Sunday, March 18, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 6

'ക്യാമ്പ്‌ ഫയറോ? ഈ തണുപ്പത്തോ?' എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും വിരിഞ്ഞു നിന്നു. നടപ്പും മലകയറ്റവും ക്ഷീണിപ്പിച്ച ശരീരങ്ങളെ പുതപ്പുകൊണ്ടു മൂടിയുറക്കാനുള്ള നേരത്ത്‌ മഞ്ഞും തണുപ്പും കൊണ്ട്‌ തീ കായാന്‍! പക്ഷേ ഒരു റിസ്ക്‌ എടുക്കുമ്പോള്‍ ഒത്തുചേര്‍ന്നു ചെയ്യാന്‍ ആളുണ്ടെങ്കില്‍ റിസ്ക്‌ വെറും റസ്‌കാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌?

ഒരു തീപ്പെട്ടിയുമെടുത്ത്‌ മുറ്റത്തിനു താഴത്തെ വഴിയിലേക്കു പോയി. തണുത്തു മരച്ചു കിടന്ന കരിയിലകള്‍ വാരിയിട്ട്‌ ഊതിയൂതി തീ പിടിപ്പിച്ചു വന്നപ്പോളേക്കും ബ്ലോഗറുടെ പാതി ഉത്സാഹം കെട്ടടങ്ങി. പിന്നെ കൊച്ചു കൊച്ചു ചുള്ളിക്കമ്പുകള്‍ക്കു തീ പിടിപ്പിച്ചു. അപ്പോഴേക്കും ക്ഷമകെട്ട്‌ ഓരോരുത്തര്‍ വീട്ടിലേക്കു കയറിപ്പോവുകയും പുതപ്പും പുതച്ചുകൊണ്ട്‌ തിരികെ ഇറങ്ങി വരികയും ചെയ്തു. ബ്ലോഗറുടെ തീവെയ്പ്പ്‌ സ്കില്ലിനു കിട്ടിയ പരസ്യമായ അടിയായി മാറി കൂട്ടുകാരുടെ ഈ പ്രവൃത്തി. സാവധാനം കനലുകള്‍ക്കു ശക്തിവന്നപ്പോള്‍ അല്‍പം കനം കൂടിയ മരക്കഷണങ്ങള്‍ തീക്കുണ്ഡത്തില്‍ വീണെരിഞ്ഞു. ബ്ലോഗറുടെ മാതാപിതാക്കള്‍ അട്ടിയിട്ടു വെച്ചിരുന്ന വിറകുകൂനയില്‍ നിന്നും കമ്പുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

***** ***** *****
കനലുകള്‍ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ പോലെയാണ്‌. എരിയുമ്പോള്‍ എന്തിനെയൊക്കെയോ ഇല്ലാതാക്കി ചൂടുതന്ന്‌ ഒടുവില്‍ ഒരു പിടി അനുഭവച്ചാരം മാത്രം ശേഷിപ്പിക്കുന്ന കനല്‍ ജീവിതത്തിന്റെ തന്നെ ഒരു ചീന്താണ്‌. ജ്വലിക്കുമ്പോള്‍ അതു ചൂടു പകരുന്നു, ചിലപ്പോള്‍ പൊള്ളിക്കുന്നു, ഇന്നിന്റെ വിശപ്പകറ്റുന്ന ആഹാരത്തിനെ പാകമാക്കുന്നു. ഒന്നു സത്യമാണ്‌ - കനലുകള്‍ മരവിപ്പിനുള്ള മരുന്നാണ്‌.

കഥകള്‍ ഒരുപാടു പറയുവാനുണ്ടായിരുന്നു. ആയിരത്തൊന്നു രാത്രികളില്‍ പറഞ്ഞാലും തീരാത്തത്ര കഥകള്‍. കുബേരന്റെ കലവറ പോലെ. സൗഹൃദത്തിന്റെ കാറ്റേറ്റ്‌ അനുഭവങ്ങളുടെ ചാരക്കൂനയ്‌ക്കടിയില്‍ കിടന്നിരുന്ന കനലുകള്‍ തെളിഞ്ഞു വന്നു. ബ്ലോഗര്‍ കഥ പറഞ്ഞു. സ്വപ്‌നങ്ങളെക്കാള്‍ സ്വപ്‌നഭംഗങ്ങളും മോഹങ്ങളെക്കാള്‍ മോഹഭംഗങ്ങളും വഴിനടത്തിയ ഒരു ശരത്‌കാലത്തിന്റെ കഥ. നെരിപ്പോടിലെ തീയണയാതെ തന്നെ കിടന്നു. കഥകള്‍ പിന്നെയും കേട്ടു - മള്‍ട്ടിയുടെ കഥ, റംസിന്റെ കഥ. ആര്‍ക്കാണു ലോകത്തില്‍ പറയാന്‍ കഥകളില്ലാത്തത്‌?

