Thursday, April 09, 2009

ദാറ്റ്‌സ് വൈ ഐ ഗോ ഹോം!

ഒത്തിരിയായി ഒരു യാത്രാവിവരണം എഴുതിയിട്ട്‌! ബാംഗ്ലൂരില്‍ നിന്നും മിക്കവാറും എല്ലാ മാസവും കട്ടപ്പനയിലേക്ക്‌ ഒരു യാത്ര പതിവാണ്‌. നാട്ടില്‍ പോയി മൂന്നാഴ്ച കഴിയണ്ട, അതിനു മുന്‍പേ മനസ്സില്‍ നിന്നും വീടു വിളിക്കും. അമ്മയുടെ സ്ഥിരം എസ്‌.ടി.ഡി. കാളുകളിലെ 'ഇനിയെന്നാ മോന്‍ വരുന്നേ?' അല്ലെങ്കില്‍ 'ഇനിയെന്നാടാ ലീവ്‌?' എന്ന ചോദ്യത്തില്‍ ആകാംക്ഷ കുന്നുകൂടും. അച്ചാറുകുപ്പികള്‍ കാലിയായി വരളും. വീട്ടിലേല്‍പ്പിച്ച ചെക്ക്‌ ലീഫുകള്‍ തീരും. ആ മണ്ണ്‌! അവിടെയെത്താന്‍ ഉള്ളം വെമ്പല്‍ കൊള്ളും! ഈ വികാരത്തിനു വെയിലോ മഞ്ഞോ മഴയോ ഒരു തടസ്സമാണോ?പുതുവര്‍ഷം പിറന്നതില്‍പ്പിന്നെ ജനുവരി മാസം ഒന്നു പോയിരുന്നു. അതില്‍പിന്നെ പോകാനൊത്തത്‌ മാര്‍ച്ച്‌ 26-നാണ്‌. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകള്‍ കൊണ്ട്‌ ഞെരുങ്ങിയ ഒരു സന്ദര്‍ശനമായിരുന്നു അത്‌. എത്ര മുന്‍പേ തീരുമാനിച്ച യാത്ര ആയിരുന്നെങ്കിലും സ്വന്തം പിടിപ്പുകേട്‌ മൂലം 'ഉഗാദി'യുടെ തലേന്നത്തെ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ വിട്ടു. അതിനാല്‍ കല്ലട ബസ്സിന്റെ സെമിസ്ലീപ്പര്‍ സുഖത്തില്‍ നിന്നു വിട്ട്‌ അന്ന് തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സിലെ അല്ലലറിഞ്ഞ്‌ പോകേണ്ടിവന്നു(ചന്തി വേകാന്‍ പാകത്തിന് ബോണറ്റേല്‍ ഇരുന്നാണ് സേലം വരെ പോയത്). ആ യാത്ര കഴിഞ്ഞ്‌ ചൊവ്വാഴ്ച മടങ്ങിയെത്തി. വെള്ളിയാഴ്ച രാമനവമി ആയതിനാല്‍ മൂന്നുദിവസത്തെ അവധി തരപ്പെട്ടതിന്‍ പ്രകാരം വീണ്ടും വ്യാഴാഴ്ച നാട്ടിലേക്ക്‌! പറയാന്‍ പോകുന്നത്‌ ആ രണ്ടാം യാത്രയെപ്പറ്റി...

കഴിഞ്ഞയാഴ്ചത്തെപ്പോലെ ഇത്തവണയും ടിക്കറ്റ്‌ ഇല്ല. മടങ്ങിവരാന്‍ ടിക്കറ്റ്‌ ഉണ്ടോ എന്നതുമാത്രമാണു പോകുന്നതിന്റെ മാനദണ്ഡം. വ്യാഴാഴ്ച വൈകിട്ടു കിടക്കും മുന്‍പേ ബാഗ്‌ തയ്യാറാക്കി വെച്ചു. രാവിലെ കട്ടപ്പനയിലെ കല്ലട ഓഫീസില്‍ വിളിച്ചു ചോദിക്കണം ഞായറാഴ്ച ടിക്കറ്റ്‌ ഉണ്ടോന്ന്. ഉണ്ടെങ്കില്‍ നാളെ പുറപ്പെടും അല്ലെങ്കില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം ബാംഗ്ലൂരില്‍ തന്നെ തീര്‍ക്കും.

