Wednesday, January 14, 2009

സഹയാത്രികന്‍ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-4

കഴിഞ്ഞ കഥ

തൃശൂരു നിന്നും കോട്ടയത്തിനുള്ള ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌. സമയം വെളുപ്പിനെ രണ്ടര.

അടുത്ത സീറ്റില്‍ അല്‍പം മുന്‍പു വന്നിരുന്ന കട്ടിപ്പുരികമുള്ള ചെറുപ്പക്കാരന്‍ പോക്കറ്റില്‍ നിന്നും ഒരു ടിഷ്യുപേപ്പറെടുത്ത്‌ മുഖം അമര്‍ത്തിത്തുടച്ചു. അയാള്‍ പ്രദീപിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു, പ്രദീപ്‌ തിരികെയും.

ഒരു ചിരിയാണല്ലോ പല ബന്ധങ്ങളുടെയും തുടക്കം. "സര്‍ എങ്ങോട്ടാണ്‌?"

"കോട്ടയം" തെല്ലുദാസീനമായിരുന്നു പ്രദീപിന്റെ മറുപടി.

"ഞാന്‍ പെരുമ്പാവൂര്‍ വരെയേ ഉള്ളൂ. അഹ്‌.. എന്റെ പേര്‌ രാജ്‌" അയാള്‍ കൈ നീട്ടി.

പ്രദീപ് അയാളുടെ കൈ കുലുക്കി. "ഹലോ, ഞാന്‍.."

"പ്രദീപ്‌, അല്ലേ?" അയാള്‍ ഇടയ്ക്കുകയറി. പ്രദീപ്‌ അത്ഭുതം കൊണ്ട്‌ കണ്ണു മിഴിച്ചു.

രാജിന്റെ മുഖത്തു വീണ്ടും ചിരി. അയാള്‍ എന്തോ നേടിയ പോലെ ഒരു ഭാവമായിരുന്നു അപ്പോള്‍ മുഖത്ത്‌. "പക്ഷേ, എങ്ങനെ..? എങ്ങനെയറിയും എന്നെ? നമ്മള്‍ ആദ്യമായല്ലേ കാണുന്നത്‌?"

"അതേ...നമ്മളു കാണുന്നത്‌ ആദ്യവാ. പക്ഷേ താങ്കള്‍ പ്രദീപാണെന്ന്‌ എനിക്കു മനസ്സിലായി." രാജ്‌ തുടര്‍ന്നു. "..എങ്ങനാന്നോ? മുന്‍പേ ആ മഫ്ലര്‍ എടുക്കാന്‍ താങ്കള്‍ ഈ ബാഗ്‌ തുറന്നപ്പോ അതിന്റകത്ത്‌ ഒരു കവര്‍ കണ്ടു. അതില്‍ പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന എന്നെഴുതിയിരുന്നു. അല്‍പം മുന്‍പ്‌, ദേ ഈ കമ്പിയില്‍ പിടിച്ചപ്പോ താങ്കളുടെ വെരലേലെ മോതിരത്തില്‍ അര്‍ച്ചന എന്ന പേരു കണ്ടു. അങ്ങനെ താങ്കള്‍ അര്‍ച്ചനയുടെ വരന്‍ ആയ പ്രദീപ്‌ ആണെന്നു മനസ്സിലായി. എപ്പടി?"

"സമ്മതിച്ചു തന്നേക്കുന്നു, രാജെ." പ്രദീപ്‌ തലകുലുക്കി. എന്നിട്ടു രാജിനോട്‌ തിരിച്ചൊരു ചോദ്യം- "രാജ്‌ ജനിച്ചതൊരു സെപ്റ്റംബര്‍ മാസത്തിലാണല്ലേ?"

"അതേ, അതെങ്ങനെ പിടികിട്ടി?" വിസ്മയം കലര്‍ന്ന്, ഏതോ ഉത്തരം പ്രതീക്ഷിച്ച്‌ രാജ്‌.

"കാരണം, എ വിര്‍ഗോ ഇന്‍സ്പെക്റ്റ്‌സ്‌ ഇന്‍ ഡീറ്റെയില്‍!"

"പെര്‍ഫെക്റ്റ്‌...!!" രാജിന്റെ തംസ്‌ അപ്‌ കൂടിയായപ്പോ പെരുമ്പാവൂര്‍ വരെയുള്ളതിനെക്കാള്‍ ദൂരം ആ സൗഹൃദം സഞ്ചരിക്കുമെന്ന് ഇരുവരും ഉറപ്പിച്ചു. "ഇപ്പോ എവിടെപ്പോയിട്ടു വരുന്നു?" എന്ന അന്വേഷണത്തിന്‌ അന്ന് രാജിനു കിട്ടിയ ചെറിയ മറുപടി കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കു ശേഷം കേട്ട വിശദമായ കഥ ഇനി വായിക്കുക.


