Saturday, May 24, 2008

നാമവിശേഷം - ഭാഗം 3

നാട്ടിലെ വിപ്ലവാത്മക ഇരട്ടപ്പേരുകാരില്‍ നല്ലൊരു ഭാഗം സീനിയര്‍ സിറ്റിസണ്‍സ്‌ ആണ്‌. ആനയമ്മാവന്‍ എന്ന കാര്‍ന്നോരെ എല്ലാവര്‍ക്കുമറിയാം. അവരിലൊരു പത്തു ശതമാനത്തിനു പോലും അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേരറിഞ്ഞുകൂടാ. കാലില്‍ ആണിരോഗത്തിന്‍റെ സ്പെല്ലിങ്ങ്‌ മിസ്റ്റേക്കുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന അദ്ദേഹം പണ്ട്‌ ആനക്കാരനായിരുന്നതിനാലാണ്‌ ആ പേരു വന്നതത്രേ. വഴിയില്‍വച്ചു കാണുമ്പോഴെല്ലാം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അദ്ദേഹത്തെ അമ്മാവാ എന്നല്ലാതെ ആനയമ്മാവാ എന്നാരെങ്കിലും വിളിക്കുന്നതു കേട്ടിട്ടില്ല. ഈ സ്നേഹക്കൂടുതല്‍ കൊണ്ടാവണം ആ അമ്മാവന്‍റെ സ്നേഹമയിയായ ഭാര്യയെ അമ്മായി എന്നും വിളിച്ചുപോരുന്നു. അതെ, ഒരു ഗ്രാമത്തിന്‍റെ മൊത്തം അമ്മാവനും അമ്മായിയും!

"ഒരു കുഞ്ഞേട്ടനെ അറിയുമോ?"

"യേതു കുഞ്ഞേട്ടനെയാ നിങ്ങളുദ്ദേശിക്കുന്നെ?" ഒത്തിരി കുഞ്ഞേട്ടന്മാരുള്ള നാട്ടില്‍ ഈ കണ്‍ഫ്യൂഷന്‍ സ്വാഭാവികം. എന്നാല്‍ കാളക്കുഞ്ഞേട്ടന്‍ എന്നൊന്നെടുത്തു ചോദിച്ചുനോക്കൂ.

"എന്നാപ്പിന്നെ ഇതാദ്യമങ്ങു പറഞ്ഞാപ്പോരായിരുന്നോടാ ഉവ്വേ?" എന്നൊരു ലാഘവത്വം തിരിച്ചുകിട്ടും. ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ള വട്ടപ്പേരിതാണ്‌. ഈ പേരിനുപിന്നിലെ ചരിത്രമന്വേഷിച്ച എനിക്കു കിട്ടിയത്‌ ഒരു ഇലക്ഷന്‍ കഥയാണ്‌. വളരെ പണ്ട്‌ കാള ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഇദ്ദേഹം കാളയായി വേഷംകെട്ടി നിരത്തിലൂടെ നടന്നിട്ടുണ്ടത്രേ. കുറച്ചുകാലം പട്ടാളത്തിലൊക്കെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഈ പൂര്‍വ്വചരിത്രം ശരിയാണോയെന്ന് വെല്യ നിശ്ചയം പോരാ. എന്തായാലും ഇഷ്ടസ്ഥാനാര്‍ത്ഥിയുടെ ചിഹ്നം അദ്ദേഹത്തിന്‍റെ പേരിനൊപ്പം കയറിക്കൂടി.

