Friday, February 08, 2019

പേരൻപ് : അർപുതമാനത് !

അദ്ഭുതം തോന്നിച്ച ഒരു സിനിമ. മനസ്സു നിറച്ച സിനിമ. പിന്തുടരുന്ന സിനിമ എന്നെല്ലാം ആമുഖമായി പറയാതെ റാമിന്റെ 'പേരൻപ്' എന്ന ചലച്ചിത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങാനാവില്ല. തീയേറ്ററിൽ തന്നെ പേരൻപ് കാണണമെന്ന ആഗ്രഹത്തോടെ ചെല്ലുമ്പോൾ മുക്കാലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ. കൂടിയാൽ ഇരുപത്തഞ്ചു പേരുള്ളിടത്ത് അപൂർവ്വമായി മാത്രമേ സ്ത്രീകളുള്ളൂ. കൂടുതലും യുവാക്കൾ.
 
കുട്ടവഞ്ചി ഒഴുകിവരുന്നതുപോലെ സാവധാനമാണ് സിനിമ സ്ക്രീനിൽ വിടർന്നത്. തുടക്കം മുതൽ മമ്മൂട്ടി എന്ന താരത്തിനു പകരം അമുദവൻ മാത്രം തെളിഞ്ഞു വന്നു, ത്രസിപ്പിക്കുന്ന സംഗീതവും ജ്വലിക്കുന്ന വർണ്ണപ്പൊലിമയുമില്ലാതെ. കൊടൈക്കനാലിലെ മഞ്ഞിൽ പ്രേക്ഷകന്റെ മേനി കുളിരുന്നുണ്ട്. തടാകക്കരയിലെ ആ സ്വപ്നവീട്ടിനു ചുറ്റുമുള്ള പുല്ലിൽ സ്വർണ്ണവർണ്ണം ചാഞ്ഞു വീഴുന്നുണ്ട്. അമുദവനും പാപ്പായും നമ്മെ കാത്ത് അവിടെയുണ്ട്. പാപ്പാ എന്ന ആദ്യവിളിയിൽ ആ പേരു മനസ്സിൽ പതിയുന്നുണ്ട്. നേർത്ത മഞ്ഞിന്റെ ജാലകവിരി മാറി അമുദവനും പാപ്പായും മുന്നിൽ നിറഞ്ഞാടുന്നുണ്ട്, ഇന്നു വരെ കേൾക്കാത്ത പല കഥകളും പറയുന്നുണ്ട്.
 
വെറുക്കപ്പെട്ട അച്ഛനാണ് അയാൾ. സ്പാസ്റ്റിക് സെറിബ്രൽ പാൾസിയുടെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് പാപ്പാ അയാളെ അകറ്റാൻ ആവതു ശ്രമിക്കുന്നു. അയാൾക്കതു നന്നായി മനസ്സിലാകുന്നുണ്ട്. ഭാര്യ പിരിഞ്ഞു പോകുന്നതും മകൾ അടുക്കാതിരിക്കുന്നതും നെഞ്ചിനു മുകളിൽ അമർന്നിരിക്കുന്ന കല്ലുകൾ പോലെ അയാളെ ഭരിച്ച് അശക്തനാക്കുന്നു. വരാനുള്ള കഥകളറിയാതെ നമ്മളും.

 
സിനിമയുടെ തുടക്കത്തിൽ തീയേറ്ററിൽ മിന്നി നിന്നിരുന്ന മൊബൈൽ വെട്ടങ്ങൾ എപ്പോഴോ അണഞ്ഞു പോയിരുന്നു. വേഗം കുറഞ്ഞ, ബഹളങ്ങളില്ലാത്ത ഒരു‌ സിനിമയ്ക്കിടെ സാധാരണ ഉറച്ചും താഴ്ന്നും കേൾക്കാറുള്ള കുശുകുശുക്കലും കമന്റുകളുമില്ലാതെ മെല്ലെപ്പോകുന്ന ആ സിനിമ മാത്രം ഹാളിൽ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മൗനങ്ങളിൽപ്പോലും ഏറ്റവും വാചാലമായിത്തന്നെ.
 
