Monday, February 18, 2008

ശിക്ഷ

അടി എന്ന രണ്ടക്ഷരം കാണുമ്പോള്‍ അത്‌ അളവിനെക്കുറിക്കുന്ന അടിയാണെങ്കില്‍ എനിക്കു വെല്യ താല്‍പര്യം തോന്നാറില്ല. നല്ല ശുദ്ധമായ തല്ലിന്‍റെ കാര്യമാണെങ്കില്‍ കൊള്ളാനുള്ള കുരുത്തക്കേടുകള്‍ അന്നും ഇന്നും ചെയ്യുന്നുണ്ട്‌. ഗുരുക്കന്മാരുടെ കയ്യില്‍ നിന്നു പ്രസാദം വാങ്ങിയ അനുഭവങ്ങള്‍ ഏറെയുണ്ടെങ്കിലും അച്ഛനമ്മമാരുടെ പേരില്‍ വിരലിലെണ്ണാവുന്ന സംഭവങ്ങളേ ഉള്ളൂ. അതിലെ ഏറ്റവും മഹത്തായ ഒന്നാണ്‌ ഇനി ഇതള്‍ വിരിയുന്നത്‌.

അന്നെനിക്കു പ്രായം എട്ടോ ഒന്‍പതോ. കുട്ടിഷര്‍ട്ടും നിക്കറുമിട്ട്‌ മുള്ളന്‍പീലി പോലത്തെ മുടിയും കൈവയ്ക്കുന്ന മേഖലകളിലെല്ലാം കുസൃതിയുമായി അടിച്ചു പൊളിക്കുന്ന എല്‍. പി. സ്കൂള്‍ കാലം. ഞങ്ങളുടെ ഗ്രാമത്തില്‍ ആളനക്കമുണ്ടാകുന്ന രണ്ടേ രണ്ടു സംഭവങ്ങളാണ്‌ വോട്ടെടുപ്പും കൊച്ചുതോവാള സെന്‍റ്‌ ജോസഫ്സ്‌ പള്ളിയിലെ പെരുന്നാളും. ചെണ്ട മേളവും ബാന്‍റുമേളവും എന്നെ എപ്പോഴും ഞെട്ടിച്ചുകൊണ്ട്‌ കതിനാവെടികളും മുഴങ്ങുന്ന ഒരു പെരുന്നാള്‍ കാലം. ഈ രണ്ടു ദിവസങ്ങളിലാണ്‌ അന്നാട്ടിലെ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത പ്രജകള്‍ക്ക്‌ അത്യാവശ്യം കോസ്മെറ്റിക്സും ടോയ്സും സ്വീറ്റ്സും ഗോള്‍ഡ്‌ സ്പോട്ട്‌, സിട്രാ മുതലായ കോളകളും വാങ്ങാനും ആസ്വദിക്കാനുമൊക്കെ ലഭിക്കുന്ന അസുലഭാവസരം. ഇമ്മാതിരി കച്ചോടങ്ങള്‍ക്കെല്ലാം സ്ഥലം ലേലത്തിനെടുത്ത്‌, കുറ്റി നാട്ടി, തൂണു കുത്തി, മറച്ചുകെട്ടി, വലിയ വീഞ്ഞപ്പെട്ടികളില്‍ കളിപ്പാട്ടങ്ങളും ചാന്ത്‌-പൊട്ട്‌-കണ്മഷി-വള എന്നിത്യാദി അവശ്യ വസ്തുക്കളും കൊണ്ടിറക്കി, എടുത്തു നിരത്തി, അടുക്കിയലങ്കരിച്ച്‌ കച്ചോടത്തിനു നേര്‍ച്ചയിട്ടു തുടക്കം കുറിക്കുന്നതുവരെയുള്ള സംഗതികള്‍ക്ക്‌ അക്കാലത്ത്‌ കറുത്ത ഹോസ്‌ വളയമാക്കി വണ്‍വീലര്‍ വണ്ടിയോടിച്ചു നടന്നിരുന്ന ഞാനുള്‍പ്പടെയുള്ള ബാല്യങ്ങള്‍ കൗതുകത്തോടെ സാക്‍ഷ്യം വഹിച്ചിരുന്നു.

