Tuesday, May 18, 2010

ഹരിതഭവനം [തുള്ളല്‍]

ഗ്രീനായ സീനൊക്കെയോര്‍മ്മയായ്‌, മാരണം
പോലെവന്നീടുമീ വറുതിയില്‍, വേനലില്‍
വള്ളിക്കുടിലെന്നു മൂഢം നിനച്ചു ഞാന്‍
ഗ്രീന്‍ഹൗസെന്നൊരു വാക്കുവായ്ച്ചീടവേ
മാലിന്യവാതകം അന്തരീക്ഷം മൂടി
പാരിനെയെപ്പോഴും വേവിച്ചു കൊല്ലുന്നു.
ആരിതു ചെയ്യുന്നുവെന്നും അറിഞ്ഞഹോ,
മറ്റാരുമല്ലെടോ, മാനുഷര്‍ മാനുഷര്‍!

വണ്ടികളേറെ വഴിതിങ്ങിയോടുന്ന
ട്രാഫിക്‌ ജാമുള്ള ബി.റ്റി.എം. ജംക്ഷനില്‍
ചാരത്തു ചേലൊത്ത മങ്കമാര്‍ കാമന്റെ
കൈ കോര്‍ത്തു നീങ്ങുന്ന ഫുട്‌പാത്തില്‍ നിന്നു ഞാന്‍

ചാരവര്‍ണ്ണത്തിലും കാളിമയേറിയും
ധൂപം വമിക്കും നഗരമടര്‍ക്കളം
റിക്ഷകള്‍, ബസ്സുകള്‍, ബൈക്കുകള്‍, കാറുകള്‍
വ്യപാരശാലകള്‍, വീടുകള്‍, ബാറുകള്‍
വ്യവസായശാലകള്‍, മാളുകള്‍, ഭക്ഷണം
പാചകം ചെയ്യുന്ന പീടികക്കുശിനികള്‍
തെല്ലല്ല പിന്നിലും കാര്യാലയങ്ങളും
ഒട്ടുമേ പിന്നിലല്ലോരോ മനുഷ്യരും

അന്തിയാം നേരത്ത്‌, അന്തിച്ചു ഞാന്‍ നിന്ന
ബി.ടി.എം സ്റ്റോപ്പിന്റെ മൂലയ്ക്കു കണ്ടൊരു
കുഞ്ഞൊരു പീടികയില്‍ നിന്നു ഞാന്‍ വാങ്ങിയ
ബീഡ ചവച്ചോണ്ട്‌ വായ്നോക്കി നില്‍ക്കവേ,
'ഗ്രീന്‍ ഹൗസു വാതകം നമ്മളും തള്ളുന്നു,
നിശ്വാസമെന്നു നാം ഈസിയായ്‌ ചൊല്ലുന്നു!'
മണ്ടനായ്‌ ഇമ്മട്ടിലെന്തരോ ചിന്തിച്ചു,
മന്ദം നടക്കുന്ന മങ്കമാരെ പാര്‍ത്തു.

വണ്ടികള്‍ തള്ളുന്ന ധൂപവൃക്ഷങ്ങള്‍ ക-
ണ്ടുണ്ടായൊരിണ്ടലിന്നെങ്ങനെ തീര്‍പ്പൂ ഞാന്‍?
വായില്‍ നിറഞ്ഞൊരു വെറ്റിലനീരഹോ
നിര്‍ലജ്ജമോടയില്‍ തുപ്പിത്തിരിയവേ,
കാളിന്ദിയെ വെല്ലും കാളകൂടം തളം
കെട്ടിയ കാന തന്‍ ഗന്ധമറിഞ്ഞു ഞാന്‍.
ഒട്ടൊന്നു ശങ്കിച്ചു, 'വെയ്ക്കുമോ വാളു ഞാന്‍?
പെട്ടെന്നു തീരുമോ പൊന്മാന്റെ വീര്യവും?'

കല്‍മഷം തൊട്ടുതീണ്ടാത്തയെന്‍ ജീവിതം
ഗ്രീന്‍കണക്റ്റ്‌ പാട്ടിന്റെ ജീവനും സാരവും.
എങ്ങനെയെന്നതു കേള്‍ക്കുവിന്‍ കൂട്ടരേ
നിങ്ങളും കണ്‍പാര്‍ത്തു ചെമ്മേ പകര്‍ത്തിടൂ!

