Thursday, February 28, 2008

അഞ്ചു രൂപ

വളച്ചുകെട്ട്‌ : ഈ ബ്ലോഗില്‍ നിങ്ങള്‍ കാണുന്ന കഥാപാത്രങ്ങള്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നവരും എന്‍റെ അടുത്ത പരിചയക്കാരും എന്‍റെ സ്വഭാവം നന്നായി അറിയുന്നവരും ആകയാല്‍ പണ്ടുള്ള കാലങ്ങളില്‍ ഞാന്‍ അവരോടു കാണിച്ചിട്ടുള്ള മറ്റു തെറ്റുകുറ്റങ്ങള്‍ കണക്കിലെടുത്തും എന്‍റെ ഭാവിയെക്കരുതിയും താരതമ്യേന ചെറിയ ഈ പാപങ്ങള്‍ സദയം പൊറുത്തു മാപ്പാക്കി ഓലപ്പീപ്പിയെ അനുഗ്രഹിക്കണമേ എന്നു വിനയപുരസരം അപേക്ഷിച്ചു കൊള്ളുന്നു. ലളിതമായി പറഞ്ഞാല്‍ "പൊന്നളിയാ തല്ലല്ലേ.."

കര്‍ണാടകയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്‌ ട്രെയിനിംഗ്‌ കാലത്തെ അനുഭവങ്ങളില്‍ നിന്നും ഒരേട്‌. നായകന്‍ ഡേവ്‌. ആഴ്ച്ചയില്‍ അഞ്ചു ദിവസം നീളുന്ന കൊലക്കത്തി ക്ലാസ്സുകളൊക്കെ കഴിഞ്ഞു മനസ്സമാധാനമായി ഒന്നുറങ്ങാനും ടിവിയിലെ മലയാളം പടം കാണാനും തുണി അലക്കാനും അത്യാവശ്യം ഷോപ്പിങ്ങിനും ടൗണിലുള്ള ഹോട്ടലില്‍ പോയി മനസ്സിനിണങ്ങിയ ശാപ്പാടടിക്കാനും പിന്നെ ഒരു രണ്ട്‌ മഗ്‌ ബിയര്‍ അടിക്കാനുമായി വീതിച്ചു നല്‍കാറുള്ള ഒരു വാരാന്ത്യം.

അന്നും ഞങ്ങള്‍ - ഡേവച്ചായനും സുത്തിയും ഞാനും- പതിവുപോലെ ടൗണില്‍ പോയി. ഇടയ്ക്കും മുട്ടിനുമൊക്കെ ഞങ്ങളുടെ മുന്നില്‍ വന്നു പെടുന്ന പാവം പെണ്‍പിള്ളേരുടെ ഫാഷന്‍ ഭ്രമത്തെക്കുറിച്ചെല്ലാം ആത്മാര്‍ഥമായി വ്യാകുലപ്പെട്ടു. ഓരോ ജോഡി ജൗളി ഒക്കെ എടുത്തു. പതിവായി പോകാറുള്ള മലയാളി ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കനും മതിവരുവോളം കഴിച്ചു. വൈകിട്ട്‌ ആറു മണിയായപ്പോള്‍ തുടങ്ങിയ നടത്തമാണ്‌. അത്താഴമൊക്കെ കഴിഞ്ഞ്‌ ഉറ്റതോഴന്‍ ബിച്ചുവിനു പാഴ്സലും വാങ്ങി ഇറങ്ങിയപ്പോഴേക്കും മണി ഒന്‍പതു കഴിഞ്ഞു. ബിയര്‍ അടിച്ചാലോ എന്നൊരു പൂതി. ഡേവ്‌ ആണെങ്കില്‍ ആല്‍ക്കഹോളിന്‍റെ അംശമുള്ള സാധനങ്ങള്‍ അണുനശീകരണത്തിനു പോലും ഉപയോഗിക്കാത്ത ടൈപ്പ്‌. എന്നു പറഞ്ഞാലെങ്ങനെയാ..? മഗ്ഗിന്‌ ഇരുപതു രൂപ വെച്ചു ബിയര്‍ വില്‍ക്കുന്ന കടയുണ്ട്‌. അല്ല, ഒരു നാട്ടില്‍ ചെന്നാല്‍ കണ്ടു പിടിക്കാന്‍ എറ്റവും എളുപ്പമുള്ള ഒരു ജാതി സ്ഥാപനമാണല്ലോ മദ്യശാലകള്‍! അത്‌ എന്‍റെ കാര്യത്തിലും ശരിയായി എന്നു മാത്രം. ഡേവ്‌ പുറത്തു വെയിറ്റു ചെയ്തു. ഞങ്ങള്‍ വേഗം മടുമടാന്നു മൂന്നുനാലു മഗ്ഗ്‌ വീതം വാങ്ങി മോന്തി വരുമ്പോഴേക്കും പ്രിയ സഹപ്രവര്‍ത്തകന്‍ ഡേവ്‌ മടങ്ങിപോകുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ചു നില്‍പ്പായിരുന്നു.

