Tuesday, January 29, 2008

റോബോട്ട്‌

(കടപ്പാട്‌: പറഞ്ഞു പരന്നു പഴകിയ ഉണ്ണിക്കുട്ടന്‍ കഥകളുടെ അജ്ഞാത സ്രഷ്ടാവിനോട്‌)

നിങ്ങളെല്ലാവരും അറിയുന്നതുപോലെ ഉണ്ണിക്കുട്ടന്‍ ഒരു മഹാ കുസൃതിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണിക്കുട്ടന്‍റെ പപ്പ ഒരു റോബോട്ടിനെ വാങ്ങിക്കൊണ്ടുവന്നു. കള്ളം കണ്ടുപിടിക്കാന്‍ വിരുതനായിരുന്നു ഈ റോബോട്ട്‌. ആരെങ്കിലും കള്ളം പറയുന്നതു കേട്ടാല്‍ റോബോട്ട്‌ ഓടിച്ചെന്ന് അവരെ ചാട്ട കൊണ്ടടിക്കും. ഈ റോബോട്ട്‌ കാരണം മകന്‍റെ കുസൃതികള്‍ക്കൊക്കെ അവസാനമാവുമെന്ന് ഉണ്ണിക്കുട്ടന്‍റെ പപ്പ കരുതി.

അന്നു സ്കൂള്‍ വിട്ട്‌ ഉണ്ണിക്കുട്ടന്‍ വൈകിയാണു വീട്ടിലെത്തിയത്‌. മകന്‍ താമസിച്ചുവന്നതു കണ്ട്‌ പപ്പ കാര്യം തിരക്കി: "എന്താടാ, നീയിന്നു വൈകിയത്‌?"

"അതു.. പിന്നെ .. ഇന്നു ബയോളജിയുടെ സ്പെഷ്യല്‍ ക്ലാസ്സൊണ്ടാരുന്നു..!"ഇതു കേട്ടപാടെ റോബോട്ട്‌ പാഞ്ഞുവന്ന് ഉണ്ണിക്കുട്ടന്‍റെ വെളുവെളുത്ത ചന്തിയില്‍ ഠേ..ഠേന്നു രണ്ടെണ്ണം അങ്ങു പൊട്ടിച്ചു.

"അയ്യൊ... തല്ലല്ലേ.. ഞാന്‍ പടത്തിനു പോയതാരുന്നേ.."

"ആഹാ.. ഹതു ശെരി.. ഏതു പടമാടാ നീ കണ്ടത്‌?" പപ്പ വിടാന്‍ ഭാവമില്ല.

"തൂവാനത്തുമ്പികള്‍..!"വീണ്ടും ഉണ്ണിക്കുട്ടന്‍റെ ചന്തിയില്‍ ഠേ..ഠേന്നു രണ്ടെണ്ണം..!

വേദന കൊണ്ടു പുളയുന്നതിനിടയില്‍ അവന്‍ വിളിച്ചുകൂവി-"കിന്നാരത്തുമ്പികള്‍.!"

അപ്പന്‍ ഞെട്ടി. മുട്ടയില്‍ നിന്നു ചെക്കന്‍ അങ്ങു വിരിഞ്ഞുവരുന്നതേ ഉള്ളൂ. പപ്പ തുടര്‍ന്നു- "എടാ, ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്തു സിനിമാ പോയിട്ടു പോസ്റ്റര്‍ പോലും കാണാന്‍ നിന്നിട്ടില്ല.."

പറഞ്ഞു തീര്‍ന്നില്ല നമ്മുടെ റോബോട്ടുകുട്ടന്‍ പാഞ്ഞു വന്ന് പപ്പയുടെ പുറത്ത്‌ പൊത്തോം പൊത്തോം എന്നു നാലഞ്ച്‌ അടി..! അടി കൊണ്ട വേദനയില്‍ പപ്പ അവിടെ നിന്നു സാംബാ നൃത്തമാടി.

