Thursday, August 19, 2010

അന്തോണിയുടെ സ്വാഗതപ്രസംഗം

"നീയാ നോട്ടീസൊന്നൂടെ വായിച്ചേ" അന്തോണി ഇളയപുത്രന്‍ ആഭാസ്‌കുമാറിനോട്‌ പറഞ്ഞു.

അടുക്കളയില്‍ തേങ്ങാച്ചമ്മന്തിക്ക്‌ മുളക്‌ ചുട്ടുകൊണ്ടിരുന്ന അച്ചാമ്മ പിറുപിറുത്തു. "ഇങ്ങേര്‍ക്കിത്‌ എന്തിന്റെ കേടാ? ഇതിപ്പോ മൂന്നാമത്തെ തവണയാ ആ ചെക്കനെക്കൊണ്ട്‌ നോട്ടീസ്‌ വായിപ്പിക്കുന്നെ. ഇങ്ങനെയുണ്ടോ ഒരു.."

"നീ മിണ്ടാതിരിയെഡീ..!" അതൊരു ആജ്ഞയായിരുന്നു. ആഭാസ്‌കുമാര്‍ നോട്ടീസ്‌ വായിച്ചു.

"വള്ളിക്കെട്ടുപാറ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി. സ്കൂള്‍ രജതജൂബിലി ആഘോഷവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും

ബഹുമാന്യരെ, വള്ളിക്കെട്ടുപാറയുടെ തിലകക്കുറിയായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂള്‍ രൂപീകൃതമായിട്ട്‌ മഹത്തായ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരം അറിവുള്ളതാണല്ലോ. നമ്മുടെ നാടിന്റെ അക്ഷരദീപമായ വിദ്യാലയം രജതജൂബിലി എന്ന നാഴികക്കല്ലു പിന്നിടുന്ന ഈ അവസരം സമുന്നതമായി കൊണ്ടാടാന്‍ മാനേജ്‌മെന്റും അദ്ധ്യാപക രക്ഷകര്‍തൃസമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. രണ്ടായിരത്തൊമ്പത് ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ഒന്നു മുപ്പതിന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രജതജൂബിലി ആഘോഷങ്ങളും സ്മാരകമന്ദിര ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്‌. നമ്മുടെ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ റവ..... “

"ആ... മതി, മതി." അന്തോണി ഇടയ്ക്കു കയറി. "ഇനി നീയാ 'കാര്യപരിപാടി' എന്ന ഭാഗം വായിച്ചേ..!"

"കാര്യപരിപാടി.. ഒന്നു മുപ്പത്‌ പി.എം. ഈശ്വരപ്രാര്‍ഥന... സ്വാഗത പ്രസംഗം... ശ്രീ ആന്റണി വേലിക്കല്ലില്‍ ബ്രായ്ക്കറ്റില്‍ പി.റ്റി.എ. പ്രസിഡന്റ്‌..."

കേട്ട പാടെ അന്തോണി കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു. ആഭാസ്‌ വായന തുടര്‍ന്നു...

"അദ്ധ്യക്ഷ പ്രസംഗം ശ്രീ. കെ. വി. ഇട്ടിയവിരാ, സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍.. ജൂബിലി ദിന സന്ദേശം - റവ. ഫാ..."

"ആ... മതി മതി!" അന്തോണി വീണ്ടും ഇടയ്ക്കു കയറി. "നിനക്കു പഠിക്കാനൊന്നുമില്ലേ? പോയിരുന്നു വല്ലോം പഠിക്കെടാ.. അവന്റെ ഒരു നോട്ടീസു വായന!"

അനന്തരം അന്തോണി ഒരു ബീഡിക്കു തീ കൊളുത്തി അത്താഴത്തിനുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.

**** **** ****

"എന്നാ മനുഷേനെ, ഇതു വരെ ഉറങ്ങിയില്ലേ? നിങ്ങക്കിതെന്നാ പറ്റി? "

പാതിരാ കഴിഞ്ഞിട്ടും കിടക്കയില്‍ ഉരുണ്ടുകളിക്കുന്ന കാന്തനെ നോക്കി അച്ചാമ്മ പ്രണയപൂര്‍വ്വം ചോദിച്ചു.

"അല്ലെടീ, ഞാനോര്‍ക്കുവാരുന്നു..."

