വിശ്വാസം...അതാണോ എല്ലാം ?? (http://nayathil.blogspot.com/2010/05/blog-post_25.html) എന്ന കവിതയ്ക്കുള്ള മറുപടി .
ഞാനിപ്പോള്‍ വീട്ടിലാണ്. ആകെ ഡെസ്പ്. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇതിനെ പ്രേമനൈരാശ്യം എന്നു വിളിക്കാന്‍ വയ്യ. ജീവിത നൈരാശ്യം എന്നു വിളിക്കണം. അല്ലേ, നിങ്ങളു പറ, കൊലച്ചതിയല്ലേ അവളു ചെയ്തത്?
കാര്യത്തോടടുത്തപ്പോ അവള്‍ക്ക് അപ്പനോട് മാത്രം വിശ്വാസം. അതവള്‍ കാത്തപ്പോ അവടപ്പന് ആശ്വാസം. അമ്മയ്ക്കു നിശ്വാസം. എനിക്കു മാത്രം പ്രയാസം!
"നാളെ രാവിലെ പോകണം. റെയില്‍വേ സ്റ്റേഷനിലേക്ക് കുട്ടപ്പന്‍ ചേട്ടന്റെ കാര്‍ ഏര്‍പ്പാടാക്കീട്ടൊണ്ട്. ഞാന്‍ ഒറ്റയ്ക്ക് പൊക്കോളാം" എന്നു വീട്ടുകാരോട് തലേദിവസം പറഞ്ഞു. അച്ചന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സൂക്ഷിക്കണേ മോനേ എന്നു മാത്രം അമ്മ പറഞ്ഞു.
കൊച്ചുവെളുപ്പാങ്കാലത്തു പുറപ്പെടുന്ന ട്രെയിനിനു ടിക്കറ്റും ബുക്ക് ചെയ്ത് തലേദിവസം എല്ലാം പ്ലാന്‍ ചെയ്തു ധാരണയാക്കി വെച്ചിരുന്നതാ. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ലാന്‍ഡ് ഫോണില്‍ നിന്നു വിളിച്ച് അവളൊരു പറച്ചില്‍: "ഞാന്‍ എന്റെ ജീവിതം നിനക്കായിട്ടു മാത്രം തരുവാ" എന്ന്. വിശ്വസിച്ചു പോയി അളിയാ...!
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നുണ്ടോ? വിധീന്നല്ലാതെ എന്തു പറയാന്‍? അല്ലെങ്കില്‍ എന്തിനു വിധിയെ പഴിക്കണം? അവളുടെ വീട്ടില്‍ ചെന്നു മാനംമര്യാദയ്ക്കു പെണ്ണു ചോദിച്ചതല്ലേ? കുടുംബ മഹിമ, ജീവിക്കാന്‍ ചുറ്റുപാട്, സാമാന്യം നല്ലൊരു ജോലി... അല്ല എനിക്കെന്തായിരുന്നു ഒരു കുറവ്? എന്നിട്ടും ആ മൊശടന്‍ കാര്‍ന്നോര്, അയാള്‍ തടസ്സം പറഞ്ഞു. എന്തിനാന്നു അയാള്‍ക്കു പോലും അറിഞ്ഞൂടാ. വെറുതെ എന്റെ വീട്ടുകാരുടെ സമയം മെനക്കെടുത്താന്‍..!
അല്ല, അവള്‍ക്കെന്നാ ഇപ്പോ പെട്ടെന്ന് വീട്ടുകാരോട് സ്നേഹം? ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടിതൊന്നും ഇല്ലാരുന്നല്ലോ? അവളുടെ അപ്പന്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ ഇരുന്നാ അവള്‍ ഒരിക്കല്‍ ഐസ്ക്രീം നൊട്ടി നുണഞ്ഞത്. മൂപ്പരെങ്ങാനും വരുമോ എന്ന എന്റെ സംശയത്തിന് 'അതിയാനു ഷുഗറാ, ഐസ്ക്രീം പാര്‍ലറിന്റെ അടുത്തൂടെ പോലും പോവില്ല.' എന്നായിരുന്നു മറുപടി.
