Thursday, October 16, 2008

ഓര്‍മ്മകളുടെ സുഗന്ധം

ഇന്നാണ്‌ ആ ദിവസം.

മറ്റൊരു വാരത്തിന്റെ തിരക്കുകളിലേക്ക്‌ സ്വസ്ഥമായുണരാന്‍ ഈ ഞായറാഴ്ച കിടക്കുമ്പോഴാണ്‌ ഒക്ടോബര്‍ പതിനാറിന്റെ പ്രത്യേകത ഓര്‍ത്തത്‌. എന്റെ വെല്യമ്മച്ചി(അച്ഛന്റെ അമ്മ)യുടെ ഓര്‍മ്മദിനം. സ്നേഹത്തിന്റെ ആ ആള്‍രൂപം എന്റെ മുന്നില്‍ നിന്നു മറഞ്ഞിട്ട്‌ പന്ത്രണ്ടുവര്‍ഷം.

"Precious Pearls" എന്ന പോസ്റ്റിലൂടെ പണ്ടൊരിക്കല്‍ പങ്കുവെച്ച ആ സ്നേഹം ഞാന്‍ വീണ്ടും പ്രകടിപ്പിക്കുകയാണ്‌. പന്ത്രണ്ടാം ചരമവാര്‍ഷികം എന്ന തലക്കെട്ടില്‍ ഒരു പത്രത്താളില്‍ പല ചിത്രങ്ങളിലൊന്നായി വെല്യമ്മച്ചിയുടെ പടം വരുന്നതിലും ശ്രേഷ്ഠം ഇതാണെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ, ഇതൊരു സ്വകാര്യമായ അഥവാ വ്യക്തിപരമായ വികാരപ്രകടനമായേക്കാം. തെറ്റാണെങ്കില്‍ സദയം ക്ഷമിക്കുക.

ചാച്ചനും വെല്യമ്മച്ചിക്കും കൂടി ആറുമക്കളിലായി ഞങ്ങള്‍ പതിനേഴു പേരക്കുട്ടികളാണ്‌ ഉണ്ടായിരുന്നത്‌. ആ പതിനേഴില്‍ ചാച്ചനും വെല്യമ്മച്ചിക്കും ഏറ്റവും പ്രിയപ്പെട്ട ആള്‍ ഞാനായിരുന്നു. കാരണം, ആണ്‍മക്കളുടെ ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളായ ഞാനായിരുന്നു എന്നും ആ ലാളനകള്‍ക്കു കീഴ്‌പ്പെട്ട്‌ അവരോടൊപ്പമുണ്ടായിരുന്നത്‌. ഈയടുപ്പമാണ്‌ എന്നെ വെല്യമ്മച്ചിയുടെ സന്തതസഹചാരിയാക്കിയത്‌. എത്രയെത്ര യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പരിചയക്കാര്‍..!

അന്നു ഞാന്‍ കുട്ടിയാണ്‌- പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. അവധിയാകാന്‍ കാത്തിരിക്കും. ഒരവധിക്കാലത്ത്‌ ഒരു സര്‍ക്കീട്ടെങ്കിലും ഉറപ്പാണ്‌. ഞാനും വെല്യമ്മച്ചിയും തനിയെ. മിക്കവാറും രക്തബന്ധങ്ങള്‍ തേടിയുള്ള യാത്രകള്‍. കാലേകൂട്ടി എല്ലാം ആസൂത്രണം ചെയ്തു വെയ്ക്കും, എന്നു പോകണം, എവിടെല്ലാം പോകണം-എന്നിട്ട്‌ അതിനുവേണ്ട പണമൊക്കെ സമാഹരിക്കും. അവിടെയും ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവെച്ചിരിക്കുന്ന പഴയ കലം, കുട്ട, സഞ്ചി ഒക്കെ തപ്പിനോക്കിയാല്‍ അറിയാം വെല്യമ്മച്ചിയുടെ വരുമാനസ്രോതസ്സുകള്‍. കൊട്ടപ്പാക്ക്‌, ഗ്രാമ്പൂവിന്റെ തണ്ട്‌, ചൊള്ള്‌, ചീര്‌, കുരുമുളക്‌(കൊടിയുടെ ചുവട്ടില്‍ നിന്നു പെറുക്കിയെടുത്തത്‌), അരിമുളക്‌(തൊലി കളഞ്ഞ കുരുമുളക്‌) എന്നിവയൊക്കെയായിരുന്നു അവയ്ക്കുള്ളിലെ സമ്പാദ്യങ്ങള്‍. കൂടാതെ അടുക്കളയിലെ ഭിത്തിയലമാരയുടെ വലതു വശത്തു തൂക്കിയിട്ടിരുന്ന കിറ്റിന്റെ ചെറിയ അറയില്‍ സൂക്ഷിച്ചിരുന്ന ഏതാനും നോട്ടുകളും, മരുന്നുകള്‍ വെച്ചിരുന്ന അലമാരയിലെ ടിന്നിലെ കുറെ നാണയങ്ങളും!!

അങ്ങനെ ഒരവധിക്കാലം തുടങ്ങും- ഞങ്ങള്‍ ഇരുവരും പ്ലാനുകള്‍ തയ്യാറാക്കും-എന്നിട്ടോ? ചാച്ചനോട്‌ പറഞ്ഞ്‌ അന്തിമാനുവാദം വാങ്ങേണ്ടത്‌ എന്റെ ചുമതലയാണ്‌. ആ നയതന്ത്രദൗത്യം എന്നും ഭംഗിയായിത്തന്നെ ഞാന്‍ നിര്‍വ്വഹിച്ചുപോന്നു. ഒപ്പം കേന്ദ്രത്തില്‍ നിന്നും സാമ്പത്തികസഹായവും ഞാന്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു.