മകളുടെ തിരസ്കാരത്തിൽപ്പെട്ടു കുഴങ്ങി മേൽക്കൂരയിൽ നിന്നും അവളെ എത്തി നോക്കുന്ന അച്ഛനിൽ, ഉപ്പൂറ്റിയും കഴിഞ്ഞു നിലം പറ്റി ഇഴയുന്ന അയാളുടെ പൈജാമയിൽ, അസ്പഷ്ടമായ ചുവടുവയ്പ്പുകളിൽ നിന്നെല്ലാം അമുദവനെ, അയാളിൽ നിന്നും പാപ്പയിലേക്കുള്ള ദൂരത്തെയും അതു നൽകുന്ന അനിശ്ചിതത്വങ്ങളെയും വായിച്ചെടുക്കാനാവും. ഒരാൾ വീടിനകത്തെങ്കിൽ മറ്റേയാൾ പുറത്ത് എന്ന മട്ടിൽ തികച്ചും വിഭിന്ന ധ്രുവങ്ങളിൽ നിന്ന് അവർ പരസ്പരം ചോദ്യചിഹ്നങ്ങൾ എറിഞ്ഞു. കലഹിച്ചു. ഒതുങ്ങിക്കൂടി. അമുദവന്റെ ഒപ്പം 'നെയിൽ പോളിഷ്' എന്നു പേരുള്ള കുതിര വന്നു കഴിഞ്ഞപ്പോളേക്കും ഞാനുമായും പാപ്പാ കൂട്ടുകൂടിയിരുന്നു.
 
പാപ്പാ! തിളക്കമുള്ള നിറങ്ങൾ വാരി അവൾ കൃത്യതയില്ലാതെ നഖങ്ങളിൽ വിതറി. ചിന്തകളിൽ ആ കൊഴുത്ത വർണ്ണങ്ങൾ ഇളം തണുപ്പോടെ പയ്യെ ഉണങ്ങിയിണങ്ങി. എനിക്കുറപ്പായിരുന്നു കുതിരയും അവളോട് അതുപോലെ ഇണങ്ങുമെന്ന്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിയുള്ള പ്രകൃതി വിസ്മയകരമായി ഇഴുകിച്ചേരുന്നുണ്ട് സ്ക്രീനിൽ; മായികവും ശാന്തവുമായ അതിന്റെ പരിസരവും നിർമലമായ ഒരു തടാകവും കൊണ്ട്. കാക്കയും കൊക്കും കുരുവിയും അർപ്പിക്കുന്ന സാന്നിധ്യം കൊണ്ട്. വെളിച്ചമില്ലായ്മയിൽ, പിശുക്കിയ വെട്ടത്തിൽ മാത്രം ദൃശ്യമാകുന്ന ഭാവഗാഥകളിൽ, ഇരുണ്ടതോ വിരസമോ ആയ നിറമുള്ള വസ്ത്രങ്ങളിൽ അമുദവനും പാപ്പായും പറയാതെ പലതും പറഞ്ഞു. അഞ്ജലി അവതരിപ്പിച്ച വിജയലക്ഷ്മി വരും വരെ.
 