"എന്നതാ ഇച്ചായാ..? നന്ദിനിപ്പശൂന്റെ പേറിന്റെ കാര്യമാണോ? അതിനിനി ഒരാഴ്ചകൂടി എടുക്കും!"

"ശ്ശെ, അതല്ലെടീ മൂശേട്ടേ.. എന്നാലും ആ ഒരു പറച്ചിലു വേണ്ടാരുന്നു."

"എന്നതാ മനുഷേനേ..? ഒന്നു തെളിച്ചുപറ."

"ആ തിലകന്‍ പ്രയോഗമേ, നോട്ടീസിലെ! അതൊരു സുമാറില്ലാത്ത വാക്കായിപ്പോയി. ആ സിലുമാ ഭ്രാന്തന്‍ എബി സാറാ നോട്ടീസടിക്കാന്‍ കൊടുത്തത്‌. അപ്പൊഴേ തോന്നിയതാ അവനെന്തേലും എടങ്ങേറൊപ്പിക്കുമെന്ന്‌. അവന്റെ ഒരു തിലകനും സംയുക്തേം!"

"ദേ.. എന്റെ വായീന്നു നല്ലതു കേക്കണ്ടങ്കി വേഗം കെടന്നൊറങ്ങിക്കോ!! ഇതിയാന്റെ ഒരു തിലകന്‍!"

**** **** ****

മൈക്കിലൂടെ അനൗണ്‍സ്‌മന്റ്‌ മുഴങ്ങി: "യോഗനടപടികളില്‍ ഇനി സ്വാഗത പ്രസംഗം. അതിനായി പൗരപ്രമുഖനും സര്‍വ്വോപരി അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ ശ്രീ. ആന്റണി വേലിക്കല്ലില്‍-നെ വേദിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു..."

സൈഡ്‌ കര്‍ട്ടനു പിന്നില്‍ നിന്ന അന്തോണി പോലും അപ്പോഴാണറിഞ്ഞത്‌, താന്‍ പൗരപ്രമുഖനാണെന്ന്. അച്ചാമ്മ തേച്ചു മിനുക്കിയ ക്രീം കളര്‍ ടെര്‍ലിന്‍ ഷര്‍ട്ടും പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഉടുത്ത ശ്രീമാന്‍ അന്തോണി വിറതാങ്ങിയുടെ(പ്രസംഗപീഠം) അടുത്തെത്തി. മൈക്കിന്റെ കഴുത്തിനു പിടിച്ചൊന്നു പൊക്കി.

"കൂ......................ഉം...."

ആള്‍ക്കാരല്ല, മൈക്കാണു കൂവിയത്‌. ഒന്നു ശങ്കിച്ചെങ്കിലും വേദിയിലുള്ള വി.ഐ.പികളെയും സദസ്സിന്റെ ഇടയില്‍ ഓറഞ്ചു നിറത്തിലുള്ള സാരി ധരിച്ച്‌ കാതു കൂര്‍പ്പിച്ചിരിക്കുന്ന പ്രിയതമയെയും കണ്ടതോടെ അന്തോണിയുടെ ടെന്‍ഷന്‍ മാറി. ഒന്നു മുരടനക്കി ആശാന്‍ നല്ല ബാസില്‍ തന്നെ ആരംഭിച്ചു...

"വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, സദസ്സിലുള്ള നാട്ടുകാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളേ...

വള്ളിക്കെട്ടുപാറ സ്കൂളിന്റെ രശത ജൂബിലി ആഗോഷങ്ങള്‍ക്കുവേണ്ടിയാണ്‌ നാം ഇവിടെ കൂടിയിരിക്കുന്നത്‌. നമ്മുടെ നാട്ടിലെ അനേകമനേകം കുട്ടിഗള്‍ഖ്‌ അറിവിന്റെ അക്ഷരാമൃതം പകര്‍ന്നു കൊഡുത്തിട്ടുള്ള ഒരു ഒരു അക്ഷയ ഖനിയാണീ വിധ്യാലയം. ആകയാല്‍ ഈ സമ്മേളനത്തില്‍ സ്വാഗതം പറയാന്‍ എനിക്കു കിട്ടിയ ഈ അവസരം വളരെ വിലപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. "

എന്നിട്ട്‌ അന്തോണി സ്റ്റേജിലിരിക്കുന്ന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഇട്ടിയവിര സാറിന്റെ മുഖത്തേക്കൊന്നു നോക്കി. 'കൊള്ളാം, നല്ല തുടക്കം' എന്ന് അദ്ദേഹം തലയാട്ടി.

