Sunday, December 17, 2017

ഈശ്വരന്റെ വിധി

ഒരു ശവപ്പറമ്പിലാണു താൻ ഇരിക്കുന്നതെന്ന് അയാൾക്ക് ഇടയ്ക്കെല്ലാം തോന്നാറുണ്ട്. ചുറ്റുമുള്ള ഫയലുകൾ ശവങ്ങളാണെന്നും. ഈയിടെയായി ഈ ഭ്രാന്തൻ ചിന്തകൾ കൂടുതലായി തികട്ടിവരുന്നതായി അയാൾ തിരിച്ചറിയുന്നുണ്ട്. അതിന്റെ ചുഴിയിൽപ്പെട്ട് അസ്വസ്ഥനാകുന്നതായും അയാൾക്കറിയാം. ഇന്ന് അതെല്ലാം കടന്ന്, സെക്ഷനിലെ ഫയലുകളെപ്പറ്റി തിരക്കുന്ന മേലുദ്യോഗസ്ഥർ ശവങ്ങളെ കൊത്തിപ്പറിക്കാൻ വരുന്ന കഴുകന്മാർ ആണെന്നും അവർ ശവങ്ങളിൽ നിന്നും വേർപെട്ട ആത്മാക്കളുടെ പുതിയ രൂപങ്ങൾ ആണെന്നും തോന്നിത്തുടങ്ങി.

ശ്മശാനത്തിൽ അങ്ങിങ്ങ് മുൾച്ചെടികൾ പടർന്നു തുടങ്ങിയിട്ടുള്ളതായും ഓഫീസിലെ എട്ടുകാലികൾ അവയിലാണു രാപാർക്കുന്നതെന്നും ഉറക്കം മുഖത്തു നിന്നും തട്ടിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരു മൂന്നുമണിക്കാണ്‌ ആ ഗുമസ്തൻ കണ്ടെത്തിയത്. ശ്മശാനം സൂക്ഷിപ്പുകാരൻ എന്ന നിലയ്ക്ക് അവയ്ക്കു തന്നോട് ബഹുമാനം ഉണ്ടെന്നറിഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. അവരുടെ സ്വൈര്യജീവിതത്തിന്‌ ഏറ്റവും ഭീഷണിയാകുന്നത് ഓഫീസ് വൃത്തിയാക്കാനെന്ന പേരിൽ നിത്യവും മാരകായുധങ്ങളുമായി വരുന്ന പാർട്ട് ടൈം സ്വീപ്പർമാരാണ്‌.

ആ കുബുദ്ധികൾ വന്നുപോയശേഷം സംസ്കാരം കാത്തു കിടക്കുന്ന ഫയലുകളിൽ ശവഭോഗം നടന്നിട്ടുണ്ടോ എന്നയാൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാറുണ്ട്. പ്രായാധിക്യത്തിന്റെ മഞ്ഞളിപ്പ് ബാധിച്ച വെള്ളക്കടലാസുകൊണ്ട് മൂടിയ മൃതമുഖങ്ങളിൽ പൊടിയകന്നു കണ്ടാൽ ആ കാപാലികരുടെ വിരൽപ്പാടുകളോ, ഡസ്റ്ററോ ബ്രഷോ കൊണ്ട് രഹസ്യഭാഗങ്ങളിൽ ഏൽപ്പിച്ച പരിക്കുകളോ തിരയും. തിളങ്ങുന്ന ശവക്കച്ചകളിലും നെയ്ത്തുപശ മങ്ങാത്ത കോടിത്തുണിയിലും ഉലച്ചിൽ ഇല്ലെന്ന് കണ്ട് സ്വസ്ഥനാകുകയും ചെയ്യും.

സഹപ്രവർത്തകർ അയാളെ മിക്കവാറും ഉപദേശിക്കാറുണ്ട് - ഫയലുകൾ ഇങ്ങനെ വെച്ചുസൂക്ഷിക്കരുതെന്നും എല്ലാം സമയം വൈകും മുൻപേ ക്ലോസു ചെയ്യണമെന്നും. പക്ഷേ ഉറ്റവർ ആരൊക്കെയോ ദൂരദേശങ്ങളിൽ നിന്നും ദേഹങ്ങളെ കാണാനെത്തും എന്ന പ്രതീക്ഷ അയാൾ കളഞ്ഞിട്ടില്ല. അങ്ങനെ ആരും കാത്തിരിക്കാനില്ലാത്തത് അയാളെ മുൻകാലങ്ങളിൽ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. എന്തായാലും താൻ മൂലം ആ വ്യഥ ആർക്കും വരരുതെന്ന് ആഗ്രഹിച്ചാൽ എന്താണു തെറ്റ്. ചേതനയറ്റതെങ്കിലും മൃതരുടെ മുഖം ഒരുവട്ടം കൂടി കാണുന്നതിലൂടെ ഉറ്റവരുടെ അവകാശങ്ങളാനു ഉറപ്പാക്കുന്നത്.

