Sunday, November 01, 2009

ചെയ്യുന്നതെല്ലാം യാന്ത്രികം!

Aug 26, 2009

നാളെ ഞാന്‍ യാത്രയാവുന്നു..

നാട്ടിലേക്ക്.. എന്റെ വീട്ടിലേക്ക്...

എല്ലാ മാസവും ഒരിക്കലെങ്കിലും വളരെ ആമോദത്തോടെ പോകാറുണ്ടായിരുന്നതു പോലെ അല്ല.
മറിച്ച്, ഒരു ഫെബ്രുവരിനാളില്‍ മുത്തച്ഛന്റെ വിയോഗമറിഞ്ഞ് കലങ്ങിയ മനസ്സുമായി യാത്ര ചെയ്തതു പോലെയുമല്ല.

നാളെ രാത്രിയില്‍ മുന്‍‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഏതോ ഒരു ടി.എന്‍.എസ്.ടി.സി ബസ്സില്‍ എന്‍.എച്-7 ന്റെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഓരത്തേക്കു നോക്കിയിരിക്കുമ്പോള്‍ ...

ഗതകാലസ്മരണകളുടെ കുത്തൊഴുക്കോ അതോ വരാന്‍ പോകുന്ന നാളെകളെപ്പറ്റിയുള്ള ഭാവനകളോ ആവുമോ മനസ്സില്‍?
എന്താവുമെന്നു നിശ്ചയം പോരാ..

കാരണം ഈ വാരാന്ത്യം കഴിഞ്ഞു തിരികെ വരുമ്പോള്‍ ജീവിതത്തിന്റെ ഒരു പാതി വെച്ചുമാറ്റം നടത്തിയിട്ടാവും വരിക!

എല്ലാം തീരുമാനിച്ചതാണ് , മാസങ്ങള്‍ക്കു മുന്‍പേ. എങ്കിലും അടുത്തപ്പോള്‍ എന്തോ ഒരങ്കലാപ്പ്!
സ്വാര്‍ത്ഥമായി സ്വന്തമാക്കി വെച്ചിരുന്നതെന്തോ നഷ്ടമാവുന്നതു പോലെ!

മാത്രമല്ല, ഇടയ്ക്കിടെ മനസ്സില്‍ ഉയര്‍ന്നു വരുന്നു - ഉത്തരവാദിത്വങ്ങള്‍ എന്ന ശീര്‍ഷകമുള്ള ഒരു പോപ്-അപ് വിന്‍ഡോ!
ഉപ്പ് - പാകത്തിന് എന്നു പറയുന്നതു പോലെ ഒരല്പം ടെന്‍ഷനും.

ആദ്യമായി വീട്ടില്‍ ഒരു വലിയചടങ്ങു നടക്കാന്‍ പോകുന്നു. ഇത്തവണ ഓണം അപ്രസക്തം. പകരം വിവാഹനിശ്ചയ ആഘോഷം. പിന്നെയും ഒരാഴ്ച കഴിയണ്ട, വിവാഹം. അതിന്റെ ആവേശവും തിരക്കുകളും ക്ഷീണവുമായി അച്ഛന്‍. രണ്ടുപേര്‍ വീട്ടില്‍ എത്തിയാല്‍ പോലും ബി.പി കൂടുന്ന അമ്മ പണ്ടേ വ്യാകുലപ്പെട്ടു തുടങ്ങിയിരുന്നു - ‘എടാ, ഞാന്‍ എങ്ങനെ മാനേജ് ചെയ്യുമോ ആവോ?’

എനിക്കെന്നെത്തന്നെ നഷ്ടപ്പെടാന്‍ പോവുകയാണോ?

ഒരേ സമയം അലോസരപ്പെടുത്തുകയും അറിയാതെ(എപ്പോഴും പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന) ഒരാത്മഹര്‍ഷം ഉള്ളില്‍ നിറയ്ക്കുകയും ചെയ്യുന്ന...

