Saturday, July 30, 2011

മദര്‍ തെരേസയും ഉലഹന്നാന്‍ സാറും

ന്നും ഇന്നും കൊച്ചുതോവാള സെന്റ്‌ ജോസഫ്‌സ്‌ സ്കൂള്‍ ഒരുപോലെയാണ്‌. എല്‍.പി. സ്കൂളും യു.പി. സ്കൂളുമായി ഒരു മുറ്റത്തിനിരുവശവുമുള്ള രണ്ട്‌ കെട്ടിടങ്ങള്‍. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പരമാവധി രണ്ടു ഡിവിഷന്‍ വീതം. മുപ്പതു വയസ്സോളം പ്രായമുള്ള ആ സ്കൂളാണ്‌ ആ ഗ്രാമത്തിലെ ഇന്നത്തെ എഞ്ജിനീയറുടെയും ബിസിനസ്സുകാരന്റെയും നേഴ്സിന്റെയും ഡ്രൈവറുടെയും ചെത്തുകാരന്റെയും ചുമട്ടുതൊഴിലാളിയുടെയുമൊക്കെ മാതൃവിദ്യാലയം. ഇന്നാകട്ടെ ഓരോ കുടുംബത്തിലെയും കുട്ടികള്‍ അവനവന്റെ താല്‍പര്യങ്ങള്‍ക്കും സ്ഥിതിക്കും അനുസരിച്ച്‌ ചുരുക്കമായി ഇതേ സ്കൂളിലോ അതല്ലെങ്കില്‍ ടൗണിലോ അതിനുമകലെയോ ഉള്ള വിദ്യാലയങ്ങളിലാണു പഠിക്കുന്നത്‌. പണ്ടത്തെ അദ്ധ്യാപകരും വിദ്യാര്‍ഥികളും മാറി. പത്തുപതിനാറു വര്‍ഷം മുന്‍പ്‌ അവിടത്തെ വിദ്യാര്‍ത്ഥി ആയിരുന്ന ഞാനേറെ മാറി. ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ വണ്ടിയിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴെല്ലാം അരികില്‍ ഈ സ്കൂള്‍ കാണുമ്പോള്‍ ദീപ്തമായ കുറെ സ്മരണകളുടെ സുഖമറിയാം.

ഒരു കുസൃതിത്തരത്തില്‍ നിന്നു തുടങ്ങാം. പ്രതിഭാധനനായ അദ്ധ്യാപകന്‍ ശ്രീ. കെ.ഓ. ഉലഹന്നാന്‍ സര്‍ പ്രഥമാദ്ധ്യാപകനായിരിക്കുന്ന കാലം. ഉച്ചയൂണു കഴിഞ്ഞുള്ള ഒഴിവുവേളയിലെ കള്ളനും പോലീസും കളി. ഓടിയൊളിക്കാനുള്ള സമയത്ത്‌ സ്കൂള്‍വളപ്പിനു പുറത്തുള്ള റോഡിലൂടെ കളിസംഘം വെച്ചുപിടിച്ചു. അവിടെ റോഡ്‌ രണ്ടായിപ്പിരിയുന്നിടത്ത്‌ കുറെ ആളുകള്‍ നില്‍ക്കുന്നു. സംഗതി നോക്കിയപ്പോള്‍ കട്ടപ്പന കെ.എസ്‌.ഇ.ബി. സെക്‌ഷനിലെ ലൈന്‍മാന്‍ രാജു അടക്കം കുറെ പേര്‍. അവിടെയിട്ടിരുന്ന തടി കൊണ്ടുള്ള പോസ്റ്റ്‌ ദ്രവിച്ചുപോയതിനാല്‍ അതുമാറ്റി പുതിയ കോണ്‍ക്രീറ്റ്‌ പോസ്റ്റ്‌ ഇടാനുള്ള ഒരുക്കത്തിലാണ്‌. മൂന്നാലടി താഴ്ചയില്‍ കുഴിയെടുത്ത്‌ കോണ്‍ക്രീറ്റ്‌ പോസ്റ്റിന്റെ മൂട്‌ അതിലേക്കിറക്കി വെച്ചിരിക്കുകയാണ്‌. ഇനി അതുയര്‍ത്തി വെച്ച്‌ കടഭാഗം കല്ലും മണ്ണുമിട്ട്‌ ഉറപ്പിച്ച്‌ നിര്‍ത്തുകയേ വേണ്ടൂ. ആ സമയം അതുവഴി കടന്നുപോയ ഏതാനും നാട്ടുകാരെയും സമീപത്തുണ്ടായിരുന്ന ഒന്നു രണ്ട്‌ ചേട്ടന്മാരെയുമൊക്കെ 'ഒരു കൈ' സഹായിക്കാന്‍ വിളിച്ചു നിര്‍ത്തിയിട്ടുണ്ട്‌. പോസ്റ്റിന്റെ തലയ്ക്കല്‍ നീളമുള്ള ഒരു കയര്‍ കെട്ടിയിട്ടുണ്ട്‌. ഈ കയര്‍ സമീപത്തുള്ള ഒരു മരത്തില്‍ കെട്ടിയ കപ്പിയിലൂടെ കടത്തി പോസ്റ്റ്‌ നിവര്‍ത്തേണ്ട ദിശയിലേക്കു നീട്ടി ഇട്ടിരിക്കുന്നു. പോസ്റ്റിന്റെ നീളത്തിനെക്കാള്‍ ഉയരത്തിലാണ്‌ കപ്പി ഉറപ്പിച്ചിരിക്കുന്നത്‌ എന്നതിനാല്‍ പോസ്റ്റിലേക്ക്‌ വലി വരുന്നത്‌ മേലെ നിന്നാണ്‌. തലയ്ക്കല്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ ചേര്‍ന്ന്‌ ഉയര്‍ത്തുന പോസ്റ്റിനെ ഈ കയറില്‍പ്പിടിച്ച്‌ വലിച്ചുയര്‍ത്തി നിര്‍ത്തണം. ഒപ്പം പോസ്റ്റിന്റെ ചുവട്‌ കുഴിയിലേക്കിറക്കി വെയ്ക്കുകയും വേണം.