ഞെട്ടിക്കുന്ന പ്രതിഭാസം മറ്റൊന്നാണ്‌. മരിച്ചു മരവിച്ചു കിടക്കുന്ന ഫയലുകൾക്ക് പൊടുന്നനെ അനക്കം വെയ്ക്കുന്നതും ചീഞ്ഞു തുടങ്ങിയ ഏടുകളിൽ പൊടുന്നനെ മഷി പരന്നൊഴുകുന്നതും കയ്യും കാലും ജീവൻ തിരിച്ചുപിടിച്ചു സെക്ഷനുകളിൽ നിന്നും സെക്ഷനുകളിലേക്ക് ചാടിച്ചാടിപ്പോകുന്നതും. മനസ്സോടെയല്ലെങ്കിലും ആ വേലിചാട്ടങ്ങൾക്ക് മുറുമുറുത്തുകൊണ്ട് ചൂട്ടുപിടിക്കാനേ അയാൾക്കാവൂ. അപ്പോഴും ഇന്നല്ലെങ്കിൽ നാളെ ജീവനറ്റു വീഴുന്ന വെറും ശരീരങ്ങളായി മാത്രമേ അവയെ കാണാൻ കഴിയൂ. നിങ്ങൾ എന്റെ കാൽച്ചുവട്ടിൽ തന്നെ തിരികെ വന്നു മരവിച്ചു കിടക്കാനുള്ളവരാണ്‌ എന്ന ഗൂഢവും ക്രൂരവുമായ വിചാരത്തോടെ പറമ്പിന്റെ ഒരരികിൽ അയാളിരിക്കും.

എത്രനേരത്തേക്കെന്നറിയാതെ ഉഴറിയുള്ള ആ ഇരിപ്പിൽ ഫയലുകളെപ്പോലെ തന്നെ സ്വന്തം ജീവിതത്തെപ്പറ്റിയും ആലോചിക്കാറുണ്ട്. ഫയലുകളേതിലും എന്തുകൊണ്ടും ഉൽകൃഷ്ടമാണ്‌ സ്വന്തം ജീവിതമെന്നാണ്‌ അയാൾ സിദ്ധാന്തിക്കുന്നത്. കാരണം ഫയലുകളുടെ ജീവിതം ഏതാണ്ട് പൂർണ്ണമായും തന്റെ സ്വന്തം കൈപ്പിടിയിലാണല്ലോ. ഫയൽ പിറന്നു കഴിഞ്ഞാൽ മരണം വരെ അവയെ വഴിനടത്തുക തന്റെ കർത്തവ്യമാണെന്നും അവയുടെ സംഹാരമൂർത്തിയും താൻ തന്നെയെന്നും ഭാവിക്കുന്നുണ്ട്. ആകയാൽ താൻ ഫയലുകളെക്കാൾ ഉൽകൃഷ്ടജീവിയും അപ്രകാരം ഈശ്വരതുല്യനും ആണെന്നതിൽ സംശയമില്ല.

മനുഷ്യർ ഇഹലോകത്തിൽ തെറ്റു ചെയ്യുന്നതുപോലെ, ഈശ്വരന്‌ അഹിതമായ കൃത്യങ്ങൾ ചെയ്യുന്നതുപോലെ, ചിലപ്പോഴെല്ലാം സെക്ഷനിൽ നിന്നും തുടിച്ചുതുള്ളിയിറങ്ങിപ്പോയ ഫയലുകൾ ചില ഉത്തരവുകളുടെ ഭാരവും പേറി വരാറുണ്ട്. അവയെയെല്ലാം കഠിനമായി ശകാരിച്ചും സെക്ഷനിൽ തലങ്ങും വിലങ്ങും കണക്കറ്റ് അലയാൻ വിട്ടും തരംപോലെ ശിക്ഷിക്കാറുണ്ട്. അവസാനം മാറാവ്യാധിയാൽ ശയ്യാവലംബിയെപ്പോലെ മരണക്കിടക്കയിൽ തളച്ചിടാറുണ്ട്. മരുഭൂമി പോലത്തെ ആ ശവപ്പറമ്പിൽത്തന്നെ മരണം കാത്തു കിടക്കുമ്പോഴും അവർക്കുള്ളിലെ വിചാരങ്ങളും വികാരങ്ങളും തെല്ലും അയാളൊട്ട് മനസ്സിലാക്കാൻ ശ്രമിക്കാറില്ല.