രാവിലെ ഓഫീസില്‍ കാലേകൂട്ടിയെത്തി. സാധാരണ ഒന്‍പതര കഴിഞ്ഞേ അവിടെ കാലുകുത്താറുള്ളൂ. അന്നു എട്ടര കഴിഞ്ഞപ്പോള്‍ ഹാജര്‍. ഒരാഴ്ചയായി ഒരു ഇഷ്യുവുമായി മസില്‍ പിടിത്തം തുടരുന്നതാണ്‌. അതിന്റെ കാര്യം ഒരു തീരുമാനമാക്കാതെ നേരത്തെ ചാടുന്നതെങ്ങനെ എന്ന ചിന്തയായിരുന്നു. പതിവിലും കുറച്ചു നേരം മാത്രം ബ്രേക്‍ഫാസ്റ്റിനെടുത്ത്‌ വേഗം ജോലിയില്‍ മുഴുകി. പത്തര കഴിഞ്ഞ്‌ ഫോണ്‍ വിളിച്ച്‌ മടക്കയാത്രയ്ക്കു ടിക്കറ്റ്‌ ഉറപ്പുവരുത്തി. ആഹഹ! ഞാന്‍ ഇന്നും വീട്ടില്‍ പോകുന്നു എന്നു ആഹ്ലാദത്തോടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗണ്‍സ്‌ ചെയ്തു. ഉടനെ കിട്ടി ഏത്തയ്ക്കാ ചിപ്സിനുള്ള ഓര്‍ഡര്‍!

നാലരയായപ്പോഴേക്കും തലപെരുപ്പിച്ച ജാവഫയലിനെ പാതി വഴിയില്‍ സേവ്‌ ചെയ്ത്‌ ഇറങ്ങി. ഒട്ടും നേരം കളയാതെ റൂമിലെത്തി. ശ്ശടേന്നൊന്നു കുളിച്ചു. എടുത്തുവെയ്ക്കേണ്ട സാധനങ്ങളെല്ലാം ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. വേഷം മാറി. ഒരു കുപ്പി വെള്ളം കരുതി(എന്തിനു പച്ചവെള്ളത്തിനു പതിനഞ്ചു രൂപ മുടക്കണം?). ഇറങ്ങാന്‍ നേരം എന്തോ ഒരു പന്തികേട്‌! എന്തോ മറന്ന പോലെ. ആ പോട്ടെ! അഞ്ചരയായപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ വന്നു. സേലം വണ്ടി പിടിക്കണം. കുറഞ്ഞ പക്ഷം ഹൊസൂര്‍ വണ്ടി. സ്വന്തം സ്റ്റോപ്പില്‍ ഇന്നു സേലം വണ്ടിയൊന്നും നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല എന്നു മനസ്സിലായതോടെ ഇലക്ട്രോണിക്‌ സിറ്റിക്കുള്ള 356-നു കയറി. ബസ്‌ അല്‍പം മുന്നോട്ടു നീങ്ങിയപ്പോളാണ്‌ എന്തോ ഒരു കുറവ്‌!! യെസ്‌! ആകമാനം ഒന്നു തപ്പി നോക്കി. ഫോണിന്റെ ഹെഡ്‌സെറ്റ്‌ എടുത്തില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഇല്ലാതെ, ശ്ശെ!! എടുത്ത്‌ ബാഗിന്റെ മുകളില്‍ വെച്ചതാണ്‌; എന്നിട്ടും ബാഗ്‌ മാത്രം എടുത്തോണ്ട്‌ പോന്നു. എനിക്കെന്നോടു തന്നെ കലി വന്നു. ഇ-സിറ്റിയില്‍ ഇറങ്ങി. ഉടനെ തന്നെ വന്ന ഒരു സേലം വണ്ടിയില്‍ കയറി. മഞ്ഞ ബസ്‌, ഇഷ്ടം പോലെ സീറ്റ്‌, ടിക്കറ്റ്‌ തൊണ്ണൂറു രൂപ. സൗകര്യപ്രദമായ ഇടം നോക്കി ഇരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും ഒരണ്ണാച്ചിയും മാത്രം. സമയം ആറാകുന്നു. പത്തരയ്ക്ക്‌ സേലം- ഞാന്‍ കണക്കുകൂട്ടി.

ബസ്സിലെ ടി.വി. യില്‍ 'എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്മി' ഓടുന്നു. പല തവണ കണ്ട പടമാണ്‌, അതും ബസ്സില്‍ നിന്നു തന്നെ. എന്നിട്ടും ഞാനും അസിനും തമ്മിലുള്ള പഴയ സ്നേഹബന്ധം വെച്ചു സംഭവം ഞാന്‍ കണ്ടോണ്ടിരുന്നു. അവളിപ്പോ വെല്യ ബോളിവുഡ്‌ സ്റ്റാറായെന്നു വെച്ച്‌ നമുക്ക്‌ 'എല്ലാം' മറക്കാന്‍ പറ്റുവോ? നമ്മളിപ്പോഴും ജയകാന്തന്‍ സ്റ്റാറ്റസിലാണെങ്കിലും! ആ സിനിമയില്‍ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലെ പൈപ്പില്‍ കൂടി വിവേക്‌ നടന്നുവരുമ്പോള്‍ സകല മതങ്ങളുടെയും ഭക്തിഗാനങ്ങള്‍ പക്കമേളം സഹിതം പാടുന്നത്‌.. എന്റമ്മോ ഓര്‍ക്കുമ്പോ തന്നെ ചിരി വരും.