പിന്നെയൊരു പോക്കാണ്‌- കട്ടപ്പനയിലെത്തുന്നു, കോട്ടയത്തിനു പോകുന്ന ഒരു വണ്ടി പിടിക്കുന്നു. ഉച്ചയോടെ കൊടുങ്ങൂരെത്തി അവിടുന്നാണ്‌ ഊണ്‌. കൊടുങ്ങൂര്‍ കവലയില്‍ തന്നെ ഉള്ള സോമഗിരി എന്നു പേരുള്ള ഒരു ഹോട്ടലിലായിരുന്നു പതിവായി ഞങ്ങളുടെ ഊണ്‌. ഇലയിലാണ്‌ അവിടെ ചോറുവിളമ്പുക. ഊണും കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ പള്ളിക്കത്തോടിനുള്ള ബസ്സ്‌ കിടപ്പുണ്ടാവും. പേര്‌ - യുവരാജ്‌ എന്നാണെന്നു തോന്നുന്നു. പള്ളിക്കത്തോടുനിന്ന് ഞങ്ങള്‍ക്കു പോകേണ്ട ആനിക്കാട്‌ - കവുങ്ങും പാലം ഭാഗത്തേക്ക്‌ അന്ന് എപ്പോഴുമൊന്നും ബസ്സില്ല. ആ രണ്ടുമൂന്നു കിലോമീറ്റര്‍ ഞങ്ങളങ്ങു നടക്കും! വഴിയിലെല്ലാം വല്യമ്മച്ചിയുടെ പരിചയക്കാരാണ്‌. എല്ലാരോടും തമാശയൊക്കെ പറഞ്ഞ്‌, ക്ഷേമമന്വേഷിച്ച്‌, നിരയൊത്ത പല്ലുകള്‍ കാട്ടി ഉറക്കെച്ചിരിച്ച്‌.. കുറെ നേരം യാത്ര ചെയ്തതിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും. ആവഴിക്കീവഴിക്ക്‌ എന്നൊക്കെപ്പറഞ്ഞു ബന്ധമൊക്കെ പറഞ്ഞു തരും, ആ! എനിക്കതൊന്നും മൊത്തം മനസ്സിലാകില്ല. എന്നാലും എല്ലാം കേട്ടും കണ്ടും ഞങ്ങളങ്ങനെ നടക്കും.

"കെഴക്കൂന്നുള്ളോരിങ്ങെത്തിയല്ലോ! ഞങ്ങളിന്നലെക്കൂടെ പറഞ്ഞതേയുള്ളൂ." പത്താമുദയമഹോല്‍സവത്തിന്റെ പന്തലൊരുക്കുന്നതിനിടയില്‍ റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെക്കണ്ട ആരോ ഒരാള്‍ വിളിച്ചുപറഞ്ഞത്‌ ഇന്നും എന്റെ കാതിലുണ്ട്‌. പത്താമുദയവും മണ്ഡലകാലത്തെ ഉത്സവവും ഒരിക്കലും വിട്ടിരുന്നില്ല. അവിടെയുള്ള സകലമാന അമ്മാവന്മാരുടെ വീട്ടിലും കയറിയിറങ്ങി ഒരു മൂന്നാലു ദിവസം എല്ലാം മറന്നൊരു നടപ്പാണ്‌. ഉത്സവഘോഷയാത്രയുടെ കൂടെ കൂടി ആ തിരക്കിലലിഞ്ഞ്‌ ആനയും മേളവും തീവെട്ടിയും താലപ്പൊലിയുമെല്ല്ലാം ചേര്‍ന്നു രാവു പകലാക്കിയ മേടം പത്തുകള്‍. ഇതിലേക്ക്‌ വെല്യമ്മച്ചി പതിവായി സംഭാവനയും നല്‍കാറുണ്ടായിരുന്നു. മണ്ഡലസമാപനത്തിനു വൈകുന്നേരം കേളി, തുടര്‍ന്ന് ഭജന, മതപ്രസംഗം പിന്നെ രാവേറെ വൈകി ബാലെ. ഇതിനൊക്കെ കൂട്ടായി വെല്യമ്മച്ചിയും.

അതുപോലെതന്നെ എത്രയോ ക്ഷേത്രദര്‍ശനങ്ങള്‍! ഞായറാഴ്ചകളില്‍ തൊപ്പിപ്പാള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പതിവുയാത്രകള്‍. കയ്യില്‍ കരുതിയ കര്‍പ്പൂരവും ചന്ദനത്തിരിയും എന്നെക്കൊണ്ടു നടയ്ക്കു വെയ്പിക്കുമ്പോള്‍ എന്തിനാണ്‌ അങ്ങനെ ചെയ്യുന്നതെന്നു പോലും എനിക്കറിഞ്ഞുകൂടായിരുന്നു.

എന്റെ ബാല്യത്തില്‍ ഞാന്‍ എന്റെ പെറ്റമ്മയ്ക്കൊപ്പം ഉറങ്ങിയതിനെക്കാള്‍ കൂടുതല്‍ ഉറങ്ങിയിട്ടുള്ളത്‌ വെല്യമ്മച്ചിയുടെ കൂടെയാണ്‌. ചാച്ചന്റെ കമ്പിളിയുടെ ചൂടുപറ്റി വെല്യമ്മച്ചിയോട്‌ ചേര്‍ന്നുകിടന്ന തണുപ്പുള്ള രാത്രികളും, കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വീശുപാള നല്‍കിയ സുഖത്തിലുറങ്ങിയ രാവുകളും സ്‌മൃതിനാശം വന്നാലും മറക്കാനൊക്കില്ല. ആ കിടപ്പില്‍ അസംഖ്യം റേഡിയോ നാടകങ്ങള്‍ക്കു ഞങ്ങള്‍ കാതോര്‍ത്തിരുന്നു. രാവിലെ ഉറക്കമുണര്‍ത്തുന്നത്‌ ആലപ്പുഴനിലയം ട്യൂണ്‍ ചെയ്തു വെച്ചിരിക്കുന്ന റേഡിയോയിലെ സുഭാഷിതവും പിന്നെ വരുന്ന ഉദയഗീതങ്ങളും. ഇടയ്ക്കെപ്പൊഴോ എത്തുന്ന ഡല്‍ഹി റിലേ ഇംഗ്ലീഷ്‌ വാര്‍ത്തയെ തെല്ലൊരീര്‍ഷ്യയോടെ ചാച്ചന്‍ ഓഫാക്കിക്കളയുന്നതും ഞാനോര്‍ക്കുന്നു. കിടക്ക വിട്ടെണീക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന നിലവിളക്കാവും വന്ദനം പറയുക. പിന്നെ പ്രഭാതഭേരിയും പ്രിന്‍സ്‌ മൈദയുടെ പരസ്യവുമെല്ലാം കഴിഞ്ഞ്‌ പ്രാദേശികവാര്‍ത്തകള്‍ കോഴിക്കോട്‌ റിലേ.