പതിഞ്ഞുപോകുന്ന ചിലപേരുകള്‍ ഉടമസ്ഥരുടെ സമീപസ്ഥരിലും ചെന്നു താവളമുറപ്പിക്കുന്നതു സാധാരണ സംഭവമല്ല. വളരെ പൊക്കം കുറഞ്ഞ ഒരു വ്യക്തിയാണു ബാബുച്ചേട്ടന്‍. പക്ഷെ, ഇന്നുള്ള ആ പബ്ലിസിറ്റി ബാബുച്ചേട്ടനു നേടിക്കൊടുത്തത്‌ ആ പൊക്കമില്ലായ്മയാണ്‌ - പേരിനു മുന്നില്‍ ഉണ്ട എന്ന വിശേഷണം വന്നതിനു ശേഷം. കലണ്ടറുകള്‍ പലതു പഴകി. ബാബുച്ചേട്ടന്‍റെ പയ്യന്‍ അപ്പനെക്കാള്‍ ഉയരത്തില്‍ വളര്‍ന്നെങ്കിലും പാരമ്പര്യം കൈവിടാന്‍ നാട്ടുകാരനുവദിച്ചില്ല. അവനും കിട്ടി പേര്‌- ഉണ്ടക്കൊച്ച്‌.

ഒരു പത്തിരുപതു കൊല്ലം മുന്‍പ്‌, എന്‍റെ ഗ്രാമവും കാര്‍ഷികസമൃദ്ധിയുടെ പച്ചപ്പട്ടുടുത്തു കുളിര്‍ ചൂടി നിന്ന കാലത്ത്‌ പാക്ക്‌(അടയ്ക്ക) ഒരു പ്രധാന നാണ്യവിളയായിരുന്നു. ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന കവുങ്ങുകളില്‍ കുതിച്ചുകയറി ഇടതിങ്ങിവിളഞ്ഞ മുഴുത്ത പാക്കിന്‍കുലകള്‍ നിലത്തേക്ക്‌ ആഞ്ഞു വീണിരുന്ന ഒരു കാലം. ഓരോ വീട്ടിലെയും തിണ്ണയിലും വലിയ മുറിയിലും(അന്നു 'ഹാള്‍' എന്നൊരു കണ്‍സെപ്റ്റ്‌ ഇല്ലല്ലോ) മുറ്റത്തുമൊക്കെയായി തൊപ്പിയടര്‍ത്തിയ ചമ്പന്‍പാക്ക്‌ (പച്ച അടയ്ക്ക) കൂട്ടിയിട്ടിരിക്കും. കുടുംബാംഗങ്ങളും ജോലിക്കാരുമെല്ലാം ചേര്‍ന്നിരുന്ന്‌ സൊറപറഞ്ഞ്‌ പിച്ചാത്തി കൊണ്ട്‌ തൊണ്ടുകളഞ്ഞ്‌ പാക്ക്‌ ഒരുക്കുന്ന കാഴ്ച സുലഭമായിരുന്നു. പാക്കുപറിക്കാന്‍ എളിയില്‍ തിരുകിയ പിച്ചാത്തിയുമായി കവുങ്ങുകളില്‍ നിന്നും കവുങ്ങുകളിലേക്ക്‌ അണ്ണാറക്കണ്ണന്മാരെപ്പോലെ ചാടിക്കയറുന്ന കൊടിവച്ച കവുങ്ങുകയറ്റക്കാരുണ്ടവിടെ. ഈ എസ്റ്റാബ്ലിഷ്‌ഡ്‌ കയറ്റക്കാരുടെയിടയിലേക്ക്‌ ഒരു നാള്‍ ഒരു പയ്യന്‍ വന്നു ചേര്‍ന്നു - അജയന്‍. പക്ഷേ, ഈ അജയനു കവുങ്ങുകയറാനുള്ള ഉശിരും ചുറുചുറുക്കും ആവോളമുണ്ടായിരുന്നിട്ടും വേണ്ടത്ര അവസരങ്ങളൊത്തില്ല. ഒടുക്കം കിട്ടിയതോ, ഈപ്പറഞ്ഞ വമ്പന്‍മാര്‍ ഉപേക്ഷിച്ചിട്ട കവുങ്ങുകള്‍ മാത്രം. പൃഷ്ഠഭാഗം ആസിഡുസഞ്ചിയുമായി നടക്കുന്ന നീറുകള്‍ വിഹരിക്കുന്ന റിസ്ക്കി കവുങ്ങുകള്‍. എന്നാല്‍ നീറുനല്‍കിയ നീറ്റല്‍ വകവെയ്ക്കാതെ അജയന്‍ കവുങ്ങുകള്‍ കയറിയിറങ്ങിയപ്പോള്‍ നീറുണ്ണി എന്നറിയപ്പെട്ടു. ദുസ്സാഹചര്യങ്ങളെ അവഗണിച്ച്‌ ഉയരങ്ങള്‍ തേടിയ അദ്ധ്വാനിയായ ഒരു ചെറുപ്പക്കാരനു ഗ്രാമം നല്‍കിയ ഫോര്‍മിക്കാസിഡിന്‍റെ മണമുള്ള ചെല്ലപ്പേര്‌.

