Monday, February 06, 2017

ഓൺലൈൻ വിശ്വാസികളേ, ഇതിലേ ഇതിലേ..

വിശ്വാസത്തിന്റെ പേരിൽ മതനേതാക്കന്മാരും ആത്മീയഗുരുക്കളും പൊതു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത പണ്ടേയുള്ളതാണ്. സോഷ്യൽ മീഡിയാ ശക്തമായ ഇക്കാലത്ത് ഓരോ മതങ്ങളുടെയും ലേബലിലുള്ള ആരാധനാപാത്രങ്ങളുടെയും ആൾദൈവങ്ങളുടെയും സാക്ഷാൽ പ്രപഞ്ചനാഥനായ ദൈവത്തിന്റെ തന്നെയും അത്ഭുതങ്ങളും അനുഭവസാക്ഷ്യങ്ങളും ഒന്നൊഴിയാതെ നമ്മെ സോഷ്യൽ മീഡിയായിലൂടെ തേടി വരുന്നു.

മന്ത്രങ്ങൾ, പ്രാർഥനകൾ, സ്തുതികൾ, അനുഭവസാക്ഷ്യങ്ങൾ, മിന്നുന്ന ദേവചിത്രങ്ങൾ മുതലായവ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിച്ച് അരങ്ങു തകർക്കുന്നു. അവയോടൊപ്പം അവ പ്രചരിപ്പിക്കണമെന്നുള്ള അഭ്യർഥനയും ഉണ്ടാവും. ഈ ദിവ്യസന്ദേശം എത്ര പേർക്കു ഷെയർ ചെയ്യണം എന്നു സൂചിപ്പിച്ചിരിക്കും. അപ്രകാരം ചെയ്തില്ലെങ്കിൽ വലിയ ആപത്തുകൾ തേടിവരുമെന്ന ഭീഷണികളൊപ്പം കാണും. അവയുടെ സാക്ഷ്യങ്ങളും ഉണ്ടാവും. ഈ മെസേജ് ഫോർവാഡ് ചെയ്യാതെ അവഗണിച്ച ബാങ്ക് മനേജരുടെ ജോലി പോയി. മറ്റൊരാൾക്ക് വാഹനാപകടം പറ്റി, കയ്യിലെ വള ഊരിപ്പോയി, തലയിലെ പൂട കൊഴിഞ്ഞു,വഴിയിൽക്കൂടി നടന്നവനെ കട്ടുറുമ്പു കടിച്ചു... അങ്ങനെയങ്ങനെ.‌ അതു പങ്കുവെച്ചവർക്കോ, വെച്ചടി വെച്ചടി കേറ്റമാണ് - കൂലിപ്പണിക്കാരനു ലോട്ടറിയടിച്ചു, അരയ്ക്കാൻ തേങ്ങാ ഇല്ലാതെ തേങ്ങിയ വീട്ടമ്മയുടെ മുന്നിൽ‌ തേങ്ങാ പൊഴിഞ്ഞു വീണു, തീർന്ന പേനയിൽ മഷി നിറഞ്ഞു, പത്തു പാസാകാഞ്ഞവനു‌ ഡിഗ്രി കിട്ടി എന്നിങ്ങനെ.

ദൈവത്തെ കണ്ടു എന്നു പറഞ്ഞു കൊണ്ട് സാക്ഷ്യം പറയുന്നവർ തികഞ്ഞ മൗലികവാദികളാണ്. കാരണം അവർ വിശ്വസിക്കുന്ന മതത്തിന്റെ ചട്ടക്കൂടിലെ സങ്കല്പങ്ങളോട് തികച്ചും ചേർന്നു നിൽക്കുന്ന ചുറ്റുപാടുകളിലുള്ള ദൈവത്തെ മാത്രമേ അവർ കാണൂ. ഹൈന്ദവൻ ഒരിക്കലും അവന്റെ തപസ്സിലും ധ്യാനത്തിലും അതീന്ദ്രിയ അനുഭവങ്ങളിലും ക്രൈസ്തവമോ ഇസ്ലാമികമോ ആയ വിശ്വാസപ്രമാണങ്ങളിലെ ദൈവികഭാവം അനുഭവിച്ചതായി‌ കണ്ടിട്ടില്ല. അഹിന്ദുക്കൾ ആരും ഇന്ദ്രലോകത്തിലെയോ കൈലാസത്തിലെയോ പാലാഴിയിലെയോ വ്യവസ്ഥാപിത ബിംബങ്ങളായി ദൈവങ്ങളെ ദർശിച്ചിട്ടില്ല. മാലാഖമാരും പുണ്യവാന്മാരും ക്രിസ്ത്യാനിക്കും രാജാപ്പാർട്ട് വേഷമിട്ട് ആയുധധാരികളായി മൃഗ-പക്ഷി വാഹനാരൂഢരായ ദേവീദേവന്മാർ അഥവാ മറ്റ് സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾ ഹിന്ദുക്കൾക്കും പ്രത്യേകം ദർശനമരുളുന്നു.

