Wednesday, April 21, 2010

ശശി, തലയൂര്‌!

"അപ്പച്ചോ, എനിക്കല്‍പ്പം ദെണ്ണമൊണ്ട്‌. അല്ല പിന്നെ, ട്വിറ്ററണ്ണനെ കസേരേന്നെറക്കാന്‍ ഓരോരുത്തന്മാരു പെരുപ്പിച്ചു നടക്കുവല്ലാരുന്നോ? ഇപ്പോ എല്ലാം 'മോടി'യാക്കിയല്ലോ..?"

രോഷം കൊണ്ടു ചീറുന്ന മകന്‍ ആഭാസ്‌കുമാറിനെ നോക്കി അന്തോണി വാപൊളിച്ചു നിന്നു.

"ഇതുപോലൊരു മന്ത്രിയെ ഇനി കേരളത്തിനു കിട്ടണമെങ്കിലേ ഇച്ചിരെ പുളിക്കും. അപ്പടി ഇപ്പടി കേസൊന്നുമല്ല. യൂയെന്നില്‍ കിടന്നു കളിച്ചയാളാ. നോക്കിക്കോ, ഐപ്പിയെല്‍ ടീമും മന്ത്രിപദവീം എല്ലാം നിന്ന നിപ്പില്‍ ദെ.." ടൊക്ക്‌ ടൊക്ക്‌ (ആഭാസ്‌ രണ്ടു ഞൊട്ടി) "..ഇവിടെ വരും. തിരിച്ചുള്ള പണി കൊടുക്കുവേം ചെയ്യും."

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ മകന്‌ ഇത്രേം രാഷ്ട്രീയബോധം ഉണ്ടെന്ന് അന്തോണി മനസ്സിലാക്കവേ, "ഫാ... " അടുക്കളയില്‍ നിന്നും അന്തോണിച്ചായന്റെ ധര്‍മ്മപത്നി അയല്‍കൂട്ടം അച്ചാമ്മ മകന്റെ നേര്‍ക്ക്‌ ഒരാട്ട്‌. വെക്കേഷന്‍ ക്‍ളാസ്സിനു പോകാന്‍ കണ്ണെഴുതിക്കൊണ്ട്‌ നിന്ന മകള്‍ കൊച്ചുറാണിയുടെ കോന്‍സണ്ട്രേഷന്‍ തെറ്റി. കേരള ഐപ്പീയെല്‍ ടീമിന്റെ ഭാവി കയ്യാലപ്പുറത്താവുന്നതും തന്റെ കണ്ണില്‍ മഷി പടരുന്നതും അയല്‍പക്കത്തെ 'ബിയര്‍ ബെന്നിച്ച'നു നൊമ്പരമുണ്ടാക്കും എന്ന്‌ അവള്‍ക്കല്ലേ അറിയൂ! "...രാവിലെ കിടന്ന്‌ അലയ്ക്കാതെ ആ പശൂനു വല്ല പുല്ലും അരിഞ്ഞു കൊടുക്കാനുള്ളതിന്‌ ചെറുക്കന്‍ നിന്നു കീറുന്നു!" അച്ചാമ്മ മകനെ ശകാരിക്കലും ടാസ്ക്‌ അലോക്കേഷനും ഒന്നിച്ചു നടത്തി.

ഇതു കേട്ട മാത്രയില്‍ മകന്‍ കാണാന്‍ പാകത്തില്‍ അരിവാള്‍ തിണ്ണയിലേക്കു നീക്കിയിട്ട്‌ അന്തോണി അടുത്ത ജ്യോതിമാന്‍ ബീഡിക്കു തീ കൊളുത്തി.

കേരളത്തിലെ ഒരു ശരാശരി കുടുംബത്തില്‍ ഐപ്പിയെല്‍ വിവാദം ഉണ്ടാക്കിയ അലയൊലികളാണ്‌ നാം കണ്ടത്‌.

