നട്ടുച്ച. തിരികെപ്പോകണം. സാവധാനം എല്ലാവരും എഴുന്നേറ്റു. ഫോട്ടോസെഷന്‍. പിന്നെ ഇറങ്ങി വന്നവഴിയേ മടക്കം, കയറ്റം. തുരങ്കം പേറുന്ന മല മുന്നില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു. മുകളില്‍ നിന്നു നോക്കിയിട്ടും ഡാമിലെ വെള്ളം കണ്ടു മതിയാവുന്നില്ല, ഇവിടെത്തന്നെ ക്യാമ്പ് ചെയ്‌തുകളയാന്‍ തോന്നുന്നു! ശരിക്കും, അത്ര ആകര്‍ഷകമാണ് അവിടം. തികച്ചും മറ്റൊരു ലോകത്തു ചെന്നതുപോലെ.
മരത്തിന്റെ മണ്‍തിട്ടയുടെ ഓരത്ത് എഴുന്നു നില്‍ക്കുന്ന മരവേരുകള്‍ പിടിവള്ളിയാക്കി ഓരോരുത്തരായി തുരങ്കത്തിലേക്കിറങ്ങി. സ്റ്റീഫന്റെ മൊബൈല്‍ ഫോണ്‍ തുരങ്കത്തിലെ ഇരുട്ടിനെ പകര്‍ത്താനാരംഭിച്ചു. ഒഴുക്ക് അല്‍പം മാത്രമേ ഉള്ളൂവെങ്കിലും വെള്ളത്തിലൂടെ ഒഴുക്കിനെതിരേ നടക്കുന്നത് കാലിന് അല്‍പം ആയസം തന്നു. അതൊഴിച്ചാല്‍ ഇങ്ങോട്ടേക്കു വന്നതു പോലെ തന്നെ മടക്കയാത്ര. കൂവലും ബഹളവും മേളവും. എല്ലാവരും നല്ല ഉത്സാഹത്തില്‍.
പിന്നെ കേട്ടതു പാട്ടുകളായിരുന്നു.
"മൂന്നു മുന മേലേ മൂന്നു കുളം കുത്തീനോ
രണ്ടു കുളം പൊട്ട ഒന്നില്‍ തണ്ണിയുമില്ലേ..."
പിന്നെ ഒരു ഫാസ്റ്റ് നമ്പര്‍...
വായ്‌ത്താരി ഇങ്ങനെ:
"താരികം തന്നാരോ, താനാരോ താരികം തന്നാരോ...
(ലോ പിച്ച്) താരികം തന്നാരോ, തനാരോ താരികം തന്നാരോ"
"എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം
എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം?"
"ഓ! താരികം തന്നാരോ, താനാരോ താരികം തന്നാരോ... // ഹൊയ് ഹൊയ്
താരികം തന്നാരോ, തനാരോ താരികം തന്നാരോ"
നിര്‍ഭാഗ്യവശാല്‍ ഈ പാട്ട് ഇവിടെ തീര്‍ന്നു!!
പിന്നെ ഞങ്ങളെല്ലാവരും കൂടി ചാലക്കുടിച്ചന്തയ്‌ക്കു പോയി. "ആലായാല്‍ തറവേണം" എന്നുറക്കെ പ്രഖ്യാപിച്ചു.
കൂട്ടുചേരലുകളില്‍ എക്കാലത്തെയും ഹിറ്റ്, മോസ്റ്റ് ഫാസ്റ്റ് നമ്പര്‍, വായ്‌ത്താരി പാടുന്നവര്‍ ചിരിവന്നു പാട്ടുമുറിയുന്ന ആ ഗാനം
"ശ്യാമവര്‍ണ്ണ രൂപിണീ കഠോരഭാഷിണീ പ്രിയേ
പ്രേമലേഖനം തരുന്നു ഞാന്‍ നിനക്കു ശാരദേ
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ...
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ!"
അതു പെയ്‌തിറങ്ങിയപ്പോള്‍ മഞ്ഞക്കാട്ടിലേക്കായി പോക്ക്.
"ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില് പോകാല്ലോ!
മഞ്ഞക്കാട്ടില് പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ!!"
ഒന്നും പറയണ്ട! എന്നാ ഒരു മേളമായിരുന്നു. കൃത്യം പതിനേഴുമിനിറ്റ് കൊണ്ട് തുരങ്കം താണ്ടി ഇക്കരയെത്തി.