സമയം ഒന്‍പതരയാകുന്നു. ഇനി നമ്മുടെ കൂട്ടിലേക്കു ബസ്സൊന്നുമില്ല. ഓട്ടോ വിളിക്കണം. പുതുമയുള്ള കാര്യമല്ല. ട്രാഫിക്‌ പോലീസിന്‍റെ പ്രീപെയ്ഡ്‌ പദ്ധതി ഉണ്ട്‌. കൂപ്പണിനു ഒരു രൂപ. പ്രീപെയ്ഡ്‌ എന്നു പറയുമെങ്കിലും വണ്ടിക്കൂലി ഡ്രൈവറുടെ കയ്യില്‍ തന്നെയാണു കൊടുക്കേണ്ടത്‌. അപ്പോള്‍ പിന്നെ അതെങ്ങനെ പ്രീപെയ്ഡ്‌ ആകും എന്നു ചോദിക്കരുത്‌, കാരണം അവിടെ എഴുതി വച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. കൗണ്ടറില്‍ പോയി ക്യൂ നിന്നു പോകേണ്ട സ്ഥലത്തേക്കുള്ള കൂപ്പണുമായി വന്നു. ഇപ്രകാരമാണെങ്കില്‍ എണ്‍പത്തഞ്ചു രൂപയ്ക്കു കാര്യം നടക്കും. അല്ലെങ്കില്‍ വെറുതെ ഡ്രൈവര്‍മാരുമായി കച്ചറയ്ക്കു പോകണം, കുറഞ്ഞതു നൂറ്റിയിരുപതു രൂപയെങ്കിലും കൊടുക്കേണ്ടതായും വരും. എന്തിനാ വെറുതെ, ല്ലേ?