'ദേ, രജത ജൂബിലി സ്മാരക മന്ദിരം എന്നു മാത്രമേ പ്രസംഗത്തില്‍ പറയാവൂ. 'കഞ്ഞിപ്പെര' എന്നു മിണ്ടിപ്പോയേക്കരുത്‌. പിന്നെ അരമനേന്നു പൈസ കുമുകുമാന്നു തന്നതുകൊണ്ടാ ഇതൊക്കെ ഒപ്പിക്കാനായത്‌. മെത്രാനെ നല്ലോണം ഒന്നു പുകഴ്ത്തിയേക്കണം. അല്ലെങ്കി പിതാവ്‌ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ്‌ ഉടനെ സ്ഥലം വിടും. മെത്രാന്‍ വന്നതു കൊണ്ടാ ഇത്രേം അമ്മച്ചിമാരും പെണ്ണുങ്ങളും വന്നേക്കുന്നത്‌. അതോര്‍ത്തോണം!' ഹെഡ്‌മാസ്റ്ററുടെ വാക്യങ്ങള്‍ അന്തോണിയുടെ തലയില്‍ അലയടിച്ചു.

"...ആദ്യമായി സ്വാഗതം ആശംസിക്കുന്നത്‌ യോഗാധ്യക്ഷന്‍ ബഹുമാന്യനായ നമ്മുടെയെല്ലാം എഡ്‌മാഷ്‌ ശ്രീ ഇട്ടിയവിരാ സാറിനാണ്‌..."

"... ഇട്ടിയവിരാ സാറിനെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ വിധ്യാലയത്തിനെ നന്മയ്ക്കും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരാള്‍. അച്ചടക്കവും ചിട്ടയായ പഠനവുമാണ്‌ നല്ല വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്‌ എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്‌. അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിനുള്ള നിഷ്കര്‍ഷ എനിക്ക്‌ എന്റെ മകന്‍ മുഖേന അറിവുള്ളതാണ്‌. ബഹുമാന്യനായ ഇട്ടിയവിര സാറിനെ ഞാന്‍ ഈ വേദിയിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു."

ബലേ ഭേഷ്‌. നിലയ്ക്കാത്ത കയ്യടി. അന്തോണി സാറിനെ ഒന്നു പാളി നോക്കി, സാര്‍ സദസ്സിനു നേരേ കൈ കൂപ്പി. സ്കൂള്‍ ലീഡര്‍ നീന പൗലോസ്‌ സാറിനു പൂച്ചെണ്ട്‌ നല്‍കി. മുന്‍നിരയില്‍ ഇരുന്ന് അക്കുത്തിക്കു കളിക്കുന്ന പയ്യന്മാരുടെ നേരെ സാര്‍ കയ്യോങ്ങി.

"... അടുത്തതായി സ്വാഗതം ആശംസിക്കേണ്ടുന്നത്‌ നമ്മുടെയിടയിലേക്ക്‌ ഇന്നു കടന്നു വന്ന് ഈ വേദിയെ അനുഗ്രഹീതമാക്കിയ ആരാധ്യനായ രൂപതാ മെത്രാനാണ്‌. "

അന്തോണിയുടെ പാളി നോട്ടം. പിതാവ്‌ ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്നു.

"നമുക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ ഇടവകയുടെയും സ്കൂളിന്റെയുമൊക്കെ കാര്യത്തില്‍ തിരുമേനിക്കുള്ള താല്‍പര്യം."

അരമനയില്‍ നാലുതവണ പോയിട്ടാണ്‌ പുള്ളിയെ ഒന്നുകാണാന്‍ കൂടി ഒത്തത്‌ എന്ന വിവരം പ്രാസംഗികന്‍ വിഴുങ്ങി.

"വന്ദ്യ പിതാവ്‌ ആദ്യം തന്നെ പറഞ്ഞു, ഈ ഇടവകയിലെ കുഞ്ഞാടുകളുടെ കാര്യത്തില്‍ തനിക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. ആയതു കൊണ്ട്‌, എത്രയും വേഗം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. പിന്നീടും പല അവസരങ്ങളില്‍ അതിനായിട്ട്‌ ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെയേ വന്ദ്യപിതാവ്‌ ഞങ്ങളെ സ്വീകരിച്ചിട്ടുള്ളൂ..."

