Saturday, March 15, 2008

അനിയനോടു കാട്ടിയ അനീതി

ഇന്നു പുതിയ ഒരാളെ പരിചയപ്പെടുത്താം. കക്ഷിയുടെ ചെല്ലപ്പേരു വാവ - എന്‍റെ അനിയനാണ്‌. ന്ന്വച്ചാല്‍ അച്ഛന്‍റെ അനിയന്‍റെ മോന്‍.

ഞങ്ങള്‍ രണ്ട്‌ കുടുംബങ്ങളും താമസം അടുത്തടുത്ത വീടുകളിലാണെങ്കിലും ജീവിതം ഒരു വീട്ടിലെന്നപോലെയാണ്‌. അതുകൊണ്ട്‌ ഈ വാവച്ചാരുമായി എനിക്കുള്ള അറ്റാച്ച്മെന്റ്‌ വളരെ വലുതാണ്‌. ഞാന്‍ ബാംഗ്ലൂരു നിന്നും വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഗുസ്തി പിടിക്കാന്‍ അവനാണ്‌ ഒരു കമ്പനി. പക്ഷെ ഏതാണ്ട്‌ ഒരു ഒന്നര മാസമായി ആശാന്‍ ഒരു നല്ല 'കിടപ്പിനു' വിധിക്കപ്പെട്ടിരിക്കുകയാണ്‌, ജനുവരി മാസം കൃത്യ ദിവസം നോക്കി ടിയാന്‍ അച്ഛനമ്മമാര്‍ക്ക്‌ കൊടുത്ത വിവാഹവാര്‍ഷിക സമ്മാനം വട്ടമൊടിഞ്ഞ സ്വന്തം വലതുകാല്‍ ആയിരുന്നു. സ്കൂളില്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ കൂട്ടുകാരനുമായി കൂട്ടിയിടിച്ചു വീണതാത്രേ. കൂട്ടുകാരന്‍ മര്യാദക്കാരനായിരുന്നിരിക്കണം- ഭാഗ്യത്തിനു അവന്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഈ കിടപ്പിലും "ഓഹ്ഹ്ഹ്‌.. പരീക്ഷ എഴുതണ്ടല്ലോ! ചുമ്മാ വീട്ടില്‍ പാട്ടും കേട്ട്‌ ടി.വി.യും കണ്ട്‌ മൂന്നു മാസം ഇരിക്കാം" എന്നു പറഞ്ഞുകളഞ്ഞു പഹയന്‍.

ഇനി സംഭവത്തിലേക്ക്‌.

ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്‌ വാവച്ചാര്‍ വെറുതേ ഒരു നേരമ്പോക്കിന്‌ അംഗന്‍വാടിയില്‍ പോകുന്നുണ്ട്‌. മൂപ്പിലാനു ക്ലാസ്സുള്ള ദിവസങ്ങളില്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ മൂന്നു മൂന്നരയാകുമ്പോള്‍ പ്രതിയെ അംഗന്‍വാടിയില്‍ നിന്നും വീട്ടിലെത്തിക്കേണ്ട ഡ്യൂട്ടി എനിക്കു കിട്ടാറുണ്ട്‌. കൊച്ചുതോവാള ജംഗ്ഷനിലെ അംഗന്‍വാടിയില്‍ നിന്നും ഉഷ റ്റീച്ചറിനു റ്റാറ്റായും നല്‍കി ഞങ്ങള്‍ നടന്നുതുടങ്ങി ഒരു മൂന്നു മിനിറ്റു കഴിയുമ്പോഴേക്കും നടപ്പു നിര്‍ത്തി വാവ എന്‍റെ തോളില്‍ സ്ഥാനമുറപ്പിച്ചിരിക്കും. പിന്നെയങ്ങോട്ട്‌ ഇടവഴിയായതിനാല്‍ അന്നത്തെ കഥകളും പാട്ടും ഒക്കെയായി ഒരു റിയാലിറ്റി ഷോ തന്നെ എന്‍റെ തോളത്ത്‌ അരങ്ങേറും.