എന്നിലെ ബാച്ചി(ലര്‍) മരണശയ്യയില്‍.

ഡോണ്ട് നോ, വരുന്ന കാവടികള്‍ എന്തെല്ലാമെന്ന്... പക്ഷേ, പോകുന്നത് എന്തെല്ലാമെന്നു കുറെയൊക്കെ അറിയാം. :)

“അളിയാ ...” എന്നലറിവിളിച്ചുകൊണ്ട് ഒരു സൌഹൃദബാച്ചിക്കൂട്ടത്തിലേക്ക് ഇടിച്ചുകയറാനുള്ള മൌലികാ‍വകാശം മുതല്‍ പലതും...
വാട്ടെവര്‍ ഹാപ്പെന്‍സ് ലൈഫ് ഹാസ് ടു ഗോ ഓണ്‍..!

അതുകൊണ്ട്.. മിസ്റ്റെര്‍ റിപ്പോര്‍ട്ടര്‍, ചിയേഴ്സ്..!


**********************************************

Aug 30, 2009

“അം‌മ്മേ..! ഹങ്ങനെ ഹതു കഴിഞ്ഞു കിട്ടി..” ട്രാവലര്‍ കട്ടപ്പനയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നപ്പോള്‍, റോഡിനിടതുവശത്തുകൂടി ഒഴുകുന്ന പെരിയാറിലേക്ക് അലസമായി കണ്ണൂപായിച്ചു കിടന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“ഏ..? എന്‍...ത്..?” പരിഹാസം കലര്‍ന്ന ഒരു ചോദ്യം അപ്രതീക്ഷിതമായി എന്നെത്തേടിയെത്തി.

“ഹല്ല, എന്നെ ബുക്കുചെയ്ത കല്യാണനിശ്ചയം എന്ന ചടങ്ങേ.. ഹതങ്ങുകഴിഞ്ഞല്ലോ എന്നോര്‍ക്കുവാരുന്നു...!” എന്റെ മറുപടി.

“ങാ. ഇനി ഓര്‍ക്കുന്നേനു വല്ല കുഴപ്പോമൊണ്ടോ? ലൈസന്‍സായില്ലിയോ?...” കമന്റുകള്‍ പലതും തുടര്‍ന്നും വന്നുകൊണ്ടിരുന്നു.

വലതു കയ്യിലെ വിരലില്‍ ചാര്‍ത്തിയ മോതിരത്തില്‍ ഞാന്‍ ഒന്നുകൂടി നോക്കി. മോതിരമണിഞ്ഞു പരിചയമില്ലാത്തതിനാലും ഇന്ത മോതിരം ഒരു വിശേഷാല്‍ മോതിരമായതിനാലും എന്തോ ഒരിത്!! ‘രേവതി’ എന്ന് അതില്‍ ആലേഖനം ചെയ്തിരുന്നു. എന്റെ നല്ല പാതി!!

*****************************************

Sep 02, 2009

“നിനക്കൊരു മടുപ്പുമില്ലേടാ ഇങ്ങനെ ബസ്സില്‍ യാത്ര ചെയ്യാന്‍?” 2009 പിറന്നതില്‍പ്പിന്നെ ഈ ചോദ്യം എത്ര കേട്ടിരിക്കുന്നു.

ബാംഗ്ലൂര്‍-കട്ടപ്പന റൂട്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് എത്രതവണ സഞ്ചരിച്ചെന്നറിയില്ല. നാട്ടിലേക്കുള്ള യാത്രകള്‍ ഘട്ടം ഘട്ടമായി ഹൊസൂര്‍-സേലം-ഡിണ്ടിഗല്‍-തേനി-കമ്പം-കുമളി എന്നിങ്ങനെ. മടങ്ങിവരവ് മിക്കവാറും കല്ലട ട്രാവത്സിന്, അല്ലെങ്കില്‍ എസ്സ്.ഇ.ടി.സിയ്ക്ക് കുമളിയില്‍ നിന്നും. ഇനി കശ്മീര്‍ വരെ വേണമങ്കിലും ബസ്സില്‍ത്തന്നെ യാത്ര ചെയ്യാന്‍ ഞാന്‍ തയ്യാറാ എന്നൊരു മറുപടിയില്‍ ഞാന്‍ എല്ലാം ഒതുക്കും.

