Monday, May 31, 2010

ലയനരജനി

"അവള്‍.. പീജേമോള്‍... എന്നാലും ആ ഒരുമ്പെട്ടോള്‍ ഇങ്ങനെ ചെയ്തല്ലോ..?" തിണ്ണയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മൂത്തവന്‍ വി.ജയന്‍ ദിനേശ്‌ ബീഡിയുടെ പുക ഊതി വിട്ടു. ചാരുകസേരയില്‍ താടിക്ക്‌ ഇടതു കൈയ്യും കൊടുത്ത്‌ ഇരിപ്പാണ്‌ കാരണവര്‍ അച്ചുമാമന്‍. മൂപ്പര്‌ പൂച്ചവളര്‍ത്തലും നീട്ടിപ്പരത്തിയുള്ള വര്‍ത്തമാനവുമൊക്കെ നിര്‍ത്തിയിട്ട്‌ കാലം കുറെ ആയി. മൗനമാണ്‌ ഇപ്പോഴത്തെ സ്ഥായീഭാവം. പ്രത്യേകിച്ചും മൂത്തവന്‍ വി.ജയന്‍ വീട്ടിലുള്ളപ്പോള്‍.

"വന്‍....ചനയല്ലേ അവളീ കുടുംബത്തോട്‌ കാണിച്ചത്‌?" ഒന്നു നിര്‍ത്തി, "ഒന്നു പറയാമായിരുന്നില്ലേ അവള്‍ക്ക്‌ നേരത്തെ..?"

ജയനു ദേഷ്യം കേറി. "കാര്‍ന്നോരിതെന്താ ഈപ്പറയുന്നത്‌? നേരത്തെ പറഞ്ഞാല്‌ ആ നസ്രാണിച്ചെക്കന്‍ കെ.എം. മോനിക്ക്‌ കെട്ടിച്ചു കൊടുക്കുമായിരുന്നോ?" അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു. അല്ലേലും ആ പാമോലിന്‍ കമ്പനിയുടെ പണമിടപാടിന്റെ കാര്യം സെറ്റില്‍ ആക്കിയതില്‍ പിന്നെ അവനിത്തിരി മിടുക്ക്‌ കൂടുതലാണല്ലോന്ന് അച്ചുമാമന്‍ ഓര്‍ത്തു.

"എല്ലാം എന്റെ വിധി." കാലിനടിയിലെ മണ്ണൊലിച്ചു പോയപോലെ കാര്‍ന്നോര്‍ മച്ചിലേക്കു കണ്ണു നട്ടു കിടന്നു. പടിപ്പുരയ്ക്കല്‍ എന്തോ അനക്കം കണ്ട്‌ രണ്ടാമത്തവന്‍ വെളിച്ചം ഭാസ്കരന്‍ "ആരാടാ അവിടെ ??" എന്നുറക്കെ വിളിച്ചു ചോദിച്ചു.

"ഞാനാണേ.. സി.പി. നാണു. അകത്തേക്കു വന്നോട്ടെ?"

മച്ചില്‍ നിന്നു നോട്ടം പിന്‍വലിക്കാതെ കാര്‍ന്നോര്‍ പറഞ്ഞു: "ഇവിടെ ഒരുത്തി പുറപ്പെട്ടു പോയതിന്റെ തീയിലിരിക്കുമ്പോഴാ. .. ഒരു പുതിയ വാല്യക്കാരന്‍..! രണ്ടു ദിവസം കഴിയട്ടെ." ഭാസ്കരന്‍ ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയി. ജയന്‍ ഓര്‍ത്തു- കാര്യങ്ങള്‍ എന്റെ വരുതിക്കു വരുന്നുണ്ട്‌. അങ്ങനെ വാല്യക്കാരനും എന്റെ ആളായി.

"ദീപം... ദീപം..."

"എ..? ടീച്ചറോ? ഇങ്ങനെയൊരു പതിവൊന്നും ഇവിടില്ലാത്തതാണല്ലോ ശ്രീമതീ?"

