Sunday, February 10, 2019

കുമ്പളങ്ങിയിലെ നനുത്ത രാത്രികൾ

കലാസൃഷ്ടികൾ കഥാപരിസരത്തെയും കാലത്തെയും അനശ്വരമായി അടയാളപ്പെടുത്തി വെയ്ക്കാനുള്ള ധർമ്മം കൂടി പേറുന്ന ആവിഷ്കാരങ്ങളാണ്. ഇടുക്കിയുടെ മണ്ണിൽ നിന്നും മഹേഷിന്റെ പ്രതികാരം വന്നതു പോലെ കാസർകോടും വൈക്കവും തൊണ്ടിമുതലും ദൃക്സാക്ഷിയും-ൽ അടയാളപ്പെടുത്തപ്പെട്ടതു പോലെ കൊച്ചിയുടെ സ്വന്തം കുമ്പളങ്ങിയിൽ നിന്നും സ്നേഹത്തിന്റെയും അതിരുകളില്ലാത്ത മാനവികതയുടെയും ഒരു‌ കഥയിതാ വന്നിരിക്കുന്നു - ശ്യാം പുഷ്കരൻ എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്.

യുവത്വം നിറയുന്ന കഥയും താരനിരയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന വിപ്ലവകരമായ വിളിച്ചോതലുകളും കൊണ്ട് കുമ്പളങ്ങി നൈറ്റ്സ് മികച്ച ഒരു ദൃശ്യാനുഭവമാണ്. സഹോദരന്മാരായ സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവരെയും ഷമ്മി-സിമി ദമ്പതികളുടെ കുടുംബത്തെയും ആസ്പദമാക്കിയാണ് കുമ്പളങ്ങിയുടെ കഥ വികസിക്കുന്നത്. സജിയുടെ ഇഴപൊട്ടിയ കുടുംബം അലസതയുടെയും കെടുകാര്യസ്ഥതയുടെയും കൂടാണ്. ഒരു ഇസ്തിരിക്കടയ്ക്കുള്ള പാർട്ണർഷിപ്പാണ് സജിയുടെ പിടിച്ചു നിൽപ്പ്. പഞ്ചായത്തിലെ ഏറ്റവും മോശമെന്ന് കരുതപ്പെടുന്ന ചുവരുകൾ മിനുക്കാത്ത, ജനലുകളും വാതിലുകളും ഇല്ലാത്ത ആ വീട്ടിൽ അവർ നാൽവരും വെച്ചുണ്ടും കുടിച്ചും കഴിയുന്നു. സമൂഹം അന്തസുള്ളതെന്ന് നിശ്ചയിച്ചിട്ടുള്ള ഒരു ടാഗ്‌ലൈനും ഇല്ലാതെ. അതേ സമയം‌ സിനിമയുടെ മറുവശത്ത് ആണത്തത്തിന്റെ എല്ലാ ഗരിമയോടും പകിട്ടോടും കൂടി ഷമ്മിയും വാഴുന്നു.

ഈ സാഹചര്യത്തിലാണ് ബോബി(ഷെയ്ൻ നിഗം)യുമായി ഷമ്മി(ഫഹദ് ഫാസിൽ)യുടെ ഭാര്യാസഹോദരിയായ ബേബിമോൾ(അന്ന ബെൻ) പ്രണയത്തിലാകുന്നത്. മലയാള സിനിമയും നമ്മുടെ സമൂഹവും എക്കാലവും പേറിയിട്ടുള്ള പല പൊതുബോധങ്ങളെയും ഉച്ചത്തിലും അല്ലാതെയും ഉടയ്ക്കുന്ന സംഗതികളാണ് പിന്നെ അരങ്ങേറുന്നത്. അത് ആണിന് ആണിനോടുള്ള കാഴ്ചപ്പാടുകളുടെ രൂപത്തിലും തുറന്നു പറച്ചിലുകളും തർക്കങ്ങളുമായെല്ലാം സിനിമയിലുടനീളം കാണാം. കറുമ്പനായ തന്റെ കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കുമെന്ന് ബോബി ചങ്ങാതിയുടെ പ്രണയിനിയോട് ചോദിക്കുന്നതു തന്നെ 'ബാഹ്യസൗന്ദര്യ'ത്തിലുള്ള അവളുടെ വിശ്വാസം അളന്നുകൊണ്ടാണ്. ഇതേ പുരുഷൻ ഒരുമ്മയുടെ പേരിൽ കാമുകിയോട് ഞാനൊരാണാണ് എന്ന് ക്ഷോഭിച്ചു കളം വിടുന്നുമുണ്ട്. പിന്നീട് ട്രൂലവ്വിനെ പറ്റി അവനോട് അവൾ ആശങ്കപ്പെടുന്നുമുണ്ട്. തൊലിനിറങ്ങൾക്കും രൂപസൗകുമാര്യങ്ങളുടെ വാർപ്പു മാതൃകകൾക്കും അന്തസ്സിന്റെ അടയാളങ്ങൾക്കും സിനിമയിലുടനീളം നല്ല കിഴുക്കും കിട്ടുന്നുണ്ട്.


