cont'd...
വലതുകാല്‍ വെച്ചു കല്യാണമണ്ഡപത്തിലേക്കു കയറി. പിന്നെ നടന്നതെന്തെല്ലാമെന്നു വിവരിക്കണമെങ്കില്‍ അന്നു ഷൂട്ട് ചെയ്ത വീഡിയോ കാണണം.
പുരോഹിതന്‍ മാമന്‍ പറഞ്ഞതുപോലെയെല്ലാം അങ്ങു ചെയ്തു- അത്ര തന്നെ. അതിനിടെ ഒരു ചരട് കൈത്തണ്ടയില്‍ കെട്ടുന്ന ഒരു ചടങ്ങുണ്ടായിരുന്നു. തല്‍സമയം ഒരു തേങ്ങ കയ്യില്‍ പിടിക്കണം- ഇരുകൈകളും ചേര്‍ത്ത്. പൂജാരി അല്‍പം തിരക്കിലായിരുന്നു - 10.55 എന്ന ഡെഡ്‌ലൈനിനു മുന്നേ പണിതീര്‍ക്കാനുള്ള വ്യഗ്രതയില്‍ മൂപ്പീന്ന് രേവതിയുടെ കയ്യില്‍ ചരടു കെട്ടുന്നു. എന്നെക്കൊണ്ടുള്ള ഈ കര്‍മ്മം കശിഞ്ഞതിനാല്‍ ഞാന്‍ അതു നോക്കിയിരിക്കുന്നു. പൊടുന്നനെ രേവതിയുടെ കയ്യില്‍ നിന്നും തേങ്ങാ വഴുതി ഒരു തെറിക്കല്‍. അന്നും ഇന്നും ക്രിക്കറ്റ് കളിച്ചുവലിയ പരിചയം ഒന്നുമില്ലെങ്കിലും ഒന്നാംതരമൊരു ക്യാച്ച് കൊണ്ട് ഞാന്‍ തേങ്ങയുടെ എടുത്തുചാട്ടത്തിനു തടയിട്ടു. എന്നിട്ടതുപോലെ തന്നെ രേവതിയുടെ കയ്യില്‍ വെച്ചുകൊടുത്തു. ചടങ്ങു തുടര്‍ന്നു.
പിന്നെ താലി കെട്ടുന്ന പരിപാടി. കെട്ടിയ സമയത്ത് എനിക്കെന്തു തോന്നി എന്നോ
? എങ്ങനെയെങ്കിലും കറക്ടായിട്ട് ആ കെട്ട് ഒന്നു വീണാ മതിയായിരുന്നു എന്ന് മാത്രം. അല്ലാതെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന അതിവിദൂര പരിണാമങ്ങളുടെ അന്തസത്തയെ പറ്റി ആലോചിക്കാന്‍ സാധിക്കാത്ത വിധം ഞാന്‍ നൂല്‍ മുറുക്കുന്ന തിരക്കിലായിരുന്നു!
തലയില്‍ പൂവിട്ട് അനുഗ്രഹിക്കുന്ന രംഗമാണ് മറ്റൊന്ന്. ഇരുവരുടെയും തലയില്‍ പൂവ് ഇരുന്നതുകണ്ട് ഒരനിയത്തി പറഞ്ഞതാണ് - "ദാണ്ടെ അവരുടെ തലയില്‍ അത്തപ്പൂവിട്ടു!" തിരുവോണം കഴിഞ്ഞിട്ട് ഒരാഴ്ച പോലുമാകാത്തതിന്റെ പ്രശ്നം. കല്യാണത്തിന്റെ അന്നേ തലയില്‍ ചെമ്പരത്തിപ്പൂവായല്ലോ എന്ന് ഓര്‍ക്കുട്ടിലൂടെയും കമന്റ് സെനു ഈപ്പന്‍ വക.