ചിത്രത്തിന്റെ ദൃശ്യഭാഷയിലും മിതമായും ഏകാന്തമായും കേട്ടിരുന്ന പശ്ചാത്തല സംഗീതത്തിലും സംഭാഷണങ്ങളിലും വരെ പിന്നെ ഉണർവ്വു കാണാം. അമുദവൻ വിജിയെ വിവാഹം ചെയ്യുന്നതിലൂടെ, ആമോദം വമിക്കുന്ന വിവാഹഫോട്ടോയിലൂടെ, മൗനം മാറാലകെട്ടിയിരുന്ന ആ വീട്ടിൽ നിറയുന്ന പേരുവിളികളിലൂടെ, പാപ്പായും മറ്റുള്ളവരുമണിയുന്ന തിളക്കവും തെളിച്ചവുമുള്ള വേഷങ്ങളിലൂടെയെല്ലാം അൻപു നിറയുന്നു. വിജിയുടെ ഒപ്പം കാണപ്പെട്ട ബാബുവിന്റെ ആശങ്കകളുടെ പൊരുളറിയാതെ അല്പനേരം നമ്മൾ വിഹ്വലരായാൽ പോലും. വിജിയുമായി പിരിയേണ്ടി വരുന്ന സാഹചര്യത്തിൽ ആ തിരിച്ചടിയിൽ പോലും അവരെയും വെറുക്കാൻ നമ്മെ അനുവദിക്കാതെയാണ് അമുദവനോടൊപ്പം നാം ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്. അത് പാപ്പായ്ക്ക് അങ്ങേയറ്റം വേദനാജനകമായ ഒരു വേർപിരിയലായിരുന്നിട്ടുകൂടി. നിങ്ങളുടെ കഷ്ടം എന്റേതിനെക്കാൾ എത്രകണ്ട് മോശമായിരിക്കും എന്ന വാചകത്തിൽ അമുദന്റെ തന്മയീഭാവശക്തിയും ബാബു-വിജിമാരുടെ മുഖങ്ങളിൽ നിറയുന്ന കുറ്റബോധവും യാചനയും കലർന്ന ഭാവങ്ങളും ചേർന്ന് അവസ്ഥാവിശേഷങ്ങളുടെ കടുംചായങ്ങൾ പകരുന്നുണ്ട്. ഉന്നതമായ മാനവികതയുടെ രത്നത്തിളക്കം കാണാം ആ രംഗത്തിൽ. പ്രകൃതിയുടെ ഭാവം മാറുന്നു. അവൾ ക്രൂരയാകുന്നു. എന്നാൽ നമ്മെ അതിശയിപ്പിച്ച് അമുദവൻ അതിനെയെല്ലാം ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ആർദ്രമായും കരുണയോടെയും സമീപിക്കുന്നു. അമുദവന് അങ്ങനെയല്ലാതാകാൻ ആവുമോ?
 
സമരങ്ങളുടെ കാലമാണു പിന്നെ. നഗരം. വിയർത്തോടി വന്ന്, തലചായ്ക്കാനിടം കാട്ടിത്തന്നു് വേഗം ഓടിമറയുന്ന പയ്യനിലൂടെ നഗരം അവരെ സ്വീകരിക്കുന്നു. മെർക്കുറി ദീപങ്ങളുടെ നിറമുള്ള രാത്രികൾ. ഏകാന്തയുടെ തടവറയിൽ നിന്നും ഏന്തിവലിഞ്ഞ് പാപ്പാ നേടുന്ന വെയിൽക്കാഴ്ചകൾ. ഏറെക്കുറെ അപ്രാപ്യമായ ഒരു ജാലകത്തിലൂടെയും ഒരു വിഡ്ഢിപ്പെട്ടിയിലൂടെയും അവൾ തുറന്നു കാണുന്ന പുതിയൊരു ലോകം. തടാകക്കരയിലെ ശാന്തതയെക്കാൾ സദാ ചിലയ്ക്കുന്ന നഗരത്തിൽ അവൾ പുതിയ നിറങ്ങൾ തേടി. ലോലിപോപ് അവളുടെ ചുണ്ടുകളിൽ ചായമായി. നെയിൽപോളിഷിന്റെ നിറങ്ങളെക്കാൾ ശോഭയാർന്നത്. ഒന്നുമറിയാതെ അമുദവൻ.
 