ഐപ്പിയെല്‍ തറവാട്ടുമുറ്റത്ത്‌ കഴിഞ്ഞ ഒരാഴ്ച്ചയായി ആള്‍ത്തിരക്കാണ്‌. താവഴികളിലും പെരുവഴികളിലുമുള്ള സകലമാന ആത്മാക്കളും കുഞ്ഞുകുട്ടി പരാധീനങ്ങള്‍ സഹിതം എത്തിയിട്ടുണ്ട്‌. വീതം വെയ്പ്പാണത്രേ. തറവാട്ടു കാരണവര്‍ എന്നു പറയാനൊരാളില്ല. ഉണ്ടെങ്കില്‍ തന്നെ അതു ലളിതാക്ഷന്‍ ആണ്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. കുറച്ചുകാലം പുറത്തെങ്ങോ ആയിരുന്നു. എന്തായാലും അവിടുത്തെ പോലീസിനു പണി കൂട്ടാതെ നാട്ടില്‍ തന്നെ എത്തി. അങ്ങനെയിരിക്കേയാണ്‌ ഐപ്പീയെല്‍ തറവാടു നോക്കാന്‍ തണ്ടും തടീമൊള്ള ഒരുത്തനെ തപ്പുന്നത്‌. അങ്ങനെ മൂപ്പീന്ന് തറവാട്ടു ഭൂമിയിലെ തേങ്ങയിട്ടും ഇട്ടതില്‍നിന്നു വഹിച്ചും നാട്ടിലെ കള്ളുകച്ചവടക്കാരന്‍ വിജയന്റെ തലതെറിച്ച മകന്‍ സിദ്ധന്റെ കൂടെ തരികിട കാണിച്ചും നടപ്പായി. ഇപ്പോ വെല്യ ആളായി, ആസ്തിയായി. ഇപ്പഴത്തെ ഒരു സെറ്റപ്പ്‌ വെച്ച്‌, ഒരു മലയാള സിനിമേലാണേല്‍ സിദ്ദിഖ്‌ ചെയ്യേണ്ട റോളാണ്‌. വടക്കെങ്ങാണ്‌ ഒരു മരുഭൂമിക്കടുത്ത്‌ കപ്പകൃഷി നടത്തുന്ന വകേല്‍ ഒരമ്മാവനുണ്ട്‌ - നരേന്ദ്രന്‍. മൂപ്പീന്നാണ്‌ ഗുരു.

താന്‍ തീരുമാനിക്കും ഏതു വീതം ആര്‍ക്കു പോണം എന്നൊക്കെ എന്നെ തീരുമാനിച്ചു വീമ്പിളക്കി നിന്നപ്പോള്‍ ദേ വരുന്നു.. ആരാ? ശശി. നമ്മടെ ശശി. കുറച്ചുനാള്‍ യൂഎന്നിലെങ്ങാണ്ടൊള്ള ഒരു കോഫീ എസ്റ്റേറ്റിലായിരുന്നു പണി. ഇപ്പോ ഇങ്ങോട്ടു വന്ന്‌ തെക്കെങ്ങാണ്ട്‌ ഒരു പെട്ടിക്കട നടത്തുന്നു. പോരാഞ്ഞ്‌ ഇന്ദ്രപ്രസ്ഥത്തില്‍ 10 സെന്റ്‌ സ്ഥലം ഉണ്ട്‌. കഴിഞ്ഞ വോട്ട്‌മേളയില്‍ പങ്കെടുത്തതിന്‌ ഒരു മാഡം വിളിച്ചു കൊടുത്തതാ. പറഞ്ഞുപിടിച്ചു വരുമ്പം സഹമന്ത്രിയാണേലെന്നാ, സഹ ഉണ്ടെങ്കിലും മന്ത്രിയല്ലേ? കാറും കൂട്ടവും ഒക്കെയുണ്ട്‌. ആള്‍ സ്റ്റൈലാണ്‌, നെറ്റിയിലേക്കു പാളിവീഴുന്ന മുടി കൈകൊണ്ടൊരു ഒതുക്കുണ്ട്‌- കാണണം. പക്ഷേ ഒരു ദുശ്ശീലമുണ്ട്‌. തറവാട്ടിലെ ഊട്ടുപുരേടെ ഭിത്തിയില്‍ അതുമിതുമൊക്കെ കോറിയിടും. അതു അടിച്ചു തളിക്കാനും തേങ്ങായിടാനും വരുന്നോരൊക്കെ ഏറ്റുപിടിക്കും. ഇതൊക്കെ കേട്ട്‌ തറവാട്ടിലെ തലനരച്ചുതുടങ്ങിയവര്‍ക്കൊക്കെ ഒരു മുറുമുറുപ്പ്‌. അല്ലേലും നേരാ, കാര്‍ന്നോന്മാരെ വിശുദ്ധപശു എന്നൊക്കെ കയറി അങ്ങുവിളിച്ചാല്‍ ആരെങ്കിലും സഹിക്കുമോ? വിശുദ്ധപോത്തെന്നൊന്നും വിളിക്കാഞ്ഞതു ഭാഗ്യായി. കൂട്ടത്തില്‍ അല്‍പം വിവരോം വിദ്യാഭ്യാസോം ഉള്ളതുകൊണ്ട്‌ എല്ലാവരും കണ്ണടച്ചു.

