Thursday, August 25, 2011

പ്രണയം ഭ്രമമാണെന്നു പറഞ്ഞവരോട്‌

അവന്‍ പറഞ്ഞത്‌:

കടല്‍ക്കരയിലെ കാറ്റില്‍ അവളുടെ ചുരുള്‍മുടി പാറുമ്പോള്‍
മഷിയെഴുതിയ അവളുടെ കണ്ണില്‍ പൂക്കുന്ന നാണവും
കുറുകിമിടിക്കുന്ന നെഞ്ചിന്റെ താളവും
നിങ്ങള്‍ അറിഞ്ഞുകാണില്ല.
അല്ലെങ്കില്‍, പെണ്ണെന്ന സുഗന്ധം നിങ്ങളുടെ നാസികയില്‍
പടര്‍ന്നുകയറി ഉണര്‍ത്തിവിട്ടത്‌
വിയര്‍പ്പില്‍ അലിഞ്ഞു പോകുന്ന ഏതെങ്കിലും ഹ്രസ്വവികാരമാവും.

അവള്‍ പറഞ്ഞത്‌:

പൂക്കള്‍ കൊഴിഞ്ഞു വീണതും അല്ലാത്തതുമായ
ഒറ്റയടിപ്പാതകളിലൂടെ നടക്കുമ്പോള്‍
അവന്‍ നിന്റെ കുസൃതിക്കൊഞ്ചലിനു കാതോര്‍ത്തിട്ടുണ്ടാവില്ല.
അമ്പലപ്പറമ്പിലെ കുപ്പിവളകളിലേക്കു നോക്കിയിട്ട്‌
'ഇതു വേണോ' എന്നു കണ്ണു കൊണ്ടു ചോദിച്ചിട്ടുണ്ടാവില്ല.
അല്ലെങ്കില്‍, വിരലുകള്‍ കോര്‍ത്തു നടന്നപ്പോഴും
നിന്നിലുണര്‍ന്നതു ഇനിയവന്റെ വിരലുകള്‍
എങ്ങോട്ടെന്ന വിചാരമാവും.

അവര്‍ പറഞ്ഞത്‌:

പ്രണയം സത്യമാണ്‌.
സത്യമില്ലാത പ്രണയം തകരുമ്പോള്‍
നിനക്കു നിന്റെ വിധിയോട്‌ പൊരുതാന്‍
പ്രണയത്തിന്റെ മെയ്ച്ചൂടു തരുന്ന
ഉച്ഛിഷ്ടമാണ്‌ ഭ്രമം എന്ന പദം.
നിന്റെയുള്ളില്‍ ഉള്ളത്‌ പരിഭ്രമം ആണ്‌.

ഞാന്‍ പറയുന്നത്‌:

ഭ്രമവും മതിഭ്രമവും പരിഭ്രമവും ഇല്ലാത്ത
മനസ്സില്‍ സ്നേഹം നിറയുന്നതാണ്‌ പ്രണയം.
പ്രണയത്തിന്റെ വിയര്‍പ്പാറുമ്പോള്‍
സ്നേഹത്തിന്റെ ഉപ്പുപരലുകള്‍ കാണണം.

Friday, August 19, 2011

ഗുരുത്വം എന്ന ശരിയുത്തരം - 4

വിടെയാണ്‌ ഉലഹന്നാന്‍ സാറിന്റെ വീട്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമില്ലാതെയാണ്‌ മഴ കുളിര്‍പ്പിച്ച ഒരു സായാഹ്നത്തില്‍ ഞാനും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയത്‌. പേഴുംകവലയുടെ താഴ്‌വരയില്‍ എവിടെയോ ആണെന്നറിയാമായിരുന്നു. കട്ടപ്പനയ്‌ക്കുള്ളിലും ചുറ്റുമായി ഒരുപാട്‌ കവലകളുണ്ട്‌ കെട്ടോ എസ്‌.എന്‍. കവല, പള്ളിക്കവല, സ്‌കൂള്‍ കവല, ഇടുക്കിക്കവല, വെട്ടിക്കുഴക്കവല, അശോകക്കവല എന്നിങ്ങനെ.

പേഴുംകവലയ്‌ക്കു നടക്കവേ വഴിയിലെ ഒരു കടക്കാരനോട്‌ സാറിന്റെ വീട്‌ അന്വേഷിച്ചു. അയാള്‍ ഒരേകദേശരൂപം തന്നു. പറഞ്ഞയിടത്തു ചെന്ന്‌ ആദ്യം കണ്ട വീട്ടില്‍ തിരക്കി. അവിടുന്നൊരാള്‍ പാതിവഴിവരെ ഒപ്പം വന്നു. ഇരട്ടയാര്‍ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്‌ ഓരത്തുകൂടെ ഇറക്കമിറങ്ങിപ്പോകുന്ന നടപ്പുവഴി. മഴയില്‍ കുതിര്‍ന്നതിനാലും അപരിചിതത്വം മൂലവും അല്‍പം പ്രയാസപ്പെട്ടാണിറങ്ങിയത്‌. ഇറക്കം തീര്‍ന്നപ്പോള്‍ വലതുവശത്ത്‌ ഒരു കുളം കണ്ടു. വഴിയില്‍ ഒന്നുരണ്ടിടത്ത്‌ ചക്കപ്പഴം പൊഴിഞ്ഞു വീണ്‌ ഈച്ചയാര്‍ത്തു കിടന്നിരുന്നു. പുതുതായി നട്ട ഏലച്ചെടിയുടെ ഒറ്റത്തണ്ട്‌ താങ്ങുകുറ്റിയില്‍ നടുചേര്‍ത്തുനിന്നു ഞങ്ങളെ നോക്കി. നേരമിരുട്ടിയില്ല, എന്നാലും മരങ്ങളുടെ ചൂടല്‍ കാരണം അവിടെ അല്‍പം ഇരുട്ടുപോലെ; തണുപ്പും. ചെറിയ ഒരു തോടിനു കുറുകെ ഒരു കോണ്‍ക്രീറ്റ്‌ സ്‌ളാബ്‌. താഴെ തെളിനീരില്‍ പരല്‍മീനുകള്‍. മുന്നില്‍ അല്‍പമുയരെ സറിന്റെ വീട്‌.

അച്ഛന്‍ മുന്നേ നടന്നു. സറിന്റെ കാവല്‍നായ വമ്പന്‍ ബഹളമുണ്ടാക്കി. ഇറങ്ങിവന്ന സറിന്‌ ആളെ പിടികിട്ടിയില്ല. പക്ഷേ ആ മുഖത്ത്‌ പരിചയഭാവം.

"സറിനു മനസ്സിലായില്ലേ? ഞാന്‍ കൊച്ചുതോവാള സ്‌കൂളില്‍ സറിന്റെ സ്റ്റുഡന്റ്‌ ആയിരുന്നു. രാജ്‌മോന്‍!"

"ഓ.. രാജ്‌മോന്‍... എന്റെ മോനേ, ഞാന്‍ പേരങ്ങു മറന്നുപോയെടാ!" മൂന്നുവര്‍ഷത്തെ അകല്‍ച്ച ഒരു നിമിഷം കൊണ്ട്‌ ഇല്ലാതായി.

ടീച്ചറിനെയും മക്കളെയുമൊക്കെ പരിചയപ്പെടുത്തി. സര്‍ ചോദിച്ചു. "പിന്നെ എന്തൊക്കെയുണ്ട്‌ വാര്‍ത്തകള്‍?"

മുഖത്തൊരു പ്രസാദം നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു തുടങ്ങി.
"സാറു പണ്ടേ.. ഇവനേഴാം ക്ലാസ്സീന്നു ടി.സി. വാങ്ങിച്ച്‌ ഇരട്ടയാര്‍ സ്‌കൂളിലേക്കു പോകുന്ന നേരത്ത്‌ ഇവനോടൊരു കാര്യം പറഞ്ഞാരുന്നു. പത്താം ക്ലാസ്‌ ഡിസ്റ്റിങ്ങ്‌ഷനോടെ പാസ്സാവണം, എന്നിട്ടു വന്ന്‌ സാറിനെ കാണണംന്ന്‌. ഡിസ്റ്റിങ്ങ്‌ഷനൊന്നും കിട്ടിയില്ല, എന്നാലും അന്നു സാറു പറഞ്ഞകൊണ്ട്‌ എസ്‌.എസ്‌.എല്‍.സി. ബുക്കു കിട്ടിക്കഴിഞ്ഞപ്പോള്‍ അതുംകൊണ്ട്‌ സാറിനെ ഒന്നു കാണാന്‍ വന്നതാ."