പാര്‍ക്കില്‍ ചുറ്റാന്‍, ബീച്ചില്‍ തിരകള്‍ എണ്ണാന്‍, പൃഥ്വിരാജിന്റെ റിലീസ് പടത്തിനു ഇടികൊണ്ട് ടിക്കറ്റെടുക്കാന്‍, അവളുടെ എക്സാം ഫീസ് അടയ്ക്കാന്‍ ബാങ്കില്‍ ക്യൂ നിക്കാന്‍, പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ ... എല്ലാത്തിനും ഞാന്‍. ഈ പാവം ഞാന്‍. മാത്രമോ? അവള്‍ക്കു കാലാകാലം മൊബൈല്‍ റീചാര്‍ജ് ചെയ്തു കൊടുക്കണം, ഓരോ വാരാന്ത്യത്തിലും അവളുടെ കൂടെ കറങ്ങാന്‍ ബൈക്കില്‍ പെട്രോളും നിറച്ച് ഡ്രൈവറെപ്പോലെ ഞാന്‍ കാത്തു നിക്കണം. അവളുടെ കൂട്ടുകാരികള്‍ എന്നു പറഞ്ഞു നടക്കുന്ന കരിങ്കാലികളുടെ ബര്‍ത്ത്ഡേയ്ക്ക് ഗിഫ്റ്റ് സെലെക്റ്റ് ചെയ്യാന്‍ ഞാന്‍ അവള്‍ക്ക് അകമ്പടി പോണം.. അപ്പോഴൊന്നും ഇവള്‍ ഓര്‍ത്തില്ലേ അവളുടെ ഒടുക്കത്തെ വിശ്വാസത്തിന്റെ കാര്യം? അതോ എനിക്കു കിട്ടാന്‍പോണ സാലറി ഹൈക്ക് അവള്‍ മുന്‍കൂട്ടി അറിഞ്ഞോ? പരദൈവങ്ങളേ!
എന്തിനേറെ പറയുന്നു.. അവസാനം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത വകയില്‍ ക്രെഡിറ്റ് കാര്‍ഡില്‍ വീണ്ടും അക്കങ്ങള്‍ പെരുത്തു. വെളുപ്പാങ്കാലത്ത് ഇല്ലാത്ത ഓട്ടത്തിനു വിളിച്ചുവരുത്തിയതിന് കുട്ടപ്പന്‍ ചേട്ടന്‍ വക പുളിച്ച തെറി. ബാംഗ്ലൂരില്‍ ചെന്നിട്ട് റജിസ്റ്റര്‍ കല്യാണം നടത്തുമ്പോള്‍ 'ഞാനൊപ്പിടാം ഞാനൊപ്പിടാം' എന്നു ഉത്സാഹിച്ച സുഹൃത്തുക്കള്‍ 'നീയൊരു കോന്തനായതുകൊണ്ടാ' എന്നു പറഞ്ഞപ്പോളുണ്ടായ ഉള്‍പ്പുളകം. അതിനാണു എറ്റവും കൂടുതല്‍ മാര്‍ക്ക്. കോപ്പ്. ഇപ്പോ അവരില്‍ ഒരുത്തനും കൂട്ടിയിടിച്ചാല്‍ മിണ്ടില്ലെന്നായി.
എല്ലാം അവളുടെ വിശ്വാസത്തിന്റെ പേരില്‍.
വിശ്വാസം അതല്ലേ എല്ലാം? അതെ...
ഒരിക്കല്‍ ക്രെഡിറ്റ് കാര്‍ഡിലെ കടങ്ങള്‍ ഞാന്‍ കൊടുത്തു തീര്‍ക്കുമെന്ന വിശ്വാസം.
പിണങ്ങിപ്പോയ കൂട്ടുകാര്‍ തിരികെ വരുമെന്ന വിശ്വാസം.
നാട്ടുകാര്‍ എന്നെ പെണ്ണുപിടിയന്‍ എന്നു വിളിക്കുന്നത് ഒരിക്കല്‍ നിര്‍ത്തുമെന്ന വിശ്വാസം.
അവള്‍ക്കു വേണ്ടി ചെലവാക്കിയ കാശുണ്ടായിരുന്നെങ്കില്‍ ഒരു ആള്‍ട്ടോ വാങ്ങാമായിരുന്നെന്ന വിശ്വാസം.
ഡ്രൈവര്‍ കുട്ടപ്പന്‍ ചേട്ടന്‍ എന്നെ കാണുമ്പോഴുള്ള പല്ലിറുമ്മല്‍ ഒരുനാള്‍ നിര്‍ത്തുമെന്ന വിശ്വാസം.
എന്നെങ്കിലും ഒരുനാള്‍ അവടപ്പനെ രണ്ടെണ്ണം പറയാം എന്നുള്ള വിശ്വാസം.
ഒരുനാള്‍ നല്ല ഒരു ഹൈക്ക് വരുമെന്നുള്ള വിശ്വാസം.
വിശ്വാസം - അതു തന്നെ എല്ലാം!
വിശ്വാസം...അതാണോ എല്ലാം ?? (http://nayathil.blogspot.com/2010/05/blog-post_25.html) എന്ന കവിതയ്ക്കുള്ള മറുപടി .
ReplyDelete-എം. എസ്. രാജ്
Ithinulla marupadi ivide kanuka
ReplyDeletehttp://nayathil.blogspot.com/2010/05/blog-post_28.html
മറുപടിക്കുള്ള മറുപടി ദാ താഴത്തെ ലിങ്കില്‍ ...
ReplyDeletehttp://olapeeppi.blogspot.com/2010/05/blog-post_28.html