ഞങ്ങള്‍ നാലഞ്ച്‌ വിദ്യാര്‍ഥികള്‍ കളി മറന്ന്‌ ഇതൊക്കെ കണ്ട്‌ നില്‍കുകയാണ്‌. അപ്പോള്‍ പോസ്റ്റ്‌ ഉയര്‍ത്താനുള്ള നടപടിയായി. എന്റെ വീട്ടിലേക്കും കരണ്ട്‌ ചെല്ലുന്നത്‌ ഈ ലൈനില്‍ നിന്നായതിനാല്‍ സംഭവത്തില്‍ എനിക്കും താല്‍പര്യമുണ്ടായിരുന്നെന്നു പറയാതെ വയ്യ.

"ഏലേലൈസാ ഐലസാ...
ഒത്തുപിടിച്ചോ ഐലസാ..."

പത്തുനാനൂറു കിലോ ഭാരമുള്ള പോസ്റ്റാണ്‌. "നിങ്ങളും കൂടി വരിനെടാ പിള്ളാരെ!" ലൈന്‍മാന്‍ രാജു ആഹ്വാനം ചെയ്തു. ഞങ്ങള്‍ ഒന്നു സംശയിച്ചു നിന്നു. ചേതമില്ലാത്ത ഉപകാരമല്ലേ. ഒരു ഓളത്തിനങ്ങു നിന്നാ മതിയല്ലോ എന്നോര്‍ത്ത്‌ 'വാടാ നമുക്കും വലിക്കാന്‍ കൂടാം' എന്നു ഞാന്‍ പറഞ്ഞു. എന്റെ വീട്ടിലും സപ്ലൈ തന്ന ആലാണു ടി രാജു. അങ്ങേരു ചോദിക്കുമ്പോള്‍ എങ്ങനെയാ അവഗണിക്കുക?!

"ഹേലേലൈസാ ഐലസാ...
ഒത്തു പിടിച്ചോ ഐലസാ..."

താളത്തില്‍ ചേര്‍ന്നുയര്‍ത്തിയും വലിച്ചും ക്രമമായി ആ പോസ്റ്റ്‌ കുഴിയിലിറക്കി കുത്തനെ നിര്‍ത്തി. അങ്ങനെ നില്‍ക്കെത്തന്നെ രണ്ടുപേര്‍ ചുവട്‌ കല്ലും മണ്ണുമിട്ട്‌ ഇടിച്ചുറപ്പിച്ചു. ഞങ്ങളുടെ കൂടി ശ്രമഫലമായി തലയുയര്‍ത്തിയ പോസ്റ്റിനെ അഭിമാനപൂര്‍വ്വം ഒന്നു വീക്ഷിച്ചിട്ട്‌ തിരികെപ്പോയി സ്കൂളിന്റെ പടി കയറുമ്പോള്‍ ഞങ്ങളെക്കാത്ത്‌ ഹെഡ്‌മാസ്റ്റര്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.

'ഞങ്ങളു നല്ല പിള്ളേരല്ലേ' എന്ന ഭാവേന ആ അരികില്‍ക്കൂടി അങ്ങു പോകാന്‍ ഭാവിക്കുമ്പോളാണ്‌ 'നിക്കടാ അവിടെ!' എന്നൊരു ആജ്ഞ കേട്ടത്‌.

"എവടെപ്പോയതാരുന്നെടാ??"

"ഞങ്ങളു കളിക്കാന്‍ പോയതാരുന്നു സാറെ."

"ആരടാ പിന്നെ പോസ്റ്റ്‌ പൊക്കാന്‍ പോയത്‌?"

കുടുങ്ങി! മൂല്യമുള്ള വിദ്യാഭ്യാസം കിട്ടിയതുകൊണ്ടായിരിക്കും ഇത്തരം ചോദ്യങ്ങള്‍ കേട്ടാല്‍ എനിക്ക്‌ മഹാത്മാഗാന്ധീടെ ഉപദ്രവം ഉണ്ടാവുക പതിവാണ്‌. 'പിന്നെ, അതീ ഞങ്ങളല്ലേ' എന്ന മട്ടിലായിരുന്നു എന്റെ മറുപടി.

"ഇങ്ങോഫീസിലേക്കു വാ എല്ലാവന്മാരും!"

സാര്‍ പോയി കസേരയിലിരുന്നു. ഉപകാരം ചെയ്യാന്‍ പോയതു ഗുരുതരമായ പൊല്ലാപ്പായെന്നു മനസ്സിലാക്കാന്‍ ആര്‍ക്കും പരസ്പരം മുഖത്തേക്കു നോക്കേണ്ടതായിപ്പോലും വന്നില്ല. പിന്നെ വന്നത്‌ ഒരു നിര ചോദ്യങ്ങളായിരുന്നു.