ഇതിനിടെ അവളുടെ വളർച്ചയിൽപ്പെട്ട് അമുദവൻ എടുത്തണിഞ്ഞ ശുശ്രൂഷകന്റെ വേഷം പ്രതിസന്ധിയിലാകുന്നു. അവൾ വലിയ പെണ്ണായി. അച്ഛനെ അച്ഛനുള്ള അകലമിട്ടു മാത്രം കാണണമെന്ന തിരിച്ചറിവുള്ളവളായി. സാനിറ്ററി പാഡ് വച്ചു നൽകിയിരുന്ന അച്ഛൻ മകളുടെ വളരുന്ന വ്യക്തിത്വത്തിന്റെയും ലൈംഗികതയുടെയും മുന്നിൽ സ്തബ്ധനാകുന്നു. ടി.വി സ്ക്രീനിൽ മുത്തം നൽകിക്കൊണ്ട് പരവശയാകുന്ന പാപ്പായെ കണ്ട് അയാൾ സംഭ്രമിക്കുകയോ നിസ്സഹായനാകുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവളിൽ അവളുടേതു മാത്രമായ വിചാരങ്ങളുണ്ടായി. അച്ഛൻ എന്ന നിലയിൽ നിറവേറ്റാനാകാത്ത അവളുടെ ചോദനകൾക്ക് ഉത്തരം തേടാൻ അയാൾ ശ്രമിച്ച് സ്വയം അപമാനിതനാകുകയും ഒടുക്കം നിരാശനാകുകയും ചെയ്യുന്നു. പാപ്പായുടെ സ്വത്വം വെളിപ്പെടുകയായി. വിജി മുൻപേ പറഞ്ഞു വെച്ചിരുന്നുവെങ്കിൽകൂടിയും. അമുദവൻ ആ ലോകമറിഞ്ഞു. സ്വയം പരിചയിക്കാനും പാപ്പായെ പരിചയപ്പെടുത്താനും തുനിഞ്ഞു. ജീവിതം എല്ലാ രുചിഭേദങ്ങളോടും കൂടി അയാളും ഒപ്പം അവളും നുണഞ്ഞു.
 
സഹോദരീയെന്ന വിളിയോടെ ഭക്ഷണം കഴിക്കാൻ ശാസിക്കുന്ന കെയർ ഹോമിലെ ചെറുക്കനും അവനെക്കുറിച്ച് അവന്റെ അച്ഛൻ പറയുന്ന മറുപടിയും നാമറിഞ്ഞിട്ടുള്ള കഥകളുടെ മറുപക്കത്തുനിന്ന് ചില ചോദ്യങ്ങളെറിയുന്നുണ്ട്. തുടക്കത്തിൽ സ്വന്തം(?) വീട്ടിൽ നിന്നും പിന്നെ വാടക വീട്ടിൽ നിന്നുമെല്ലാം മകളെക്കൂട്ടി ഓടിയൊളിക്കേണ്ട ഗതികേടു വന്ന അമുദവന് ആ അച്ഛനെ മനസ്സിലാക്കാനെന്തു പ്രയാസം! അടിക്കാതെ അടക്കി നിർത്താനാവില്ലെന്ന് പറയുന്ന വാർഡനോട് എന്നും പൊരുതിനിൽക്കാനും അമുദവന് ആവില്ല തന്നെ.
 