*** *** ***

നേരിയ ഒരു മയക്കത്തില്‍ നിന്നു പ്രദീപ്‌ തല ഉയര്‍ത്തിനോക്കുമ്പോള്‍ നീലക്കണ്ണുകളുള്ള ആ പെണ്‍കുട്ടി മുന്നിലെ സീറ്റില്‍ ഇല്ലായിരുന്നു. പകരം അങ്ങിങ്ങു നരകയറിയ മുടിയുമായി ക്ഷീണിതനായി ഒരു അണ്ണാച്ചി. താളമിട്ടുപായുന്ന ട്രെയിനില്‍ ഇരുന്നു നോക്കുമ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന പനകള്‍ പിന്നോട്ടു പാഞ്ഞകന്നുകൊണ്ടിരുന്നു. ഇളവെയില്‍ വെള്ളിനിറം വീശി പാലക്കാടിന്റെ മാറില്‍ ചാഞ്ഞുവീഴുന്നു.

"Aarcha Calling..."

ഒരു പിടച്ചിലോടെ മൊബൈല്‍ അറിയിച്ചു.

"ഹലോ.."
"..."
"അതെ... ട്രെയിനിലാണ്‌.. പാലക്കാടു കഴിഞ്ഞു.."
".."
"നീ ഓഫീസിലാണോ?"
"..."
"... ആഹ്‌.. അതെന്തായി?"
"..."
"ഓകെ. ഞാന്‍ അവിടെ ചെന്നിട്ടു വിളിക്കാം. ബൈ.."

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ റൂട്ടില്‍ ട്രെയിനില്‍..! തീരുമാനിച്ചു പുറപ്പെട്ടതാണെങ്കിലും ഒന്നുകൂടി ആലോചിക്കാതിരിക്കാനായില്ല- ഈ യാത്ര എത്രമാത്രം പ്രസക്തമാണ്‌? അന്വേഷിച്ചു ചെല്ലുന്ന ആളെ കണ്ടെത്താനായില്ലെങ്കില്‍? ആ വ്യക്തി തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍? എന്തിനാണ്‌ ഇപ്പോള്‍ എന്നെ കാണാന്‍ വന്നതെന്നു ചോദിച്ച്‌ ആട്ടിയിറക്കിയെങ്കില്‍? മനസ്സിലുയര്‍ന്നു വന്ന കുറെ ചോദ്യങ്ങളെ ചവിട്ടിയൊതുക്കി.

കോയമ്പത്തൂര്‍.

ഊഷരമായ നഗരം. ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍. സ്റ്റേഷനില്‍ വന്‍ തിരക്ക്‌. തോളില്‍ തൂക്കിയ എയര്‍ബാഗിലും ജീന്‍സിന്റെ പോക്കറ്റിലെ പേഴ്‌സിലും ഫോണിലും ശ്രദ്ധവെച്ച്‌ പതുക്കെ ആള്‍ക്കൂട്ടത്തിലേക്കു നൂണ്ടിറങ്ങി. നഗരത്തിനെന്നും ഒരേ മുഖമാണ്‌. വാഹനങ്ങള്‍, തിരക്ക്‌, പൊടി, പുക..!

തൊട്ടടുത്തുകണ്ട ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. ഒരു മസാലദോശയും കാപ്പിയും കഴിച്ചു. ഹോട്ടലിനു പുറത്തുനിന്ന സെക്യൂരിറ്റിയോട്‌ പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു.

ഭാഗ്യം, അടുത്തു തന്നെ. അപരിചിതമായ മുഖങ്ങളെ ഗൗനിക്കാതെ പ്രദീപ്‌ നടപ്പാതയിലൂടെ നീങ്ങി. സ്റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ കണ്ടുപിടിക്കാന്‍ തീരെ പ്രയാസമുണ്ടായില്ല. ഗ്രില്ലിട്ട പൂമുഖവാതിലില്‍ നില്‍ക്കുന്ന ഗാര്‍ഡിന്റെ മുഖഭാവം പ്രദീപിന്റെയുള്ളില്‍ അല്‍പമൊരാശങ്ക വീഴ്‌ത്തി. എന്തായാലും അകത്തുകടന്ന് ചില്ലിട്ട കൗണ്ടറുകളിലൂടെ ഒന്നു പരതിനോക്കി.