ഇടയ്ക്ക്‌ ഞങ്ങളുടെ എതിരെ ആരെങ്കിലും പോയാല്‍, ആ നിഴല്‍ മാറുന്ന നിമിഷം തന്നെ മൂപ്പര്‍ എന്‍റെ ചെവിക്കരികിലേക്കു കുനിഞ്ഞ്‌ "ആ തേത്തന്‍റെ പേടെന്നാ?" എന്നു ചോദിക്കും. അല്ലെങ്കില്‍ അടുത്ത പറമ്പില്‍ പുല്ലുചെത്തുന്നവരെ നോക്കി 'ആ തേത്തനൊക്കെയും പുല്ലൊക്കെയും ചെത്തുവാ, ല്ലെ?' എന്നു സൗമ്യമായി അന്വേഷിക്കും. പുള്ളിക്കാരന്‍റെ അന്നത്തെ ഒരു വാക്കാണ്‌ 'ഒക്കെയും' - പ്രൈവറ്റ്ബസില്‍ ആളെക്കയറ്റുന്നതു പോലെ പറ്റുന്നിടത്തെല്ലാം അതു തിരുകിക്കേറ്റും. സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം എന്ന പാട്ടാണു കക്ഷിക്കേറ്റവും പ്രിയം എന്നൊരു പറച്ചില്‍ തന്നെ അക്കാലത്തു വീട്ടിലുണ്ട്‌. ഈ ചോദ്യങ്ങളെല്ലാം അസഹ്യമാകുന്നത്‌ അവന്‍ എന്‍റെ ചെവിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുനിഞ്ഞു വന്നു സംസാരിക്കവേ ചൂടുള്ള ഉച്ഛ്വാസ വായു കര്‍ണ്ണനാളത്തിലേക്കു പമ്പുചെയ്യുമ്പോളാണ്‌. ചെവിക്കുള്ളിലൂടെ തലയ്ക്കകത്തേക്ക്‌ ഒരു മിന്നല്‍പ്പിണര്‍ പോകുന്നപോലെ ഒരു അനുഭൂതിയാണപ്പോള്‍. തല എടുത്തിട്ടൊന്നു കുടയണം അതിന്‍റെ ഒരു തരിപ്പു മാറിക്കിട്ടാന്‍! ചില നേരങ്ങളില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷ്‌ മുകേഷിന്‍റെ തോളത്തു കേറിയിരുന്ന് കണ്ണു രണ്ടും പൊത്തിപ്പിടിച്ചിരുന്ന മാതിരി പണിയും ടിയാന്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്‌.

മൂപ്പിലാന്‍റെ അന്നത്തെ മറ്റൊരു വിനോദമായിരുന്നു എന്തെങ്കിലും സാധനങ്ങള്‍ വെറുതെ അന്തരീക്ഷത്തിലോട്ടു പൊക്കിയെറിയല്‍. "ആ.... പൊക്ക്ക്ക്കോാാ..." എന്നൊരു പറച്ചിലോടെയാവും മേല്‍പ്പടി പദാര്‍ഥം ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നത്‌. പന്തുകള്‍ ധാരാളം അന്നു മൂപ്പിലാന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നതു കൊണ്ട്‌ ഈ കളി രസമുള്ള ഒരു കാഴ്ച്ചയായിരുന്നു. "ആ..." എന്നു പറഞ്ഞ്‌ ആയമെടുത്ത്‌ "പൊക്കോ.." യിലെ 'ക്കോ' പരയുന്നതും പന്തു പൊങ്ങുന്നതു കാണാം. എറിയുന്നതിന്‍റെ ആയത്തില്‍ ആളുടെ ബാലന്‍സ്‌ തെറ്റി എങ്ങാനും ചന്തീം കുത്തി വീണാല്‍ അതിനുമുണ്ട്‌ വായ്ത്താരി- "ഓ.... ടമ്മീീ..". ഈ കളി നടത്താന്‍ കൊച്ചിന്‍റെ കയ്യില്‍ ഒരു ദിവസം കിട്ടിയത്‌ ഒരു പിച്ചാത്തിയായിരുന്നു. "ആ.. പൊക്കോ" ഒക്കെ പറഞ്ഞ്‌ കൊച്ച്‌ പിച്ചാത്തി തൊണ്ണൂറു ഡിഗ്രിയില്‍ ഒരൊറ്റയേറ്‌. കത്തി നേരെ പൊങ്ങി കൃത്യം ചെറുക്കന്‍റെ നിറുകയില്‍ തന്നെയാണ്‌ ലാന്‍റ്‌ ചെയ്തത്‌. ഭാഗ്യത്തിനു തീരെച്ചെറിയ ഒരു മുറിവല്ലാതെ ഒന്നും പറ്റിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പ്രായം കൊണ്ട്‌ അവന്‍ അനിയനാണെങ്കിലും വികൃതിയില്‍ എന്‍റെ ചേട്ടനാണ്‌.