ഒരുപ്രകാരത്തില്‍ അതും അല്‍പം പ്രശ്നായി ട്ടോ. മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട്‌ പോയീന്നു പറഞ്ഞപോലെ അല്ലാരുന്നോ തിര്‍വോന്‍തരത്തെ കബഡി കളിയിലെ പ്രകടനം. അന്തര്‍ദേശീയ വ്യക്തിത്വമായതു കൊണ്ട്‌ നാട്ടുറൗഡികളൊന്നും അടുക്കാന്‍ പോയില്ല. ഉള്ളില്‍ അല്‍പം അസൂയ ഉണ്ടാരുന്നെങ്കിലും അതങ്ങനെ തന്നെ നിര്‍ത്തി.

അങ്ങനെയിരിക്കെ, ഒരിക്കല്‍ ദുബായിക്കടപ്പുറത്തു കടല തിന്നിരിക്കുമ്പോള്‍ ദാണ്ടെ പോണു ഒരു വനിത! ആരാ? സു... ഓ! ഞാന്‍ പറയില്ല. അവരും ഈ വീതം വയ്പ്പിന്റെ സമയത്ത്‌ അതേ പഞ്ചായത്തുവാര്‍ഡില്‍ തന്നെ ഉണ്ടായിരുന്നു. ആരു പറഞ്ഞിട്ടു വന്നതാണെന്നൊന്നും ഒരു പിടീമില്ല. ശശിയുടെ ആളാണെന്ന് വഴിപാടു ശീട്ടാക്കുന്നിടത്തും കുളിക്കടവിലുമ്മൊക്കെ ആളുകള്‍ അടക്കം പറയുന്നുണ്ട്‌. ലളിതന്‍ കൂട്ടിക്കിഴിച്ചു വന്നപ്പോ തൊടീടെ തെക്കേമൂലയ്ക്ക്‌ ചെന്നൈ സിംഹം വാഴുന്നിടത്തിനു പടിഞ്ഞാറുമാറി ഒരു ഹൗസ്‌ പ്ലോട്ടിനു പറ്റിയ സ്ഥലം! അത്‌ ആരുടേം വീതത്തിലില്ലാത്തതാ. വില്‍ക്കാമെന്നു തീരുമാനമായി. വാങ്ങാന്‍ ആദ്യം ആരും മുന്നിട്ടു വന്നില്ല, വില തന്നെ വില്ലന്‍. ഒരു പുതുപ്പട്ടാളക്കാരനും മൂപ്പീന്നിന്റെ കൂടെ പണ്ട്‌ ഇസ്കൂളില്‍ കുട്ടീം കോലും കളിച്ചു നടന്ന ചിലരും വന്ന്‌ സ്ഥലം കണ്ടേച്ചു പോയി. കൃഷി നടത്തുന്നതു പോയിട്ട്‌ ഉഴുതാനുള്ള ചെലവിനു കാശു തികയില്ലെന്നു കണ്ട്‌ അച്ചാറുകച്ചോടം തന്നെ നല്ലതെന്നു പറഞ്ഞ്‌ മദ്രാസിനുള്ള അടുത്ത വണ്ടി പിടിച്ചു.