യാത്ര തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞില്ല, മൂക്കിലെന്തോ നനയുന്നതുപോലെ തോന്നി. ഒരു ടിഷ്യുപേപ്പറെടുത്ത്‌ തുടച്ചു. പൊടുന്നനെ ഇടത്തെ മൂക്കില്‍ നിന്നും രക്തം പൊടിയാന്‍ തുടങ്ങി. കയ്യിലിരുന്ന ടിഷ്യു കൊണ്ട്‌ തുടച്ചിട്ടും തീരുന്നില്ല. മുകളിലെ തട്ടില്‍ വെച്ച ബാഗില്‍ നിന്നും വേറെ പേപ്പറെടുക്കാന്‍ എണീറ്റപ്പോള്‍ മീശയ്ക്കു മുകളില്‍ ഒരു തുള്ളി ഉരുണ്ടുകൂടുന്നതു ഞാനറിഞ്ഞു. വീണ്ടും പേപ്പറെടുത്തു നന്നായി തുടച്ചു. ഷര്‍ട്ടിന്റെ പടിക്കു സമീപം ഒരു കുഞ്ഞു തുള്ളി വീണിരുന്നു. അല്പംകഴിഞ്ഞ് രക്തം നിലച്ചു. എന്റെ അടുത്തിരുന്നവര്‍ ആരും ഒന്നും കണ്ടില്ല. വെള്ളമെടുത്ത്‌ മുഖം ചെറുതായി നനച്ച് തുടച്ചു. രക്തം പുരണ്ട പേപ്പര്‍ വെളിയില്‍ കളഞ്ഞു. എന്താ ചോര വരാന്‍ കാരണം? അറിയില്ല.

കൃഷ്ണഗിരി ടൗണിനു മുന്‍പ്‌ ബസ്‌ അല്‍പനേരം നിര്‍ത്തിയിട്ടു. ഞാന്‍ ഇറങ്ങി ഒരു സ്പ്രൈറ്റ്‌ കുടിച്ചു. വെറുതെ നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയുടെ നൈറ്റ്‌ മോഡ്‌ ഒന്നു പരീക്ഷിച്ചു.ഉറക്കം മാത്രം വന്നില്ല. കൃഷ്ണഗിരി ബൈപാസ്‌ വിട്ട്‌ ബസ്‌ ഇടത്തെ വരിയിലൂടെ നീങ്ങി. ഓ! ഇനി പട്ടണപ്രവേശമൊക്കെ കഴിഞ്ഞ്‌ എപ്പോഴാണോ അക്കരെയക്കരെ എത്തുക? സ്റ്റാന്‍ഡില്‍ എന്റെ സഹസീറ്റന്‍ അണ്ണാച്ചി ഇറങ്ങി. ബസില്‍ തമിഴ്‌ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു പയ്യന്‍ കയറിവന്നു. കുറെ പുസ്തകങ്ങള്‍ എന്റെ അടുത്തും വെച്ചിട്ട്‌(എനിക്കു സെലെക്റ്റ്‌ ചെയ്യാന്‍) അവന്‍ വില്‍പനയ്ക്കു നടന്നു. ആരും അവന്റെ കയ്യില്‍ നിന്നു പുസ്തകം വാങ്ങിയതായി ഞാന്‍ കണ്ടില്ല. എന്റെയടുത്തു വെച്ച പുസ്തകങ്ങളിലേക്കു ഞാന്‍ നോക്കിയതേയില്ല. അത്യാവശ്യം ഒരു തമിഴ്‌വാക്യം തടഞ്ഞുതപ്പി വായിക്കാനുള്ള അറിവ്‌ ബസിന്റെ ബോര്‍ഡ്‌ വായിക്കാനാണ്‌ ഉപകാരപ്പെടുന്നത്‌. അല്ലാതെ പുസ്തകം ഒന്നും.. എയ്‌ അതിനുള്ള പാങ്ങില്ല.