അങ്ങനെ ആ വര്‍ഷവും പെരുനാളിന്‌ ഇത്തരം ഒന്നുരണ്ട്‌ കട (വെച്ചുവാണിക്കട എന്നാണു നാട്ടുഭാഷ, ചിന്തിക്കട എന്നും പറയും) ഉണ്ടായിരുന്നു. അതും പള്ളിക്കു മുന്നിലെ റോഡിലെ നല്ല കണ്ണായ സ്ഥലത്തു തന്നെ. പിന്നെ ഉഴുന്താട, ഹല്‍വ, മുറുക്ക്‌, മിക്സ്ചര്‍ തുടങ്ങിയ പലഹാരശാലകള്‍ വേറേ. കിട്ടിയാല്‍ വല്ലതും തിന്നും എന്നല്ലാതെ അതിലേക്കു നമുക്കു വെല്യ താല്‍പര്യമൊന്നുമില്ല. മേല്‍പ്പടി കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെ ഞാനുള്‍പ്പടെയുള്ള സംഘം സാധനങ്ങളുടെ സ്റ്റോക്ക്‌ എടുക്കാന്‍ തുടങ്ങി. അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്ന് വില ചോദിച്ച്‌ ചോദിച്ച്‌ കടക്കാരന്‍റെ മുഖഭാവം മാറുമ്പോള്‍ അയാള്‍ക്കിഷ്ടപ്പെടുന്നില്ല എന്ന മഹാസത്യം മനസ്സിലാക്കി അല്‍പനേരത്തേക്ക്‌ ഒന്നു കറങ്ങി വന്ന് വീണ്ടും പഴയ പണി തുടരും.

കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ ഒരു സാധനവുമായി ഞാന്‍ പ്രഥമദൃഷ്ട്യാ പ്രണയത്തിലായി - ഒരു കുഞ്ഞു ഫയര്‍ എഞ്ചിന്‍. ഉള്ളിലിരിക്കുന്ന ഡ്രൈവറുടെയും ഫയര്‍മാന്‍മാരുടെയും ചിത്രം ഭംഗിയായി ആലേഖനം ചെയ്തിട്ടുള്ള, മുകളില്‍ സ്വര്‍ണ്ണനിറമുള്ള മണിയും പച്ചനിറമുള്ള ഗോവണിയും ഫിറ്റു ചെയ്തിട്ടുള്ള, ഓടുമ്പോള്‍ മണിയൊച്ച മുഴങ്ങുന്ന ആ ചുവന്ന കളിപ്പാട്ടം കീ കൊടുക്കാതെ തന്നെ എന്‍റെയുള്ളില്‍ കിടന്നോടാന്‍ തുടങ്ങി. എങ്ങനെയും അതു കരസ്ഥമാക്കണം എന്നു ഞാനുറച്ചു.

