Saturday, May 21, 2011

'മോഡേണ്‍ മലയാളത്തിന്റെ മമ്മി' -2

കോളേജ്‌ വിദ്യാര്‍ഥികളും മറ്റും ഇപ്പോള്‍ സംസാരിക്കുന്നത് ചാനലുകളിലെ വി.ജെ.മാര്‍ പറയുന്ന അവിയല്‍ ഭാഷ തന്നെ. ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെയാണ്‌. ഭാഷ ഉരുത്തിരിഞ്ഞു വന്ന കാലത്തില്ലാത്ത പലതും പിന്നീടു ജീവിതത്തിന്റെ ഭാഗം ആകുമ്പോള്‍ ഉണ്ടാവുന്ന കടംകൊള്ളലുകളെ അംഗീകരിക്കാം. എഴുത്തച്ഛന്റെയോ മറ്റ്‌ പുരാതന കവികളുടെയൊ കാലത്ത്‌ സ്വിച്ചും ബസും കാറും ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇന്നുണ്ട്‌. തമിഴില്‍ ബസ്സിനു പേരുന്ത്‌ എന്നു പറയും. മലയാളത്തില്‍ ബസെന്നുതന്നെ പറയണം. അവരുടെ ഔദ്യോഗിക വിനിമയങ്ങളില്‍ ഇത്തരം വാക്കുകളുടെ പ്രയോഗം സ്വാഭാവികവും സാധാരണവുമാണ്‌. അതു കൊണ്ട്‌ തത്തുല്യപദങ്ങള്‍ ഇല്ലാത്തിടത്തോളം മലയാളം അന്യഭാഷാപദങ്ങളുടെ വരവ്‌ അംഗീകരിച്ചേ പറ്റൂ.

ന്യായം ഇതായിരിക്കേ, ഇന്നു നമ്മളൊക്കെ ഒരു നിസ്സാരകാര്യം പറയാന്‍ പോലും അനേകം ഇംഗ്ലീഷ്‌ വാക്കുകളെ അനാവശ്യമായി ആശ്രയിക്കുന്നുണ്ട്‌. കടയില്‍ ചെന്നു ഷുഗര്‍ വേണം എന്നു പറയുന്നു. തീപ്പെട്ടിക്കു പകരം മാച്‌ ബോക്സ്‌ എന്നു പറയുന്നു, ടീ/കോഫീ.... നിത്യജീവിതത്തില്‍ ഇംഗ്ലീഷ് എത്ര മാത്രം വലിയ കടന്നുകയറ്റമാണു നടത്തുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? പ്രാതല്‍ - ബ്രേക്ക്‌ ഫാസ്റ്റ്‌-ന്റെ മലയാള വാക്കാണ്‌. എന്റെ മുത്തശ്ശി അതു ഉപയോഗിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇന്ന് ആരും ഉപയോഗിക്കാറില്ല. കാപ്പികുടി എന്നോ ബ്രേക്ക്‌ ഫാസ്റ്റ്‌ എന്നോ പറയും. ഈ വാക്കൊക്കെ അന്യം നിന്നു പോകും. തമിഴിലാണെങ്കില്‍ ഓരോ ഓഫീസും സ്ഥാനങ്ങളും വരെ തമിഴിലാക്കിയാണു പറച്ചില്‍. അവര്‍ അതു പറയുമ്പോള്‍ സ്വാഭാവികം ആണു താനും. സംവിധായകന്‌ 'ഇയക്കുനര്‍' എന്നു പറയും അവിടെ, പരമാവധി- നമ്മളോ, സംവിധായകന്‍ എന്നു പോലും പറയാന്‍ മെനക്കെടാതെ 'ഡയറക്ടര്‍' എന്നു പറഞ്ഞുകളയും. നമ്മള്‍ക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാന്‍ ഒരു ത്വര ഉണ്ട്‌. ഇംഗ്ലീഷ്‌ സംസാരിക്കാനറിയാമെന്നത്‌ അറിവിന്റെ മറ്റൊരു അളവുകോലാകുന്ന നാട്ടില്‍ അതറിയാവുന്നവര്‍ സ്ഥാനത്തും അസ്ഥാനത്തും അതു പ്രയോഗിച്ചതോടെയാണ്‌ സംസാരഭാഷയില്‍ ഇത്രമാത്രം ഇംഗ്ലീഷ്‌ പദങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായത്‌. ഇതൊഴിവാക്കാന്‍ ആരും ശ്രമം നടത്തുന്നില്ല, അല്ലെങ്കില്‍ ഇതു നല്ല പ്രവണതയല്ല എന്നു തന്നെ വിചാ‍രിക്കുന്നില്ല. നല്ലരീതിയില്‍ സഹായിക്കാന്‍ പറ്റുന്ന മാധ്യമങ്ങളാവട്ടെ, ഇതാണു മനോഹരം എന്ന കണക്കെയാണ്‌ വികലമലയാളത്തെ സംപ്രേഷണം ചെയ്യുന്നത്‌. ആത്മാര്‍ഥമായിപ്പറഞ്ഞാല്‍ നമ്മുടെ ചാനലുകളിലെ പല പരിപാടികളിലെയും അവതരണഭാഷ കേട്ടാല്‍ ഞാന്‍ ചാനല്‍ മാറ്റുകയാണ്‌ പതിവ്‌.

