Thursday, April 09, 2009

ദാറ്റ്‌സ് വൈ ഐ ഗോ ഹോം!

ഒത്തിരിയായി ഒരു യാത്രാവിവരണം എഴുതിയിട്ട്‌! ബാംഗ്ലൂരില്‍ നിന്നും മിക്കവാറും എല്ലാ മാസവും കട്ടപ്പനയിലേക്ക്‌ ഒരു യാത്ര പതിവാണ്‌. നാട്ടില്‍ പോയി മൂന്നാഴ്ച കഴിയണ്ട, അതിനു മുന്‍പേ മനസ്സില്‍ നിന്നും വീടു വിളിക്കും. അമ്മയുടെ സ്ഥിരം എസ്‌.ടി.ഡി. കാളുകളിലെ 'ഇനിയെന്നാ മോന്‍ വരുന്നേ?' അല്ലെങ്കില്‍ 'ഇനിയെന്നാടാ ലീവ്‌?' എന്ന ചോദ്യത്തില്‍ ആകാംക്ഷ കുന്നുകൂടും. അച്ചാറുകുപ്പികള്‍ കാലിയായി വരളും. വീട്ടിലേല്‍പ്പിച്ച ചെക്ക്‌ ലീഫുകള്‍ തീരും. ആ മണ്ണ്‌! അവിടെയെത്താന്‍ ഉള്ളം വെമ്പല്‍ കൊള്ളും! ഈ വികാരത്തിനു വെയിലോ മഞ്ഞോ മഴയോ ഒരു തടസ്സമാണോ?



പുതുവര്‍ഷം പിറന്നതില്‍പ്പിന്നെ ജനുവരി മാസം ഒന്നു പോയിരുന്നു. അതില്‍പിന്നെ പോകാനൊത്തത്‌ മാര്‍ച്ച്‌ 26-നാണ്‌. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകള്‍ കൊണ്ട്‌ ഞെരുങ്ങിയ ഒരു സന്ദര്‍ശനമായിരുന്നു അത്‌. എത്ര മുന്‍പേ തീരുമാനിച്ച യാത്ര ആയിരുന്നെങ്കിലും സ്വന്തം പിടിപ്പുകേട്‌ മൂലം 'ഉഗാദി'യുടെ തലേന്നത്തെ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ വിട്ടു. അതിനാല്‍ കല്ലട ബസ്സിന്റെ സെമിസ്ലീപ്പര്‍ സുഖത്തില്‍ നിന്നു വിട്ട്‌ അന്ന് തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സിലെ അല്ലലറിഞ്ഞ്‌ പോകേണ്ടിവന്നു(ചന്തി വേകാന്‍ പാകത്തിന് ബോണറ്റേല്‍ ഇരുന്നാണ് സേലം വരെ പോയത്). ആ യാത്ര കഴിഞ്ഞ്‌ ചൊവ്വാഴ്ച മടങ്ങിയെത്തി. വെള്ളിയാഴ്ച രാമനവമി ആയതിനാല്‍ മൂന്നുദിവസത്തെ അവധി തരപ്പെട്ടതിന്‍ പ്രകാരം വീണ്ടും വ്യാഴാഴ്ച നാട്ടിലേക്ക്‌! പറയാന്‍ പോകുന്നത്‌ ആ രണ്ടാം യാത്രയെപ്പറ്റി...

കഴിഞ്ഞയാഴ്ചത്തെപ്പോലെ ഇത്തവണയും ടിക്കറ്റ്‌ ഇല്ല. മടങ്ങിവരാന്‍ ടിക്കറ്റ്‌ ഉണ്ടോ എന്നതുമാത്രമാണു പോകുന്നതിന്റെ മാനദണ്ഡം. വ്യാഴാഴ്ച വൈകിട്ടു കിടക്കും മുന്‍പേ ബാഗ്‌ തയ്യാറാക്കി വെച്ചു. രാവിലെ കട്ടപ്പനയിലെ കല്ലട ഓഫീസില്‍ വിളിച്ചു ചോദിക്കണം ഞായറാഴ്ച ടിക്കറ്റ്‌ ഉണ്ടോന്ന്. ഉണ്ടെങ്കില്‍ നാളെ പുറപ്പെടും അല്ലെങ്കില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം ബാംഗ്ലൂരില്‍ തന്നെ തീര്‍ക്കും.