ക്യാമ്പ്‌ ഫയറിലെ കനലുകള്‍ കിതച്ചു ചത്തപ്പോള്‍ നേരം വെളുപ്പിനെ മൂന്നു മണിയോടടുത്തിരുന്നു. നാളെയും യാത്രയുണ്ട്‌. ഇപ്പോള്‍ വിശ്രമിക്കേണ്ടത്‌ ഇന്നത്തെ യത്നത്തിനു പകരമെന്നതിലുപരി വരുന്ന പകലത്തേക്കുള്ള കരുതലായി അപ്പോള്‍ മാറി.

***** ***** *****
ഞായറാഴ്‌ച. ഭൂമിക്ക്‌ അന്നും പതിവു നേരത്തു തന്നെ പ്രഭാതമായി. കിളികളും ഏറെക്കഴിഞ്ഞ്‌ അലാറങ്ങളും ചിലച്ചു. ഞങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണുണര്‍ന്നത്‌. മള്‍ട്ടിയെ ഉണര്‍ത്താന്‍ കിടക്കയിലിട്ട്‌ ചപ്പാത്തിക്കോലുരുട്ടുന്നതു പോലെ ഉരുട്ടേണ്ടി വന്നു. സ്റ്റീഫന്‍ ഇതു കണ്ടിരുന്നെങ്കില്‍, മള്‍ട്ടി ഇപ്പോള്‍ ചത്തെങ്ങാനും പോയാല്‍ നമ്മള്‍ 'ഉരുട്ടിക്കൊലയ്ക്ക്‌' അകത്താകും എന്നു തട്ടി വിട്ടേനെ. ഉറക്കം തെളിഞ്ഞിട്ടും അവന്‍ ഫോണിനോടെന്തൊക്കെയോ സ്വകാര്യം പറഞ്ഞുകൊണ്ട്‌ കിടന്നു. കുളിക്കാന്‍ പച്ചവെള്ളം പരീക്ഷിക്കാന്‍ സ്റ്റീവ്‌ തന്നെ മുന്നിട്ടിറങ്ങി. തൊലിക്കട്ടി ഏറ്റവും കൂടുതലുള്ളത്‌ അവനാണല്ലോ! ഇന്നലെ രാത്രി ആശാന്‍ പറഞ്ഞിരുന്നു, രാവിലെ തന്നെ എഴുന്നേറ്റ്‌ പള്ളിയില്‍ പോകണമെന്ന്‌. അവന്‍ എഴുന്നേറ്റു വന്നപ്പോഴേക്കും രണ്ടാമത്തെ കുര്‍ബാനയും കഴിഞ്ഞ്‌ വിശ്വാസികള്‍ വീട്ടില്‍ ചെല്ലേണ്ട നേരമായി.

കൊച്ചുതോവാളയില്‍ പോത്തിനെ വെട്ടുന്ന ദിവസമാണ്‌. മുന്‍നിശ്ചയപ്രകാരം സാധനം നേരത്തെ തന്നെ വീട്ടില്‍ എത്തിയിരുന്നു. എന്റെ കണ്ണുപതിയുന്നതിനും മുന്നേ, കഷണങ്ങളായി രൂപാന്തരം പ്രാപിച്ച്‌ പ്രെഷര്‍ കുക്കറില്‍ വെന്തും തുടങ്ങി. അപ്പമുണ്ടാക്കാന്‍ ഞാനും അടുക്കളയില്‍ കൂടി. അല്‍പം താമസിച്ചെങ്കിലും എല്ലാവരും ഉണര്‍ന്നു തയ്യാറായി വന്നപ്പോഴേക്കും അപ്പവും ഇറച്ചിക്കറിയും റെഡിയായിക്കഴിഞ്ഞു. വീണ്ടും തനതു ഹൈറേഞ്ച്‌ ശൈലിയില്‍ ഒരു പ്രാതല്‍.

***** ***** *****
ഭക്ഷണശേഷം ക്ഷീണവും വിശ്രമവും പത്രവും ടി.വിയും. നേരം പറന്നു പോയി. ഇതിനിടെ ഒറ്റയ്ക്കും പെട്ടയ്ക്കും സന്ദര്‍ശകര്‍ അതിലെയെല്ലാം കറങ്ങി. 'Chikku gets intimate with the goat' എന്നു റംസ്‌ സാക്ഷ്യപ്പെടുത്തിയ 'അജചുംബനം' അരങ്ങേറിയത്‌ ആ സമയത്താണ്‌. സംഭവം, ചിക്കു ആടിനൊരുമ്മ കൊടുത്ത തക്കത്തില്‍ റംസ് ക്ലിക്കു ചെയ്തു എന്നതാണ്. ..."