ഈ നേരമത്രയും ശ്രദ്ധാപൂര്‍വ്വം അച്ഛന്റെ വാക്കുകള്‍ കേള്‍ക്കുന്ന സറിനെ ഞാന്‍ ഇമയനക്കാതെ നോക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പണ്ടത്തെ ഒരു വാക്കനുസരിക്കാന്‍ വന്ന ശിഷ്യനെക്കണ്ട അദ്ഭുതവും നിറവുമായിരുന്നു ആ മുഖത്ത്‌. ഞാന്‍ സര്‍ട്ടിഫിക്കറ്റ്‌ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. ടീച്ചറും മക്കളുമൊക്കെ അതു വാങ്ങി നോക്കി. സര്‍ സംസാരിച്ചു.

"എനിക്ക്‌ അന്നേ വെലിയ പ്രതീക്ഷ ഉണ്ടായിരുന്ന പയ്യനാ ഇവന്‍. (എന്നെ നോക്കിയിട്ട്‌) എന്തായാലും നീ വന്നല്ലോ. എനിക്ക്‌ ഒത്തിരി സന്തോഷമായി. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രേം കാലത്തിനു ശേഷം ഇങ്ങനെയൊരു സ്റ്റുഡന്റ്‌ എന്നെക്കാണാന്‍ വരുമെന്ന്‌."

തുടര്‍ന്ന്‌ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം വിവരിച്ചു- പത്തുമുപ്പത്തഞ്ചുകൊല്ലം പഠിപ്പിച്ചിട്ടുണ്ട്‌; പലയിടങ്ങളിലായി. ആദ്യകാലത്ത്‌ പഠിപ്പിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ഒരുപാടു മുതിര്‍ന്നവരായി. ഇക്കാലത്തൊന്നും കിട്ടാതിരുന്ന ഒരു അനുഭവമാണ്‌ ഇന്നു നീ തന്നത്‌ - എന്നൊക്കെ പറഞ്ഞു. ടീച്ചറും മക്കളും ഞങ്ങളും കേട്ടുകൊണ്ട്‌ നിന്നു.

നേരമിരുട്ടിത്തുടങ്ങിയിരുന്നു. പുറത്തു ചീവീടുകള്‍ ആര്‍ത്തലച്ചുകരഞ്ഞു.

മുണ്ടിന്റെ മടിക്കുത്തില്‍ നിന്നും അച്ചന്‍ ഒരു പൊതി എടുത്തു. ഒരു വെറ്റില, ചെമ്പഴുക്ക, ഒരു നോട്ട്‌, ഒരു ഒറ്റരൂപാ നാണയം. എന്റെ കയ്യില്‍ വെച്ചുതന്നു. ഞാന്‍ എഴുന്നേറ്റു സറിന്റെ മുന്നില്‍ ചെന്നു. 'എന്നെ അനുഗ്രഹിക്കണം' എന്നു പറഞ്ഞുകൊണ്ട്‌ ആ കൈകളില്‍ ദക്ഷിണ നല്‍കി. പ്രിയപ്പെട്ട ഗുരുനാഥന്റെ പാദം തൊട്ടു കണ്ണില്‍ വെച്ചു. അദ്ദേഹം എന്റെ തലയില്‍ കൈവെച്ചു. 'നന്നായി വരും' എന്നു പറഞ്ഞു. ഇരുകൈകളും കൊണ്ട്‌ സ്വശരീരത്തോടു ചേര്‍ത്തണച്ചു.

"സന്തോഷമായെടാ എനിക്ക്‌. നീ ഓര്‍ത്തുവന്നെന്നെ കണ്ടല്ലോ!" ആ മനസ്സു നിറയുന്നതു ഞാനറിഞ്ഞു. അച്ഛന്റെയും അദ്ധ്യാപകന്റെയും ആത്മഹര്‍ഷമറിഞ്ഞു.

തിരികെ നടക്കുമ്പോള്‍ വഴിയില്‍ ഇരുട്ടു വീണിരുന്നു. കാനയിലെ പരല്‍മീനുകളെ കാണാനാവുമായിരുന്നില്ല. കണ്ണിന്റെ കോണില്‍ മിന്നിനിന്നിരുന്ന ഒരു നക്ഷത്രം ദീപം തെളിച്ചു തന്നു.

(അവസാനിച്ചു)
==========================
പിന്‍‌കുറിപ്പ്:
1) ശീര്‍ഷകത്തില്‍ എത്തി എന്നു തോന്നുന്നു.

2) പിന്നീടും പലതവണ അദ്ദേഹത്തെ കാണാനായി പോയിട്ടുണ്ട്‌. ഈ ജോലി കിട്ടുന്നതിനു മുന്‍പും വിവാഹം ക്ഷണിക്കാനുമൊക്കെയായി. അന്നും ഇന്നും ഒരേ സ്‌നേഹവും കരുതലും തന്നെ; അതാണെന്റെ ഭാഗ്യവും.

Thursday, August 18, 2011

ഗുരുത്വം എന്ന ശരിയുത്തരം - 3

സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകളായിരുന്നു സെയ്ന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിലേക്കു നയിച്ചിരുന്ന മറ്റൊരു സംഭവം. എല്‍.പി.സ്‌കൂളില്‍ എല്‍.എസ്‌.എസ്‌. എന്നും യു.പി. സ്‌കൂളില്‍ യു.എസ്‌.എസ്‌. എന്നുമാണ്‌ പരീക്ഷ അറിയപ്പെട്ടിരുന്നത്‌. ഈ പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനവും തന്നിരുന്നു. എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതുന്നവര്‍ക്കിടയിലിരുന്നാണ്‌ ഈ പരീക്ഷകള്‍ എഴുതുക. അങ്ങനെ ഇളംപ്രായത്തിലേ എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ കര്‍ക്കശാന്തരീക്ഷം നല്ല പരിചയമാണ്‌. ഒരിക്കല്‍ അടുത്തിരുന്ന പത്താം ക്ലാസ്സുകാരിചേച്ചി എനിക്ക്‌ ഒരു ചോദ്യത്തിന്റെ ശരിയുത്തരം പറഞ്ഞു തന്നിട്ടുണ്ട്‌. ഏതോ ഒറ്റവാക്ക്‌. സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകളെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ രസകരമായ മറ്റൊരു കാരണമുണ്ട്‌. പേപ്പര്‍ നോക്കുന്ന സാറന്മാര്‍ നമ്മളെ അറിയുന്നവരല്ലല്ലോ. അതുകൊണ്ട്‌ ഉത്തരം തെറ്റിയാലും ഒന്നും പേടിക്കേണ്ട. തരാതരം പോലെ മനോധര്‍മ്മം ആടാം.

നാലാം ക്ലാസ്സിലെ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ കാണിക്കാന്‍ മുതിര്‍ന്ന ഒരു മണ്ടത്തരം എഴുതാതെ പോകാന്‍ തോന്നുന്നില്ല. മലയാളം പരീക്ഷയില്‍ പാല്‍ എന്നതിന്റെ പര്യായപദം എഴുതാനാണ്‌ ചോദ്യം. ഒന്നറിയാം- ക്ഷീരം. പാല്‍ സൊസൈറ്റിയുടെ മുന്നില്‍ 'ക്ഷീരോല്‍പാദക സഹകരണ സംഘം' എന്ന് എഴുതിവെച്ചിരിക്കുന്നതു മനസ്സില്‍ പതിഞ്ഞിട്ടുണ്ടല്ലോ. ഒരു പദം കൂടി ഉണ്ടെങ്കിലേ മുഴുവന്‍ മാര്‍ക്കും കിട്ടൂ. മില്‍ക്‌ എന്നെഴുതിയാലോ എന്നു ചിന്ത പോയി. അര്‍ഥം പാല്‍ എന്നു തന്നെയല്ലേ? ഒടുക്കം അറിയാവുന്ന ക്ഷീരം എന്നു മാത്രം എഴുതിയിട്ട്‌ അക്ഷമനായി വന്ന്‌ അധികപദം തിരഞ്ഞിട്ടുണ്ട്‌. പിന്നീടിങ്ങോട്ട്‌ മറന്നിട്ടുമില്ല. പറഞ്ഞപോലെ വായനക്കാരാ/രീ, പറയാമോ പാലിന്റെ മറ്റൊരു പര്യായം?