"ആരാ നിങ്ങളെക്കൊണ്ട്‌ പോസ്റ്റ്‌ വലിപ്പിച്ചത്‌?"
"അയാളെവിടുത്തുകാരനാ?"
"അയാള്‍ടെ അഡ്രസ്സെന്നതാ?"
"അയാളെന്തിനാ നിങ്ങളെ അത്രേം ഭാരമുള്ള പോസ്റ്റ്‌ പൊക്കാന്‍ വിളിച്ചേ?"
"അതെങ്ങാനും പിടിവിട്ടു പോവുകോ മറ്റോ ചെയ്താല്‍ എന്തു സംഭവിക്കുമായിരുന്നു എന്നറിയാമോ? വല്ലോം പെണഞ്ഞാരുന്നെങ്കില്‍ ആരു സമാധാനം പറയും?"
"ഇവര്‍ക്കു ചുമടെടുപ്പിക്കാനും ഭാരം പൊക്കാനുമൊക്കെയാണോ സ്കൂള്‍ പിള്ളാര്‌? എന്നാപ്പിനെ ഞാനീ പണിയൊക്കെ ഉടമ്പടിക്കെടുത്ത്‌ നിങ്ങളെക്കൊണ്ട്‌ ചെയ്യിക്കട്ടേ?"
"നിനക്കൊക്കെ എന്നാ പ്രായമുണ്ട്‌?"
"ഈ പ്രായത്തിലുള്ള പിള്ളാരെക്കൊണ്ട്‌ ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യിച്ചാല്‍ കിട്ടുന്ന ശിക്ഷ എന്താണെന്നറിയാമോ? ആ ലൈന്‍മാന്റെ ജോലി വരെ പോകും."

ഞങ്ങല്‍ സന്നദ്ധസേവകര്‍ നാവിറങ്ങിപ്പോയപോലെ നിന്നു.

ഒടുക്കം ഉലഹന്നാന്‍ സാര്‍ സ്കൂളിന്റെ ലെറ്റര്‍ഹെഡ്‌ എടുത്തിട്ട്‌ ഇങ്ങനെ പ്രഖ്യാപിച്ചു.

"സ്കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട്‌ പോസ്റ്റ്‌ പൊക്കുന്ന പണി ചെയ്യിച്ചു എന്നും പറഞ്ഞ്‌ ആ ലൈന്‍മാനെതിരേ ഞാന്‍ പൊലീസിനു കമ്പ്ലയിന്റ്‌ ചെയ്യാന്‍ പോവാ. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പിള്ളാരെന്നാ തൊഴിലാളികളാണെന്നാണോ അയാള്‍ടെ വിചാരം?"

'ലൈന്‍മാന്‍ രാജുവിനെ എനിക്കറിയാന്‍ പാടില്ലാരുന്നേല്‍ മതിയാരുന്നേ ദൈവമേ' എന്നായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത.

'നിങ്ങളിപ്പോ ക്ലാസ്സില്‍പ്പോയ്ക്കോ. അടുത്തദിവസം എല്ലാവനും രക്ഷകര്‍ത്താവിനെ വിളിച്ചോണ്ടുവന്നിട്ട്‌ ഇവിടെ തുടര്‍ന്നു പഠിക്കണോ എന്നു തീരുമാനിക്കാം. പിള്ളാരെ പഠിക്കാനല്ലാതെ ഇങ്ങനത്തെ പണിക്കും കൂടിയാണോ സ്കൂളില്‍ വിടുന്നതെന്നു എനിക്കൊന്നറിയണം."

"പൊന്നു സാറെ, 'വേണങ്കി' സാറു രണ്ടു തല്ലിക്കോ. ഞങ്ങളിനി ഇമ്മാതിരി പണിക്കു പോകത്തില്ല. ദൈവത്തെയോര്‍ത്ത്‌ അച്ഛനെ വിളിച്ചോണ്ടുവരാന്‍ പറയല്ലേ." എന്നായിരുന്നു മനസ്സിന്റെ തേങ്ങല്‍. അന്നു പക്ഷേ, ഇതു തുറന്നു പറയാനുള്ള ബലം വായിലെ നാക്കിനില്ലായിരുന്നല്ലോ.

ഞങ്ങള്‍ ക്ലാസ്സിലേക്കു പോയി.

കേസു കൊടുത്താല്‍ രാജു കുടുങ്ങും. നമ്മളു സാക്ഷികളാകും. പൊലീസ്‌ സ്റ്റേഷനിലും കോടതീലുമൊക്കെ പോകേണ്ടിവരും. യ്യോ!

അപ്പനേം വിളിച്ചോണ്ടു വരുന്നതാ അതിലും അപകടം. വേറൊരുത്തന്റെ അനാലിസിസ്‌. ഉച്ചകഴിഞ്ഞത്തെ ഇന്റര്‍വെല്ലില്‍ ചര്‍ച്ച പലവഴിക്ക്‌ നീങ്ങി. എങ്ങനെയെങ്കിലും ഈ അപകടം ഒഴിവാക്കണമെന്നു നിശ്ചയിച്ച്‌ ഞങ്ങള്‍ യോഗം പിരിഞ്ഞു.

സ്കൂള്‍ നാലുമണി വിട്ടു. എന്നും ആരാദ്യം റോഡിലെത്തും എന്നമട്ടില്‍ ഓടുന്ന ഞങ്ങള്‍ അന്നു 'സാ' മട്ടില്‍ ക്ലാസ്സില്‍ നിന്നു. സാറുപോകാനിറങ്ങുന്നേനു മുന്നേ കണ്ടു ക്ഷമ പറയാം. ഇനി ആവര്‍ത്തിക്കില്ലെന്നു വാക്കുപറയാം. കേസുകൊടുക്കരുതെന്നും അച്ഛനെ വിളിക്കല്‍ ഒഴിവാക്കണമെന്നും അപേക്ഷിക്കാം. ഇതാണു പ്ലാന്‍. എന്നിട്ടു ഞങ്ങള്‍ വരാന്തയില്‍ത്തന്നെ ചുറ്റിപ്പറ്റി നിന്നു. നേരം നാലേകാല്‍ ആയിക്കാണും.