ഇരുന്നതു കല്യാണമണ്ഡപത്തിലാണെങ്കിലും നമുക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? സദസ്സിലൂടെ ഒന്നു കണ്ണോടിച്ചു. ബാംഗ്ലൂരില്‍ നിന്നും സഹമുറിയന്മാര്‍ എത്തിയെന്നുറപ്പുവരുത്തി. പിന്‍നിരയില്‍ നീല ടി-ഷര്‍ട്ടിട്ട് ഇരിക്കുന്ന വൈഭവിനോട് കണ്ണുകള്‍ കൊണ്ടൊരു കമ്യൂണിക്കേഷന്‍. സദസ്സിന്റെ മറ്റൊരുഭാഗത്ത് വിഖ്യാത ബ്ലൊഗര്‍ ദീപക് രാജ്. വരാമെന്നേറ്റ് അജ്ഞാതമായ എന്തോ കാരണങ്ങളാല്‍ അസന്നിഹിതരായ ഏതാനും ബ്ലോഗാത്മാക്കളെയും ഞാനോര്‍ത്തു. കഴിഞ്ഞ് ദിവസത്തെ റമ്മില്‍ നീന്തുകയാവും പഹയന്‍. വര തലേവരയായ ബ്ലോഗറെപ്പറ്റിയാണ് ഇപ്പറഞ്ഞത്.
പിന്നെ ഫോട്ടോയെടുപ്പായി. അതിന്റെ പുറകേ ശ്ശെ മുന്നേ നിന്നതു കാരണം ആരേയും കണ്ട് കാര്യമായി സംസാരിക്കാന്‍ പോലും ഒത്തില്ല. വിശന്നു തുടങ്ങിയിരുന്നു. അതിനിടയിലും മുഖത്തേക്കു ക്യാമറ തിരിയുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാലയുടെ ഭാരം തോള്‍ നോവിച്ചു തുടങ്ങി. അവസാനം ഊണുകിട്ടി. ഏറ്റവും അവസാനപന്തിയില്‍. ഒരുകാര്യം കൂടി നേരിട്ടുബോദ്ധ്യമായി. സ്വന്തം കല്യാണത്തിന്റെ സദ്യ ഒരുവനും ആസ്വദിക്കാന്‍ പറ്റില്ല എന്ന സത്യം.
പിന്നെ അല്‍പം കുശലവും കൊച്ചുവര്‍ത്തമാനവും. ജീവിതത്തിലൊരിക്കലും ഇത്രയധികം ആള്‍ക്കാരെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. "ഓ.. പിന്നെ.. അറിയാം" "എ.. ശരി ശരി..___ത്തേ അമ്മാവനല്ലേ" എന്നൊക്കെ ചുമ്മാ അടിച്ചു വിട്ടു നിന്നു. ഇന്നെങ്ങാനുമാണെങ്കില്‍ കൂട്ടിയിടിച്ചാല്‍ മിണ്ടില്ല. എല്ലാ പരിചയപ്പെടുത്തലുകളും ജലരേഖയായി.
എല്ലാവരോടും യാത്ര പറയണം. പ്രധാനമായും അതു പെണ്ണിന്റെ ഉത്തരവാദിത്വമാണ്. അത്യാവശ്യം സെന്റി ഒക്കെ വര്‍ക്കൗട്ടാകുന്ന ഒരു വേളയാണിത്. ഞാന്‍ പങ്കെടുത്തിട്ടുള്ള ചില വിവാഹങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പു കൂട്ടക്കരച്ചില്‍ അരങ്ങേറുന്നതു കണ്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ അതുണ്ടാവില്ല എന്നു എനിക്ക് ഉറപ്പുകിട്ടിയിരുന്നു. കൂടിനിന്ന ഏതാനും പേര്‍. ബസ് സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. എല്ലാവരും ഇന്നോവയുടെ പരിസരത്തു തന്നെ കൂടിനിന്നു. ഓച്ചിറയിലെ നമ്മുടെ റോള്‍ കഴിയാറായി എന്നു മനസ്സു പറഞ്ഞു.
കല്യാണഹാളിലെ അവസാനചടങ്ങു കവര്‍ ചെയ്യാന്‍ വിഡിയോ/ഫോട്ടോഗ്രഫര്‍മാര്‍ തിരക്കു കൂട്ടി. അവിടെ നിന്നവരോടെല്ലാം യാത്ര പറഞ്ഞു. പാദം തൊട്ട് അനുഗ്രഹം തേടുന്ന ചടങ്ങ്. ഒന്നു കഴിഞ്ഞു. രണ്ടും മൂന്നും കഴിഞ്ഞു. ആരൊക്കെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. അമ്മമ്മ, ഡാഡി, മമ്മി ഇത്രയും ഉറപ്പായിട്ടും നമസ്കരിച്ചു എന്നറിയാം. പിന്നെയും ഏതൊക്കെയോ കാലുകള്‍ ഞങ്ങളെ കാട്ടിത്തന്നു. അതും ഒന്നു നമസ്കരിച്ചു നിവരും മുന്‍പേ അടുത്തതിനുള്ള നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അനുഗ്രഹം തേടുമ്പോള്‍ ഇരുവരും ഒരുമിച്ചു വേണമല്ലോ എന്നുമിനിയാരെ നമിക്കണം എന്നുമൊക്കെയുള്ള എന്റെ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ വധു മാത്രമായി പിന്നീടുള്ള കുമ്പിടലുകള്‍. രേവതിക്ക് അനുഗ്രഹങ്ങള്‍ ഹോള്‍സെയിലായി കിട്ടിക്കൊണ്ടിരിക്കുന്ന ബഹളത്തിനിടയില്‍ ഞാന്‍ സാവധാനം ഒരു വശത്തേക്ക് ഒതുക്കപ്പെട്ടു!!