യാത്രകള്‍ - എന്നും ഹരമാണ്. എപ്പോഴും പുതിയതെന്തെല്ലാ‍മോ കൊണ്ടുതരുന്ന യാത്രകള്‍. പുതിയ ദേശങ്ങള്‍, കാഴ്ചകള്‍, ആള്‍ക്കാര്‍. ചിലാപ്പോഴാകട്ടെ ചിലതെല്ലാം നഷ്ടപ്പെടുത്തുന്ന യാത്രകള്‍. മാനംകാണാമയില്‍പ്പീലി പോലെ മനസ്സില്‍ കാത്തുസൂക്ഷിച്ച വന്‍ സ്വപ്നങ്ങള്‍ മുതല്‍ കര്‍ചീഫ് വരെ അവയില്‍ പെടും.

നാളെ വീണ്ടുമൊരു യാത്ര പോകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രയാണത്തിന്റെ മറ്റൊരദ്ധ്യായം. എന്റെ വിവാഹത്തിലേക്കുള്ള യാത്ര!!
അതെ, ഈ വരുന്ന ഞായറാഴ്ച (2009 സെപ്റ്റം. 6) ഞാന്‍ വിവാഹിതനാവുകയാണ്. കായംകുളം കാപ്പില്‍ കിഴക്ക് സ്വദേശിനി രേവതിയാണ് വധു. ഓച്ചിറ മരുതവന ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.30നും 10.55നും ഇടയിലാണ് മുഹൂര്‍ത്തം. നാളത്തെ യാത്ര വൈവാ‍ഹികജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പ്.

ഞാന്‍ എന്ന സ്വരം മാറി നമ്മളാകുമെന്നും നീയെന്ന പദം മാറി നിങ്ങള്‍ ആകുമെന്നും ഇപ്പോള്‍ ഒട്ടൊരു അങ്കലാപ്പോടെ തിരിച്ചറിയുന്നു. ഈ യാത്രയില്‍ ഹരം തോന്നുന്നുണ്ടോ രാജ്? ഹേയ്.. അതിനെ ഹരം എന്നു വിളിക്കാമോ? ഇല്ല. ഓരോ മാറ്റവും അനിവാര്യമാണ്. ഇതും അനിഷേധ്യമാ‍യ ഒരനുഗ്രഹം എന്നു ഞാന്‍ കരുതട്ടെ. ജീവിതം പുതിയ അര്‍ഥതലങ്ങള്‍ തേടുന്നു. ഇന്നുവരെ തനിയെ നടന്ന പാതയില്‍ എന്റെ കൈ പിടിക്കാന്‍ ഒരുയിര്‍ കൂടിച്ചേരുന്നു.

മുന്നിലുള്ള വഴിയെങ്ങനെയാണ്? അവ്യക്തമാണ്. എന്നാല്‍ പിന്നിട്ടവഴികള്‍ ഓര്‍മ്മയിലിന്നും മിന്നി നില്‍ക്കുന്നു. അതെ, ആ‍ദ്യം പറഞ്ഞതുപോലെ ഒരുപാടുകാര്യങ്ങള്‍ കണ്ടറിഞ്ഞ യാത്രകള്‍. എങ്കിലും ഇനിയും താണ്ടാനുള്ള പാതകളില്‍ എന്തെല്ല്ലാമോ കാത്തിരിക്കുന്നുണ്ടാവാം- നല്ലതും അല്ലാത്തതും. മുന്‍പേ നടന്നവര്‍ തന്ന അറിവും അനുഗ്രഹവും പ്രത്യാശയും പാഥേയമാക്കി ഇന്നു വരെ ഒറ്റയ്ക്കു നടന്നതില്‍ നിന്നു വിഭിന്നമായി ഒരു യാത്ര.