രാവിലെ ഓഫീസില്‍ കാലേകൂട്ടിയെത്തി. സാധാരണ ഒന്‍പതര കഴിഞ്ഞേ അവിടെ കാലുകുത്താറുള്ളൂ. അന്നു എട്ടര കഴിഞ്ഞപ്പോള്‍ ഹാജര്‍. ഒരാഴ്ചയായി ഒരു ഇഷ്യുവുമായി മസില്‍ പിടിത്തം തുടരുന്നതാണ്‌. അതിന്റെ കാര്യം ഒരു തീരുമാനമാക്കാതെ നേരത്തെ ചാടുന്നതെങ്ങനെ എന്ന ചിന്തയായിരുന്നു. പതിവിലും കുറച്ചു നേരം മാത്രം ബ്രേക്‍ഫാസ്റ്റിനെടുത്ത്‌ വേഗം ജോലിയില്‍ മുഴുകി. പത്തര കഴിഞ്ഞ്‌ ഫോണ്‍ വിളിച്ച്‌ മടക്കയാത്രയ്ക്കു ടിക്കറ്റ്‌ ഉറപ്പുവരുത്തി. ആഹഹ! ഞാന്‍ ഇന്നും വീട്ടില്‍ പോകുന്നു എന്നു ആഹ്ലാദത്തോടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗണ്‍സ്‌ ചെയ്തു. ഉടനെ കിട്ടി ഏത്തയ്ക്കാ ചിപ്സിനുള്ള ഓര്‍ഡര്‍!

നാലരയായപ്പോഴേക്കും തലപെരുപ്പിച്ച ജാവഫയലിനെ പാതി വഴിയില്‍ സേവ്‌ ചെയ്ത്‌ ഇറങ്ങി. ഒട്ടും നേരം കളയാതെ റൂമിലെത്തി. ശ്ശടേന്നൊന്നു കുളിച്ചു. എടുത്തുവെയ്ക്കേണ്ട സാധനങ്ങളെല്ലാം ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. വേഷം മാറി. ഒരു കുപ്പി വെള്ളം കരുതി(എന്തിനു പച്ചവെള്ളത്തിനു പതിനഞ്ചു രൂപ മുടക്കണം?). ഇറങ്ങാന്‍ നേരം എന്തോ ഒരു പന്തികേട്‌! എന്തോ മറന്ന പോലെ. ആ പോട്ടെ! അഞ്ചരയായപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ വന്നു. സേലം വണ്ടി പിടിക്കണം. കുറഞ്ഞ പക്ഷം ഹൊസൂര്‍ വണ്ടി. സ്വന്തം സ്റ്റോപ്പില്‍ ഇന്നു സേലം വണ്ടിയൊന്നും നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല എന്നു മനസ്സിലായതോടെ ഇലക്ട്രോണിക്‌ സിറ്റിക്കുള്ള 356-നു കയറി. ബസ്‌ അല്‍പം മുന്നോട്ടു നീങ്ങിയപ്പോളാണ്‌ എന്തോ ഒരു കുറവ്‌!! യെസ്‌! ആകമാനം ഒന്നു തപ്പി നോക്കി. ഫോണിന്റെ ഹെഡ്‌സെറ്റ്‌ എടുത്തില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഇല്ലാതെ, ശ്ശെ!! എടുത്ത്‌ ബാഗിന്റെ മുകളില്‍ വെച്ചതാണ്‌; എന്നിട്ടും ബാഗ്‌ മാത്രം എടുത്തോണ്ട്‌ പോന്നു. എനിക്കെന്നോടു തന്നെ കലി വന്നു. ഇ-സിറ്റിയില്‍ ഇറങ്ങി. ഉടനെ തന്നെ വന്ന ഒരു സേലം വണ്ടിയില്‍ കയറി. മഞ്ഞ ബസ്‌, ഇഷ്ടം പോലെ സീറ്റ്‌, ടിക്കറ്റ്‌ തൊണ്ണൂറു രൂപ. സൗകര്യപ്രദമായ ഇടം നോക്കി ഇരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും ഒരണ്ണാച്ചിയും മാത്രം. സമയം ആറാകുന്നു. പത്തരയ്ക്ക്‌ സേലം- ഞാന്‍ കണക്കുകൂട്ടി.

