Friday, March 23, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 10

ടുക്കി റിസര്‍വോയറിന്റെ ഓരത്തെ കാനനക്കാഴ്ചകളിലേക്ക്‌ ഞങ്ങള്‍ കണ്ണും കാതും ക്യാമറയും തുറന്നു.

മലഞ്ചെരിവ്‌. തുരങ്കത്തിലൂടെ വന്ന വെള്ളം ദുര്‍ഘടമായ ഒരു അരുവിയായി താഴേക്കൊഴുകുന്നു. ഇടതിങ്ങി നില്‍ക്കുന്ന വന്മരങ്ങളും കുറ്റിച്ചെടികളും. താഴെ, താഴെ.... കുഞ്ഞോളങ്ങളിളക്കി ശാന്തമായി കിടക്കുന്ന ജലാശയം. വെള്ളത്തിന്‌ ഇരുണ്ട പച്ചനിറം. വനത്തിന്റെ നിറം. മറുകരെ വീണ്ടും വനം. നിബിഢവനം. പലനിരത്തില്‍ ഇലച്ചാര്‍ത്തുകള്‍, കുന്നുകള്‍. അതിങ്ങനെ സ്വസ്ഥമായി ശാന്തമായി സമൃദ്ധമായി പരന്നു കിടക്കുന്നു. ആനയും പോത്തും മറ്റനവധി പക്ഷിമൃഗാദികളും വിഹരിക്കുന്ന കാട്‌.

മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം. അകലേക്കാണുന്ന മേഘം നിഴലിട്ടുമൂടിയ കാടുകളിലേക്ക്‌ ഒരു ബാലനെപ്പോലെ ഓടിയണയാന്‍ തോന്നിപ്പോകും.

തുരങ്കത്തിന്റെ അറ്റം ചെന്നവസാനിക്കുന്നത്‌ ആറേഴടി പൊക്കമുള്ള ഒരു കുഴിയുടെ വക്കത്താണ്‌. അതിലേ ഒഴുകിവരുന്ന വെള്ളം വീണ്‌ ഒരു ചെറിയ വെള്ളച്ചാട്ടം തീര്‍ക്കുന്നു. അതു പിന്നീട്‌ ചെരിഞ്ഞതും പാറകള്‍ നിറഞ്ഞതുമായ ഒരു അരുവിയായി താഴേക്കൊഴുകി ജലാശയത്തില്‍ ചെന്നു ചേരുന്നു. നൂറു മീറ്ററോളം താഴെയാണ്‌ ജലാശയം. തുരങ്കത്തിന്റെ അറ്റത്ത്‌ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ വേരില്‍ പിടിച്ച്‌ തിട്ടയുടെ പുറത്തേക്കു കയറണം, വെള്ളം വന്നു വീഴുന്നിടത്തേക്കിറങ്ങാനോ വലതു ഭാഗത്തേക്കു കയറാനോ വഴി ഇല്ല. അവിടെ ഇരിക്കാന്‍ പാകത്തില്‍ കല്ലുകളൊക്കെ ഉണ്ട്‌. അങ്ങിങ്ങു ബിയര്‍ ബോട്ടിലുകള്‍ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവിടെ അല്‍പനേരമിരുന്നു. ഞാന്‍ രണ്ടാമത്തെ തവണ വന്നപ്പോള്‍ പാഴ്‌സല്‍ വാങ്ങിക്കൊണ്ടുവന്ന പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും സഹയാത്രികര്‍ക്കൊപ്പം ഈ പാറപ്പുറത്തിരുന്നാണു കഴിച്ചത്‌. വെള്ളം വന്നു വീഴുന്ന ഭാഗത്തേക്കു സാവധാനം ഞാന്‍ ഇറങ്ങി. ഒരടിയോളം വെള്ളം അവിടെ കല്ലുകള്‍ക്കിടയില്‍ കെട്ടിക്കിടപ്പുണ്ട്‌. അതിനപ്പുറം എവിടൊക്കെയോ അള്ളിപ്പിടിച്ച വേരിന്റെ ബലത്താല്‍ ഒരു നെല്ലി മരം നില്‍പ്പുണ്ട്‌. തീരെ ഇലകളില്ല. അങ്ങിങ്ങ്‌ ഒന്നു രണ്ടു കായ്‌കള്‍ കാണാം. ആദ്യത്തെ തവണ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിനീഷ്‌ എന്നു പേരുള്ള ഒരു വിദ്വാനാണ്‌ അതി വിദഗ്‌ധമായി ഇതില്‍ക്കയറി നെല്ലിക്കാ പറിച്ചത്‌(ഇദ്ദേഹമിന്ന്‌ മെഡി. റെപ്‌ ആണ്‌). എന്തായാലും ഞാന്‍ ഇറങ്ങിയതു വെറുതെയായില്ല. എപ്പോഴോ വീണുകിടന്ന ഒരു നെല്ലിക്കാ എനിക്കും കിട്ടി. വെയിലേറ്റ്‌ അത്‌ അല്‍പം വാടിയിരുന്നു. ആ വെള്ളത്തില്‍ കഴുകി ഞാന്‍ തന്നെ അതു തിന്നു. 2002 ലെ ഒരു ക്രിസ്‌മസ്‌ കാലത്തു നാവിലറിഞ്ഞ രുചി അപ്പോഴോര്‍മ്മ വന്നു. റമീസ്‌ ഒലിച്ചു വീഴുന്ന വെള്ളത്തില്‍ വടി ഇട്ടിളക്കി എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ട്‌.