കോതമംഗലത്തിനടുത്തുള്ള പിണ്ടിമന എന്ന സ്ഥലത്തെക്കുറിച്ചു ഞാനാദ്യം കേള്‍ക്കുന്നത്‌ എന്‍റെ സഹപാഠിയായിരുന്ന റിറ്റോയുടെ ഇരട്ടപ്പേരിന്‍റെ കഥയന്വേഷിച്ചപ്പോഴാണ്‌. അവന്‍റെ സ്വദേശം പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി ആണത്രേ. തന്മൂലം പിണ്ടിമനയിലെ പിണ്ടി അവന്‍റെ പര്യായമായി. മുത്തംകുഴിയിലെ 'മുത്തത്തിന്‌' അപ്പോള്‍ ഒരു പ്രാധാന്യവുമില്ലേ എന്നു ചോദിക്കരുത്‌.

പിണ്ടിയോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടയാളാണു ജിനീഷ്‌. ഡിഗ്രി പഠനകാലത്ത്‌ ഒരു ഇരട്ടപ്പേരു വീഴുകയും വിധിവശാല്‍ ആ പേര്‌ സാര്‍ഥകമാവുകയും ചെയ്ത വേറൊരാളെ എനിക്കു കാട്ടാനാവില്ല. രാജകുമാരി എന്‍.എസ്‌.എസ്സിലെ പഠനകാലത്ത്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീമിലെ ഒന്നാംതരം ഒരു സന്നദ്ധസേവകനായിരുന്നു കക്ഷി. ആളു ചില്ലറക്കാരനൊന്നുമല്ല കേട്ടോ. സ്കൗട്ട്‌ പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന്‌ പ്രധാനമന്ത്രിയുടെ കയ്യീന്നു മെഡലൊക്കെ കിട്ടിയിട്ടുള്ള ഒരു കുഞ്ഞു സാമൂഹ്യപ്രവര്‍ത്തകന്‍ ആണിദ്ദേഹം. നാടന്‍ പാട്ടുകളും ക്യാമ്പ്‌ ഫയറുമെല്ലാമായി അടിച്ചുപൊളിച്ച ഒരു എന്‍.എസ്‌.എസ്‌ ക്യാമ്പുകാലത്ത്‌ ജിനീഷിന്‍റെ ഊര്‍ജ്വസ്വലതയെ മാനിച്ച്‌ കൂട്ടുകാര്‍ 'മൂപ്പന്‍' എന്നു വിളിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂയംകുട്ടി വനാന്തരങ്ങളിലെ വിവിധ ആദിവാസിക്കുടികളില്‍ സൗരവിളക്കുകള്‍ നന്നാക്കുന്ന ജോലിയും അവിടുത്തെ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകവൃത്തിയും മെഡിക്കല്‍ ക്യാമ്പു നടത്തിപ്പുമൊക്കെയായി അവന്‍ നടന്നപ്പോള്‍ പണ്ടുവീണ ചെല്ലപ്പേര്‌ ഒരു പദവി പോലെ ജിനീഷിനു തോന്നിയിരിക്കണം. പിന്നീട്‌ എം.എസ്‌.സി പഠനത്തിനിടയിലും അട്ടയുടെ കടിയേറ്റ്‌ ആനച്ചൂരു മണക്കുന്ന വനത്തിലൂടെ തോളിലൊരു ബാഗും തൂക്കി നടന്നിട്ടുണ്ട്‌ അവന്‍. പുറംലോകവുമായി പരിമിതമായ ബന്ധം മാത്രം പുലര്‍ത്തുന്ന ഒരുവിഭാഗം ജനതയ്ക്ക്‌ അവന്‍ ആദരണീയനായിരുന്നു. മൂപ്പനെപ്പോലെ!

