ഇപ്പോൾ ശ്രമിച്ചിട്ട് ഓർത്തെടുക്കാൻ കഴിയാത്ത ഏതോ സ്വപ്നത്തിന്റെ അവസാനമാണ് ഞാൻ ഇന്നുണർന്നത്. ആരും എന്നോടൊന്നും സംസാരിക്കുന്നില്ലെന്നും ആരോടും ഒന്നും സംസാരിക്കാൻ എനിക്കാവുന്നില്ലെന്നും തോന്നിത്തുടങ്ങിയിട്ടുണ്ട്. വായിൽ വരണ്ടു കിടക്കുന്ന ഒരു മാംസക്കഷണമായി മാറിയോ നാവെന്നുപോലും സംശയിച്ചു തുടങ്ങിയിരിക്കുന്നു.
മങ്ങിയ മഞ്ഞനിറമുള്ള ആശുപത്രിച്ചുവരുകളും മടുപ്പിക്കുന്ന തണുപ്പുള്ള ടൈലുകളും ഒട്ടും ഉന്മേഷം തരുന്നില്ല. മുൻപ് അറിഞ്ഞിട്ടില്ലാത്ത തരം ഏതെല്ലാമോ വേദനകൾ ശരീരത്തിൽ വിള്ളൽ തീർക്കുന്നുണ്ട്. അവ കൈകാലുകളിൽ നിന്നും ഉദരത്തിന്റെ ഉള്ളറകളിൽ നിന്നും ചെറുസംഘങ്ങളായി വന്ന് തലയ്ക്കുള്ളിൽ തീമഴ പെയ്യിക്കുന്നു. അവ ദേഹമാകെ പെയ്തു നിറയുന്നു.
ഇന്ന് കാര്യമായ പരിശോധനയോ മറ്റോ ഉണ്ട്. ഇന്നലെയും ഉണ്ടായിരുന്നു. ആഘോഷപൂർവ്വം വന്നു രക്തമെടുത്തുകൊണ്ടുപോയത് മാത്രം ഞാനറിഞ്ഞു. അയഞ്ഞു വീര്യം കെട്ട പേശികൾക്കിടയിൽ നിന്നും നോവുതിന്ന് രക്തം ചുരത്താനായിമാത്രം ഒരു ഞരമ്പിനെ ഉയർത്തിയെടുത്തു. അബോധത്തിന്റെ ഇടവേളകളിൽ വീണുകിട്ടുന്ന സത്യത്തിന്റെ ചില വെളിപാടുകൾ.
സിനിമകളിൽ കേൾക്കാറുള്ള സ്ട്രെച്ചറിന്റെ കരകരശബ്ദം എന്റെ യാത്രയിൽ കൂട്ടിനു വരാഞ്ഞത് ആധിയുടെ ആഘാതം തെല്ലൊന്നുമല്ല കുറച്ചത്. ഒപ്പം നടക്കുന്ന ഹോസ്പിറ്റൽ സ്റ്റാഫിന്റെയും കൂട്ടിരിപ്പുകാരുടെയും അസ്പഷ്ടമായ സംസാരം എനിക്കു നീരസമുണ്ടാക്കി.
പരിശോധനാ മുറിയിൽ വെച്ച് ഡോക്ടർ സംസാരിച്ചത് കൂടുതലും അവിടുത്തെ സ്റ്റാഫിനോടും പിന്നെ എന്റെ കൂട്ടിരിപ്പുകാരോടുമാണ്. ഇടയ്ക്കിടെ എന്നെ നോക്കുകയും മൃദുവായ കൈകൾ കൊണ്ട് എന്റെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ട് എന്തൊക്കെയോ പരിശോധിക്കുകയും ചെയ്തു.
വലുതെന്തോ ആണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായി.
"ഡോണ്ട് ടേയ്ക് ടെൻഷൻ, ഇറ്റ്സ് ജസ്റ്റ് എ പ്രൊസീജ്യർ"
മൃദുവായ കൈകളുള്ള ഡോക്ടറുടെ സ്വരത്തിൽ അത്ര മൃദുത്വം ഇല്ലായിരുന്നു.
നേർമ്മയുള്ള ഒരുമയക്കത്തിനവസാനം ആ മുറിയിൽ നിന്നും എന്നെ പുറത്തിറക്കി.
"വൈകുന്നേരത്തേക്ക് റിസൾട്ടാകും. ബാക്കി അപ്പോൾ സംസാരിക്കാം" ഡോക്ടർ പറഞ്ഞു നിർത്തുന്നത് വ്യക്തമായും ഞാൻ കേട്ടു.
തിരികെ എന്നെ കൊണ്ടുപോകുമ്പോൾ ഇടനാഴിയുടെ ദൂരം കൂടിയ പോലെ. മേൽക്കൂരയിലെ ചെറിയ ലൈറ്റുകൾ എന്റെ കണ്ണിന്റെ പിന്നിലേക്ക് വേഗത്തിൽ ഓടി മാറുന്നതായി തോന്നി. ഈ ഒരു പകൽ കൂടി കഴിഞ്ഞാൽ ഔദ്യോഗികമായി ഞാൻ മരിച്ചുതുടങ്ങുകയാണെന്നും.
kuree aayallo ee vazhi ok.
ReplyDeleteezhuth nirthendato.