Sunday, September 09, 2018

നെടുംതൂണുകൾ

ചെറുപ്പത്തിൽ വായിച്ച ഒരു‌ കഥയോർക്കുന്നു. മണ്ടനായ ഒരുവന് ഒരിക്കൽ ഒരു ആധി - ആകാശത്തിനു തൂണില്ലല്ലോ, ഇപ്പോൾ അത് ഇടിഞ്ഞുവീഴുമല്ലോയെന്ന്. പരിഭ്രാന്തനായ അവൻ നെട്ടോട്ടം ആരംഭിച്ചു. ഒടുവിൽ ഒരു സന്യാസിയുടെ മുന്നിൽ എത്തി. മൂപ്പരോട് തന്റെ ആശങ്ക അറിയിച്ചു. ഉത്തരം പറയുന്നതിനു പകരം സന്യാസി ഒരു കാര്യം ചെയ്യാനേൽപ്പിച്ചു. "ചെന്ന് മുന്നിൽ കാണുന്നവരെ എല്ലാം ചീത്ത വിളിക്കുക. എന്നിട്ട് തിരിച്ചു വന്ന് നിന്റെ അനുഭവങ്ങൾ പറയുക."

അവൻ അപ്രകാരം ചെയ്തു. ചിലർ അവനെ തിരിച്ചു ശകാരിച്ചു. ചിലർ ഭ്രാന്തനെന്നു കരുതി അവഗണിക്കുകയോ ഓടിച്ചു വിടുകയോ ചെയ്തു. ചിലർ മർദ്ദിച്ചു. ഒടുക്കം അവനൊരു വീടിന്റെ മുന്നിൽ ചെന്നു. ചീത്തവിളിക്കാൻ വീട്ടുകാരെ അന്വേഷിച്ചു. ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവരെയും പതിവുപോലെ അവൻ ചീത്തവിളിച്ചു.

അവന്റെ വിളയാട്ടം കഴിഞ്ഞിട്ടും ശാന്തയായി നിന്ന ആ സ്ത്രീ അവനെ ഉണ്ണാൻ ക്ഷണിച്ചു. ഇലയിട്ട് അവന് തൃപ്തി വരുവോളം ഊണു വിളമ്പി. അല്പം മുൻപു വരെ മുഴുവൻ ലോകരെയും ചീത്ത വിളിച്ചു നടന്ന അവന്റെ ഉള്ളിൽ ഈ സ്ത്രീയുടെ അലിവോടെയുള്ള പെരുമാറ്റം പ്രശാന്തി നിറച്ചു. അകാരണമായി അസഭ്യം പറഞ്ഞതിനു ആ അമ്മയോട് മാപ്പിരന്ന് അവൻ സന്യാസിയുടെ അടുക്കലേക്ക് തിരികെ പോയി നടന്ന കാര്യങ്ങൾ ഉണർത്തിച്ചു. അപ്പോൾ സന്യാസി അവനോട് പറഞ്ഞു : "ആ സ്ത്രീയെ പോലെയുള്ളവർ ഇന്നും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ആകാശം തൂണില്ലാഞ്ഞിട്ടും ഇടിഞ്ഞു വീഴാത്തത്."

ഈ മഴക്കെടുതിക്കാലം കഴിയുന്ന വേളയിൽ ഞാൻ മനസ്സിലാക്കുന്നു അന്നത്തെ കഥയിലെ ആകാശം പേറുന്ന അമ്മയുടെ മക്കൾ അനേകമനേകം പേർ ഇന്നും നമുക്കിടയിലുണ്ട് എന്ന്. മേഘം തോരാപ്പെരുമഴയായി പെയ്തിറങ്ങിയാലും മഹാപ്രളയമായി മുക്കിക്കളഞ്ഞാലും സ്നേഹത്തിന്റെ, കരുണയുടെ, ആർദ്രതയുടെ, സമർപ്പണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളാൻ ആ അമ്മയുടെ മക്കളുണ്ടാവും എന്ന്.

പ്രിയപ്പെട്ട #ജെയ്സൽ, നിങ്ങൾ ആ അമ്മയുടെ ഒരു മകനാണ്. ആ മക്കളുടെ പ്രതിനിധിയാണ്. നിങ്ങൾക്കും നന്മ നിറഞ്ഞ നിങ്ങളുടെ നൂറായിരം സഹോദരങ്ങൾക്കും എല്ലാ ഐശ്വര്യവും നേരുന്നു. നന്ദി, മലയാളനാടിനു മേൽ ആകാശം ഇടിഞ്ഞു വീഴാതെ കാത്തതിന്.

#CelebrateHumanity #KeralaFloods #togetherWeCan

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'