ഹെല്‍മെറ്റ്‌ നിര്‍ബ്ബന്ധമില്ലാതിരുന്ന കാലത്ത്‌ മൊട്ടിട്ടുവരുന്ന കഷണ്ടിയില്‍ ഒരു കുഞ്ഞുസൂര്യനെപ്പേറി ചെമന്ന എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ ഖഡ്‌ ഖഡ്‌ ശബ്ദം മുഴക്കിവന്ന റെജിസാറിനെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച പേരാണ്‌ 'ജമ്പന്‍'. ക്ലാസ്സിന്‍റെ ഗൗരവം ഒന്നയഞ്ഞ ഒരു ദിവസം സാറുതന്നെ പറഞ്ഞു: "ഡാ, നീയൊക്കെ എന്നെ വിളിക്കുന്ന പേരെന്നതാന്നൊക്കെ എനിക്കറിയാം, ട്ടോ!" റെജിസാര്‍ പിന്നീടു ഹീറോ ഹോണ്ട പാഷന്‍റെ ലാളിത്യത്തിലേക്ക്‌ ഒതുങ്ങിയെങ്കിലും ഉരുവിട്ടു പഠിച്ച പേര്‌ ശിഷ്യര്‍ മറന്നില്ല. എന്നിരിക്കിലും, അന്നുമിന്നും സാറിനു പിള്ളേരോടുള്ള സ്നേഹവും അടുപ്പവും- നമിക്കണം.

ക്ലാസ്സില്‍ വരുന്നതിനോട്‌ തന്നെ താല്‍പര്യമില്ലാത്ത ഡിഗ്രിപ്പിള്ളേരുടെ ഇടവേളസമയം കൂടി നോട്ടുപറഞ്ഞുതരാന്‍ അദ്ധ്യാപിക തട്ടിയെടുത്താലോ? സഹിക്കാന്‍പറ്റുവോ? പ്രത്യേകിച്ചു ബി.സി.ഏയിലെ ലലനാമണികളുടെ സഞ്ചാരം ഞങ്ങളുടെ ക്ലാസ്‌മുറിക്കു മുന്നിലൂടെയാവുമ്പോള്‍. നോട്ടു തീര്‍ക്കാതെ വിടില്ല എന്നു ടീച്ചര്‍ പിടിച്ചപിടി വിടാതെ നിന്നപ്പോള്‍ കൊടുത്തൂ പേരൊരെണ്ണം - ഉടുമ്പ്‌.

ലാസ്റ്റ്‌, ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌.

ടെറസ്സില്‍ ഒരു ദിവസം കാറ്റും കൊണ്ടിരിക്കുകയാണ്‌. അനിലിന്‌, ശ്ശെ, തക്കായിക്കൊരു പൂതി. എല്‍ബിയുടെ ചുള്ളന്‍ എന്ന പേരിനു ഗ്ലാമറു പോരാ. പുതിയൊരു പേരു വേണം. ഒന്നാലോചിക്കാന്‍ എന്നോടു പറഞ്ഞിട്ടു തക്കായി ചിന്തയിലാണ്ടു. അവന്‍ കിട്ടീ കിട്ടീയെന്ന്‌ ആര്‍ത്തു വിളിച്ചപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ ഞാന്‍ സംഗതി അന്വേഷിച്ചു. ഉടന്‍ വന്നൂ മറുപടി-

"വേതാളം..!! എപ്പടി?"

"സൂപ്പര്‍..! അടിപൊളിപ്പേരു തന്നെ." ഞാന്‍ എല്‍ബിയുടെ നേരേ തിരിഞ്ഞു. ആഹ്ലാദാതിരേകത്തോടെ വിളിച്ചു: "എടാ ചുള്ളാ, നിന്‍റെ പേരു മാറ്റി..."