അങ്ങനെ ഞങ്ങള്‍ ഓട്ടോയില്‍ കയറി യാത്രയാരംഭിച്ചു. ഓട്ടോ കത്തിച്ചു വിടുകയാണ്‌. ബിയറിന്‍റെ ചെറിയ ഒരു തരിപ്പുള്ളതു കൊണ്ടാണോ അതോ ഹൈറേഞ്ചില്‍ ജനിച്ചു വളര്‍ന്നു തണുപ്പിനോടും കാറ്റിനോടുമൊക്കെ നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചതു കൊണ്ടാണോ എന്തോ, എനിക്കു വെല്യ തണുപ്പൊന്നും തോന്നിയില്ല. പതിവു പോലെ തന്നെ വണ്ടിയിലിരുന്നു ഡേവ്‌ വിടുവായത്തം വിളമ്പുന്നു. ഡേവ്‌, 'ആഴെടാ' എന്നൊക്കെ ആക്രോശിക്കുന്നതു കേട്ടാല്‍ 'ദൈവമേ, ഞങ്ങള്‍ ബിയര്‍ അടിച്ച നേരത്ത്‌ ലെവന്‍ പോയി ഹാട്ട്‌ അടിച്ചാ?' എന്ന് ആരും സംശയിച്ചു പോകും. ഡ്രൈവര്‍ ഭായി തിരിഞ്ഞിരുന്നിട്ടു "ഒന്നു മിണ്ടാതിരിക്കടാ, ശവികളെ.. ഞാന്‍ എന്‍റെ പണി മനസ്സമാധാനമായിട്ടൊന്നു ചെയ്തോട്ടെ" എന്നു പറയുമെന്ന് പല വട്ടം എനിക്കു തോന്നി. 'ഡാ, കോപ്പേ, മിണ്ടാതിരിയെടാ ..' എന്നും മറ്റും സുത്തി പറയുന്നുണ്ടെങ്കിലും അച്ചായന്‍ അതൊന്നും കാര്യമാക്കാതെ തകര്‍ക്കുകയാണ്‌. പിന്നെ തലയ്ക്കു വെളിവില്ലാത്ത ആളല്ലേയെന്നു വിചാരിച്ചു ഞങ്ങള്‍ മുട്ടു മടക്കി.

ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോഴേക്കും കൃത്യം ചില്ലറ തന്നെ ഓട്ടോക്കാരനു കൊടുക്കേണ്ടതിന്‍റെ ആവശ്യകത സുത്തി ഡേവിനെ ഓര്‍മ്മിപ്പിച്ചു. തന്‍റെ കയ്യില്‍ അതെല്ലാം ഭദ്രമാണെന്നു ഡേവ്‌. സ്ഥലത്തെത്തി, ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. വണ്ടിക്കാരനു നേരെ ഡേവ്‌ നീട്ടിയതു നൂറിന്‍റെ പെടയ്ക്കണ ഒരു നോട്ട്‌.! ഡ്രൈവര്‍ ബാക്കി നീട്ടിയതു വെറും പത്തു രൂപ. അഞ്ചു രൂപ എന്തിയേന്നു ഡേവ്‌. ഇവിടെ വരെ ഭാഷ ഒരു പ്രശ്നമല്ല. കാരണം, നെറ്റി ചുളിച്ച്‌, വലതു കൈപ്പത്തി മലര്‍ത്തി 'ഫൈവ്‌ റുപ്പീസ്‌?' എന്നു ചോദിച്ചാല്‍ ഏതു കാളവണ്ടിക്കാരനും കാര്യം മനസ്സിലാകുന്ന കാലമാണല്ലോ ഇത്‌.

കൂലി തൊണ്ണൂറു രൂപയാ എന്നയര്‍ഥത്തില്‍ നയന്‍റി റുപ്പീസ്‌ എന്നു ഡ്രൈവര്‍.
ഓട്ടോക്കൂലി എണ്‍പത്തഞ്ചു രൂപ എന്നാലേഖനം ചെയ്ത കൂപ്പണ്‍ കാട്ടി അല്‍പ്പം നീരസത്തോടെ 'നോ നയന്‍റി, ഒണ്‍ലി എയ്റ്റി ഫൈവ്‌' എന്നു ഡേവ്‌.
അപ്പോള്‍ ഡ്രൈവര്‍ഭായിയുടെ മറുപടി: 'നോ റിട്ടേണ്‍ ടിക്കറ്റ്‌ സാര്‍, പ്ലീസ്‌ ഗീവ്‌ നയന്‍റി'.

'റിട്ടേണ്‍ ടിക്കറ്റ്‌ ഒന്നും കിട്ടിയില്ലേല്‍ നമുക്കെന്നാ ചേതം? ഞാന്‍ എണ്‍പത്തഞ്ചേ കൊടുക്കൂ' എന്നു ഡേവിന്‍റെ സിദ്ധാന്തം.