തിരി നീക്കിയിട്ട്‌ വിരല്‍ത്തുമ്പില്‍ പറ്റിയിരുന്ന എണ്ണ മുടിയില്‍ തേച്ച്‌ തിരിയവേ ടീച്ചര്‍ പറഞ്ഞു: "തെറ്റുതിരുത്തല്‍ രേഖ കൊണ്ടൊന്നും ഒരു കാര്യോമില്ല. ഇങ്ങനത്തെ പതിവൊക്കെയുണ്ടെങ്കില്‍ ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ആള്‍ക്കാര്‍ വീടുവിട്ടു പോകുന്നതെങ്കിലും നിര്‍ത്തുമല്ലോ. കൃഷ്ണാ... ഗുരുവായൂരപ്പാ..!"

ഇറയത്തിട്ടിരുന്ന അരിവാള്‍ത്തല നക്ഷത്രവെളിച്ചത്തില്‍ മിന്നി.

*** *** ***

പുതുപ്പള്ളിയിലെ വീട്ടില്‍ കുഞ്ഞൂഞ്ഞ്‌ കുരിശുവര കഴിഞ്ഞ്‌ എഴുന്നേറ്റു. അപ്പോള്‍ മുറ്റത്ത്‌ ഐസ്ക്രീമിന്റെ പരസ്യക്കുടയും പിന്നില്‍ ഫ്രീസറും പിടിപ്പിച്ച ഒരു പെട്ടി ഓട്ടോ വന്നു നിന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ നേരെ സ്വീകരണമുറിയിലെത്തി ഗൃഹനാഥന്റെ മുന്നിലത്തെ കസേരയിലിരുന്നു.

"കുഞ്ഞൂഞ്ഞു മൊയ്‌ലാളി ഒരു കാര്യം മന്‍സിലാക്കണം. ങ്ങടെ ഒരു ബെശമന്ന്‌ പറഞ്ഞാ ന്റെ കുടുമ്മകാര്യം പോലന്നാണ്‌. അദാണ്‌ ഞമ്മളീ നേരത്തായിട്ടും ഇബിടെ ബന്നേക്കണ്‌"

കുഞ്ഞൂഞ്ഞ്‌ ആലിക്കുട്ടിയെ തറപ്പിച്ചു നോക്കി. എന്നിട്ട്‌.. "ആ..ബ്‌.. ഹാലിക്കുട്ടി ഒഹ്‌ന്നും പറയണ്ടാ. മോനി ഇവിടത്തെ പയ്യനൊക്കെത്തന്നെ. അതുകൊണ്ടുംകൂടിയാ പറയുന്നേ. വീട്ടില്‌ കാര്‍ന്നോന്മാരോട്‌ അലോചിക്കാതെ ഓരോന്നൊക്കെ കാണിച്ചു കൂട്ടുമ്പഴ്‌.. എ.. എനിക്കത്‌ ഹംഗീകരിച്ച്‌ ആ.. കൊടുക്കാന്‌ അല്‍പം ബുദ്ധിമുട്ടൊണ്ട്‌."

ആലിക്കുട്ടി ഒന്നു മുന്നോട്ടാഞ്ഞിരുന്നു. "ങ്ങള്‌ ദെന്തൂട്ടാണ്‌ പറയണ്‌? ഓനങ്ങനെ എടോം വലോം നോക്കാതെ ഒന്നും ചെയ്യൂലാന്ന്‌. പൊറുപ്പിക്കാന്‍ ബേണ്ടീട്ട്‌ തന്ന്യല്ലേ ഓന്‍ കൂടെ കൂട്ടീത്‌? ഇനി നിങ്ങളായിട്ടങ്ങ്‌ നടത്തിക്കൊടുക്കീന്ന്‌."