യു.പി. സ്‌കൂളിലെ മറ്റൊരു വിശേഷം വെള്ളിയാഴ്‌ചകളില്‍ സാഹിത്യ സമാജം മീറ്റിങ്ങുകളിലെ കലാപരിപാടികളാണ്‌. മിമിക്‌സ്‌ പരേഡാണ്‌ അക്കാലത്തെ ഗ്ലാമര്‍ ഐറ്റം. വിരലുകള്‍ക്കിടയിലൂടെ 'വുശുവുശു..' എന്നൂതിയും കുഞ്ഞിത്തൊണ്ടയില്‍ നിന്നും 'ബുഡുക്ക്‌ ബുഡുക്ക്‌' എന്നു റിഥം പകര്‍ന്നും ഒരു അവതരണ ഗാനം, സമാന രീതിയില്‍ സമാപനഗാനം(മിക്കവാറും സാരേ ജഹാം സെ അഛാ!). ഇവയ്‌ക്കിടെ കുഞ്ഞിക്കുഞ്ഞി സ്‌കിറ്റുകള്‍. ഒരാള്‍ അവതാരകന്‍. ഓരോ തവണയും സംഘം നിരക്കുമ്പോള്‍ മധ്യത്തില്‍ നില്‍ക്കുന്നതും സ്‌കിറ്റുകളുടെ പശ്ചാത്തലം തുടക്കത്തില്‍ വിവരിക്കുന്നതും ഈ ടീം ലീഡര്‍ ആയിരിക്കും. ആകയാല്‍ അയാളുടെ പേരിലാണ്‌ പരിപാടി അവതരിപ്പിക്കപ്പെടുക. മീറ്റിങ്ങില്‍ പരിപാടികളുടെ ലിസ്റ്റ്‌ വായിക്കുന്ന ആള്‍ (അധ്യക്ഷന്‍), 'അടുത്തതായി മിമിക്‌സ്‌ പരേഡ്‌, [യേതേലും ഒരുത്തന്റെ പേര്‌] ആന്‍ഡ്‌ പാര്‍ട്ടി' എന്നു പറയുന്നതു കേള്‍ക്കാന്‍ സദസ്സ്‌ കാത്തിരിക്കുമായിരുന്നു.

ഓരോ ആഴ്‌ചയും ഓരോ ഗ്രൂപ്പിന്റേതാണു പരിപാടി. പക്ഷേ ഞങ്ങള്‍ കുറേപ്പേര്‍, ഷിബു ഡാനിയേലും ഷെബിന്‍ ആന്റണിയും ഉല്ലാസ്‌ തോമസും പിന്നെ വന്നും പോയുമിരിക്കുന്ന വേറേ ചിലരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ കോപ്രായമില്ലാതിരുന്ന മീറ്റിങ്ങുകള്‍ കുറവാണ്‌. സംഘം എല്ലാ ആഴ്‌ചയും ഏതാണ്ടൊന്നു തന്നെ. എന്നാല്‍ ലീഡറുടെ പേരുമാറിമാറി വരും. എവിടെങ്കിലുമൊക്കെ വായിക്കുന്ന ഫലിതങ്ങളില്‍ ഞങ്ങളുടേതായ മസാല ചേര്‍ത്ത്‌ രംഗാവിഷ്‌കാരം ചെയ്‌തും ചിലപ്പോഴെല്ലാം സഹപാഠികള്‍ക്കിട്ട്‌ ഓരോ 'താങ്ങ്‌' കൊടുത്തുമൊക്കെ ഇതു നീങ്ങി.

സോളോ പെര്‍ഫോമന്‍സുകളില്‍ ക്വിസ്സ്സിന്റെ അത്ര ഒന്നുംതന്നെയില്ല. സേഫ്‌ ആയ കളികള്‍ മാത്രമേ കളിച്ചിട്ടുമുള്ളൂ. അക്കഥ ഇങ്ങനെ. ആറില്‍ വെച്ചാണ്‌. സ്‌കൂളിലെ നമ്പര്‍ വണ്‍ ഗായകന്‍ (പേരു മറന്നു) തകര്‍ക്കുമെന്നുറപ്പുള്ള ഐറ്റം ലളിതഗാനത്തിന്‌ ഞാന്‍ പേരുകൊടുത്തത്‌ രണ്ടാം സ്ഥാനം നിസ്സംശയം ഉറപ്പിച്ചിട്ടാണ്‌. അക്കാലത്ത്‌ റേഡിയോയിലെ ലളിതസംഗീതപാഠത്തില്‍ നിന്നും പഠിച്ച ഒരു ഗാനം (ഇന്നു പൊന്നോണമാണെന്‍..)ചരണം മറന്നു മുഴുമിക്കാനാവാതെ ഫൗളാക്കി നാണക്കേടായി. പിന്നെ മല്‍സരത്തിനൊന്നും നിക്കാതെ മീറ്റിങ്ങുകളിലെ പാരഡിഗാനവും സിനിമാപ്പാട്ടുകളുമൊക്കെയായി ഞാന്‍ ഒതുങ്ങി.

ST. JOSEPH'S U.P. SCHOOL, KOCHUTHOVALA
എന്റെ മാതൃവിദ്യാലയം

ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബേബിച്ചന്‍ സര്‍ മുന്‍കയ്യെടുത്ത്‌ ഒരു നാടകം പഠിപ്പിച്ച്‌ കലോല്‍സവത്തില്‍ മല്‍സരിക്കാന്‍ കൊണ്ടു പോയത്‌ ഒരു സംഭവമായിരുന്നു. അത്‌ ഏഴില്‍ വെച്ച്‌; മല്‍സരം കട്ടപ്പന സെയ്ന്റ്‌ ജോര്‍ജ്ജില്‍ തന്നെ. അന്ന്‌ സ്റ്റേജില്‍ അവതരണം കഴിയാറായപ്പോഴാണ്‌ കളി തുടങ്ങുന്നതിനു മുന്‍പ്‌ നാടകത്തിന്റെ പേരുപറയാന്‍ മറന്നുപോയെന്നു മനസ്സിലായത്‌. എന്നിട്ട്‌ ഒടുക്കം, 'കാലാള്‍പ്പട എന്ന നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു' എന്ന്‌ പറഞ്ഞുതടിതപ്പി. കനത്ത ഒരു 'സി' ഗ്രേഡുംകൊണ്ടാണ്‌ ഞങ്ങള്‍ അന്നു മടങ്ങിയെത്തിയത്‌. അക്കൊല്ലം സ്‌കൂള്‍ വാര്‍ഷികത്തിനും ഞങ്ങള്‍ ഇതേ നാടകം അവതരിപ്പിച്ചിരുന്നു. മുഖം മുഴുവന്‍ റോസ്‌ പൗഡറും കോപ്പയില്‍ നിന്നും ചോരമൊത്തിക്കുടിച്ച പരുവത്തില്‍ ലിപ്‌സ്റ്റിക്കും ഒക്കെ ചാര്‍ത്തി കൈകള്‍ കോര്‍ത്ത്‌ നടന്മാരെല്ലാം ചേര്‍ന്ന് പൂവിന്റെ ആകൃതിയില്‍ വട്ടത്തില്‍ ഞെളിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം വീട്ടിലെ ആല്‍ബത്തില്‍ ഇന്നും കാണാം. ഓര്‍ക്കുമ്പോ ചിരിവരും. പിന്നെ ഒരു കിച്ചന്‍ മ്യൂസിക്‌. അടുക്കള ഉപകരണങ്ങള്‍ സംഗീതോപകരണങ്ങളായി സങ്കല്‍പ്പിച്ച്‌ റിക്കാര്‍ഡുവെച്ച്‌ ഗാനമേള അഭിനയിക്കുന്ന പരിപാടി. അടുപ്പിലൂതുന്ന കുഴല്‍ പുല്ലാങ്കുഴലാക്കിയ കലാകാരനായിരുന്നു ഞാന്‍ അതില്‍. 'ശിങ്കാരപ്പേടമാനെ ഒന്നു നില്ല്‌' എന്നതായിരുന്നു ഗാനം. ഗായകന്റെ സ്ഥാനത്ത്‌ സിജോമോന്‍ ജോസും ഗായികയായി ഷെബിന്‍ ആന്റണിയും തകര്‍ത്തു. പുല്ലാങ്കുഴല്‍ 'ഐഡില്‍' ആയിരിക്കുന്ന വേളയില്‍ സദസ്സിലിരുന്ന്‌ കുടുംബാംഗങ്ങള്‍ ചിരിച്ചുമറിയുന്നതു ഞാന്‍ കണ്ടു.