സംഗതി കുഴയുന്നതു കണ്ടപ്പോള്‍ ഡ്രൈവര്‍ഭായി ലാംഗ്വേജ്‌ ഒന്നു മാറ്റിപ്പിടിച്ചു. ഇംഗ്ലീഷില്‍ കത്തിവെച്ചാല്‍ ഡേവ്‌ കത്തിക്കയറുമെന്നും താന്‍ പരാജിതനാവുമെന്നും അയാള്‍ ഭയന്നിരിക്കണം. ഹിന്ദി അറിയാത്ത ഡേവ്‌ ഒന്നു പരുങ്ങി. ഓട്ടോക്കാരന്‍ അപ്പോഴും തൊണ്ണൂറില്‍ ഉറച്ചു തന്നെ.

അപ്പോള്‍ ഡേവ്‌ ഞങ്ങളുടെ നേരേ തിരിഞ്ഞ്‌ ഒരു ഡയലോഗ്‌.."ഡാ, ഒരു പേനായിങ്ങു തന്നെ.. ഞാനിവന്‍റെ നമ്പരൊന്നു നോട്ട്‌ ചെയ്യട്ടെ..!" അതും പച്ചമലയാളത്തില്‍.

നമ്പരു നോട്ടു ചെയ്തിട്ടു ഇവനെന്നാ കാട്ടാനാ എന്നു ഞാനും സുത്തിയും ശങ്കിച്ചു. പക്ഷെ ആ നമ്പരിലൊന്നും ഓട്ടോക്കാരന്‍ വീണില്ല. കൊക്കെത്ര കുളം കണ്ടതാ?

'മേരാ പാസ്‌ പാഞ്ച്‌ രുപയെ നഹീ ഹൈ..' എന്നോ മറ്റോ അയാള്‍ പറഞ്ഞു. എനിക്കും സുത്തിക്കും ഈ കച്ചറ കണ്ടു മടുത്തു.

ഞാനും സുത്തിയും കൂടി അഞ്ചും പത്തും ഇരുപതുമെല്ലാം കൂടി തപ്പിപ്പിടിച്ച്‌ ഒരു പത്തറുപതു രൂപ ഡേവിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു. 'ഇതുകൊണ്ട്‌ എന്നാന്നു വെച്ചാല്‍ കാണിച്ചിട്ടു വാ' എന്ന് അച്ചായനോടും ആ ഡാഷിനോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതാ കൃത്യം കാശെടുത്തു വെയ്ക്കാന്‍' എന്ന് എന്നോടും പുലമ്പിക്കൊണ്ട്‌ സുത്തി കാമ്പസിനുള്ളിലേക്കു നടന്നു. പിന്നാലെ ഞാനും. ഗേറ്റു കടന്നു ഞങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ എണ്‍പത്തഞ്ചില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത അച്ചായന്‍ ആദ്യം നല്‍കിയ നൂറും തിരികെ വാങ്ങി പേഴ്സില്‍ നിന്നും അവിടുന്നും ഇവിടുന്നുമെല്ലാമായി കൃത്യം എണ്‍പത്തഞ്ചു രൂപ ഓട്ടോക്കാരന്‌ ഒപ്പിച്ചുകൊടുത്തു.

ഇതിനോടകം സെക്യൂരിറ്റിച്ചേട്ടന്മാര്‍ എന്തോ വെല്യ അത്യാഹിതം നടന്ന മാതിരി വിസിലടി തുടങ്ങിയിരുന്നു. കാരണം, ഗേറ്റിനു മുന്നിലാണു വണ്ടി കൊണ്ടുവന്നിട്ടുകൊണ്ടു ലേലം വിളിക്കുന്നത്‌. വിജയശ്രീലാളിതനായി മുപ്പത്തിരണ്ടു പല്ലും കാട്ടി അച്ചായന്‍ ഗേറ്റുകടന്നു വരവേ ഡ്രൈവര്‍ഭായി സെക്യൂരിറ്റി ഗാര്‍ഡിനോട്‌ എന്തോ പറയുന്നതു ഞങ്ങള്‍ കേട്ടു. സംഗതി കന്നഡയായിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ലെങ്കിലും അപ്പറഞ്ഞതു ഞങ്ങളെക്കുറിച്ചായിരുന്നെന്ന് 'കഞ്ചൂസ്‌' എന്നൊരു വാക്കു മാത്രം തിരിഞ്ഞതോടെ പിടികിട്ടി.