അങ്ങനെയങ്ങനെ നാവുറച്ചും പിച്ചവച്ചും വരുന്ന അക്കാലത്ത്‌ എന്തോ ഒരാവശ്യത്തിനായി കട്ടപ്പന ടൗണ്‍ വരെ ഞാന്‍ പോകാന്‍ നേരത്ത്‌ വെറുതെ അവനോടു ചോദിച്ചു:

"ഡാ, നീ വരുന്നോ കട്ടപ്പനയ്ക്ക്‌, എന്‍റെ കൂടെ?"

"ഇപ്പോളോ?"

"ആഹ്‌, ഇപ്പോള്‍ത്തന്നെ".

"നമ്മളു രണ്ടു പേരും തന്നെയോ?"

"ഹ്‌ം, തന്നെ".

"നാനെങ്ങും വരുന്നില്ല".

"ചുമ്മാ വാടാ, നിനക്കൊരു ഐസ്ക്രീം മേടിച്ചു തരാം".

"എന്നാ.. നാന്‍ വടാം". ആ വാഗ്ദാനത്തില്‍ പയ്യന്‍ വീണു. കടയിലൊക്കെ പോയിവന്നിട്ട്‌ ഓരോ പൊതിയും സഞ്ചിയില്‍ നിന്നെടുക്കുമ്പോള്‍ "വാവച്ചാണോ...?" എന്നു നീട്ടിയുള്ള ചോദ്യത്തെ ഞങ്ങള്‍ ഒരുപാടു ഫേസ്‌ ചെയ്ത്ട്ടുണ്ട്‌. കൂടാതെ ആ ചെറുപ്രായത്തിലും വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ 'ബേക്കറിവിഴുങ്ങി' എന്ന്‌ ഒരോമനപ്പേരും കക്ഷിക്കുണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ഐസ്ക്രീമില്‍ തെന്നി പയ്യന്‍ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാവച്ചാര്‍ ഉടന്‍ തന്നെ റെഡിയായി. ഞങ്ങള്‍ പുറപ്പെട്ടു. കട്ടപ്പനയില്‍ ചെന്നു കാര്യം നടത്തി. അടുത്ത പരിപാടി വാഗ്ദാനം നിറവേറ്റലാണ്‌.

കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ബെസ്റ്റ്‌ ബേക്കേഴ്സില്‍ കയറി ഞങ്ങള്‍ ഇരുന്നു. സപ്ലയര്‍ വന്നു.

"മോന്‌ എതു ഐസ്ക്രീമാടാ വേണ്ടേ..?" ഞാന്‍ ചൊദിച്ചു.