'നീ പോ.'
'അല്ല നീ പോ.'
'വേണ്ട. ഇവന്‍ പോട്ടെ. ഇവനാണെങ്കി സാറു സമ്മതിക്കും.'
'അല്ലേ വേണ്ട, എല്ലാരും കൂടെ പോകാം.'
എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോളാണ്‌ ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സിസ്റ്റര്‍ ജോമേരി യു.പി.കെട്ടിടത്തിന്റെ പടികയറി വന്നത്‌. നല്ല പൊക്കമുണ്ട്‌ ജോമേരി ടീച്ചറിന്‌. കുട്ടികളോടൊക്കെ നല്ല വാല്‍സല്യമാണ്‌. കലാപ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായതിനാല്‍ മിമിക്രിക്കാരായ ഞങ്ങളെ കൂടുതല്‍ പരിചയവുമുണ്ട്‌. മാത്രവുമല്ല മഠത്തിലേക്കു പോകുന്ന വഴിക്കാണ്‌ കൂടെയുള്ള ഒരു വിദ്വാന്റെ വീട്‌. ക്ലാസ്സിലിരുന്നു തുമ്മുന്നതു വരെ വീട്ടിലറിയുന്നതരത്തിലാണ്‌ അവന്റെ വീട്ടുകാരും ടീച്ചര്‍മാര്‍-മഠം സഖ്യവുമായുള്ള സെറ്റപ്പ്‌.

"എന്നാ മക്കളെ നിങ്ങളു പോകാത്തെ?"

അതുകേട്ടപാടെ ഞങ്ങളുടെ മുഖങ്ങളില്‍ മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ ഒരു ദൈന്യഭാവം വിടര്‍ന്നു. കാര്യങ്ങളെല്ലാം ഞങ്ങള്‍ നിറകണ്ണുകളോടെ ടീച്ചറിന്റെ അടുക്കല്‍ പറഞ്ഞു. ഒപ്പം അതിശക്തമായി യോഗതീരുമാനം അഥവാ അപേക്ഷയും. എല്ലാം കേട്ട്‌ ടീച്ചര്‍ ഓഫീസിനകത്തേക്കു പോയി.

ടീച്ചറിന്റെ സമാധാന ദൗത്യം വിജയിക്കുമോ? പൊലീസ്‌, കോടതി, വീട്ടുകാരുടെ ശിക്ഷ ഇവയില്‍ നിന്നെല്ലാം ഞങ്ങള്‍ ഒഴിവാകുമോ? സീരിയലായിരുന്നെങ്കില്‍ ഇവിടം കൊണ്ട്‌ നിര്‍ത്താമായിരുന്നു. സകല ദൈവങ്ങളെയും വിളിച്ച്‌ ഞങ്ങള്‍ വരാന്തയില്‍ത്തന്നെ നിന്നു. അകത്ത്‌ ടീച്ചര്‍ സാറിനോട്‌ സംസാരിക്കുന്നു.

അഞ്ചുമിനിട്ട്‌ കഴിഞ്ഞ്‌ സര്‍ പുരത്തേക്ക്‌ വന്നു. ബാഗൊക്കെയെടുത്ത്‌ വീട്ടിലേക്കു പോകാനുള്ള വരവല്ല. വെറും കൈയ്യോടെയാണു വരവ്‌.

"എന്താടാ ഇവിടെ നിക്കുന്നേ? വീട്ടില്‍ പോകുന്നില്ലേ?"

ഒരാള്‍ നിലത്തേക്കു നോക്കി. ഒരുവന്‍ തലചൊറിഞ്ഞു. ഒരുത്തന്‍ ഒരു ഗദ്ഗദം വിഴുങ്ങി അങ്ങനെ പല ഭാവങ്ങള്‍.

"നിങ്ങളെന്നാ അപകടം പിടിച്ച പണിക്കാ കൂട്ടു നിന്നേന്നു അറിയാവോ?"

"അറിയാം സാര്‍!"

"ഇനി അങ്ങനത്തെ പണിക്കുപോകുമോ?"

ഹാ! കാതില്‍ തേന്മഴപോലെയാണ്‌ ആ ചോദ്യം ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടത്‌. ശുഭലക്ഷണം!

"ഇനി ചെയ്യില്ല സാര്‍!"

"നിങ്ങള്‍ടെ നന്മയ്ക്കു വേണ്ടീട്ടാ ഓരോ കാര്യങ്ങളൊക്കെ പറയുന്നത്‌. പള്ളിക്കൂടത്തീ വരുന്നതു പഠിക്കാന്‍ വേണ്ടീട്ടാ. അല്ലാതെ കുരുത്തക്കേടൊപ്പിക്കാന്‍ വേണ്ടീട്ടല്ല. തല്‍ക്കാലം പൊയ്ക്കോ എല്ലാനും!!"

"താങ്ക്യൂ.... സാര്‍!!"

നീട്ടിയൊരു താങ്ക്‌സടിച്ച്‌ സന്തോഷം തുളുമ്പുന്നമനസ്സുമായി ഞങ്ങള്‍ നടന്നു തുടങ്ങുമ്പോള്‍ ഞങ്ങളെ നോക്കിച്ചിരിച്ചുകൊണ്ട്‌ ഓഫീസിന്റെ വാതില്‍ക്കല്‍ ജോമേരിടീച്ചര്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ മദര്‍ തെരേസയായിട്ട്‌!


വാല്‍: ഉലഹന്നാന്‍ സര്‍ പിന്നെയും എന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കുസൃതിത്തരത്തിന്റെ ടെന്‍ഷനില്ലാത്ത മറ്റുചില ധന്യരംഗങ്ങളില്‍. അക്കഥകള്‍ പിന്നീട്‌.

Thursday, July 14, 2011

സ്വരമണ്ഡപത്തിലെ സോപാനഗായകന്‍

"ഏയ്‌ഞ്ചല്‍ വന്നില്ലല്ലോ?"

"ഇനി ഇന്ന്‌ ഇല്ലായിരിക്കുമോ?"

"അപ്പോപ്പിന്നെ പിള്ളാരെങ്ങനെ കോളേജില്‍ വരും?"

"പിന്നെ, എന്നു വെച്ചാ ബസുകാരടെ ആവശ്യമല്ലേ പിള്ളാരു കോളേജീ പോണംന്നുള്ളത്‌!"

