Saturday, April 25, 2009

പാലാപ്രയാണം

[വന്നവഴി]

ഞാനങ്ങനെ വീട്ടിലെത്തി പല്ലുതേപ്പും കുളീമൊക്കെ കഴിഞ്ഞ്‌ കപ്പയും ഇറച്ചിയുമൊക്കെ ശാപ്പിട്ട്‌ ഒന്നു രണ്ട്‌ ഗുലാബ്‌ ജാമൂന്‍ എടുത്തു വിഴുങ്ങി ബാംഗ്ലൂര്‍ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ അങ്ങനെയിരുന്നു. ടിവിയില്‍ തെരെഞ്ഞെടുപ്പാഘോഷങ്ങള്‍ തന്നെ. ബോറ്‌ കേസ്‌. വാര്‍ത്തകള്‍ക്കു പോലും രാഷ്ട്രീയച്ചുവയാണ്‌. ആര്‌ ആരെ എന്തു കുറ്റം പറയുന്നു എന്നതാണല്ലോ ഇപ്പോഴത്തെ വാര്‍ത്തകളുടെ ഗതി. രാഷ്ട്രീയക്കാര്‍ ഛര്‍ദ്ദിക്കുന്നത്‌ അരിച്ചെടുത്ത്‌ പൊതുജനത്തിനു തിന്നാന്‍ കൊടുക്കുക, അത്ര തന്നെ! ഇടുക്കീല്‍ ഇത്തവണേം ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ജയിക്കുമോ? അതോ പി.ടി. തോമസ്‌ ഈ മണ്ഡലം യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരുമോ? എന്തായാലും എനിക്കു വോട്ടു ചെയ്യാന്‍ വരാനൊക്കില്ല. വിഷൂനും. വീട്ടില്‍ നിന്നു മാറിനിന്നുള്ള രണ്ടാമത്തെ വിഷുവാണിത്‌.

എന്താ വാവേ ഒരു നേരം പോക്ക്‌? സാഗരായില്‍ 'സാഗര്‍ ഏലിയാസ്‌ ജാക്കി', സന്തോഷില്‍ 'ടു ഹരിഹര്‍നഗര്‍', ഐശ്വര്യായില്‍ 'അയന്‍'. പോണംന്നുണ്ട്‌. വൈകിട്ടാട്ടെ, നോക്കാം. ഇടയ്ക്ക്‌ വാവയുമായി അല്‍പം ഗുസ്തി പിടിച്ചു നോക്കി. പയ്യന്‍ കരാട്ടേ പഠിക്കുന്നതിന്റെ അറിയാനുണ്ട്‌ - ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്‌! ഇനി മുതല്‍ ഇവനേം പേടിക്കണമല്ലോ ഭഗവാനേ! നാട്ടില്‍ തന്നെയായിരുന്നെങ്കില്‍ ഫീസില്ലാതെ കുറെ വ്യായാമമുറകള്‍ ഒക്കെ പഠിക്കാമായിരുന്നു- സ്ഥിരം നെയ്‌ദോശയടിച്ച്‌ വളരുന്ന എന്റെ ഉണ്ണിക്കുടവയറോര്‍ത്ത്‌ ഞാന്‍ ആകുലപ്പെട്ടു.

മുന്‍പൊക്കെ ഈയിരുപ്പിനു മുന്നേ രണ്ടു പെഗ്‌ വിടാറുള്ളതായിരുന്നു. ഈയിടെയായി ഭവനസന്ദര്‍ശനത്തിനു വരുമ്പോള്‍ കുപ്പി ഒന്നും കൊണ്ടുവരാറില്ലാത്തതുകൊണ്ട്‌ ആ പരിപാടി ഇല്ല. മാതാശ്രീയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ വീട്ടിലേക്കുള്ള എന്റെ ലഗേജില്‍ നിന്ന് വിസ്കിക്കുപ്പി അപ്രത്യക്ഷമായത്‌. കുറെ നാളായി വെള്ളമടിയോട്‌ എനിക്കും തീരെ താല്‍പര്യമില്ല. മൊത്തത്തില്‍ ആര്‍ക്കു പോയി? അച്ചായിക്കു പോയി! ഓ പിന്നെ, അച്ചായിക്കു ഞാന്‍ കൊണ്ടുവന്നിട്ടു വേണ്ടേ? അപ്പോ വിജയ്‌ മല്ല്യയ്ക്കു പോയി, ഹല്ല പിന്നെ!