അവനു നാണം. ഈയവസരങ്ങളില്‍ നമ്മള്‍ തന്നെ വേണമല്ലോ കരകയറ്റാന്‍. സാദാ കപ്പ്‌ രണ്ടു തരമുണ്ട്‌- ആറു രൂപയുടേതും പത്തു രൂപയുടേതും. വല്ലപ്പോഴുമല്ലെ അനിയച്ചാര്‌ ഐസ്ക്രീം കഴിക്കൂ എന്നു ചിന്തിച്ച്‌ വലുതു തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. സാമ്പത്തികസ്വയംപര്യാപ്തത പ്രാപിച്ചിട്ടില്ലാത്ത ഞാന്‍ അക്കാലത്ത്‌ പുറത്തുപോയാല്‍ ഒരു ചായയും ബോണ്ടയും മാത്രം കഴിച്‌ വെറും അഞ്ചു രൂപ ചെലവില്‍ റിഫ്രഷ്മെന്‍റ്‌ ഒതുക്കുമായിരുന്നു. അക്കണക്കിനു നോക്കിയാല്‍ ഇപ്പോള്‍ അവനു കിട്ടാന്‍ പോകുന്ന ഐസ്ക്രീം ഒരു ലോട്ടറിയാണ്‌. ഐസ്ക്രീം ഒന്നു മാത്രം ഓര്‍ഡര്‍ ചെയ്തു.

സാധനം വന്നു. കപ്പിനു മുകളിലെ പേപ്പര്‍ നീക്കിമാറ്റി മുരിക്കുംതടി കൊണ്ടുണ്ടാക്കിയ കരണ്ടി കൊണ്ട്‌ ഞാന്‍ തന്നെ അല്‍പ്പം ഐസ്ക്രീം തോണ്ടി അവന്‍റെ വായില്‍ വെച്ചു കൊടുത്തു. എന്നിട്ടു ശ്രദ്ധാപൂര്‍വ്വം ഐസ്ക്രീം തിന്നാനുള്ള നിര്‍ദ്ദേശങ്ങളും കൊടുത്ത്‌ അവന്‍ അതു തിന്നുന്നതും നോക്കിയിരുന്നു.

"ഉടുപ്പെലൊന്നും വീഴിക്കല്ല്‌ കേട്ടോ.."

"കുറേശ്ശേ തോണ്ടിയെടുത്ത്‌ തിന്നു മോനേ.."

"എങ്ങനുണ്ട്‌ ? നല്ല തണുപ്പാണോ?"

ഇത്യാദി ചോദ്യമൊക്കെ ചോദിച്ചിരുന്നപ്പോഴാണ്‌ ഞാനെന്തിനു വെറുതെയിരിക്കണം, ഒരു ചായ ആവാല്ലോ എന്നു ചിന്തിച്ച്‌ ഒരെണ്ണത്തിന്‌ ഓര്‍ഡര്‍ ചെയ്തത്‌. എന്‍റെ ചെലവ്‌ വെറും രണ്ടര രൂപയില്‍ ഒതുക്കി.

ഞാന്‍ ചായ കുടിച്ചു കഴിഞ്ഞിട്ടും അവന്‍റെ ഐസ്ക്രീം തീറ്റ തീര്‍ന്നില്ല. അല്ല, തീറ്റക്കാര്യത്തില്‍ ഒരു സൂപ്പര്‍ഫാസ്റ്റ്‌ ആയിരുന്നു ഞാന്‍ അക്കാലത്ത്‌. അതിനൊരു അറുതി വന്നത്‌ ഈ ബാംഗ്ലൂര്‍ എത്തി മനസ്സിനും വയറിനും ബോധിക്കാത്ത ഭക്ഷണം സ്ഥിരം കഴിക്കാന്‍ തുടങ്ങിയതോടെയാണ്‌. അവസാനം വാവയ്ക്ക്‌ നല്‍കപ്പെട്ട ഐസ്ക്രീമിന്‍റെ കപ്പ്‌ 'എന്നെ വിടൂ.. അയ്യോ.. എന്നെ വിടൂ..' എന്നു കരഞ്ഞു നിലവിളിക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ അവന്‍ തീറ്റ നിര്‍ത്തി. ബില്ലും വാങ്ങി "എന്നാ നമുക്ക്‌ പൂവ്വാം?" എന്നു പയ്യനോട്‌ പറഞ്ഞപ്പോഴാണ്‌ എനിക്കു കൊച്ചിന്‍റെ മനോഗതം മനസ്സിലായത്‌. ഇരിപ്പിടത്തില്‍ നിന്നും നടന്നു നീങ്ങവേ, എന്തോ വെല്യ അരുതാഴിക ഞാന്‍ ചെയ്തെന്ന മട്ടില്‍ എന്നോട്‌ ഒരു ചോദ്യം-

"എഹ്‌..എന്നാലേ.. തേത്തായിയൊക്കെയും എന്നാ എനിക്കു ചായയൊക്കെയും വാംങ്ങിച്ചു തടാത്തെ?"