അതെ, ഇനി മുതല്‍ രണ്ടു ടിക്കറ്റെടുത്തു തുടങ്ങാം !

**************************************

Sep 05, 2009

ഒരു ജീവിതം എന്റേതിനോടു ചേര്‍ത്തു വെയ്ക്കപ്പെട്ട ദിനം - 2009 സെപ്റ്റംബര്‍ 6.

ഏറെ നാളായി പരിചയമുള്ള ഒരാള്‍ എന്റെ വീട്ടിലേക്കു താമസം മാറി വരുന്നതു പോലെയായിരുന്നു എനിക്കു തോന്നിയത്‌.

വീട്ടില്‍ നിറയെ ബന്ധുക്കള്‍. ബഹളങ്ങള്‍. പക്ഷേ ആകെ ഇരുട്ടായിരുന്നു. പവര്‍ അന്നു പകല്‍ പോയതാണ്‌. എമര്‍ജന്‍സി ലാമ്പ്‌ കണ്ണടച്ചു. മെഴുകുതിരികള്‍ ഉരുകിയമര്‍ന്നു. മിച്ചമുണ്ടായിരുന്നതു മണ്ണെണ്ണവിളക്കുകളും ഒരു ഗ്യാസ്‌ ലെറ്റും മാത്രം.

വെളുപ്പിനെ വളരെ നേരത്തെ പുറപ്പെടേണ്ടതിനാല്‍ അല്‍പമെങ്കിലും ഉറങ്ങാന്‍ എല്ലാവരും ശ്രദ്ധിച്ചു. പന്ത്രണ്ടരയോടെ ഞാനും കിടന്നു. ഉറക്കം വന്നില്ല. മനസ്സില്‍ ഒരുപാട്‌ ഓര്‍മ്മകളുടെ വേലിയേറ്റം. ചടങ്ങില്‍ സംബന്ധിക്കാന്‍ ആയുസ്സില്ലാതെ പോയ മുത്തശ്ശിയും മുത്തച്ഛനും ഉള്ളില്‍ തെളിഞ്ഞു നിന്നു. പിന്നെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍.

നാളെ എങ്ങനെയായിരിക്കും. പലവിധചിന്തകള്‍ ഉയര്‍ന്നെങ്കിലും മനസ്സു ശാന്തമായിരുന്നു. സെല്‍ഫോണില്‍ രണ്ടുമണിക്ക്‌ അലാം വെച്ചു. പ്രിയതമയ്ക്ക്‌ എന്റെ ജീവിതത്തിലേക്കു സ്വാഗതമരുളി ഒരു എസ്‌എംഎസ്‌ അയച്ചു. കണ്ണടച്ചു കിടന്നു. ക്ഷീണം കാരണം പെട്ടെന്നുറങ്ങി.

ഒരു എസ്‌.എം.എസ്‌ ട്യൂണ്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. മറുപടി വന്നിരിക്കുന്നു- ഓകെ,ഗുഡ്‌ നൈറ്റ്‌.

സമയം ഒന്നര. ഇനിയും അരമണിക്കൂര്‍ കൂടി ഉറങ്ങാം എനിക്ക്‌. പക്ഷേ അതിനു കഴിഞ്ഞില്ല. മറ്റുള്ളവരുടെ ഒരുക്കത്തിന്റെ ബഹളങ്ങളിലേക്കു ഞാന്‍ സാവധാനം ഉണര്‍ന്നെണീറ്റു.

എന്റെ വിവാഹദിനപ്പുലരിക്ക്‌ ആങ്കര്‍ പേസ്റ്റു തേച്ച ബ്രഷുമായി ഞാന്‍ തുടക്കമിട്ടു!