"ഹാലിക്കുട്ടി എന്നതാ ഈപ്പറയുന്നെ? വേറെ മതക്കാരി ഒരു പെണ്ണ്‍. അതും പണ്ട്‌ മദ്രാസീന്നു വരുമ്പോ ബസേല്‍ വെച്ച്‌ ഏതാണ്ടൊരു ദുഷ്പേരും കേപ്പിച്ചവള്‍ - എന്നതാ? ആരാണ്ടടെ പോക്കറ്റില്‍ കൈയ്യിട്ടെന്നോ, പേഴ്സ്‌ എടുത്തെന്നോ -എനിക്കറിയാന്‍ മേല. ഇതിനെയൊക്കെ നമ്മടെ കൂട്ടത്തി ഹെങ്ങനെ കൂട്ടാനാ ആ..ബ്‌. അലിക്കുട്ടീ..? ഞാന്‍ സമ്മതിക്കുകേല. മാത്രമല്ല, ലീഡറും ഡെല്ലീന്ന്‌ സോണിയക്കുഞ്ഞും തങ്കച്ചനുമൊക്കെ വിളിച്ചു ചോദിക്കുമ്പോ ഞാനെന്നാ സമാധാനം പറയും?"

അതൊക്കെ പറഞ്ഞിട്ട്‌ ഇപ്പെന്താ? ഓനിഷ്ടപ്പെട്ടു പോയില്ലേ? ഓളാണേ പൊറപ്പെട്ടു പോരുകേം ശെയ്തു. ഇനീപ്പോ ഓന്‍ ഓളേം കൊണ്ട്വരുമ്പോ പൊരേല്‌ കേറ്റാതിരിക്കരുത്‌! ഞമ്മള്‌ ഇനി ഇരുന്നാല്‍ ഐശ്ക്രീം അലുത്തുപോകും. ഞമ്മളെറങ്ങണ്‌"

ആലിക്കുട്ടി പോയപാടെ കുഞ്ഞൂഞ്ഞച്ചായന്‍ നീട്ടിയൊരു തുപ്പ്‌. "ഥ്‌ഫൂ... അവനൊരു ഒത്താശേം കൊണ്ട്‌ വന്നേക്കുന്നു. ഹല്ല പിന്നെ." എന്നിട്ടകത്തേക്കു തിരിഞ്ഞു വിളിച്ചു പറഞ്ഞു- "എടിയേ... ചെന്നിത്തലേന്ന്‌ ആരേലും വിളിക്കുവാന്നേല്‍ ഞാന്‍ അതിവേഗം ബഹുദൂരത്തേക്ക്‌ ഒരു യാത്ര പോയേക്കുവാന്നു പറഞ്ഞേരെ!"

*** *** ***

താഴത്തെ വഴിയില്‍ ഒരു വെളിച്ചം, തുടര്‍ന്ന് ഒരനക്കം. അല്‍പം കഴിഞ്ഞപ്പോള്‍ പരത്തിച്ചീകിയ മുടിയുമായി മോനി. ഒരു സൈക്കിളും തള്ളിക്കൊണ്ടാണ്‌ വരവ്‌. പിന്നാലെ ഒരു പെണ്ണും.

"മോനീ, നിക്കെടാ അവിടെ..!" ഒച്ചയുയര്‍ത്തി കുഞ്ഞൂഞ്ഞ്‌. "ആരാടാ ഇവള്‍?"

"ഇത്‌ അച്ചുമാമന്റെ വീട്ടിലെ... ഞങ്ങള്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇവളാ എന്റെ പെണ്ണ്‌"

"ഫ! നിനക്ക്‌ ലയിക്കാന്‍ സ്വന്തം ജാതീന്നൊരെണ്ണത്തിനെ കിട്ടിയില്ല അല്ലേ? ഇവിടെ ആരോടും മിണ്ടാതേം ചോദിക്കാതേം തോന്ന്യാസം കാണിച്ചിട്ട്‌ ഇരുട്ടത്ത്‌ ഒരു സൈക്കിളും തള്ളിക്കൊണ്ട്‌ വന്നേക്കുന്നു. ഈ പെരയ്ക്കാത്തു കേറിപ്പോകരുത്‌!!!"