ഞാന്‍ കാറ്റൂതി വിട്ട ബലൂണ്‍ പോലെയായി എന്നു പറയേണ്ടതില്ലല്ലോ?

12 comments:

  1. അനിയനെപ്പറ്റിച്ചാണല്ലേ ചേട്ടായി ആളായത്. പാവം വാവാച്ചന്‍.

    ReplyDelete
  2. വാല്മീകി സാറേ, യൂ ടൂ .... :) എല്ലാരും ഇതു തന്നെയാ പറയുന്നെ.

    ബഷീര്‍, നന്ദി!

    കടവന്‍, ശരിയാ അവനെ തമ്പുരാന്‍ രക്ഷിക്കട്ടെ! എന്നാലും ഞാന്‍ അന്ന് ചായ വാങ്ങിച്ചു കൊടുത്തില്ല ട്ടോ!

    ReplyDelete
  3. ഹ ഹ. അവസാനം വാവ ചിരിപ്പിച്ചു കളഞ്ഞല്ലോ രാജേ... നല്ല അവതരണം.

    പണ്ട് ബന്ധത്തിലുള്ള ഒരു കുഞ്ഞനിയത്തി വീട്ടിലെത്തിയാല്‍ എന്തു കണ്ടാലും “എണ്‍‌ട്ടത്?”
    (എന്താണ് അത് എന്നു ചോദിയ്ക്കുന്നതാട്ടോ) എന്നു ചോദിയ്ക്കുന്ന കാര്യം ഓര്‍ത്തു.
    :)

    ReplyDelete
  4. രാജ്, പരിചയമുള്ള സ്ഥലത്തെ ഈ വിവരണം നന്നെ പിടിച്ചു. ബ്ലോഗില്‍ ഒരുകിഴക്കന്‍ ഭാഷക്കാരന്‍ ഇല്ലാത്തതിന്റെ കുറവ് ഇപ്പോഴുണ്ട്. അതുകൊണ്ട് നല്ല തനി കട്ടപ്പന്‍ മലയാളം തന്നെ ഇങ്ങട്ടോ പോരട്ടെ. “കൊച്ച്” “ചേട്ടായി” ഇതൊക്കെ ഓക്കെ. പക്ഷേആ പറച്ചില്‍ സ്റ്റൈല്‍ അല്‍പ്പം കൂടിവരാനുണ്ട് .

    പോസ്സ് ഇഷ്ടമായി, കേട്ടോ.

    ReplyDelete
  5. ശ്രീ, വായനയ്ക്കും കമന്‍റിനും നന്ദി. പിള്ളേരാണെങ്കിലും അവര്‍ നമ്മളെ ചിലപ്പോ വെള്ളം കുടിപ്പിച്ചു കളയും! :)

    അപ്പു, ഞെക്കിപ്പഴുപ്പിച്ചാലൊന്നും കട്ടപ്പന സ്റ്റൈല്‍ വരില്ലല്ലോ. താനേ വന്നോളും! പിന്നെ ഞാനും ശ്രമിക്കാം. കമന്‍റിനു വളരെ നന്ദി. :)

    ReplyDelete
  6. വാവാ വധം ന്നാകും വാവ ഈ പോസ്റ്റ് ഇപ്പോൾ വായിക്കുക..
    കൊള്ളാം

    ReplyDelete
  7. സാധു എല്ലാറ്റിനെയും കണക്ട് ചെയ്യാൻ "യും" ആണ് ഉപയോഗിക്കുന്നത്.
    ആ വാവക്കാലം നല്ലതായിരുന്നില്ലേ... കുഞ്ഞുങ്ങൾ വലുതാകേണ്ടയിരുന്നു എന്നെപ്പോഴും തോന്നും ..

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'