ഈ ബഹളമൊക്കെ കേട്ടു കൊണ്ടാണ്‌ മമ്മി അടുക്കളയില്‍ നിന്നു വന്നത്‌. കാര്യമറിഞ്ഞപ്പോള്‍ ഭര്‍ത്താവിനോട്‌ ഇത്രയുമെങ്കിലും പറയാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല-
" ഇതല്ല, ഇതിനപ്പുറവും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..നിങ്ങടെയല്ലേ മോന്‍..!"

മമ്മിയെ തല്ലിത്തല്ലി അവസാനം റോബോട്ടു കുഴഞ്ഞു വീണു.

Wednesday, January 23, 2008

യുണിക്സ്‌ പഠനം

കാര്‍ന്നോന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും ദൈവം തമ്പുരാന്‍റെ കൃപാകടാക്ഷവും നാവില്‍ സരസ്വതിയും ഒത്തു വന്ന ഒരു സുദിനത്തില്‍ കൊച്ചിയില്‍ വച്ചു നടത്തപ്പെട്ട ഒരു മല്‍സരപ്പരീക്ഷയുടെ ഫലമായി ഒരു വന്‍കിട ഐറ്റി കമ്പനിയിലേക്കു ഞാനുള്‍പ്പടെ ചില മലയാളി കുബുദ്ധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നു ഓഫര്‍ ലെറ്റര്‍ എന്ന വീസ കിട്ടിയതിനു ശേഷം ആവശ്യമായ സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തലുകളും ഒക്കെയായി ഏതാനും ദിവസങ്ങള്‍ കടന്നു പോയി. ദിവസങ്ങള്‍ ആഴ്ചകള്‍ക്കു വഴി മാറിയപ്പോള്‍ ഞങ്ങള്‍ കര്‍ണാടകയിലെ ട്രെയിനിംഗ്‌ സെന്‍ററില്‍ എത്തി ജോയിന്‍ ചെയ്തു.

ആദ്യമായി ഒരു സ്റ്റൈലന്‍ ജോലി കിട്ടിയതിന്‍റെ ഒരു അഭിമാനം എല്ലാ പയലുകളുടെയും മുഖത്തു ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി പോലെ പറ്റിച്ചേര്‍ന്നിരുന്നു. പിന്നെ, ട്രെയിനിംഗ്‌ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പാസ്സായില്ലെങ്കില്‍ പിരിച്ചു വിടും, കഷ്ടപ്പാടാണ്‌ ഫീല്‍ഡ്‌ എന്നിങ്ങനെയെല്ലാമുള്ള കിംവദന്തികളെ ഞങ്ങള്‍ ഓരോരുത്തരും വരാന്‍ പോകുന്ന നല്ല നാളെകളെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ കൊണ്ട്‌ വേട്ടയാടിത്തോല്‍പ്പിച്ചു.

