[സ്പോയിലർ ഉണ്ട്.]
സിനിമ സംവിധായകന്റെ കലാരൂപമാണെന്ന് പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്. എനിക്കു തോന്നിയിട്ടുള്ളത് എഴുത്തുകാരൻ ഡിസൈൻ ചെയ്തു വെയ്ക്കുന്നതിനെ സംവിധായകൻ പ്രേക്ഷകനു കാണിച്ചു കൊടുക്കുന്നു എന്നാണ്. അതിനാൽതന്നെ ഗൗരവമായി സമീപിക്കുന്ന സിനിമകളിൽ ഈ രണ്ട് ഘടകങ്ങളെയും, തീയേറ്ററിലെ ഇരുട്ടിൽ ദൃശ്യമായും സംഭാഷണമായും സംഗീതമായും അനുഭവപ്പെടുന്ന ചലച്ചിത്രത്തെയും അതിനു നിദാനമായ എഴുത്തിനെയും, ഞാൻ ആസ്വദിക്കാറുണ്ട്. അരുൺ ബോസും മൃദുൽ ജോർജ്ജും ചേർന്നെഴുതി അരുൺ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’ എന്ന സിനിമയെ ഞാൻ സമീപിക്കുന്നത് അങ്ങനെകൂടിയാണെന്ന് ആമുഖമായി പറയാം.
ലൂക്ക എന്ന കലാകാരന്റെ മരണത്തിൽ നിന്നു തുടങ്ങുന്ന സിനിമ അയാൾ എന്തു സ്വഭാവക്കാരനാണ്, അയാളുടെ ജീവിതരീതി എന്താണ്, ഭൂതകാലം എന്താണ് എന്നല്ലാം ഒരു നോവലിൽ വായിച്ചറിയുന്ന തരത്തിലാണ് നാം അറിയുന്നത്. ലൂക്കയുടെ മരണം, അയാളുടെ ജീവിത പരിസരങ്ങളിലേക്ക്, വ്യവസ്ഥാപിത സിനിമാക്കാഴ്ചകൾക്കു പുറത്തുള്ള കൊച്ചിയിലേക്ക് നമ്മളെ കൈപിടിച്ചു നടത്തുന്നുണ്ട്. ആ യാത്രകളിലെല്ലാം പ്രേക്ഷകന്റെ മുന്നിൽ വരുന്ന കഥാപാത്രങ്ങൾ ലൂക്കയെക്കുറിച്ചും താന്താങ്ങളെക്കുറിച്ചും വളരെയേറെ കാര്യങ്ങൾ നമ്മളോട് പറഞ്ഞ് പറഞ്ഞ് അവസാനം നമ്മളും കുറെ കാര്യങ്ങൾ അറിഞ്ഞയിടത്ത് തീയേറ്റർ വിടും. അതിനിടെ സംഗീതം, ചിത്രരചന, ഗാർഡനിങ്ങ്, ഇൻസ്റ്റലേഷൻസ് എന്നീ കലാരൂപങ്ങൾക്കും പ്രണയം, വെറുപ്പ്, അനാഥത്വം, പലജാതി മാനസിക അസ്വാസ്ഥ്യങ്ങൾ, രതി(പാകത്തിന്) എന്നിവയ്ക്കും ഒരു കേസന്വേഷണത്തിനും സാക്ഷിയാവുകയാണ് പ്രേക്ഷകർ.
ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ലൂക്കയും അഹാന കൃഷ്ണകുമാറിന്റെ നിഹാരികയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ജനനമരണങ്ങളിലേക്ക് ലൂക്കയുടെ അസ്വാഭാവിക മരണമറഞ്ഞ് നമ്മളും സഞ്ചരിക്കുന്നു. അതിനൊപ്പം അന്വേഷണോദ്യോഗസ്ഥനായ അക്ബർ എന്ന പൊലീസ് ഇൻസ്പെകടറുടെ മാസങ്ങൾ മാത്രം പ്രായമുള്ളതും എന്നാൽ ശിഥിലവുമായ ദാമ്പത്യ ജീവിതവും സമാന്തരമായി നീങ്ങുന്നു.