ദൈവമുണ്ടെന്നും ദൈവത്തെ കണ്ടെന്നും പറയുന്ന ഓരോരുത്തരും‌ അവരവരുടെ വിശ്വാസത്തെ പിന്തുടരാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് -അത് ഏതു മതമായാലും. മതത്തിന്റെ പരസ്യങ്ങൾ - ഇതാണു സത്യം, ഇതാണു ധർമ്മം, ഇതാണു പാരമ്പര്യം, ഇതാണ് ഏകൻ, ഇതാണ് ശരി, മറ്റേതെല്ലാം തെറ്റ്, ഇതിലൂടെയേ സ്വർഗ്ഗം പൂകാൻ/ മോക്ഷം കിട്ടാൻ /പരമപദം പ്രാപിക്കാൻ പറ്റൂ, ഇങ്ങോട്ടു വരൂ, ഈ വിശ്വാസത്തിൽ അണിചേരൂ... മൊബൈൽ നമ്പർ 'പോർട്ട്' ചെയ്യാൻ കമ്പനിക്കാർ പ്രലോഭിപ്പിക്കും പോലെ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. ഇവർ, ദൈവത്തിങ്കലേക്ക് മനുഷ്യനെ ഓൺലൈനായി എത്തിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവർ എല്ലാം, ചെയ്യുന്നത് അതാത് മതത്തിങ്കലേക്ക് ആൾക്കാരെ അടുപ്പിക്കലാണ്. മനുഷ്യരെ നല്ലവരാക്കുക, ആത്മീയമായും ഭൗതികമായും അവർക്കു മെച്ചപ്പെടൽ നൽകുക, സഹജീവികളെ കൂടുതൽ സ്നേഹിക്കുന്നവരാക്കുക, കുടുംബത്തെ കൂടുതൽ ദൃഢമാക്കുക ഇതൊന്നും ഓൺലൈൻ ഭക്തിക്കാരുടെ അജൻഡയിൽ ഉള്ളതല്ല. അവർക്കാവശ്യം അതാതു മതങ്ങളുടെ പ്രചാരണം മാത്രമാണ്. അതുകൊണ്ടാണ് അവർ ഓം നമഃശിവായ മന്ത്രവും പുണ്യാളന്റെ ചിത്രവും മറ്റും മറ്റും ഇത്രയിത്ര പേർക്ക് അയച്ചു നൽകാൻ നമ്മെ നിർബന്ധിക്കുന്നത്. അല്ലെങ്കിൽ എന്തുകൊണ്ട് ആ പ്രാർഥന അത് അനുവർത്തിക്കേണ്ടുന്ന രീതിയിൽ ജപിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നില്ല? ദേവന്മാരും മധ്യസ്ഥന്മാരും പുണ്യാളന്മാരും സർവ്വശക്തനായ ദൈവവും ആരെല്ലാം ഏതെല്ലാം മെസേജുകൾ ഫോർവാഡ് ചെയ്യുന്നു എന്നു നോക്കിയിരിപ്പാണോ? ചിത്രഗുപ്തൻ നമ്മുടെ ഫേസ്ബുക്കിലും വാട്സാപ്പിലും നൂണ്ടുകയറി മെസേജുകൾക്ക് എണ്ണം വെയ്ക്കുന്നോ? ഇല്ല സുഹൃത്തേ ഇല്ല.