ട്രെയിനിംഗ്‌ തുടങ്ങി. സംഗതി പ്രതീക്ഷിച്ചതുപോലെ അത്ര ഈസിയല്ല എന്നു ഓരോരുത്തര്‍ക്കും തോന്നിത്തുടങ്ങി. ഡെയ്‌ലി ആറേഴു മണിക്കൂര്‍ നീളുന്ന കത്തി. തിയറി ക്ലാസ്സേ..! പിന്നെ ഒരു ലോഡ്‌ അസ്സൈന്‍മെന്‍റുകള്‍. അവ നേരാംവണ്ണം ചെയ്തു തീര്‍ക്കണമെങ്കില്‍ പാതിരാവാകും. പോരാത്തതിനു മുട്ടിനു മുട്ടിനു ടെസ്റ്റ്‌. അതിലോ 65 ശതമാനം മാര്‍ക്കുണ്ടെങ്കിലേ ജയിക്കൂ..! പല പല സെമസ്റ്റെറുകളിലും മോഡറേഷന്‍ കാവിലമ്മയുടെ കൃപാകടാക്ഷം കൊണ്ട്‌ മാത്രം കടന്നു കൂടിയ നമ്മള്‍ക്കു അതൊരു എടുത്താല്‍ പൊങ്ങാത്ത ചുമടായിരുന്നു. വേറെന്തു വഴി? കുറുക്കുവഴിതന്നേ.! എന്‍റെ എതിരാളിയെ എനിക്കു തന്നത്താന്‍ തല്ലി വീഴ്ത്താന്‍ പറ്റിയില്ലെങ്കില്‍ ഞാനും എന്‍റെ കൂട്ടുകാരും കൂടി ചേര്‍ന്നു തല്ലി വീഴ്ത്തും. എന്നു വെച്ചാല്‍ നല്ല ആത്മാര്‍ത്ഥമായ കംബൈന്‍ഡ്‌ സ്റ്റഡി. ആരുടെയെങ്കിലും ഹോസ്റ്റല്‍ റൂമില്‍ അതങ്ങനെ വളരെ സുഭിക്ഷമായി നടക്കും. പിറ്റേന്നു ടെസ്റ്റ്‌ ഉണ്ടെങ്കിലാണ്‌ ഈ പഠനരീതിക്കൊരു അടിയന്തിര സ്വഭാവം കൈവരുന്നത്‌. ട്രെയിനിംഗ്‌ സെന്‍ററിന്‍റെ ഏറ്റവും അടുത്തായി ഹോസ്റ്റല്‍ റൂം ഉള്ള ബിച്ചു എന്ന ബിനോജിന്‍റെ താവളത്തിലാണ്‌ മിക്കവാറും ഈ ഓവര്‍നൈറ്റ്‌ സ്റ്റഡിചരിതം കെട്ടിയാടാറ്‌.