അങ്ങനെയിരിക്കേ ഉച്ചയായപ്പോള്‍ തീരുമാനിക്കുന്നു - വെമ്പള്ളിക്കുപോയേക്കാം. എന്തിനാ? ചുമ്മാ ഒരു വണ്‍ഡേ ട്രിപ്‌. നടുക്കത്തെ ആന്റി അവിടെയാണ്‌. അപ്പോ ശെരി, നേരത്തെ വിട്ടേക്കാം, സന്ധ്യക്കുമുന്‍പേ അങ്ങെത്താംന്നു കരുതി. ലോങ്ങ്‌ ട്രിപ്പല്ലേ, ഒന്നു ഷേവ്‌ ചെയ്തു കളഞ്ഞേക്കാം എന്നു കരുതിയതു തെറ്റായിപ്പോയൊ? ഇരുതല ബ്ലേഡിട്ട്‌ വടിച്ച്‌ നാള്‍ കുറെ ആയതുകൊണ്ടാവും അതിന്റെ 'നേക്ക്‌' കിട്ടിയില്ല. അവിടവിടെ ചോര പൊടിഞ്ഞു. ഒന്നര കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. രണ്ടുമണി കഴിഞ്ഞ്‌ കട്ടപ്പന സ്റ്റാന്‍ഡില്‍ വന്ന് വാഗമണ്‍ വഴി പാലായ്ക്ക്‌ അടുത്ത വണ്ടിയെപ്പഴാ എന്നന്വേഷിച്ചു. രണ്ടേമുക്കാലിന്‌ എന്ന മറുപടിക്കു ശേഷം 'രണ്ടു പത്തുകാരെല്ലാം സ്റ്റാന്‍ഡിനു പുറത്തു പോണം' എന്നു സ്റ്റാന്‍ഡ്‌മാഷ്‌ ശ്രീമാന്‍ ബെന്നി കളപ്പുരയ്ക്കല്‍ മൈക്കിലൂടെ അലറി. കട്ടപ്പന പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ആ സ്വരം ഓര്‍ക്കാതിരിക്കില്ല. ഇരുപതില്‍ താഴെ മാത്രം ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന ആ സ്റ്റാന്‍ഡിലെ സമയക്രമം പാലിക്കുന്ന ജോലി പലപ്പോഴും യാത്രക്കാര്‍ക്ക്‌ ചിരിപരത്തുന്ന നിമിഷങ്ങളും വണ്ടിക്കാര്‍ക്ക്‌ ശകാരവര്‍ഷവും സമ്മാനിക്കാറുണ്ട്‌. മൈക്കിലൂടെ 'ആ എച്‌.എം.എസ്‌ അവിടെ എന്നാടുക്കുവാ? പോകാറായില്ലേ?' എന്നും ഡ്രൈവറോട്‌ 'എടാ സജിയേ, നീയെന്നാടാ അവിടെ പെറ്റുകിടക്കുവാണോ?' എന്നുമൊക്കെ ഇദ്ദേഹം ചോദിച്ചു കളയും!

പറഞ്ഞു വന്നത്‌- കാത്തുനിക്കണ്ട, ഒള്ള വണ്ടിക്കു കേറി കാഞ്ഞിരപ്പള്ളീലോ പൊന്‍കുന്നത്തോ പോയി അവിടുന്നു പാലായ്ക്കു കേറാം എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നോക്കുമ്പോ കൊട്ടാരക്കരയ്ക്കുള്ള ഒരു ഫാസ്റ്റ്‌ പാസഞ്ചര്‍ 'ശരണ്യ' കിടപ്പുണ്ട്‌. പോകാന്‍ തയ്യാറാവുന്നു, ഒന്നു നോക്കിയപ്പോള്‍ സീറ്റുണ്ട്‌, പക്ഷേ, എല്ലാം മുന്നിലാണ്‌. എന്തായാലും കയറി. അമ്മയ്ക്കു സീറ്റുകിട്ടി. ഞങ്ങളപ്പനും മോനും പെട്ടിപ്പുറം. അങ്ങനെ അച്ഛനുമമ്മയും ഒത്തൊരു യാത്ര!