വർണ്ണാഭമായ വിഷ്വലുകളും കലാസംവിധാനത്തിന്റെ ധാരാളിത്തവും കിനിയുന്ന ഫ്രെയിമുകളാണ് ലൂക്കയും ലൂക്കയുടെ വീടും വർക്‌ഷോപ്പും കലാജീവിതവുമുള്ള രംഗങ്ങളിൽ. ദുരിതം പേറിയ മുൻകാല ജീവിതം തന്നിൽ ഏല്പ്പിച്ച ആഘാതങ്ങളെ കലാസപര്യ കൊണ്ടും തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി പ്രവർത്തിച്ചും ദുഃഖിച്ചും തന്നെ ബാധിക്കുന്ന മറ്റെല്ലാ വിഷമതകൾക്കും വഴിപ്പെട്ടും കഴിയുന്ന ലൂക്ക. റൊമാന്റിക് ആയും വിപ്ലവകാരി ആയും വ്യതിഥനായും അസാധ്യ കലാകാരനായും മാറിമറിയുന്ന ലൂക്ക. മറുപക്കത്ത് ശാസ്ത്രകുതുകിയും താൻ ആയിരിക്കുന്ന സാഹചര്യങ്ങളെയും കാണുന്ന സംഭവങ്ങളെയും എന്തിന് ജീവിതം പോലും ഒരു രാസസമവാക്യം പോലെ ചിട്ടയുള്ളതാവണമെന്ന് കരുതുന്ന നിഹാരിക. നന്നായിട്ട് എന്നു പറഞ്ഞാൽ പോരാ, ആവശ്യത്തിലധികം ഇവർ സ്വയവും അല്ലാതെയും പരിചയപ്പെടുത്തുന്നുണ്ട്; അറിയിക്കുന്നുണ്ട്. അത്ര ആഴമുള്ള പാത്രസൃഷ്ടികളാണ് അവർ രണ്ടും. സിനിമ പുരോഗമിക്കുമ്പോൾ തുടർന്നുള്ള കാര്യങ്ങൾ ക്രമമായി അനാവൃതമാകുന്നുമുണ്ട്. ലൂക്കയുടെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിന്റെ പ്രാരംഭത്തിൽ, ലൂക്കയുടെ മരണവും ജീവിതവുമാണ് അറിയാൻ പ്രേക്ഷകനു താല്പര്യമെന്നിരിക്കേ, സി.ഐ അക്ബറിന്റെ ദാമ്പത്യത്തകർച്ചയും അവരുടെ ആസന്നമായ വിവാഹമോചനവും മോരുമായി കലരാത്ത മുതിര പോലെ ആദ്യ ഒരു മണിക്കൂറിലെ സിനിമയിൽ നിറയുന്നു. വക്കീലുമായും മേലുദ്യോഗസ്ഥനുമായും നടക്കുന്ന സംഭാഷണങ്ങൾ സി.ഐ അക്ബറിന്റെ ദാമ്പത്യതകർച്ചയെപറ്റി വാചാലമാകുന്നുണ്ട്. സിനിമയിൽ ഉള്ള ഏക കല്ലുകടി കേസ് അന്വേഷണം, പൊലീസുകാർ തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവ മൂലം ആവർത്തിക്കുന്ന ചില വിവരണങ്ങളും അനാവശ്യ വലിച്ചു നീട്ടലുകളുമാണ്. ചില ഡയലോഗുകൾ പ്ലേസ് ചെയ്യുന്നതിനായി മാത്രം പടച്ചുണ്ടാക്കിയ സീനുകൾ കാണാം - പൊലീസ് രംഗങ്ങളിൽ.
ലൂക്ക എത്രകണ്ട് ദുർബ്ബലമായ മനസ്സിന്റെ ഉടമയാണെന്നും കർമ്മമണ്ഡലം കൊണ്ട് വ്യത്യസ്ഥയാണെങ്കിലും നിഹാരിക എങ്ങനെ ലൂക്കയിലേക്ക് അടുക്കുന്നു എന്നുമെല്ലാം മനോഹരമായും വ്യക്തമായും അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതം കൊണ്ട് തന്നെപ്പോലെ അല്ലാത്ത ഒരാളോട് ഒത്തുപോകാം എന്നും മറ്റും തോന്നുന്ന ഒരിത് നിഹ പറയുന്നതിനു മുൻപു തന്നെ പ്രേക്ഷകനു മനസ്സിലാകുന്നുണ്ട്. കൂട്ടുകാരിയുടെ ജന്മദിനം ലൂക്കയെ സന്ദർശിക്കുന്നതിനുള്ള ഒരു സുന്ദരമായ കള്ളമാണെന്നും ഒരു സാധാരണ പ്രേക്ഷകനു മനസ്സിലായേക്കാം. ബാല്യകൗമാരങ്ങളിൽ ലൂക്കയ്ക്കും നിഹാരികയ്ക്കും നേരിട്ട തിക്താനുഭവങ്ങൾ അവരുടെ വ്യക്തിത്വത്തെയും മനസ്സിനെയും