എന്‍റെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ റിസോഴ്സായിരുന്നു ചാച്ചന്‍ എന്നു ഞങ്ങള്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍. അക്കാലത്തു എന്‍റെ വിനോദപരമായ ചെലവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ചാച്ചനായിരുന്നു. അച്ചായിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ സങ്കോചം കൂടാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനും നേടിയെടുക്കാനുമുള്ള എളുപ്പവും അദ്ദേഹത്തിനു എന്നോടുള്ള പ്രത്യേക വാല്‍സല്യവുമായിരുന്നു ഇതിന്‍റെ പിന്നിലെ പ്രധാന കാരണങ്ങള്‍. പിന്നെ അച്ചായിയുടെപോലെ എപ്പോഴും ഗൗരവം നിറഞ്ഞ മുഖമല്ല ചാച്ചന്‍റെ. പിന്നെ ഞാന്‍ കുസൃതി കാട്ടിയാല്‍ ചാച്ചനാണെങ്കില്‍ ദേഷ്യപ്പെടില്ല എന്ന വിലപ്പെട്ട അനുഭവജ്ഞാനവും. അതുകൊണ്ട്‌ ഫയര്‍ എഞ്ചിന്‍ വാങ്ങണമെങ്കില്‍ ചാച്ചന്‍ തന്നെ കനിയണം. പക്ഷെ ചാച്ചന്‍ ആള്‍റെഡി എനിക്കനുവദിക്കാവുന്ന സാങ്ങ്‌ഷന്‍ ലിമിറ്റ്‌ കടന്നു നില്‍ക്കുന്നു. മേല്‍പ്പടി കളിക്കോപ്പിന്‍റെ വില ഇരുപത്താറു രൂപ എന്നത്‌ അത്രയെളുപ്പം ബജറ്റില്‍ വകകൊള്ളിക്കാന്‍ പറ്റാത്തത്‌. കച്ചവടമാണെങ്കില്‍ ഞായറാഴ്ച വൈകുന്നേരം വരെ മാത്രവും. ഇതെല്ലാം ചിന്തിച്ച്‌ സാമ്പത്തിക പരാധീനത മൂലം ആ അസുലഭാവസരം പാഴാവുമോ എന്നു ഭയന്ന ഞാന്‍ കാമുകിയെ പെണ്ണുകാണാന്‍ ആളു വരുന്നുണ്ടെന്നറിഞ്ഞ കാമുകന്‍റെ അവസ്ഥയിലായി.

ഇറ്റ്സ്‌ നൗ ഓര്‍ നെവര്‍- എന്‍റെ മനസ്സു പറഞ്ഞു. കയ്യിലുള്ള ചില്ലറ കൂട്ടി നോക്കിയാല്‍ ഒന്നിന്‍റെ പട്ടിക പഠിക്കാന്‍ പോലും തികയില്ല. എന്തായാലും ചാച്ചനോടു തന്നെ പറഞ്ഞു നോക്കാം. കേന്ദ്രപൂളില്‍ നിന്നും സഹായം തേടുകയല്ലാതെ മാര്‍ഗമില്ലല്ലോ. നേരേ ചാച്ചനെ ചെന്നു കണ്ടു. "ചാച്ചാ.. അവിടെയേ...ഒരേ... സാതനവൊണ്ടേ... " എന്നൊക്കെ നയത്തിലും ന്യായത്തിലും കാര്യം അവതരിപ്പിച്ചു. ചാച്ചനും ഞാനുമുള്‍പ്പെടുന്ന പര്‍ച്ചേസ്‌ കമ്മിറ്റി ടി എസ്റ്റിമേറ്റ്‌ പ്രഥമദൃഷ്ട്യാ അംഗീകരിക്കുകയും സാധനം വാങ്ങാനായി കടയില്‍ ചെല്ലുകയും ചെയ്തു. സംഗതിയുടെ വിലയില്‍(ഐഡിയ സ്റ്റാര്‍ സിംഗറിലെ സംഗതിയല്ല!) യാതൊരു കുറവും വരില്ല എന്നറിഞ്ഞപാടെ 'ഇതിനു വില കൂടുതലാ, വാങ്ങേണ്ട' എന്ന് കമ്മറ്റി ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനിച്ച്‌ എസ്റ്റിമേറ്റ്‌ തള്ളിക്കളഞ്ഞു കയ്യും വീശി തിരിച്ചൊരു നടപ്പ്‌! ഏറ്റവും സ്മൂത്ത്‌ ആയ വഴി അടഞ്ഞുകഴിഞ്ഞതോടെ ഞാന്‍ വായും പൊളിച്ചു നിന്നു. സാമാന്യം നല്ലൊരു തുകയ്ക്കുള്ള കളിപ്പാട്ടങ്ങള്‍ നേരത്തെതന്നെ ചാച്ചനെക്കൊണ്ടു വാങ്ങിപ്പിച്ച എന്‍റെ വിവരക്കേടിനെ ഞാന്‍ അറിഞ്ഞു ശപിച്ചു.

