Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'