'എടാ, അവന്‍ പറഞ്ഞതു നമ്മളെക്കുറിച്ചാവുമോ? അല്ലായിരിക്കും അല്ലെ?' അച്ചായന്‍റെ ഈ ന്യായമായ സംശയത്തിന്‌ സുത്തി പറഞ്ഞ മറുപടി പല സിനിമകളിലും രാജന്‍ പി. ദേവ്‌ ഉപയോഗിക്കാറുള്ള ഒരു വിശേഷണമായിരുന്നു. ഒപ്പം, 'മിണ്ടാതെ വന്നോണം' എന്നൊരു താക്കീതും.

ഒരു നൂറ്റന്‍പതു മീറ്റര്‍ നടന്നു കാണും. അച്ചായനെന്തോ ഒരു വല്ലായ്മ. ഒരു ഭാരമില്ലായ്മ പോലെ. അവിടെയുമിവിടെയുമെല്ലാം തപ്പി നോക്കുന്നു. എന്താ പറ്റിയതെന്നു ഞങ്ങള്‍ ചോദിച്ചു. മിണ്ടാതെ തിരച്ചില്‍ തുടരുകയാണ്‌ അച്ചായന്‍. അവസാനം, ആ മരം കോച്ചുന്ന തണുപ്പില്‍, നേര്‍ത്ത മഞ്ഞില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മിയ ആ രാവില്‍ നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ നിന്നുകൊണ്ട്‌ അവന്‍ ആ സത്യം ഉള്‍ക്കൊണ്ടു - തന്‍റെ പുന്നാര മൊബൈല്‍ നഷ്ടപ്പെട്ടിരിക്കുന്നു!

മൊബൈലിനെപ്പറ്റി: ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച്‌ ഗള്‍ഫില്‍ നിന്നു വാങ്ങി ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ത സൊയമ്പന്‍ മൊഫൈല്‍(ഈ വാക്കിനു കടപ്പാട്‌: സുത്തി). ഡേവന്‍റെ വീട്ടില്‍ അതു കൊണ്ടുവന്ന സമയത്ത്‌ ആ സെറ്റ്‌ ഒന്നു കാണാന്‍ കൊതിച്ച്‌ അയല്‍ക്കരെല്ലാം അവന്‍റെ വീട്ടുവാതിക്കല്‍ ക്യൂ നിന്നിരുന്നു. അതിന്‍റെ ശബ്ദസൗകുമാര്യത്തെപ്പറ്റിയും ബാറ്ററിക്ഷമതയെപ്പറ്റിയും റേഞ്ചു പിടിക്കാനുള്ള വൈഭവത്തെപ്പറ്റിയുമെല്ലാം അച്ചായന്‍ ഡെയ്‌ലി വാചകമടിക്കാറുണ്ടായിരുന്നു. ഒരടിപൊളി നോക്കിയ. അതെ, ഇന്ത്യ കണ്ട ആദ്യകാല 3310-കളില്‍ ഒന്ന്‌! ഒറിജിനല്‍ ബാറ്ററിയുള്ളതു കൊണ്ട്‌ വിറ്റാല്‍ അഞ്ഞൂറു രൂപ കിട്ടിയേക്കും.