ബസ്സിലെ ടി.വി. യില്‍ 'എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്മി' ഓടുന്നു. പല തവണ കണ്ട പടമാണ്‌, അതും ബസ്സില്‍ നിന്നു തന്നെ. എന്നിട്ടും ഞാനും അസിനും തമ്മിലുള്ള പഴയ സ്നേഹബന്ധം വെച്ചു സംഭവം ഞാന്‍ കണ്ടോണ്ടിരുന്നു. അവളിപ്പോ വെല്യ ബോളിവുഡ്‌ സ്റ്റാറായെന്നു വെച്ച്‌ നമുക്ക്‌ 'എല്ലാം' മറക്കാന്‍ പറ്റുവോ? നമ്മളിപ്പോഴും ജയകാന്തന്‍ സ്റ്റാറ്റസിലാണെങ്കിലും! ആ സിനിമയില്‍ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലെ പൈപ്പില്‍ കൂടി വിവേക്‌ നടന്നുവരുമ്പോള്‍ സകല മതങ്ങളുടെയും ഭക്തിഗാനങ്ങള്‍ പക്കമേളം സഹിതം പാടുന്നത്‌.. എന്റമ്മോ ഓര്‍ക്കുമ്പോ തന്നെ ചിരി വരും.

യാത്ര തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞില്ല, മൂക്കിലെന്തോ നനയുന്നതുപോലെ തോന്നി. ഒരു ടിഷ്യുപേപ്പറെടുത്ത്‌ തുടച്ചു. പൊടുന്നനെ ഇടത്തെ മൂക്കില്‍ നിന്നും രക്തം പൊടിയാന്‍ തുടങ്ങി. കയ്യിലിരുന്ന ടിഷ്യു കൊണ്ട്‌ തുടച്ചിട്ടും തീരുന്നില്ല. മുകളിലെ തട്ടില്‍ വെച്ച ബാഗില്‍ നിന്നും വേറെ പേപ്പറെടുക്കാന്‍ എണീറ്റപ്പോള്‍ മീശയ്ക്കു മുകളില്‍ ഒരു തുള്ളി ഉരുണ്ടുകൂടുന്നതു ഞാനറിഞ്ഞു. വീണ്ടും പേപ്പറെടുത്തു നന്നായി തുടച്ചു. ഷര്‍ട്ടിന്റെ പടിക്കു സമീപം ഒരു കുഞ്ഞു തുള്ളി വീണിരുന്നു. അല്പംകഴിഞ്ഞ് രക്തം നിലച്ചു. എന്റെ അടുത്തിരുന്നവര്‍ ആരും ഒന്നും കണ്ടില്ല. വെള്ളമെടുത്ത്‌ മുഖം ചെറുതായി നനച്ച് തുടച്ചു. രക്തം പുരണ്ട പേപ്പര്‍ വെളിയില്‍ കളഞ്ഞു. എന്താ ചോര വരാന്‍ കാരണം? അറിയില്ല.

കൃഷ്ണഗിരി ടൗണിനു മുന്‍പ്‌ ബസ്‌ അല്‍പനേരം നിര്‍ത്തിയിട്ടു. ഞാന്‍ ഇറങ്ങി ഒരു സ്പ്രൈറ്റ്‌ കുടിച്ചു. വെറുതെ നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയുടെ നൈറ്റ്‌ മോഡ്‌ ഒന്നു പരീക്ഷിച്ചു.



ഉറക്കം മാത്രം വന്നില്ല. കൃഷ്ണഗിരി ബൈപാസ്‌ വിട്ട്‌ ബസ്‌ ഇടത്തെ വരിയിലൂടെ നീങ്ങി. ഓ! ഇനി പട്ടണപ്രവേശമൊക്കെ കഴിഞ്ഞ്‌ എപ്പോഴാണോ അക്കരെയക്കരെ എത്തുക? സ്റ്റാന്‍ഡില്‍ എന്റെ സഹസീറ്റന്‍ അണ്ണാച്ചി ഇറങ്ങി. ബസില്‍ തമിഴ്‌ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു പയ്യന്‍ കയറിവന്നു. കുറെ പുസ്തകങ്ങള്‍ എന്റെ അടുത്തും വെച്ചിട്ട്‌(എനിക്കു സെലെക്റ്റ്‌ ചെയ്യാന്‍) അവന്‍ വില്‍പനയ്ക്കു നടന്നു. ആരും അവന്റെ കയ്യില്‍ നിന്നു പുസ്തകം വാങ്ങിയതായി ഞാന്‍ കണ്ടില്ല. എന്റെയടുത്തു വെച്ച പുസ്തകങ്ങളിലേക്കു ഞാന്‍ നോക്കിയതേയില്ല. അത്യാവശ്യം ഒരു തമിഴ്‌വാക്യം തടഞ്ഞുതപ്പി വായിക്കാനുള്ള അറിവ്‌ ബസിന്റെ ബോര്‍ഡ്‌ വായിക്കാനാണ്‌ ഉപകാരപ്പെടുന്നത്‌. അല്ലാതെ പുസ്തകം ഒന്നും.. എയ്‌ അതിനുള്ള പാങ്ങില്ല.