എത്രകണ്ട് മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നെന്ന് ചുരുക്കം കാഴ്ചകളിലൂടെ നമ്മെ കാണിച്ചു തരുന്നുണ്ട്. തൂങ്ങിമരിച്ചു നില്ക്കുന്ന അച്ഛന്റെ കാൽവിരലുകൾ സ്വന്തം കാലിൽ ഉരയുന്ന കാഴ്ചയ്ക്ക് അവന്റെ ജന്മം തുലച്ചുകളയാനുള്ള ശക്തിയുണ്ട്. അമ്മാവന്റെ കൈ പിടിച്ചു വിജനവഴിയിലൂടെ നടക്കുന്ന കൊച്ചുനിഹാരികയുടെ കണ്ണുകളിലെ വികാരങ്ങൾ മതിയാകും അവളുടെ ഇൻസെക്യൂരിറ്റികളെ മുഴുവൻ അളന്നിടാൻ. പിന്നീടങ്ങോട്ട് ഏതൊരു പ്രേക്ഷകനും ജെ.പി.എന്ന കഥാപാത്രത്തെ നിഹായുടെ കാഴ്ചപ്പാടിലേ സമീപിക്കാൻ പറ്റൂ. ഒരു രംഗത്തിൽ ജെ.പിയ്ക്ക് കിട്ടുന്ന അടിക്ക് കനം അത്ര പോരാ എന്ന് തോന്നുന്നുണ്ട്. അടുത്തകാലത്ത് സിനിമകളിൽ നാം കണ്ട ബാലപീഡകർക്ക് കിട്ടിയ അത്രയല്ലെങ്കിലും അല്പം കൂടി നല്ല ശിക്ഷ അയാൾ അർഹിച്ചിരുന്നു; അയാളെത്ര കണ്ട് പശ്ചാത്താപം ഉള്ളവനാണെങ്കിലും. കാരണം അയാൾ സ്വയം ധൈര്യപ്പെട്ടിരുന്നത് നിഹാ അക്കാര്യങ്ങൾ ആരോടും പറയില്ല എന്നായിരുന്നു. ശിക്ഷിക്കലും പകവീട്ടലും അല്ല ‘ലൂക്ക’യുടെ വഴി എന്നതുകൊണ്ട് നമുക്കത് തല്ക്കാലം മറക്കാം.
ഇൻസ്പെക്ടറുടെ ദാമ്പത്യം കുളമാക്കിയ അയാളുടെ പൂർവ്വപ്രണയത്തിന്റെ ഓർമ്മകൾ ചിത്രത്തിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ മണ്ണടിയുന്നതു കാണാം. തുടർന്ന് അകന്നു കഴിയുന്ന ഭാര്യയുമായി രൂപപ്പെടുന്ന രസതന്ത്രത്തിന്റെ സൂചനയും തരുന്നുണ്ട്, അവരുടെ ഇടപെടലുകളിൽ വെളിച്ചം കടന്നുവരുന്നുണ്ട്. ഇതേ ഇരുത്തം അവരെ വിവരിക്കുന്ന മുൻരംഗങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ ആഗ്രഹിച്ചു പോകുന്നതിന്റെ ഒരു പ്രധാന കാരണം വിനീത കോശിയുടെ മാസ്റ്റർപീസ് ഭാവമായ ദുഃഖപുത്രി ലുക്കാണ്. ഈ ട്രാക്കിന്റെ വിരസതയെ മറികടക്കുന്നത് ലൂക്ക - നിഹാ ജോഡികളുടെ ഊർജ്ജമുള്ള സാന്നിദ്ധ്യവും അവരുടെ അനുപമമായ സ്ക്രീൻ പ്രെസൻസും കൊണ്ടാണെന്ന് ഉറപ്പ്. ടൊവിനോ സ്ക്രീനിൽ വന്നാൽത്തന്നെ അതൊരു നിറവാണ്. അതേ പ്രസന്നത അഹാനയ്ക്കും ലഭിച്ചിട്ടുണ്ട്.ഒരേകണ്ണാൽ എന്ന ഗാനം ശരിക്കും ലൂക്കയുടെയും നിഹാരികയുടെയും ആഘോഷമാണ്. ലൂക്കയായി മറ്റാരെയും സങ്കല്പിക്കാൻ പറ്റാത്തതുപോലെ തന്നെ, അത് ചാർളിയുടെ ഒരു എക്സ്റ്റൻഷൻ ആയും കോളനി കമ്മട്ടിപ്പാടമോ വിയറ്റ്നാം കോളനിയോ ഒക്കെ ആയും പിന്നെ മറ്റു ചിലത് മറ്റുചിലതായുമൊക്കെ തോന്നുന്നിയത് ഒരുപക്ഷേ എന്റെ മാത്രം തോന്നലായേക്കാം. നിഹാരിക സ്വാതന്ത്ര്യം കൊതിക്കുന്ന, സാഹചര്യങ്ങളോട് പടവെട്ടുന്ന, ലക്ഷ്യബോധമുള്ള പല ഹിറ്റ് നായികാ കഥപാത്രങ്ങളുടെയും മിശ്രണം ആയിത്തോന്നി. ആ നിഴലുകളുണ്ടെങ്കിലും അവ ആഴമുള്ള കഥാപാത്രങ്ങളാണെന്ന് തീർച്ച. അവയാണു സിനിമയുടെ ഏറ്റവും വലിയ മേന്മയും.