പിന്നെ പയ്യെ ചുവടുവെച്ച് ഇന്നോവയിലേക്ക്. അതും ഫോട്ടോഗ്രഫര്‍മാരുടെ സിഗ്നലനുസരിച്ച്. കയറിയിരുന്നപ്പോളാണോ അതോ അതിനു മുന്‍പു തന്നെ ഉണ്ടോന്നറിയില്ല, രേവതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! പുറത്തു നിന്നവരും മറ്റും കളിയാക്കി. കാരണം അവള്‍ മാത്രമാണ് കരയുന്നതത്രേ! അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പോള്‍ സമയം ഒന്നേമുക്കാല്‍.
അല്‍പം വണ്ടി നീങ്ങി, ബസ് റോഡരികില്‍ നിര്‍ത്ത്യിട്ടിരിക്കുന്നു. ചെന്നു ബസില്‍ കയറി, വഴിക്ക് ഇറക്കിവിടേണ്ടവരുടെ കാര്യങ്ങള്‍ തിരക്കി ഡ്രൈവറെ ചട്ടം കെട്ടി ഞങ്ങള്‍ മുന്നില്‍ വേഗത്തില്‍ പോകുകയാണ്, നിങ്ങള്‍ വന്നേരെ എന്നു പറഞ്ഞ് തിരികെ വന്നു വണ്ടിയില്‍ കയറി. കൃഷ്ണപുരം ലെവല്‍ക്രോസ് അടഞ്ഞു കിടക്കുന്നു. ഞാന്‍ വീണ്ടും പോയി ബസില്‍ കയറി. ശര്‍ക്കരവരട്ടിയും ഉപ്പേരിയും സദ്യക്കാരുടെ പക്കല്‍ നിന്നും പൊതിഞ്ഞു വാങ്ങിച്ചുവച്ചിരിക്കുന്നു! അതു കുറെ കയ്യിലെടുത്ത് അല്‍പസമയം സൊറപറഞ്ഞുനിന്ന് വീണ്ടും കാറില്‍ വന്നു കയറി. ഒരു ട്രെയിന്‍ പാഞ്ഞ് പോയി.
"എന്നാലും നീ മുന്‍പേ കരഞ്ഞതു കള്ളക്കരച്ചിലല്ലായിരുന്നൊ? അല്ലാതെ വിഷമമൊന്നും തോന്നിയിട്ടല്ലല്ലോ?" രേവതിയോട് എന്റെ ചോദ്യം. മറുപടി വന്നത് ഭാര്യയുടെ വക ആദ്യത്തെ നുള്ളിന്റെ രൂപത്തില്‍. അതൊരു തുടക്കം മാത്രമായിരിക്കുമെന്നു ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. മാവേലിക്കരയ്ക്കുള്ള റൂട്ടില്‍ കാര്‍ സ്പീഡെടുത്തു. ഉച്ചവെയിലിന്റെ ചൂടും സദ്യയുടെ ആലസ്യവും എല്ലാവരെയും മയക്കത്തിലേക്കു നയിച്ചപ്പോള്‍ ഡ്രൈവറും പിന്നെ ഞങ്ങളിരുവരും മാത്രം ഉണര്‍ന്നിരുന്നു. എന്റെ ഇടതുവശത്ത് മുല്ലപ്പൂവിന്റെ മണവുമായി അവള്‍. എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല. ഞാന്‍ ഒരു ബാച്ചി അല്ലാതായിക്കഴിഞ്ഞിരിക്കുന്നു!!
അങ്ങനെ അതങ്ങ് തീര്‍ന്നു...അല്ലേ?
ReplyDeleteഅപ്പോള്‍ എല്ലാം ആയി.. ആശംസകള്‍...
ReplyDeleteസെനു, പഴമ്പുരാണംസ്