സ്വരാജ്‌ എത്തിയപ്പോള്‍ ബസില്‍ സംഗീതമൊഴുകാന്‍ തുടങ്ങി. കസെറ്റല്ല, സിഡിയല്ല ഒരു പെന്‍ഡ്രൈവില്‍ നിന്നാണു പാട്ട്‌. ആ മ്യൂസിക്‌ സിസ്റ്റത്തില്‍ പെന്‍ഡ്രൈവ്‌ മാത്രമേ പറ്റത്തൊള്ളൂ എന്നു തോന്നി. സിഡി/കസെറ്റ്‌ ഇടാനുള്ള വാ അതിന്റെ മുന്നില്‍ കണ്ടില്ല. ഹിന്ദിപ്പാട്ടുകളുടെ ട്യൂണില്‍ മലയാളം പ്രണയഗാനങ്ങള്‍. "എന്നും നിനക്കായി പാടാം...എന്നെ നിനക്കായി നല്‍കാം..." ബോണറ്റില്‍ നിന്നു കാലിലേക്ക്‌ ചൂട്‌ പകര്‍ന്നുകിട്ടി, വിയര്‍ക്കുന്നു. ചെരിപ്പൂരിയിട്ടു. വണ്ടി ന്യായമായി കത്തിച്ചു വിടുന്നു. വെയിലും ചൂടും തലേന്നത്തെ യാത്രാക്ഷീണവും കൊണ്ട്‌ ആയിരുപ്പില്‍ ഞാനൊന്നുറങ്ങി.

എവിടെയോ ഓട്ടം നിലച്ചപ്പോള്‍ കണ്ണു തുറന്നു. ഓ! ഏലപ്പാറ എത്തിയോ? ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്‍ഭാഗത്ത്‌ ഒരാള്‍ക്കു ഇരിപ്പിടമുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ പോകാന്‍ ആദ്യം ഒന്നു മടിച്ചു. സീറ്റില്‍ പോയിരുന്ന് ഉറങ്ങിക്കോടാ എന്ന് അച്ചായി പറഞ്ഞപ്പോള്‍ ഞാന്‍ പയ്യെ എണീറ്റു. അമ്മോ! ഏറ്റവും പിന്നിലത്തെ നിര. സാമാന്യം നല്ല കുലുക്കം. ഒക്കെ പോട്ടെ- എന്റെ വലതു വശത്തിരുന്ന അച്ചായനാണേല്‍ കൊണ്ടുപിടിച്ച്‌ ഉറക്കം. അയാളുടെ തല അടിക്കടി ഒടിഞ്ഞുവീഴുന്നതാകട്ടെ എന്റെ തോളത്തും. ഈശ്വരാ! ഇതിനായിരുന്നോ സ്വസ്ഥമായി മുന്നിലിരുന്ന ഞാന്‍ ഇങ്ങോട്ടുവന്നത്‌? മുന്നിലാരുന്നേല്‍ സ്വസ്ഥമായി ഉറങ്ങാമാരുന്നു. അല്ലേല്‍ അങ്കോം കണ്ട്‌ താളീമൊടിച്ച്‌(ഐ മീന്‍ ഡ്രൈവിങ്ങും കണ്ട്‌ വായിലും നോക്കി) ഇരിക്കാമായിരുന്നു. ഓരോ വീഴ്ചയ്ക്കു ശേഷവും ഉറക്കം നിയന്ത്രിക്കാന്‍ അച്ചായന്‍ പരമാവധി ശ്രമിച്ചെങ്കിലും എന്നെ അലോസരപ്പെടുത്താന്‍ അയാളുടെ അന്നത്തെ നക്ഷത്രഫലത്തില്‍ വിധിച്ചിട്ടുണ്ടാകണം.

നാലേകാല്‍ കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങി. അല്‍പനേരത്തിനുശേഷം ഈരാറ്റുപേട്ട വഴി പാലായ്ക്കുള്ള ബസ്സില്‍ കയറി. ഇത്തവണ അമ്മയ്ക്കൊപ്പം ഇരുന്നു. പേട്ടക്കവലയില്‍ നിന്നും യൂണിഫോം സാരിയുടുത്ത ഒരു പറ്റം പെണ്‍പിള്ളേര്‍ കേറി. 'ബി.എഡ്‌. പിള്ളേരാരിക്കും അല്ലേ'ന്നു ഞാന്‍ അമ്മയോട്‌ സംശയം പ്രകടിപ്പിച്ചു. 'ഉം..' അമ്മ മൂളിയത്‌ വളരെ നിഷ്കളങ്കമായിട്ടായിരുന്നു. പാലായീച്ചെന്ന് കറങ്ങിക്കുത്തി നിന്ന് അല്‍പം കഴിഞ്ഞ്‌ കുറവിലങ്ങാടിനുള്ള വണ്ടിക്കു കയറി. ആ യാത്രയ്ക്കിടയില്‍ ആന്റിയെ വിളിച്ചു.