പ്രധാനമായി ഈ കഥയിലെ കഥാപാത്രങ്ങള്‍ നാലു പേരാണ്‌. ബിച്ചു ഫ്രം കോയിക്കോട്‌, സുത്യേവ്‌ @ സുത്തി ഫ്രം കൂത്താട്ടുകുളം, ഡേവ്‌ ഫ്രം തിരുവല്ല, പിന്നെ ഞാനും. അങ്ങനെയൊരു നാള്‍ പാതിരാ കഴിഞ്ഞ നേരത്ത്‌ ഞങ്ങളു നാലു പേരും കൂടി ഇന്‍ ഹരിഹര്‍ നഗറിലെ വിറ്റുകളും ബ്ലോഗാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ ആഭ്യന്തര പ്രശ്നങ്ങളും പിന്നെ കുറേയേറേ യുണിക്സ്‌ കമാന്‍റുകളും ഖൂട്ടിക്കുഴച്ച്‌.... സോറി, മനസ്സിന്‍റെ താളം ഒന്നു തെറ്റിപ്പോയി.. കൊണ്ടു പിടിച്ച സഹജഡീകരണ പഠനത്തിലാണ്‌. അത്യാവശ്യം കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ നേടാനുള്ള അറിവ്‌ ആര്‍ജ്ജിച്ചുകഴിയുമ്പോള്‍ പഠനം വിശ്രമത്തിലേക്കും പിന്നീട്‌ ഉറക്കത്തിലേക്കും വഴിമാറുന്നതു സാധാരണ സംഭവം. കംബൈന്‍ഡ്‌ സ്റ്റഡി ഏതാണ്ടു വട്ടമെത്തിയതോടെ സുത്തി തൊട്ടടുത്ത ബ്ലോക്കിലുള്ള സ്വന്തം മാളത്തിലേക്കു വലിഞ്ഞു. ഞാനാണെങ്കില്‍ ഉറക്കത്തിനും പഠനത്തിനും ഇടയ്ക്കുള്ള ഒരു നൂല്‍പ്പാലത്തിലൂടെ കുടിയന്‍ ബൈജുവിനെപ്പോലെ പോകുന്നു. ഉറക്കം ബലികഴിച്ചിട്ട്‌ എനിക്കൊന്നും നേടാനില്ല. ഒന്നുകില്‍ നന്നായി പഠിക്കണം അല്ലെങ്കില്‍ നന്നായി ഉറങ്ങണം (ഈ രണ്ടും കെട്ട പരിപാടി നമുക്കു വേണ്ട.!) എന്ന വിശ്വാസപ്രമാണം നിമിത്തം പണി മതിയാക്കി കാമ്പസിന്‍റെ കിഴക്കേ മൂലയ്ക്കുള്ള ഹോസ്റ്റല്‍ ബ്ലോക്കിലേക്കു ഞാനും സൈക്കിള്‍ ചവിട്ടിപ്പോയി. അനധികൃതമായി ഡേവ്‌ അക്കാലത്തു ബിച്ചുവിന്‍റെ റൂമിലാണു താമസിച്ചു വരുന്നത്‌. ടിയാന്‍ പെന്‍റിംഗ്‌ ആയ പാഠഭാഗങ്ങള്‍ പിറ്റേന്നത്തേക്കു മാറ്റി വെച്ച്‌ റ്റിവിയില്‍ നിന്നും അനുയോജ്യമായ ചാനലുകള്‍ തിരഞ്ഞു സംഗീതവും നൃത്തവും ബയോളജിയും പഠിക്കുന്നു. ബിച്ചു എന്നു പറയുന്ന വിദ്വാന്‍ ഒരു പെര്‍ഫെക്‍ഷനിസ്റ്റും പഠനത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളും ആയിരുന്നതു കൊണ്ട്‌ പുള്ളി മാത്രം ഇരുന്നു പഠിക്കുന്നുണ്ട്‌(ട്രെയിനിംഗ്‌ കഴിഞ്ഞപ്പോഴേക്കും അവനതിന്‍റെ ഗുണമുണ്ടായി എന്നതു വേറേ കാര്യം.!). ഒരു പത്തു തൊണ്ണൂറു ശതമാനം മാര്‍ക്കിനുള്ള വിവരങ്ങള്‍ തലയില്‍ ഫീഡ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ബിച്ചുവും മുട്ടു മടക്കി. ഉറക്കത്തിലേക്കു വഴുതി വീഴുന്ന നേരം ബിച്ചു ഓര്‍മ്മിപ്പിച്ചു: "ദേ, റ്റിവി നിര്‍ത്തിയേച്ചു കെടക്കണെ..".

"ആന്‍...ങ്‌.." എന്നൊരു വളിച്ച മൂളലായിരുന്നു മറുപടി.

രാവേറെയായി. മുടങ്ങാതെ ജലസേചനം നടക്കുന്നതു കൊണ്ട്‌ ഈറനായ പുല്‍ത്തകിടിയിലിരുന്ന് മണ്ഡൂകരാഗം മീട്ടിയ മാക്രിക്കുഞ്ഞന്‍ പോലും നിദ്രയിലാണ്ടു. മുറിയില്‍ ലൈറ്റുകള്‍ അണഞ്ഞിരുന്നില്ല. റ്റിവി അപ്പോഴും ഡാന്‍സ്‌ പാര്‍ട്ടി തുടര്‍ന്നു. പിറ്റേ ദിവസത്തെ പരീക്ഷയില്‍ നൂറുമേനി കൊയ്യുന്നതു സ്വപ്നം കണ്ടുറങ്ങിയ ബിച്ചു ഏതോ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നിദ്രാദേവിയുടെ ഗാഢാലിംഗനത്തില്‍ നിന്നു അല്‍പ്പമൊന്നു സ്വതന്ത്രനായപ്പോള്‍ വലതു കയ്യില്‍ റിമോട്ടും പിടിച്ചു കമിഴ്‌ന്നുകിടന്നുറങ്ങുന്ന ഡേവച്ചായനെയാണ്‌ കണ്ടത്‌. സുഖം പിടിച്ചു പോയ ആ കിടപ്പില്‍ നിന്നെഴുന്നേറ്റ്‌ സ്വയം ആ കൃത്യം ചെയ്യാനുള്ള മടി കാരണം, ബിച്ചു അച്ചായനെക്കൊണ്ടുതന്നെ റ്റിവി ഓഫ്‌ ചെയ്യിക്കാനുള്ള നടപടി ആരംഭിച്ചു.