അപ്പോഴും കറന്റില്ല. ഗ്യാസ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ പത പുരണ്ട എന്റെമുഖത്തു കൂടി അതീവ ശ്രദ്ധയോടെ ഞാന്‍ റേസര്‍ ഓടിച്ചു. ജീവിതത്തില്‍ ആദ്യമായി സ്വന്തം വീട്ടിലെ ടൊയ്‌ലറ്റിന്റെ വാതില്‍ക്കല്‍ ഊഴം കാത്തു നിന്നു. ഇളംചൂടുവെള്ളത്തില്‍ കുളി.

മണിക്കൂറുകള്‍ മുന്‍പു വരെ പെയ്തുനിന്ന മഴ തെല്ലൊന്നു ശമിച്ചിട്ടുണ്ട്‌. ഈറന്‍ മാറാത്ത അന്തരീക്ഷം. മുറ്റമാകെ ചെളിയാണ്‌. എല്ലാവരും റെഡിയായിക്കഴിഞ്ഞു. പുറത്തു നല്ല ഇരുട്ടും മഞ്ഞും. ഉള്ളൊനു ചൂടാക്കാനായി കട്ടന്‍ കാപ്പി.

സമയം രണ്ടര കഴിഞ്ഞു. പുറപ്പെടാനുള്ള ബസ്‌ സ്ഥലത്തെത്തി. ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും തയ്യാര്‍. എന്റെ ഫിനക്കിള്‍ ബാഗില്‍ അത്യാവശ്യം മേക്ക്‌-അപ്‌ സാധനങ്ങള്‍, കുട, കുടിവെള്ളം കുറെ ചില്ലറ എന്നിവ കരുതി. എനിക്കും വധുവിനുമുള്ള വിവാഹവസ്ത്രങ്ങള്‍ വേറൊരു സഞ്ചിയില്‍ കരുതി.

പ്രഭ ചൊരിഞ്ഞ നിലവിളക്കിനു മുന്നില്‍ പ്രണാമമര്‍പ്പിച്ച്‌ ഈ യാത്രയുടെ തുടക്കം. റോഡില്‍ വരെയെത്താന്‍ വെളിച്ചത്തിനു ലഭ്യമായ ടോര്‍ച്ചുകള്‍ കൂടാതെ പന്തത്തെയും ആശ്രയിക്കേണ്ടിവന്നു.

മെയിന്‍ റോഡിലെത്തി. ഇന്നൊവ എത്തിയില്ല. ഡ്രൈവറെ വിളിച്ചു. വണ്ടി കട്ടപ്പനയില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. അല്പസമയ്യത്തിനുള്ളില്‍ വാഹനമെത്തി. കാല്‍ കഴുകി ചെരിപ്പുമാറ്റി ധരിച്ചു. അച്ഛന്റെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണം ബസിലേക്കു വെയ്ക്കുന്നു. പോകാനുള്ളവര്‍ എല്ലാവരും എത്തി. പ്രതികൂലകാലാവസ്ഥയും പനിയും പലരെയും ദൂരയാത്രയില്‍ നിന്നും പിന്തിരിപ്പിച്ചു. നാല്‍പത്തൊന്‍പതു പേര്‍ക്കു യാത്ര ചെയ്യാവുന്ന ബസ്സില്‍ പകുതി യാത്രക്കാര്‍ മാത്രം. സെന്റ്‌ ജോസഫ്സ്‌ പള്ളിക്കുമുന്നിലെ മാതാവിന്റെ രൂപത്തിനു മുന്നില്‍ കാണിക്കയിട്ട്‌ മൂന്നു മണിയോടെ യാത്ര പുറപ്പെട്ടു.

പുറപ്പെടല്‍ വധൂഗൃഹത്തില്‍ വിളിച്ചറിയിച്ചു.

കനത്ത മഞ്ഞും തണുപ്പും. ഇന്നോവയ്ക്കുള്ളില്‍ ഇളം ചൂട്. പിന്നിലിരിക്കുന്ന കസിന്മാരും ആന്റിമാരും കമന്റടിച്ചു വധിക്കുന്നു!