'ഈ മെസേജ് നിങ്ങൾ പത്തു പേർക്കയച്ചാൽ ഒരു ഡോളർ/രൂപ വീതം രോഗാതുരയായ കുട്ടിക്ക് നൽകുമെന്ന് വാട്സാപ്/മൊബൈൽ നെറ്റ്‌വർക്ക് സമ്മതിച്ചിട്ടുണ്ട്.. അതുകൊണ്ട് ഇത് മാക്സിമം ഫോർവാഡ്ചെയ്യൂ.. ഈ പിഞ്ചുകുഞ്ഞിനു ചികിൽസയ്ക്ക് പണം കണ്ടെത്താ‌ൻ സഹായിക്കൂ...' തലയിൽ ആൾത്താമസമുള്ളവർ ആരും ഈ മണ്ടത്തരം അംഗീകരിക്കില്ല. ഫോണിൽ സംസാരവും smsഉം മാത്രം ഉണ്ടായിരുന്ന കാലത്തേ ഇത്തരം കബളിപ്പിക്കലുകൾ ഉണ്ട്.(ഇന്നും ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു ഫോർവേഡ് ചെയ്യുന്നവർ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതായത്, നമുക്കു മുന്നിൽ കാണുന്ന വാട്സാപ്പും മൊബൈൽ
കമ്പനിയും നമ്മുടെ മെസേജുകളുടെ പേരിൽ ആർക്കും ധനസഹായം ചെയ്യുമെന്ന് നാം കരുതുന്നില്ല. എങ്കിൽ പിന്നെ അരൂപിയും സോഷ്യൽ മീഡിയാ അക്കൗണ്ട് ഇല്ലാത്തവനുമായ ദൈവം എങ്ങനെ നാമയച്ച മെസേജുകളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ നമ്മെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും?

ഒരു പ്രാർഥനയോ മതാനുഷ്ഠാനമോ നിങ്ങൾക്കയച്ചു തന്നുകൊണ്ട് ഫോർവാഡ് ചെയ്യാൻ ഒരാൾ ആവശ്യപ്പെട്ടാൽ അത് ചെയ്യരുത്. അതിലൂടെ നിങ്ങൾ ഒന്നും നേടുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനും ഇല്ല. ഒരു മതപുരോഹിതന്റെ ഭാവനയിൽ വിരിഞ്ഞ സങ്കല്പ കഥയോ അതീന്ദ്രിയാനുഭവമോ നിങ്ങൾ പങ്കിടരുത്. മനസ്സും ശരീരവും ഓരോരുത്തർക്കും വിഭിന്നമെന്നതു പോലെ ജീവിതവും സാഹചര്യങ്ങളും വിഭിന്നമെന്നതുപോലെ,അനുഭവങ്ങളും വ്യത്യസ്തമാവും. രോഗവും വേദനകളും മരണവും മരണത്തിലേക്കുള്ള യാത്രകളും ഒന്നൊന്ന് വ്യത്യസ്തമാകും;അവ സ്വയം അനുഭവിച്ചേ മതിയാകൂ. സ്വർഗ്ഗവും നരകവും പരലോക യാത്രകളും വർണ്ണിക്കപ്പെട്ടു കേൾക്കുമ്പോൾ തിരിച്ചറിയുക, അത് ആ പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം മെനഞ്ഞെടുക്കപ്പെട്ടതാണ്. കാരണം, ഇതര മതങ്ങളെയും അവയുടെ സങ്കല്പങ്ങളെയുമെല്ലാം അവ പാടേ അവഗണിക്കുന്നു. സ്വന്തം തത്വങ്ങളാണ് ശരിയെന്ന് മൗനമായി‌ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മരണം സത്യമാണ്. മരിച്ചാൽ ശ്വാസവും ഹൃദയവും എന്നേക്കുമായി നിലയ്ക്കുന്നു, ശരീരം അഴുകുന്നു. ഭൂഗുരുത്വം എല്ലാരെയും ഒരുപോലെ താഴേക്ക് വലിക്കുന്നു എന്നതുപോലെ പരലോകം എന്നൊന്നുണ്ടെങ്കിൽ, ഞാൻ പറയുന്നു, അത് വിശ്വാസിക്കും അവിശ്വാസിക്കും എ മതക്കാരനും ബി മതാനുയായിക്കും ഒരുപോലെ ആയിരിക്കും. അത് എന്റെ മതം അനുശാസിക്കുന്നതുപോലെ ആണ് എന്ന് മരിക്കാത്ത ഒരാൾ - ഹൃദയവും ശ്വാസവും നിലച്ചു്, ശരീരം തണുത്ത്, മരണമെന്ന സത്യം പൂർണ്ണമായും ബാധിക്കാത്ത ഒരാൾ - പറഞ്ഞാൽ, നിങ്ങൾ ഒരു മതവിശ്വാസിയോ അതിനുമപ്പുറം ഈശ്വര വിശ്വാസിയോ ആണെങ്കിൽ മതങ്ങൾ വളരേണ്ടത് ഇങ്ങനെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തിയിട്ടല്ല എന്നുമാത്രം തിരിച്ചറിയുക. അത് വിശ്വാസത്തിനും വിശ്വാസരീതികൾക്കും ആരാധനാബിംബങ്ങൾക്കും അപ്പുറം വെറും മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിച്ചുകൊണ്ടാണ്; അതിലൂടെ അവനിലും അവന്റെ കുടുംബത്തിലും അങ്ങനെ സമൂഹത്തിലും നന്മ വളർത്തുന്നതിലൂടെയാണ്. മതപ്രബോധനങ്ങൾ മനുഷ്യന്റെ നന്മയ്ക്കായി ഉണ്ടാക്കിയവയാണ്. അവ കൊണ്ട് മനുഷ്യനെ ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഓരോരുത്തരും സ്വന്തം മതം വളർത്തുമ്പോൾ മാനവികത എന്ന സാർവ്വലൗകിക മതം ഇല്ലാതാകുന്നു.

