Sunday, March 15, 2020

ഇരുൾമാരി

ചുറ്റും ഇരുട്ടാണ്.
ആകാശത്തെ ഇരുട്ട് ഘനീഭവിച്ച്
മണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.
കണ്മഷിയേക്കാൾ കറുപ്പും കൊഴുപ്പുമുള്ള
മണവും തണുപ്പുമില്ലാത്ത കരിച്ചാർ.
മണ്ണിന്റെ സൂക്ഷ്മസുഷിരങ്ങളിലേക്ക്
ഇറങ്ങാൻ സമ്മതിക്കാത്ത കട്ടിയുണ്ടതിന്.
നടക്കുമ്പോൾ ചെരിപ്പും കടന്ന് അത്
എന്റെ പാദങ്ങളിൽ പടരുന്നുണ്ട്.
മാനത്തു നിന്നു പൊഴിഞ്ഞ തുള്ളികൾ
കറുത്ത ആലിപ്പഴം പോലെ കിടക്കുന്നു.
അതിൽ വഴുതി കറുപ്പിന്റെ കയങ്ങളിലേവിടേക്കോ
വീണുപോകുമെന്ന് ഭയന്ന്
നടക്കാൻ തന്നെ എനിക്ക് മടിയാണ്.
മണ്ണും പയ്യെ ഇരുട്ടിന്റെ നിറത്തെ പുണരുന്നുണ്ട്.
അതങ്ങനെ പയ്യെ കറുപ്പാകുന്നത്
ഞാൻ കണ്ടിരുന്നു.
പച്ചിലകളിൽ കറുപ്പ് കളിതുടങ്ങുന്നതും
പ്രകാശവീചികളുടെ തുകയിൽ
കാളിമകലരുന്നതും ഞാൻ അറിഞ്ഞിരുന്നു.
എന്റെ ദേഹം കറുപ്പായിരുന്നെങ്കിലും
വെറുപ്പ് തോന്നുന്ന കറുപ്പതെല്ലെന്ന്
നിറം മാറവേ ഞാനുമറിഞ്ഞു.
അറിവ് നിറവാകും മുൻപ്
പല്ലും കണ്ണിന്റെ വെള്ളയും വരെ കറുത്തു.
അതുകണ്ട് ഒരുനുള്ളുമിക്കരി
ഊറിച്ചിരിച്ചു; ഒപ്പം കണ്മഷിയും.
സന്ധ്യകടന്നു രാത്രി വന്നതറിയാതെ
ഉറക്കം കൺകൂടണഞ്ഞ നേരമറിയാതെ
ഞാൻ ഉറങ്ങാൻ കിടന്നു.
പിന്നെയൊരിക്കലും നേരം പുലർന്നില്ല.
കറുപ്പിൽ ഞാനലിഞ്ഞത്
ഇരുട്ടിൽ ആരും കണ്ടില്ല.
ലോകത്തിന്റെ സകല ഇന്ദ്രിയങ്ങളും
കരിക്കറകൊണ്ട് മൂടിപ്പോയിരുന്നു.

44 comments:

  1. ഇരുട്ടും കറുപ്പുമാകുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ!!!
    ഭീകരം! ചിന്താതീതം!
    ആശംസകൾ

    ReplyDelete
    Replies
    1. ഇരുട്ട് നമ്മളെ ആകെ വിഴുങ്ങുകയാ‌ണ്. നമ്മൾ പോലും അറിയാതെ.‌ നന്ദി തങ്കപ്പൻ സർ.

      Delete
  2. കറുപ്പ് മൂടിയാൽ പിന്നെ ഒന്നും കാണാൻ കഴിയില്ല .

    ReplyDelete
    Replies
    1. തീർച്ചയായും. നന്ദി ഗീത ചേച്ചി

      Delete
  3. കറുപ്പിന്റെ ഭീകരതയും എഴുത്തിന്റെ ഭംഗിയും തോന്നുന്നു..

    ReplyDelete
  4. കറുപ്പിൻ്റെ 'കയത്തിലേക്ക് അറിയാതെ വീണത്

    ReplyDelete
  5. കറുപ്പിനഴക് .... ഹാ ...

    ReplyDelete
    Replies
    1. മയക്കുന്ന അഴകുള്ള കറുപ്പ്.

      Delete
  6. 1, പ്രകാശവീചികളുടെ തുക?

    2,2 തവണ വായിച്ചു കഴിഞ്ഞിട്ടും ഒരു അബ്സ്ട്രാക്റ്റ് ഫീൽ.

    അന്ധകാരം /തമസ്സിന്റെ വ്യാപനമാണോ കവി ഉദ്ദേശിച്ചത് .. ?