പണ്ടുള്ള അദ്ധ്യാപകരെ നോക്കൂ. എത്ര കടുത്ത പാഠഭാഗവും വായിച്ച്‌ അതേ ഭാഷയില്‍ത്തന്നെ ലളിതമായി വിശദീകരിച്ചു തരാന്‍ അവര്‍ക്കാകുമായിരുന്നു. അവരുടെ പദസമ്പത്തും ഭാഷ ഉപയോഗിച്ചുള്ള തഴക്കവും തന്നെയാണ്‌ ആ സിദ്ധിയുടെ പിന്‍ബലം. എന്നാലിന്നു സംഭവിക്കുന്നതോ? മലയാളത്തില്‍ ഒരു സംഭവം പറഞ്ഞുപിടിപ്പിക്കുന്നതിനിടയില്‍ എത്രയെത്ര ഇംഗ്ലീഷ്‌ വാക്കുകളാണ്‌ നാം കുത്തിത്തിരുകുന്നത്‌? ചിലപ്പോഴെല്ലാം ഹിന്ദിയും! ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു - മലയാളിയായ ഒരു പെണ്‍കുട്ടി ഓണാഘോഷപരിപാടിക്കു തന്റെ ആശയം പറഞ്ഞപ്പോള്‍ ആ വാക്യത്തില്‍ ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ മൂന്നുഭാഷകള്‍ കലര്‍ന്നിരുന്നു. രണ്ടുകാര്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ അവള്‍ ഉപയോഗിച്ചതു ഹിന്ദിയിലെ കി എന്ന പദം. കേട്ടവര്‍ക്ക്‌ എന്തോ ഒരു അസ്കിത തോന്നി. കൂട്ടത്തില്‍ ഇതു പ്രത്യേകം ശ്രദ്ധിച്ച എന്റെ സുഹൃത്ത്‌ ചിരിയടക്കാന്‍ പാടുപെട്ടു. ഇടയ്ക്ക്‌ ഈ പെണ്‍കുട്ടി ഒരു ഫോണ്‍ വിളി വന്നിട്ട്‌ പുറത്തു പോയപ്പോള്‍ അതുവരെ ആഘോഷപരിപാടികള്‍ ആലോചിച്ചിരുന്നവര്‍ ഒന്നിച്ചൊന്നു ചിരിച്ചു. മറ്റൊരവസരത്തില്‍, മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളി, ഞാന്‍ മലയാളിയാണെന്നു കണ്ട്‌ എന്നോട്‌ മാതൃഭാഷാസ്നേഹം പുറത്തെടുത്തു. സഹികെട്ട്‌, ഞാന്‍ ഒടുക്കം 'സര്‍, യു മേ സ്പീക്‌ ഇന്‍ ഇംഗ്ലീഷ്‌, ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ്‌ ഇറ്റ്‌ ബെറ്റര്‍ ദാന്‍ യുവര്‍ മലയാളം' എന്നു പറയേണ്ടിവന്നു‌. മറുനാടന്‍ മലയാളികളുടെ ഒരു ഗതികേട് നല്ല മലയാളം സംസാരിക്കാന്‍ ആശയുണ്ടെങ്കിലും പറ്റാതെ പോകുന്നതാണ്. ഇക്കാര്യത്തില്‍ അതാതു നാട്ടിലെ മലയാളി സംഘടനകള്‍ക്കു സഹായിക്കാവുന്നതാണ്‌; മലയാളം പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിച്ചും മലയാളപുസ്തകങ്ങളും ആനുകാലികങ്ങളും പ്രോല്‍സാഹിപ്പിച്ചും മറ്റും.

കേരളത്തിലേക്കു വരാം. ആദ്യം പറഞ്ഞതു പോലെ, ടീനേജുകാരുടെയും മറ്റും സ്ലാങ്ങ്‌ പത്തു വര്‍ഷം മുന്‍പ്‌ കേരളത്തില്‍ കേട്ടുകൊണ്ടിരുന്ന വാമൊഴിയില്‍ നിന്നും ഒരുപാടു ചേഞ്ച്‌ ആയിട്ടുണ്ട്‌. ഈ അവിയല്‍ മലയാളത്തിന്റെ പ്രചാരത്തിന്‌ ഇത്രയും സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഇന്നത്തെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളാണ്‌. ഒന്നാം ഭാഗത്തില്‍ പറഞ്ഞ തിരുവനന്തപുരം ശൈലിയുടെ പ്രചാരം തന്നെ മികച്ച ഉദാഹരണം. അന്നും ഇന്നും ഒരു കണ്ട്രോളുമില്ലാത്ത ഒരു മാധ്യമമാണു ടി.വി. അതുപോലെ തന്നെയാണ്‌ അതിലെ പ്രോഗ്രാമുകളും പ്രസന്റേഷനും എന്തിന്‌, ന്യൂസ്‌ വരെ. അതിലൂടെ കാണുന്നതാണു ലോകം എന്നു ധരിക്കാന്‍ തക്ക മണ്ടന്മാരൊന്നുമല്ല എല്ലാവരും, എന്നിരുന്നാലും പതിയെപ്പതിയെ ആ സ്റ്റൈലൊക്കെ ഓരോരുത്തരിലും വേരുറയ്ക്കുന്നു എന്നതാണു നേര്‌.