യാദൃച്ഛികമായിട്ടാണു അഞ്ജലി അമീറിന്റെ മീര കഥയിൽ വരുന്നതെങ്കിലും നീണ്ടുപോകുന്ന ഒരു കഥാപാത്രമാകും അവളെന്ന് കരുതിയില്ല. വിലകുറഞ്ഞ നർമങ്ങൾക്കല്ലാതെ ഭിന്നലിംഗക്കാരെ സ്ക്രീനിൽ കാണുക വിരളമാണ്. ലൈംഗികതൊഴിലാളിയായ മീരയെ, അവളുടെ കുടുംബത്തെ അവഹേളനങ്ങൾകൂടാതെ അവതരിപ്പിച്ച് നിസ്സംശയം റാം കേമനാകുന്നു. അമുദവനൊപ്പം സെറ്റുസാരിയുടുത്ത് ആഹ്ലാദവതിയായി പോകുന്ന സീനിൽ, കൈകഴുകാനെന്ന അടവിൽ തീൻ‌മേശയിൽ നിന്നു വിരമിക്കുന്ന വേളയിൽ മീരയുടെ മനസ് നമ്മെ യഥാതഥമായി കാട്ടിത്തരുന്നുണ്ട്. അയാളെ എത്തേണ്ടിടത്തെത്തിച്ച് നീണ്ടുകിടക്കുന്ന ഒരു വഴിയിലേക്ക് ഏകാകിയായി മറഞ്ഞകലുന്നുണ്ട് കരളിൽ കനലൊളിപ്പിച്ച മീര. അവസാന രംഗത്തിൽ അമുദവനും പാപ്പായ്ക്കും മീര എന്താണെന്നും, അവരുടെ ജീവിതം എപ്രകാരമെല്ലാം മാറിയെന്നും വലിയ കാൻ‌വാസിൽ വരച്ചിടുന്നുണ്ട്, കണ്ടെത്താനുളള എല്ലാ ഉത്തരങ്ങൾക്കുമുള്ള സൂചനകളും സഹിതം.
 
പിന്നാമ്പുറക്കഥ വിശ്വസിക്കാമെങ്കിൽ ഈ സിനിമയിൽ മമ്മൂട്ടിയുടെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു സംഭാവനയാവും അഞ്ജലിയെ ഈ റോളിലേക്ക് നിർദ്ദേശിച്ചത്. തന്റെ വേഷം എത്ര ഭംഗിയായും കൃത്യമായുമാണ് അവർ ചെയ്തുവെച്ചത്. ഇതിനിടെ ഡോക്ടറായി സമുദ്രക്കനിയും വീട്ടുടമയായി ലിവിങ്സ്റ്റണും കൃത്യമായ പ്രകടനം കാഴ്ചവച്ചിട്ടു പോകുന്നുണ്ട്. പാപ്പാ ആയി കളം നിറഞ്ഞാടിയ സാധനയെ ഒരിടത്തും ഒരു അനുകമ്പ യാചനാപാത്രം ആക്കാതെയും ദുഃഖപുത്രിയുടെ പതിവുചമയക്കൂട്ട് അണിയിക്കാതെയും ശ്രദ്ധിച്ചിരിക്കുന്നത് സിനിമയെ വ്യത്യസ്തമാക്കുകയും കലാസൃഷ്ടി എന്ന നിലയിൽ യഥാർഥ വിഷയത്തിലേക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സാധനയുടെ ശ്രമങ്ങൾ ഈ ചിത്രത്തിന്റെ നട്ടെല്ലാവുന്നതായും അതിനെ ആസ്പദമാക്കിയാണ് മമ്മൂട്ടിയുടെ അമുദവൻ വികസിക്കുന്നതെന്നും കാണാം. മുൻ‌ഭാര്യയുടെ ശിഷ്ടജീവിതത്തിനു അമുദവൻ സാക്ഷിയാകുന്ന രംഗമൊക്കെ സിനിമയുടെ വൈകാരിക തലത്തെ വാചാലമാക്കുന്നു. പച്ചയും കഠിനവുമായ ജീവിതസമരങ്ങളെ പ്രകൃതങ്ങളും പ്രകൃതീഭാവങ്ങളും ചേർത്ത് അടുക്കടുക്കായി വിവരിക്കാൻ കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് അനായാസം സാധിക്കുന്നു.
 