അടുത്തതു സംസ്ഥാന ഗവണ്മെന്‍റ്‌ ആണ്‌-സ്വന്തം പിതാശ്രീ. പര്‍ച്ചേസ്‌ കമ്മിറ്റി പോയിട്ട്‌ ഒരു കേസ്‌ സ്റ്റഡി പോലും നടത്താന്‍ നില്‍ക്കാതെ നിവേദനം വലിച്ചുകീറി കയ്യില്‍ തന്നു. 'പിന്നെ, ഫയര്‍ എഞ്ചിന്‍, പൊക്കോണം അവിടുന്ന്‌..!'. എനിക്കു തൃപ്തിയായി. എന്തു ചെയ്യും? തീരെ പ്രതീക്ഷയില്ലെങ്കിലും അമ്മ, വെല്യമ്മച്ചി(അമ്മൂമ്മ) എന്നിവരുടെ പക്കല്‍ നിന്നും ചില്ലറ ഫണ്ടു തിരിമറികള്‍ക്കോ അറ്റ്ലീസ്റ്റ്‌ ഒരു റെക്കമെന്‍റേഷനോ സാദ്ധ്യത അന്വേഷിച്ചെങ്കിലും അതെല്ലാം പള്ളിയില്‍ കത്തിക്കുന്ന അമിട്ടിനെക്കാള്‍ നീറ്റായി പൊട്ടി.

തോല്‍ക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു. ഞാന്‍ ഒരു കവര്‍ച്ച പ്ലാന്‍ ചെയ്തു. അച്ചായി എന്തിനോ പുറത്തു പോയ സമയം, അമ്മ വീട്ടുജോലികളില്‍ വ്യാപൃതയായിരുന്ന പൊരിഞ്ഞ വെയിലുള്ള ആ ഉച്ചനേരം. അച്ചായിയുടെ പണപ്പെട്ടി താക്കോല്‍ക്കിലുക്കങ്ങള്‍ക്ക്‌ ഇടകൊടുക്കാതെ ഞാന്‍ തുറന്നു. കുറച്ചു പത്തുരൂപാനോട്ടുകള്‍ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും എന്നെ നിരാശപ്പെടുത്തിക്കൊണ്ട്‌ പാര്‍ലമെന്‍റ്‌ മന്ദിരത്തിന്‍റെ പടമേന്തിയ ഒരന്‍പതു രൂപ നോട്ട്‌ മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു(ഒരുപാടു നോട്ടുകളുണ്ടെങ്കില്‍ രണ്ടുമൂന്നെണ്ണം അതില്‍നിന്നെടുത്താല്‍ തിരിച്ചറിയുക പാടായിരിക്കും എന്ന അപക്വമായ ബുദ്ധി). ഇന്നും നിര്‍വ്വചിക്കാനാവാത്ത ഒരുള്‍പ്രേരണയില്‍ ഫയറെഞ്ചിനോടുള്ള അഗാധപ്രണയത്തെ സാക്ഷിയാക്കി ഞാനാ കാശെടുത്തു നാലായി മടക്കി നിക്കറിന്‍റെ പോക്കറ്റില്‍ തിരുകി. പെട്ടിയുടെ വലിപ്പു വൃത്തിയായി അടച്ചുപൂട്ടി സ്ഥലം കാലിയാക്കി.