"കൊച്ചിപ്പോ ബാംഗ്ലൂരീന്നാണോ?"

"ഏയ്‌ അല്ല, ഞാന്‍ ദേ ഇങ്ങു പാലായിലൊണ്ട്‌!"

"ഏഹ്‌??? പാലായിലോ? അതെപ്പോ വന്നു?" ആന്റിയുടെ സ്വരത്തില്‍ അത്ഭുതം.

"അതൊക്കെ വന്നു. ഞാന്‍ ഒറ്റയ്ക്കല്ല, കൂടെ അച്ചായീം അമ്മേം ഉണ്ട്‌..." തുടര്‍ന്നു ഞാന്‍ എന്റെ നമ്പരിട്ടു. "...അതേയ്‌.. പിന്നെ, ഞങ്ങളേ, ഇവിടെ പാലാ വരെ ഒരത്യാവശ്യ കേസിനു വന്നതാ..! പിന്നേയ്‌.. അങ്ങോട്ടു വരുന്നില്ല. തിരിച്ചു പൊയ്ക്കൊണ്ടിരിക്കുവാ. ആ... കട്ടപ്പനയ്ക്കു പോവാന്ന്."

"ഏഹ്‌.. അയ്യോ അതെന്നാ പരിപാടിയാ കാണിച്ചെ? അതും ഇത്തറ്റം വരെ വന്നേച്ച്‌.. അതെന്നാ പോക്കാ ആ പോയെ?"

"അതേയ്‌.. കാര്യമെന്നാന്നോ? ഞങ്ങള്‍ ഒരു പെണ്ണുകാണാന്‍ വന്നതാ. പെട്ടെന്നുള്ള ഒരു വരവല്ലാരുന്നോ. അതുകൊണ്ട്‌ തിരിച്ചു പോവ്വാ. വീട്ടില്‍ ആടും പശൂമൊക്കെ ഒള്ളതല്ലേ? അതുകൊണ്ട്‌ അങ്ങോട്ടു വരുന്നില്ല. ഞങ്ങളു കട്ടപ്പനയ്ക്കുള്ള വണ്ടിയേലിരിക്കുവാ.!" ഞാന്‍ അമ്മയെ ഒന്നു നോക്കി. കസറുന്നുണ്ട്‌ എന്ന് അമ്മ തലയാട്ടിക്കാണിച്ചു.

ആന്റിയുടെ സ്വരത്തില്‍ നിരാശ കലര്‍ന്നു: "ശ്ശൊ, എന്നാലും ഈ വൈകുന്നേരമായപ്പോ നിങ്ങക്കു തിരിച്ചു പോകണ്ട കാര്യമൊണ്ടാരുന്നോ? അതു കളിപ്പീരായിപ്പോയി കേട്ടോ! ശ്ശെ.. ഇവിടം വരെ വന്നേച്ച്‌..."

ബസില്‍ ആള്‍ക്കാര്‍ തീരെ കുറവായിരുന്നു. ധൈര്യപൂര്‍വ്വം ഞാന്‍ നാടകം തുടര്‍ന്നു: "ആ എന്നാ പറയാനാ? എനിക്കാണെങ്കി ഞായറാഴ്ച തിരിച്ചു പോകുവേം വേണ്ടേ. അതാ അങ്ങോട്ടു വരാഞ്ഞത്‌. ഇനി അടുത്ത വരവിനാകട്ടെ, അപ്പോ അതിലേയൊക്കെ വരാം..." ഞാന്‍ ചിരിയമര്‍ത്തി.

ആന്റി ഏതാണ്ട്‌ സുല്ലിട്ടപോലെയായി. "ആ എന്നാപ്പിന്നെ അങ്ങനെയാട്ടെ..! അല്ലാതിപ്പോ എന്നാ പറയാനാ?"