ഒന്നുഷാറാകാന്‍ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പടര്‍ന്നു കിടക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ ചാഞ്ഞു താഴേക്കിറങ്ങുന്ന കട്ടുവഴിയിലൂടെ ഞാന്‍ മുന്‍പില്‍ നടന്നു. ഇറക്കമാണ്‌. വടി വേണ്ടി വരുന്നതു ചിലപ്പോള്‍ ഇനിയാണ്‌. അല്‍പമേ നടക്കാനുള്ളൂ എങ്കിലും കാട്‌ കാടു തന്നെ ആണല്ലോ. സ്ഥിരം ആളുകള്‍ നടക്കാറുള്ള വഴിയിലെ പോലെ കറുത്ത മണ്ണ്‌ ഇളകി കിടന്നു. അതിനു മീതെ പരശതം ഇലകള്‍ ഉണങ്ങിപ്പൊടിഞ്ഞ്‌ അസ്ഥിപഞ്ജരമായും.



“ദേ വെള്ളം!”

ഇടയ്ക്കൊരുവേള പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ തടാകത്തിന്റെ ഒരു നേര്‍ക്കാഴ്‌ച കിട്ടി. പക്ഷേ അതു കണ്ടു മയങ്ങി നില്‍ക്കാതെ അതിനടുത്തേക്ക്‌ എത്താനായിരുന്നു വ്യഗ്രത മുഴുവന്‍. കുത്തനെയിറങ്ങുന്ന ഒന്നുരണ്ടിടങ്ങളില്‍ സൂക്ഷിച്ചിറങ്ങണമെന്ന മുന്നറിയിപ്പു നല്‍കി. ചിക്കു വാതം പിടിച്ച ഒരു വൃദ്ധനെപ്പോലെ അത്യന്തം സാവധാനത്തിലാണ്‌ താഴേക്കുള്ള ഓരോ ചുവടും വെച്ചത്‌. അതിനാല്‍ അവന്‍ ഞങ്ങളെക്കാള്‍ പിന്നിലായിപ്പോയി. മരങ്ങളും കുറ്റിച്ചെടികളും തീരുന്ന വരമ്പോടു ചേര്‍ന്ന് ഒരു പാറയുണ്ട്‌. അതിന്റെ അങ്ങേയറ്റം ചെന്നു മുട്ടുന്നത്‌ വെള്ളത്തിലും! അതെ ഞങ്ങള്‍ ജലാശയത്തിന്റെ കരയിലെത്തിക്കഴിഞ്ഞു.