മിനിറ്റുകള്‍ക്കുള്ളില്‍ എന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ഫയറെഞ്ചിനുമായി ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മയും പുറത്തെവിടെയോ ആയിരുന്നു. മുന്‍വാതില്‍ അടച്ചിട്ടു ഞാന്‍ മണി കിലുക്കിയുള്ള ഫയറെഞ്ചിന്‍റെ ഓട്ടം ആസ്വദിച്ചു. ആ ആഹ്ലാദത്തിനൊരയവു വന്നപ്പോഴാണ്‌ ബാക്കിയുണ്ടായിരുന്ന പണം തിരികെ പെട്ടിക്കുള്ളില്‍ വെയ്ക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്‌. മുന്‍പ്‌ അന്‍പതു രൂപ കണ്ടിടത്ത്‌ അതിന്‍റെ പകുതിയോളം മാത്രം കണ്ടപ്പോള്‍ എനിക്കുതന്നെ ഒരു വല്ലാഴിക തോന്നിയെങ്കിലും കയ്യിലിരുന്ന ചുവന്ന കളിപ്പാട്ടത്തെ ഓര്‍ത്ത്‌ ഞാനതങ്ങു സഹിച്ചു.

പക്ഷേ അച്ചായിക്കതു സഹിക്കനാവുമായിരുന്നില്ല എന്നു ഞാന്‍ പിന്നീടറിഞ്ഞു. മറ്റെന്തോ ആവശ്യത്തിനു നീക്കിവെച്ചിരുന്ന പണം അന്വേഷിച്ചപ്പോള്‍ ടി തുകയില്‍ കാര്യമായ കുറവു വന്നിട്ടുണ്ടെന്നു കാണുകയും ആയത്‌ അമ്മയുടെ അറിവോടെയല്ല ചെലവായത്‌ എന്നറിയുകയും ചെയ്തതിന്‍റെ വെളിച്ചത്തില്‍ പ്രതിസ്ഥാനത്ത്‌ സംശയരഹിതമായി ഞാന്‍ വരികയും തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കട്ടിലിനു കീഴെ നിന്നും തൊണ്ടിമുതല്‍ കീ സഹിതം കണ്ടെടുക്കുകയും വളരെ വേഗം കഴിഞ്ഞു. പെരുനാള്‍ സ്ഥലത്തെ ഉച്ചയ്ക്കു ശേഷമുള്ള രണ്ടാമത്തെ റൗണ്ട്‌സും കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ തന്നെ എനിക്കു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി.

'ആരാടാ നിനക്കു ഫയറെഞ്ചിന്‍ വാങ്ങിത്തന്നേ?' ചോദ്യം മാതാശ്രീ വക. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ എത്രയും വൈകുന്നോ അത്രയും നല്ലത്‌ എന്നു മനസ്സില്‍ വിചാരിച്ച്‌ 'ചാച്ചന്‍' എന്നു പറഞ്ഞു ഞാന്‍ തല്‍ക്കാലം തടിതപ്പി. അനന്തരം അച്ചായിയുടെ കണ്ണില്‍ പെടാതിരിക്കന്‍ പതുക്കെ അവിടെ നിന്നും വലിഞ്ഞു. അച്ചായി വീട്ടിലെത്തിയെന്ന അറിവു കിട്ടിയ നിമിഷം ഞാന്‍ ഒളിവില്‍ പോയി. ഞാന്‍ വീണ്ടും കവലയില്‍ പോയെന്ന് ഓര്‍ത്തോളും. വൈകിട്ടു സാഹചര്യം മോശമാകുന്നെങ്കില്‍ ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയൊ ഒപ്പം നിന്നാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള പുകിലുകളുടെ ഡോസ്‌ കുറയ്ക്കാം എന്നൊക്കെയായിരുന്നു എന്‍റെ ചിന്ത. ഓന്തോടിയാല്‍ വേലിക്കല്‍ വരെ! ഞാന്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍ അങ്ങുമിങ്ങും അലഞ്ഞു നടന്നു. കൊതുകുകടിയൊക്കെ വെറും പുല്ല്‌.