(മുകളില്‍ പറഞ്ഞിരിക്കുന്ന ഭാഷയാണ്‌ സമകാലിക മലയാള വാമൊഴി. അതിന്റെ മറ്റൊരു രൂപം ചുവടെ ചേര്‍ക്കുന്നു.

കേരളത്തിലേക്കു വരാം. ആദ്യം പറഞ്ഞതു പോലെ, കൗമാരക്കാരുടെയും മറ്റും സംസാരശൈലി എന്നത്‌ പത്തു വര്‍ഷം മുന്‍പ്‌ കേരളത്തില്‍ കേട്ടുകൊണ്ടിരുന്ന വാമൊഴിയില്‍ നിന്നും ഒരുപാടു മാറിപ്പോയിട്ടുണ്ട്‌. ഈ അവിയല്‍ മലയാളത്തിന്റെ പ്രചാരത്തിന്‌ ഇത്രയും വളം വെച്ചു കൊടുക്കുന്നത്‌ ഇന്നത്തെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളാണ്‌. ഒന്നാം ഭാഗത്തില്‍ പറഞ്ഞ തിരുവനന്തപുരം ശൈലിയുടെ പ്രചാരം തന്നെ മികച്ച ഉദാഹരണം. അന്നും ഇന്നും ഒരു നിയന്ത്രണവുമില്ലാത്ത ഒരു മാധ്യമമാണു ടി.വി. അതുപോലെ തന്നെയാണ്‌ അതിലെ പരിപാടികളും അവതരണവും എന്തിന്‌, വാര്‍ത്തകള്‍ വരെ.)


സൂക്ഷിച്ചു നോക്കിയെങ്കില്‍ മാത്രമേ ആദ്യത്തെ ഖണ്ഡികയില്‍ ഇടയ്ക്കെല്ലാം മിന്നിമറയുന്ന ഇംഗ്ലീഷ്‌ വാക്കുകളെ നാം ശ്രദ്ധിക്കൂ. അത്രയ്ക്കു സ്വാഭാവികതയാണ്‌ മായം കലര്‍ന്ന ആ മലയാളത്തിലും നമുക്കു തോന്നുക. അപ്പോള്‍ അറിഞ്ഞിട്ടും തിരുത്താത്ത ഉത്തരവാദിത്വപ്പെട്ടവരെ, തിരുത്തിയിട്ടും കൂട്ടാക്കാത്ത പൊതുജനത്തെ, സ്വയം തിരിച്ചറിയാത്ത വ്യക്തികളെയൊക്കെ ഇതു ചൂണ്ടിക്കാട്ടാനാണ്‌ ഈ കുറിപ്പ്‌.