"അതെന്നാ വര്‍ത്താനമാ അച്ചായാ? ഞാന്‍ വിളിച്ചോണ്ടുവന്ന പെണ്ണാ ഇവള്‍. ഇനി ഇതാ ഇവള്‍ടെ കുടുംബം."

"ആഹാ? ആന്നോ? അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി. ഒരു ലയനം! ഇവിടെ കേറ്റി പൊറുപ്പിക്കണെങ്കിലേ നല്ല അന്തസ്സൊള്ള തറവാട്ടീപ്പിറന്ന നസ്രാണിപ്പെണ്ണ്‌ ആയിരിക്കണം. ഇതിപ്പോ മുറപ്രകാരം ആലോചിക്കാതേം പള്ളീ വിളിച്ചുചൊല്ലാതേം ഒരു സമ്മന്തം. അതാണെങ്കി ഈ കാര്യത്തില്‍ നടക്കുകേമില്ല. എന്നിട്ടും ഇവിടെത്തന്നെ കൂടാനാ ഭാവമെങ്കില്‍, നിനക്കുള്ള കഞ്ഞീം കറീം ഇവിടെ തന്നെ കാണും. അതീന്ന്‌ കൊടുത്തു നീ ഇവളെ പോറ്റിക്കോണം. മനസ്സിലായോ- റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പറ്റില്ലാന്ന്‌!!!" ഇത്രേം പറഞ്ഞ്‌ കുഞ്ഞൂഞ്ഞ്‌ തിരിഞ്ഞു.

വിഷണ്ണയായി പീജെ മോനിയുടെ നിഴലിനു മറഞ്ഞു നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ കുഞ്ഞൂഞ്ഞ്‌ ഇതും കൂടി പറഞ്ഞു: "പിന്നെ, നമ്മളു കുടുംബകാര്യം പറയുന്നേടത്തൊന്നും ഇവളെ കണ്ടുപോയേക്കല്ല്‌!!"

തല്‍ക്കാലം സ്ഥിതി ശാന്തമെന്നു കണ്ട്‌ മോനി സൈക്കിള്‍ കന്നാലിക്കൂടിന്റെ ഭിത്തിയില്‍ ചാരി വെച്ചു. പെണ്ണിന്റെ കൈ പിടിച്ച്‌ വീട്ടില്‍ കയറി. വാതില്‍ക്കല്‍ വന്നെത്തിനോക്കിയ മറ്റു കുടുംബാംഗങ്ങള്‍ അക്ഷരമുരിയാടാതെ അകത്തേക്കു വലിഞ്ഞു. പെണ്ണിനെ കൂട്ടി മോനി സ്വന്തം മുറിയിലേക്കു പോയി. പുതിയ വീട്ടിലെത്തിയ എല്ലാ അങ്കലാപ്പോടും കൂടി പീജെ കുമാരി മിഴുങ്ങസ്യാന്നു നിന്നു.

*** *** ***

രാത്രി കനത്തു. ആചാരങ്ങളും അലങ്കാരങ്ങളും ഇല്ലാതെ അവരുടെ ആദ്യരാത്രി.

മെയ്‌മാസച്ചൂടില്‍ ചീവീടുകള്‍ റബ്ബര്‍ മരങ്ങളിലിരുന്ന് ഉറക്കെ ചീറി.

അകത്തെ ഇരുട്ടിലെ നിശ്ശബ്ദതയില്‍ മോനി പതിയെ വിളിച്ചു : "പീജേ..."

"എന്തോ..!" മൃദുലമായി പീജെ വിളി കേട്ടു.

"എന്റെ പീജെ..!"

"മോനിച്ചായാ..."

പ്രണയത്തിന്റെ ഹൃദയതന്ത്രികള്‍ ഒട്ടുപാല്‍ പോലെ വലിഞ്ഞു വിങ്ങി. "മോനിച്ചായനെന്നോട്‌ ദേഷ്യമുണ്ടോ..?"

"എന്നാത്തിന്‌?"