ആ പയ്യന്‍ എന്റെ അടുത്തു വന്നുനിന്നു. എന്റെ നേരെ ആ പുസ്തകക്കെട്ട്‌ നീട്ടി. ഞാന്‍ ആദ്യമെല്ലാം അവനെ അവഗണിച്ചു. ഞാന്‍ പുസ്തകം വാങ്ങും എന്നവനു തോന്നിയിരിക്കണം. എനിക്കുതമിഴ്‌ വായിക്കാനറിയില്ല എന്നവനോട്‌ പറയണമെന്ന് തോന്നി. വേണ്ട എന്നു കൈ കൊണ്ടു കാണിച്ചു. 'സാപ്പാടുക്കാക സര്‍, ഒരു ബുക്ക്‌ എടുങ്ക സര്‍' എന്ന വാക്കു കേട്ടയുടന്‍ ഞാന്‍ അവനെ ഒന്നു നോക്കി. പന്ത്രണ്ട്‌-പതിമൂന്നു വയസു പ്രായം വരും അവന്‌. ഇരുനിറം, മുഷിഞ്ഞ ഷര്‍ട്ടും കറുത്ത ജീന്‍സും വേഷം. വിശാലമായ നെറ്റിയില്‍ കുങ്കുമക്കുറി. ദൈന്യത നിറഞ്ഞ മുഖം. 'ഒരു ബുക്ക്‌ എടുങ്ക സര്‍, പശിക്കിറത്‌ സര്‍'- അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കവന്റെ മുഖത്തു നോക്കാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. യാചകരെ ഞാന്‍ തീരെ സഹായിക്കാറില്ല. പക്ഷേ, ഇവന്‍ യാചകനല്ല. വയറ്റിപ്പിഴപ്പിന്റേതെന്നു പറഞ്ഞ്‌ ഇവന്‍ പുസ്തകം വില്‍ക്കുകയാണ്‌. പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍ ആദ്യം കിട്ടിയ, എന്നെ സംബന്ധിച്ച്‌ വളരെ നിസ്സാരമായ ഒരു തുക ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു. നന്ദിപൂര്‍വ്വം അവന്‍ പിന്‍വാങ്ങി.

ബസ്‌ മുന്നോട്ടു നീങ്ങി. കുങ്കുമക്കുറിയിട്ട ആ പയ്യന്റെ മുഖം എന്റെ കണ്ണില്‍ തങ്ങിനിന്നു. അവന്റെ പ്രായത്തില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നു? ഒരു പുസ്തകം വിറ്റാല്‍ എത്രയാവും അവനു കിട്ടുക? ഒന്നോ രണ്ടോ? രാത്രി ഏഴേമുക്കാലിന്‌ ബസില്‍ പുസ്തകം വില്‍ക്കുന്ന ഇവന്‍ പഠിക്കുന്നുണ്ടാവില്ലേ? വാവയുടെ(എന്റെ കസിന്‍) പ്രായമല്ലേ അവനു കാണൂ? വീണ്ടും കുറേനേരത്തേക്ക് ആ പയ്യനെപ്പറ്റിയുള്ള ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ ഏതൊരു വഴിയോരക്കാഴ്ചയും പോലെ അതും മനസ്സില്‍ നിന്നു മാഞ്ഞു.