ഇടത്ത്‌, വലത്ത്‌,... നിരന്നു പരന്നു കിടക്കുന്ന തടാകം. ശാന്തം, വീശിയൊഴുകുന്ന തിരകളില്ലാതെ അലകളിളക്കി ചിരിക്കുന്നു. പച്ചനിറമുള്ള വെള്ളം ഭീതിപ്പെടുത്തുന്ന ആഴം തോന്നിപ്പിക്കും. മിതമായി വീശുന്ന കുളിരുള്ള കാറ്റ്‌. അങ്ങകലെ വനം പോലും നിശബ്‌ദം. വന്യമായ നിശബ്ദത എന്തെന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അറിയുകയായിരുന്നു. ഉച്ചയായതിനാല്‍ കിളികളുടെ പോലും ഒച്ച കേള്‍ക്കാനില്ല. സായാഹ്നങ്ങളില്‍ വനത്തിന്റെ ഓരത്തു ചെന്നു നിന്നാല്‍ കിളികളുടെ ചേക്കേറാനുള്ള ബഹളം കേള്‍ക്കാം. പാറപ്പുറത്തു വെറുതേ ഇരുന്നു. ആര്‍ക്കും ഒന്നും മിണ്ടാനില്ല. വെറുതേ മനസ്സു കൊതിക്കുന്നിടത്തേക്ക്‌ കണ്ണെത്താ ദൂരെ പടര്‍ന്നു നിക്കുന്ന ഇലച്ചാര്‍ത്തുകളിലേക്ക്‌, മാനത്തോടു കൊക്കുരുമ്മുന്ന പുല്‍മേടുകളിലേക്കെല്ലാം ദൃഷ്‌ടിയൂന്നി ഏതൊക്കെയോ ദിവാസ്വപ്‌നത്തില്‍ ഞങ്ങള്‍ സ്വയം മറന്നിരുന്നു. അങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാവുന്ന ഒരു കാലാവസ്ഥയിലാണ്‌ ഞങ്ങള്‍ അവിടെ ചെന്നതെന്നു വേണം പറയാന്‍. നേരം ഉച്ചയായിട്ടും മേഘം കുടപിടിച്ചതിനാല്‍ വെയിലില്ല. സുഖമുള്ള ഒരു തണുപ്പുണ്ടുതാനും. യാന്ത്രികമായ ജീവിതത്തിനിടയില്‍ എന്നാണു നമുക്കിതുപോലെ 'സ്വസ്ഥത' അനുഭവിക്കാന്‍ നേരം? അതു ലഭിക്കുന്ന ഒരു സ്ഥലം ദാ ഇവിടെയാണ്‌ എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നി.


“തടയാനാ തടയണ!”