ദാ, അവിടെ, ഇടത്തു നിന്നു മൂന്നാമത്തെ സീറ്റ്.
അവള്‍! അനഘ. ഒരുനിമിഷത്തേക്കു ഹൃദയതാളം നിലച്ചപോലെ തോന്നി. അങ്ങനെ ഒരിക്കലും തോന്നില്ല എന്നുറപ്പിച്ചിരുന്നു- അതു സംഭവിക്കും വരെ. ഉള്ളില്‍ ഓര്‍മ്മകളിരമ്പുന്നു.

"എക്സ്‌ക്യൂസ്‌ മീ, അ.. അനഘ?"

"യാഹ്‌...?" കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും ഉയര്‍ന്ന മിഴികള്‍ പ്രദീപിന്റെ മുഖത്ത്‌ തെല്ലിട ഉടക്കി നിന്നു.

"പ്രദീപ്‌..??" ഇരിപ്പിടത്തില്‍ നിന്നും അറിയാതെ എഴുന്നേറ്റ അവളുടെ വാക്കില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ അവന്‍ വായിച്ചെടുത്തു.

"അതെ. ഞാന്‍ അ..അനഘയെ കാണാന്‍ വേണ്ടി വന്നതാണ്‌. ഓഫീസ്‌ സമയത്തുവന്നതില്‍ ക്ഷമിക്കണം. ബുദ്ധിമുട്ടാവില്ലെങ്കില്‍ അല്‍പസമയം..."

"ഒരുകാര്യം ചെയ്യൂ, അവിടെ വെയിറ്റ്‌ ചെയ്യൂ. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇറങ്ങുവാ. പോകാന്‍ തിരക്കൊന്നുമില്ലല്ലോ?"

"ഇല്ല" എന്നു പ്രദീപ്‌ പറയുമ്പോള്‍ അയാളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. "പിന്നെ, ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ പോയി കഴിച്ചിട്ടു വന്നോളൂ. ഇനി തിരക്കില്ലെങ്കില്‍ നമുക്ക്‌ ഒരുമിച്ചാകാം."

"ഞാന്‍ വെയിറ്റ്‌ ചെയ്യാം." എന്നായിരുന്നു പ്രദീപിന്റെ മറുപടി. പിന്നെ ടീപ്പോയില്‍ കിടന്ന ഹിന്ദു പത്രത്തിന്റെ ശനിയാഴ്ച സപ്ലിമെന്റിലേക്കു മിഴി നട്ടു. നാല്‍പതു മിനിറ്റെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം, കയ്യില്‍ ഹാന്റ്ബാഗുമായി അനഘ മുന്നില്‍ വന്നു.

"പോകാം..?"

"ഓക്കെ..!" അനഘയുടെ പിന്നാലെ ബാങ്കില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തു മുന്‍പത്തെ നീരസം കണ്ടില്ല.

"ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല, എന്താ ഈ വഴിക്കൊക്കെ?"പ്രദീപ്‌ ചിരിച്ചു.

"വെറുതേ.. അല്ല നിന്നെ കാണാന്‍!" ആ മറുപടി അവള്‍ക്കു ദഹിച്ചില്ലെന്നു തോന്നി.

"എന്നെ കാണാനോ?"

"അതെ. ഞാന്‍ വെള്ളിയാഴ്ച ലാന്‍ഡ്‌ ചെയ്തു. രണ്ടുദിവസം ബാംഗ്ലൂരിലായിരുന്നു. പിന്നെ... നിന്നെ ഒന്നു കാണണം എന്നു തീരുമാനിച്ചിരുന്നു. അതാ വന്നത്‌."

"ഉം.. അതു കൊള്ളാം. പിന്നെ എന്തുണ്ടു വാര്‍ത്തകള്‍? എന്തോ നല്ല വിശേഷമുള്ള പോലെ തോന്നുന്നു?" പണ്ടെന്നോ കണ്ടുമറഞ്ഞ ഒരു കുസൃതിച്ചിരിയുടെ ലാഞ്ഛന അവളുടെ കവിളില്‍."അതെ. പറയാം. ആദ്യം ശാപ്പാട്‌"

"ഓക്കെ." അവള്‍ ആക്റ്റിവ സ്റ്റാര്‍ട്ടാക്കി.