യുവാൻ ശങ്കർ രാജയുടെ മിതത്വമാർന്ന സംഗീതം, തേനി ഈശ്വറിന്റെ മാജിക്കൽ ഫ്രെയിംസ് എന്നിവ ചിത്രത്തിന്റെ ആഖ്യാനത്തെ അസ്സലായി പിന്താങ്ങുന്നുണ്ട്. ഭാവതീവ്രമായ ക്യാമറയിൽ ഇരുളും വെളിച്ചവും പാകത്തിനു യോജിപ്പിച്ചാണ് പല ഷോട്ടുകളും(പ്രധാനമായും രാത്രികളിൽ തടാകതീരത്തെ വീട്ടിൽ, നഗരത്തിലെ വീഥികളിൽ) ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനു ലഭിക്കാവുന്ന പുരസ്കാരങ്ങളെക്കാൾ നാം ചർച്ച ചെയ്യേണ്ടതാണ് അതു മുന്നോട്ട് വെയ്ക്കുന്ന ശക്തമായ രാഷ്ട്രീയം. അതിൽ നിലപാടുകളും ചിന്തകളും പൊതുസമൂഹം നെറ്റിചുളിച്ചു മാത്രം കാണുന്ന ചില മറുവശങ്ങളുമുണ്ട്. ഭിന്നശേഷിയുടെ, രക്ഷാകർതൃത്ത്വത്തിന്റെ, ഒളിച്ചോട്ടങ്ങളുടെ, ഭൂമാഫിയയുടെ, ഊരുവിലക്കിന്റെ, പെൺസ്വകാര്യതയുടെ, ആർത്തവത്തിന്റെ, വ്യഭിചാരത്തിന്റെ, ലൈംഗികതൊഴിലിന്റെ, പല തലങ്ങളിലെ ലൈംഗികതയുടെ, സ്വയംഭോഗത്തിന്റെ.. അങ്ങനെ സിനിമ എന്ന മാധ്യമം ഇന്ത്യയിൽ അധികം ചർച്ചയ്ക്കു വെയ്ക്കാത്ത പലതിന്റെയും സത്യമായ രാഷ്ട്രീയം.
 
അവയെ തർക്ക രഹിതമായി അവതരിപ്പിക്കാനും തീയേറ്റർ വിടുന്ന പ്രേക്ഷകരിൽ എരിയുന്ന ചിന്തകളായി, ചർച്ചകളായി പടരുവാനും പര്യാപ്തമായ സൃഷ്ടിയൊരുക്കുക എന്ന കർത്തവ്യം പൂർണ്ണതയോടെ നിറവേറ്റിയ റാമിനാണ് എന്റെ കൂപ്പുകൈ. മമ്മൂട്ടീ, അങ്ങൊരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സാധന, ഇനിയും ദൂരങ്ങൾ താണ്ടുക! അഞ്ജലിയുടെ വേഷം കഥയെ എത്ര ദീപ്തമാക്കിയോ അതുതന്നെയാണ് ആ അഭിനേത്രിക്കുള്ള പ്രശംസ. രണ്ടാം പാതിയിൽ നിറഞ്ഞാടിയ അഞ്ജലി അമീർ തികവാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. മീര എന്ന കഥാപാത്രത്തിന്റെ എല്ലാ സംഘർഷങ്ങളും കടുത്ത ചായങ്ങൾക്കും പകിട്ടാർന്ന വേഷങ്ങളുടെ തിളക്കത്തിനുമിടയിലും സ്പഷ്ടവും ഭദ്രവുമായിരുന്നു.
 
പേരൻപ്പിന്റെ പ്രമേയം അത്രമേൽ‌ ആഴമുള്ളതും ഇതു സ്വീകരിച്ചിരിക്കുന്ന കഥനരീതി പരമശ്രേഷ്ഠവുമാകുന്നു. കണ്ണീരിറ്റാതെ കാണാം. ഹൃദയംകൊണ്ട് ആസ്വദിക്കാം. അവ നിങ്ങളെ പിന്തുടരുമെന്നുറപ്പ്. ഏനെൻട്രാൽ ഇയർകൈ പേരൻപാനത്.

റേറ്റിങ് : 5/5

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'