സജിച്ചേട്ടന്‍ ആകാംക്ഷാഭരിതനായി കാത്തി നില്‍ക്കുന്നുണ്ടായിരുന്നു.
ഞാന്‍ കൂട്ടുകാരോട് ചോദിച്ചു: "എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ട്രിപ്പ്?"
"സെറ്റപ്പ് ചേട്ടായീ... ഇത്രേം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. ദി ബെസ്റ്റ് പാര്‍ട്ടോഫ് അവര്‍ ട്രിപ്!"
ആ ത്രില്‍, സംതൃപ്‌തി ഒന്നു മാത്രം മതിയായിരുന്നു ഇവര്‍ക്കു ഞാന്‍ നല്‍കിയ ആതിഥേയത്വം ധന്യമാകാന്‍.
എല്ലാവരും ജീപ്പ്ല്‍ കയറി, വണ്ടി വളഞ്ഞു പുളഞ്ഞ കയറ്റം കയറി, മെയിന്‍ റോഡിലെത്തി, കട്ടപ്പനയ്‌ക്കു പാഞ്ഞു. സജിച്ചേട്ടന്‍ സ്റ്റിയറിംഗ് വീലിനു പിന്നില്‍ തനി ഹൈറേഞ്ച് ജീപ്പു ഡ്രൈവറായി. ഇടയ്‌ക്ക് അല്‍പ ദൂരം മഴ ചാറി. എങ്ങും തങ്ങാതെ കൊച്ചുതോവാളയിലെത്തി. അധികം വൈകാതെ വീട്ടിലും.
ഊണ്, ചോറും പോത്ത് ഉലര്‍ത്തിയതും പയറുതോരനും മോരുകറിയും.
ഇനി മടക്കയാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍.
റമീസിനു തിരുവനന്തപുരത്തേക്കു മടങ്ങണം. മാംഗ്ലൂര്‍ പോകേണ്ടവര്‍ക്ക് എറണാകുളം സൗത്തില്‍ നിന്നാണു വണ്ടി - മാവേലി എക്‌സ്പ്രസ്സ്. മുല്ലപ്പെരിയാര്‍ ഒരു പ്രശ്‌നമായതിനാല്‍ കട്ടപ്പന - ബാംഗ്ലൂര്‍ കല്ലട പലക്കാട് - കോയമ്പത്തൂര്‍ - സേലം എന്നിങ്ങനെ കറങ്ങിയാണു പോകുന്നതെന്നു ഞാന്‍ അറിഞ്ഞിരുന്നു. മാത്രവുമല്ല കുമളിയിലോട്ടൊന്നും അടുക്കാനും മേല. അതിര്‍ത്തിയിലൂടെ ഗതാഗതമില്ല, 144 പ്രഖ്യാപിച്ചതിന്റെ ക്ഷീണം വേറെ. നല്ലബുദ്ധിക്ക് കാലേകൂട്ടി യശ്വന്ത്‌പുര്‍ എക്‌സ്പ്രസ്സിനു ടിക്കറ്റു ബുക്കുചെയ്‌തിരുന്നു. അത് നോര്‍ത്തില്‍ നിന്നും. റോഡ് യാത്ര റിസ്‌കാകുമെന്ന് പണ്ടേ തോന്നിയത് എന്തായാലും നന്നായി. അല്‍പനേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും പെറുക്കിക്കെട്ടലിന്റെ തിരക്കിലായി.
നേരത്തെ പറഞ്ഞു വെച്ചിരുന്ന പ്രകാരം കുറെ കുരുമുളകും ഏലക്കായും എല്ലാവരും പങ്കിട്ടെടുത്തു. കാലിഫോര്‍ണിയായിലുള്ള ആന്റിക്കോ അങ്കിളിനോയെന്നോ മറ്റോ പറഞ്ഞ് ചിക്കു മാത്രം ഒന്നരക്കിലോ ഏലക്ക എടുത്തു. ഈ ഏലക്കാ കൊടുത്ത് ചിക്കു അങ്ങോട്ടേക്കു പറക്കാനുള്ള പ്ലാനിലാണെന്ന് റംസ് ആരോപിച്ചു(ഉവ്വ, എന്നാല്‍പ്പിന്നെ ഇടുക്കിയിലെ ഏലക്കര്‍ഷകരെല്ലാം ഇതിനോടകം ചന്ദ്രനില്‍വരെ പോയേനെ!). കാലിഫോര്‍ണിയായില്‍ ചെന്നു ലാവിഷായിട്ടു നടക്കുമ്പോള്‍ ഡോളേഴ്‌സ് മണിയോര്‍ഡറായി വരുന്നത് സ്റ്റീഫനും മള്‍ട്ടിയും നിറ്റ്‌സും പകല്‍ക്കിനാവു കണ്ടു. പ്ലാസ്റ്റിക് കൂട് ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ മേലെ എന്തോ ജപിച്ചൂതി മാനം കാണിക്കാതെ മൂടിപ്പിടിച്ചോണ്ടുപോയി ചിക്കു അതു ബാഗില്‍ വെച്ചു.