അനില്‍ ഇടയ്ക്കുകയറി- "അതേയ്‌, അവനിപ്പോ തല്‍ക്കാലം ഒരു പേരുണ്ട്‌. അതുകൊണ്ട്‌ വേതാളം എന്ന പേരു നിനക്കിരിക്കട്ടെ!"

പഴയ ആട്ടോഗ്രാഫിന്‍റെ താളു മറിക്കുമ്പോള്‍ ഇന്നും കാണാം- "Dear Vethalam..."

എന്തോ ഒരിത്‌...!

7 comments:

  1. അല്‍പ്പം നീണ്ടുപോയെങ്കിലും ഈ പോസ്റ്റോടെ നാമവിശേഷം അവസാനിക്കുന്നു.

    സസ്നേഹം,
    രാജ്‌

    ReplyDelete
  2. കൊള്ളാം. നാമ വിശേഷങ്ങള്‍ കലക്കി. പഴയ കോളേജ് കാലത്തിലൂടെ ഒന്നു കറങ്ങി വന്നതു പോലെ തോന്നുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍. :)

    രാജകുമാരി കോളേജില്‍ ഞാനും പോയിട്ടുണ്ട്. എന്റെ ചില സുഹൃത്തുക്കള്‍ പഠിച്ചത് അവിടെയാണ്. അതിലൊരു സുഹൃത്തിനും കളിപ്പേര് “മൂപ്പന്‍” എന്നായിരുന്നു. :)

    ReplyDelete
  3. "അതേയ്‌, അവനിപ്പോ തല്‍ക്കാലം ഒരു പേരുണ്ട്‌. അതുകൊണ്ട്‌ വേതാളം എന്ന പേരു നിനക്കിരിക്കട്ടെ!"

    Good climax.
    But I have been expecting ur name since the first part!

    ReplyDelete
  4. ഉടുമ്പ്‌ super.! മൂപ്പന്‍ is relly touching. any particular reason for your iarattapperu?

    ReplyDelete
  5. ശ്രീ, രാജകുമാരി കോളേജുകാലത്ത്‌ ഈ ജിനീഷല്ലാതെ വേറെയും മൂപ്പനുണ്ടായിരുന്നതായി എനിക്കും നേരിയ ഒരോര്‍മയുണ്ട്‌. ആ മൂപ്പന്‍ ബി.സി.എ.യിലായിരുന്നെന്നാണു ഞാന്‍ കരുതുന്നത്‌. പക്ഷെ ആളാരാ എന്നൊരു പിടിയും കിട്ടുന്നില്ല. കമന്‍റിട്ടതില്‍ സന്തോഷം. നന്ദി.

    നീതു, എന്തായാലും പ്രതീക്ഷ അസ്ഥാനത്തായില്ലല്ലോ. കമന്‍റിനു നന്ദി.

    ജീവ, എനിക്കു പേരു വീണതിന്‍റെ പിന്നില്‍ യാതൊരു ഉപകഥകളുമില്ല. ഉള്ള കഥ പറഞ്ഞുകഴിഞ്ഞു. കമന്‍റിയതില്‍ സന്തോഷം. നന്ദി.

    ReplyDelete
  6. നാമവിശേഷങ്ങള്‍ അസ്സലായി. കാര്യം പറയുകയാണെങ്കില്‍ ഒരുപാടു പേരുകള്‍ സ്വന്തമായിത്തന്നെ ഉള്ള ആളാണു ഞാനും. പേരിന്റെ പാതിയും പൊട്ടുമായ ജിനുവും,ജിനേയും,ജിന്‍സും തുടങ്ങി യാതൊരു ബന്ധവുമില്ലാത്ത ഡി ക്കുട്ടനും,പാമ്പും വരെ. പിന്നെയും ഒരുപാടുപേരുകള്‍ എനിക്കുതന്നെയുണ്ട്. അതൊക്കെ ഓര്‍ക്കാന്‍ ഒരവസരം തന്നതിന്‍ നന്ദി!!!

    ReplyDelete
  7. ജിന്‍സ്ബോണ്ടേ, പോസ്റ്റിഷ്ടമായെന്നറിഞതതില്‍ സന്തോഷം. കമന്‍റിനു നന്ദി.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'