മലയാളമാസം ഒന്നാം തീയതി വീട്ടില്‍ ആദ്യം കേറുന്നതു ഞാനായിരിക്കണമെന്ന ഒരു നിര്‍ബ്ബന്ധവും വെല്യമ്മച്ചിക്കുണ്ടായിരുന്നു. തലേദിവസം സമീപത്തു തന്നെയുള്ള സ്വന്തം വീട്ടില്‍ കിടന്നിട്ട്‌ രാവിലെയാണ്‌ ഈ ഒന്നാം തീയതികേറ്റം. ഈ ഐശ്വര്യദാനത്തിനുള്ള പ്രതിഫലമെന്നോണം ഒരുകുറ്റി പുട്ട്‌ (മിക്കവാറും ഉണ്ടാക്കാറുള്ളതു പുട്ടാണ്‌) ആവിപറത്തി, പഴത്തിന്റെയും പഞ്ചസാരയുടെയും കൂടെ എന്നെക്കാത്തിരിക്കുന്നുണ്ടാവും ഞാന്‍ എത്തുമ്പോള്‍.

എപ്പോഴും എല്ലാത്തിനോടും സംസാരിച്ചു നടക്കുന്ന ആളായിരുന്നു വെല്യമ്മച്ചി. അതു ചിലപ്പോ പാത്രങ്ങളോടാവാം, വീട്ടിലെ മൃഗങ്ങളോടാവാം. ചിലപ്പോള്‍ പറമ്പിലെ മരത്തിലിരുന്നു ചിലയ്ക്കുന്ന പക്ഷിയോടാവാം. ഒരിക്കല്‍ അങ്ങനെ ചിലച്ചുകൊണ്ടിരുന്ന പക്ഷി 'മോഹനാ..' എന്നാണു വിളിക്കുന്നതെന്നും പറഞ്ഞ്‌ അതിനോട്‌ 'മോഹനനിന്നലെ പോയി' എന്നു പലവട്ടം എന്നെക്കൊണ്ട്‌ മറുപടി പറയിപ്പിച്ചിട്ടുണ്ട്‌(അച്ഛന്റെ അനിയന്റെ പേരു മോഹനന്‍ എന്നാണ്‌!). നടന്നുപോയവഴിയില്‍ അറിയാതെ കാല്‍തട്ടിയ ഒരു കല്ലിനെ 'നീയെന്തിനാ കോപ്പേ ഇവിടെയിപ്പൊ വന്നു കിടന്നെ?' എന്നു ഗുണദോഷിക്കാന്‍ വെല്യമ്മച്ചിക്ക്‌ ഒരു മടിയും ഒരുകാലത്തുമുണ്ടായിട്ടില്ല.

പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങിന്റെയും മാവിന്റെയും പേരില്‍ ഓരോ കഥയെങ്കിലും പറയാനുണ്ടായിരുന്നു വെല്യമ്മച്ചിക്ക്‌. 'ചാച്ചന്‍ നിന്റെ അപ്പനെക്കൊണ്ടു വെയ്പ്പിച്ചതാ ആ തെങ്ങ്‌ !' എന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തരും. ഞങ്ങള്‍ക്കിടയില്‍ ഒരുപാടു തമാശകളും സംഭവിക്കാറുണ്ടായിരുന്നു. പണ്ടു നെല്ലും കരിമ്പും കൃഷിയുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകളും വികൃതിയിലും എന്റെ അപ്പനായ അപ്പന്റെ ചെയ്തികളും വെന്താല്‍ പുട്ടുപോലെ പൊടിയുന്ന കപ്പയുടെയും ചേമ്പിന്റെയും നീലക്കാച്ചിലിന്റെയും പുരാണങ്ങളും കൊണ്ട്‌ ഞങ്ങളുടെ വേളകള്‍ സമ്പുഷ്ടമായിരുന്നു.

ഒരിക്കലൊരു കരിക്കു വെട്ടിത്തന്നുകൊണ്ട്‌ വിളിച്ചത്‌ നാക്കു പിഴച്ച്‌ ഇങ്ങനെയായിപ്പോയി: "ഇന്നാടാ, മാക്രി വെള്ളാത്ത മുള്ളം!!" ചൊറിച്ചുമല്ലലും കല്‍ക്കട്ട ന്യൂസ്‌ എന്ന സിനിമയില്‍ മീരാ ജാസ്മിന്റെ കഥാപാത്രം 'അയ്‌നങ്ങനെ പയ്‌നറയുന്ന' കുസൃതിയുമൊക്കെ എമ്പണ്ടേ ഞങ്ങളുടെ കമ്പനിക്കു രസമേറ്റിയിരുന്നു!

