Thursday, January 31, 2019

ഇര

ഞാനിവിടെ ഇരിപ്പു തുടങ്ങിയിട്ട് കാലംകുറെ ആയി. ഇവിടെയാകുമ്പോൾ സമാധാനപൂർണ്ണമായ ഒരിരുട്ടും തണുപ്പുമൊക്കെയുണ്ട്. ഈ വളപ്പിലെ എടുപ്പുകളൊക്കെ ആരു പണിയിപ്പിച്ചതാണെന്ന് അറിഞ്ഞുകൂട. മതിൽക്കെട്ടിനുള്ളിൽ നിറയെ വായു സഞ്ചാരവും ആവോളം ഇടവുമുണ്ട്. കിടക്കാൻ, ഇരിക്കാൻ, ഉറങ്ങാൻ, പെരുമാറാൻ, നടക്കാനിറങ്ങാൻ ഞാനൊരാൾക്ക് വേണ്ടതിലും കൂടുതൽ ഇടം.

നേരവും കാലവും തെറ്റിയ നേരങ്ങളിൽ ആരൊക്കെയോ എന്റെ സ്വൈര്യജീവിതം കെടുത്താൻ ഈ മതിൽ ചാടിക്കടന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ചിലർ മതിലിൽ കയറിയിരുന്ന് നേരം പോക്കുകയും മതിൽപറ്റി നിൽക്കുകയും മറയാക്കിനിന്ന് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മതിൽ ചാടുന്നവരുടെയും മതിലിലിരുപ്പുകാരുടെയും ശല്യം കാരണം വീട്ടിൽ കിടന്നുറങ്ങാനും മേല. അത്രയൊന്നും ബലവും ഈടും ഇല്ലാത്ത ഈ പഴഞ്ചൻ സെറ്റപ്പിനെ ഈ അപഥസഞ്ചാരികളും ഇരുന്നുവാഴികളും ചേർന്ന് വല്ലാതെ അലോസരപ്പെടുത്തുന്നു. വിശപ്പുകൊണ്ടും കൂടിയാണ് ഞാൻ പുറത്തിറങ്ങിയേക്കാമെന്നു വെച്ചത്.

ഒറ്റയ്ക്കുള്ള ഇരിപ്പിനൊരു മാറ്റം വേണമെന്നു തോന്നുമ്പോളെല്ലാം പുറത്തിറങ്ങാറുമുണ്ട്. അല്പം പ്രയാസമുള്ളതും ശ്രദ്ധ വേണ്ടതുമായ ശ്രമമാണത്. എന്നും ഒറ്റയ്ക്കായതിന്റെ പ്രശ്നം.

ജീവിതം പരമ ബോറാണ്. തീറ്റയും‌ വിശ്രമവും മാത്രം. സാഹസികമായി എന്തെങ്കിലും ചെയ്യണം. കുറെ ഭ്രാന്തന്മാരുടെ തല്ലുകൊണ്ടു മരിച്ച അപ്പൂപ്പനെ പോലെ. ചുരുങ്ങിയ പക്ഷം എന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരുത്തനെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കണം എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാലേ ജീവിതത്തിനൊരു അർഥമൊക്കെ ഉണ്ടാവുകയുള്ളൂ എന്നും. ആ അതു പോട്ടെ.

വിശപ്പിന്റെ കാര്യത്തിനു ചിലപ്പോഴെങ്കിലും പുറത്തിറങ്ങാതെ വയ്യല്ലോ. പശിയടക്കാനുള്ളത് ഈ പരിസരത്തൊക്കെ അധികം അധ്വാനമില്ലാതെതന്നെ കിട്ടുമെന്നതാണ് ഏക ആശ്വാസം. തണുപ്പുണ്ട്. പകലത്തെ കത്തിക്കാളുന്ന വെയിൽ കരിച്ചു പൊഴിച്ച ഇലകൾ വല്ലാതെ വഴിയിൽ കൂടിക്കിടപ്പുണ്ട്. പോക്കുവെയിലിനു‌ സുഖമുള്ള ചൂടുണ്ട്. വിശപ്പിനുള്ള വക ലാക്കാക്കി കരിയിലമെത്തയുള്ള വഴിയിലേക്ക് ഇറങ്ങാൻ തുനിയവേയാണ് കണ്ടം വഴി ഓടി വന്ന്, ഭൂമി തകർക്കാൻ പാകത്തിൽ ചവിട്ടിക്കുലുക്കി ഒരുത്തൻ പാഞ്ഞു കയറിയത്.

മതിൽ ചാടി ഓടാനാണോ അതോ അവിടെ വന്ന് ഒളിക്കാനാണോ എന്നറിയാൻ ഞാൻ തിരികെ നോക്കും മുൻപേ പിന്നെയും കുറെ ആളുകൾ ഓടിവന്നു. ഇവന്മാരുടെ വരവ് കണ്ട് ഞാൻ ഭയന്നുപോയെന്ന് സമ്മതിച്ചേ തീരൂ.

പോണപോക്കിൽ എന്നെ ചവിട്ടിക്കൊല്ലുമല്ലോ. ഞാൻ തല‌പൊക്കി നോക്കിയതും കണ്ടത് വെളുത്തു കൊഴുത്ത ഒരു കാലാണ്. എന്റെ അരികിൽ നിന്നും അതു മാറും മുൻപേ ഞൊടിയിടയിൽ അതിൽക്കയറി വട്ടം പിടിച്ചു. ആ നിമിഷം ഭ്രാന്തന്മാരുടെ തല്ലുകൊണ്ട് ചത്തുപോയ കാർന്നോരെ ഓർമ്മ വന്നു. പിടുത്തം കിട്ടിയ കാലിന്റെ പത്തിയിൽ ഒറ്റ കടിയങ്ങ് കൊടുത്തു.

എന്റെ ഉച്ചിയിൽ നിന്നൊരു ഭാരം ഇറങ്ങിപ്പോകുന്നതു പോലെ തോന്നി. ജന്മം സഫലമാകുന്നെന്നു തോന്നിപ്പിച്ച ഒരു മൂർച്ഛയിൽ ഞാൻ സ്വയം മറന്നു. ‌കാലുകുടഞ്ഞ് എന്നെ എറിഞ്ഞ തക്കത്തിന് പോക്കുവെയിൽ വീഴാത്ത കരിയിലക്കൂട്ടങ്ങളിലേക്ക് ഞാൻ ഊളിയിട്ട് ഒളിച്ചു. ക്ഷീണം മാറിയിട്ട്, വല്ലതും തേടിത്തിന്നിട്ട് പയ്യെ താവളം തേടാം; മതിൽ അവന്മാർ പൊളിച്ചില്ലെങ്കിൽ.

©MS Raj/ inspired by jishnu through
#RandomWord2StoryChallenge with the word "മതിൽ"

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'