വീട്ടില്‍ അരങ്ങേറുന്ന തിരക്കഥയുടെ ശബ്ദരേഖ എനിക്കു കേള്‍ക്കാം.

'അവനെവിടെ?' അച്ചായിയുടെ ചോദ്യം.

'ഇവിടെങ്ങാണ്ടോ ഉണ്ടാരുന്നാല്ലോ..'പിന്നെ കേട്ടതു എന്നെ പേരെടുത്ത്‌ നിര്‍ത്താതെയുള്ള വിളി.

എനിക്കെങ്ങനെ വിളി കേള്‍ക്കാന്‍ പറ്റും? നിങ്ങളു പറയ്‌. വിചാരണ നേരിടാന്‍ ധൈര്യമില്ലാത്ത ഒരു മോഷ്ടാവിനെപ്പോലെ ഞാന്‍ ഏലച്ചെടികളുടെ തടത്തിലിടാന്‍ മണ്ണു വെട്ടിയെടുത്തുണ്ടായ ഒരു കുഴിയില്‍ പതുങ്ങിയിരുന്നു. ഒരു വേള എന്‍റെ ബങ്കറിന്‍റെ പതിനഞ്ചുമീറ്റര്‍ അടുത്തുവരെ അച്ചായി എത്തിയതായി ഞാന്‍ മനസ്സിലാക്കി. അപ്പോഴും വിളി ഘോരഘോരം മുഴങ്ങുന്നു. ക്രമേണ വിളിയുടെ വികാരത്തില്‍ ദേഷ്യവും അക്ഷമയുമൊക്കെ കലരുന്നതു ഞാനറിഞ്ഞു.

വീട്ടിലെ കൃഷിപ്പണികള്‍ക്കു നിന്നിരുന്ന രാജന്‍ ചേട്ടനും കൂടി എന്നെ പൊക്കാനിറങ്ങിയപ്പോള്‍ അധികം വൈകാതെ തന്നെ എന്‍റെ അറസ്റ്റ്‌ നടക്കുമെന്നു ഞാനുറപ്പിച്ചു.
അച്ചായി നിലവില്‍ എത്‌ അക്ഷാംശരേഖാംശത്തിലാണു നില്‍ക്കുന്നതെന്നു മനസ്സിലാക്കാനായി ഞാന്‍ പയ്യെ തല പൊക്കി. അപ്പോള്‍ എന്നെ രാജന്‍ ചേട്ടന്‍ കാണുകയും നേരെ മേലാവിനോട്‌ ഞാനിരുന്ന ഭാഗം ചൂണ്ടിക്കാട്ടി 'ദാ അവിടെ' എന്നു ടാര്‍ഗറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതും....

ഒരു ചുഴലിക്കൊടുങ്കാറ്റു പോലെ അച്ചായി എന്‍റെ നേര്‍ക്കു പാഞ്ഞു വരുന്നതാണു ഞാന്‍ കണ്ടത്‌. പ്ലാവും മാവും കരണയും തണല്‍ വിരിച്ചു നില്‍ക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെ കൈത്തണ്ടയില്‍ പിടിച്ചെന്നെ തൂക്കിയെടുത്തുകൊണ്ട്‌ അച്ചായി ഇടവഴിയിലേക്കു നടന്നു.

