2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്.
അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ് ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ് പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്.
പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!
നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.
പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.
മണ്ണിനു സന്തോഷം വരുമ്പോഴാണ് കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.
(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ് ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.
പെരുംകൂണിനോടാണ് ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.
പറഞ്ഞു വന്നത് പാവക്കൂണ് കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ് കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്.
പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ് ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.
ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ് ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ് എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!
ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.
പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ് - കൂണുമില്ല ഒരു...
(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)