എം കുമരന്‍ കഴിഞ്ഞ്‌ ‘താമരഭരണി’യുമായി വിശാലും മുക്തയും എന്നെ ബോറടിപ്പിച്ചു. കൃത്യം പത്തരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മധുരക്കുള്ള വണ്ടിയില്‍ കയറി. കയ്യില്‍ കരുതിയ എഗ്ഗ്‌ പഫ്സ്‌ എടുത്തു തിന്നാന്‍ തുടങ്ങി. സാധനം പോര! മൊത്തം തിന്നാന്‍ തോന്നിയില്ല. ബാക്കി വന്നത്‌ ചവറ്റുകുട്ടയില്‍ എറിഞ്ഞ്‌ കുറെ വെള്ളം കുടിച്ചു. അത്താഴം ഓവര്‍. ഡിണ്ടിഗലിനു ടിക്കറ്റെടുത്തു- അറുപതു രൂപ. നാലു മണിക്കൂറോളമെടുക്കും. പുതിയ ബസ്‌. കുഷ്യന്‍ സീറ്റ്‌. ഓടിത്തുടങ്ങിയപ്പോള്‍, തള്ളേ! എയര്‍ സസ്പെന്‍ഷന്‍! കൊള്ളാല്ലോ എന്നു മനസിലോര്‍ത്തു. പണ്ടുണ്ടായ ഒരനുഭവം ഇത്തവണയും ആവര്‍ത്തിച്ചു. സേലം ടൗണ്‍ കഴിഞ്ഞ്‌ അല്‍പമായതേയുള്ളൂ, അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം ബസ്സില്‍ നിറഞ്ഞു. ശ്വാസം മുട്ടി മരിക്കുമെന്നു തോന്നിപ്പോയി. അത്ര രൂക്ഷമായ നാറ്റമായിരുന്നു. എന്തരപ്പാ ഇത്ര നാറ്റം വാരാന്‍ എന്നു ഞാന്‍ ആകുലപ്പെട്ടു. അതും ഒരു 2-3 മിനിറ്റ്‌ നേരത്തേക്കേ! ഈ മണമടിച്ച്‌ മനുഷ്യരെങ്ങനെ ഇവിടെ ജീവിക്കുന്നു? ഹ്ഹോ!

ടി.വിയില്‍ എം.ജി.ആര്‍ പാട്ടുകള്‍ തകര്‍ക്കുന്നു. അതവഗണിച്ച്‌ സുഖമായി ഉറങ്ങി. ഇടയ്ക്ക്‌ ഏതോ പട്ടിക്കാട്ടില്‍ വണ്ടി നിര്‍ത്തി. ഇടതുവശം ഹൈവേയും വലത്ത്‌ ഒന്നു രണ്ടു കടകളും പാര്‍ക്കിങ്ങും. പുറത്തിറങ്ങി മൂത്രശങ്ക തീര്‍ത്തു കാറ്റൊക്കെ കൊണ്ടു നിന്നു. സമയം ഒന്നേകാല്‍ കഴിഞ്ഞിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വീണ്ടും ഉറക്കമായി. അടുത്തിരുന്നയാള്‍ തട്ടി വിളിച്ചു. "ഡിണ്ടിഗലാ?" ഞാന്‍ തലയാട്ടി. "ഇങ്കെ താന്‍." ഞാന്‍ ധൃതിയില്‍ ഇറങ്ങി. കമ്പത്തിനുള്ള ബസ്‌ കിടപ്പുണ്ടായിരുന്നു. ഒട്ടും തിരക്കില്ല. കയറി ഇരിപ്പായി. അഞ്ചുമിനിറ്റിനകം പുറപ്പെട്ടു. ഡിണ്ടിഗല്‍-കമ്പം മുപ്പത്തി മൂന്നു രൂപ - ടിക്കറ്റെടുത്തപാടെ ഉറക്കവും തുടങ്ങി. തേനി ബസ്‌സ്റ്റാന്‍ഡില്‍ കുറെ നേരം നിര്‍ത്തിയിട്ടു. ആള്‍ക്കാര്‍ പത്രം തരം തിരിക്കുന്നതും കെട്ടിവെയ്ക്കുന്നതുമൊക്കെ കുറെ നേരം നോക്കി നിന്നു. പിന്നെ കാലിയായിക്കിടന്ന ഒരു സീറ്റില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു. ചത്തുകിടന്നുറങ്ങി.