ആ പയ്യന്‍ എന്റെ അടുത്തു വന്നുനിന്നു. എന്റെ നേരെ ആ പുസ്തകക്കെട്ട്‌ നീട്ടി. ഞാന്‍ ആദ്യമെല്ലാം അവനെ അവഗണിച്ചു. ഞാന്‍ പുസ്തകം വാങ്ങും എന്നവനു തോന്നിയിരിക്കണം. എനിക്കുതമിഴ്‌ വായിക്കാനറിയില്ല എന്നവനോട്‌ പറയണമെന്ന് തോന്നി. വേണ്ട എന്നു കൈ കൊണ്ടു കാണിച്ചു. 'സാപ്പാടുക്കാക സര്‍, ഒരു ബുക്ക്‌ എടുങ്ക സര്‍' എന്ന വാക്കു കേട്ടയുടന്‍ ഞാന്‍ അവനെ ഒന്നു നോക്കി. പന്ത്രണ്ട്‌-പതിമൂന്നു വയസു പ്രായം വരും അവന്‌. ഇരുനിറം, മുഷിഞ്ഞ ഷര്‍ട്ടും കറുത്ത ജീന്‍സും വേഷം. വിശാലമായ നെറ്റിയില്‍ കുങ്കുമക്കുറി. ദൈന്യത നിറഞ്ഞ മുഖം. 'ഒരു ബുക്ക്‌ എടുങ്ക സര്‍, പശിക്കിറത്‌ സര്‍'- അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കവന്റെ മുഖത്തു നോക്കാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. യാചകരെ ഞാന്‍ തീരെ സഹായിക്കാറില്ല. പക്ഷേ, ഇവന്‍ യാചകനല്ല. വയറ്റിപ്പിഴപ്പിന്റേതെന്നു പറഞ്ഞ്‌ ഇവന്‍ പുസ്തകം വില്‍ക്കുകയാണ്‌. പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍ ആദ്യം കിട്ടിയ, എന്നെ സംബന്ധിച്ച്‌ വളരെ നിസ്സാരമായ ഒരു തുക ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു. നന്ദിപൂര്‍വ്വം അവന്‍ പിന്‍വാങ്ങി.

ബസ്‌ മുന്നോട്ടു നീങ്ങി. കുങ്കുമക്കുറിയിട്ട ആ പയ്യന്റെ മുഖം എന്റെ കണ്ണില്‍ തങ്ങിനിന്നു. അവന്റെ പ്രായത്തില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നു? ഒരു പുസ്തകം വിറ്റാല്‍ എത്രയാവും അവനു കിട്ടുക? ഒന്നോ രണ്ടോ? രാത്രി ഏഴേമുക്കാലിന്‌ ബസില്‍ പുസ്തകം വില്‍ക്കുന്ന ഇവന്‍ പഠിക്കുന്നുണ്ടാവില്ലേ? വാവയുടെ(എന്റെ കസിന്‍) പ്രായമല്ലേ അവനു കാണൂ? വീണ്ടും കുറേനേരത്തേക്ക് ആ പയ്യനെപ്പറ്റിയുള്ള ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ ഏതൊരു വഴിയോരക്കാഴ്ചയും പോലെ അതും മനസ്സില്‍ നിന്നു മാഞ്ഞു.

എം കുമരന്‍ കഴിഞ്ഞ്‌ ‘താമരഭരണി’യുമായി വിശാലും മുക്തയും എന്നെ ബോറടിപ്പിച്ചു. കൃത്യം പത്തരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മധുരക്കുള്ള വണ്ടിയില്‍ കയറി. കയ്യില്‍ കരുതിയ എഗ്ഗ്‌ പഫ്സ്‌ എടുത്തു തിന്നാന്‍ തുടങ്ങി. സാധനം പോര! മൊത്തം തിന്നാന്‍ തോന്നിയില്ല. ബാക്കി വന്നത്‌ ചവറ്റുകുട്ടയില്‍ എറിഞ്ഞ്‌ കുറെ വെള്ളം കുടിച്ചു. അത്താഴം ഓവര്‍. ഡിണ്ടിഗലിനു ടിക്കറ്റെടുത്തു- അറുപതു രൂപ. നാലു മണിക്കൂറോളമെടുക്കും. പുതിയ ബസ്‌. കുഷ്യന്‍ സീറ്റ്‌. ഓടിത്തുടങ്ങിയപ്പോള്‍, തള്ളേ! എയര്‍ സസ്പെന്‍ഷന്‍! കൊള്ളാല്ലോ എന്നു മനസിലോര്‍ത്തു. പണ്ടുണ്ടായ ഒരനുഭവം ഇത്തവണയും ആവര്‍ത്തിച്ചു. സേലം ടൗണ്‍ കഴിഞ്ഞ്‌ അല്‍പമായതേയുള്ളൂ, അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം ബസ്സില്‍ നിറഞ്ഞു. ശ്വാസം മുട്ടി മരിക്കുമെന്നു തോന്നിപ്പോയി. അത്ര രൂക്ഷമായ നാറ്റമായിരുന്നു. എന്തരപ്പാ ഇത്ര നാറ്റം വാരാന്‍ എന്നു ഞാന്‍ ആകുലപ്പെട്ടു. അതും ഒരു 2-3 മിനിറ്റ്‌ നേരത്തേക്കേ! ഈ മണമടിച്ച്‌ മനുഷ്യരെങ്ങനെ ഇവിടെ ജീവിക്കുന്നു? ഹ്ഹോ!