ഏഷ്യാനെറ്റ് ഗള്‍ഫ്(വീട്ടിലെ ഡിഷ് ആന്റിനായിലൂടെ ഓസിനു കിട്ടുന്നത് ആ ചാനലാണ്, ഈയിടെ അതു മാറ്റി സൊയമ്പന്‍ ഡി.2എച്ച്. പിടിപ്പിച്ചു) ചാനലില്‍ വോഡഫോണ്‍ കോമഡിസ്റ്റാര്‍സ്. പഴയകാല സിനിമയുടെ സെറ്റപ്പില്‍ 'റാജസേഘരന്‍ തമ്പി മുതലാളിയുടെ' മകന്‍ പാവപ്പെട്ട ഒരു പെണ്ണിനെ പ്രണയിക്കുന്ന ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സ്‌കിറ്റ്. നായകന്റെ കൂട്ടുകാര്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി 'ഹാ ഹാ ഹാ ഹാ' എന്നു കളിയാക്കിച്ചിരിക്കുന്ന രംഗങ്ങളിലെല്ലാം ഞങ്ങള്‍ ചിരിച്ചു മറിഞ്ഞു! പുറപ്പെടാന്‍ തയ്യാറായി നിന്നിട്ട് ഇതു തീര്‍ന്നിട്ടേ പോകുന്നുള്ളൂ എന്നു തീരുമാനിക്കത്തവിധം ഞങ്ങളെ പിടിച്ചിരുത്തിക്കളഞ്ഞു അത്. അച്‌ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. "ഇനീം വരണം കേട്ടോ! ഇത്രദിവസം ഇവിടെയുണ്ടായിരുന്നിട്ടും കാര്യമായി എല്ലാവരോടും സംസാരിക്കാന്‍ പോലും സമയം കിട്ടിയില്ലല്ലോ. ഇനിയത്തെ തവണ ഒരു ദിവസം എങ്ങും പോകാതെ വീട്ടില്‍ തന്നെ കൂടണം" എന്ന് അമ്മ പറഞ്ഞു. ആ ആരോപണം ശരിയായിരുന്നു, എന്നെ സംബന്ധിച്ചുപോലും.
പിന്നെ അച്‌ഛനോടും അമ്മയോടും (ചിക്കു ആടിനോടും) യാത്ര പറഞ്ഞിറങ്ങി. ഓട്ടോ ഏര്‍പ്പാടു ചെയ്‌തു നിര്‍ത്തിയിരുന്നു, അതിനാല്‍ വേഗം തന്നെ കട്ടപ്പനയിലെത്തി. തിരുവനന്തപുരത്തിനു ബസ്സെപ്പോഴാണെന്നു കെ.എസ്.ആര്‍.ടി.സി. കൗണ്ടറില്‍ തിരക്കി. ആറുമണിക്കേ തിരുവനന്തപുരത്തിനു ബസുള്ളൂ. രണ്ടു മണിക്കൂര്‍ കാക്കാന്‍ വയ്യെങ്കില്‍ കോട്ടയത്തിനോ എറണാകുളത്തിനോ പോയിട്ട് ബസ്സിലോ ട്രെയിനിലോ പോകണം. കട്ടപ്പനയില്‍ നിന്നു നേരിട്ടു തലസ്ഥാനത്തേക്കു തെറിക്കാം എന്നതായിരുന്നു പണ്ടേയുള്ള പദ്ധതിയെങ്കിലും ഞങ്ങളൊന്നു വലിച്ചപ്പോള്‍ ഒപ്പം എറണാകുളത്തിന് വരാമെന്നു റംസ് തീരുമാനിച്ചു.