കേരളത്തില്‍ ഇന്നേറ്റവും പ്രശസ്തമായ ടീവി പരിപാടിയാണ്‌ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍. (പകിട്ടു പോരാ! റിയാലിറ്റി ഷോ എന്നു തന്നെ പറയണം.) അതിന്റെ അവതാരക, രഞ്ജിനി ഹരിദാസ്‌ തന്നെ ആവണം ഇന്നു മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ടിവി താരവും. കാരണം ഒരൊറ്റ അവാര്‍ഡ്‌ നിശയും ഈ സ്ത്രീയുടെ അവതരണചാതുരിയില്ലാതെ ഭൂമിമലയാളത്തില്‍ അരങ്ങേറില്ല എന്ന അവസ്ഥയായിരിക്കുന്നു. അംഗഭംഗം വന്ന മലയാളഭാഷയെ ഈ നാട്‌ ഇത്രമാത്രം നെഞ്ചേറ്റിവെയ്ക്കാന്‍ ഈ സ്ത്രീയുടെ ജനപ്രീതി കുറച്ചൊന്നുമല്ല സഹായിച്ചത്‌. എത്ര ഗുണഗണങ്ങള്‍ നിരത്തിക്കോളൂ, എല്ലാറ്റിനെയും ഇല്ലാതാക്കുന്ന തരം ജീവനറ്റ, തരംതാണ, സങ്കരയിനം മലയാളമാണ്‌ ഗ്ലാമറിന്റെ മിന്നലാട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ വിതറിവിടുന്നത്‌. അവരുടെ ഇംഗ്ലീഷ്‌ സംസാരം, പതിവ്‌ അവതാരകരില്‍ കാണാന്‍ കിട്ടാത്തവിധം സമ്പന്നമായിരിക്കാം. വേദി കയ്യടക്കാനുള്ള കഴിവ്‌ മെച്ചം തന്നെ. ഏതു വേഷവും കെട്ടാനുള്ള തന്റേടം മറ്റൊരു ചര്‍ച്ചയ്ക്കു തന്നെ വിഷയമാക്കാവുന്നതാണ്‌. പ്രസന്നവും ചുറുചുറുക്കുള്ളതുമായ പെരുമാറ്റം, മല്‍സരാര്‍ത്ഥികളുടെയും വിധികര്‍ത്താക്കളുടെയും മദ്ധ്യവര്‍ത്തി എന്നനിലയിലെ പ്രവര്‍ത്തനം, എല്ലാം ഒന്നാം തരം തന്നെ. പക്ഷേ, ഇത്ര വിലകെട്ട മലയാളം പറയുന്ന ഒരാള്‍ക്കുവേണ്ടി മലയാളക്കരയൊന്നാകെ കയ്യടിക്കുന്നതു കാണുമ്പോള്‍ എനിക്കു അല്‍പം വിഷമമുണ്ട്‌. കാരണം, ഇവര്‍ പറയുന്നതാണു 'സ്റ്റൈലിഷ്‌ ലാങ്ങ്വേജ്‌' എന്നും ഇങ്ങനെയാണു 'ബോള്‍ഡ്‌' ആയ ആള്‍ക്കാര്‍ എന്നുമൊക്കെ നിനയ്ക്കുന്ന, അതുപോലെയാകാന്‍ ശ്രമിക്കുന്ന പലരുമുണ്ടിവിടെ. ഇത്രയും ജനപ്രീതിയുള്ള ഒരു പരിപാടിക്കുള്ള സാമൂഹികവും സാംസ്കാരികവുമായ കടമയും ഉത്തരവാദിത്വവും മറന്നുകൊണ്ടാണ്‌ രഞ്ജിനിയുടെ ഞൊണ്ടിമലയാളം പ്രേക്ഷകനിലേക്ക്‌ ഏഷ്യനെറ്റും കൂട്ടരും എത്തിക്കുന്നത്‌.

സംശുദ്ധമലയാളം പോലും ആംഗലേയവല്‍ക്കരിച്ച്‌ പറയുന്നതാണു സ്റ്റൈലിഷ്‌ എങ്കില്‍ രഞ്ജിനിക്കു ഞാന്‍ ശിഷ്യപ്പെടാം. എം.ജി. ശ്രീകുമാര്‍ എന്ന ശ്രീയേട്ടന്‍ രഞ്ജിനിയുടെ രസനയില്‍ 'ശ്ഴീയേട്ടനും' ശരത്‌ സര്‍ 'ശഴത്‌ സറും' ചിത്രച്ചേച്ചി 'ചിത്ഴച്ചേച്ചി'യുമൊക്കെ ആകുന്നതോടൊപ്പം അമ്പലപ്പുഴ എന്നവള്‍ പറയുന്നതിലെ ഴ എഴുതിഫലിപ്പിക്കാന്‍ ഞാന്‍ പഠിച്ച അക്ഷരമാല മതിയാവാതെ വരുന്നു. ചില നേരം ഈ പരിപാടി മലയാളത്തിലാണോ ഇംഗ്ലീഷിലാണോ അവതരിപ്പിക്കപ്പെടുന്നതെന്ന സംശയവുമുണ്ടാകും. നന്നായി ഇംഗ്ലീഷ്‌ ഉപയോഗിക്കാനറിയാമെങ്കില്‍ അത്‌ അങ്ങനെയുള്ളിടത്തുവേണം പ്രയോഗിക്കാന്‍. നേരാംവണ്ണം ഭാഷ ഉപയോഗിക്കാനറിഞ്ഞുകൂടാഞ്ഞിട്ടൊന്നും അല്ലല്ലോ. പല ഭാഷകള്‍ അറിയാമെന്നത്‌ ഏതെങ്കിലും ഒരു ഭാഷയെ മലീമസപ്പെടുത്തുന്നതിനു എങ്ങനെ കാരണമാകും? ഞാനോ താങ്കളോ ഇംഗ്ലീഷ്‌ സംസാരിക്കുമ്പോള്‍ അതിനിടെ മലയാളപദങ്ങളോ വാക്യങ്ങളോ തിരുകിവെയ്ക്കാറുണ്ടോ? ഇല്ലല്ലോ! അപ്പോള്‍പ്പിന്നെ മലയാളം സംസാരിക്കുമ്പോള്‍ എന്തിന്‌ (കുറഞ്ഞപക്ഷം)നല്ല മലയാളം അറിയാവുന്ന ഒരാളുടെ ഭാഷയില്‍ അന്യഭാഷ കടന്നു കയറണം?