ഏതോ ഒരു ഉള്‍വിളികേട്ട്‌ പെട്ടെന്നുണര്‍ന്നപ്പോള്‍ വണ്ടി കമ്പം ടൗണില്‍ എത്തിയിരുന്നു. നേരം ആറര കഴിഞ്ഞു. ഇറങ്ങാന്‍ റെഡിയായി നിന്നപ്പോള്‍ കുമളിക്കുള്ള ഒരു വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ഓടിച്ചെന്നതില്‍ കയറി. ഏഴു രൂപ മുടക്കിയപ്പോള്‍ ഏഴു പത്തിന്‌ കുമളിയില്‍. നേരെ കുമളി സ്റ്റാന്‍ഡിലെത്തി. കട്ടപ്പനയ്ക്കുള്ള ബസ്‌ കിടപ്പുണ്ട്‌. കെ.എല്‍. 6 സി 672 - പഴയ 'പി.ജെ. ആന്‍ഡ്‌ സണ്‍സ്‌'. ഇപ്പോ 'സാരഥി' എന്നോമറ്റോ ആണു പേര്‌. ബാഗ്‌ ബസ്സില്‍ വെച്ച്‌ അല്‍പമകലെയുള്ള ഒരു കടയില്‍ കയറി - ഒരു കാലിച്ചായ കുടിക്കാന്‍. കടക്കാരന്‍ എന്തെല്ലാമോ തൂക്കലോ തുടയ്ക്കലോ ഒക്കെയാണ്‌. അല്‍പനേരം കാത്തു നിന്നു സഹികെട്ടപ്പോള്‍ പറഞ്ഞു: "ചേട്ടാ, ഒരു സ്ട്രോങ്ങ്‌ ചായ തന്നേ!" എന്റെ സ്വരത്തില്‍ വ്യക്തമായ ഈര്‍ഷ്യ കലര്‍ന്നിരുന്നു. ചായ പാതി കുടിച്ചില്ല, ദാണ്ടെ വണ്ടി ഹോണടിക്കുന്നു. ഒരു കവിള്‍ കൂടി മൊത്തി അഞ്ചു രൂപയുടെ ഒരു തുട്ട്‌ കടക്കാരനെ ഏല്‍പ്പിച്ചപ്പോഴേക്കും ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ സ്റ്റാന്‍ഡിന്റെ ഇടതു വശത്തുള്ള കുറുക്കുവഴിയിലൂടെ അടുത്ത ജംഗ്ഷനിലേക്ക്‌ ഓടാന്‍ ആഞ്ഞപ്പോള്‍ കടയില്‍ നിന്ന ആരോ പറഞ്ഞു: ചായ കുടിച്ചേച്ചു പോയാ മതി. അത്‌ 'ബസ്‌ പോവില്ല മാഷെ' എന്നൊരു ധൈര്യപ്പെടുത്തല്‍ ആയിരുന്നിട്ടും 'അത്ര ബുദ്ധിമുട്ടാന്നേല്‍ താന്‍ തന്നെ എടുത്തു വിഴുങ്ങിക്കോ' എന്നയാളോട്‌ പറയാനാണു തോന്നിയത്‌. എന്തായാലും പറയാഞ്ഞതു നന്നായി!

അമ്പലത്തിന്റെ മുന്നില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടിക്കയറി. ഇരുപത്തിരണ്ടര രൂപയാണു കട്ടപ്പനയ്ക്കു ചാര്‍ജ്ജ്‌. സമയം ഏഴരയോടടുക്കുന്നു. എട്ടേമുക്കാലിനകം ചെല്ലും. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു. നല്ല മഞ്ഞും തണുപ്പുമായിരുന്നതിനാല്‍ ഷട്ടറൊക്കെ അടച്ചാണു പോയത്‌(വീട്ടിനടുത്തു നിന്നും അന്നെടുത്ത ചിത്രങ്ങള്‍ ചുവടെ). ഇന്നെന്തായാലും തണുപ്പില്ല. കുമളി-മൂന്നാര്‍ റോഡ്‌ നന്നാക്കിയിരിക്കുന്നു എന്ന കാര്യം അപ്പോഴാണു ശ്രദ്ധിച്ചത്‌. എത്രകാലമായി നാശമായിക്കിടന്നതായിരുന്നു! നല്ല സ്മൂത്ത്‌ വഴി. കെ.എസ്‌.ടി.പി. പദ്ധതിയാണ്‌, മെഷീന്‍ ടാറിങ്ങ്‌.