പിന്നെയൊരു സംഗതിയുള്ളത്‌ ഞങ്ങളൊന്നിച്ചുള്ള ഷോപ്പിങ്ങാണ്‌. ഷോപ്പിങ്ങെന്നു പറഞ്ഞാല്‍ ഒരുപാടു പരിഷ്കാരമായിപ്പോകും- ചന്തയ്ക്കു പോക്ക്‌ എന്നു വേണം പറയാന്‍. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഓര്‍മ്മിപ്പിക്കലും ഓട്ടോ വിളിക്കലും മറ്റുമാണ്‌ എന്റെ ചുമതല. വാതത്തിന്റെയും മറ്റും അസ്കിതകളൊക്കെ അല്‍പമുണ്ടായിരുന്നു. കട്ടപ്പന സന്തോഷ്‌ തീയേറ്ററിനടുത്തുള്ള, രാഘവന്‍ വൈദ്യരുടെ വൈദ്യശാലയില്‍ നിന്നാണ്‌ മരുന്നു വാങ്ങുക. ചാച്ചന്റെ ചുമയെകരുതി വാങ്ങുന്ന ഡാബര്‍ ലേഹ്യത്തില്‍ നിന്നും ഒരു ഞോണ്ട്‌ തിന്നുന്നത്‌ എന്റെയൊരു വീക്‍നെസ്‌ ആയിരുന്നു. അന്നു പതിവായി വാങ്ങുന്ന ഒരു സ്‌നാക്സ്‌ ഐറ്റമാണു പൊരിക്കടല. പിന്നെ ചന്തയില്‍ നിന്നും അത്യാവശ്യസാധനങ്ങളും വാങ്ങി മടക്കം. പരിചയമുള്ള ഒരു ഓട്ടോ മടക്കയാത്രയ്ക്കു വിളിക്കുന്നത്‌ എന്റെ പൂര്‍ണ്ണഉത്തരവാദിത്വമാണ്‌. അക്കാലത്ത്‌ പ്രതീകം എന്നു പേരുള്ള ഒരോട്ടോ ഉണ്ട്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ KL 7 D 4998 എന്നായിരുന്നു. പ്രതീകം ഓട്ടോ ഓടിക്കുന്ന ജോസുചേട്ടന്‍ 'പ്രതീകം ജോസ്‌' എന്നാണറിയപ്പെട്ടിരുന്നത്‌. നാട്ടുകാര്യങ്ങളൊക്കെപ്പറഞ്ഞ്‌ ഞങ്ങളങ്ങനെ പോരും.

ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു സമ്മാനം വെല്യമ്മച്ചി എനിക്കു തന്നിട്ടുണ്ട്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിവിറ്റും പോസ്റ്റ്‌ ഓഫീസ്‌ ചിട്ടികൂടിയുമൊക്കെ വാങ്ങിത്തന്ന കഷ്ടിച്ച്‌ ഒരു പവന്‍ തൂക്കമുള്ള ഒരു താരമാല! അത്‌ ഇടയ്ക്കൊന്നു തൂക്കം കൂട്ടി മാറ്റി എടുത്തിരുന്നുവെങ്കിലും വെല്യമ്മച്ചിയോടുള്ള വാക്കുകള്‍ക്കതീതമായ ആത്മബന്ധത്തിന്റെ സാക്ഷിയായി ഇപ്പോഴും എന്റെ കഴുത്തില്‍.


സ്നേഹത്തിന്റെ ആ ആള്‍രൂപം

എഴുതിയെഴുതി ഒരുപാടായോന്നൊരു സംശയം. എത്രയെഴുതിയാലും തീരില്ല. എങ്ങനെയെഴുതിയാലും എനിക്കതു വരച്ചുകാട്ടാനാവില്ല. ആ സ്നേഹമിന്നും നെഞ്ചിലുണ്ട്‌. ഏതെങ്കിലും കഥാപുസ്തകത്തില്‍ മുഴുകിയിരിക്കുന്ന എന്നെത്തേടി വരുന്ന പേരെടുത്തുള്ള രണ്ടുവിളികളെയും ഞാന്‍ അറിയാതെ അവഗണിക്കുമായിരുന്നു. അവസാനം അറ്റകൈക്കാണ്‌ "ഡാ, വേട്ടോനെ.." എന്നു വിളിക്കുന്നത്‌. അറിയാതെ വിളി കേട്ടുപോകും. ഓടിച്ചെല്ലുമ്പോള്‍ എന്തെങ്കിലും കിട്ടും, കേട്ടോ! ആ സാന്നിദ്ധ്യമാണ്‌ നഷ്ടമായത്‌. പിരിഞ്ഞ നേരത്ത്‌ ഒരിറ്റുകണ്ണീരു ഞാന്‍ വീഴ്‌ത്തിയില്ലെങ്കിലും പിന്നെയെന്നും ഓര്‍ക്കുമ്പോള്‍ അറിയാതെ ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങിയും, ഒരുമാത്ര ശ്വാസം ഉടക്കിയും, ഒന്നുകൂടി കണ്ണ്‌ ഈറനണിഞ്ഞും...

വളരണ്ടായിരുന്നു, ആര്‍ക്കും ആരെയും പിരിയേണ്ടി വരരുതായിരുന്നു...

Thursday, October 09, 2008

ശശിയേട്ടന്റെ ശീലം

"നിങ്ങളുടെ ഉറക്കം കെടുത്തുന്നതെന്താണ്‌? ജോലിസംബന്ധിച്ച പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ സാമ്പത്തികബാദ്ധ്യതകളോ ആണോ? ഇവയൊന്നുമില്ലാത്തവര്‍ക്കു പോലും ശശി എന്ന മറുനാടന്‍ മലയാളി ഒരു ശല്യമായതെങ്ങനെ? ഇന്നത്തെ ഹാസ്യനെറ്റ്‌ സ്പെഷ്യല്‍ ലൈവുമായി ഭോപ്പാലില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി അശാന്ത്‌ പരവേശം നമ്മോടൊപ്പമുണ്ട്‌. അശാന്ത്‌ ... അശാന്ത്‌..??"

"ആഹ്‌, എടാ കിച്ചുവേ, കുരുക്ഷേത്ര റിലീസായോടാ?"

"അശാന്ത്‌ നാമിപ്പോ എയറിലാണ്‌..!!"

"എന്റെ പൊന്നേടാവ്വേ, പറയണ്ടേ!?? എം..മ്‌.. കിഷോര്‍..?"

"അശാന്ത്‌? കേള്‍ക്കാമോ?"

"കേള്‍ക്കാം, കിഷോര്‍"

"അശാന്ത്‌, ഭോപ്പാലുകാരനായ ശ്രീമാന്‍ ശശിയുടെ ശീലക്കേടുകളെപ്പറ്റി എന്താണ്‌ കൂടുതല്‍ വിവരങ്ങള്‍?"

അശാന്ത്‌: "കിഷോര്‍, ഭോപ്പാലിലുള്ള ഒരു ചെറുകിട സ്റ്റീല്‍പ്ലാന്റിലെ ജോലിക്കാരനാണ്‌ കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ ശശി. ശശി ഇവിടെ ജോലി നോക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തിലേറെയായി. സഹപ്രവര്‍ത്തകരുടെ ഇടയില്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്ന ശ്രീ ശശി എങ്ങനെ അയല്‍ക്കാരുടെ ഇടയില്‍ ഒരു ഉറക്കം കെടുത്തുന്ന വ്യക്തിയായി മാറി എന്നതിന്റെ പൊരുള്‍ അന്വേഷിച്ച്‌ ഞങ്ങള്‍ എത്തിപ്പെട്ടത്‌ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലാണ്‌. സ്വന്തം ജീവിതത്തെപ്പറ്റി ശശിക്കു പറയാനുള്ളത്‌: "

ശശി: "ഞാന്‍ ഇവിടെ പണിക്കു വന്ന കാലം മുതല്‍ ഈ ഫ്ലാറ്റിലാണു താമസം. നാട്ടിലുള്ള ഭാര്യയെയും സ്കൂളില്‍ പഠിക്കുന്ന മക്കളേം ഓര്‍ത്ത്‌ സ്വന്തമായി ആഹാരം പാകം ചെയ്തു കഴിച്ചും ഉറങ്ങിയും ഇവിടെ ഞാന്‍ ജീവിക്കുന്നൂന്നല്ലാതെ ആര്‍ക്കും ഒരുപദ്രവോം ചെയ്യാന്‍ ഞാന്‍ പോയിട്ടില്ല. മിക്കവാറും എനിക്കു നൈറ്റ്‌ ഷിഫ്റ്റാരിക്കുവേ. അപ്പോ വൈകിട്ട്‌ ആറുമണിക്കു കേറിയാ വെളുക്കാപ്പൊറത്തു മൂന്നു മണിയോടെ ഞാന്‍ റൂമിലോട്ടു തിരിച്ചു വരും. വന്നുകഴിഞ്ഞാല്‍ വേഗം വേഷം മാറി ഒന്നു കുളിച്ച്‌ കിടക്കാറാണു പതിവ്‌..."

കിഷോര്‍: "നന്ദി അശാന്ത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം. ശശിയുടെ സ്വദേശമായ മുണ്ടക്കയത്തുനിന്നും കൂടുതല്‍ വിവരങ്ങളുമായി ആന്റോ മാത്യു നമ്മോടൊപ്പമുണ്ട്‌. ആന്റോ ശശിയെപ്പറ്റി എന്താണു കൂടുതല്‍ വിവരങ്ങള്‍?"

ആന്റോ: "കിഷോര്‍, തികച്ചും അധ്വാനിയായ ദു:ശ്ശീലങ്ങളില്ലാത്ത കുടുംബത്തിനായി പ്രയത്നിക്കുന്ന ഒരാളാണു ശശി എന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌. നമുക്ക്‌ ശശിയുടെ ഭാര്യ ശ്രീമതി രമണിയോടു ചോദിക്കാം...."

രമണി: "ശശിയേട്ടന്‌ എന്നും നൈറ്റ്ഷിഫ്റ്റാ. വെളുപ്പിനെ മൂന്നുമണിയാകുമ്പഴാ വരുന്നെ. ഫാക്ടറീടെ അടുത്തു തന്നെയാ താമസം കേട്ടോ. സൈക്കളേലാ പോക്കും വരവും. ഫര്‍ണസിനടുത്തു നിന്നോണ്ടുള്ള പണിയായകൊണ്ട്‌ ഭയങ്കര ക്ഷീണവാന്നേ. പാവം മടുത്തുകുത്തിയാ വന്നുകേറുന്നെ കെട്ടോ. പക്ഷേ ഒറ്റയ്ക്കല്ലേ താമസം? അതുകൊണ്ട്‌ എപ്പോ വന്നുകേറിയാലും എപ്പോ ഇറങ്ങിപ്പോയാലും ആര്‍ക്കും ഒരു ശല്യവുമില്ല. പൈസാ ഒക്കെ മാസാമാസം അയച്ചു തരും കേട്ടോ. ദൂരെയാന്നേലും എന്നോടും പിള്ളേരോടും നല്ല സ്നേഹവാ. പൂജേടെ അവതിക്കു വരുമെന്നാ പറഞ്ഞേക്കുന്നെ."

കിഷോര്‍: "വളരെ നന്ദി, ആന്റോ. നമ്മുടെ കഥാനായകനായ ശ്രീമാന്‍ ശശിയുടെ ഭാര്യ രമണി നല്‍കിയ വിവരണമാണ്‌ നിങ്ങള്‍ ഇപ്പോള്‍ കേട്ടത്‌. തികച്ചും അധ്വാനിയും പ്രയത്നശാലിയും കുടുംബത്തോടു സ്നേഹവുമുള്ളവനാണു ശശി എന്നാണു നമുക്കു കിട്ടിയിരിക്കുന്ന വിവരം. വീണ്ടും ഭോപ്പാലിലേക്ക്‌... അശാന്ത്‌? ശശിയെപ്പറ്റി അവിടുത്തുകാരുടെ അഭിപ്രായം എന്താണ്‌?

അശാന്ത്‌: "കിഷോര്‍, ശശിയുടെ അയല്‍ക്കാരനായ ശ്രീ ഔസേപ്പച്ചനാണു നമുക്കായി വിവരങ്ങള്‍ നല്‍കുന്നതിന്‌ എന്നൊടൊപ്പമുള്ളത്‌. ഔസേപ്പച്ചന്‍, എന്താണു ശശി സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നം? ഒന്നു വിശദീകരിക്കാമോ?"

ഔസേപ്പച്ചന്‍: "ഓ, യെന്നാ പറയാനാ? ശശി വളരെ മര്യാദക്കാരനായ ഒരു മനുഷ്യനാന്നേ. പക്ഷേങ്കി, അയാളു കാരണം കെടക്കപ്പൊറുതി ഇല്ലാണ്ടായേക്കുവാ. മുതുപാതിരാത്രി കഴിഞ്ഞു കൊച്ചുവെളുപ്പാങ്കാലമാകുമ്പോളേക്കും അങ്ങേരു കേറി വരും. വരുമ്പളേ അറിയാം. ആറാറരയടിപ്പൊക്കോം അതിനൊത്ത വണ്ണോമൊള്ള മനുഷേനല്ലിയോ. ആ കമ്പനി ഷൂസിട്ടു മേലോട്ടു പടി കേറിപ്പോകുമ്പോത്തന്നെ ഈ ബില്‍ഡിങ്ങു മുഴുവന്‍ കെടന്നു കുലുങ്ങാന്‍ തൊടങ്ങും. അതു പോട്ടെ, മണ്ടേലേ, ഹാ, അയാള്‍ടെ റൂമീച്ചെന്നിട്ടേ, ഷൂസു രണ്ടുമൂരി ഒറ്റയേറാ. ഒന്നു വടക്കേ മൂലയ്ക്കോട്ടും അടുത്തെ തെക്കെ മൂലയ്ക്കോട്ടും. എന്റെ താമസം അതിന്റെ തൊട്ടുതാഴത്തല്ലിയോ. ആ കുന്ത്രാണ്ടം എന്റേം പെണ്ണുമ്പിള്ളേടേം കൂടെ മേത്തോട്ടാ വീഴുന്നേന്നൊരു തോന്നലാ. ഒറക്കം പോക്കാന്നേ."

അശാന്ത്‌: "ഔസേപ്പച്ചന്റെ ഭാര്യ ശോശാമ്മ എന്തുപറയുന്നു എന്നു നോക്കാം."

ശോശാമ്മ: "ഉയ്യോ, എന്റെ കൊച്ചേ, ഇതിയാന്‌, ആര്‍ക്കാ? എന്റെ കെട്ടിയോന്‌ ഫയങ്കര ഒറക്കവാ. ആ ശശിയൊണ്ടല്ലോ, ഡൂട്ടി കഴിഞ്ഞുവന്നേച്ച്‌ ഷൂസൂരിയേറാ പരുവാടി. ഞങ്ങള്‍ക്കു താഴെക്കെടന്നൊറങ്ങണ്ടായോ? ഒരു ദിവസം ഞാനങ്ങേരെ കണ്ടപ്പൊ കാര്യം അങ്ങു പറഞ്ഞേച്ചു- ദേയിതിങ്ങനെ പോയാപ്പറ്റത്തില്ലാ, നിങ്ങളു കഷ്ടപ്പെടുന്നൊണ്ടാരിക്കും, കുടുമ്മം നോക്കുന്നുണ്ടാരിക്കും, അതൊന്നും ഇവിടത്തെ ബാക്കി താമസക്കാരടെ ഒറക്കം കളഞ്ഞോണ്ടു വേണ്ട ശശിയേ! കര്‍ത്താവിനെ ഓര്‍ത്ത്‌ രാത്രി വന്നേച്ച്‌ ഷൂസൂരിയെറിയുന്ന ആ പരുവാടിയൊണ്ടല്ലോ അതങ്ങു നിര്‍ത്തിയേക്കണേന്ന്. "

അശാന്ത്‌: "വീണ്ടും ശശിയിലേക്ക്‌.. ശശി, ഇങ്ങനെ ഒരു താക്കീത്‌ അല്ലെങ്കില്‍ ഭീഷണി അല്ലെങ്കില്‍ മുന്നറിയിപ്പ്‌ ഔസേപ്പച്ചന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നുണ്ടായതാണോ? ആണെങ്കില്‍ എങ്ങനെയാണു താങ്കള്‍ അതിനോടു പ്രതികരിച്ചത്‌?"

ശശി: "അവര്‍ അങ്ങനെ പറഞ്ഞു എന്നതു നേരാ. അങ്ങനെ പറഞ്ഞേന്റെ പിറ്റേ ദിവസം ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നപ്പോ പെട്ടെന്നീ കാര്യം മറന്നു പോയി. ആദ്യത്തെ ഷൂസ്‌ ഊരിയെറിഞ്ഞു കഴിഞ്ഞപ്പോഴാ ശോശാമ്മച്ചേടത്തി പറഞ്ഞകാര്യം ഞാനോര്‍ത്തെ. ഏതാണ്ടു രണ്ടൂന്നുകൊല്ലമായിട്ടൊള്ള ശീലവാ. പെട്ടെന്നു നിര്‍ത്താമ്പറ്റിയില്ല. രണ്ടാമത്തെ ഷൂ ഊരി ഞാന്‍ പതുക്കെയാ നെലത്തു വച്ചെ. അപ്പോ ഏതാണ്ടു മൂന്നേകാലായിക്കാണും. പിന്നെപ്പോയി ഡ്രെസ്സുമാറ്റി കുളിച്ചേച്ചു വന്നുകെടന്നു. അതുകഴിഞ്ഞ്‌ ഏതാണ്ട്‌ നാലുനാലരയായിക്കാണും, ഈപ്പറഞ്ഞ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ ഈ ബില്‍ഡിങ്ങീ താമസിക്കുന്ന ഒരു പത്തിരുപത്തഞ്ചു കുടുമ്മക്കാരു വന്ന് എന്റെ വാതിലീ മുട്ടി. എന്നാ കാര്യവെന്നു ചോദിച്ചപ്പോ അവരു പറയുവാ- എടാ, മുണ്ടക്കയംകാരന്‍ മുണ്ടാ, മറ്റവനേ മറിച്ചവനേ, എത്ര നേരവാന്നുവെച്ചാടാ കാത്തിരിക്കുന്നേ? ആ രണ്ടാമത്തെ ഷൂ കൂടി ഒന്നെറിയുവാരുന്നേല്‍ വേണ്ടുകേലാരുന്നൂന്ന്..."

Saturday, October 04, 2008

എ ക്വസ്റ്റിന്‍ ടു ദ്‌ ഗോഡ്‌ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-3

കഴിഞ്ഞ കഥ
"ഹ്ം.. അതേടാ, ആക്കാലത്ത്‌ അങ്ങനെയൊക്കെ തോന്നും. ഇന്നു നിനക്കു തോന്നുന്നുണ്ടോ? ഇല്ലല്ലോ? ഇസ്‌ യുവര്‍ ലൈഫ്‌ എ ബിഗ്ഗ്ഗ്ഗ്‌ ക്വസ്റ്റിന്‍ മാര്‍ക്‌ നൗ?"

അവന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഓര്‍മ്മകളില്‍ കലണ്ടര്‍ താളുകള്‍ മറിഞ്ഞു. മേലെ മേഘം മറയ്ക്കാനൊരുങ്ങുന്ന നിലാവേറ്റ്‌ അവന്‍ ടെറസ്സില്‍ മലര്‍ന്നു കിടന്നു.

"അല്ലെടാ. അല്ല. എല്ലാം തീരുമെന്നും അഴുക്കുചാലിലെ പെരുച്ചാഴിയെപ്പോലെ നരകിച്ചു ജീവിക്കേണ്ടി വരുമെന്നും കരുതിയിരുന്നിടത്തു നിന്നു നീ പിടിച്ചു കേറിയില്ലേ? അന്നു നീയില്ലെന്നു പറഞ്ഞതെല്ലാം പടവെട്ടി നേടിയില്ലേ?"

"നേടി. അന്നില്ലാതിരുന്നതൊക്കെ നേടി. ജീവിതസൗകര്യങ്ങള്‍, നല്ല വീട്‌, സുഹൃത്തുക്കള്‍, നല്ല ജോലി, സാമ്പത്തികം, വണ്ടി -എല്ലാം. പക്ഷേ ഇതിനെല്ലാമിടയില്‍ വെച്ചു നഷ്ടപ്പെട്ടുപോയ ഒന്നുണ്ട്‌ - ഇന്നു നേടിയതെന്ന് പറഞ്ഞതെല്ലാം കൊടുത്താലും തിരിച്ചു കിട്ടാത്ത ഒന്ന്. അവള്‍..! അതൊരു തീരാത്ത നഷ്ടമാടാ!" ഒന്നു നിര്‍ത്തി അവന്‍ പാടി:

"അമ്മാടിയോ നീതാന്‍..
ഇന്നും സിറുപിള്ളൈ...
താങ്കാതമ്മാ നെഞ്ചം...
നീയും സൊന്ന സൊല്ലൈ..
പൂന്തേനേ നീ താനേ
സൊല്ലില്‍ വെയ്ത്തായ്‌ മുള്ളൈയ്‌..."


എന്റെ കണ്ണു മിഴിഞ്ഞു. "വൗ.. എത്ര നാളു കൂടിയാടാ നീ പാടുന്നതു കേള്‍ക്കുന്നെ? ഹും... പക്ഷേ, കിട്ടാന്‍ പോകുന്നത്‌ അതിലും നല്ല ബന്ധമല്ലേ?"

പ്രദീപ്‌ കുറച്ചു കൂടി വെള്ളം കുടിച്ചു. മുഖത്തിന്റെ ഇടതുവശം കൊണ്ടൊന്നു ചിരിച്ചു. "നീ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കണോ? കൗമാരം മുതല്‍ കാത്തുവെച്ച സ്വപ്നം. മുതിര്‍ന്നപ്പോള്‍, ജീവിതത്തോടു പടവെട്ടാന്‍ തുടങ്ങിയപ്പോള്‍ പരസ്പരം കൈമാറിയ സ്വപ്നം. കുടുംബം നല്‍കിയ ഉത്തരവാദിത്വത്തിനു മേല്‍ പ്രചോദനമായി നിന്ന സ്വപ്നം. ഐ ലോസ്റ്റ്‌ ദാറ്റ്‌ ഡ്രീം ഫോര്‍ എവര്‍! അതു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം നിനക്കൊന്നു സങ്കല്‍പ്പിക്കാമോ? ഒണ്‍ലി ഇഫ്‌ യു ഹവ്‌ എവര്‍ - ഐ മീന്‍ എവര്‍- ബീന്‍ ഇന്‍ ദ ഫീലിങ്ങ്‌ കാള്‍ഡ്‌ ലവ്‌!"

"ഞാന്‍ തകര്‍ന്നോ? നീ പറഞ്ഞപോലെ നിരാശാകാമുകനായി നടന്നോ? ഇല്ല. എന്നാലും എന്റെ ജീവിതം എന്താണെന്നും എന്തിനാണെന്നും ഈ ലോകത്ത്‌ ഏറ്റവും നന്നായി അറിയുന്നവളായിരുന്നു അവള്‍. ആ അവള്‍ എന്നോട്‌ ഉറപ്പു ചോദിച്ചു - എന്നവള്‍ക്കൊരു ജീവിതം കൊടുക്കാനൊക്കുമെന്ന്. ബോംബെയില്‍ ഒരു നിഷ്ഠൂരമാര്‍വാഡീടെ എക്സ്‌പോര്‍ട്ടിങ്ങിന്റെ കണക്കെഴുത്താ അന്ന്. രാത്രി പത്തും പന്ത്രണ്ടും വരെ ജോലി ചെയ്യുന്ന കാലം. ഇരുപത്തഞ്ചു പൈസാ പോലും അനാവശ്യമായി ചെലവാക്കാതെ കടിച്ചു പിടിച്ചു ജീവിക്കുകാ. വീട്ടിലൊരാള്‍ക്കു പനി വന്നാല്‍ മതി, എല്ലാം കൊഴയാന്‍. ഇതീന്നൊക്കെ കരകേറുന്ന കാലത്ത്‌ അവളും എന്റെ കൂടെക്കാണുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അവള്‍ക്കറിയാമായിരുന്നു ഇതെല്ലാം. എന്നിട്ടും അവളെന്നോടു ചോദിച്ചു- എന്നു ജീവിതം കൊടുക്കാന്‍ പറ്റുമെന്ന്... എന്തു ജീവിതം? സ്വന്തമായി പ്രതീക്ഷ പോലുമില്ലാത്തവന്‍ എങ്ങനെയാടോ ഒരു പെണ്ണിനു ജീവിതം കൊടുക്കുക? സ്നേഹം കഴുകി അടുപ്പത്തിട്ടാ ചോറാകുവോ? അന്നാടാ ഞാന്‍ തിരിച്ചറിഞ്ഞത്‌, പ്രണയിക്കാന്‍ നടക്കുന്നവന്‍ ഒന്നുകില്‍ ഫുള്‍ സെറ്റപ്പിലായിരിക്കണം അല്ലെങ്കില്‍ ഗട്‌സ്സ്‌ വേണം, എന്നാത്തിനാ? വിശ്വസിച്ച പെണ്ണിനേം കൊണ്ട്‌ പൊട്ടക്കുളത്തിലേക്കു ചാടാന്‍. ഇതൊന്നുമില്ലാത്തവന്‍ പഴത്തൊലിയെറിയുന്ന പോലെ എറിഞ്ഞോണം - അവന്റെ ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ച മോഹമെല്ലാം..."