രഞ്ജിനി തന്നെ നല്‍കിയ ഒരു വിശദീകരണം ഉണ്ട്‌. വര്‍ഷങ്ങളോളം തുടര്‍ച്ചയായി വിദേശത്തായിരുന്നതിനാല്‍, മലയാളത്തിലെ പ്രാവീണ്യം കുറഞ്ഞു എന്ന്‌. എത്ര സുന്ദരമായ ന്യായം. മാതൃഭാഷ അത്രയ്ക്കങ്ങു മറക്കാന്‍ ഈ കാലഘട്ടം കൊണ്ടാണോ അവരുടെ നാവുറച്ചത്‌? അതോ ഇവര്‍ മലയാളം കേള്‍ക്കാനും പറയാനും വായിക്കാനും കുറഞ്ഞപക്ഷം ഓര്‍ക്കാന്‍ കൂടി സൗകര്യമില്ലാതിരുന്ന എവിടെങ്കിലുമാണോ കഴിഞ്ഞിരുന്നത്‌? അങ്ങനെയെങ്കില്‍ കുറേക്കാലംകൂടി കഴിഞ്ഞായിരുന്നു സ്വദേശത്തു വരാന്‍ അവര്‍ക്കു തരപ്പെട്ടിരുന്നതെങ്കില്‍, ഒരു നാടന്‍ പ്രയോഗം കടമെടുത്താല്‍, 'അപ്പനെക്കേറി ഔസേപ്പുകുട്ടീ എന്നു വിളിക്കുന്ന' പരുവത്തില്‍ ഇവര്‍ മാറിപ്പോയേനേമല്ലോ? പിന്നെ, വേറൊരാള്‍ ദീദി. ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്‌ എന്നു പറഞ്ഞപോലെ. ദീദിക്കു മലയാളവും ഇംഗ്ലീഷും ഹിന്ദിയും തമിഴും നന്നായി അറിയാം. മിക്കവാറും മലയാളികള്‍ മാത്രം കാണുന്ന ഈ പരിപാടിയിലിരുന്ന്‌ അവര്‍ ഈ നാലുഭാഷയും പറയും. "യുവര്‍ പെര്‍ഫോമന്‍സ്‌ വസ്‌, ഫന്റാസ്റ്റിക്‌, മാര്‍വെലസ്‌, റൊംബ നല്ലാ ഇരുന്തത്‌, വസ്‌ സോ ഗുഡ്‌, ശ്രുതി ഇടയ്ക്കു പോയി, ആനാലും നീങ്ക റൊമ്പ നല്ല പെര്‍ഫോം ചെയ്തു...." ആസകലം പെരുത്തുവരും! ഇതൊക്കെ കേട്ട്‌ വായ്‌ ആറിഞ്ചുനീളത്തില്‍ വിടര്‍ത്തിച്ചിരിച്ച്‌ അടുത്ത അവിയല്‍ ഡയലോഗ്‌ "നെക്സ്റ്റ്‌ പെര്‍ഫോമന്‍സിനായി നമ്മുടെയെല്ലാവരുടെയും പ്ഴിയപ്പെട്ട കുറ്റപ്പനെ ക്ഷണിക്കുന്നു.. കുറ്റപ്പന്‍ ഫ്രം ഖൊയിലാന്റി...!" മനസ്സിലിട്ടുരുട്ടി നമ്മുടെ നായിക നില്‍പ്പുണ്ടാവും. മോഡേണ്‍ മലയാളത്തിന്റെ ആള്‍രൂപമായിട്ട്‌! അതെ, മോഡേണ്‍ മലയാളത്തിന്റെ മമ്മി! (എഴുത്തച്ഛന്‍ എന്നോടു പൊറുക്കട്ടെ!)

ആദ്യമൊന്നും അത്ര സ്വീകാര്യമല്ലാതിരുന്ന ഈ മലയാളം 'ഇരുളും മെല്ലെ വെളിച്ചമായ്‌ വരും' എന്ന തത്വപ്രകാരം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്‌. ഇടയ്ക്ക്‌ രഞ്ജിനി മാറിക്കഴിഞ്ഞ്‌ പരിപാടിയുടെ ജനപ്രീതി തിരിച്ചു പിടിക്കാനായി അവരെത്തന്നെ തിരികെ അവതാരകയാക്കുകയും ചെയ്തു. നല്ലതല്ല എന്നറിഞ്ഞിട്ടും ഉള്ളിലാക്കുന്നതിനെ ആരു ചെറുക്കും? അവരുടെ മലയാളം പറച്ചിലാവില്ല അവരുടെ താരപരിവേഷത്തിനു കാരണം എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