"ഡാ..?" ബിച്ചുവിന്‍റെ വിളി.

പക്ഷേ, അച്ചായന്‍ നല്ല സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കുന്നു. അസാധാരണമാം വിധം രോമാവൃതമായ മേല്‍പ്പടിയാന്‍റെ ആ കിടപ്പു കണ്ടാല്‍ വെള്ളത്തൊലിയുള്ള കരടി ബെഡ്ഡില്‍ കിടക്കുകയാണെന്നേ തോന്നൂ. നോ റെസ്പോണ്‍സ്‌. ഞാനൊന്നുമറിയുന്നില്ലത്രേ.

ബിച്ചു വിടാന്‍ ഭാവമില്ല. ഇടവിട്ടുള്ള കൂര്‍ക്കംവലിക്കിടയിലൂടെ വീണ്ടും വിളിച്ചു.

"അച്ചായോ.."

തരളിതമായ ആ വിളി കേട്ടാല്‍ ഹൃദയമുള്ള ഏതൊരച്ചായനും ഏതു പാതിരാത്രിയിലും ഉറക്കമുണര്‍ന്ന് "എന്നതാടിയേ.." എന്നു ചോദിച്ചു പോകും. ഇവനതിന്‍റെ പ്രായമകാത്തതു കൊണ്ടായിരിക്കും - ഒന്നും സംഭവിച്ചില്ല. അല്‍പ്പം കടുപ്പിച്ചൊന്നു വിളിച്ചാലോ?

"എടാ അച്ചായാ..റ്റിവി നിര്‍ത്തിയേച്ചു കെടക്കഡാ" ങേഹ്ഹേ...!

ഒരഞ്ചു സെക്കന്‍റു കഴിഞ്ഞു കാണും. കുലച്ചു നില്‍ക്കുന്ന പാളയംകോടന്‍ വാഴ വെട്ടു കൊണ്ടതിനു ശേഷം വീഴാന്‍ തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന അതേ ഞരക്കത്തോടെ ഫുള്‍ അബോധാവസ്ഥയില്‍ അച്ചായന്‍ തല പൊക്കി ഉറക്കം ഹെല്‍മെറ്റ്‌ വെച്ച കണ്ണുകള്‍ കൊണ്ടു രംഗനിരീക്ഷണം നടത്തുന്നതു കണ്ടപ്പോള്‍ 'ഇനിയുള്ള കാര്യം അവന്‍ നോക്കിക്കൊള്ളും' എന്ന തനി മലയാളി നിസംഗ്ഗതയോടെ ബിച്ചു കമ്പിളിക്കടിയിലേക്കു വലിഞ്ഞു.

അച്ചായന്‍ എഴുന്നേറ്റ്‌ 'ഡേയ്‌' എന്നൊരു വിളി.

എന്നെ എന്തിനു വിളിക്കണം? ഇവനു റ്റിവി ഓഫാക്കിയേച്ചു കെടന്നാല്‍ പോരേ..?
"ഹാന്‍..ങ്‌..?" ബിച്ചുവിന്‍റെ സ്വരത്തില്‍ ചെറിയൊരു നീരസം.

യുണിക്സ്‌ പഠനത്തിന്‍റെ കെട്ടു വിടാതെ ഉറങ്ങിയുണര്‍ന്ന ഡേവ്‌, ഇടതു കയ്യില്‍ പിടിച്ച റിമോട്ടിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ അവന്‍റെ വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം ചോദിച്ചു-

"ഡാ.. റ്റിവി ഓഫ്‌ ചെയ്യാനുള്ള കമാന്‍റ്‌ ഏതാ..?"