കലാപരിപാടികള്‍ തീര്‍ന്നുകഴിഞ്ഞാലത്തെ പ്രധാനപ്പെട്ട ഏകപരിപാടി സമ്മാനദാനം ആണ്‌. ഒന്നാം ക്ലാസ്സില്‍ 50 മീ. ഓട്ടത്തിനു സെക്കന്റ്‌ കിട്ടിയതിനു ശേഷം സ്‌പോര്‍ട്‌സില്‍ കനമുള്ളതൊന്നും ചെയ്യാഞ്ഞതിനാല്‍ ആ വിഭാഗം അന്യമായിരുന്നു. കലാമല്‍സരങ്ങളില്‍ നിന്നു സ്വയം ഒഴിഞ്ഞു നില്‍ക്കുകയുമായിരുന്നല്ലോ. പിന്നെ എനിക്കെന്തെങ്കിലും സമ്മാനം കിട്ടാന്‍ വകുപ്പുണ്ടെങ്കില്‍ അതു പഠനമികവിനുള്ള സമ്മാനമാണ്‌ - സ്‌കോളര്‍ഷിപ്പ്‌. അതു ഞാന്‍ പുലിയായിരുന്നതു കൊണ്ടല്ല. തമ്മില്‍ ഭേദം തൊമ്മന്‍ ആയിരുന്നതു കൊണ്ടാണ്‌.(എല്ലാവിഷയത്തിനും അന്‍പതില്‍ നാല്‍പത്തഞ്ചില്‍ കൂടുതലെങ്കിലും മാര്‍ക്ക്‌ വാങ്ങിക്കുന്നവനായിരുന്നങ്കില്‍ ഞാനാരായേനെ!) സ്‌കോളര്‍ഷിപ്പെന്നു പറഞ്ഞാല്‍ (ഏതൊക്കെയോ മെത്രാന്മാരുടെയും മറ്റും പേരില്‍) കവറിലിട്ടുകിട്ടുന്ന ഏറിയാല്‍ മുപ്പതോ നാല്‍പതോ രൂപയാണ്‌. കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും മുന്തിയ സമ്മാനം. കത്തോലിക്കര്‍ വേദപാഠവും ഇതരമതക്കാര്‍ സന്മാര്‍ഗ്ഗപാഠവും പഠിക്കുന്നിടത്ത്‌ എനിക്കു സന്മാര്‍ഗ്ഗപാഠം ആയിരുന്നു പ്രതീക്ഷ ഉള്ള ഏക സംഗതി. അത്ര സന്മാര്‍ഗ്ഗിയൊന്നുമല്ലെങ്കിലും പരീക്ഷയ്‌ക്കു മാര്‍ക്കുണ്ടായിരുന്നേ. പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പ്‌ ഭയങ്കര ടൈറ്റ്‌ മല്‍സരമുള്ള സംഭവമാണ്‌. രണ്ടു ഡിവിഷനിലെയും ആള്‍ക്കാരെ ഒക്കെയെടുത്ത്‌ അവരുടെ രണ്ടു ടേമിലെയും മാര്‍ക്കൊക്കെ നോക്കി എടുക്കുന്ന സാധനമായതു കൊണ്ട്‌ ആര്‍ക്കാ എന്താ എന്നൊന്നും പറയാന്‍ വയ്യ. ഭാഗ്യമെന്നു പറയട്ടെ, രണ്ടും ഇങ്ങോട്ടു തന്നെ പോന്നു! അക്കാലത്തെ ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയുടെ നിലവാരംവെച്ച്‌ ഈ ഭീമമായ തുക നേരേ പോകുന്നത്‌ പോസ്റ്റ്‌ ഓഫീസ്‌ സേവിങ്ങ്‌സ്‌ ബാങ്കിലേക്കാണ്‌.

സന്തോഷസൂചകമായ്‌ തന്നതെല്ലാം സ്വീകരിച്ച്‌ മടങ്ങാനൊരുങ്ങുമ്പോഴാണ്‌ ദേ വരുന്നു അടുത്ത അനൗണ്‍സ്‌മെന്റ്‌ - 'ഇക്കൊല്ലത്തെ... ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള സമ്മാനം ഇനി പ്രഖ്യാപിക്കുന്നു.. ബെസ്റ്റ്‌ സ്റ്റുഡന്റ്‌ അവാര്‍ഡ്‌ .....‌.' മൈക്കിലൂടെ പുറത്തേക്കുപടര്‍ന്ന ആ വാചകം ആനകുത്തിമലയില്‍ തട്ടി തിരിച്ചു വന്നപ്പോഴേക്കും സമ്മാനം വാങ്ങാന്‍ ഞാന്‍ സ്റ്റേജില്‍ റെഡി. നാടകത്തിന്റെ ചെഞ്ചായമൊഞ്ചണിഞ്ഞ മുഖത്തോടെ!

വാല്‍:
ഉലഹന്നാന്‍ സാറിനു റോളില്ല അല്ലേ? ഈ സമ്മാനമൊക്കെ പിന്നെ ആരു തീരുമാനിച്ചതാവുംന്നാ കരുതിയെ? എന്നിട്ടും പരാതിയാണെങ്കില്‍ അടുത്ത ഭാഗത്തിലാവട്ടെ.

Wednesday, August 17, 2011

ഗുരുത്വം എന്ന ശരിയുത്തരം - 2

ക്വിസ്‌ മല്‍സരങ്ങള്‍ തുടര്‍ക്കഥയായി. എന്നുംകൊണ്ട്‌ ഒരുപാടൊന്നുമില്ല. കൂടിയാലൊരഞ്ചെട്ടെണ്ണം. മല്‍സരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം എന്നതാണു സ്ഥിതി. ഒരിക്കല്‍ രാവിലെ സ്‌കൂളില്‍ ചെന്നപ്പോളാണ്‌ അന്നു ക്വിസ്‌ മല്‍സരമുണ്ടെന്ന്‌ അറിയുന്നത്‌. മല്‍സരത്തിനു പോകാന്‍ തുണയ്‌ക്ക്‌ പ്യൂണ്‍ തങ്കച്ചന്‍ ചേട്ടനെ ആണ്‌ ഏര്‍പ്പാടാക്കിയിരുന്നത്‌.

അങ്ങനെ, സ്‌കൂളില്‍ പഠിക്കാനെത്തിയ ഞാന്‍ ബാഗ്‌ ക്ലാസിലുപേക്ഷിച്ച്‌ ഹെഡ്‌മാസ്റ്റര്‍ ഉലഹന്നാന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം തങ്കച്ചന്‍ ചേട്ടനുമൊത്ത്‌ കട്ടപ്പനയ്‌ക്കു വെച്ചു പിടിച്ചു. ടിയാന്‍ ഏറെക്കാലം അവിടത്തെ പ്യൂണായിരുന്നു. വെറ്റില മുറുക്കുന്ന, എന്നും പോളിയെസ്റ്റര്‍ ഡബിള്‍ മുണ്ട്‌ ഉടുക്കുന്ന, ചുരുണ്ട മുടിയുള്ള വെളുത്തുയരമുള്ള തങ്കച്ചന്‍ ചേട്ടന്‍.

തങ്കച്ചന്‍ ചേട്ടന്റെ അഭാവത്തില്‍ അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികളാവും സ്‌കൂളില്‍ മണി അടിക്കുക. ഞങ്ങളുടെ ഏഴ്‌ എ ഡിവിഷന്റെ വാതിലിനു നേരേയാണ്‌ മണി തൂക്കിയിട്ടിരിക്കുന്നത്‌. കൂട്ടമണി മുഴക്കേണ്ട ഫസ്റ്റ്‌ ബെല്‍ നീളം കൂട്ടാന്‍ ടിണ്ടിണ്ടിണ്ടിണ്ടി.. എന്നടിച്ച്‌, ഓണ്‍ ദ ഗോ രണ്ടാമതൊരുത്തന്‌ കൊട്ടുവടി കൈമാറ്റം ചെയ്‌ത്‌ ഇടമുറിക്കാതെ ദീര്‍ഘനേരം മുഴക്കുന്ന സൂത്രങ്ങളൊക്കെ ഉണ്ടായിരുന്നു! മണി അടിക്കാനുള്ള അവസരത്തിനായി കാലേകൂട്ടി കൊട്ടുവടി എടുത്തുപിടിച്ചു നില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. ഇനി സ്‌കൂളില്‍ തങ്കച്ചന്‍ ചേട്ടനുള്ളപ്പോഴാണെങ്കിലും കുട്ടികള്‍ക്കായി ആ സുവര്‍ണ്ണാവസരം അങ്ങേര്‍ വിട്ടു കൊടുക്കാറുമുണ്ട്‌. ഞാനും ഇങ്ങനെ എത്ര 'മണിയടിച്ചിരിക്കുന്നു'!