"ഇന്നു ലേറ്റായിരിക്കുമെടേ!"

"പത്തുപത്തിനു വരുന്നതാണല്ലോ. പത്ത്‌ പതിനഞ്ചായി."

"ഇനിയിപ്പോ എപ്പഴേലും വരട്ടെ, നീയാ ചീപ്പൊന്നു തന്നേ.. ഞാന്‍ ഞാന്‍ ക്ലാസ്സില്‍ കേറാന്‍ പോവാ."

"എന്നാടാ ഇന്നിവനു പഠിക്കാനൊരു ശുഷ്കാന്തി?"

"ദേ, വിനോദേ നീ ചുമ്മാ ചൊറിയല്ലേ! എനിക്കു വയ്യ ഈ കോപ്പന്റെ ഓരോ തോന്ന്യാസത്തിനു ഇങ്ങനെ കൂട്ടിരിക്കാന്‍. അവന്‍ അശ്വതീനെ കാണാനാ ഇരിക്കുന്നെ. നീയൊക്കെ ആരെ കാണാനിരിക്കുവാ?"

"ഓ.. അങ്ങനെ ഒന്നുമില്ല. അരു വന്നാലും ഒന്നു കണ്ടേക്കാം. അല്ലിയോടാ?"

"പിന്നല്ലാതെ. നീ കേട്ടിട്ടില്ലേ, നാരീദര്‍ശനം പുണ്യം എന്നാ."

"നിന്റെയൊക്കെ നോട്ടോം കമന്റടീം യെവള്‍മാരടെ വീട്ടിലെ ആണുങ്ങള്‍ കാണ്ടാല്‍ പിന്നെ ആ പുണ്യം കൊണ്ട്‌ സന്യസിക്കാന്‍ പോയാമതി."

"ബസ്സു വരുന്നുണ്ടെടാ..!!"

"ഡാ.. നീ പൊക്കൊ.. ക്ലാസ്സില്‍ പൊക്കോ.. ഇവടെ നിക്കണ്ട..!"

"അതെ, ഡാ പടിപ്പിസ്റ്റേ.. പോടാ."

"അതെ... പോയി നാലക്ഷരം പഠിച്ചു നന്നാവെടാ."

"എന്തായാലും താമസിച്ചില്ലേടാ.. ഇനിയിപ്പോ ഈ അവറു കഴിയട്ടെ ഒരുമിച്ചു കേറാം. ഇപ്പളേ ആ പൂതനയാ."

"യ്യോടാ.. ഇച്ചിരെ നേരം മുന്നേ ഈ പൂതനേടേ ക്ലാസ്സിലേക്കു പോകാനാരുന്നല്ലോടാ തിടുക്കം?"

"ശ്ശെ.. മിണ്ടാതിരിയെടാ.. "

"അച്ചുക്കുട്ടി എവിടെ.. ഇന്നില്ലേടാ ഉവ്വേ?"

"ഒന്ന്‌.. രണ്ട്‌... മൂന്ന്... നാല്‌... അഞ്ച്‌.... ആറ്‌... ഏഴ്‌.. ദെ.. ദെ.. വരുന്നു... ലതാ വരുന്നു അച്ചുക്കുട്ടി!"

"ഇന്നു കിടിലാന്‍ ആയിട്ടുണ്ടല്ലോ.. തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍.... നനനീ നനനന നാനീ..."

"മിണ്ടാതിരിയെടാ എരപ്പേ... മൂപ്പനെ ഡിസ്റ്റര്‍ബ്‌ ചെയ്യല്ലേ..."

"ഇന്നേലും അവളടെ ഒരു കടാക്ഷം കിട്ടിയില്ലേല്‍ മൂപ്പന്‍ ക്ലാസ്സില്‍ കയറുന്നപോയിട്ട്‌ രാത്രി ഉറങ്ങി വെളുപ്പിക്കത്തില്ല."

"എല്‍സാന്റിയേ... ഞങ്ങളൊക്കെ ഇവിടെയുണ്ട്‌ കേട്ടോ!"

"ഉവ്വാടാ. ഇങ്ങനെയാണെങ്കില്‍ അധികം നാള്‍ ഉണ്ടാവില്ല."

"ഞങ്ങക്കും അതാ ഇഷ്ടം!"

"പോടാ വായിനോക്കീ."

"താങ്ക്‌ യു ചക്കരേ!"

"ഡാ.. അളിയാ... അശ്വതി... അശ്വതി..!"

"പാട്ടുകാരിപ്പെണ്ണ്‌, ഒപ്പം ഈ ശാലീന സൗന്ദര്യവും. ഇതിലും വെല്യ ഒരു പണി നമ്മക്കിട്ടൊക്കെ ദൈവം തരുമോടാ?"

"അളിയാ മൂപ്പാ.. ഇന്നേതു പാട്ടാ...?"

"കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍...
ദേവീ വരുമ്പോള്‍...."

"മൂപ്പാ, സക്‌സസ്സ്‌!!! ദേ അവളു ചിരിക്കുന്നു! ഇന്നാദ്യമായി നീ പാടിയ ഒരു പാട്ടു കേട്ട്‌ അവളു ചിരിച്ചു. വഴി തെളിഞ്ഞു മോനേ..!"

"അല്ല മൂപ്പാ, എന്താ അതിന്റെ ഗുട്ടന്‍സ്‌?"

"ഹ ഹാ! അതിന്റെ ബാക്കി ദേ ഇങ്ങനെ പോകും.." എന്നിട്ടു മൂപ്പന്‍ ഈണത്തില്‍ പാടി.

"നിന്നേ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം..
അഭിനിവേശം.. അഭി-നിവേശം!!"