ശിവനും ലൂക്കയും തമ്മിലുള്ള അടുപ്പം എത്രയുണ്ടെന്ന് ലൂക്കയുടെ വീട്ടിലെ ശിവന്റെ പെരുമാറ്റം കൊണ്ട് വിശദമാകുന്നുണ്ട്. ഈ ബ്രില്ല്യൻസ് മറ്റു പലരംഗങ്ങളിലും നഷ്ടപ്പെടുന്നതിനാലാണ് ലൂക്ക അനാവശ്യ വിവരണങ്ങളിലേക്കും ചർവ്വിത ചർവ്വണങ്ങളിലേക്കും വഴിതെറ്റുന്നത്. കഥയിലെ മരണങ്ങൾക്കു പിന്നിലെ രഹസ്യം വെളിപ്പെടുന്നത് മനോഹരമായ ആവിഷ്കാരമെന്ന് പറയാം. അത് സ്പൂൺ ഫീഡിങ്ങല്ല എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്.
ലൂക്ക രക്ഷപ്പെടുത്തലുകളുടെ കൂടി കഥയാകുന്നു. മനസ്സിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ഒന്നായവരുടെ പ്രണയത്തിന്റെ കഥയാണ്. അവയിൽ നിറയുന്ന വർണ്ണങ്ങളുടെയും അവയ്ക്കു പിന്നിലെ ക്രിയേറ്റിവിറ്റിയുടെയും കൂടി കഥയാണ്.
മൊത്തത്തിൽ ലൂക്ക ഒരു നല്ല സിനിമാനുഭവമാണ്. ടൊവിനോയ്ക്ക് നാളിതുവരെ ലഭിച്ച നല്ലൊരു വേഷവും. പൊളിറ്റിക്കൽ കറക്റ്റ്നെസ്സും രാഷ്ട്രീയവും സമീപനങ്ങളും ഒക്കെ ഇത്രയധികം വിശകലനം ചെയ്യപ്പെടുന്ന കാലത്ത് ഇത്ര ബാലൻസ്ഡ് ആയി അൺകൺവെൻഷണൽ ആയ മനുഷ്യബന്ധങ്ങളെയും അവയിലെ അസ്വസ്ഥതകളെയും വരച്ചിടുന്നുണ്ട്. സംഗീതവിഭാഗം സിനിമയുടെ ആകെ സുഖത്തെ സുന്ദരമാക്കുന്നു. മഴ മനോഹരമെങ്കിലും സിനിമയിൽ മഴയുടെ അതിപ്രസരം കാണാം; അക്ബറിന്റെ മഴകൾ എന്നമറ്റൊരു കുറിപ്പു തന്നെ എഴുതാൻ പാകത്തിൽ. സുന്ദരമായ ദൃശ്യങ്ങളാലും മെറ്റഫറുകളുടെ സമ്പന്നതയാലും അനുഗ്രഹീതമാണ് ഈ ചിത്രം. പിന്നണിക്കാർ നാമെന്ത് കാണണമെന്ന് വിചാരിച്ചുവോ അതെല്ലാം ഈ സിനിമയിലുണ്ട്. ഒരൊറ്റ പരാതി മാത്രം - ലൂക്ക ഇപ്പോളും ഒരു എഡിറ്ററുടെ സിനിമ ആയിട്ടില്ല.
കുറിപ്പ് - സിനിമയ്ക്കു മുൻപേ ഇതൊരു നോവലായി വായിക്കാൻ സാധിച്ചിരുന്നെങ്കിൽ. അതിന്റെ പേര് ‘ലൂക്കയും അക്ബറും’ എന്നായിരുന്നെങ്കിൽ. ഒന്നുകൂടി നീട്ടിയാൽ ‘ലൂക്ക, അക്ബർ, ശിവൻ’ എന്നായിരുന്നെങ്കിൽ. ശിവൻ അത്ര കഥയില്ലാത്ത ഒരാളൊന്നുമല്ലല്ലോ!
(2) ഈ കുറിപ്പിൽ ചില പരാമർശങ്ങളും പ്രയോഗങ്ങളും പലതവണ വന്നിട്ടുള്ളതു ശ്രദ്ധിച്ചിട്ടുണ്ടാവും. സിനിമയിലെ പോലെ! ലേഖനം അല്പം നീണ്ടുകാണും - സിനിമ പോലെ!
© m.s. raj