ചെന്നു കയറിയ സ്ഥലത്തു പാറയാണെന്നും ആ കല്ലുകൂട്ടം വെള്ളത്തിലേക്കിറങ്ങിയാണു നില്‍ക്കുന്നതെന്നും പറഞ്ഞല്ലോ. അതിനപ്പുറത്തോട്ടും ഇപ്പുറത്തോട്ടു ഇറങ്ങിച്ചെല്ലാനോ നടന്നു കാണാനോ ഉള്ള വഴിയില്ല. ജലനിരപ്പ്‌ കയറിയും ഇറങ്ങിയും ചെടികള്‍ തീരെ ഇല്ലാതെ വനവുമായി വ്യക്തമായ ഒരു അതിര്‌ അതു സൃഷ്‌ടിച്ചിരുന്നു. ഇവിടെല്ലാം അപകടകരമായ ചെരിവാണ്‌. അതിനാല്‍ത്തന്നെ കരയോടു ചേര്‍ന്നു നില്‍ക്കുന്നിടത്തു നിന്നും രണ്ടോ മൂന്നോ അടി മാറിയാല്‍ തന്നെ വെള്ളത്തിനാഴമുണ്ടെന്നു കാണാം. അതിനാല്‍ കാലു കഴുകാന്‍ പോലും വെള്ളത്തിലിറങ്ങാമെന്ന്‌ ആരും വ്യാമോഹിക്കേണ്ട. അത്ര അപകട സാധ്യതയുള്ള പ്രദേശമാണിവിടം. ഞങ്ങളുടെ ആവേശവും സാഹസികതയും കരയില്‍ മാത്രമേ നില്‍ക്കൂ എന്നു സ്വയം ഉറപ്പുണ്ടായിരുന്നെങ്കിലും ഇതെഴുതുന്നതു വായനക്കാരുടെ അറിവിലേക്കു വേണ്ടി. വിനോദയാത്രികര്‍ കാണുന്ന കുളത്തിലും നദിയിലുമെല്ലാം ഇറങ്ങി മരണം വരിക്കുന്നതു സാധാരണമായ കാലത്ത്‌ അത്തരം പ്രലോഭനങ്ങളെ ചെറുക്കാനുള്ള വൈകാരിക അച്ചടക്കം യുവാക്കള്‍ക്കില്ലാതെ പോകുന്നതെന്തുകൊണ്ടെന്നു പലവട്ടം ഞാനും ചിന്തിക്കാറുണ്ട്‌. എസ്‌.എസ്‌.എല്‍.സി.ക്ക്‌ തൊട്ടു പിന്നിലത്തെ ബെഞ്ചിലിരുന്ന്‌ പരീക്ഷ എഴുതിയ ഒരുവന്റെ പടം ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ടു ഞെട്ടിയ അന്നുമുതല്‍ മനസ്സിലുള്ള പേടിയും ഉല്‍ക്കണ്‌ഠയുമാണിത്‌. അതു പോട്ടെ, ഇവിടെ തടാകത്തിനു ഒരുപാടു വീതിയില്ല. ഞങ്ങള്‍ നിന്നിരുന്നതിന്റെ ഇടതുവശത്തേക്ക്‌, അതായത്‌ ഉത്ഭവസ്ഥാനത്തേക്ക്‌ നോക്കെത്താദൂരത്തോളം അതു പരന്നു കിടന്നു. വലതുഭാഗത്ത്‌ അല്‍പമകലെയായി ഈ വെള്ളത്തെ തടയുന്ന മൂന്ന്‌ അണകളിലൊന്ന്‌, ചെറുതോണി ഡാം കാണാം(ഇടുക്കി ആര്‍ച്‌ ഡാമും കുളമാവ്‌ ഡാമുമാണ്‌ മറ്റ്‌ രണ്ട്‌ അണകള്‍). ഞങ്ങള്‍ ഇറങ്ങിവന്ന മലയ്ക്കു മറഞ്ഞാണ്‌ ആര്‍ച്‌ ഡാം. അതിനാല്‍ അവിടെ നിന്നാല്‍ ചെറുതോണിഡാമിന്റെ മുക്കാല്‍ ഭാഗമേ കാണാനാവൂ. അക്കരെ ഭാഗത്ത്‌ ഡാമിനോട്‌ ചേര്‍ന്ന് എന്തൊക്കെയോ നിര്‍മ്മിതികള്‍ കാണാം. അണക്കെട്ടുകളില്‍ സന്ദര്‍ശനം അനുവദിക്കുന്ന ഓണം-ക്രിസ്‌മസ്‌ അവധിക്കാലങ്ങളില്‍ ജലാശയത്തിലൂടെയുള്ള സ്പീഡ്‌ ബോട്ട്‌ സവാരി പുറപ്പെടുന്നത്‌ അവിടെ നിന്നാണ്‌. ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക ഡാമുകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ബോട്ട്‌ സവാരി ഒരിടത്തും(തേക്കടി ഒഴികെ) ഇന്നുവരെ നടത്തിയിട്ടില്ല എന്നത്‌ വലിയ ഒരു കുറച്ചിലായി എനിക്കു തോന്നുന്നു. അതിനുമപ്പുറത്ത്‌ ഒരു മലമുകളില്‍ ഒരു വമ്പന്‍ ടവര്‍, മൊബൈലിന്റെയോ മൈക്രോവേവിന്റെയോ, തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇടത്തരം മഴക്കാറുമൂടിയ ആകാശമായിരുന്നു. വെള്ളിവെയിലില്‍ വെട്ടിത്തിളങ്ങുന്ന തടാകമല്ലായിരുന്നു ഞങ്ങളെ കാത്തിരുന്നത്‌. എങ്കിലും കാട്‌ അതിരിടുന്ന ആ ഭീമന്‍ ജലാശയം അതിന്റെ ഗാംഭീര്യം ഒട്ടും കുറയാതെ തന്നെ നിലകൊണ്ടു.

