താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.
നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.
ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ് തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ് അതിത്ര രസികനാവുന്നത് എന്ന് അന്ന് ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.
ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?
നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.
മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.
എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.
ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ് മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.
കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന് പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.
നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ് ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.
കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്. അവൾക്കും അതാവും ഇഷ്ടം.
ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ് അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.
“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”
ഞാൻ അന്ന് അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത് ഇത് മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ് ആ മുഖത്തു കണ്ടത്. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ് ശ്രീമതിക്ക് രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന് ഞാനറിഞ്ഞു.