E.B.T. - മടക്കയാത്ര
ഇ.ബി.ടി. എന്ന ബസ്സില്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിന്. നാലുമണിവെയില്‍ ചൂടാറി നിന്ന് തെളിഞ്ഞ മുഖത്തോടെ ഞങ്ങള്‍ക്കു യാത്രയേകി. എയര്‍ ബസാണ്, ഫാസ്റ്റ് പാസഞ്ചര്‍, നല്ല പുത്തന്‍ വണ്ടി. സീറ്റിലിരിക്കാനുള്ളത്ര ആളേയുള്ളൂ. മള്‍ട്ടിക്കും റംസിനുമൊപ്പമാണു ഞാനിരുന്നത്. കട്ടപ്പന മുതല്‍ ഇടുക്കി വരെ യാത്ര ചെയ്‌ത സമയം കൊണ്ട് മള്‍ട്ടി എന്ന 'റൊമാന്റിക് വ്യക്തിത്വ'ത്തെ അടുത്തറിയാന്‍ എനിക്കു സാധിച്ചു. റംസ് കുറെ നേരം കാഴ്‌ചകള്‍ കണ്ട് കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയിരുന്നു. മുന്നിലെ സീറ്റിലാണ് ചിക്കുവും നിറ്റ്‌സും ഇരിക്കുന്നത്. ഞങ്ങളിരിക്കുന്നതിന്റെ ഇടതു വശത്ത് സ്റ്റീവും. കുറെ നേരം ഉറങ്ങി. മള്‍ട്ടി ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരുന്നു. കോതമംഗലം ആയപ്പോള്‍ സ്റ്റീവിന്റെ അടുക്കല്‍ ഒരു അച്ചായന്‍ വന്നിരുന്നു. പിന്നീടു ഞങ്ങള്‍ നോക്കിയപ്പോള്‍ അവര്‍ ഇരുവരും കാര്യമായ സംഭാഷണത്തിലായിരുന്നു. സ്റ്റീവ് ആ അച്ചായനെ തമാശക്കഥകള്‍ കേള്‍പ്പിച്ചു വധിക്കുകയാണെന്നു ഞങ്ങള്‍ അടക്കം പറഞ്ഞു. ലോകകാര്യങ്ങളും ഐ.ടി.യും ഒക്കെയാണ് അവര്‍ തമ്മില്‍ സംസാരിച്ചതെന്നു സ്റ്റീവ് പിന്നീടു വെളിപ്പെടുത്തിയെങ്കിലും ഞങ്ങള്‍ക്കതത്ര വിശ്വാസമായില്ല. ഇടയ്‌ക്കു ഞാന്‍ ക്യാമറയെടുത്ത് ഫോട്ടോകളെല്ലാം പലവുരുകണ്ടു. എന്നായിരിക്കും ഇതു പോലെ ഇനിയൊരു യാത്ര? അറിയില്ല. മനസ്സില്‍ ഒരു നഷ്‌ടബോധം തോന്നി. ആ ഒരു മൗനഭാവം എല്ലാവരുടെയും പെരുമാറ്റത്തില്‍ കാണാമായിരുന്നു. വന്നുചേര്‍ന്നപ്പോഴുള്ള പ്രസാദമൊക്കെ എങ്ങോ പോയ്‌മറഞ്ഞപോലെ.
എട്ടര ആയപ്പോള്‍ നോര്‍ത്തിലിറങ്ങി. ഒന്‍പതേകാല്‍ കഴിഞ്ഞാണ് എന്റെ വണ്ടി. എന്നെ യാത്രയാക്കിയശേഷം റംസും കൂട്ടാളികളും മടങ്ങാം എന്നു വെച്ചു. മലബാര്‍ റെസ്റ്റോറന്റ് തേടി ഞങ്ങളെ സ്റ്റീവ് കുറെ നടത്തിച്ചു. കണ്ടത് മലബാര്‍ ലോഡ്‌ജ് മാത്രം. നേരം വൈകുന്നു. അതിനാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയും ഒരു കുപ്പി വെള്ളവും പാഴ്‌സല്‍ വാങ്ങി. സ്റ്റേഷനിലേക്ക് എല്ലാവരും ഒന്നിച്ചു നടന്നു. അവിടെ അല്‍പം കാത്തുനില്‍പ്. വണ്ടില്‍ പത്തിരുപതു മിനിറ്റ് താമസിച്ചാണെത്തിയത്. ഹസ്‌തദാനങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കും ശേഷം ഞാന്‍ വണ്ടിയില്‍ക്കയറി. സൈഡ് അപ്പര്‍ ബെര്‍ത്താണെനിക്ക്. ബെര്‍ത്ത് കണ്ടുപിടിച്ചു. തീവണ്ടിയുടെ ചില്ലുജാലകത്തിനപ്പുറത്തു പതിഞ്ഞ കൈത്തലങ്ങള്‍ക്കു മേല്‍ എന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ഒരു ജനാലച്ചില്ലിന്റെയോ അതിനുമേറെ മറ്റെന്തിന്റെയെല്ലാമോ ഭൗതികമായ അതിരുകള്‍ വീണിരുന്നു. വിട സുഹൃത്തുക്കളേ! റംസ് പറയുന്നതു പോലെ, 'ഇന്‍ശാ അള്ളാ, വീണ്ടും കാണാം.'