എല്ലാവരും കാഴ്‌ച കണ്ടും ഇടയ്‌ക്കെല്ലാം ഫോട്ടോയെടുത്തും ഇരിപ്പാണ്‌. അതിനിടെ ഈ ഡാമിനെക്കുറിച്ചുള്ള വസ്‌തുതകള്‍ - അറിയാവുന്നതെല്ലാം - ഞാന്‍ കൂട്ടുകാര്‍ക്കു വിവരിച്ചു കൊടുത്തു. ഇന്നത്തെ ഇടുക്കിഡാമിന്റെ സ്ഥാനത്തേക്ക്‌ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ജോണിനു വഴികാട്ടിയ ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി, അന്നത്തെ ഭരണകര്‍ത്താക്കളുടെ, പ്രത്യേകിച്ചും ഇന്ദിരാ ഗാന്ധിയുടെ ഇച്‌ഛാ ശക്തി, ഈ പദ്ധതിയുടെ പേരില്‍ ഇവിടെയുണ്ടായ റോഡുകള്‍, തൊഴില്‍ ലഭ്യത, കുടിയിറക്ക്‌, ഹൈറേഞ്ചിലെ അന്നത്തെ 'ഹബ്‌' ആയിരുന്ന അയ്യപ്പന്‍കോവില്‍ എന്ന ഗ്രാമം അപ്പാടെ വെള്ളത്തില്‍ ആണ്ടുപോയത്‌, ഒപ്പം ജലാശയത്തിന്റെ പരിധിക്കുള്ളില്‍ പെട്ടുപോയ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം, ഡാമില്‍ വെള്ളം പൊങ്ങുമ്പോള്‍ ശ്രീകോവിലിലേക്കു വഞ്ചിയില്‍ പോയി പൂജ നടത്തുന്ന ശാന്തി(ശ്രീകോവില്‍ നിലകൊള്ളുന്നത്‌ വളരെ ഉയരത്തില്‍ നിര്‍മ്മിച്ച ഒരു കല്‍ക്കെട്ടിനു മേലെയാണ്‌), ഡാം നിര്‍മ്മാണത്തിന്‌ സിമന്റു കൊണ്ടു വരാറുണ്ടായിരുന്ന മാക്‌ എന്നു പേരുള്ള ഭീമന്‍ ട്രക്കുകള്‍, കുട്ടികളെ ആ ട്രക്കുകള്‍ക്കുള്ളില്‍ പിടിച്ചിട്ടുകൊണ്ടു പോകുമെന്ന കിംവദന്തികള്‍, മനുഷ്യന്റെ രക്തം കലര്‍ന്നാല്‍ ഡാമിന്‌ ഉറപ്പുകൂടുമെന്നും അതിനായി തൊഴിലാളികളെ കൊന്നു ചോരവീഴ്‌ത്തിയെന്നുമുള്ള കെട്ടുകഥകള്‍. കേരളത്തിനു വേണ്ട വൈദ്യുതിയുടെ പകുതിയിലേറെയും നല്‍കുന്ന ഈ ജില്ലയില്‍ വൈദ്യുതീകരിക്കാത്ത വീടുകളുടെ അനുപാതം വളരെയേറെയാണ്‌. വ്യാവസായികമയി ഏറെ പിന്നാക്കം നില്‍ക്കുന്ന ഈ ജില്ലയിലെ ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഉല്‍പന്നവും കരണ്ടു തന്നെ. ചെറുതും വലുതുമായി ഡസന്‍ കണക്കിനു ജലസംഭരണികളും പുഴകളുമുള്ള ഈ ജില്ലയുടെ ചില ഭാഗങ്ങള്‍ ജലദൗര്‍ലഭ്യം മൂലം പൊറുതിമുട്ടുന്ന വാര്‍ത്ത വേനലിനു വളരെ മുന്‍പേ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌ മറ്റൊരു വൈരുദ്ധ്യം. ലോകപ്രശസ്‌ത ഹില്‍സ്റ്റേഷനായി മൂന്നാറും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ചിരപ്രതിഷ്‌ഠ നേടിയ തേക്കടി, വാഗമണ്‍, രാമക്കല്‍മേട്‌ തുടങ്ങിയ പ്രദേശങ്ങളുമെല്ലാം ഉള്ളപ്പോഴും വിസ്‌തൃതിയുടെ നല്ലൊരു ശതമാനം വനവും ശേഷിച്ചവ കൃഷിസ്ഥലങ്ങളുമായിരുന്നിട്ടും വര്‍ഷാവര്‍ഷം വേനല്‍ച്ചൂടും തത്സംബന്ധിയായ വറുതികളും കൂടിവരുന്നത്‌ അന്നാട്ടുകാരനായ എനിക്ക്‌ ആശങ്കയോടെയല്ലാതെ കാണാനാവുന്നില്ല.