ഇടയ്ക്കൊക്കെ നല്ല കോഴിക്കാഷ്ഠത്തിന്റെ മണമടിച്ചു. ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളില്‍ നിന്നാവണം. ഇപ്പോള്‍ വളം ചെയ്യുമോ? ഈ വേനലില്‍? ആര്‍ക്കറിയാം. എന്തായാലും നല്ല ശക്തമായ ദുര്‍ഗ്ഗന്ധം! സേലം മണത്തിന്റെ ഏഴയലത്ത് എത്തില്ലെങ്കിലും ഇടയ്ക്കെല്ലാം അതുവന്നും പോയുമിരുന്നു. എട്ടേമുക്കാലായപ്പോള്‍ ബസ്‌ കട്ടപ്പനയെത്തി. മാര്‍ക്കറ്റിനു താഴെ ഇറച്ചിക്കടയ്ക്കു സമീപം വണ്ടി ഓരം ചേര്‍ന്നുനിന്നു. പടപടാന്ന് യാത്രക്കാര്‍ ഷട്ടറിടുന്നതു കണ്ട്‌ സംഭവമെന്താണെന്നു നോക്കിയപ്പോഴല്ലേ രസം! ബസിന്റെ മുകളില്‍ നിറയെ ഇറച്ചിക്കോഴികളാണ്‌. ആരെല്ലാമോ ചേര്‍ന്ന് ലോഡിറക്കുന്നു. ‘പുറകീക്കൂടെയേ എറക്കാവൊള്ളേ’ എന്നു കണ്ടകടര്‍ ഓര്‍മ്മപ്പടുത്തുന്നു. ചുമ്മാതല്ല ഇന്നേരമത്രയും കോഴിക്കാട്ടം നാറിയത്‌. ഷട്ടറിടാന്‍ എന്നെപ്പോലുള്ള ചില ഹതഭാഗ്യന്മാര്‍ താമസിച്ചതുകാരണം ബസിനുള്ളില്‍ നിറയെ കോഴിപ്പൂട പറന്നു നടന്നു! തലയിലും തുണിയിലും ബാഗിലും വീണതൊക്കെ തട്ടിക്കുടഞ്ഞ്‌ അശോകാ ജംഗ്ഷനില്‍ ഞാന്‍ ഇറങ്ങി.

അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി. ഉടനെയെങ്ങാനും ബസ്സുണ്ടോ എന്നറിയാന്‍ ഒന്നു വീട്ടിലേക്കു വിളിച്ചു. ഇല്ല. മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു പൂതിയുടെ അടിസ്ഥാനത്തില്‍ കോള്‍ഡ്‌ സ്റ്റോറേജിലേക്ക്‌ നടന്നു. ഒന്നരകിലോ കൊളസ്റ്റ്രോള്‍ വാങ്ങി. താഴെ ഇടശ്ശേരിക്കവലയില്‍ എത്തി, ട്രിപ്‌ ഓട്ടോയില്‍ കയറി. ഓട്ടോ കൊച്ചുതോവാളയടുക്കുന്ന നേരത്ത്‌ വാവ എതിരെ സൈക്കിളില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കിട്ടിയ സമ്മാനമാണാ സൈക്കിള്‍(ഞാന്‍ കൊടുത്തതാ!). ഓട്ടോയില്‍ ഇരുന്ന എന്നെ അവന്‍ കണ്ടു. ലാപ്‌ടോപ്പിലെ പുതിയ സിനിമകളും പാട്ടുകളും ഗെയിമുകളും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ വണ്ടിയിറങ്ങി അവനെ കാത്തു നിന്നു. വാവയ്ക്കാദ്യം ചോദിക്കാനുള്ളത്‌ അതാവുമല്ലോ. പിന്നെ ഒരുമിച്ച്‌ ഇടവഴി കയറി വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി. രണ്ടുമാസം കൂടി കഴിഞ്ഞതവണ വന്നപ്പോളുണ്ടായ പോലെ അമ്മയുടെ ആശ്ലേഷം ഇത്തവണ ഉണ്ടായില്ല. എങ്കിലും ആ മുഖത്തെ ഭാവം അന്നുമിന്നും ഒന്നുതന്നെ. പോക്കറ്റില്‍ കിടന്ന ടിക്കറ്റുകള്‍ എല്ലാം മേശപ്പുറത്തിടവേ ഒന്നു കൂട്ടി നോക്കി. ആകെ മൊത്തം ടോട്ടല്‍ ഇരുനൂറ്റി ഇരുപത്തഞ്ചു രൂപ. ഇരുപത്തയ്യായിരമായാലെന്ത്‌, വീട്ടില്‍ വരുന്നതല്ലേ? ദാറ്റ്‌സ്‌ വൈ, ഐ ഗോ ഹോം എവ്‌രി മന്ത്‌!

Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.