അതെ ദൈവം, അനുഗ്രഹിക്കട്ടെ, ഇനിയും ഇത്തരം സൗഹൃദക്കൂട്ടായ്‌മകള്‍ സന്തോഷം വിടര്‍ത്തുവാന്‍!
______________________________________
എപ്പിലോഗ് അഥവാ വാലുകള്‍ :
1) താഴത്തെ സീറ്റില്‍ അല്‍പനേരമിരുന്നു, ആലുവാ സ്റ്റേഷനെത്തി. ഭക്ഷണം കഴിച്ചു. ബെര്‍ത്തില്‍ കയറി. കയ്യിലിരുന്ന ഇന്ത്യാ ടുഡേ വായിക്കാന്‍ തുടങ്ങിയപ്പോള്‍ വിളക്കണഞ്ഞു. പിന്നെ ഞാനും കിടന്നു.
2) റംസ് തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ് ബസ്സില്‍ കയറി യാത്രയായി.
3) മള്‍ട്ടി, നിറ്റ്‌സ്, ചിക്കു, സ്റ്റീവ് സംഘം മാവേലിയില്‍ കേറി മാംഗ്ലൂരിനും. യാത്രയിലുടനീളം മള്‍ട്ടി ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഇരുന്നു. ചിക്കു ഉറക്കം നടിച്ചു കിടന്ന് കാലിഫോര്‍ണിയായില്‍ ട്രെയിനൊക്കെ എങ്ങനാരിക്കും എന്നു കിനാവു കണ്ടു. നിറ്റ്സും ഉറക്കം നടിച്ചു - കണ്ട സ്വപ്നം വേറേ - ആ കല്ലിനിടയില്‍ കയറിനിന്ന സ്റ്റണ്ട് ഫേസ്‌ബുക്കില്‍ എത്ര ലൈക്ക് നേടും, അതിലാണെത്ര പെണ്ണെത്ര? ഇതിന്റെയൊക്കെ പ്രധാനകാരണം - ബസ്സിലെ ആ അച്ചായനുശേഷം സ്റ്റീവിന്റെ ഇര തങ്ങള്‍ തന്നെയെന്ന അവരുടെ തിരിച്ചറിവായിരുന്നു.
