത്തു - കാരണം ഞങ്ങള്‍ ആറു പേരുണ്ട്‌, രാത്രിയില്‍ കൂലി കൂടുതല്‍ വാങ്ങുന്നതുമാണ്‌. പക്ഷേ ഞാന്‍ പറഞ്ഞ വസ്‌തുത അയാള്‍ ഒട്ടും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതു നടന്നു തുടങ്ങിയിട്ടും കുറെ നേരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

"വിട്ടു കള രാജ്‌മോന്‍ ചേട്ടാ..." റംസ്‌ ആശ്വസിപ്പിച്ചു.

"അല്ല... അയാള്‍ക്കു കാശുകൂടുതല്‍ വേണമെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? നിങ്ങള്‍ക്കറിയാവുന്നതല്ലേ ഇന്നലെയൊക്കെ നമ്മളെത്രയാ ഓട്ടോയ്‌ക്കു കൊടുത്തതെന്ന്‌? എന്നാലും അത്രയുമാണ്‌ കൂലി എന്നു ആ കോപ്പന്‍ എന്തടിസ്ഥാനത്തിലാ പറയുന്നത്‌?"

ഒടുക്കം അത്രയെങ്കിലും പ്രതികരിച്ചല്ലോ എന്നതില്‍ ആശ്വാസം കണ്ടു. തിണ്ണമിടുക്കും സംഘടനാബലവും തങ്ങളെ നിരത്തുകളുടെ രാജാക്കന്മാരാക്കിയെന്നു വിചാരിച്ചുകൊണ്ട്‌ യാത്രക്കാരുടെ കീശയില്‍ കയ്യിട്ടു വാരുന്ന ഓട്ടോ____മക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്ന കാശ്‌ കുടുംബത്തില്‍ ഉപകാരപ്പെടാതെ പോകട്ടെ എന്നു ശപിച്ചു കൊണ്ടും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇറങ്ങുന്ന ചപ്പടാച്ചി സിനിമകള്‍ ബോക്‌സോഫീസില്‍ എട്ടുനിലെ പൊട്ടട്ടെ എന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും ഈ ഭാഗം ചുരുക്കുന്നു. സാഹസികതയും നിഗൂഢതയും നിറഞ്ഞ മൂന്നാം ദിവസത്തെ യാത്ര, തികച്ചും വേറിട്ട ഒന്ന്‌. ഈ നാടുകാണലിനു മംഗളം ചൊല്ലാന്‍ അതിലും പോന്ന മറ്റൊരുയാത്രയുണ്ടോ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

(NB: മരുഭൂമിക്കഥ എന്ന പടം ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്ത് മുകളിലെ അഭിപ്രായം എന്റെ പാഴ്‌ബുദ്ധിയില്‍ തോന്നിയ വേണ്ടാതീനമാണെന്നു കരുതണമെന്ന് അപേക്ഷിക്കുന്നു.)

No comments: