Wednesday, May 27, 2009

ഒരു കുടക്കീഴില്‍

"ഹെയ്‌... എന്നെ നനയിക്കാതെ..!"

മഴത്തുള്ളികള്‍ അവളുടെ ചുരുളന്‍ മുടിയിഴകള്‍ക്കിടയില്‍ പിടഞ്ഞലിയുന്നതു ഞാന്‍ കുസൃതിയോടെ നോക്കി. അവള്‍ വീണ്ടും നനയാന്‍ ഞാന്‍ കുട അകത്തിപ്പിടിച്ചു.

"ഡാ, കുട താ..! ആകെ നനയുന്നു... തണുക്കുന്നൂ..!!"

"നനയട്ടെ. തണുക്കട്ടെ!" ഞാന്‍ ഉറക്കെപ്പറഞ്ഞു. ഇടവഴിയരികിലെ ചെമ്പരത്തിയുടെ ഇലകളിലേക്ക്‌ കാലവര്‍ഷം ആഞ്ഞുപെയ്തു. മഴയുടെ ആരവം ചീവീടുകള്‍ ഏറ്റുപാടി. മലമുകളില്‍ കോടമഞ്ഞ്‌ കൂടുകൂട്ടി.

"ദേ, കുട തരുന്നുണ്ടോ? ഞാന്‍ നനയുന്നതു കണ്ടില്ലേ?"

ഹും.. പെണ്ണിന്റെ സ്വരത്തില്‍ ഈര്‍ഷ്യ കലര്‍ന്നു തുടങ്ങി.

"ദേ, എന്റെയല്ലേ കുട. ഇങ്ങു തന്നേരെ. നീ നനഞ്ഞു നടന്നുവന്നാ മതി..." അവള്‍ എന്റെ കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ കുടയുമായി ഒഴിഞ്ഞു മാറി. മഴത്തുള്ളികള്‍ അവളുടെ നെറ്റിയില്‍ പാഞ്ഞുവീണ്‌ ചിതറുന്നു!

"ഞാന്‍ പിണങ്ങും കേട്ടോ..?" ഭീഷണിയാണ്‌.

"പിണങ്ങിക്കോ. എന്നാലും കുട തരില്ല."

അവള്‍ അടിക്കാനായി കയ്യോങ്ങി. വഴിയരികില്‍ നനഞ്ഞുമറിഞ്ഞു കിടക്കുന്ന പുല്‍നാമ്പുകള്‍ക്കിടയിലേക്കു ഞാന്‍ ചാടിമാറി. ഹൊ! അവളെന്നെ ശരിക്കും അടിച്ചേനെ.

വീണ്ടും അവള്‍ കുട പിടിച്ചു വാങ്ങാന്‍ കൈ നീട്ടി വന്നു. പിന്നോട്ട്‌ ഒരടി നീങ്ങിയ ഞാന്‍ വീണുകിടന്ന വാഴയിലയില്‍ ചവിട്ടി വഴുതിവീണു.

"ഹ ഹ..ഹാ!! അങ്ങനെവേണം..! കണക്കായിപ്പോയി!! കളി കുറച്ചു കൂടിപ്പോയി കെട്ടോ??" അതും പറഞ്ഞു കുതിച്ചു വന്ന് എന്റെ കയ്യില്‍ നിന്നു തെറിച്ചു പോയ കുട എടുത്തു ചൂടി.തിരിഞ്ഞു നിന്ന് 'ഇനി തന്നെ നനഞ്ഞുവന്നാ മതി ട്ടോ, ഞാന്‍ പോവ്വാ..' എന്നും പറഞ്ഞ്‌ ഒരു ഗോഷ്ടിയും കാണിച്ചു നടന്നകന്നു.

ഇളിഭ്യനായി വീണ കിടപ്പില്‍ ഞാന്‍ കിടന്നു. ദേഹത്തും ഉടുപ്പിലുമെല്ലാം ആകെ അഴുക്ക്‌.

അവളെ നനയിക്കാന്‍ പെയ്തതിലും വീറാണ്‌ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക്‌ എന്ന് തോന്നിയെനിക്ക്‌.