Thursday, July 07, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 6

മൂന്നേകാലോടെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. സിറ്റിയില്‍ ചെന്നപ്പോള്‍ ഒറ്റ ഓട്ടോ ഇല്ല. പള്ളിവികാരിയുടെ അച്ഛന്റെ മരിച്ചടക്കിനു പോയിരിക്കുക്കയാണ്‌ എല്ലാവരും തന്നെ. നടന്നെത്താന്‍ സമയമുണ്ടായിരുന്നതു കൊണ്ടും, വണ്ടി നോക്കി നിന്നു നേരം കളയാന്‍ വയ്യാത്തതു കൊണ്ടും ഞാന്‍ നടക്കാന്‍ തുടങ്ങി. ആവശ്യനേരത്തിറങ്ങുമ്പോള്‍ വണ്ടി കിട്ടാറില്ല എന്നതാണു സാധാരണ അനുഭവം. അതു ബാംഗ്ലൂരായാലും കേരളമായാലും. ഇതിന്റെ സൈഡ്‌ സ്റ്റോറികള്‍ സഹിതം മറ്റൊരിക്കല്‍ പറയാം. ഏതായാലും ഒരു കിലോമീറ്ററോളം നടന്നു. വഴിയില്‍ ഒരു പരിചയക്കാരനോട്‌ കുശലം പറഞ്ഞു. നേഴ്‌സറി മുതല്‍ മൂന്നാം ക്ലാസ്സു വരെ ഒപ്പം പഠിച്ച ഇരട്ടകളായ അനൂപ്‌ ശശി, അനീഷ്‌ ശശി എന്നിവരില്‍ ഒരാളെ കണ്ടു. സത്യം പറയാമല്ലോ ഇന്നും എനിക്ക്‌ ഇവനെ കണ്ടാല്‍ അങ്കലാപ്പാണ്‌. ഇവന്റെ പേരെന്താണ്‌, അനൂപോ അതോ അനീഷോ? ഈ കണ്‍ഫ്‌യൂഷന്‍ ഉള്ളതുകൊണ്ട്‌ അവനെ ഞാന്‍ പേരുവിളിക്കാറില്ല! (അനീഷാണെന്നാണ്‌ എന്റെ ബലമായ സംശയം!) കുശലം പറഞ്ഞു അല്‍പനേരം നിന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ ഓട്ടോ വന്നു. കയറി.

നിരപ്പേല്‍ക്കട എത്തിയപ്പോള്‍ വന്നവഴിക്ക്‌ കണ്ടുമുട്ടിയ ജോസ്‌ ചേട്ടന്‍ ഓട്ടോയില്‍ കയറി. ഡ്രൈവര്‍ക്കൊപ്പമാണ്‌ ജോസ്‌ ചേട്ടന്‍ ഇരുന്നത്‌. കയറിയപാടെ പിന്നിലേക്കു നോക്കിയപ്പോള്‍ മൂപ്പരു കണ്ടത്‌ എന്റെ വലതു ഭാഗത്തിരുന്ന ഷാജിച്ചേട്ടനെ. അവരു തമ്മില്‍ ഓരോ കാര്യം പറഞ്ഞിരുന്നു. രണ്ടു മിനിറ്റു കൊണ്ട്‌ ടൗണിലെത്തി. ഇറങ്ങുന്ന വഴിക്കാണ്‌ ജോസ്‌ ചേട്ടന്‍ എന്നെ കണ്ടത്‌. പുള്ളീടെ മുഖത്തു വിസ്മയം.

"ആ, നീയിതിനകത്തുണ്ടായിരുന്നോ? എന്നിട്ടെന്നാ മിണ്ടാഞ്ഞെ?"

"നിങ്ങളു വെല്യ വര്‍ത്താനമല്ലാരുന്നോ. അതാ പിന്നെ ഞാന്‍ ഇടയ്‌ക്കു കയറാഞ്ഞെ!"

"ആ, ഞാനേ, അവനെയേ(ഷാജി) ശ്രദ്ധിച്ചുള്ളൂ.. അതാ"

"കണ്ടില്ലാരുന്നു എന്നെനിക്കു മനസ്സിലായി."

"ഇതെങ്ങോട്ടാ, തിരിച്ചു പോവാന്നോ?"

"അതെ."

"അതു ശരി. അതെന്നാ ഇത്രേം പെട്ടെന്ന്‌?"

"ഇങ്ങനൊക്കെയേ പറ്റൂ!" ഞാന്‍ ചിരിച്ചു.

നാട്ടില്‍ നിന്നും ചില പലചരക്കു സാധനങ്ങളും വാങ്ങി ഇടശ്ശേരി ജംഗ്ഷന്‍ കഴിഞ്ഞുള്ള അഞ്ചന ഹോസ്‌പിറ്റലിനടുത്തെത്തി. ബസ്‌ പോകാന്‍ തയ്യറായി അവിടെയുണ്ടായിരുന്നു. സോണിച്ചേട്ടന്റെ കയ്യില്‍ പൈസ കൊടുത്ത്‌ വഴിയില്‍ വെച്ചു തന്നെ ടിക്കറ്റ്‌ വാങ്ങി. സീറ്റ്‌ നമ്പര്‍ കണ്ടപ്പോള്‍ അല്‍പം നിരാശ തോന്നി. ഇരുപത്തെട്ട്‌. എന്നുവെച്ചാല്‍ ഏറ്റവും പിന്നില്‍ ഇടനാഴിയുടെ നേര്‍ക്കുള്ള നടുക്കത്തെ സീറ്റ്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ മാത്രം പറഞ്ഞ ടിക്കറ്റായതിനാലാവും. മിണ്ടാത്തേലും ഭേദമാണല്ലൊ കൊഞ്ഞപ്പ്‌ എന്നോര്‍ത്ത്‌ കയറി. തല്‍ക്കാലം മുന്നിലുള്ള ഒരു സീറ്റിലിരുന്നു. കുമളിക്കുള്ള വഴിക്കും പിന്നെ കുമളി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം പിക്കപ്‌ ഉണ്ട്‌. കുമളിയിലെത്തുമ്പോള്‍ സ്വന്തം സീറ്റിലേക്കു മാറാമെന്നു കരുതി അവിടിരുന്നു.