അച്ഛനമ്മമാരുടെ പുനർവിവാഹംകൊണ്ട് സങ്കീർണ്ണമായ കുടുംബത്തിൽ പിൽക്കാലത്ത് വന്നു കൂടുവെയ്ക്കുന്ന അനാഥത്വം യൗവ്വനത്തിന്റെ വിവിധ തലങ്ങളിലുള്ള ഈ നാലു സഹോദരങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്ന് ഒന്നാം പകുതി ന‌ന്നായി വിശദീകരിക്കുന്നു. കുടുംബത്തിനു നേതൃസ്ഥാനത്ത് ഒരാളില്ലാത്ത ആ വീട്ടിൽ മൂത്ത സഹോദരനായ സജി ആ സ്ഥാനത്തേക്ക് വരുന്നു- ബോബിക്ക് ബേബിയെ വിവാഹമാലോചിക്കാൻ പോകുന്ന വേളയിൽ. തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അസ്ഥിരതയുടെ അടയാളങ്ങളെ മായ്ച്ചു കളയാൻ അവസാന നിമിഷത്തിൽ വരെ സജിയും അനുജനും ശ്രമിക്കുന്നു. അപ്പോളും ഇല്ലായ്മയുടെ അടയാളമായ ആ തുരുത്തിൽ അവഹേളനത്തിന്റെ ദുർഗന്ധം വാരിപ്പൂശി അപമാനിതരാകാനായിരുന്നു നെപ്പോളിയന്റെ മക്കളുടെ വിധി. സൗബിൻ ഷാഹിറിന്റെ സജി എന്ന കഥാപാത്രം ഉജ്വലമായ അഭിനയം കാഴ്ചവെച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടീ സിനിമയിൽ. പ്രഹസന തർക്കവും നീണ്ടുനിൽക്കുന്ന ചിരിയുടെ സീനും തമിഴനുമൊത്തുള്ള മദ്യപാനവും തുടർന്നുള്ള വൈകാരിക സന്ധിയും, ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു അടികിട്ടുന്നതും , തമിഴന്റെ കൂരയിലേക്കുള്ള പ്രവേശത്തിലും സൗബിനിലെ ഇരുത്തം വന്ന നടനെ കാണാം. സാധാരണക്കാരനായ ഒരുവന്റെ മാനസികതകർച്ചയെ അളന്നു കാണിക്കുന്ന ഡിപ്രഷൻ മുഹൂർത്തങ്ങളിലെല്ലാം സജി എന്ന കഥാപാത്രത്തിന്റെ ആഴമറിയാം. ക്ലീഷെ മെലോഡ്രാമ ആയി‌മാത്രം ഒതുങ്ങേണ്ടിയിരുന്ന രംഗങ്ങൾ ഒരു തീയേറ്ററിലെ തന്നെ പ്രേക്ഷകരിൽ പലതരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതു ശ്രദ്ധേയമാണ്. പാത്രസൃഷ്ടിയും സാഹചര്യങ്ങളും ആസ്വാദകരുടെ വിഭിന്നമായ തലങ്ങളിൽ തന്മയീഭവിക്കുന്നതിന്റെ പ്രതിഫലനം തന്നെയാണിത്.