"ഇവിടാര്‍ക്കും ഞാന്‍ വന്നത്‌ ഇഷ്ടമായില്ലല്ലോ?"

"അതെന്നേലും അയിക്കോട്ടെ. എന്നും കൊണ്ട്‌ ഞാന്‍ നിന്നോട്‌ ദേഷ്യപ്പെടുന്നതെന്തിനാ!"

"ഉം... ച്ചായനെന്നാ എന്നോട്‌ ആദ്യം ഇഷ്ടം തോന്നിയേ?"

"എത്ര തവണ പറഞ്ഞതാ പീജേ??"

"കേക്കാനുള്ള കൊതികൊണ്ടല്ലേ ച്ചായാ?"

"തൊടുപുഴ കോളേജിലെ വേദിയില്‍ നീ പാട്ടു പാടിയില്ലേ? അന്ന്‌!!"

"ഉം... ച്ചായന്‍ നടത്തുന്ന ഓരോ പ്രസംഗോം ഞാന്‍ എത്ര കൊതിയോടെ കേക്കുമായിരുന്നെന്നോ? എന്റെ ചേട്ടന്മാരും മാമന്മാരുമൊക്കെ കൂവുമ്പോ എനിക്ക്‌ പക്ഷേ കൈ കൊട്ടാനാ തോന്നുക. ന്നാലും ഞാന്‍ മിണ്ടാതിരുന്നു കളയും. നമ്മള്‍ സൈക്കിളില്‍ ഓവര്‍ലോഡ്‌ പോകുന്നതൊക്കെ ഞാന്‍ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ?"

"ആണോ..? പറഞ്ഞപോലെ എന്റെ ചിഹ്നം നിനക്ക്‌ ഇഷ്ടമാണോ?"

"ഉം... ഒത്തിരി ഇഷ്ടമാ. എന്റെ ചിഹ്നത്തിലും രണ്ടിനാണു പ്രാധാന്യം."

"എ..? അതെന്നാ..?"

"വീല്‌... സൈക്കിളിന്റെ വീല്‌." പീജെ കുണുങ്ങിച്ചിരിച്ചു.

"ഓ.. അത്‌!! അവള്‍ടെ ഒരു തമാശ..!"

"ശ്‌... നുള്ളാതെ ച്ചായാ..!"

"നീയിങ്ങു നോക്കിയെ, ഇനി നിന്റെ പേര്‌ എന്റെ ഇനിഷ്യലു കൂട്ടിയാ."

"അറിയാം, ച്ചായാ. ഇനി 'എം'ന്ന് അല്ലേ? ആ ബ്രായ്ക്കറ്റില്‍ 'എം' കിടക്കുന്നതു കാണാന്‍ എന്തു ഭംഗിയാ! അല്ലേലും പെണ്ണ്‌ അവളുടെ അപ്പനേം അമ്മേം വിട്ട്‌ ഭര്‍ത്താവിനോട്‌ ചേരുന്നു എന്നല്ലേ തിരുവചനം? അപ്പോ പേരും മാറണമല്ലോ..?"

"മിടുക്കി. നിനക്കിതൊക്കെ അറിയാമോ?"

"മതം മാറുമ്പോ അതൊക്കെ അറിഞ്ഞിരിക്കണ്ടേ ച്ചായാ..?"

സന്തോഷം കൊണ്ട്‌ മോനിയുടെ ഉള്ളം റബ്ബര്‍പാല്‍ നിറഞ്ഞ ചിരട്ട പോലെ തുളുമ്പി. ഒരു ഗാഢാലിംഗനത്തിലേക്ക്‌ പീജെ അമര്‍ന്നു.

"പിന്നെ, ച്ചായാ, എനിക്ക്‌ ഒരാശ..." പീജെ പറയാനാവാതെ നാണിച്ച്‌ നിന്നു.

"എന്തായാലും പറയ്‌, പീജേ.." മോനി പ്രോല്‍സഹിപ്പിച്ചു.

