Thursday, March 05, 2020

കനവിന്റെ അവസാനത്തെ എപ്പിസോഡ്

എന്റെ മഞ്ചം.
അതെന്റെ ഒരു സ്വപ്നമാണ്.
എന്റെ അവസാനത്തെ സ്വപ്നം.

ഓറഞ്ച് നിറമുള്ള പൂക്കൾ
ആ പരിസരത്ത് ഉണ്ടാവരുത്.
കണ്ണുകളെ കുത്തിനോവിക്കാൻ കെൽപ്പുള്ള
കനത്ത നിറമാണത്.

വെള്ളയിൽ നീലപൂക്കളുള്ള
ചേല വേണമെനിക്ക്.
അതിലൊതുങ്ങി വെൺകച്ചയ്ക്കു കീഴെ
ഒരു രഹസ്യം പോലെ ഞാൻ കിടക്കണം.

നിനക്കു മാത്രമറിയാവുന്ന ഒരു
പുഞ്ചിരിയുമണിയണം അന്ന്.
വരണ്ട ചുണ്ടുകൾക്കുമീതെ
നിനക്കു മാത്രം വായിക്കാവുന്നൊരു
പ്രണയമുദ്രയായ് അതു നിൽക്കണം.

അടയാൻ മടിച്ച, തലോടിയണച്ച കൺകളിൽ
നിന്നോടുള്ള കുസൃതിയുടെ നിഴലുണ്ടാവണം.

പെരുവിരൽ കെട്ടിയ
മരച്ചു വിളർത്ത കാൽത്തുമ്പിൽ
നിന്നെയാദ്യം‌ കണ്ടയന്നത്തെ
നാണത്തിന്റെ ഒരു സ്നേഹത്തന്മാത്ര
ബാക്കി വെയ്ക്കണം.

എങ്കിലുമന്ന്..
അന്നു നീ എന്നോടു മിണ്ടുകയേ അരുത്.
കാരണം,
നിന്റെ വാക്കിന് എന്നെ ഉയിർപ്പിക്കാനുള്ള ശക്തിയുണ്ട്.



6 comments:

  1. തനിച്ചാകുന്ന മനുഷ്യർ
    തേങ്ങലിന്റെ ഒരുവൻതിരയാകും.
    കൂട്ടിന് വേണ്ടി മനസ്സുകൾ കാത്തിരിക്കും
    എങ്കിലും ആരാലും കൂട്ടില്ലാത്ത
    യാത്രക്ക് തനിച്ചു തന്നെ!
    നല്ലെഴുത്ത്

    ReplyDelete
  2. അവസാന കനവായി ഒരു മരണമഞ്ചം ..!

    ReplyDelete
  3. വളരെ നല്ല കവിത . അവസാന വരി മനസ്സിൽ തട്ടി.

    ReplyDelete
    Replies
    1. നന്ദി കല്ലോലിനീ
      ശരിക്കും അവസാനത്തെ വരിക്കുവേണ്ടി മാത്രം എഴുതിവച്ചതാണ് മറ്റുള്ളതെല്ലാം. ☺

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'