ഞാന്‍ അപ്പോള്‍ കളം മാറി. "അല്ലെങ്കില്‍ പിന്നെ ആന്റീ ഒരു കാര്യം ചെയ്യാം. ഇതൊരു കേയെസ്സാര്‍ട്ടീസിയാ. ഞാന്‍ വണ്ടിക്കാരോട്‌ പറഞ്ഞ്‌ ഇതു വെമ്പള്ളിക്കു തിരിച്ചുവിടട്ടേ? കട്ടപ്പനയ്ക്കു പോകുന്ന വണ്ടിയാ. എന്നാലും ആന്റീടെ ഒരു സന്തോഷത്തിന്‌ വേണെങ്കി..."

"എടാ ചെറുക്കാ.. നിന്നെ ഞാന്‍.... നീയിങ്ങു വാടാ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്‌!! അമ്പടാ, അവന്റെയൊരു..." സ്നേഹം നിറഞ്ഞ ശകാരവര്‍ഷത്തില്‍ എന്റെ വാക്കുകള്‍ അലിഞ്ഞുപോയി.

കുറവിലങ്ങാട്‌ ഇറങ്ങി പലഹാരോം വാങ്ങി യാത്ര തുടര്‍ന്നു. സ്റ്റോപ്പിലിറങ്ങിയപ്പോഴേ അനിയന്‍ അജയിനെ വിളിച്ചു- 'ബൈക്കുമായിട്ടു വാടാ, ഞങ്ങളു പതുക്കെ നടക്കുവാ!'

അഞ്ചു മിനിറ്റു കഴിഞ്ഞില്ല സ്പ്‌ളെന്‍ഡര്‍ വന്നു. 'ഇറങ്ങെടാ, ഹോ! എത്ര നാളായി വണ്ടിയോടിച്ചിട്ട്‌!' അങ്ങനെ ഞാന്‍ ആദ്യമായി അമ്മയെ പിന്നിലിരുത്തി ബൈക്കോടിച്ചു. അമ്മ ആദ്യമായാണു ബൈക്കില്‍ കേറുന്നത്‌. ഞാന്‍ വേഗം തീരെക്കുറച്ചാണോടിച്ചതെങ്കിലും 'പയ്യെപ്പോ, പയ്യെപ്പോ' എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛനും അജയ്‌യും പിന്നാലെ നടന്നു വന്നു.

വീട്ടില്‍ ചെന്നു കേറിയപ്പഴേ ഫോണ്‍ വിളിച്ചതിന്റെ ശിക്ഷ ആന്റീടെ വക- നല്ല പൊള്ളുന്ന കിഴുക്കിന്റെ രൂപത്തില്‍. പിന്നെ ചായയുടെയും ചക്ക വറുത്തതിന്റെയും ഒപ്പം സ്നേഹാന്വേഷണങ്ങളും വെടിവട്ടവും. നല്ല ഒന്നാന്തരം മീനച്ചൂട്‌. ഹൈറേഞ്ചിലും ഇതുപോലെ ഉഷ്ണമായി വരുവാ. മാറുന്ന പ്രകൃതിയെപ്പറ്റി ഒരാശങ്ക പങ്കുവെച്ചു.

"ചുമ്മാ വാടാ, നമുക്കൊന്നു കറങ്ങിയേച്ചും വരാം." എന്നും പറഞ്ഞ അജയിനേം കൂട്ടി ബൈക്കുമെടുത്ത്‌ ഇറങ്ങി. നേരം നന്നായി ഇരുട്ടിയിരുന്നു. ലൈറ്റിട്ട്‌ ബൈക്കോടിച്ചതു പോയിട്ട്‌ ബൈക്കോടിച്ചു തന്നെ നല്ല പരിചയമില്ല. എറിയണമെന്നുള്ളവനും ദൈവം കൊഴി കൊടുക്കാറില്ലല്ലോ. ഹൈവേയില്‍ കൂടി അരക്കയ്യന്‍ ഷര്‍ട്ടും ലുങ്കിയും ധരിച്ച്‌ അലസമായി വണ്ടിയോടിച്ചു. വിയര്‍പ്പി കിനിഞ്ഞുവന്ന നെറ്റിയില കാറ്റുകൊണ്ടപ്പോള്‍ നല്ല സുഖം. നാടിന്റെ സുഖം, സ്വാതന്ത്ര്യം. പിന്നിലിരുന്ന് അജയ്‌ എന്റെ തരികിടകളുടെ അപ്ഡേറ്റ്‌ തിരഞ്ഞു. കടപ്പൂര്‍ ഭാഗത്തേക്ക്‌ വണ്ടി തിരിച്ച്‌ വിജനമായ വഴിയിലൂടെ കുറെ നേരം ഓടിച്ചു പോയി. റോഡിനിരുവശവും പാടമുള്ള തുറസ്സായ ഒരു പ്രദേശമുണ്ട്‌ പള്ളിക്കു സമീപം. അവിടെ പാലത്തിനുമേല്‍ വണ്ടി നിര്‍ത്തിയിട്ട്‌ അല്‍പനേരം ഇറങ്ങി നിന്നു കാറ്റുകൊണ്ടു. ഓണത്തിനു വന്നപ്പോള്‍ ആകെ വെള്ളം നിറഞ്ഞ് കിടക്കുകയാ‍യിരുന്നു.

അജയിന്റെ കാമ്പസ്‌ വിശേഷങ്ങള്‍ തിരഞ്ഞു. ഞാന്‍ പറഞ്ഞു- 'ഉള്ള സമയം, അതു ശെരിക്കും ആസ്വദിച്ചോണം, ഇനി രണ്ടു മൂന്നു വര്‍ഷം. അതുകഴിഞ്ഞ്‌ കോളേജ്‌ ജീവിതം ആസ്വദിച്ചില്ലാന്നു തോന്നിയാല്‍ നികത്താനാവാത്ത നഷ്ടമാകും.'

അകലെ പാടത്ത്‌ കൊയ്ത്തുയന്ത്രത്തിന്റെ വെളിച്ചം. പണ്ട്‌ ഈ വഴിയെ സൈക്കിളില്‍ ഡബിള്‍സ്‌ വെച്ചു വന്നതും ഗട്ടര്‍ ഒഴിവാക്കാനായി വളച്ചെടുത്തപ്പോള്‍ എതിരെ വന്ന ഒരു മാരുതിയുടെ നേര്‍ക്കു സൈക്കിള്‍ നീങ്ങിയതും കാറുകാരന്‍ ചീത്തപറഞ്ഞതും ഒരിക്കല്‍കൂടി ഓര്‍ത്തുചിരിച്ചു. വീട്ടില്‍ നിന്നു മിസ്സ്ഡ്‌ കാള്‍. ഓര്‍മ്മകളുടെ വയല്‍ വരമ്പത്തു നിന്നും തിരികെ.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനം അത്താഴം കഴിഞ്ഞും രാത്രി വൈകിയും നീണ്ടു. ഉറങ്ങിയേ പറ്റൂ എന്നായപ്പോള്‍ തറയില്‍ പായ വിരിച്ചു കിടന്നു. രാവിലെ എട്ടുമണിയായിട്ടും ഉറക്കം തുടരാനുള്ള മൂഡിലായിരുന്ന എന്നെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്‌ ബാക്കിയുള്ളോര്‍ക്ക്‌ ഉച്ചയായ നേരത്ത്‌ ഹാളില്‍തന്നെയുള്ള ഈ കിടപ്പാണ്‌.

പിന്നെന്താ..? പല്ലുതേപ്പും ചായകുടീമൊക്കെ കഴിഞ്ഞ്‌ പിന്നേം ബൈക്കില്‍ ഒരു കറക്കം. വയലായിലേക്കു പോകുന്ന വഴി ബ്ലോക്കു ചെയ്തിരിക്കുന്നു. കലുങ്കുപണിയാണത്രെ. അവിടെപ്പോയി പണിയുടെ പുരോഗതി ഞങ്ങള്‍ വിലയിരുത്തി. പ്രാതല്‍ കഴിഞ്ഞും ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന എന്നെ വിളിച്ച്‌ അമ്മ ഓര്‍മ്മിപ്പിച്ചു-"പോകണ്ടേ? പോയി കുളിക്കുവൊക്കെ ചെയ്യ്‌!"

അങ്ങനെ ഉച്ചയ്ക്കു മുന്നേ അവിടുന്നിറങ്ങി. ഇത്തവണ ഷാപ്പ്‌ സന്ദര്‍ശനം നടന്നില്ല എന്നൊരു രഹസ്യമായ സങ്കടത്തോടെ. നേരെ പാലായില്‍ വന്നു. അക്കാഡമിക്‌ പ്രൊജക്ടിന്റെ നാലുമാസങ്ങള്‍ ചെലവഴിച്ച റബ്ബറിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നാട്‌. ഓര്‍മ്മകളും മീനച്ചിലാറ്റിലെ ഓളങ്ങളും ഉച്ചവെയിലേറ്റു തിളങ്ങി.

ഏലപ്പാറയ്ക്ക്‌ വാഗമണ്‍ വഴി ഒരു സെന്റ്‌. ജോര്‍ജ്ജ്‌ ബസ്‌. സഹ്യന്റെ വിരിമാറിലൂടെ ബസ്സ്‌ ഇരമ്പിക്കയറി. "എന്നെ കാണാനായി മാത്രം ഒരു ദിവസം ഇതിലേ വരില്ലേ?" പുല്‍മേടുകള്‍ എന്നോടു ചോദിച്ചു- നാണം നിറഞ്ഞ ഒരു കാമുകിയെപ്പോലെ. ഞാന്‍ പറഞ്ഞു: "വരും, തീര്‍ച്ചയായും വരും!"

16 comments:

  1. യാത്രകള്‍ - അവ ചെറുതായാലും നീണ്ടതായാലും നല്‍കുന്നത് കുറെ ഓര്‍മ്മകളും അനുഭവങ്ങളും തന്നെ.

    സസ്നേഹം,
    എം.എസ്. രാജ്

    ReplyDelete
  2. മോഹനരൂപാ മൂഷികവാഹന
    പാഹി പഹിമാം ഭജന പ്രിയനെ

    കുറെ നാളായി ഒരു തേങ്ങായുടച്ചിട്ട്, നല്ല വിവരണം,
    കൂടെ യാത്ര ചെയ്ത പ്രതീതി... നാടിന്റെ മണം
    വീട്ടിലും നാട്ടിലും നിന്ന് മാറിനില്‍ക്കുമ്പോഴാണ്
    നാടിന്റെ ഭംഗിയറിയുന്നത്.

    അപ്പോ എങ്ങനാ?
    ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ജയിക്കുമോ?
    അതോ പി.ടി. തോമസോ?

    ബസ്സില്‍ കുലുങ്ങിയുറങ്ങാന്‍ ബെസ്റ്റ് പാട്ട്
    “"എന്നും നിനക്കായി പാടാം...
    എന്നെ നിനക്കായി നല്‍കാം..." ”

    ReplyDelete
  3. രാജേ,
    രണ്ടു ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചത്. ഒരു ഡയറിക്കുറിപ്പിന്റെ ശൈലിയോടെ എഴുതിയ പാലാ പ്രയാണത്തില്‍ രണ്ടാം ഭാഗമാണ് ഏറെയിഷ്ടമായത്. ആദ്യഭാഗത്തില്‍ അനാവശ്യമായ കുറച്ചു വിവരണങ്ങള്‍ ഉള്ളപോലെ തോന്നി. ഇത്തരം വിവരണങ്ങള്‍ ആറ്റിക്കുറുക്കി ഒറ്റപോസ്റ്റാക്കി പബ്ലിഷ് ചെയ്യുന്നതാകും നല്ലത്. എഴുത്തിന്റെ കയ്യടക്കവും വശമാകും. വായനക്കാര്‍ക്ക് ഒരു വായനാ സുഖവും കിട്ടും.
    പോസ്റ്റിന്റെ അവസാനവും ഹൃദ്യമായി.

    ReplyDelete
  4. എന്തൊരു തെളിമ!
    എന്തൊരു ആർജ്ജവം!
    രണ്ടു തവണ വായിച്ചു.

    ReplyDelete
  5. ഡിയര്‍ രാജ്
    യാത്ര വിവരണം വായിച്ചു. ഓലപ്പീപ്പി കൊള്ളാം

    www.purushanmgzn.blogspot.com

    ReplyDelete
  6. യാത്രാവിവരണം ഇഷ്ടമായി കേട്ടോ

    ReplyDelete
  7. സുഖിപ്പിക്കാന്‍ പറഞ്ഞതല്ല നന്നായി. ഇപ്പോള്‍ ഓലപ്പീപ്പി ഊതി ഊതി ഒരു സാക്സോഫോണ്‍ ആയതുപോലെ. അപ്പോള്‍ പെണ്ണ് കാണല്‍ ഒക്കെ നടക്കുകയാ അല്ലെ. ഓഗസ്റ്റില്‍ നമുക്ക് നേരില്‍ കാണാം എന്ന് തോന്നുന്നു. അന്നാണ് കല്യാണമെങ്കില്‍ ഉറപ്പായും കൂടാം.
    ആശംസകള്‍

    സ്നേഹത്തോടെ
    (ദീപക് രാജ് )

    ReplyDelete
  8. എന്താ പീപ്പി ഇവിടെയും മോഡറേഷന്‍ ആയോ.

    ReplyDelete
  9. നല്ല ഭാഷ, നല്ല വായനാനുഭവം
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഞാനും വരുന്നു കട്ടപ്പനയ്ക്കു..
    ഏതാ ഈ ഐശ്വര്യ, സംഗീത പേരുമാറ്റിയതാണോ?
    ഏലപ്പാറ-വാഗമണ്‍ റോഡ് എങ്ങിനെ? കുണ്ടും കുഴിയും ഉണ്ടോ?
    ബെന്നി ഒരു സംഭവം തന്നെ..

    ReplyDelete
  11. എന്നും നിനക്കായി പാടാം...എന്നെ നിനക്കായി നല്‍കാം..."

    ReplyDelete
  12. കൊള്ളാം രാജ്... വായിക്കുമ്പോള് എല്ലാം കണ്മുന്നില് തെളിഞ്ഞു വരികയായിരുന്നു.... അസ്സല് എഴുത്ത്..

    ReplyDelete
  13. മാണിക്യം ചേച്ചീ,
    ഗണേശസ്തുതിക്കും തേങ്ങയ്ക്കും നന്ദി. :)
    ഫ്രാന്‍സിസ് ജോര്‍ജ്ജ് ജയിക്കുമെന്ന് ഇടതും പി.ടി.തോമസ് ജയിക്കുമെന്നു വലതും ആണയിടുന്നു. കാത്തിരുന്നുകാണാം.

    നന്ദേട്ടാ,
    താങ്ക്യു... നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാം, മേലില്‍.

    എതിരന്‍,
    അഭിലാഷ്,
    നന്ദി :)

    ശ്രീ,
    സന്തോഷം, നന്ദി. :)

    ദീപക് രാജ്,
    താങ്ക്യു... പിന്നെ പെണ്ണുകാണാന്‍ പോയതാന്ന് ആരു പറഞ്ഞു? ഓഗസ്റ്റില്‍ കാണുന്നതിനൊന്നും തടസ്സമില്ല. പക്ഷേ കല്യാണം പ്രതീക്ഷിച്ചോണ്ടു വരല്ലേ.. :)

    മോഡറേഷന്‍ പിന്‌വലിച്ചു.

    പി.എ.അനീഷ്,
    വളരെ നന്ദി. വീണ്ടും വരണം. :)

    വേണാടന്‍,
    പഴയ ‘സംഗീത‘ തീയെറ്റര്‍ ആണ് ഇപ്പോ ‘ഐശ്വര്യ‘ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ പറച്ചിലില്‍ ഇപ്പോഴും ‘സംഗീത‘ എന്നേ വരൂ. സന്തോഷ് തീയെറ്റര്‍ നവീകരിച്ചു ഡോള്‍ബിയും ഡി.ടി.എസുമൊക്കെ ആയി. വാ അതു വഴിയൊക്കെ ഒന്ന്‌.. ഒരു ചായയൊക്കെ കുടിച്ച് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലുമൊക്കെ ഒന്നു കറങ്ങി... :)

    സുജീഷ്,
    കമന്റിന് നന്ദി :)

    ഷെര്‍ലക്,
    വളരെ നന്ദി. :)

    ആര്‍.കെ.ബിജു,
    ഒത്തിരി നന്ദി :)

    എല്ലാവരോടുമായി - വീണ്ടും വരണം, അഭിപ്രായങ്ങള്‍/തെറ്റുകുറ്റങ്ങള്‍ അറിയിക്കണം.:)

    സസ്നേഹം,
    എം.എസ്.രാജ്

    ReplyDelete
  14. രാജൂ,

    അപ്രതീക്ഷിതമായാണ് ഈ ബ്ലോഗില്‍ വന്നെത്തിയത്. പഴയ പോസ്റ്റുകള്‍ പലതും വായിച്ചു. പാട്ടോര്‍മ്മകള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.( ഞാനും ഒരു സംഗീതപ്രേമി ആയതിനാല്‍ ആവാം...)

    യാത്രാവിവരണം സൂപ്പര്‍...

    ആശംസകളോടെ...

    ഹരിശ്രീ

    :)

    ReplyDelete
  15. വളരെ ഒഴുക്കുള്ള എഴുത്ത് .യാത്ര അതെങ്ങോട്ടയാലും ഒരു സുഖം തന്നെ.!!!!!!!!!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'