ടി.വിയില്‍ എം.ജി.ആര്‍ പാട്ടുകള്‍ തകര്‍ക്കുന്നു. അതവഗണിച്ച്‌ സുഖമായി ഉറങ്ങി. ഇടയ്ക്ക്‌ ഏതോ പട്ടിക്കാട്ടില്‍ വണ്ടി നിര്‍ത്തി. ഇടതുവശം ഹൈവേയും വലത്ത്‌ ഒന്നു രണ്ടു കടകളും പാര്‍ക്കിങ്ങും. പുറത്തിറങ്ങി മൂത്രശങ്ക തീര്‍ത്തു കാറ്റൊക്കെ കൊണ്ടു നിന്നു. സമയം ഒന്നേകാല്‍ കഴിഞ്ഞിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വീണ്ടും ഉറക്കമായി. അടുത്തിരുന്നയാള്‍ തട്ടി വിളിച്ചു. "ഡിണ്ടിഗലാ?" ഞാന്‍ തലയാട്ടി. "ഇങ്കെ താന്‍." ഞാന്‍ ധൃതിയില്‍ ഇറങ്ങി. കമ്പത്തിനുള്ള ബസ്‌ കിടപ്പുണ്ടായിരുന്നു. ഒട്ടും തിരക്കില്ല. കയറി ഇരിപ്പായി. അഞ്ചുമിനിറ്റിനകം പുറപ്പെട്ടു. ഡിണ്ടിഗല്‍-കമ്പം മുപ്പത്തി മൂന്നു രൂപ - ടിക്കറ്റെടുത്തപാടെ ഉറക്കവും തുടങ്ങി. തേനി ബസ്‌സ്റ്റാന്‍ഡില്‍ കുറെ നേരം നിര്‍ത്തിയിട്ടു. ആള്‍ക്കാര്‍ പത്രം തരം തിരിക്കുന്നതും കെട്ടിവെയ്ക്കുന്നതുമൊക്കെ കുറെ നേരം നോക്കി നിന്നു. പിന്നെ കാലിയായിക്കിടന്ന ഒരു സീറ്റില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു. ചത്തുകിടന്നുറങ്ങി.

ഏതോ ഒരു ഉള്‍വിളികേട്ട്‌ പെട്ടെന്നുണര്‍ന്നപ്പോള്‍ വണ്ടി കമ്പം ടൗണില്‍ എത്തിയിരുന്നു. നേരം ആറര കഴിഞ്ഞു. ഇറങ്ങാന്‍ റെഡിയായി നിന്നപ്പോള്‍ കുമളിക്കുള്ള ഒരു വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ഓടിച്ചെന്നതില്‍ കയറി. ഏഴു രൂപ മുടക്കിയപ്പോള്‍ ഏഴു പത്തിന്‌ കുമളിയില്‍. നേരെ കുമളി സ്റ്റാന്‍ഡിലെത്തി. കട്ടപ്പനയ്ക്കുള്ള ബസ്‌ കിടപ്പുണ്ട്‌. കെ.എല്‍. 6 സി 672 - പഴയ 'പി.ജെ. ആന്‍ഡ്‌ സണ്‍സ്‌'. ഇപ്പോ 'സാരഥി' എന്നോമറ്റോ ആണു പേര്‌. ബാഗ്‌ ബസ്സില്‍ വെച്ച്‌ അല്‍പമകലെയുള്ള ഒരു കടയില്‍ കയറി - ഒരു കാലിച്ചായ കുടിക്കാന്‍. കടക്കാരന്‍ എന്തെല്ലാമോ തൂക്കലോ തുടയ്ക്കലോ ഒക്കെയാണ്‌. അല്‍പനേരം കാത്തു നിന്നു സഹികെട്ടപ്പോള്‍ പറഞ്ഞു: "ചേട്ടാ, ഒരു സ്ട്രോങ്ങ്‌ ചായ തന്നേ!" എന്റെ സ്വരത്തില്‍ വ്യക്തമായ ഈര്‍ഷ്യ കലര്‍ന്നിരുന്നു. ചായ പാതി കുടിച്ചില്ല, ദാണ്ടെ വണ്ടി ഹോണടിക്കുന്നു. ഒരു കവിള്‍ കൂടി മൊത്തി അഞ്ചു രൂപയുടെ ഒരു തുട്ട്‌ കടക്കാരനെ ഏല്‍പ്പിച്ചപ്പോഴേക്കും ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ സ്റ്റാന്‍ഡിന്റെ ഇടതു വശത്തുള്ള കുറുക്കുവഴിയിലൂടെ അടുത്ത ജംഗ്ഷനിലേക്ക്‌ ഓടാന്‍ ആഞ്ഞപ്പോള്‍ കടയില്‍ നിന്ന ആരോ പറഞ്ഞു: ചായ കുടിച്ചേച്ചു പോയാ മതി. അത്‌ 'ബസ്‌ പോവില്ല മാഷെ' എന്നൊരു ധൈര്യപ്പെടുത്തല്‍ ആയിരുന്നിട്ടും 'അത്ര ബുദ്ധിമുട്ടാന്നേല്‍ താന്‍ തന്നെ എടുത്തു വിഴുങ്ങിക്കോ' എന്നയാളോട്‌ പറയാനാണു തോന്നിയത്‌. എന്തായാലും പറയാഞ്ഞതു നന്നായി!