അടുത്തിടെ ശ്രദ്ധിച്ച ഒരു നല്ല കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ ഗായിക ഇപ്പോള്‍ മലയാളത്തില്‍ പേരെടുത്തുകഴിഞ്ഞു. ഇന്ത്യയിലെ പലഭാഷകളിലും പാടിയ കഴിവുറ്റ ആ കലാകാരി പാടിയ മലയാളഗാനങ്ങള്‍ കേട്ടാല്‍ ഗായിക മലയാ‍ളിയല്ല എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നാം. ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു: “പാട്ട് ഏതുഭാഷയിലാണെങ്കിലും അതിന്റെ ഓരോവരിയിലുമുള്ള അര്‍ഥം മനസ്സിലാക്കി പാടാനാണു ഞാന്‍ ശ്രമിക്കുക. മലയാളത്തില്‍ പാടാനെത്തിയപ്പോള്‍ ശരിക്കു ബുദ്ധിമുട്ടി. മറ്റുഭാഷകള്‍ പോലെയല്ല മലയാളം. ഓരോവരിയിലും ചെറിയൊരു ഹമ്മിങ്ങില്‍ പോലും ഭാവം ക്രമീകരിച്ചു വേണം പാടാന്‍. ഉച്ചാരണശുദ്ധിയും എളുപ്പമല്ല. വളരെ കഷ്ടപ്പെട്ടിട്ടാണ് മലയാളത്തില്‍ പാടാന്‍ കഴിഞ്ഞത്.” മൂന്നുനാലുവര്‍ഷം മുന്‍പ് അവര്‍ പാടിയ ഒരു മലയാളഗാനവും അടുത്തിടെ ഇറങ്ങിയ ഒന്നും ഒരുമിച്ചു കേട്ടാല്‍ അവരുടെ പുരോഗതി നേരിട്ടറിയാന്‍ സാധിക്കും. അര്‍പ്പണബോധവും പരിശ്രമവുമാണ് ഇത്ര ഉച്ചാരണശുദ്ധിയോടെ പാടുവാന്‍ അവരെ പ്രാപ്തയാക്കുന്നത്. ഓരോ വാക്കിന്റെയും അര്‍ത്ഥം മനസ്സിലാക്കി മണിക്കൂറുകള്‍ സമയമെടുത്ത് പാട്ടു മുഴുവന്‍ പഠിച്ചെടുത്ത ശേഷമാണ് ശ്രേയ പാടുന്നതെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളികള്‍ക്കു പോലും താല്പര്യമില്ലാത്ത ഒരു സമര്‍പ്പണമനോഭാവം.

അന്‍പതു പേര്‍ ഈ ലേഖനം വായിച്ചിട്ട്‌ അവരില്‍ മുപ്പതു പേര്‍ക്ക്‌ തിരിച്ചറിവുണ്ടാവുകയും നല്ല മലയാളം സംസാരിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്താല്‍ ഈ ലേഖനം ഫലം കണ്ടു എന്നു പറയാം. അതു മറ്റുള്ളവരിലേക്കു പകരാന്‍ കൂടി നിങ്ങള്‍ക്കു കഴിഞ്ഞാല്‍ വളരെ നല്ലത്‌. നല്ല മലയാളം സംസാരിച്ചു എന്നതു കൊണ്ട്‌ നിങ്ങളുടെ ഇംഗ്ലീഷ്‌ ചീത്തയാവില്ല, മാത്രമല്ല മലയാളത്തിന്റെ ഇടയില്‍ ഇംഗ്ലീഷ്‌ പദങ്ങള്‍ തിരുകി വെച്ചതു കൊണ്ട്‌ നിങ്ങളുടെ ഇംഗ്ലീഷ്‌ നന്നാവാനും പോണില്ല. രണ്ടും അതിന്റെതായ രീതിയില്‍ നന്നായി ഉപയോഗിച്ചു പഠിക്കണം. മലയാളം പറയേണ്ടിടത്തു നല്ല മലയാളവും ഇംഗ്ലീഷ്‌ പറയേണ്ടിടത്തു നല്ല ഇംഗ്ലീഷും പറയൂ, അതാണു ഭാഷാശുദ്ധി. ചെമ്മനം ചാക്കോയുടെ ഒരു കവിത പണ്ട്‌ പഠിച്ചതോര്‍ക്കുന്നു. മരിക്കാന്‍ കിടക്കുന്ന മുത്തശ്ശിക്ക്‌ അന്ത്യശ്വാസം വലിക്കുന്നതിനു മുന്‍പേ മക്കളും കൊച്ചുമക്കളുമൊക്കെ മാതൃഭാഷയില്‍ തന്നെ വിളിക്കുന്നതൊന്നു കേള്‍ക്കണം. കവി പണ്ടെഴുതിയതാണെങ്കിലും സത്യമായി വരുമെന്നതില്‍ സംശയമില്ല. ഇംഗ്ലീഷ്‌ കോള കുടിച്ചോളൂ, പക്ഷേ നമ്മുടെ കരിക്കിന്‍ വെള്ളം ഉപേക്ഷിക്കരുത്‌. മാത്രവുമല്ല, അതു താഴേത്തട്ടിലേക്കു ശുദ്ധമായി പകര്‍ന്നു നല്‍കുകയും വേണം.