അച്ചായനെ വെട്ടിവിയര്‍ത്തു. ഒരു നിമിഷം കൊണ്ട്‌ അതിലുണ്ടായിരുന്ന എട്ടു രൂപാ ടോക്‌‍ടൈമിനെക്കുറിച്ചും സിം കാര്‍ഡ്‌ വല്ല തീവ്രവാദികളോ പെണ്‍വാണിഭക്കാരോ കൊണ്ടുപോയാലത്തെ ഭവിഷ്യത്തുകളെക്കുറിച്ചും ഓര്‍ത്ത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ നിന്നനില്‍പ്പില്‍ ഇടത്തും വലത്തും തിരിഞ്ഞു. തുടരെത്തുടരെ തലചൊറിഞ്ഞു. ഒപ്പം മനപ്രയാസം കൊണ്ടാവും രണ്ടുമൂന്നു തെറിയും പറഞ്ഞൂന്നു കൂട്ടിക്കോ.

അവസാനം എന്‍റെ ഫോണില്‍ നിന്ന്‌ അങ്ങോട്ടു വിളിച്ചു. നോ റിപ്ലെ. വീണ്ടും വീണ്ടും വിളിച്ചു. വിളിച്ചും നടന്നും ഞങ്ങള്‍ ബിച്ചുവിന്‍റെ റൂമിലെത്തി. കഥ കേട്ടപ്പോള്‍ ബിച്ചുവും ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.

എന്തായാലും അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മറുപടി ഉണ്ടായി. അങ്ങേത്തലയ്ക്കല്‍ ഡ്രൈവര്‍ തന്നെ. ആ ഫോണ്‍ കൊണ്ടുത്തരാമോ എന്നു ഡേവിന്‍റെ വിനീതമായ അഭ്യര്‍ഥന. താനിപ്പോള്‍ ടൗണിലാണെന്നു ഡ്രൈവറുടെ മറുപടി. അതു സാരമില്ല, വണ്ടിക്കൂലി തന്നേക്കാം എന്ന്‌ അച്ചായന്‍.ഇത്രയും പറഞ്ഞും കേട്ടും ഡേവും ഞങ്ങളും ഒന്നു ശ്വാസമെടുക്കുമ്പോഴാണ്‌ സുത്തി ഒരു കാര്യം ശ്രദ്ധിച്ചത്‌. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പ്പാട്ടു പാടി നൃത്തം ചെയ്യുന്നു എന്നു പറഞ്ഞതു പോലെയാണു ഡേവച്ചായന്‍ നിന്നു ഹിന്ദി കീറുന്നത്‌.! എങ്കില്‍ നേരേ ഞങ്ങളിറങ്ങിയ സ്ഥലത്തേക്ക്‌ പോരേ എന്നും കൂടി ആശാന്‍ ഹിംഗ്‌ളീഷില്‍ പറഞ്ഞൊപ്പിച്ചു.

ഓട്ടോക്കാരന്‍ അവന്‍റെ വര്‍ഗ്ഗസ്വഭാവം ഇവിടെയും കാട്ടി. അങ്ങോട്ടു വരണമെങ്കില്‍ 150 രൂപാ കൊടുക്കണമെന്ന്‌! അല്‍പ്പം മുന്‍പ്‌ 85 രൂപ എണ്ണിക്കൊടുത്തു വന്ന റൂട്ട്‌ ആണ്‌. ശെരി തന്നേക്കാം, പോരേയെന്നു അച്ചായന്‍. ഓക്കെ, കമിംഗ്‌ സാര്‍ എന്നു ഡ്രൈവര്‍.ബിച്ചുവും അച്ചായനും കൂടി ഗേറ്റിങ്കല്‍ പോയി നില്‍പ്പായി. ഒരു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴുണ്ട്‌ ഓട്ടോ വരുന്നു. അതില്‍ മുന്നിലും പിന്നിലുമായി ഒരെട്ടുപത്തു പിള്ളേര്‍.! അവരെല്ലാം കൂടി പാടിയാര്‍ത്തും കൂവിവിളിച്ചും കോളേജു പിള്ളേര്‍ ടൂറിനു പോകുമ്പോലെ ഒരു വരവായിരുന്നു.