വടക്കൂന്നു കുറെ അച്ചായന്മാരു വന്നു സ്ഥലം കണ്ടു, ഇഷ്ടപ്പെട്ടു. അതിനിടേക്കൂടെ, ശശിയങ്ങുകേറി കൊഴുപ്പിച്ചു. 'ഇന്ന വില പറഞ്ഞോ, സംഗതി ഏക്കും' എന്നോതിക്കൊടുത്തു. അതും ഫ്രീയായിട്ട്‌. പല വണ്ടിയില്‍ പലവഴിക്കൂന്നു വന്നവരെ മടിശീല അഴിപ്പിച്ച്‌ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി എടുത്തു. എണ്ണി നോക്കിയപ്പോ ഒന്നു വിലപറഞ്ഞുനോക്കാം എന്നായി സംഘം. ഇടവഴി കയറി ശശി മുന്നേ നടന്നു. പോണ വഴിക്കു പറഞ്ഞു, ആരാന്നു ചോദിച്ചാ 'റോണ്ഡിവൂ'ന്നു പറഞ്ഞാമതി. പിന്നെ വേറൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല. വില പറഞ്ഞു കഴിഞ്ഞപ്പോ, കുടുംബക്കാര്‍ക്കു ബോധിച്ചു. പക്ഷേ, ലളിതനു ഒരു കണ്ണിക്കടി. ഇതു പൊളിച്ചടുക്കണം. അങ്ങനെ വല്ല വരുത്തനും ഇതുകൊണ്ട്‌ കൃഷി നടത്തണ്ട.

പിന്നാമ്പുറത്തൂടെ ഇറങ്ങി, ശശിയെ കണ്ണുകാണിച്ചു വിളിച്ചു. നിലവറേലിരിക്കുന്ന വെല്യ ഓട്ടുരുളി തരാം. ഒന്നൊഴിവാകണം. ഊട്ടുപുരേടെ ഭിത്തീലൊന്നും എഴുതേണ്ടിവന്നില്ല, സംഗതി നാട്ടില്‍ പാട്ടായി. അങ്ങനെ ലളിതനെ ഒന്നൂടെ വെറുപ്പിച്ചു. കച്ചവടം ഉറച്ചു. ചിട്ടിക്കാരി ശാന്ത തന്റെ മകന്‌ പുതിയ കൃഷിക്കാരു സ്ഥിരം പണികൊടുക്കുമെന്നു പറഞ്ഞു. 'പണിയാകുമല്ലോ' എന്നു നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. കച്ചവടം ഒറപ്പിച്ചു. പിരിവിന്റെ കണക്കൊന്നും ആരും കണ്ടില്ല, ആരും ചോദിച്ചുമില്ല. കൂട്ടത്തില്‍ മലയാളം അറിയാവുന്ന ഒരുത്തനുണ്ടായിരുന്നതുകൊണ്ട്‌ നാട്ടിലെ പത്രക്കാര്‍ക്ക്‌ അധികം സ്പോക്കണ്‍ ഇംഗ്ലിഷ്‌ പറയേണ്ടിവന്നില്ല.

ഒപ്പിടീലും ആധാരം കൈമാറലും നടക്കുമ്പോഴും ശശി ഭിത്തിയില്‍ എസ്സെമ്മെസ്സ്‌ പോലെ അതുമിതും നഖം കൊണ്ട്‌ കോറിയിട്ടു. വേലിക്കല്‍കൂടെ ആരോ മറയുന്നത്‌ ഏതൊ ഒരുത്തന്‍ കണ്ടു.