കാര്‍ബണ്‍ ഡയോക്സൈഡ്‌ പേരായ വാതകം
കാണുന്നപോലല്ല, പൊള്ളിക്കുമൂഴിയെ.
ആയതു കൊണ്ടു നാം യാത്ര കുറയ്ക്കുന്നു
നാട്ടിലേക്കാകിലും ക്വാട്ടറിലൊന്നുതാന്‍.
സര്‍ക്കാര്‍ വകയിലെ ബസ്സുകളില്‍ തന്നെ
വര്‍ക്കിനായ്‌ വന്നു, മടങ്ങിപ്പോയീടുന്നു.
നേരവും കാലവും നോക്കേണ്ട, പാര്‍ക്കിങ്ങ്‌
തേടിയലഞ്ഞു മനസ്സു മടുക്കേണ്ട.
ബൈക്കില്ല, കാറില്ല, വ്യാപാരവാണിജ്യ-
മൊട്ടും തിരിയില്ല, ശുദ്ധനാം പാമരന്‍.
ഓഫീസിലേസിയുണ്ടെങ്കിലും നാമതിനേറ്റവും
സൗകര്യമേകിയിരിക്കണം,
ചാരണം വതായനങ്ങളും വാതിലു-
മല്ലെങ്കില്‍ ഏസിയതോഫുചെയ്തീടണം.
നിര്‍ത്തണമേതൊരു ദീപവും, പങ്കയും
വൃത്തി കഴിഞ്ഞുടന്‍ തെല്ലും മടിക്കാതെ.
പാഴാക്കലില്ല, കരണ്ടൊരുതുള്ളിയും
പാരിന്നു മേലേയിരുള്‍ പരന്നീടിലും
പാചകം ദൈനംദിനം ചെയ്യുമെങ്കിലും
പാതികരുതും പഴേങ്കഞ്ഞിയാക്കുവാന്‍.
ലാഭമാണോര്‍ക്കണം പിറ്റേന്നു നാമതു
ലോഭമില്ലാതെ കഴിക്കുന്നു പ്രാതലായ്‌.
അച്ചാറും കഞ്ഞിയും നിത്യവും സേവിച്ചു
സ്വന്തം ഗൃഹാന്തരേ സ്വസ്ഥനായ്‌ വാഴുന്നു.
വെയ്ക്കണം മാമരമൊന്നേലും, കാക്കണം
നട്ടുവെച്ചിട്ടു നനച്ചു പാലിക്കണം.
ഇപ്പൊഴാണോര്‍ത്തതു പേപ്പറിന്‍ വൃത്താന്തം
പാഴാക്കീടല്ലേയൊരു തുണ്ടു പേപ്പറും.
പാചകം ചെയ്യുകില്‍, പാത്രം കഴുകുകില്‍
നീരാടിയാര്‍ക്കുകില്‍, ആടയലക്കുകില്‍
ഫ്ലഷു ചെയ്യുമ്പൊഴും, ഷേവു ചെയ്യുമ്പൊഴും
ബ്രഷു ചെയ്യുമ്പൊഴും, കാര്‍ കഴുകുമ്പൊഴും
വെള്ളമില്ലാതെ കരഞ്ഞു കേഴുന്നവര്‍
ഇല്ലോളമല്ലെന്നു കണ്ടിട്ടൊഴുക്കണം.
മാലിന്യമേറു നടത്തുന്ന മാന്യരും
കാഠിന്യമുള്ള നടപടിക്കര്‍ഹരാം.
നാളത്തെ നമ്മുടെ ജീവനും ശ്വാസവു-
മിന്നു നിന്‍ ചെയ്തിയാലില്ലായ്മചെയ്യല്ലേ!
നമ്മുടെയമ്മയാം ഭൂമിയെ നാമാരു-
മല്ലാതെ കാക്കുവാനില്ലെന്നുമോര്‍ക്കണം.

6 comments:

  1. എഴുതി വന്നപ്പോ ഇതായി കോലം. കൊള്ളാമോ എന്ന് പറഞ്ഞാലും. പിന്നെ ഇതിലെ ഞാന്‍ ശരിക്കും ഞാനല്ല.

    സസ്നേഹം,
    എം. എസ്. രാജ്

    ReplyDelete
  2. നമ്മുടെയമ്മയാം ഭൂമിയെ നാമാരു-
    മല്ലാതെ കാക്കുവാനില്ലെന്നുമോര്‍ക്കണം

    കഥ പോലെ എഴുതി.
    ഭാവുകങ്ങള്‍.

    ReplyDelete
  3. ഹായ് അടിപൊളി

    ReplyDelete
  4. വായനയുടെ ഒരു സുഖം അത് അറിയാന്‍ പറ്റുന്നു..............
    ഭാവുകങ്ങള്‍.

    ReplyDelete
  5. എടാ
    നീയിപ്പോ തുള്ളലും എഴുതിത്തുടങ്ങിയോ? എന്തുകണ്ടിട്ടാ നീയിങ്ങനെ തുള്ളുന്നത്? :)

    അപ്പോ കവിതയും വഴങ്ങുമല്ലേ..അലക്കിപ്പൊളിക്കെടാ.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'