ആടിനൊരു...മ്മ!

ഉച്ചയൂണു കഴിഞ്ഞപ്പോഴാണ്‌ അന്നത്തെ യാത്രാ പരിപാടികളെക്കുറിച്ച്‌ ആലോചിച്ചതുപോലും. ഉറപ്പിച്ചു - രാമക്കല്‍മേട്‌. ബസ്സിനു പോകാമെന്നായിരുന്നു പദ്ധതി. അധികം താമസിയാതെ എല്ലാവരും പോകാന്‍ തയ്യാറായി ഇറങ്ങി. കവലയിലെത്തും മുന്‍പ്‌ സെന്റ്‌. ജോസഫ്‌സ്‌ സ്‌കൂളിന്റെ മുറ്റത്ത്‌ ഒരല്‍പനേരം. ബ്ലോഗില്‍ വായിച്ചും ചിത്രം കണ്ടും മാത്രം പരിചയമുള്ള ആ വിദ്യാലയമുറ്റത്തെ പൂമരത്തിന്റെ തറയില്‍ ഞങ്ങളിരുന്നു. ഫോട്ടോസ്‌. ഉടന്‍ തന്നെ കൊച്ചു തോവാളയില്‍. ഗ്രാമവാസികള്‍ സംയുക്തമായി പിരിവിട്ടു വാങ്ങിച്ച ബസ്സ്‌ 'കൊച്ചുതോവാള ട്രാന്‍സ്‌പോര്‍ട്ട്‌' പള്ളിമുറ്റത്ത്‌ പാര്‍ക്കു ചെയ്‌തിരിക്കുന്നു. ഞായറാഴ്‌ച സര്‍വ്വീസില്ലേ പോലും? അതിന്റെ പടമെടുക്കാന്‍ ഞാന്‍ അങ്ങോട്ടുപോയി. റംസിന്റെ ക്യാമറയില്‍ എന്റെ ആ പോക്കും പടമായി. താമസിയാതെ ഒരു ഓട്ടോയില്‍ കട്ടപ്പനയിലേക്ക്‌. അഞ്ചുപേര്‍ പിന്നിലും റംസ്‌ ഡ്രൈവര്‍ക്കൊപ്പം മുന്നിലും.


Kochuthovala Transport

സമയം വൈകിക്കൊണ്ടിരുന്നു. കട്ടപ്പനയില്‍ നിന്നു രാമക്കല്‍മേട്ടിലേക്ക്‌ 20 കി.മീ. ദൂരമുണ്ട്‌. ബസ്സില്‍ പോയാല്‍ ഞങ്ങളെത്തുമ്പോള്‍ വെയില്‍ ചായുമെന്നു ഭയന്നു. വണ്ടി വിളിച്ചു പോയേക്കാം എന്നു ക്ഷണത്തില്‍ തീരുമാനിച്ചു. സെന്‍‌ട്രല്‍ ജംഗ്‌ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുഹൃത്ത്‌ അരുണ്‍ മാത്യൂസിന്റെ അടുത്ത്‌ കാര്യം പറഞ്ഞു.(തലേന്ന് വെളുപ്പാന്‍ കാലത്തു വന്നിട്ട്‌ റംസ്‌ പോസ്റ്റായിരുന്നത്‌ ഈ കടയുടെ തിണ്ണയിലാണ്‌) ഞങ്ങള്‍ക്കു പോകാനൊരു വണ്ടി വേണം. "എന്നാ വണ്ടിയാ ഉദ്ദേശിക്കുന്നെ?" "ആഡംബരവണ്ടി ഒന്നും വേണ്ട, ജീപ്പായാലും മതി."

പത്തു മിനിറ്റു കഴിഞ്ഞില്ല ജീപ്പ് വന്നു. ശഠപഠേന്നു കയറി രാമക്കല്‍മേടിനു പുറപ്പെട്ടു. ഏലച്ചെടികളുടെ വിളനിലമായ പുളിയന്മലയിലേക്ക്‌ വളഞ്ഞു പുളഞ്ഞ റോഡു താണ്ടുമ്പോള്‍ തലേന്നു കണ്ട പട്ടണത്തിന്റെ വിദൂര ദൃശ്യം മറുവശത്തു നിന്നും ഞങ്ങള്‍ കണ്ടു. പുളിയന്‍മലയും ബാലഗ്രാമും കടന്നു തൂക്കുപാലം ആയി. എന്റെ സുഹൃത്തും സഹപാഠിയും പ്രദേശവാസിയുമായ അനിലിനെ ഒന്നു വിളിച്ചു. മെട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ തൂക്കുപാലത്തു വെച്ച്‌ കാണാമെന്ന്‌ തീരുമാനിച്ചു. ഇനി ഏഴു കി.മീ. കൂടി.

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'