ഒരു റെസ്റ്റോറന്റിന്റെ മുന്നില്‍ വണ്ടി പാര്‍ക്കുചെയ്ത്‌ അവള്‍ എനിക്കു മുന്നേ നടന്നു. പുറത്തെ ചുടുവെയിലില്‍ നിന്നും ഏസിയുടെ ശീതളസുഖത്തിലേക്ക്‌. മേശയുടെ മറുവശത്തിരുന്ന് അനഘ അവന്റെ മുഖത്തേക്കു നോക്കുമ്പോള്‍, ഓര്‍മ്മകള്‍ ഉള്ളില്‍ തുളുമ്പി വീണു.

"സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട്‌?" ഒരു തുടക്കം കിട്ടാന്‍ പ്രദീപ്‌ ബുദ്ധിമുട്ടി.

"നമ്മള്‍ തമ്മില്‍ എത്രകാലം കൂടിയാ കാണുന്നത്‌?"

"അഞ്ച്‌-ആറു വര്‍ഷം?"

"ഉം.. കൊള്ളാം- ആറുവര്‍ഷം." അനഘ മൗനം.

“ഇക്കാലംകൊണ്ട് ജീവിതം എത്ര മാറി..!" ഇരുവരും ഊണിനു പറഞ്ഞു.

"പ്രദീപിന്‌... സുഖമല്ലേ..?" ആറു വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി പ്രദീപിന്റെ മുഖത്ത്‌ രക്തമയമില്ലാത്ത ആ ചിരിപരന്നു.

"അതെ. സുഖം തന്നെ. നിനക്ക്‌..?"

"ഉം.. പരമസുഖം! ഞാന്‍ ഇവിടെ ഈ പട്ടണത്തില്‍ തനിയെ. പുള്ളിക്കാരന്‍ അങ്ങ്‌. കുഞ്ഞാണെങ്കി അച്ഛന്റേം അമ്മേടേം കൂടെ നാട്ടില്‍. കുടുംബജീവിതം ഒഴികെ ബാക്കിയെല്ലാം ഓകെ."

തൂവെള്ളനിറമുള്ള ചോറില്‍ സാമ്പാര്‍ ഒഴിച്ച്‌ ഇളക്കിക്കൊണ്ട്‌ പ്രദീപ്‌ പറഞ്ഞു-"എനിക്കീ ചോറിന്റെ കൂടെ പരിപ്പുകറി തീരെ ഇഷ്ടമല്ല.”

ഇവനിന്നും പഴയതുപോലെ തന്നെ- ഔട്ട്‌സ്പോക്കണ്‍ ചാപ്‌-പഴയ വിശേഷണം ഭൂതകാലത്തിന്റെ ഗന്ധം പരത്തി അനഘയ്ക്കു തികട്ടിവന്നു.

16 comments:

  1. സന്ദര്‍ശനങ്ങളും സൌഹൃദങ്ങളും അവസാനിക്കുന്നില്ല.

    ReplyDelete
  2. എടാ ദ്രോഹീ.... വായിച്ചു സുഖിച്ചു വന്നപ്പോള്‍ അടുത്തതില്‍ എന്നോ.. താനെന്താ മാത്യൂ മറ്റം ആവാന്‍ പഠിക്കുകയാണോ..??
    പെട്ടെന്ന് തന്നെ അടുത്ത പോസ്റ്റ് ഇട്ടോണം... വല്ലപ്പോഴും പോസ്റ്റിടുന്ന സ്വഭാവം ഇതില്‍ കാണിച്ചാല്‍ ഫോണ്‍ വിളിച്ചു തെറി വിളിക്കും.. പിന്നെ അടിപൊളി.. നല്ല നോവല്‍ ആക്കാനുള്ള ചുവയുണ്ട്.. വേഗം വേഗം പോസ്റ്റ് ഇടുമെങ്കില്‍ നോവല്‍ ആകിക്കോളൂ..അല്ലാതെ അടുത്ത പോസ്റ്റ് അടുത്ത മാസം എന്ന് പറഞ്ഞാ..............

    ReplyDelete
  3. നീട്ടി ബോറാക്കണ്ട എന്നു വിചാരിച്ചു. ബാക്കി ഉടനെതന്നെ പ്രതീക്ഷിക്കാം.

    പിന്നെ ദീപക് രാജ്, ആദ്യ കമന്റിനു പ്രത്യേക നന്ദി..

    ReplyDelete
  4. നന്നാവുന്നുണ്ടു...ബാക്കി???

    ReplyDelete
  5. ഇതു ചതിയായി ട്ടൊ , നല്ല രസായിട്ടു വന്നപൊ ഒരു ബ്രെക്ക് .
    എത്രയും വേഗം ബാക്കി കൂടി പൊരട്ടെ.