എന്തായാലും ഡേവിന്‌ മൊഫൈല്‍ കയ്യില്‍ കിട്ടി. അതിന്‍റെ ബാറ്ററി കവര്‍ എങ്ങോ നഷ്ടപ്പെട്ടിരുന്നു. വൈകല്യം ബാധിച്ചതാണെങ്കിലും ഫോറിന്‍ മൊഫൈല്‍ അല്ലിയോ, കളയാന്‍ പറ്റുമോ?സാധനവും ഏല്‍പ്പിച്ച്‌ ഓട്ടോക്കാരനും സംഘവും പോകുന്നപോക്കിന്‌ നല്ല ഒന്നാംതരമൊരു കൂവല്‍ കൂടി അവിടെ നടത്തി. അച്ചായന്‍ മൊബൈല്‍ പരിശോധിച്ചു. വേറേ പരിക്കുകളൊന്നുമില്ല. ടോക്‍ടൈം അതുപോലെ തന്നെ ഉണ്ട്‌!

എന്തായാലും ആ വരവിന്‍റെ കൂലിയിനത്തില്‍ ഓട്ടോക്കാരന്‌ 200 ഇന്ത്യന്‍ രൂപാ കൊടുക്കുമ്പോള്‍ അച്ചായന്‍റെ മനസ്സില്‍ നന്ദിയായിരുന്നോ അതോ 'എനിക്കു കാശിനു വെല്യ ദെണ്ണമൊന്നുമില്ലെടാ, അഞ്ചു രൂപായല്ല അന്‍പതു പോലും എനിക്കു പുല്ലാണെടാ' എന്ന വിചാരമായിരുന്നോ എന്നറിഞ്ഞുകൂടാ.

വാല്‍ക്കഷണം:

(1) അടുത്ത ടൗണില്‍ പോക്കിന്‌ അച്ചായന്‍ തേടി നടന്ന്‌ 3310യുടെ കവര്‍ ഒപ്പിച്ചു. ഒരു 90 രൂപാ അതിനങ്ങു മുടക്കി. 'കടക്കാരന്‍ പറ്റിച്ചതാ' എന്ന്‌ അപ്പോഴും പറഞ്ഞു.

(2) പിന്നെ ഈയടുത്ത കാലത്ത്‌ മൂപ്പിലാന്‍ ഒരു സോണി എറിക്സണ്‍ W810i വാങ്ങി. അതും മേല്‍പ്പറഞ്ഞ പോലെ ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച്‌ ഗള്‍ഫില്‍ നിന്നു വാങ്ങി.. ഇല്ല, ഞാനൊന്നും പറയുന്നില്ല.

6 comments:

  1. ഹ ഹ. ഡേവച്ചായന്‍ കലക്കി.
    “നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പ്പാട്ടു പാടി നൃത്തം ചെയ്യുന്നു എന്നു പറഞ്ഞതു പോലെയാണു ഡേവച്ചായന്‍ നിന്നു ഹിന്ദി കീറുന്നത്‌.!”
    :)

    ReplyDelete
  2. ജസീര്‍ പുനത്തില്‍. ദമാമില്‍ നിന്നും
    നനായിട്ടുണ്ട് !

    ReplyDelete
  3. ശ്രീ, സാഹചര്യങ്ങളല്ലേ മനുഷ്യനെ ഓരോരോ വേഷം കെട്ടിക്കുന്നത്‌..! താങ്‌ക്‍സ്‌..!

    ജസീര്‍ പുനത്തില്‍,ശിവകുമാര്‍ : നന്ദി.

    ReplyDelete
  4. നല്ല ഉഗ്രന്‍ പോസ്റ്റ്. അച്ചായന്മാരിലും നക്കികള്‍ ഉണ്ടല്ലേ? :)

    ReplyDelete
  5. നല്ല ബോഗ്ഗിംഗ്‌, ഇടുക്കിയേയും വാര്‍ത്തോ എന്നു സംശയം..

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'