അമ്പലത്തിന്റെ മുന്നില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടിക്കയറി. ഇരുപത്തിരണ്ടര രൂപയാണു കട്ടപ്പനയ്ക്കു ചാര്‍ജ്ജ്‌. സമയം ഏഴരയോടടുക്കുന്നു. എട്ടേമുക്കാലിനകം ചെല്ലും. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു. നല്ല മഞ്ഞും തണുപ്പുമായിരുന്നതിനാല്‍ ഷട്ടറൊക്കെ അടച്ചാണു പോയത്‌(വീട്ടിനടുത്തു നിന്നും അന്നെടുത്ത ചിത്രങ്ങള്‍ ചുവടെ). ഇന്നെന്തായാലും തണുപ്പില്ല. കുമളി-മൂന്നാര്‍ റോഡ്‌ നന്നാക്കിയിരിക്കുന്നു എന്ന കാര്യം അപ്പോഴാണു ശ്രദ്ധിച്ചത്‌. എത്രകാലമായി നാശമായിക്കിടന്നതായിരുന്നു! നല്ല സ്മൂത്ത്‌ വഴി. കെ.എസ്‌.ടി.പി. പദ്ധതിയാണ്‌, മെഷീന്‍ ടാറിങ്ങ്‌.
ഇടയ്ക്കൊക്കെ നല്ല കോഴിക്കാഷ്ഠത്തിന്റെ മണമടിച്ചു. ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളില്‍ നിന്നാവണം. ഇപ്പോള്‍ വളം ചെയ്യുമോ? ഈ വേനലില്‍? ആര്‍ക്കറിയാം. എന്തായാലും നല്ല ശക്തമായ ദുര്‍ഗ്ഗന്ധം! സേലം മണത്തിന്റെ ഏഴയലത്ത് എത്തില്ലെങ്കിലും ഇടയ്ക്കെല്ലാം അതുവന്നും പോയുമിരുന്നു. എട്ടേമുക്കാലായപ്പോള്‍ ബസ്‌ കട്ടപ്പനയെത്തി. മാര്‍ക്കറ്റിനു താഴെ ഇറച്ചിക്കടയ്ക്കു സമീപം വണ്ടി ഓരം ചേര്‍ന്നുനിന്നു. പടപടാന്ന് യാത്രക്കാര്‍ ഷട്ടറിടുന്നതു കണ്ട്‌ സംഭവമെന്താണെന്നു നോക്കിയപ്പോഴല്ലേ രസം! ബസിന്റെ മുകളില്‍ നിറയെ ഇറച്ചിക്കോഴികളാണ്‌. ആരെല്ലാമോ ചേര്‍ന്ന് ലോഡിറക്കുന്നു. ‘പുറകീക്കൂടെയേ എറക്കാവൊള്ളേ’ എന്നു കണ്ടകടര്‍ ഓര്‍മ്മപ്പടുത്തുന്നു. ചുമ്മാതല്ല ഇന്നേരമത്രയും കോഴിക്കാട്ടം നാറിയത്‌. ഷട്ടറിടാന്‍ എന്നെപ്പോലുള്ള ചില ഹതഭാഗ്യന്മാര്‍ താമസിച്ചതുകാരണം ബസിനുള്ളില്‍ നിറയെ കോഴിപ്പൂട പറന്നു നടന്നു! തലയിലും തുണിയിലും ബാഗിലും വീണതൊക്കെ തട്ടിക്കുടഞ്ഞ്‌ അശോകാ ജംഗ്ഷനില്‍ ഞാന്‍ ഇറങ്ങി.

അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി. ഉടനെയെങ്ങാനും ബസ്സുണ്ടോ എന്നറിയാന്‍ ഒന്നു വീട്ടിലേക്കു വിളിച്ചു. ഇല്ല. മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു പൂതിയുടെ അടിസ്ഥാനത്തില്‍ കോള്‍ഡ്‌ സ്റ്റോറേജിലേക്ക്‌ നടന്നു. ഒന്നരകിലോ കൊളസ്റ്റ്രോള്‍ വാങ്ങി. താഴെ ഇടശ്ശേരിക്കവലയില്‍ എത്തി, ട്രിപ്‌ ഓട്ടോയില്‍ കയറി. ഓട്ടോ കൊച്ചുതോവാളയടുക്കുന്ന നേരത്ത്‌ വാവ എതിരെ സൈക്കിളില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കിട്ടിയ സമ്മാനമാണാ സൈക്കിള്‍(ഞാന്‍ കൊടുത്തതാ!). ഓട്ടോയില്‍ ഇരുന്ന എന്നെ അവന്‍ കണ്ടു. ലാപ്‌ടോപ്പിലെ പുതിയ സിനിമകളും പാട്ടുകളും ഗെയിമുകളും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ വണ്ടിയിറങ്ങി അവനെ കാത്തു നിന്നു. വാവയ്ക്കാദ്യം ചോദിക്കാനുള്ളത്‌ അതാവുമല്ലോ. പിന്നെ ഒരുമിച്ച്‌ ഇടവഴി കയറി വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി. രണ്ടുമാസം കൂടി കഴിഞ്ഞതവണ വന്നപ്പോളുണ്ടായ പോലെ അമ്മയുടെ ആശ്ലേഷം ഇത്തവണ ഉണ്ടായില്ല. എങ്കിലും ആ മുഖത്തെ ഭാവം അന്നുമിന്നും ഒന്നുതന്നെ. പോക്കറ്റില്‍ കിടന്ന ടിക്കറ്റുകള്‍ എല്ലാം മേശപ്പുറത്തിടവേ ഒന്നു കൂട്ടി നോക്കി. ആകെ മൊത്തം ടോട്ടല്‍ ഇരുനൂറ്റി ഇരുപത്തഞ്ചു രൂപ. ഇരുപത്തയ്യായിരമായാലെന്ത്‌, വീട്ടില്‍ വരുന്നതല്ലേ? ദാറ്റ്‌സ്‌ വൈ, ഐ ഗോ ഹോം എവ്‌രി മന്ത്‌!

16 comments:

എം.എസ്. രാജ്‌ said...

ദാറ്റ്‌സ്‌ വൈ, ഐ ഗോ ഹോം എവ്‌രി മന്ത്‌!!

സസ്നേഹം,
എം.എസ്. രാജ്

Shaheer K K U said...

വര്‍ഷങ്ങള്‍ക്കു മുന്‍പു ബാങ്ക്ളൂരില്‍ നിന്നും മാസതില്‍ ഒന്നും രണ്ടും തവണ ഞാനും ഇങ്ങനെ നാട്ടിലേക്കു പോവുക പതിവായിരുന്നു.. 3 വര്‍ഷത്തെ ബാങ്ക്ളൂറ്‍ ജീവിതത്തില്‍ റിസര്‍വേഷനോടെ യാത്ര ചെയ്തത്‌ വിരലിലെണ്ണാവുന്നത്ര മാത്രം. വെള്ളിയാഴ്ചകളിലെ 1.30നുള്ള തൃശ്ശൂര്‍ വഴി കെ.എസ്‌.ര്‍.ടി.സി. ആയിരുന്നു എണ്റ്റെ സ്തിരം കുറ്റി. പിന്നെ അതില്ലെങ്കില്‍ ഈ പോസ്റ്റില്‍ പറഞ്ഞ പോലെ ഹൊസൂര്‍/സേലം/ഈരോട്‌/കോയമ്പത്തൂര്‍/പാലക്കട്‌... അന്നും ഞാനും പരഞ്ഞിരുന്നു.. Thats y i go home...
ഓര്‍മകളിലേക്കു ഊഴിയിടാന്‍ സഹായിചതിന്‍ നന്ദി.. ആശംസകള്‍..

ദീപക് രാജ്|Deepak Raj said...

നന്നായി. ഫോട്ടോയും. വീട്ടില്‍ നിന്ന് കൊണ്ടുവന്ന അച്ചാറിന്റെ രുചി.. ഓര്‍മ്മിപ്പിക്കാതെ. പ്രവാസികള്‍ക്കും അതൊരു നോസ്ടാല്‍ജിയ ആണ്.

കാര്‍ത്ത്യായനി said...

dats y i too go home :)

ശ്രീ said...

എത്ര കഷ്ട്പ്പെട്ട് യാത്ര ചെയ്തിട്ടാ‍യാലും നമ്മുടെ നാട്ടിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴുള്ള ആ ഒരു സന്തോഷം പറഞ്ഞറിയിയ്ക്കാനാകില്ല അല്ലേ? :)

:)

Melethil said...

നന്നായി, ഹോ ഭാഗ്യവാന്മാര്‍ ! വീട്ടില്‍ പൂവാന്‍ പൂതി മൂത്ത് ഞാന്‍ കമ്പനി തന്നെ മാറി! എട്ടു തൊട്ടു നട്ടപ്പാതിര വരെയായിരുന്നു പഴയ സ്ഥലത്ത്. ഇപ്പൊ എല്ലാ രണ്ടാഴ്ച്ചയിലും പോക്കുണ്ട്. നല്ല എഴുത്ത്. അമ്മയുടെ ആശ്ലേഷം , അതാണ് എനിക്കിഷ്ടായത് . അമ്മ എന്നെ കെട്ടിപ്പിടിച്ചിട്ട് എത്ര നാളായി ആവോ. അസൂയ!