ആറുമണിയോടെ കുമളിയിലെത്തി. ടിക്കറ്റ്‌ ചെക്കര്‍ വന്നു പരിശോധനയ്‌ക്ക്‌. അപ്പോളേക്കും പിന്നില്‍ പോയിരുന്നു. എന്റെ ഇടതുവശത്ത്‌ വിന്‍ഡോ സീറ്റില്‍ ഒരു ചേട്ടന്‍. തോപ്രാംകുടിക്കാരന്‍ ജയിംസ്‌. ഞങ്ങള്‍ ഓരോ നാട്ടു വര്‍ത്താനമൊക്കെ പറഞ്ഞിരുന്നു. ഇരുള്‍ വീണ തോട്ടങ്ങള്‍ക്കിടയിലൂടെ ബസ്‌ തമിഴകത്തിന്റെ നിരപ്പത്തു കൂടി പാഞ്ഞു. ജയിംസ്‌ ചേട്ടന്റെ മക്കള്‍ രണ്ടുപേരും ബാംഗ്ലൂരില്‍ ടി.സി.എസ്‌.ല്‍ ജോലി ചെയ്യുന്നു. അദ്ദേഹം ഇടയ്‌ക്കൊക്കെ ഇവിടെ വന്നു പോകാറുണ്ടത്രേ. പേരക്കുട്ടിയ കാണാനും കൂടിയാണ്‌ ഈ യാത്ര. ഈ റൂട്ടിലെ യാത്രയെപ്പറ്റിയും റോഡിനെപ്പറ്റിയും വഴിയില്‍ കിട്ടുന്ന ഭക്ഷണത്തെപ്പറ്റിയും ഒക്കെയായിരുന്നു ചര്‍ച്ച. മൂപ്പര്‍ ബാംഗ്ലൂരില്‍ എന്റെ താമസസ്ഥലവും ഇറങ്ങുന്ന സ്ഥലവും ഒക്കെ ചോദിച്ചു.

ഇടയ്‌ക്കുനോക്കിയപ്പോള്‍ ബസ്സിലെ കാര്‍പറ്റില്‍ പുഴു പോലെ എന്തോ ഒന്ന്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ചോര കുടിക്കുന്നയിനം അട്ടയാണ്‌, തോട്ടപ്പുഴു എന്നാണു അവിടുള്ളോര്‍ പറയുക. ഞാന്‍ ജയിംസ്‌ ചേട്ടനെ കാണിച്ചു. പുള്ളി പറഞ്ഞു ചവിട്ടിക്കൊല്ലാന്‍. ഞാന്‍ ഷൂസ്‌ കൊണ്ട്‌ അതിനെ ഞെരിച്ചു. ഇരുണ്ടചെമപ്പുനിറത്തില്‍ ഒരു കട്ട രക്തം പുറത്തു ചാടി അതു ചത്തുതുലഞ്ഞു. ഒരു കഷണം കടലാസുകൂട്ടി അതിനെ ഞാന്‍ തോണ്ടിയെടുത്ത്‌ വെളിയിലെറിഞ്ഞു. അടുത്ത സീറ്റുകളില്‍ ഇരുന്നവരോടെല്ലാം കാലൊക്കെ ഒന്നു പരിശോധിക്കാന്‍ പറഞ്ഞു. കടിവായില്‍ നിന്നു ചോര വരുന്നുണ്ടാവുമല്ലോ. പക്ഷേ അവിടിരുന്നവര്‍ക്കൊന്നും കടിയേറ്റിരുന്നില്ല. സ്ലീപ്പറിലുള്ള ആര്‍ക്കെങ്കിലുമാവും പണി കിട്ടിയിട്ടുണ്ടാവുക. കുമളിയില്‍ അതിര്‍ത്തി കഴിഞ്ഞ്‌ കാടിന്റെ ഓരത്തു നിര്‍ത്തിയിട്ടപ്പോള്‍ പുറത്തിറങ്ങിയ ആരുടെയെങ്കിലും കാലില്‍ത്തൂങ്ങി വന്നതാവണം ആശാന്‍.

ഒന്‍പതേമുക്കാലായപ്പോള്‍ ഡിണ്ടിഗല്‍ ബൈപാസ്സില്‍ വണ്ടിയെത്തി. അവിടെ ഹോട്ടല്‍ അര്‍ച്ചനയുടെ മുന്നില്‍ നിര്‍ത്തി. കഴിക്കാന്‍ പതിവായി നിര്‍ത്തുന്നതിവിടെ ആണ്‌. കാശിനുകൊള്ളാത്ത ശാപ്പടാണ്‌ അവിടെ എന്നു ജയിംസ്‌ ചേട്ടന്‍ പരിതപിച്ചു.
"ഒരു ദോശയ്ക്ക്‌ ഇരുപത്തിമൂന്നു രൂപയേ! അതും മറ്റേ... പ്ലെയിന്‍!"
ഇന്നു വരെ ഞാന്‍ അവിടെ നിന്നു കഴിച്ചിട്ടില്ലെങ്കിലും ശരിവെച്ചു.

"പാഴ്‌സലുണ്ടോ?" ഞാന്‍ അന്വേഷിച്ചു.

"ഉണ്ട്‌."