ഒരു മണിക്കൂറോളമെടുക്കും അവിടെ നിന്നും നടന്ന്‌ കട്ടപ്പന സ്‌കൂളിലെത്താന്‍. നടക്കാന്‍ നാട്ടുകാരാരും നാണിക്കാത്ത കാലമാണ്‌. വല്ല ഓട്ടോയോ ജീപ്പോ കിട്ടാനുള്ള പ്രയാസം തന്നെ കാരണം. ഞങ്ങളുടെ നടപ്പു തുടങ്ങി. തങ്കച്ചന്‍ ചേട്ടന്‍ തന്റെ നീളമുള്ള കാലുകള്‍ നീട്ടി വലിച്ച്‌ നടക്കുന്നതു കൊണ്ട്‌ പയ്യനായ ഞാന്‍ പിന്നിലായിപ്പോകും. തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ നടപ്പല്ല, എന്നാലോട്ടവുമല്ല എന്ന പരുവത്തില്‍ ഞാനും. ഇടയ്‌ക്ക്‌ മൂപ്പര്‍ നടപ്പിന്റെ വേഗം കുറച്ചിട്ട്‌ എന്നോട്‌ ചോദിക്കും- "മടുത്തോടാ?". 'ഇല്ല' എന്നു പറഞ്ഞ്‌ വീണ്ടും ഞാന്‍ പിന്നാലെ. ചെങ്കരിക്കിന്റെ നിറമുള്ള കവറിലിട്ട ഓതറൈസേഷന്‍ ലെറ്റര്‍ ക്വിസ്‌ നടത്തിപ്പുകാരെ അന്നു തങ്കച്ചന്‍ ചേട്ടന്‍ ഏല്‍പ്പിച്ചു. (ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചുപോയി.)

മറ്റൊരിക്കല്‍ മല്‍സരത്തിനു ഞാന്‍ തനിയെ പോയി. കട്ടപ്പന ടി.ബി. ജംക്‌ഷന്‍ കഴിഞ്ഞ്‌ ശവപ്പെട്ടിക്കടയുടെ സമീപത്തെ എയ്‌ഡഡ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഓഫീസില്‍ ഞാന്‍ ആദ്യം കയറിയത്‌ അന്നാണ്‌. ഉലഹന്നാന്‍ സാറിന്‌ അവിടെ പോകേണ്ട എന്തോ ആവശ്യമുണ്ടെന്ന്‌ തലേന്ന്‌ എന്നോട്‌ പറഞ്ഞതിന്‍പ്രകാരമാണ്‌ ഞാന്‍ അവിടെ എത്തിയത്‌. അദ്ദേഹം വേണം എന്നെ മല്‍സരസ്ഥലത്തേക്കു കൊണ്ടുപോകാന്‍. പറഞ്ഞുപിടിച്ചുവന്നപ്പോഴാണ്‌ സ്‌കൂളില്‍ നിന്നുള്ള കത്ത്‌ എന്റെ കൈവശമില്ല എന്നു സാര്‍ മനസ്സിലാക്കിയത്‌. തലേന്ന്‌ അതു തയ്യാറാക്കാനോ ഏല്‍പിക്കാനോ സര്‍ മറന്നു പോയിരുന്നു. ഭാഗ്യവശാല്‍ സ്‌കൂള്‍ സീല്‍ സറിന്റെ ഹാന്‍ഡ്‌ബാഗില്‍ ഉണ്ടായിരുന്നതു കൊണ്ട്‌ അവിടെവച്ചു തന്നെ കത്തു തയ്യാറാക്കിത്തരികയും അങ്ങനെ അന്ന്‌ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്‌തു.

എഴുത്തു രീതിയായിരുന്നു ഞാന്‍ പങ്കെടുത്ത മിക്കവാറും മല്‍സരങ്ങളും. മല്‍സരങ്ങള്‍ ഏറിയതോടെ സ്ഥാനപ്പട്ടികയിലും എനിക്കു കയറ്റം കിട്ടിക്കൊണ്ടിരുന്നു. പത്തില്‍ തുടങ്ങിയ ഞാന്‍ ഏഴ്‌-എട്ട്‌-ആറ്‌ എന്നിങ്ങനെ തിരിഞ്ഞുകളിക്കുന്ന സമയം. വീണ്ടുമൊരു മല്‍സരം. പതിവുപോലെ നടന്ന്‌ സെയ്ന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂളിന്റെ ഓഫീസിലെത്തി. അവിടെ കണ്ടേക്കാം എന്നാണ്‌ ഉലഹന്നാന്‍ സര്‍ ഏറ്റിരിക്കുന്നത്‌. അദ്ദേഹത്തെ കണ്ടുപിടിച്ചു ലെറ്ററൊക്കെ വാങ്ങി. ഇന്നത്തെ +2 കെട്ടിടം നില്‍ക്കുന്ന സ്ഥലത്തു പണ്ടുണ്ടായിരുന്ന കെട്ടിടത്തിലാണ്‌ മല്‍സരം. എന്നെ ഹാളില്‍ കയറ്റി വിടാന്‍ നേരം സര്‍ പറഞ്ഞു: "ഞാനിവിടെത്തന്നെയുണ്ടാവും, എന്നെ കണ്ടിട്ടേ മടങ്ങിപ്പോകാവൂ."

ഇക്കുറി സംഗതി അല്‍പം പിശകായിരുന്നു. കാരണം, അകത്തുകടന്നപ്പോഴാണ്‌ മനസ്സിലായത്‌ ഓരോ സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ വീതമുള്ള ഒരു ടീമാണ്‌ മല്‍സരിക്കുന്നത്‌. ഞാന്‍ മാത്രം ഒറ്റ! എന്തായാലും ഞാന്‍ അവിടെത്തന്നെയിരുന്നു. മല്‍സരം മുന്നേറി. എഴുത്തുരീതി തന്നെയാണ്‌ ഇതിനും. ഓരോ ചോദ്യത്തിനും ഉടനടി വാല്യുവേഷനാണ്‌. ഇടയ്‌ക്കെല്ലാം ക്വിസ്‌ മാസ്റ്ററും സ്‌കോര്‍ ചെയ്‌തുകൊണ്ടിരുന്നു.

മല്‍സരം തീര്‍ന്നു. മാര്‍ക്ക്‌ കൂട്ടിനോക്കി വിജയികളെ പ്രഖ്യാപിക്കയായി. ഒന്നാം സമ്മാനം. ആര്‍ക്കോ. സമ്മാനം കൊടുക്കുന്നു. കയ്യടി മുഴങ്ങുന്നു. രണ്ടാം സ്ഥാനം. മറ്റാര്‍ക്കോ. സമ്മാനം നല്‍കുന്നു. കയ്യടി ഉയരുന്നു.

ക്വിസ്‌ മാസ്റ്റര്‍: "മൂന്നാം സ്ഥാനം ആര്‍ക്കാന്നു കൂടെ നോക്കാം. സമ്മാനമില്ല, എന്നാലും!"

മൂന്നാം സ്ഥാനം ആര്‍ക്കാണെന്ന്‌ എനിക്കറിയാമായിരുന്നു. എഴുതി ഫലിപ്പിക്കാനാവാത്ത ഒരു ആകാംക്ഷാഘട്ടത്തില്‍ ഇരുന്ന എന്റെ കാതിലേക്ക്‌ സ്വന്തം സ്‌കൂളിന്റെ പേര്‍ വന്നു വീണു.

"സെയ്ന്റ്‌. ജോസഫ്‌സ്‌ കൊച്ചുതോവാള!! എവിടെ?"

ഞാന്‍ ബെഞ്ചില്‍ നിന്നെഴുന്നേറ്റു. ക്വിസ്‌ മാസ്റ്ററുടെ മുഖത്തു മിന്നിയ അദ്ഭുതം മുഴുവന്‍ എന്റെ നേരെ കൈ ചൂണ്ടി ഉറക്കെപ്പറഞ്ഞ ഈ ഒറ്റവാക്കില്‍ നിറഞ്ഞത്‌ ഇന്നുമോര്‍ക്കുന്നു.

"ദേ.. ഒറ്റയ്‌ക്ക്‌!!"

എനിക്കും കിട്ടി കയ്യടി. മനസ്സു നിറഞ്ഞു.

പുറത്തിറങ്ങി. സറിനെ സ്‌കൂള്‍മുറ്റത്തുവെച്ചുതന്നെ കണ്ടുമുട്ടി.

"മൂന്നാം സ്ഥാനം കിട്ടി സാറെ! പക്ഷേ രണ്ടാം സ്ഥാനം വരെയേ സമ്മാനമുള്ളൂ."

"ആ, കലക്കിയല്ലോ. മിടുക്കന്‍! സമ്മാനം കിട്ടാഞ്ഞതു പോട്ടെ!" സര്‍ തോളില്‍ത്തട്ടി അഭിനന്ദിച്ചു.

സറിന്റെ അടുക്കല്‍ വന്നാരോ സംസാരിച്ചു. ക്വിസ്‌ മാസ്റ്റര്‍. ഒപ്പം നിന്ന എന്നെക്കണ്ട്‌ ആ സര്‍ അന്വേഷിച്ചു. "സറിന്റെ സ്റ്റുഡന്റാണോ?"