    ReplyDelete
    Replies
    1. 1. പ്രകാശവീചികളുടെ തുക - വിസിബിൾ സ്പെക്ട്രം ആകെ എന്ന അർഥത്തിൽ.
      2. അബ്സ്ട്രാക്റ്റ് തന്നെ ആണ് ഉദ്ദേശിച്ചിരിക്കുന്നത്. ചിലയിടത്തൊക്കെ തെളിഞ്ഞെന്ന് മാത്രം. 😀
      നന്ദി

      Delete
  7. കറുപ്പും ഇരുട്ടും !! "കറുപ്പിൽ ഞാനലിഞ്ഞത് , ഇരുട്ടിൽ ആരും കണ്ടില്ല… " വളരെ നല്ല വരികൾ … ഭംഗിയുള്ള എഴുത്തിലൂടെ ഞങ്ങളെ കറുപ്പിന്റെ ലോകം ഓര്മിപ്പിച്ചതിനു നന്ദി. എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. നാശത്തിന്റെ ഇരുട്ട് പുതയ്ക്കുന്ന ലോകം. നന്ദി.

      Delete
  8. കറുപ്പിൽ മുങ്ങി നിവർന്ന് വണ്ടറടിച്ച് ഞാൻ നിൽക്കുന്നു.

    ReplyDelete
    Replies
    1. മലിനക്കറുപ്പാണ്. കഴുകിയെറിയൂ.

      Delete
  9. കറുപ്പിനെ വായിച്ചു. സലാം

    ReplyDelete
  10. Replies
    1. ഒന്നു തൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്

      Delete
  11. ഇരുട്ടിനെ നിത്യ നരകമായി കണക്കാക്കാം. പുലർച്ചയ്ക്ക് മുൻപുള്ളൊരു മങ്ങൽ മാത്രമായും കാണാം. ഇരുട്ടിൽ അണയാതിരിക്കട്ടെ പ്രതീക്ഷയുടെ കൈത്തിരികൾ.

    ReplyDelete
    Replies
    1. ഇനിയൊരിക്കലും പുലരി വിടരാത്ത ലോകത്തിൽ പ്രതീക്ഷകൾക്കെന്ത് പ്രസക്തി?

      Delete
  12. കറുപ്പു പെയ്ത് കറുപ്പായിപ്പോവുകയാണ്.. എല്ലാം. കരുതിയിരിക്കാം

    ReplyDelete
    Replies
    1. കറുപ്പിനെ ചെറുക്കാൻ കരുത്തെവിടെ?

      Delete
  13. ഈ ഇരുട്ടിൽ നിന്ന് ഉണർന്നപ്പോഴല്ലേ പ്രിറ്റ കവി മധുസൂദനൻ നായർ പാടിയത്..?

    ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
    നിറമുള്ള ജീവിതപ്പീലി തന്നു...
    ചിറകിനാകാശവും നീ തന്നു...
    നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

    ReplyDelete
    Replies
    1. പ്രിയ കവി എന്ന് തിരുത്തി വായിക്കണം...

      Delete
  14. കറുപ്പിന് ഒരു ഭംഗി ഉണ്ട്.. നല്ല കവിത.. ഇഷ്ടം ആയി.. അഭിനന്ദനങ്ങൾ

    ReplyDelete
  15. ഏഴഴകുള്ള കറുപ്പിനാൽ മറയുന്ന അന്ധകാരത്തിലേക്ക് ..

    ReplyDelete
    Replies
    1. നിത്യാന്ധകാരത്തിലേക്ക്.

      കമന്റിനു നന്ദി മുരളിച്ചേട്ടാ

      Delete
  16. കറുപ്പിന്റെ കവിതയായതുകൊണ്ടാണോ എന്നറിയില്ല.. വായിച്ചപ്പോൾ 'കനിവുറവ'കളോളം അങ്ങ് തെളിഞ്ഞില്ലെന്നൊരു തോന്നൽ. ചിലപ്പോൾ എങ്ങും പടരുന്ന അന്ധകാരം എന്റെ വായനയിൽ തിമിരത്തിന്റെ ഇരുട്ട് പരത്തിയതിന്റെ കുഴപ്പവുമാകാം.

    ReplyDelete
    Replies
    1. തെളിയാത്തതിൽ തെറ്റു പറയാനൊക്കില്ല.. :)

      Delete
  17. ഇതിലാകെ ഇരുട്ട് മൂടിയിരിക്കുന്ന്... ഇരുണ്ട് കറുത്ത ലോകം... ഒറ്റ വായനയിൽ
    പൂർണമായും മനസ്സിലായില്ലെങ്കിലും ഇരുത്തി ചിന്തിക്കേണ്ടതാണിത് എന്നു മനസിലായി..

    ReplyDelete
    Replies
    1. ഇരുത്തി ചിന്തിപ്പിക്കുക എന്നേയുള്ളൂ.

      കമന്റിനു നന്ദി!

      Delete
  18. ഒരു നുള്ളുമിക്കരിയും കണ്മഷിയും ഊറിച്ചിരിച്ചു.

    നല്ല പ്രയോഗം.

    ആകമാനം ഇഷ്ടം.

    ReplyDelete
  19. കറുപ്പും കൂടെ കൂരാകൂരിരുട്ടും പടർന്നാൽ പിന്നെ കാഴ്ചയ്ക്ക് അർത്ഥമില്ലാതെയാകും.. നല്ല ഭാഷാപ്രയോഗങ്ങൾ!!.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'