Related read : Images 7 - 12 of keralakaumudi June-12, 2010

7 comments:

  1. മറ്റു ഭാഷകളില്‍ നിന്നും കടമെടുക്കുന്നതും സ്വന്തമാക്കുന്നതും ഭാഷയെ സമ്പന്നമാക്കുകയെ ഉള്ളു എന്നണെനിക്കു തോന്നുന്നത്. പിന്നെ തനി മലയാളം മാത്രം പറയണമെന്നൊക്കെ നിറ്ബന്ധം പിടിക്കേണ്ട ആവശ്യമുണ്ടോ? Afterall, language is for communication. പിന്നെ ഒന്നു രണ്ടു കൊല്ലം മാറി നില്ക്ക്ളെക്കും മലയാളം മറന്നുപോയി എന്നൊക്കെ പറയുന്നതു വിശ്വസിക്കാനൊരു ബുദ്ധിമുട്ട്.

    ReplyDelete
  2. "ഭാഷ ഉരുത്തിരിഞ്ഞു വന്ന കാലത്തില്ലാത്ത പലതും പിന്നീടു ജീവിതത്തിന്റെ ഭാഗം ആകുമ്പോള്‍ ഉണ്ടാവുന്ന കടംകൊള്ളലുകളെ അംഗീകരിക്കാം. എഴുത്തച്ഛന്റെയോ മറ്റ്‌ പുരാതന കവികളുടെയൊ കാലത്ത്‌ സ്വിച്ചും ബസും കാറും ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇന്നുണ്ട്‌. തത്തുല്യപദങ്ങള്‍ ഇല്ലാത്തിടത്തോളം മലയാളം അന്യഭാഷാപദങ്ങളുടെ വരവ്‌ അംഗീകരിച്ചേ പറ്റൂ." എന്നു ഞാന്‍ പറഞ്ഞിരുന്നു.

    ഭാഷയുടെ ഉയര്‍ച്ചയെ സഹായിക്കുന്ന കടംകൊള്ളലുകള്‍ നല്ലതു തന്നെ. എന്നാല്‍ നിലവിലുള്ളതിനെ തള്ളിക്കളഞ്ഞ്‌ മറ്റുഭാഷകളിലെ വാക്കുകള്‍ വാമൊഴിയില്‍ കയറി ഇരിപ്പുറപ്പിക്കുന്നത്‌ ആരോഗ്യകരമായ പ്രവണതയല്ല. അയല്‍പക്കത്തെ ചേട്ടന്‍ കുടുംബത്തു കയറി അപ്പന്റെ സ്ഥാനത്തിരിക്കുന്നത്‌ എനിക്കു സങ്കല്‍പ്പിക്കാന്‍ വയ്യ.

    ReplyDelete
  3. മറ്റു ഭാഷകളിൽ നിന്നും കടമെടുത്ത് മലയാളഭാഷ സമ്പന്നമാക്കുക എന്നാൽ, ഉള്ള മലയാള വാക്കുകളെ മാറ്റി വേറെ ഭാഷയിലെ വാക്കിനെ പകരം വയ്ക്കുന്നതായിരിക്കരുത്. അത് ഏതൊരു ഭാഷയ്ക്കും നന്നല്ല്ല. പുതിയ സാങ്കേതിക പദങ്ങൾക്ക് തുല്യമായ പദങ്ങൾക്ക് നമ്മുടെ ഭാഷ വഴങ്ങുന്നില്ലെങ്കിൽ അത് വികലമാക്കാതെത്തന്നെ സ്വീകരിക്കുന്നതാണ് നല്ലത്.
    ‘സ്വിച്ച്’ എന്ന പദത്തിന് നമ്മൾ കണ്ടെത്തിയിട്ടുള്ള പദം (വാചകം) അരോചകമുണ്ടാക്കും. അതുപോലെ ‘പ്ലാറ്റ്ഫോം’ എന്നാൽ അത് തീവണ്ടിയാപ്പീസിൽ മാത്രം കാണുന്ന ഒന്നാണെന്നു ധരിച്ച് ഒരു മലയാള വാക്ക് കേൾക്കാം. അതും അബദ്ധവും അരോചകവുമാണ്.

    ReplyDelete
  4. രാജ് ... ഒരു രണ്ടു കൊല്ലത്തോളമായി താങ്കളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്നു . ഇത് പക്ഷെ ആദ്യത്തെ കമന്റ്‌ ആണ് . നമ്മള്‍ പറയണമെന്ന് ആഗ്രഹിക്കുന്ന കാര്യം (സ്വന്തമായി ബ്ലോഗ്‌ ഇല്ലാത്തത് കൊണ്ടോ, വ്യക്തമായി എഴുതാനുള്ള ഭാഷാ ശുദ്ധി ഇല്ലാത്തതുകൊണ്ടോ തുറന്നു പറയാനുള്ള നട്ടെല്ല് ഇല്ലാത്തതു കൊണ്ടോ ഒക്കെ പറയാതിരുന്നിട്ടു ) താങ്കളെ പോലുള്ള ആരെങ്കിലും വേണ്ട പോലെ ആ വിഷയത്തെ കൈകാര്യം ചെയ്യുന്ന കാണുമ്പോള്‍ - ഒരു സംതൃപ്തി!!!. ആ ഉദാഹരണം കിടിലം.