"അതെ.."

"ഒറ്റയ്‌ക്ക്‌ മൂന്നാം സ്ഥാനം മേടിച്ച ആള്‍. അല്ലേ?"

ഞാന്‍ തലകുലുക്കി. ഈ മൂന്നാം സ്ഥാനം എനിക്ക്‌ ഒന്നാം സ്ഥാനം തന്നെയായിരുന്നു. കാരണം ഞാന്‍ ഒറ്റയ്‌ക്കാണല്ലോ മല്‍സരിച്ചത്‌! ഉള്ളിലെ സന്തോഷവും അഭിമാനവും ഉച്ചസൂര്യനെക്കാള്‍ ജ്വലിച്ചുനിന്നു.

സറിനൊപ്പം പുറത്തേക്കു നടന്നു. പള്ളിക്കവല.

"നീ ഇനിയെങ്ങനെയാ പോവുക?"

"നടക്കും." എന്റെ മറുപടി.

"എന്നാ വാ. വല്ലതും കഴിച്ചിട്ടു പോകാം." ഞങ്ങളപ്പോള്‍ ഹോട്ടല്‍ സംഗീതയുടെ മുന്നിലായിരുന്നു.

"വേണ്ട സര്‍. സ്‌കൂളിലെന്റെ ചോറിരിപ്പുണ്ട്‌. ഞാന്‍ അവിടെ ചെന്നിട്ട്‌ കഴിച്ചോളാം."

മല്‍സരഫലം നല്‍കിയ ആവേശമല്ലാതെ വിശപ്പൊന്നുമില്ലായിരുന്നു. മാത്രവുമല്ല ഹെഡ്‌മാസ്റ്ററുടെ ഒപ്പമിരുന്ന് ആഹാരം കഴിക്കുകാന്നൊക്കെ പറഞ്ഞാല്‍...

ഒഴിവുകഴിവുകള്‍ വിലപ്പോയില്ല. സര്‍ നിര്‍ബന്ധിച്ചു ഹോട്ടലില്‍ കയറ്റി.

"നിനക്കെന്താ വേണ്ടേ ?"

"എന്തായാലും കുഴപ്പമില്ല." (ഹാ..ഹാ.. എത്ര മനോഹരമായ ഉത്തരം. ഇന്ന്‌ അരുടെയെങ്കിലും കൂടെ ഹോട്ടലില്‍ കയറുമ്പോള്‍ എനിക്കീ മറുപടികേട്ടാല്‍ ചൊറിഞ്ഞുവരും.)

"നീ ഇറച്ചി കഴിക്കുമോ?"

"ഉം."

പൊറോട്ടയും ബീഫ്‌കറിയും മുന്നില്‍ നിരന്നു. സറും കഴിച്ചു. വയര്‍ നിറഞ്ഞു. മനസ്സ്‌ അതിലേറേ നിറഞ്ഞു.

തിരികെ നടന്നു സ്‌കൂളില്‍ എത്തി. സന്തോഷപൂര്‍വ്വം കൂട്ടുകാരോടും അദ്ധ്യാപകരോടുമൊക്കെ മല്‍സരത്തിലെ തിളക്കമാര്‍ന്ന പ്രകടനത്തെക്കുറിച്ചു പറഞ്ഞു. വൈകിട്ട്‌ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരോട്‌ മൂന്നാം സ്ഥാനത്തെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു. ഒന്നാം സമ്മാനത്തെക്കാള്‍ വിലപ്പെട്ടതായി എനിക്കു കിട്ടിയ സ്നേഹസമ്മാനത്തെക്കുറിച്ചും. വര്‍ഷങ്ങളെത്ര കഴിഞ്ഞു, ഇന്നു വിലപ്പെട്ടതായി ഉള്ളിലുള്ളത് ഇങ്ങനെ ചില സമ്മാനങ്ങള്‍ മാത്രം; ഇനിയെന്നത്തേക്കും.

പിന്‍‌കുറിപ്പ് :
1) നാടന്‍ മനുഷ്യര്‍ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളെയും പ്രാധാന്യത്തോടെ കാണുന്നവരാണ്‌. ഏറെക്കാലം എന്റെ കുടുംബവൃത്തങ്ങളില്‍ ഉലഹന്നാന്‍ സറിനുണ്ടായിരുന്ന വിശേഷണം 'പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങിത്തന്ന സര്‍' എന്നാണ്‌.

2) ക്വിസ്‌ മല്‍സരങ്ങള്‍ ഇതോടെ തീര്‍ന്നു. പിന്നൊന്നില്‍ പങ്കെടുത്തത്‌ +2-ല്‌ പഠിക്കുമ്പോള്‍. പറയാന്‍ മാത്രം കേമമൊന്നുമില്ല.

3) ഉലഹന്നാന്‍ സറിന്റെ കഥ പക്ഷേ, തുടരും.

Saturday, August 06, 2011

ഗുരുത്വം എന്ന ശരിയുത്തരം - 1

അങ്ങനെയിരിക്കേ ഒരു ദിവസം ഏഴാം ക്ലാസ്സിലെ ബായ്‌ക്ക്ബെഞ്ചുകാരെ ഒഴിവാക്കിയിട്ട്‌ പഠനത്തിന്റെ കാര്യത്തില്‍ ഇടത്തരക്കാരും മേല്‍ത്തരക്കാരുമായ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചിട്ട്‌ ഒരു ക്വിസ്‌ മല്‍സരം നടത്തി. എന്തിനാ ഇപ്പോഴിങ്ങനെയൊരു ക്വിസ്‌ മല്‍സരം എന്നു ഞങ്ങളൊക്കെ സംശയിച്ചു. നമുക്കു വേണ്ടീട്ടല്ല, പിന്നെ സാറുമ്മാരു പറഞ്ഞതിന്‍ പ്രകാരം കേറി ഞാനും അറ്റന്‍ഡ്‌ ചെയ്യുകേം ചെയ്‌തു.