Wednesday, January 02, 2008

ബെല്ലും ബ്രേക്കും

ഇത്‌ മഹാനായ ബോബിസാറിന്‍റെ കഥയാണ്‌. ഞാന്‍ ഡിഗ്രി പഠനം കഴിഞ്ഞ്‌ കട്ടപ്പനയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യുട്ടറുകളുമായി അല്‍പ്പസ്വല്‍പ്പം ഗുസ്തിയൊക്കെ പിടിച്ചു കഴിഞ്ഞു കൂടുന്നു. അവിടേക്ക്‌ ഏസി റെഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍ ആയി മേല്‍പ്പടി ബോബി എന്ന മെലിഞ്ഞുകുറിയ സത്യക്രിസ്ത്യാനിയും പരമസാധുവുമായ കഥാപാത്രം വന്നു ചേര്‍ന്നു. ബോബിസാര്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയാണ്‌. അദ്ദേഹം എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ഏസി മെക്കാനിക്കായി ജോലി നോക്കവേയാണു കട്ടപ്പനയില്‍ എത്തിപ്പെടുന്നത്‌. ഇവിടെ പുതിയ വേഷം പുതിയ ഭാവം. സത്യം പറയാമല്ലോ..ആദ്യമൊക്കെ വെല്യ പാടാരുന്നേയ്‌.. ആ തൃശ്ശൂര്‍ ഭാഷ ഒന്നു മനസ്സിലാക്കിയെടുക്കാന്‍. ഹൈ.. പിന്നെ നമ്മളത്‌ വശത്താക്കീന്ന്..

ക്ലാസ്സൊക്കെ തുടങ്ങി. പത്തും ഗുസ്തിയും കഴിഞ്ഞു വന്ന പിള്ളേരെ കറന്‍റ്‌ എന്നാല്‍ ഹോസിന്‍റെ അകത്തുകൂടെ വെള്ളം ഒഴുകുന്നപോലെ സഞ്ചരിക്കുന്ന ഒരു ഊര്‍ജ്ജരൂപമാണെന്നും വോള്‍ട്ടേജ്‌ എന്നു വെച്ചാല്‍ വീട്ടിലെ ലൈറ്റ്‌ മങ്ങുമ്പോള്‍ ഇല്ലാതാകുന്ന സാധനം എന്താണോ അത്‌ ആണെന്നുമൊക്കെ വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു പോന്നു. സ്വതവേ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക്‌ വനിതകള്‍ അഡ്മിഷന്‍ വാങ്ങുന്നതു ദുര്‍ലഭമായ ഒരു ഏര്‍പ്പാടാകയാല്‍, ഇന്‍റര്‍വെല്‍ സമയങ്ങളില്‍ മേല്‍പ്പടിയാന്‍റെ ശിഷ്യഗണം ഞങ്ങളുടെ വര്‍ക്‍ഷോപ്പിനു സമീപം നല്ല ഹാജര്‍ നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോ-ഓപ്പറേറ്റീവ്‌ കോളേജിനു അഭിമുഖമായി നിന്നു കാറ്റു കൊള്ളാന്‍ തുടങ്ങുകയും, 'നമ്മളെല്ലാം ഒരു കുടുംബക്കാരല്ലേ' എന്ന മനോഭാവത്തോടെ വല്ലപ്പോഴും ബോബിസാറും ഈ കലാപരിപാടിയില്‍ അവരെ സഹായിച്ചും പോന്നു.