“എടാ ചിച്ചൂ, എന്താടാ നമുക്കീ ഐഡിയാ നേരത്തേ തോന്നാഞ്ഞത്?”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെടാ സ്റ്റീഫാ!”
“എന്തു കുളിരുള്ള കാറ്റ്, അല്ലേ?”
“മനഃസമാധാനത്തിന്റെ ചൂ‍ളം വിളി പോലെ തോന്നുന്നു!”


ഡാം കണ്ടൊരാറംഗസംഘത്തിലേവരും
ആമോദമേറിയൊരു ഫോട്ടോയ്‌ക്കുമൊന്നിച്ചു
ക്ലിക്കുകള്‍ പത്തുരു ക്യാമറായെണ്ണവേ
കിട്ടിയ പിക്‍ചറില്‍ ഭേദമായുള്ളത്.


കഥകള്‍ പറഞ്ഞങ്ങനെ വെറുതേയിരിക്കാന്‍ വയ്യല്ലോ.

"പോകാം..?" ഒരു തണുത്ത പ്രതികരണം കിട്ടാനായി മാത്രമായിരുന്നു ആ ചോദ്യത്തിനു വിധി. പക്ഷേ സമയം... സമയമാണല്ലോ നമ്മളെ എപ്പോഴും വെല്ലുവിളിക്കുന്നത്‌!


ഇടുക്കി - പൊതുവിവരങ്ങള്‍: idukki.nic.in
ഡാം സംബന്ധിച്ച ആധികാരികവിവരങ്ങള്‍:
http://idukki.nic.in/dam-hist.htm
An old pic in timescontent
Another pic in timescontent
expert-eyes.org
structurae
http://en.wikipedia.org/wiki/Idukki_Dam

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'