"നിനക്കു വിളിച്ചാല്‍ കേള്‍ക്കത്തില്ല അല്ലേടാ?" എന്നു എന്‍റെ വിളറിയ മുഖത്തു നോക്കി ആക്രോശിച്ചു.
ദൈവമേ, അപ്പോള്‍ മോഷണത്തെക്കാളും വെല്യ കുറ്റം കോടതിയലക്‍ഷ്യമാണോ? എന്താണു സംഭവിക്കുന്നതെന്നു പിടികിട്ടുംമുന്‍പേ വഴിയരികില്‍ നിന്നിരുന്ന കൂഴപ്ലാവില്‍ പടര്‍ന്നു കയറിയ കുരുമുളകു ചെടിയുടെ രണ്ടൂമൂന്നടി നീളം വരുന്ന ഒരു തല(വള്ളി) അച്ചായി അടര്‍ത്തിയെടുക്കുകയും ഇടത്തുകൈ ചുരുട്ടിപ്പിടിച്ച്‌ ആ വള്ളി വിരലുകള്‍ക്കിടയിലൂടെയിട്ടൊന്നു വലിക്കുകയും ഇലകളെല്ലാം ആ വള്ളിയില്‍ നിന്നും ഉതിര്‍ന്നുപോകുകയും ഒപ്പം കഴിഞ്ഞു.

അച്ചായിയുടെ വലതുകൈ വായുവിലൊന്നുയര്‍ന്നു താണു.

'ഹ്യൂശ്‌...' എന്ന ശബ്ദത്തോടെ കൊടിവള്ളി അന്തരീക്ഷത്തിലൂടെ പാഞ്ഞു വന്ന്‌ 'റ്റക്ക്‌' എന്ന്‌ എന്‍റെ ഇടതുതുടയിലും വലതുതുടയിലും ഒരുമിച്ചു ലാന്‍റ്‌ ചെയ്തു. തീര്‍ന്നില്ല, നീണ്ടുകിടന്ന അറ്റം വലതുതുടയെ ചുറ്റി വരിഞ്ഞു. അടുത്ത അടിക്ക്‌ ഓങ്ങവേ ഇപ്പോളുണ്ടായ ചെമന്നുതടിച്ച ചൂടാറാത്ത ചാലിലൂടെ അതിവേഗം വള്ളി വലിഞ്ഞുനീങ്ങി. വിവരിക്കാനാവാത്ത ഏതോ ഒരനുഭൂതിയില്‍ എന്‍റെ ശരീരം വില്ലുപോലെ വളഞ്ഞുനിന്നു വിറകൊണ്ടു. ജനനസമയത്തിനു ശേഷം ജീവിതത്തിലെ എന്‍റെ ആത്മാര്‍ത്ഥമായ രണ്ടാമത്തെ കരച്ചില്‍ അവിടെ മുഴങ്ങി. കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ ഇളംപച്ചനിറമാര്‍ന്ന തണ്ടുകളില്‍ അറ്റന്‍ഷനായി നിന്ന്‌ ഏലച്ചെടികള്‍ എന്നോട്‌ അനുതപിച്ചു.

അടുത്ത അടി ഇപ്പോള്‍ വീഴും..!
"നീയിനി വിളിച്ചാല്‍ വിളി കേള്‍ക്കുമോടാ???" അച്ചായി അടുത്ത തല്ലിനോങ്ങി നില്‍ക്കുകയാണ്‌...

"കേട്ടോളാമേ..."അലറിക്കരയുന്നതിനിടയിലും ഞാന്‍ നല്ല ഉച്ചാരണശുദ്ധിയോടെ മറുപടി പറഞ്ഞു.

അല്ല, എങ്ങനെ പറയാതിരിക്കും? സെയിം രീതിയിലുള്ള അടി ഒന്നു കൂടി പൊട്ടി. അതും വരവുവെച്ചു. രോദനത്തിന്‍റെ ട്രെബിള്‍ ഞാനല്‍പ്പം കൂടി ഉയര്‍ത്തി. ഉയര്‍ന്നു എന്നു പറയുന്നതാണു കൂടുതല്‍ ശരി.