മാണിക്യം said...

ഞാനും എത്തി..
നല്ല യാത്രാവിവരണം
മഞ്ഞുമൂടീയ ചിത്രത്തിനു അപാരഭംഗി..
നാട്ടില്‍ വരാന്‍ കൊതിയാവുന്നു...

കാന്താരിക്കുട്ടി said...

ഇതിന്റൊപ്പം അല്പം കട്ടപ്പന വിശേഷങ്ങൾ കൂടി ആകാമായിരുന്നു.എന്തായാലും യാത്രാ വിവരണം കലക്കീ ട്ടോ.

Rakesh Divakar said...

nice one...

Tijo said...

യാത്രാ വിവരണം വളരെ നന്നായിട്ടുണ്ട് കേട്ടോ കട്ടപ്പന കുട്ടപ്പാ....

പോങ്ങുമ്മൂടന്‍ said...

നന്നായിട്ടുണ്ട് രാജേ.

ആദര്‍ശ് said...

നമ്മുടെ സ്വന്തം നാടിന്‍റെ 'അതിര്‍ത്തി 'കടന്നാലുള്ള വിഷമവും ,തിരിച്ച് ആ അതിര്‍ത്തിക്കുള്ളില്‍ എത്തിയാലുള്ള സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.നല്ല വിവരണം...

krishna said...

very good that story

വെളിച്ചപ്പാട് said...

പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൂടെ ജോലി ചെയ്യുന്ന സിറിയക്കാരന്‍ മഹി വന്നത്. അവന്‍ വന്നതും പോസ്റ്റിലെ പടങ്ങള്‍ കാണിച്ചു കൊണ്ട് അഭിമാനത്തോടെ ഞാന്‍ പറഞ്ഞു ‘കണ്ടില്ലേ എന്‍റെ നാട്’..!!
അത് കേട്ട് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
‘എന്‍റെ ചെങ്ങാതി ഇതുപോലെ തന്നെയാണ് എന്‍റെ നാടും. മേടും മലകളും കുന്നും കാലികളും ആറും..’എന്നിങ്ങനെ എണ്ണിപ്പറഞ്ഞ്കൊണ്ട് അയാള്‍ വാചാലനായി. അവസാനം ഒരു നിശ്വാസത്തോടെ നിറുത്തി ചോദിച്ചു. ‘നാട്ടില്‍ കിട്ടുന്ന ശുദ്ധവായു ഈ ദുബായില്‍ കിട്ടുമോ...?’

കുഞ്ഞന്‍സ്‌ said...

വീട്ടിലേയ്ക്കുള്ള ഒരു യാത്ര അപ്രതീക്ഷിതമായി മുടങ്ങി ഇവിടെ കഞ്ഞിവെള്ളവും കുടിച്ച് ഇനിയെന്നാ പോവാന്‍ പറ്റുകാ എന്നും ആലോചിച്ച് ഇരിക്കുന്ന എന്നെക്കൊണ്ട് തന്നെ ഇത് വായിപ്പിക്കണം രാജേ :(

എം.എസ്. രാജ്‌ said...

ഷഹീര്‍,
ഈ യാത്രകള്‍ ദുഷ്കരമാണെങ്കിലും ഓര്‍മ്മകളുടെ താളുകളില്‍ മായാത്ത മഷിപ്പാടുകളായങ്ങനെ..

ദീപക് രാജ്,
അച്ചാര്‍ രണ്ടാം ഘട്ടത്തിലേക്കു കടന്നു. അവിടിരുന്നു കൊതിക്ക്.

കാര്‍ത്യായനി,
:)... ഞാനും!

ശ്രീ,
വാസ്തവം. അതൊരു പ്രത്യേക അനുഭൂതിയാണ്.

Melethil,
ഇങ്ങു പോരെ. ഇടയ്ക്കൊക്കെ തോന്നാറില്ലേ ടപ്പേന്നിങ്ങു പോരാന്‍?

മാണിക്യം ചേച്ചീ,
ഹാ, ഇങ്ങു പോരെന്ന്!

കാന്താരിക്കുട്ടി,
കട്ടപ്പന വിശേഷങ്ങള്‍ പിന്നാലെ.

Rakesh,
:)

Tijo, :)

പോങ്ങു മാഷേ, താങ്ക്സ്! :)

ആദര്‍ശ് മാഷ്,
നേരു തന്നെ. വീട്, നാട് ഒക്കെ ഒരു വികാരമാണല്ലോ നമുക്ക്!

Krishna, :)

വെളിച്ചപ്പാടേ,
അതിനു നാട്ടില്‍ തന്നെ വരണം!

കുഞ്ഞന്‍സ് ,
ഐ അണ്ടര്‍സ്റ്റാന്‍ഡ്. സാരമില്ല. :)