തുടരുന്നതിനു മുന്നേ അല്‍പം പശ്ചാത്തലം കൂടി പറയേണ്ടി വരും. മാന്യവായനക്കാര്‍ക്ക്‌ എവിടെയെങ്കിലും ഞാന്‍ വീരസ്യം വിളമ്പുന്നു എന്നു തോന്നിയാല്‍ ഇനി വരുന്ന രണ്ടു ഖണ്ഡിക ഒഴിവാക്കി തുടര്‍ന്നു വായിക്കാവുന്നതാണ്‌. ഈ പഠനത്തിന്റെ കാര്യത്തില്‍ എന്റെ ഒരു ബാലാരിഷ്‌ടത മാറുന്നത്‌ ഏതാണ്ട്‌ നാലാം ക്ലാസ്സില്‍ എത്തിയതോടെയാണ്‌. രണ്ടാം ക്ലാസ്സില്‍ പരീക്ഷയ്‌ക്കു വന്ന കണക്കു ചെയ്‌തു മുഴുമിക്കാന്‍ വയ്യാതെ ടീച്ചര്‍ ഇടപെടുകയും ആ ദുര്യോഗം നിറഞ്ഞ സന്ദര്‍ഭത്തില്‍ വിഷമിച്ചുപോയ എന്റെ കണ്ണീര്‍ വീണ്‌ പരീക്ഷക്കടലാസ്‌ നനയുകയും ചെയ്‌ത അനുഭവം ഉണ്ടായിട്ടുണ്ട്‌! നാലാം ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഫിലോമിന എന്നു പേരുള്ള ഒരു ടീച്ചറുടെ സത്വരശ്രദ്ധ എന്നില്‍ പതിയുകയുണ്ടായി. ആ ക്ലാസ്സിലാണു സാദാ സിലബസ്സില്‍ ഇംഗ്ലീഷ്‌ പഠിച്ചു തുടങ്ങുന്നത്‌. അപ്പോള്‍ ഏബീസീഡീ അറിയാമായിരുന്നു എന്നതാണ്‌ എന്നെ ശ്രദ്ധിക്കാന്‍ കാരണം. അങ്ങനെ ഞാന്‍ മുഖ്യധാരയിലേക്കു വരുകയും തുടര്‍ന്ന്‌ ക്ലാസ്സിലെ ഒരു സ്റ്റാര്‍ പെര്‍ഫോമര്‍ ആവുകയും ചെയ്‌തു. അഞ്ചാം ക്ലാസ്സ്‌ അട്ടര്‍ ഫ്ലോപ്പ്‌! അഗസ്റ്റിന്‍ എന്നു പേരുള്ള ഒരു കണക്കുസാര്‍. കുട്ടികള്‍ ഒരു അദ്ധ്യാപകനെതിരേ മാനേജ്‌മെന്റിനു പരാതി കൊടുത്ത സ്‌കൂള്‍ ചരിത്രത്തിലെ അത്യപൂര്‍വ്വസംഭവം ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍(ആ ചെറുപ്രായത്തില്‍പ്പോലും ഇതിനുള്ള ഐഡിയാ ഞങ്ങള്‍ക്കെവിടുന്നു കിട്ടി എന്നറിഞ്ഞൂടാ). ഭിന്നസംഖ്യകള്‍ കൊണ്ടുള്ള ക്രിയകള്‍ യക്ഷിക്കഥകളെക്കാള്‍ പേടിപ്പെടുത്തുന്ന സംഗതിയാക്കിത്തന്നതിനു കടപ്പാട്‌ ഈ സാറിനോട്‌. നാലാം ക്ലാസ്സില്‍ നിന്നും എല്‍.എസ്‌.എസ്‌. സ്‌കോളര്‍ഷിപ്‌ ഉള്‍പ്പടെ പഠനമികവിനുള്ള നിരവധി സമ്മാനങ്ങള്‍ വാങ്ങി വന്ന ഞാന്‍ സന്മാര്‍ഗ്ഗപാഠം എന്ന ഡൂക്കിലി വിഷയത്തിനു അന്‍പതില്‍ പതിനേഴു മാര്‍ക്കുവാങ്ങി തോറ്റു! ഇതറിഞ്ഞ ഫിലോമിന ടീച്ചര്‍ വിഷമത്തോടെ എന്നെ സ്‌നേഹബുദ്ധ്യാ ഉപദേശിച്ചു. അച്ഛനെക്കണ്ടു സ്ഥിതിയുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. ഇംഗ്ലീഷിലെ തറ-പറ തറവായിരുന്നതു കൊണ്ട്‌ ശൗര്യാര്‍ സാറിന്റെ ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കേമനായി. സുരേഷ്‌കുമാര്‍ രാഘവന്‍ എന്നെ നോക്കി കോപ്പിയടിച്ച്‌ My name is Rajmon എന്നെഴുതിയത്‌ അക്കാലത്താണ്‌. വെല്യ അപകടങ്ങള്‍ ഒന്നുമില്ലാതെ എന്നാല്‍ എടുത്തു പറയത്തക്കനേട്ടങ്ങളുമില്ലാതെ അഞ്ചാം ക്ലാസ്‌ കടന്നു കൂടി. ആ വര്‍ഷം അഗസ്റ്റിന്‍ സാറും അവിടുന്നു കെട്ടുകെട്ടി. ആറാംക്ലാസ്സ്‌ ഞാന്‍ ഓര്‍ക്കുന്നത്‌ സാമൂഹ്യപാഠത്തിനു അനന്തമായി എഴുതിക്കൂട്ടിയ ഇമ്പോസിഷനുകളുടെ പേരിലാണ്‌. ജാന്‍സി മരിയ ടീച്ചര്‍ക്കു നന്ദി. വി-ഗൈഡിലെ വിശകലനങ്ങളും അര്‍ഥങ്ങളും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ച എല്‍സമ്മ ടീച്ചര്‍ വേറൊരോര്‍മ്മ. പ്രസന്റ്‌-പാസ്റ്റ്‌-പാസ്റ്റ്‌ പാര്‍ട്ടിസിപ്പിള്‍ എന്നിങ്ങനെ മൂന്നു സംഗതി ഉണ്ടെന്ന്‌ അറിഞ്ഞത്‌ ആ പ്രായത്തില്‍. അവയില്‍ പാസ്റ്റ്‌ പാര്‍ട്ടിസിപ്പിള്‍ ആയി വരുന്ന പദത്തിന്റെ തനതു മലയാള അര്‍ഥം എന്റെ ഉള്ളില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.

ക്ലാസ്‌ ഏഴ്‌. അഞ്ചിലും ആറിലും കുസൃതിത്തരങ്ങള്‍ക്കു ഇടയ്ക്കിടെ കിട്ടാറുണ്ടായിരുന്ന ചൂരല്‍ക്കഷായം ശകാരത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ അപ്പോഴും ലഭിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും ഞാന്‍ ഒരു ക്രിമിനലായി വിലയിരുത്തപ്പെട്ടില്ല എന്നത്‌ എന്റെ ഭാഗ്യം. ഒത്തിരിക്കാലം കൂടി ആ വര്‍ഷം കണക്കിനു അന്‍പതില്‍ അന്‍പതു വാങ്ങിയതു ശ്രദ്ധേയം. ആ റിസള്‍ട്ട്‌ ജാന്‍സി മരിയ സിസ്റ്ററുടെ മഠത്തിലെ ടേബിളില്‍ നിന്നും വിശ്വസനീയവൃത്തങ്ങള്‍ വഴി ചോര്‍ന്നു ക്ലാസ്സില്‍ വാര്‍ത്തയായി. പിന്നീടിങ്ങോട്ട്‌ വന്ന കണക്കു പരീക്ഷകളെല്ലാം കണക്കായിരുന്നു. അങ്ങനെ പഠിച്ചും വികൃതിത്തരങ്ങള്‍ക്കു തല്ലുകൊണ്ടും കൂട്ടുകാര്‍ക്ക്‌ ഒരു കമ്പനിക്കായി ക്ലാസ്സില്‍ ഉഴപ്പിയും എന്നാല്‍ പരീക്ഷയ്‌ക്കു തെറ്റില്ലാതെ മാര്‍ക്ക്‌ വാങ്ങിയും ഞാന്‍ നീങ്ങുകയാണ്‌. സൈക്കിളില്‍ ലോകം ചുറ്റുന്ന പരിപാടി വാരാന്ത്യങ്ങളില്‍. ഇംഗ്ലീഷിന്റെ ചോദ്യത്തിനു ഉത്തരം തെറ്റിക്കുമ്പോള്‍ അടിയുടെ ഒപ്പം ഈ വിനോദത്തെ ജയിംസ്‌ സാര്‍ കുറ്റപ്പെടുത്തിയിരുന്നു. "മുഴുവന്‍ സമയോം സൈക്കിളിന്റെ പൊറത്തു കേറി നടന്നോ കെട്ടോടാ!" റ്റക്ക്‌! റ്റക്ക്‌! വലത്തെ ഉള്ളംകൈയ്യുടെ തോല്‍ പൊള്ളി.

ആദ്യം പറഞ്ഞ ക്വിസ്‌ മല്‍സരത്തിലേക്ക്‌. ഞങ്ങള്‍ പത്തിരുപതു പേര്‍ ഉണ്ട്‌ ക്വിസ്സിന്‌. വര്‍ഷാവര്‍ഷം നടക്കാറുള്ള സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകളുടെയൊക്കെ ഒരു അധിക ബലം എനിക്കുണ്ട്‌ എന്നതു അനുകൂലഘടകം ആയിരിക്കണം. അന്നു ഫലം വന്നപ്പോള്‍ ഞാനായി മുന്‍പന്‍! ഒരു നിമിഷമാണത്‌, പിന്നീടിങ്ങോട്ട്‌ പല കാര്യങ്ങള്‍ക്കും അടിസ്ഥാനശിലയായ ഒരു സംഭവം.

വിജയി കട്ടപ്പന സെന്റ്‌ ജോര്‍ജ്ജ്‌ സ്കൂളില്‍ വെച്ചു നടക്കുന്ന ഉപജില്ലാതല(അതോ ജില്ലയോ? ഓര്‍മ്മയില്ല) ക്വിസ്‌ മല്‍സരത്തില്‍ പങ്കെടുക്കണം. സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകള്‍ എഴുതാന്‍ പോയി പരിചയം ഉണ്ട്‌. ഇതു അതു പോലെ അല്ലല്ലോ. ക്വിസ്‌ മല്‍സരം അല്ലേ? ഒരു ഉല്‍ക്കണ്‌ഠ. പിറ്റേന്ന്‌ അമ്മയെയും കൂട്ടി മല്‍സരസമയത്തിനു മുന്നേ കട്ടപ്പന സ്‌കൂളില്‍ ചെന്നു. ഉലഹന്നാന്‍ സര്‍ അവിടെ കാത്തു നില്‍ക്കുമെന്നാണു പറഞ്ഞിരികുന്നത്‌. ഇതേ സറിന്റെ ഭാര്യയുടെ വിദ്യാര്‍ഥിനി ആണ്‌ എന്റെ അമ്മ! അതുകൊണ്ട്‌ അമ്മയ്‌ക്ക്‌ സ്വന്തം അദ്ധ്യാപകനോടെന്നപോലെ ഭവ്യതയാണു സറിന്റെ അടുത്തും. എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലാണു മല്‍സരം. അവിടെ വെച്ച്‌ സറിനെ കണ്ടുമുട്ടി. തന്റെ ബാഗില്‍ നിന്നും സര്‍ റെഫറന്‍സ്‌ ലെറ്റര്‍ എടുത്തു. സംഘാടകരെ ഏല്‍പ്പിച്ചു രജിസ്ട്രേഷന്‍ നടത്തി. എന്റെ നമ്പര്‍ കുറിച്ചിട്ടിരുന്ന സ്ഥാനത്തേക്കു ഞാന്‍ നീങ്ങിയപ്പോള്‍ എന്നെക്കാള്‍ ഉല്‍ക്കണ്‌ഠ നിറഞ്ഞ മുഖത്തോടെ വാതില്‍ക്കല്‍ അകത്തേക്കു ശ്രദ്ധിച്ച്‌ അമ്മ നിന്നിരുന്നതു ഞാന്‍ കണ്ടില്ല. സര്‍ മറ്റെന്തോ ഔദ്യോഗികാവശ്യത്തിനായി നീങ്ങി.