ആദ്യമുണ്ടായിരുന്ന ബാസൊക്കെ പോയെങ്കിലും അന്തോണി കത്തിക്കയറി.

"വന്ദ്യപിതാവിനെക്കുറിച്ച്‌ കൂടുതലായിട്ടു പറയുവാണെങ്കില്‌, അദ്ദേഹത്തിനു നമ്മുടെ രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള താല്‍പര്യം പ്രസിദ്ധമാണ്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍, അദ്ദേഹം പിതാവാകുന്നേനൊക്കെ വളരെ മുന്നേ, അദ്ദേഹം നമ്മുടെ കൊച്ചുഗ്രാമത്തില്‍ വരികയും അന്നു ശൈശവ ദശയിലായിരുന്ന ഈ സ്കൂളിന്റെ പ്രവര്‍ത്തനം കണ്ട്‌ തൃപ്തനായി മടങ്ങുകയും ചെയ്തിട്ടുള്ളതാണ്‌. അന്നു മുതല്‍ ഇവിടുത്തെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വന്ദ്യപിതാവിനുള്ള സത്വരശ്രദ്ധ ഞാന്‍ ഓര്‍മ്മിച്ചുപോവുകയാണ്‌."

സദസ്സില്‍ അങ്ങിങ്ങു അടക്കിയ ചിരികള്‍ പൊട്ടുന്നതു അന്തോണി അറിഞ്ഞു. 'ഹെയ്‌, ഞാന്‍ കാരണം ആയിരിക്കില്ല' എന്നു കരുതി പ്രസംഗം വര്‍ദ്ധിതവീര്യത്തോടെ തുടര്‍ന്നു.

"വന്ദ്യപിതാവിന്റെ ഈ ഇടവകയിലെ കുഞ്ഞുങ്ങളോടുള്ള നിസ്വാര്‍ഥ സ്നേഹത്തിന്റെ പ്രതീകമായി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടം മാറും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്‌."

അന്തോണി പിതാവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖമൊന്നു കാണാനായി തല തിരിച്ചു. മെത്രാന്‍ ദാണ്ടെ പാവയ്ക്കാനീരു കുടിച്ചപോലത്തെ മുഖഭാവത്തോടെ ഇരിക്കുന്നു!

"അഭിവന്ദ്യപിതാവ്‌ രൂപതയിലുടനീളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറുമെന്ന് എനിക്കു സംശയമില്ല..."

സദസ്സിലെ ചിരി ഒന്നു കൂടി പരന്നു. ഏതാണ്ടെല്ലാവരുടെയും മുഖത്ത്‌ ഒരു ആക്കിയ ചിരി കാണാം. കണ്‍ഫ്യൂഷിതനായ അന്തോണി ഇട്ടിയവിരാ സാറിനെ ഒന്നു ചാഞ്ഞു നോക്കി.

തല ചെരിച്ച്‌ താടി തന്റെ നേരേ നീട്ടിയെറിഞ്ഞ്‌ സാര്‍ തുടര്‍ന്നോളാന്‍ ആംഗ്യം കാട്ടി. എന്നാല്‍ 'വേഗം തീര്‍ത്തിട്ടു പോടോ' എന്നാണ്‌ സാര്‍ ഉദ്ദേശിച്ചതെന്നു പാവം അന്തോണിക്കു മനസ്സിലായില്ല.

"...ആകയാല്‍ ഇനി മേലിലും ഇന്നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭാസ മേഖലകളില്‍ വന്ദ്യപിതാവിന്റെ... "

പിന്നില്‍ നിന്ന് ആരോ തോണ്ടിയതിനാല്‍ അന്തോണിയുടെ കോണ്‍സണ്ട്രേഷന്‍ തെറ്റി. നോക്കുമ്പോ ഇട്ടിയവിരാ സാര്‍. സാറിന്റെ മുഖം ആപ്പിള്‍ പോലെ തുടുത്തിരിക്കുന്നു. "എന്നാ സാറേ??"

"എടോ കാലമാടാ, ഇനിയെങ്കിലും മെത്രാനെ 'വന്ധ്യപിതാവ്‌' എന്നു വിളിക്കുന്നതൊന്നു നിര്‍ത്തെടോ!!!"

"കൂ...................ഉം.." മൈക്കും നാട്ടുകാരും ഒന്നിച്ചു കൂവി.

2 comments:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'