    ReplyDelete
  6. നല്ല എഴുത്താണ്. പക്ഷെ രസച്ചരട് മുറിച്ചു.
    തുടരനാണേല്‍ സാധാരണ കുറെ എണ്ണം ഒന്നിച്ചു കൂട്ടിയിട്ടേ ഞാന്‍ വായിക്കാറുള്ളൂ.
    :)

    ReplyDelete
  7. പിന്നെയും തുടരന്‍??? ശരി. ബാക്കി കൂടെ വായിയ്ക്കട്ടെ...

    ReplyDelete
  8. നോവലെഴുതാനുള്ള പുറപ്പാടിലാണോ സഖേ?

    രസകരമായി, കഥാപാത്രങ്ങള്‍ക്കൊപ്പം നടന്നു വന്നപ്പോള്‍ ദാണ്ടെ തുടരും ;) കാത്തിരിക്കുന്നു ബാക്കിയുള്ളതിന്
    ************************
    ആദ്യപകുതിയിലെ അവസാന പാരഗ്രാഫില്‍ കഥാകൃത്ത് കയറി വന്ന് പറയുമ്പോള്‍ ഒരു അരോചകം.അതല്ലാതെ ആ കഥാപാത്രം ഫ്ലാഷ് ബാക്കിലേക്കു പോകുകയാണെങ്കില്‍ ആ കല്ലുകടി ഒഴിവാക്കാമായിരുന്നു; മാത്രമല്ല ഫസ്റ്റ് പേര്‍സന്‍ കഥ പറയുന്ന രീതിയായിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു.

    ReplyDelete
  9. ഇതിപ്പൊ മനോരമ മംഗളം എന്നിവയിലെ നോവല്‍ പോലെയായി മാഷെ..

    ഇത്രയും നന്നായിട്ടെഴുതുവാന്‍ കഴിയുമ്പോള്‍, പോസ്റ്റിന് നീള‍മുണ്ടെങ്കിലും വായനക്കാരന് ഒട്ടും മുഷിവ് തോന്നുകയില്ല.

    ReplyDelete
  10. Kollaam nannayittundu.. Pakshe aa ending alppam kashtham tanne... Onnu veegam post cheyyanee...

    ReplyDelete
  11. നാട്ടില്‍ പോകുന്നു...
    തിരക്കിലാണ്..
    ബാക്കി വന്നിട്ട് വായിക്കാം..
    എഴുത്ത് നടക്കട്ടെ..

    ReplyDelete
  12. കോട്ടയംകാരനായതുകൊണ്ടാവും ഈ തുടരന്‍ പരിപാടി.കൊച്ചുകള്ളാ.. താങ്കളുടെ ഈ പോസ്റ്റ്‌ വളരെ..(ശേഷം അടുത്ത കമന്റില്‍) :)

    ReplyDelete
  13. പതിവായി വരാറുണ്ട്‌...
    ഒപ്പിടാറില്ലാന്നു മാത്രം...

    വായനക്കാരെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ടെന്‍ഷന്‍ അടിപ്പിക്കുന്നത് അത്ര നല്ലതെല്ലെന്നൊരു അഭിപ്രായം.....

    (മൂന്നു വര്‍ഷം ഞാനും ഒരു കട്ടപ്പനക്കാരി ആയിരുന്നു ട്ടോ?...കുട്ടിപ്രായത്തില്‍...)

    ReplyDelete
  14. അകാംക്ഷ..ആകാംക്ഷ..ബാക്കി പെട്ടെന്നാവട്ടെ:)

    ReplyDelete
  15. നട്ടം തിരിക്കുമെന്ന് തോന്നി
    അതാ വയിച്ചിട്ട് മിണ്ടാതെ പോയത്
    ഇന്ന് എല്ലാം കൂടി ഒരു പിടിയങ്ങ് പിടിക്കട്ടെ
    ശൈലി ഇഷ്ടായി വല്ല്ലാത്ത ഇന്റിമസി തോന്നുന്നു.......

    ReplyDelete
  16. ദീപക് രാജ്,
    ജ്യോതിര്‍മയി,
    സ്മിത,
    അനില്‍@ബ്ലോഗ്,
    ശ്രീ,
    നന്ദകുമാര്‍,
    കുഞ്ഞന്‍,
    നിച്ചു,
    സ്മിത ആദര്‍ശ്,
    മേഘമല്‍ഹാര്‍,
    ഏകാന്തതാരം,
    ലക്ഷ്മി,
    മാണിക്യം ചേച്ചി,

    എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി. :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'