സൗബിനൊപ്പം സഹോദരങ്ങളായി വേഷമിട്ട ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, മാത്യു തോമസ് എന്നിവരും തിളക്കമാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. സൂക്ഷ്മമായ നോട്ടങ്ങൾ കൊണ്ടും ശക്തമായ ശരീരഭാഷ കൊണ്ടും ഡയലോഗില്ലാത്ത ബോണിയെ ശ്രീനാഥ് ശ്രദ്ധേയമാക്കി. ഷെയ്ൻ ആകട്ടെ തന്റെ മുൻ ചിത്രങ്ങളിലൂടെ നേരിട്ട വിമർശനങ്ങളെയെല്ലാം ഭാവസമ്പുഷ്ടമായ പ്രകടനങ്ങൾ കൊണ്ട് തകർത്തെറിയുന്നുമുണ്ട്. നാണക്കാരനും നിഷ്ക്കളങ്കനുമായ ഇളയ അനുജനായ ഫ്രാങ്കിയുടെ അത്ര ചെറുതല്ലാത്ത വേഷം മാത്യു തോമസിന്റെ കയ്യിൽ ഭദ്രമാണ്.

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷശ്രദ്ധയാകർഷിക്കുന്നു. ആണിന്റെ 'ബാഹ്യസൗന്ദര്യത്തിനു' 'വിനായകന്റെ ലുക്ക്' എന്നൊരു പര്യായം കാട്ടിക്കൊണ്ടാണ് സ്ത്രീനിലപാടുകൾ വിരിയുന്നത്. ബേബി-ബോബി പ്രണയവും അതുസംബന്ധിച്ച തുറന്നുപറച്ചിലുകളും അടുക്കളവർത്തമാനങ്ങളും അത്രയൊന്നും അന്യമല്ലാത്ത നേർക്കാഴ്ചകൾ ആകുമ്പോൾ തനിമയുള്ള റിയലിസ്റ്റിക് ആഖ്യാനമായി കുമ്പളങ്ങി നമുക്ക് അനുഭവപ്പെടുന്നു. നെപ്പോളിയന്റെ വീട്ടിൽ ഒരു ചിത്രമായി മാത്രം ഒതുങ്ങിപ്പോയ മാതൃത്വം ദൈവമാതാവിന്റെ തന്നെ ഛായയിൽ അവിടേക്കെഴുന്നള്ളുന്നത് ഹൃദ്യമായി. സുസ്ഥിരമായ കുടുംബ ചട്ടക്കൂടിൽ നിന്ന് കാമുകന് യഥാർഥ പൗരുഷം തിരിച്ചറിയിച്ചു കൊടുത്ത് സുവ്യക്തമായ നിലപാടുകളിലൂടെ നീങ്ങുന്ന ബേബിമോളും ആർജ്ജിച്ചെടുത്ത ആൺമേൽക്കോയ്മയെ അനിവാര്യമായ ഘട്ടത്തിൽ തച്ചുടയ്ക്കുന്ന 'ഉത്തമഭാര്യ'യായ സിമി(ഗ്രേസ് ആന്റണി)യും ഗംഭീരം. ഭാഷയ്ക്കും വാക്കുകൾക്കും അതീതമായ സ്നേഹം ബോണിക്കു സമ്മാനിക്കുന്ന വിദേശവനിത നൈല(ജാസ്മിൻ മെറ്റിവിയർ)യും തമിഴ് കുടുംബത്തിന്റെ സാന്നിദ്ധ്യവും പറയാതെ പറയുന്ന വിശ്വമാനവികതയുടെ പാവനത കൂടി ഈ കഥയ്ക്ക് അവകാശപ്പെട്ടതാക്കുന്നു. യേശുക്രിസ്തു നമുക്കറിയാത്ത ആളൊന്നും അല്ലല്ലോ - ഇത്രത്തോളം ബഹുസ്വരതയെ ഉൾക്കൊള്ളുന്നതും ലളിതവുമായ ഒരുവാചകം മലയാളസിനിമയിൽത്തന്നെ ഉണ്ടായിക്കാണില്ല.