    ReplyDelete
  5. മലയാളിയെ പോലെ ഭാഷാഭിമാനം ഇല്ലാത്തവരെ കാണുക പ്രയാസമാണ്......... ഇത്ര വൃത്തികെട്ട മാനസിക നിലവാരത്തകര്‍ച്ച നേരിടുന്ന മലയാളികളെ നേര്‍വഴിക്കു നടത്താം എന്ന് കരുതിയവരില്‍ ഏറ്റവും ഒടുവിലത്തെ കണ്ണി മാത്രമാണ് അങ്ങ്......മുന്‍പുള്ളവര്‍ പരാജയപ്പെട്ടു എന്നത് കൊണ്ടല്ല അത് അസാധ്യമാണെന്ന് ഞാന്‍ പറയുന്നത്..........പക്ഷെ, ഇതിന്റെയും മൂലകാരണമായി( റൂട്ട് കോസ്) വേറൊന്നുണ്ട്...........

    വൈദേശികമായതെന്തും ഉന്നത നിലവാരം പുലര്‍ത്തും എന്ന ധാരണ. മോനോ, മോളോ സ്റ്റേറ്റ്സില്‍ ആണെന്ന് പറയുന്ന മമ്മിമാരുടെ നാട്ടില്‍, അടുത്തുള്ള കുടുംബശ്രീ ഉണ്ടാക്കുന്ന സോപ്പ് വാങ്ങാതെ 'Dove' സോപ്പെ വാങ്ങൂ എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ നാട്ടില്‍, 'Toilet Paper' ഉപയോഗിച്ച് ശൌചം നടത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന നാട്ടില്‍.... സ്വന്തം പുഴ വരളുമ്പോളും, പെങ്ങന്മാരുടെ തീവണ്ടി യാത്രകള്‍ ഭയപ്പെടുത്തുന്നതാകുമ്പോളും ഒന്നനങ്ങാത്ത, ഉരിയാടാത്ത, ഷണ്ഡന്‍മാരുടെ നാട്ടില്‍, ഭാഷയ്ക്ക്‌ മാത്രം ഒരു നല്ല ഭാവി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് ശുഭാപ്തിവിശ്വാസത്തിന്റെ

    ഗുരുതരാവസ്ഥയായി എനിക്ക് തോന്നുന്നു രാജെ.

    എങ്കിലും ഈ ഉദ്യമം നാം തുടരുക........ എല്ലാ ആശംസകളും........

    "എല്ലാം നശിച്ചു പോയിട്ടില്ല, പോവില്ല..................."

    ReplyDelete
  6. ഭാഷകള്‍ ജനിക്കുന്നത് ജീവിക്കുന്ന സമൂഹത്തിന്റെ കൂടെയല്ലേ, പണ്ട് സംസ്ക്രത ക്ര്തികലായിരുന്ന്നു കൂടുതല്‍ ഇന്ന് അവയ്ക്ക് നിലനില്‍പ്പ്‌ ഇല്ലാതായി കൊണ്ടിരിക്കുന്നു, അതുപോലെ താനെ മലയാള ഭാഷയും നാളെ മറ്റൊരു ഭാസക്ക് വഴി മാറുകയോ അതില്‍ ലയിക്കുകയോ ചെയ്യില്ലേ ?

    നമ്മുടെ ഭാഷയ്ക്ക്‌ തമിളിനെപോലെയോ തെലുങ്കിനെ പോലെയോ എല്ലാ വാക്കുകളെയും സൂചിപ്പിക്കാനുള്ള കഴിവോ, വ്യപ്തിയോ ഇല്ല എന്നു നാം തിരിച്ചറിയണം കൂടാതെ മലയാളികളെ നോക്കി വളര്‍ത്തുന്നത് മലയാലെതര സമൂഹമാണ് (കൂടുതലായി ) അതിനോട് ലയിക്കുന്നതിനെ നാം എങ്ങിനെയാണ് തടയാന്‍ കഴിയുക ????

    ReplyDelete
  7. പുഴവക്കില്‍ പറഞ്ഞത് ഒരു പ്രതിഭാസമാണ്‌. ലോകത്തെ എല്ലാ പ്രാദേശിക ഭാഷകളും ഈ ഒരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതു സത്യമാണ്‌. എന്നിരുന്നാലും തനതുരൂപത്തില്‍ നിന്നുമുള്ള ഈ മാറ്റം ഭാഷയുടെ നിലനില്പിനു സഹായകരമല്ല എന്ന അഭിപ്രായത്തോടു താങ്കളും യോജിക്കുമെന്നു കരുതുന്നു.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'