മതങ്ങൾ നല്ലതാവണമെങ്കിൽ അവയിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യർ നന്നാവണം, അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നന്നാവണം. മനുഷ്യനെ നന്നാക്കാതെ മതത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന പുരോഹിതരും ഗുരുക്കന്മാരും സന്യാസിമാരും പ്രഭാഷകരും നിർമ്മിക്കുന്നത് പാലങ്ങളല്ല, വന്മതിലുകളാണ്.

വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുക. അനുഗ്രഹവും ശിക്ഷയും സോഷ്യൽ മീഡിയയിലൂടെ വരില്ല. ഇനി ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യനിൽ വിശ്വസിക്കുക; സ്നേഹത്തിൽ വർത്തിക്കുക. വാട്സാപ്പിലെ ദൈവം തരുന്നതിനെക്കാൾ കൂടുതൽ ഭൂമിയിലെ മനുഷ്യർ തരും. അതല്ലേ യഥാർഥ അനുഗ്രഹം?

8 comments:

സുധി അറയ്ക്കൽ said...

കൊള്ളാം രാജ് നല്ല ചിന്തകള്‍.!! എല്ലാവരും ഇത് പ്രവൃത്തിയില്‍ കൊണ്ട് വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!!!

Bipin said...

ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കുന്ന കാലം വരും

എം.എസ്. രാജ്‌ | M S Raj said...

Thank you സുധീ!!

Geetha Omanakuttan said...

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ......
പക്ഷെ ഈ പറയുന്ന രീതിയിൽ ചിന്തിക്കാൻ എത്ര പേരുണ്ടാവും.... അങ്ങനെയൊരു കാലം വരുമെന്ന് ആശിക്കാം.
നല്ല ചിന്തകൾ. ആശംസകൾ.

എം.എസ്. രാജ്‌ | M S Raj said...

വരട്ടെ എന്നാശിക്കാം. അതുവരെ കബളിപ്പിക്കപ്പെടാം.

എം.എസ്. രാജ്‌ | M S Raj said...

അങ്ങനെയൊരു കാലം വരുമെന്ന് ആശിക്കാം. നന്ദി!

Punaluran(പുനലൂരാൻ) said...

മനുഷ്യനിൽ വിശ്വസിക്കുക; സ്നേഹത്തിൽ വർത്തിക്കുക..നല്ല ചിന്തകൾ.. ആശംസകൾ

എം.എസ്. രാജ്‌ | M S Raj said...

നന്ദി പുനലൂരാനേ‌‌!