ഒരിക്കല്‍ ആ വിദ്യാലയത്തിന്‍റെ ഉപസ്ഥാപനമായ മാര്‍ക്കറ്റിംഗ്‌ കമ്പനിയുടെ ഒരു മാനേജര്‍ ബോബിസാറിനോട്‌ 'നീ ഒരു സാര്‍ അല്ലേ? എന്നും ഷര്‍ട്ട്‌ ഇന്‍ ചെയ്തു പോകണം' എന്നു നിര്‍ദ്ദോഷകരമായി ഉപദേശിച്ചു. സ്വന്തം ആയിരുന്നിട്ടും പാന്‍റ്‌സ്‌ തന്‍റെ അര, പൃഷ്ഠം, തുട എന്നീ അവയവങ്ങളുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു എന്ന സത്യത്തെ തൃണവല്‍ഗണിച്ചുകൊണ്ട്‌ ജീവിതത്തിലാദ്യമായി ബോബിസാര്‍ ഇന്‍സര്‍ട്ട്‌ ചെയ്തതു അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ സംബന്ധിച്ചിടത്തോളം കുഞ്ഞുമോന്‍ ചേട്ടന്‍റെ പൊടിമില്ലില്‍ ത്രീ ഫേസ്‌ കണക്ഷന്‍ ലഭിച്ചതു പോലത്തെ ഒരു സംഭവം ആയി.

ഉച്ചകഴിഞ്ഞു മൂന്നു മണിക്കു ക്ലാസ്സ്‌ തീരുന്നതോടെ ബോബിസാറിന്‍റെ ഔദ്യോഗികജീവിതത്തിലെ രണ്ടാം റോള്‍ ആരംഭിക്കുകയായി. വര്‍ക്‍ഷോപ്പില്‍ നിന്നും മെയിന്‍ ഓഫീസ്‌ ബില്‍ഡിങ്ങിലെത്തുന്ന ബോബിസാറിനെ കാത്തു ഒരു പ്യൂണിന്‍റേതുള്‍പ്പടെയുള്ള പണികള്‍ വേറെ കാണും. നിഷ്കളങ്കനും ദയാലുവും 'ഹെല്‍പ്‌ മീ ടു ഹെല്‍പ്‌ യു' എന്ന മനസ്ഥിതിക്കാരനുമായിരുന്ന ടിയാന്‍ അതെല്ലാം സസന്തോഷം ഏറ്റെടുത്തു സാമാന്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു.

പറഞ്ഞു വന്ന സംഗതി മറ്റൊന്നാണ്‌. ഇദ്ദേഹം ഒരിക്കല്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിനു പോയ കഥ. പോയ ആവശ്യം നിഗൂഢം. ഒഫീഷ്യല്‍ അല്ല എന്നു വ്യക്തം. സര്‍പ്രൈസിങ്ങ്‌ലി, ബോബിസാറിന്റെ കൂടെ ഒരു വല്‍സല ശിഷ്യനും ഉണ്ടായിരുന്നു. എറണാകുളത്തു രാവിലെ തന്നെ എത്താന്‍ പാകത്തില്‍ കട്ടപ്പനയില്‍ നിന്നും പാതിരാ കഴിഞ്ഞ നേരത്തു പുറപ്പെട്ട എംഎംഎസ്സ്‌ ബസ്സ്‌ ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ട്‌ ഇടുക്കിക്കു മുന്‍പുള്ള പത്താം മൈല്‍-നാരകക്കാനം ഭാഗത്തുകൂടി ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു പായുകയാണ്‌. യാത്രക്കാര്‍ ഭൂരിഭാഗവും നല്ല ഉറക്കം.

പൊടുന്നനെ ആ സത്യം വണ്ടിക്കുള്ളില്‍ പരന്നു. മറ്റൊന്നുമല്ല- ബസ്സിന്‍റെ ബ്രേക്ക്‌ പോയിരിക്കുന്നു!

ഇടതു വശം പാറയും കുറ്റിച്ചെടികളും നിറഞ്ഞ തിട്ട. വലതു വശം നല്ല ഒന്നാംതരം കൊക്ക. താഴോട്ടെങ്ങാനും പോയാല്‍ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍' എന്നു പറഞ്ഞതു പോലെയാകും.

ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? ഡ്രൈവര്‍ എങ്ങനെയോ വാഹനത്തിന്‍റെ വേഗം കുറച്ചു. ഇപ്പോള്‍ ബസ്സ്‌ നീങ്ങുന്നതു വളരെ ഇഴഞ്ഞാണ്‌. എതിരെ മറ്റൊരു വാഹനം വരുന്നതിനു മുന്‍പേ സുരക്ഷിതമായ ഒരു ഭാഗത്തു വണ്ടി ഇടിപ്പിച്ചു നിര്‍ത്തുന്നതിനായി അങ്ങനെ പോകുന്നു, പോയിക്കൊണ്ടിരിക്കുന്നു. വേഗം തീരെ കുറവാകയാല്‍, മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നെന്ന പോലെ ഓരോരുത്തര്‍ അവസരം നോക്കി ചാടിയിറങ്ങുന്നുമുണ്ട്‌.

ബോബിസാര്‍ സംഭവം അറിഞ്ഞിരിക്കുന്നു.! അദ്ദേഹം ഉണര്‍ന്നു. ബസിന്‍റെ പിന്‍ഭാഗത്തെ ഡോറില്‍ കിളി എന്ന സ്റ്റാഫിന്‍റെ അഭാവം നമ്മുടെ മിസ്റ്റര്‍ കൊടകര തിരിച്ചറിഞ്ഞു. സ്വയം ആ സ്ഥാനം ആശാന്‍ ഏറ്റെടുത്തു, കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി പുറത്തേക്കു തലയിട്ടുകൊണ്ടു രംഗവീക്ഷണം നടത്തുന്നു.

അത്തരുണത്തില്‍, ഒരാള്‍ തന്‍റെ ലഗേജുമായി ഡോറിനു സമീപം എത്തുകയും ഇറങ്ങണമെന്ന്‌ ആംഗ്യം കാണിക്കുകയും ചെയ്തു. ഇല്ല. ബോബിസാര്‍ വഴിമുടക്കിത്തന്നെ നിന്നു.

"ഹൈ, ഇപ്പോള്‍ ഇറങ്ങാന്‍ പറ്റില്ലാന്ന്‌." പോരാഞ്ഞിട്ടു കൈ കൊണ്ടു ചെറിയൊരു ബാരിക്കേഡും നിര്‍മ്മിച്ചു.

"ഞാന്‍ വണ്ടിയേന്ന് ഇറങ്ങുന്നതിനു ഇയാള്‍ക്കിതെന്തോന്നിന്‍റെ കേടാ?" എന്ന് ആ യാത്രക്കാരനു തോന്നിയിരിക്കണം.

അയാള്‍ വീണ്ടും നിര്‍ബന്ധം പിടിച്ചപ്പോള്‍ ബോബിസാര്‍ വേണ്ടതു ചെയ്തു. മുന്നില്‍ ഞാന്നു കിടന്ന ചരടില്‍ പിടിച്ചു മനസ്സില്ലാ മനസ്സോടെ ഒറ്റ വലി..!!

"ടിന്‍...."

തള്ളേ, സിംഗിള്‍ ബെല്‍..!!

എന്നിട്ടൊരു പറച്ചിലും- "ബണ്ടി നിക്കട്ടേന്നു..!!"

കൊച്ചുവെളുപ്പാന്‍ കാലത്തു എവിടെയെങ്കിലും സ്വസ്ഥമായി ഒന്നു ക്രാഷ്‌ ലാന്‍റ്‌ ചെയ്യാന്‍ അതിസാരം പിടിപെട്ടവനെപ്പോലെ ബ്രേക്കില്ലാതെ ഓടുന്ന നേരത്ത്‌ വണ്ടി നിര്‍ത്താന്‍ സിംഗിള്‍ ബെല്‍ അടിച്ച പയല്‌ എവനെടാ എന്നു ബസ്സ്‌ പോലും ഒരു വേള ചിന്തിച്ചുകാണണം.

Tuesday, January 01, 2008

നവവല്‍സരാശംസകള്

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നവവല്‍സരാശംസകള്

‍സ്നേഹപൂര്‍വ്വം,

രാജ്‌