എന്റെ ഇലപ്പൊതി. അച്ചാറും ഇറച്ചി ഉലര്‍ത്തിയതും ചക്കക്കുരു തോരനും വാട്ടിയ വാഴയിലയുടെ മണവും ചേര്‍ന്ന് സുഖകരമായ മണം. ഇതു കുറിക്കുമ്പോഴും എനിക്കു കൊതിപൊങ്ങുന്നു! പിന്നെ കൈകഴുകി പുറത്തൊരു അഞ്ചു മിനിറ്റ്‌ ചുറ്റിപ്പറ്റി നിന്നപ്പോഴേക്കും പുറപ്പെടാറായി. നേരം പത്തരയാകാറായിരുന്നു. ഞങ്ങള്‍ പിന്നെ അധികമൊന്നും സംസാരിച്ചില്ല.

മയക്കത്തിനും ഉണര്‍വ്വിനും ഇടയിലുള്ള ഒരവസ്ഥയിലാണ്‌ എന്നെ ജയിംസ്‌ ചേട്ടന്‍ തട്ടി വിളിച്ചത്‌. എന്നെ ഞെട്ടിച്ചു കൊണ്ട്‌ 'ഇലക്‌ട്രോണിക്‌ സിറ്റിയെത്തി' എന്നു പറഞ്ഞു. വാച്ചില്‍ നോക്കി നേരം അഞ്ച്‌ നാല്‍പത്‌. പുറത്തേക്കു നോക്കുമ്പോള്‍ ബസ്‌ ഇലക്‌ട്രോണിക്‌ സിറ്റി ടോള്‍ ഗേറ്റു കടക്കുകയാണ്‌. ശഠേന്നു ഷൂസിന്റെ ലേസൊക്കെ വലിച്ചു കെട്ടി ചെന്നപ്പോള്‍ വണ്ടി അല്‍പം കൂടി കൂടി നീങ്ങി. 'ഇനി താഴെ നിര്‍ത്താം' എന്നു ഔദാര്യപൂര്‍വ്വം ഡ്രൈവര്‍ പറഞ്ഞു. ഞാന്‍ തിരികെ വന്ന്‌ ബാഗും സാധനം വാങ്ങിയ പ്ലാസ്റ്റിക്‌ കൂടും എടുത്തു. ജയിംസ്‌ ചേട്ടനോട്‌ യാത്ര പറഞ്ഞു. കൊനപ്പന അഗ്രഹാരയില്‍ ബസിറങ്ങി. ഒരൊറ്റ ബസ്സുകാണുന്നില ഇലക്‌ട്രോണിക്‌ സിറ്റിയിലേക്ക്‌. ഉണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റോപ്പ്‌ ദൂരത്തെ നടപ്പ്‌ ഒഴിവാക്കാമായിരുന്നു. ഓട്ടോ വിളിച്ചാല്‍ പഹയന്മാര്‍ കൊല്ലുന്ന കൂലി വാങ്ങുമെന്നുറപ്പ്‌. പതിനഞ്ച്‌ രൂപയുടെ ഓട്ടമില്ലാത്ത എന്റെ താമസസ്ഥലത്തേക്ക്‌ ഈ ___കള്‍ നാല്‍പതും അന്‍പതും ഒക്കെയാണു വാങ്ങുക. ഇന്ധനവില കൂടിയതിനു ശേഷം എത്രയാണോ ആവോ! ഇനി ഇവിടുന്നാവുമ്പോ അവന്മാര്‍ ചോദിക്കുന്ന കൂലി കേട്ട്‌ നല്ലോരു പ്രഭാതത്തിന്റെ മൂഡ്‌ പോകാനും മതി. നടക്കാമെന്നുറച്ച്‌ ഞാന്‍ റോഡ്‌ മുറിച്ചു കടന്നു. നേരിയ തണുപ്പുണ്ട്‌. ചെവി മൂടുന്ന തൊപ്പി ധരിച്ചു. പയ്യെ നടന്നു. വലതു കയ്യുടെ ഒരത്തിന്‌ ഒരു വേദന പോലെ. ഇതെന്തു പറ്റി? തലേന്നത്തെ മാവേലേറ്‌ മഹാമഹം ഓര്‍മ്മ വന്നു!

ആറായപ്പോള്‍ മുറിയിലെത്തി. ഒരുറക്കം കഴിഞ്ഞപ്പോള്‍ മണി ഒന്‍പത്‌. കുളി പല്ലുതേപ്പൊക്കെ കഴിഞ്ഞു. വീട്ടില്‍ നിന്നു കൊണ്ടുവന്ന ഏത്തപ്പഴം ഒരെണ്ണം പുഴുങ്ങി അടിച്ചു. ഞാലിപ്പൂവന്‍ പടല ബാഗിലിരുന്ന്‌ ബാക്കി കൂടി പഴുത്തു ഞെരുങ്ങി അങ്ങിങ്ങ്‌ ചതഞ്ഞും മൃതപ്രായമായിരുന്നു. അതും രണ്ടുമൂന്നെണ്ണം തിന്നു. ഒരു കട്ടന്‍ കാപ്പിയും ഇട്ടു കുടിച്ച്‌ ഒരുങ്ങിയിറങ്ങി. പതിനൊന്നേകാലായപ്പോള്‍ ഓഫീസിലെത്തി. ബസില്‍ പിന്നിലെ സീറ്റിലിരുന്നു കുലുങ്ങി വന്നതിന്റെയാവണം വയറ്റത്തെ മസിലുകള്‍ക്കു നല്ല വേദന. ഏതോ തമാശ കേട്ടു ചിരിച്ചപ്പോളാണ്‌ അതു മനസ്സിലായത്‌! ഒപ്പം കയ്യുടെ ആ കുഞ്ഞു വേദനയും. ആ ചെറുതരി സുഖമുള്ള നോവിനെ സ്നേഹിച്ചും 'കോപ്പിലെ ഒരു തിങ്കളാഴ്ച' എന്നു പിറുപിറുത്തും പാസ്‌വേഡ്‌ ടൈപ്പ്‌ ചെയ്‌തു. വിരസമായ മറ്റൊരു വാരത്തിലേക്ക്‌.

(അവസാനിച്ചു)