പ്രദീപ്‌ ഒരു ഞൊടി നിര്‍ത്തി. "... പെണ്ണുങ്ങള്‍ എപ്പളും സേഫര്‍ സൈഡേ നോക്കത്തൊള്ളടാ. അതവളും ചെയ്തു- ഞാന്‍ പ്രതീക്ഷിച്ചതല്ലേലും. നമ്മളോ അതെല്ലാം മറന്ന് സ്വന്തം വിധിയോടു പടവെട്ടണം. എന്നിട്ട്‌ എന്നെങ്കിലും രക്ഷപ്പെടുന്ന നാള്‍ ഇങ്ങനെ സ്വന്തം കൂട്ടുകാരന്റെ ടെറസ്സില്‍ വന്നിരുന്ന് അന്നിതെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ ആശിക്കണം. ഹാ..ഹ്ഹാ...!! ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം നമ്മളെ എന്നതെല്ലാം കോലം കെട്ടിക്കുന്നു. ഒരു വേള എല്ലാം പിടിച്ചു വെയ്ക്കുന്നു, പിന്നെ ഇന്നാടാ ഉവ്വേന്നും പറഞ്ഞ്‌ എല്ലാം വെച്ചുനീട്ടുന്നു. എന്തിനോ എന്തോ!"

എനിക്കു പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ശാന്തമായി അവന്‍ എന്റെ നേരെ നോക്കിയിരുന്നു.

"ഇനിയെന്ത്‌? വരുന്നതിന്റെ ബാക്കി നോക്കുക. നല്ല കുടുംബ ജീവിതം നയിക്കുക. അല്ലാതെ പിന്നെ? വാ, നേരം ഒരുപാടായി, പതുക്കെ താഴേക്കു നീങ്ങാം?"

"അല്ലാതെന്ത്‌? നാലു നാളികേരം പോയാ നാരായണനു തേങ്ങയാ എന്ന്" പ്രദീപ്‌ വീണ്ടും ഉഷാറായി. "എന്നാലും ഈ സ്നേഹവും ബന്ധവുമൊക്കെ പിരിഞ്ഞുപോകുക എന്നു പറയുന്നത്‌ അല്‍പം ദെണ്ണമൊള്ള കാര്യമാടാ. പ്രത്യേകിച്ചും, നമുക്ക്‌ ഒത്തിരിയിഷ്ടപ്പെട്ട ചിലതൊക്കെ ചങ്കീന്നു പറിഞ്ഞു പോകുമ്പോ... " അവന്റെ വാക്കുകള്‍ മുറിഞ്ഞു.

"... എടാ, ഈ ലോകത്ത്‌ ആത്മാര്‍ഥമായി പ്രണയിക്കാന്‍ പറ്റുന്നവന്‍ ഭാഗ്യവാനാടാ. അത്‌ ലൈഫുമൊത്തം കാക്കാന്‍ പറ്റുന്നവനോ അതിലും ഭാഗ്യവാന്‍." അവന്റെ സ്വരത്തില്‍ ഒരു യാത്രാമൊഴിയുടെ ഈര്‍പ്പം.

എന്റെ കൈ അവന്റെ തോളില്‍ അമര്‍ന്നു. "യേയ്‌... ഫീലാകാതെടാ.. ഞാനില്ലേ? ഏഹ്‌? എനിക്കറിയില്ലേ എല്ലാം? ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ പോയതിന്റെ ദു:ഖത്തില്‍ കയറിനിന്നല്ലേ നീയിത്ര വളര്‍ന്നത്‌? ഒന്നു ചീഞ്ഞു, വേറൊന്നിനു വളമായി എന്നു കരുതിയാ മതി. ആഹ്‌.. തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ കല്ലും മുള്ളുമൊന്നുമില്ലെങ്കില്‍ ഒരു പക്ഷേ ദൈവത്തിനു പോലും ഈ പ്രദീപിനോടസൂയ തോന്നിയാലോ..! അല്ലേടാ ഉവ്വേ?" ഞാന്‍ ഒരു മറുപടിക്കു വേണ്ടി അവനെ ഒന്നുലച്ചു.

അവനൊന്നു ചിരിച്ചെന്നു തോന്നി.

"പിന്നെ, ഭാഗ്യവാന്മാരും ഭാഗ്യവതികളും പ്രണയിക്കട്ടെ. നമുക്കത്താഴം മുടക്കാന്‍ പറ്റുവോ?"

ഞാന്‍ അനുസാരികളുടെ അവശിഷ്ടങ്ങളൊക്കെ പെറുക്കിക്കൂട്ടവേ പ്രദീപ്‌ പതുക്കെ എഴുന്നേറ്റ്‌ ചെറുതായൊന്നു വേച്ച്‌, രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി, ഉറക്കെ വിളിച്ചു ചോദിച്ചു: "വെല്‍, ആര്‍ യു ജെലസ്‌ ഒഫ്‌ ദിസ്‌ പുവര്‍ ചാപ്‌, ഡിയര്‍ ഗോഡ്‌ ആള്‍മൈറ്റി??"

കഥ തീരുന്നില്ല!