4) ബനസ്വാഡി സ്റ്റേഷനാണു ഞാന്‍ ഇറങ്ങേണ്ട സ്ഥലമായി വെച്ചിരുന്നത്; രാവിലെ യെശ്വന്ത്‌പുര്‍ ഇറങ്ങി ഇലക്‍ട്രോണിക് സിറ്റി വരെ യാത്ര ചെയ്യുന്നത് ഒരു മണിക്കൂറിലേറെ സമയം പാഴാക്കുമെന്നതിനാല്‍. ആറര ആയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റിലെ ഓരോരുത്തര്‍ക്കും അനക്കം വെച്ചു. ഞാന്‍ ഇറങ്ങിപ്പോയി മുഖം കഴുകി, വാതില്‍ക്കല്‍ ചെന്നു നോക്കി. സ്ഥലം കണ്ടിട്ട് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശം പോലെയുണ്ട്. അല്‍പനേരം പ്രഭാതത്തിലെ സുഖമുള്ള കാറ്റേറ്റ് നിന്നു. വണ്ടി ഏതോ സ്റ്റേഷന്‍ അടുക്കുന്നെന്നു തോന്നി. അതെ! വേഗം കുറയുന്നുണ്ട്. നോക്കുമ്പോള്‍ ഹൊസൂര്‍ സ്റ്റേഷനാണ്. അവിടെ നിര്‍ത്താനുള്ള പുറപ്പാടാണെന്നു തോന്നി, അങ്ങനെയെങ്കില്‍ ഇവിടെ ഇറങ്ങാം, ഏറ്റവും എളുപ്പമാണ് ഇവിടെ ഇറങ്ങാനൊത്താല്‍. ഭാഗ്യം വണ്ടി നില്‍ക്കുകതന്നെ ചെയ്‌തു. പെട്ടെന്നു ബാഗുമെടുത്ത് ഇറങ്ങി, പക്ഷേ വണ്ടി മിനിറ്റുകളോളം അവിടെത്തന്നെ കിടന്നു. ഒപ്പമിറങ്ങിയ രണ്ടു മലയാളികളുടെ കൂടെക്കൂടി. സ്റ്റോപ്പില്ലെങ്കിലും ഈ വണ്ടി പതിവായി ഇവിടെ നിര്‍ത്തുമെന്ന് അവര്‍ പറഞ്ഞു. അവരുടെ ഒപ്പം ഓട്ടോ ഷെയര്‍ ചെയ്‌ത് ബസ്‌സ്റ്റാന്‍ഡിലും അരമണിക്കൂറിനുള്ളില്‍ ഇലക്‍ട്രോണിക് സിറ്റിയിലും എത്തിച്ചേര്‍ന്നു. പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ.
5) ഈ യാത്ര കഴിഞ്ഞിട്ട് മാസം രണ്ടര കഴിഞ്ഞു. തന്റെ ക്യാമറയിലെടുത്ത പടങ്ങള്‍ അയച്ചു തരാമെന്നു പറഞ്ഞിട്ട് ആവശ്യമായ വിവരങ്ങളെല്ലാം വാങ്ങിയ റംസിന്റെ വാഗ്ദാനം ജലരേഖയായി. ദോഷം പറയരുതല്ലോ, ഈ പോസ്റ്റുകള്‍ക്കു വേണ്ടുന്ന ചില ചിത്രങ്ങള്‍ മെയിലില്‍ അയച്ചു തന്നു(അജചുംബനം തുടങ്ങിയവ).
6) ഈ യാത്രയ്‌ക്കു ശേഷം ഞാന്‍ കട്ടപ്പനയില്‍ പോയത് ഫെബ്രുവരിയിലാണ്. ചെന്നപ്പോള്‍ കണ്ട കാഴ്‌ച! ആട് പെറ്റിരിക്കുന്നു! തൂവെള്ള നിറത്തില്‍ ഒരു സുന്ദരി കുഞ്ഞാട്. എനിക്കൊന്നും അറിയാന്‍മേല!
7) വളരെ വൈകിയും തിരക്കുകളില്‍ ഉലഞ്ഞുമാണ് ഈ പരമ്പര ഞാന്‍ എഴുതിയതും പ്രസിദ്ധീകരിച്ചതും. പല രീതിയില്‍ എനിക്കു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും അറിഞ്ഞ വസ്‌തുതകള്‍ കൂടി പങ്കു വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. ഏറ്റവും ആകര്‍ഷകമായ ഭാഗം തുടക്കത്തിലെ 'കപ്പ പോസ്റ്റ്' ആണ്. അതിന്റെ പേരില്‍ കളിയായും കാര്യമായും 'കൊതിപ്പിച്ചു കളഞ്ഞല്ലോ രാജേ!' എന്നു പറഞ്ഞവരോട് ഒരു വാക്ക് - 'മാപ്പ്!'.
രണ്ടാമത് രാമക്കല്‍മേടിന്റെ വിവരണം. ഒപ്പം, ഇടുക്കി ജലാശയത്തിന്റെ സമീപപ്രദേശങ്ങളെപ്പറ്റിയുള്ള ഭാഗം. ഇവ രണ്ടും എഴുതിയപ്പോഴും വളരെയേറെ ചാരിതാര്‍ഥ്യം തോന്നി. അതു നിങ്ങള്‍ക്കും ഇഷ്‌ടമായെന്നറിഞ്ഞപ്പോള്‍ എന്റെ തൃപ്‌തിക്ക് ഇരട്ടിമധുരം.