"നമുക്ക്‌... നമുക്ക്‌... ഒരു യുവജനവിഭാഗവും ഒരു മഹിളാസംഘടനേം രൂപീകരിക്കണം. പിന്നെ ഒരു വിദ്യാര്‍ഥി സംഘടനേം.."

മോനി ഒന്നു ഞെട്ടി.

"ഈശോയേ... മൂന്നു പോഷകസംഘടനയൊക്കെ വളര്‍ത്തിക്കോണ്ട്‌ വരാനുള്ള പാടു നിനക്കറിയാവോ പീജേ? ഏതേലും ഒന്നു പോരായോ..?"

"ച്ചായാ, എന്റെ ആഗ്രഹമല്ലേ.?"

"ഉം... ഇവിടുത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്ന്‌ ഒതുങ്ങിയിട്ടു മതി വര്‍ക്കിംഗ്‌ കമ്മിറ്റി കൂടല്‍. പോരേ..?" മോനി ചോദിച്ചു.

നാണത്താല്‍ തുടുത്ത പീജേ അസ്പഷ്ടമായി മൂളി.

"പോഷകസംഘടനകളേ നോക്കാന്‍ ബുദ്ധിമുട്ടാണേല്‌ നമുക്ക്‌ പുറപ്പുഴേലോട്ട്‌ പോകാം. അവിടെ ഒത്തിരി പശൂം കൃഷീമൊക്കെ ഉണ്ട്‌."

"ഏയ്‌.. അതൊന്നും വേണ്ടിവരില്ല. പാലാച്ചന്തേല്‌ എനിക്കു പണിയുള്ളിടത്തോളം കാലം നമുക്കെവിടേം പോകേണ്ടിവരില്ല. അവിടുത്തെ നമ്മുടെ തോട്ടത്തിലെ ഒട്ടുപാല്‍ മാത്രം മതി നമുക്ക്‌ സുഖമായിട്ട്‌ ജീവിക്കാന്‍!"

"ന്റെ മോനിച്ചായാ... ച്ചായനെന്നോട്‌ എത്ര സ്നേഹമാ. ഞാന്‍ ഭാഗ്യവതിയാ. എനിക്കെന്തു സന്തോഷമാണെന്നോ?"

"ന്നാ എന്റെ പീജെ ഒരു പാട്ടു പാടിക്കേ.. വെല്യ പാട്ടുകാരി അല്ലേ..!"

"യ്യോ... ഈ രാത്രീലോ? ആരേലും കേക്കും..!"

"എന്റെ ചെവീ പാടിയാ മതി."

"ഉം..." പീജെ ശ്രുതി പിടിച്ചു.

"... പാലരുവീ നടുവില്‍, പണ്ടൊരു
പൗര്‍ണ്ണമാസീ രാവില്‍..
മല്‍സ്യകന്യയാം തോണിക്കാരിയെ
മാമുനിയൊരുവന്‍ കാമിച്ചൂ..."

"ന്റെ പീജേ.. നീ പീജേയല്ല ആര്‍.ജെ. ആണ്‌..!!"

ഇതുകേട്ട്‌ സാവധാനം മോനിയുടെ നെഞ്ചില്‍ അവള്‍ തലചായ്ച്ചു.

അവര്‍ അങ്ങനെ ഒരു ഗ്രൂപ്പും പുതച്ച് ഉറങ്ങി.

3 comments:

  1. റബ്ബര്‍ പാലിന്റെ മണമുള്ള ഒരു അപൂര്‍വ്വ പ്രണയകാവ്യം...!

    -എം. എസ്. രാജ്

    ReplyDelete
  2. ഞാന്‍ വായിച്ചതില്‍ ഏറ്റവും മനോഹരമായ പോളിറ്റിക്കല്‍ സറ്റയര്‍........

    ഞാന്‍ നിങ്ങളെയൊന്ന് ശരിക്കും വായിക്കട്ടെ

    ReplyDelete
  3. നല്ല കൈയോതുക്കത്തോടെ കാര്യം പറഞ്ഞൂ ല്ലെ.

    ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'