പരത്തിപ്പറയാവുന്ന ഒരു കഥയെ അരിച്ചരിച്ചു കയറുന്ന അനുഭവമായാണ് സംവിധായകൻ മധു സി നാരായണൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഓരോ‌ കഥാപാത്രങ്ങളെയും സമയമെടുത്ത് ക്രമമായാണ് പ്രേക്ഷകരുടെ മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരന്റെ എഡിറ്റിങ് സിനിമയുടെ വേഗത്തെയും ഒഴുക്കിനെയും ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നു. സംഘർഷ രംഗങ്ങളിൽ സ്വീകരിച്ചിട്ടുള്ള ചടുലത തന്നെ അതിന്റെ മികച്ച ഉദാഹരണം.

ഇന്നിന്റെ ശബ്ദവും സംസാരവും രൂപവുമാണ് കുമ്പളങ്ങിയുടെ രാത്രികൾക്ക്. രാവിന്റെ സംഗീതം അവരുടെ ജീവിതവുമായി അത്രയും ചേർന്നു നിൽക്കുന്നു. എപ്പോഴും കൂടെയുള്ള വർണ്ണം വിരിയുന്ന സ്പീക്കർ അതിനു തെളിവാണ്. സുഷിൻ ശ്യാമിന്റെ സംഗീതം കഥയിലെ ജീവിതങ്ങളുമായി ഇഴയടുത്തിരിക്കുന്നു. ചെരാതുകൾ എന്ന ഗാനം ലാളിത്യവും അർഥവും ഭാവവുംകൊണ്ട് മനസ്സിൽ കയറിക്കൂടുന്നു. അതേസമയം കുമ്പളങ്ങിയുടെ ശൈലി കൊണ്ടോ ഫ്രീക്കൻ ഭാഷയുടെ ചടുലത കൊണ്ടോ ആവാം ചില സംഭാഷണങ്ങൾ തിരിയാതെ പോകുന്നുമുണ്ട്.

ഫഹദ് ഫാസിലും നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങിയിലെ രാത്രികൾ തീയേറ്ററിൽ അനുഭവിക്കേണ്ട വിസ്മയമാണ്. ജനപ്രിയ സിനിമയുടെ പിന്നണിയിൽ നിൽക്കുന്ന ഒരുകൂട്ടം ആളുകൾ കലയും കാര്യവും ഒത്തിണക്കുന്ന ഈ ശ്രമം തന്നെ ശുഭകരമാണ്. കഥയിലെ സോളമന്റെ മക്കളെയും ഷമ്മി-സിമി-ബേബിമാരെയും നാം എവിടെയെങ്കിലുമൊക്കെ വെച്ചു കണ്ടിട്ടുണ്ടാവും. നമ്മുടെ അയല്പക്കങ്ങളിൽ, കുടുംബങ്ങളിൽ, ചിലപ്പോൾ മുന്നിലെ കണ്ണാടിയിൽപ്പോലും. മിന്നുന്ന നക്ഷത്രങ്ങൾക്കു താഴെ, തോളോട് തോൾ ചേർന്നു നിൽക്കുന്ന കുറെ ജീവിതങ്ങൾക്കു ചാരെ കുമ്പളങ്ങിയിൽ കവര് പൂത്തിട്ടുണ്ട്; ചെന്ന് കണ്ടുവന്നാലും.

റേറ്റിങ് 4/5

2 comments:

  1. സഹോദരങ്ങൾ തമ്മിലുള്ള തല്ല് , അത്തരം സ്ഥിരം സീനുകൾഎത്രയോ ഞങ്ങളുടെ നാട്ടിൽ കണ്ടിരിക്കുന്നു.. ആ സിനിമ സാധാരണക്കാരന്റെ സിനിമ കൂടി ആണ്

    ReplyDelete
    Replies
    1. നല്ല ലൈഫ് ഉള്ള സിനിമയാണ്.

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'