"കില്ല മഴ! പേട്ടു മഴ!" ഞാന്‍ മഴയെ ശകാരിച്ചു.

ഞാന്‍ വീണ്ടും നനഞ്ഞുകൊണ്ടേയിരുന്നു. അവള്‍ തിരിഞ്ഞു പോലും നോക്കാതെ നടപ്പാണ്‌.

"വഞ്ചകി!"

പതുക്കെ എണീറ്റു. തിമിര്‍ത്തു പെയ്യുന്ന തുള്ളികള്‍ കൈമുട്ടില്‍ പറ്റിപ്പിടിച്ചിരുന്ന ചെളി അലിയിച്ചു. കാലില്‍ നിന്നും ഊരിപ്പോയ ചെരിപ്പ്‌ തേടിയെടുത്തു.

"പൊട്ടച്ചെരിപ്പ്‌! തെന്നുന്നു!!"

"അതിനു ചെരിപ്പിനെ കുറ്റം പറഞ്ഞിട്ടെന്താ? മര്യാദയ്ക്കിരിക്കണം!!"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു. കുടയുടെ പാതിമറ എനിക്കായി നീക്കിപ്പിടിച്ച്‌ അവള്‍. ഞാന്‍ അവളുടെ മുഖത്തു നോക്കിയില്ല. അവിടെത്തന്നെ നിന്നു. അവള്‍ അടുത്തു വന്നു എന്നെയും കുട ചൂടിച്ചു. "വാന്ന്..!!"

ഞാവല്‍പ്പഴക്കണ്ണുകള്‍ എന്റെ മുഖത്തു തറഞ്ഞുനിന്നതു ഞാന്‍ കണ്ടു.

"നിനക്കെന്നെ നനയ്ക്കണം അല്ലേ??" എന്റെ കയ്യില്‍ അവള്‍ കിഴുക്കി. "ഉം... നടക്ക്‌!"

മഴ വീണ്ടും ഞങ്ങള്‍ക്കു ചുറ്റും വെള്ളിനൂലുകള്‍ തീര്‍ത്തു.

12 comments:

എം.എസ്. രാജ്‌ said...

"ഹെയ്‌... എന്നെ നനയിക്കാതെ..!"

ഈ മഴയില്‍.....

cEEsHA said...

സ്നേഹം നിറഞ്ഞ അക്ഷര തുള്ളികള്‍..! പെയ്യട്ടെ ഇനിയും ഇനിയും...!

ഷാജു said...

നല്ല ശൈലി..
ഇനിയും വരാം.

കുഞ്ഞായി said...

മഴ പെയ്യട്ടെ അങ്ങനെ...
നല്ല പോസ്റ്റ്

ശ്രീ..jith said...

ഏയ്‌ മഴ നനയാതെ .....ഓര്‍മ്മിക്കാന്‍ മധുരിതമായത്

ദീപക് രാജ്|Deepak Raj said...

നല്ല മഴ. മഴയല്ലേ നമ്മുടെ കുളിരിനു കാരണം.
അങ്ങനെ പെയ്യട്ടെ മഴ അല്ലെ രാജെ

hAnLLaLaTh said...

...വീണ്ടുമൊരു മഴക്കാലം....

ഓര്‍മ്മകള്‍ മഴ പോലെ പെയ്തിറങ്ങട്ടെ...
ആശംസകള്‍...

കാന്താരിക്കുട്ടി said...

നൂലു പോലെ പെയ്യുന്ന മഴയിൽ ഒരു പ്രണയം തളിർക്കുന്നുവോ.നല്ല വരികൾ

ശ്രീ said...

കൊള്ളാമല്ലോ
:)

കണ്ണനുണ്ണി said...

മഴയുടെ പശ്ചാത്തലം ഭംഗി കൂട്ടുന്നു

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു.
നല്ല വായനാ സുഖം

Sureshkumar Punjhayil said...

ee maza enneyum nanayikkunnu....

Manoharam... Ashamsakal...!!!!