മഞ്ഞ്‌ അതികഠിനമായിരുന്നു. കോഡ്രൈവര്‍ സീറ്റിലിരുന്ന്‌ ഞാന്‍ മുന്നിലെ റോഡിലേക്കുതന്നെ ഉറ്റു നോക്കിയിരുന്നു. തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ കേട്ട്‌ ഞങ്ങള്‍ സാവധാനം നീങ്ങി. കട്ടപ്പന ടൗണില്‍ എത്തിയപ്പോള്‍ ഡ്രൈവറുള്‍പ്പടെ എല്ലാവരും ഓരോ കട്ടന്‍കാപ്പി കുടിച്ചു. ഹൈറേഞ്ചിലെ കുളിരുന്ന രാത്രികളില്‍ കൊടുംചൂടുള്ള ബ്ലാക്ക്‌ കോഫി സ്ഫടികഗ്ലാസ്സില്‍ പകര്‍ന്ന്‌ ആ ചൂട്‌ കൈത്തലത്തിലേക്കു പകര്‍ന്നുകൊണ്ട്‌ ഊതിക്കുടിക്കുന്ന സുഖം അനിര്‍വ്വചനീയമാണ്‌.

കട്ടപ്പന ശ്രീലക്ഷ്മിനാരായണ ക്ഷേത്രത്തിലും തുടര്‍ന്ന്‌ നരിയമ്പാറ ക്ഷേത്രത്തിലും അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലും കാണിക്കയിട്ടു യാത്ര തുടര്‍ന്നു. ഇടയ്ക്കു മഴ ചാറുന്നുണ്ട്‌. അച്ഛന്‍ പിന്നാലെ വരുന്ന ബസ്സിലാണ്‌. ഇടയ്ക്ക്‌ വിളിച്ചപ്പോള്‍ സുരേഷ്‌ ഗോപി ആരോടോ കയര്‍ക്കുന്നതു കേട്ടു!

ഏലപ്പാറയിലെ വിജനമായ തേയിലത്തോട്ടങ്ങളിലൂടെ ഇന്നോവ നീങ്ങുമ്പോള്‍ അക്കരെ മലയിലെ റോഡിലൂടെ ബസ്‌ വരുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. ആറുമണിയോടെ എരുമേലിയിലെത്തി. കുടുംബത്തിന്റെ വേരുകളുറങ്ങുന്ന മണ്ണ്. വലിയമ്പലത്തില്‍ കയറി ശാസ്താവിനെ തൊഴുത്‌ വഴിപാടും നടത്തി യാത്ര തുടര്‍ന്നു. റാന്നി കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു ബന്ധുവീട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രാതല്‍ കഴിച്ചു. പൊറോട്ടയും കേരളത്തിന്റെ ആസ്ഥാന വെജ്‌ കറിയായ ഗ്രീന്‍ പീസും. ഒപ്പം ചായ. അപ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു.

അന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന ദിവസമാണ്‌. വിഴിയില്‍ വാഹനത്തിരക്കുണ്ടാവുമെന്നു കരുതിയെങ്കിലും ഇല്ലായിരുന്നു. അങ്ങനെ പന്തളവും നൂറനാടും കടന്ന് കായംകുളം ടൗണ്‍ ഒഴിവാക്കി ഓച്ചിറയിലെത്തി. ഒരു ഫോണ്‍കാള്‍ - ഓഡിറ്റോറിയം എവിടെന്നറിയാന്‍, ഹൈവേയില്‍ വാഹനം നിര്‍ത്തിയിടത്തു നിന്നും കഷ്ടിച്ചു നൂറൂമീറ്റര്‍ മാത്രമകലെ ആയിരുന്നു ഹാള്‍! പക്ഷേ, ഞാന്‍ അപ്പോഴും വരന്റെ വേഷത്തിലേക്കു മാറിയിരുന്നില്ല. അതിനായി അവിടെ ഒരു മുറി ഏര്‍പ്പാടക്കിയിട്ടുണ്ടത്രേ. അതെവിടെ എന്നതായിരുന്നു അടുത്ത ചോദ്യം. ഫോണെടുത്ത കാരണവര്‍ പറഞ്ഞു: "ഞങ്ങള്‍ ഒപ്പം വന്ന് കാണിച്ചു തരാം!" ഒന്ന്, രണ്ട്‌ .. അഞ്ചു മിനിറ്റായി. പൈലറ്റ്‌ പോകുന്ന കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട്‌ മേല്‍പ്പടി മൂപ്പീന്ന് ഒരു മൊബൈല്‍ കടയില്‍ കയറി നില്‍പാണ്‌. സമയം പത്തുമണിയാകുന്നു. എന്റെ ബി.പി. കൂടാന്‍ തുടങ്ങി.