മല്‍സരം തുടങ്ങി. ഏതാണ്ട്‌ മുപ്പതു പേരാണു മല്‍സരാര്‍ഥികള്‍. കടുകട്ടി ചോദ്യങ്ങള്‍. പലപ്പോഴും ഉത്തരമില്ലാതിരുന്നു. എന്നാല്‍ ഇടയ്‌ക്കൊക്കെ ചിലതെല്ലാം ശരിയായപ്പോള്‍ സന്തോഷം പൂക്കുറ്റി പോലെ പൊങ്ങി. നമ്മടെ ഒരു ലെവലുവെച്ച്‌ സ്‌കോറുചെയ്യുന്നതെല്ലാം ലാഭം ആണ്‌. മലകളെ സംബന്ധിച്ച ഒരു ചോദ്യത്തിന്‌ ഉത്തരം ഞാന്‍ തെറ്റിക്കുകയും ശരിയുത്തരം കാഞ്ചന്‍ജംഗ ആണെന്നു പഠിക്കുകയും ചെയ്‌തത്‌ അന്നാണ്‌. പിന്നീട്‌ പല മല്‍സരങ്ങളിലും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഈ ആദ്യപിഴവിനെ ഞാന്‍ നന്ദിയോടെ ഓര്‍ത്തു.

ഒരു പഠിപ്പിസ്റ്റ്‌ പയ്യന്‍, കണ്ടാലേ അറിയാം, ക്വിസ്‌ അങ്കം വെട്ടി പറന്നു കേറുന്നു. തെറ്റുന്ന ഉത്തരങ്ങള്‍ നന്നേ കുറവ്‌. ഒരുത്തരം തെറ്റിയാല്‍ അവന്‍ നിരാശനാവും. ഉത്സാഹത്തോടെ പങ്കെടുത്ത ചുറുചുറുക്കുള്ള ആ പയ്യനെ അവിടെ എല്ലാവരും ശ്രദ്ധിച്ചു. മല്‍സരം നടക്കെത്തന്നെ ഉറപ്പായിരുന്നു അവന്‍ തന്നെ വിജയി എന്ന്‌. ശരിയായിരുന്നു. വന്‍ മാര്‍ജ്ജിനോടെ അവന്‍ വിജയി ആയി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ സമ്മാനം വിതരണം ചെയ്യവേ കൈകൊട്ടാന്‍ സ്‌പോര്‍ട്‌സ്‌മാന്‍സ്‌പിരിറ്റോടെ ഞാനും ചേര്‍ന്നു. എന്റെ സ്‌കോറും എന്റെ മുന്നിലുള്ളവരെയും ഞാന്‍ എണ്ണി. എനിക്ക്‌ പത്താം സ്ഥാനം! വൗ!

ഞാന്‍ പുറത്തു വന്നു. അമ്മയോടൊപ്പം തിരികെ നടന്നു. പോരുന്ന വഴിക്ക്‌ മല്‍സരത്തെക്കുറിച്ചു മാത്രം സംസാരിച്ചു. ജയിച്ചവന്റെ സ്‌മാര്‍ട്ട്‌നെസ്സിനെക്കുറിച്ചും.
"അവന്‍ എഴുതുന്ന ഉത്തരങ്ങള്‍ എല്ലാം ശരിയാ, ല്ലേ?" ഞാന്‍ അല്‍ഭുതപ്പെട്ടു.
"ഉം." അമ്മ ശരിവെച്ചു.

ഉച്ചയാകാറായപ്പോഴേക്കും ഞങ്ങള്‍ സ്‌കൂളിലെത്തി. ഫലമറിയാന്‍ ഉലഹന്നാന്‍ സര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

"പത്താം സ്ഥാനമേ കിട്ടിയുള്ളൂ സാറെ!" അമ്മയുടെ സ്വരത്തില്‍ ഒരു തോല്‌വിയുടെ ചുവ തിങ്ങി നിന്നിരുന്നു.

"ആദ്യത്തെ മല്‍സരമല്ലേ? അതു നല്ല സ്ഥാനം തന്നെ." ആ മറുപടി ഒരഭിനന്ദനം ആണെന്നു മനസ്സിലാക്കാന്‍ സറിന്റെ ഇടതുകരം എന്റെ തോളില്‍ തട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ പത്തും ഒരു ജയം തന്നെ എന്നു ഞാനും കരുതി. ഒരുപക്ഷേ, സ്‌കൂളിലെ മറ്റാരെയുംകാള്‍ ഞാന്‍ നന്നായി സ്‌കോര്‍ ചെയ്‌തു എന്നു സര്‍ കരുതിക്കാണണം.

വീണ്ടും വന്നു മല്‍സരങ്ങള്‍. പിന്നെയും അമ്മ കൂട്ടു വന്നു. ഒരിക്കല്‍ ആ മിടുക്കന്‍ പയ്യന്റെ അമ്മയെ അമ്മ പരിചയപ്പെട്ടു. ഒരു ടീച്ചറാണവര്‍. ഉപ്പുതറ ആണോ മാട്ടുക്കട്ട ആണോ സ്ഥലം, കൃത്യമായി ഓര്‍ക്കുന്നില്ല. സെന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിന്റെ ആ മുറ്റത്തു വെച്ച്‌ ഞാന്‍ അവന്റെ ഒപ്പം നടന്നു, അമ്മ ആ ടീച്ചറിനൊപ്പവും. സമ്മാനിതനായ അവന്റെ ഒപ്പം പിന്നാക്കക്കാരനായ ഞാന്‍. ടീച്ചറായ അവരുടെ ഒപ്പം ഒരു സാധാരണ വീട്ടമ്മയായ എന്റെ അമ്മ. ഒരു അപകര്‍ഷതാബോധം എനിക്കുണ്ടെന്നു വായനക്കാര്‍ കരുതിയാല്‍ തെറ്റി. ഇല്ലായിരുന്നു. കാരണം അത്യന്തം സ്‌നേഹത്തോടെ ആ 'ടീച്ചറമ്മ' എന്റെ സ്‌കോര്‍ തിരക്കി. സ്‌കൂളിലെ വിശേഷങ്ങള്‍ ചോദിച്ചു. അമ്മയോട്‌ മറ്റൊരമ്മ അന്വേഷിക്കുന്ന കാര്യങ്ങള്‍ ചോദിച്ചു. ഞാനും ജയിക്കുമെന്നു ആശംസിച്ചു. ആ മിടുക്കന്‍ പയ്യന്‍ ഒരു സഹപാഠിയെപ്പോലെ എന്റെ ഒപ്പം സെന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിന്റെ മുറ്റത്തെ ചെമന്ന മണ്ണിലൂടെ നടന്നു. വിജയിച്ചവനെന്ന ഭാവമില്ലാതെ, തോറ്റവനെന്ന്‌ എന്നെ തരംതിരിക്കാതെ! കാലം ഇപ്പോള്‍ മായ്ച്ചുകൊണ്ടിരിക്കുന്ന, മാല്‍സര്യമില്ലാത്ത ബാല്യത്തിന്റെ നന്മ! പിന്നീടധികം നാള്‍ അവനെ കാണാന്‍ പറ്റിയില്ല. ഭൂമി പിന്നെയും ഒരുപാടു കറങ്ങിയതുകൊണ്ട്‌ ആ മിടുക്കന്‍ പയ്യന്റെ പേരു ഞാന്‍ മറന്നു. ഇന്നിതെഴുതുമ്പോള്‍ ആ പേരെങ്കിലും ഓര്‍ത്തുവെയ്‌ക്കാമായിരുന്നു എന്ന്‌ മന:സാക്ഷി എന്നെ കുറ്റപ്പെടുത്തുന്നു...

(തുടരുമെന്നു പറയേണ്ടതില്ലല്ലോ.)