"പെങ്ങളേ ഒന്നു നിന്നേ, ആരാന്നൊന്നു പറഞ്ഞേച്ചും പോ!" പെങ്ങളു പറഞ്ഞ പറുപടി എല്ലാരേം ഞെട്ടിച്ചു. പുള്ളിക്കാരിക്ക്‌ അവകാശമൊണ്ടെന്ന്. ഒന്നും രണ്ടുമല്ല 80 സെന്റിന്‌ അവകാശമുണ്ടത്രേ. ശശിയുടെ നേരെ ലളിതന്‍ പാളി നോക്കി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന സാധുഭാവം. നിന്നെ തല്ലാനുള്ള വടി കിട്ടിയെടാ - ലളിതന്‍ മനസ്സില്‍ പറഞ്ഞു. പിറ്റേന്ന്‌ വാര്‍ഡ്‌ ഗ്രാമസഭ അലമ്പിപ്പിരിഞ്ഞു. ആ പെണ്ണുമ്പിള്ളയ്ക്കു വീതം കൊടുത്തവനാരാണെന്നറിയണം, കാശ്‌ വല്ലടത്തൂന്നും മോട്ടിച്ചതാണോന്നറിയണം, ശശീടെ മടിക്കുത്തില്‍ എത്ര രൂപായുണ്ടെന്നറിയണം. ആകെ പുകില്‌.

കളം ചീഞ്ഞെന്നു കണ്ട്‌ നായിക പറഞ്ഞു:"വെറുതെ കിട്ടീത്‌ വാഴില്ല. ഞാന്‍ ദേ എല്ലാം റോണ്ഡിവൂനു തന്നെ ഏല്‍പ്പിക്കുന്നു". വെച്ച വെടി ഏശിയില്ല. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോഹനന്‍ എറണാകുളത്തൂന്നു വന്നിട്ട്‌ ഒന്നു കുളിക്കാന്‍ പോലും നിക്കാതെ ശശിയെ വിളിപ്പിച്ചു.

"നാളെ, തൊഴിലുറപ്പു പദ്ധതീടെ ബില്ല് പാസാക്കണ്ടതാ, പഞ്ചായത്തു കമ്മറ്റീല്‌. ങ്ങള്‌ എന്തു ബിസിനസ്‌ ചെയ്താലും വേണ്ടില്ല, നാളത്തെ ബില്ല് കുളമാക്കരുത്‌. ആ കാറിന്റെ മുകളിലെ ചോന്ന ലൈറ്റ്‌ അതിങ്ങു തിരിച്ചു തന്നേക്ക്‌."

പ്രതീക്ഷിച്ചതാണെങ്കിലും ഇത്രയും തിരിച്ചു ചോദിച്ചു: "എന്നു തിരിച്ചു കിട്ടും?"

"ഇന്നലെ ഞാന്‍ പറഞ്ഞില്ലേ. നമ്മുടെ നാട്ടിലെ റോഡാവുമ്പോ കയറ്റോം ഇറക്കോം ഒക്കെ ഉണ്ടാവും." ഇത്രേം പറഞ്ഞ്‌ മോഹന്‍ജി ഒരു തുടം വലിയചന്ദനാദി എണ്ണ തലയില്‍ കമഴ്‌ത്തി തോര്‍ത്തുമെടുത്ത്‌ ഒറ്റപ്പോക്ക്‌. എല്ലാം മനസ്സിലായ ശശി പുറത്തിറങ്ങി ആരുടേം മുഖത്തു നോക്കാതെ കാറ്റില്‍ക്ലാസ്‌ വണ്ടിയില്‍ കയറി ശീഘ്രം പാഞ്ഞു. പുരയ്ക്കകത്തു കയറി വാതിലടച്ചു.

സഹ അങ്ങനെ സ്വാഹ!

5 comments:

  1. ആഹാ... ഇവിടൊക്കെ ഉണ്ടായിരുന്നോ?

    ReplyDelete
  2. ആനുകാലികം എടുത്തിട്ട് പെരുമാറിയല്ലോ, കൊള്ളാട്ടാ..

    എന്തിനാ ഇത്രേം ഗ്യാപ്‌.... കല്യാണം കഴിഞ്ഞപ്പോ ആളാകെ മാറി. പോസ്റ്റുമില്ല കോമഡിയുമില്ല. ആളിവിടെയൊക്കെത്തന്നെയുണ്ടെന്നു അറിയണ്ടേ?

    ReplyDelete
  3. ആഹാ! സമകാലിക സംഭവങ്ങളെ അരച്ചു കലക്കിയെടുത്തുകളഞ്ഞല്ലോ!! :)
    പഴേ റേഞ്ച് അങ്ങ്ട് വരട്ടേ......
    ആശംസകളോടേ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'