"ഇങ്ങേര്‍ക്ക്‌ നമ്മളെ അവിടെ ഒന്നെത്തിച്ചിട്ടു പോരേ ബാക്കി കാര്യങ്ങള്‍?" ഞാന്‍ ആകുലപ്പെട്ടു.

സുഹൃത്ത്‌ ജോച്ചായന്‍ വിളിക്കുന്നു: "ഡാ, നിങ്ങളെവിടെയാ?"

"എന്റെ പൊന്നെടാവ്വേ, ഞങ്ങളാ റൂമിലേക്കു വരുവാ. പക്ഷേ, കൂട്ടിക്കൊണ്ടു വരുന്ന പാര്‍ട്ടി ഞങ്ങളെ വഴിയിലാക്കി."

തുടര്‍ന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ "ഒന്നും നോക്കേണ്ട, നിങ്ങളു നേരെ ഇങ്ങു പോരെ, ഞാനീ ഹോട്ടലിന്റെ മുന്നില്‍ നില്‍പ്പുണ്ട്‌ " എന്നു പറഞ്ഞു. ശഠേന്നു വണ്ടിയെടുത്തു റൂമിലെത്തി. എല്ലാ ടെന്‍ഷനും 'റിലീവ്‌' ചെയ്ത്‌, മുഖത്ത്‌ ഒരു ഫൈനല്‍ വടി നടത്തി, അത്യാവശ്യം മിനുക്കും നടത്തി, ഷര്‍ട്ടും മുണ്ടും എടുത്തണിഞ്ഞു. ഒരുക്കം പത്തുമിനിറ്റില്‍ ഓവര്‍!

"ടെന്‍ഷനുണ്ടോടാ?" കസിന്‍ സുനിലിന്റെ ചോദ്യം.

"ഹേയ്‌.. കെട്ടുന്നതിന്റെ കാര്യത്തില്‍ ഇല്ല. പിന്നെ ചടങ്ങെല്ലാം സമയത്തിനു തീരുമോന്നൊരു പേടിയുണ്ട്‌."

"അതൊന്നും നീ പേടിക്കേണ്ട. നീയൊണ്ടല്ലോ ആ മണ്ഡപത്തില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാം ഓട്ടോമാറ്റിക്കായി നടന്നുകൊള്ളും. അന്നേരം നീയിതൊന്നും ഓര്‍ക്കുകയേ ഇല്ല!" ഒന്നാം വിവാഹവാര്‍ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന മൂപ്പരുടെ വാക്കുകളെ ഞാന്‍ ഉള്‍ക്കൊണ്ടു.