തുട രണ്ടും നീറിപ്പൊള്ളിപ്പുകയുന്നു. കണ്ണുനീരിന്‍റെ ആതിരപ്പള്ളിയൊഴുകുന്നു. വേദന, കുറ്റബോധം, അപമാനം, അടി, തേങ്ങാക്കൊല....
എന്‍റെ കുഞ്ഞുമനസ്സിന്‍റെ ആഗ്രഹങ്ങള്‍ക്ക്‌ ഇവിടെ ഒരു വിലയുമില്ലേ?
പാവം ഞാന്‍...
സാവധാനം തുടയിലൂടെ വിരലോടിച്ചു. "ഈശ്വരാ..." എന്നതിലെ "ശ്ശ്‌" മാത്രമേ പുറത്തേക്കു വന്നുള്ളൂ. മരത്തുമ്മേല്‍ ബന്ധനസ്ഥനായി അമ്പുകളേറ്റ നിലയില്‍ പള്ളിയിലെ രൂപക്കൂടിനുള്ളില്‍ നില്‍ക്കുന്ന എന്‍റെ സെബസ്ത്യാനോസുപുണ്യാളാ, അങ്ങെന്തു വേദന സഹിച്ചു കാണും..!

ഞാന്‍ വീണ്ടും മുങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിട്ടും കാണാതെ വിഷമിച്ച്‌ എന്നെ തിരഞ്ഞിറങ്ങിയ വെല്യമ്മച്ചിയുടെ തലോടലുകള്‍ക്കും ആശ്വാസവചനങ്ങള്‍ക്കും മുന്നില്‍ ഞാന്‍ സറണ്ടര്‍ ആയി. അപ്പോള്‍ വീണ്ടും ഞാന്‍ കരഞ്ഞു. അതു വേദന കൊണ്ട്‌ മാത്രമായിരുന്നില്ല.

വാലുകള്‍

(1) ഇതിനു മുന്‍പും പിന്‍പും അച്ചായി എന്നെ അടിച്ച ഓരോ സംഭവങ്ങള്‍ വീതമുണ്ടെങ്കിലും അവ രണ്ടും ഈ അടിയുടെ വൈകാരികതീവ്രതയുടെ മുന്നില്‍ തീരെച്ചെറുതാണ്‌.

(2) ആ അടിയോടെ ഞാന്‍ ഒത്തിരി നന്നായി പോയി.

(3) രണ്ടു ദിവസം ഞാന്‍ അച്ചായിക്ക്‌ ഉപരോധമേര്‍പ്പെടുത്തി. എപ്പോഴും ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയോ നിഴല്‍ പോലെ കൂടി. പിന്നെ അപ്പനാണല്ലോ എന്നോര്‍ത്തു കോമ്പ്രമൈസായി.

(4) ഈ സംഭവത്തിന്‍റെ വെളിച്ചത്തിലാണ്‌ പില്‍ക്കാലത്ത്‌ പ്രോഗ്രസ്‌ കാര്‍ഡിലെ 'രക്ഷകര്‍ത്താവിന്‍റെ ഒപ്പ്‌' എന്ന കോളത്തില്‍ ഞാന്‍ ചാച്ചനെക്കൊണ്ട്‌ ഒപ്പിടീച്ചുകൊള്ളാം എന്നു പ്രഖ്യാപിച്ചത്‌. അതിന്‌ കാരണം അന്വേഷിച്ചപ്പോള്‍ "അച്ചായി ശിക്ഷകര്‍ത്താവാണ്‌, ചാച്ചനാണ്‌ എന്‍റെ രക്ഷകര്‍ത്താവ്‌" എന്നായിരുന്നു എന്‍റെ മറുപടി.

(5) 2008 ഫെബ്രുവരി മാസം രണ്ടാം തീയതി എന്‍റെ രക്ഷകര്‍ത്താവ്‌ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു.

2 comments:

ഇളം വെയില്‍ said...

പണ്ട് എനിക്കും  ഇതുപോലെ കിട്ടിയതാ. മറക്കാനാകാത്ത അടി..പക്ഷെ കുറ്റം ഗുരുതരമായിരുന്നു... പെരയ്ക്കു തീ വെച്ചു :)

രാജ്‌ said...

AMMO...!!