ഇറങ്ങിച്ചെന്നപ്പോള്‍ ഇന്നോവയില്‍ അവസാനപൂവും ഒട്ടിച്ചു കഴിഞ്ഞിരുന്നു. പിന്നില്‍ ഇരുവരുടെയും പേരും പതിച്ച്‌ ബോണറ്റില്‍ ബൊക്കെയും ചാര്‍ത്തി. ശാസ്താവിന്റെ പ്രസാദം എന്നെയും വണ്ടിയെയും തൊടുവിച്ചു. ഓഡിറ്റോറിയത്തിലേക്കു തിരിച്ചു. ഓഡിറ്റോറിയത്തിനു മുന്നിലെ കമാനത്തിനു മുന്നില്‍ വണ്ടി നിന്നു. ക്യാമറക്കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിന്നീട്‌ എന്റെ ഇമയനക്കം പോലും. സാവധാനം ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. അനേകം കണ്ണുകള്‍ എന്നിലേക്കു നീണ്ടുവരുന്നതു കാണാതെ തന്നെ ഞാനറിഞ്ഞു. അല്‍പം മുന്നോട്ടു നടന്നു. കുഴലും കുരവയും കിണ്ടിയില്‍ വെള്ളവും മാലയും താലവും കാത്തുനില്‍ക്കുന്നു. ചെരിപ്പു തല്‍ക്കാലം മാറ്റി. കാല്‍കഴുകല്‍, തിലകം ചാര്‍ത്തല്‍, മാല അണിയിക്കല്‍, പൂച്ചെണ്ട്‌, പുഷ്പവൃഷ്ടി ഇതൊക്കെ അവിടെ നടന്നു എന്നു മാത്രം ഇപ്പോള്‍ അറിയാം. സാവധാനം ഞാന്‍ മണ്ഡപത്തിലേക്കു കടന്നു.

സുനിലിന്റെ വാക്കുകള്‍ ശരിയാണെന്ന് അപ്പോഴേ തോന്നിത്തുടങ്ങി. അതെ, ചെയ്യുന്നതെല്ലാം യാന്ത്രികമാവണമെങ്കില്‍ മനസ്സില്‍ കുറ്റബോധം തോന്നണമെന്നില്ല!

8 comments:

  1. ഒരുപാടു നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്.
    ഏതാനും കുറിപ്പുകളുടെ ഒരു കൊളാഷ്‌...
    ചില സാങ്കേതിക തടസ്സങ്ങള്‍ക്കൊടുവില്‍ തിരിച്ചുവരാന്‍ നടത്തുന്ന എളിയ ശ്രമം.
    അതെ, ഒരു വന്‍ സംഭവത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ...


    സസ്നേഹം,
    എം.എസ്. രാജ്‌

    ReplyDelete
  2. വായിച്ചു ഇഷ്ടമായി.
    അല്പം വൈകിയെങ്കിലും ആശംസകൾ.
    യാന്ത്രികമല്ല അനിയാ.
    സുദീർഘവും സന്തോഷപ്രദവുമായ വിവാഹജീവിതത്തിന് ആശംസകൾ!

    ReplyDelete
  3. എം എസ് രാജ്, സ്വാഗതം, ജ്ഞാനികളുടെ സം‌ഘത്തിലേക്ക് സ്വാഗതം :)

    ReplyDelete
  4. ബാക്കിയെല്ലാം വിധി പോലെ... അല്ലെ...ഹ ഹ ഹ
    ആശംസകള്‍!

    ReplyDelete
  5. സങ്കല്പ സുഖങ്ങള്‍ക്കായ്‌ ദാ ഒരു പിടി വാടാമലരുകള്‍.... :)

    ReplyDelete
  6. ഹഹഹ. സുന്ദരം ഈ വിവരണം

    “യാത്രകള്‍ - എന്നും ഹരമാണ്. എപ്പോഴും പുതിയതെന്തെല്ലാ‍മോ കൊണ്ടുതരുന്ന യാത്രകള്‍. പുതിയ ദേശങ്ങള്‍, കാഴ്ചകള്‍, ആള്‍ക്കാര്‍. ചിലാപ്പോഴാകട്ടെ ചിലതെല്ലാം നഷ്ടപ്പെടുത്തുന്ന യാത്രകള്‍. മാനംകാണാമയില്‍പ്പീലി പോലെ മനസ്സില്‍ കാത്തുസൂക്ഷിച്ച വന്‍ സ്വപ്നങ്ങള്‍ മുതല്‍ കര്‍ചീഫ് വരെ അവയില്‍ പെടും.“

    നല്ല എഴുത്ത്

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'