‘ഞാൻ നിങ്ങളുടെ നാഥൻ ആകായാൽ നിങ്ങൾ ചോദ്യങ്ങളില്ലാതെ എന്നെ അനുസരിച്ചുകൊള്ളുക’ എന്നാണ്‌ നിർജ്ജീവദേഹങ്ങളിലെ പറക്കാൻ കൊതിക്കുന്ന ആത്മാക്കൾക്ക് അയാൾ നല്കിയിട്ടുള്ള കല്പന. സ്വന്തമായി ആത്മാവ് അഥവാ മനസ്സ് എന്നൊന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽത്തന്നെ മറ്റെങ്ങോ ഇരുന്നുകൊണ്ട് തങ്ങൾക്കായി പ്രാർഥിക്കുന്ന ഉടയവർക്ക് മാത്രമേ തങ്ങളോട് കരുണയുള്ളൂവെന്നും ഫയലുകളും കരുതുന്നു. അയാൾ കൂടുതൽ സ്വേച്ഛാധിപതി ആകുന്തോറും നാസ്തികരായി ഫയലുകളും പ്രതിഷേധിക്കുകയാണ്‌.

ശവപ്പറമ്പിൽ ഓരോ ദേഹവും കത്തിയെരിയുമ്പോൾ തെല്ലുഭാരം ഒഴിഞ്ഞ നിർവൃതി അയാളുടെ മുഖത്തുകാണാം. നിശബ്ദമായ നെടുവീർപ്പുകൾക്കിടെ, ഒരുനാൾ വരാനിരിക്കുന്ന സമാനഗതിയോർത്ത് ആരും സാന്ത്വനം നല്കാനിലാത്ത കടലാസുകെട്ടുകൾ നാളെണ്ണിയിരിക്കും. ശ്മശാനം കാവല്ക്കാരൻ അപ്പോഴുമേതെല്ലാമോ ഭ്രാന്തൻ കനവുകളുടെ പിടിയിൽ ആലോചനപൂണ്ടീരിക്കും.

കാലം പോകെ ഗുമസ്തന്റെ മുഖത്തും നിരാശകൾ വരവീഴ്ത്തിത്തുടങ്ങി. കണ്ടും കേട്ടും ശീലിച്ച മനോവ്യാപാരങ്ങളിൽ നിന്ന് സെക്ഷനിലെ അടിമകളും ആ മുഖഭാവങ്ങളുടെ അർഥങ്ങൾ ചികഞ്ഞെടുത്തു. അവർ മനസ്സിലാക്കിയത് തങ്ങളുടെ ഈശ്വരനും മരണമുണ്ടെന്നും മറ്റേതോ ശവപ്പറമ്പിൽ ഈ ദിവ്യനെയും കാത്തിരിക്കുന്ന ആരോ ഉണ്ടെന്നുമാണ്‌. കലണ്ടർത്താളുകൾ മറിഞ്ഞ ചെലവിൽ ജീവൻ താല്ക്കാലികമായി തിരിച്ചു കിട്ടിയപ്പോൾ സഞ്ചാരം തരപ്പെട്ടിട്ട് മടങ്ങി വന്ന ചില പ്രജകൾ പലതും പറഞ്ഞു. നമ്മുടെ നാഥൻ മരിക്കാൻ പോകുന്നെന്ന് ഉറപ്പായി പോലും. ചീഞ്ഞളിഞ്ഞ ശവങ്ങളെ, തണുത്തു വിറങ്ങലിച്ച മാംസക്കൊള്ളികളെ അല്പപ്രാണനിൽ പിടഞ്ഞുണരുന്ന വ്യവഹാരത്താളുകളെ അക്കാലമായപ്പോഴേക്കും അയാൾ തൊടാനറച്ചു. ആശ്വസിക്കാൻ വകയില്ലാഞ്ഞിട്ടും ആസന്നമായ മരണത്തിൽ നിന്നും രക്ഷയില്ലാഞ്ഞിട്ടും അവർ നെടുവീർപ്പിട്ടു. വിധിക്ക് ആരും അതീതരെല്ലെന്നതിന്‌ ഫയൽത്താളുകളിൽ പരസ്പരം പോരടിച്ചു പോന്ന ഹർജ്ജിക്കാരും ഏകസ്വരത്തിൽ പറഞ്ഞു.

ഒടുക്കം ആ നാൾ വന്നു. നിസ്സംഗനായി ഇത്ര നാളും ശവങ്ങൾക്കു കാവലിരുന്ന അയാൾ കാല്പാദങ്ങളിൽ വന്നുമൂടിയ ചരിത്രത്തിന്റെ പുറ്റു തട്ടിയുടച്ചിട്ട് പൊടിയും തട്ടി എഴുന്നേറ്റു. ഇന്നിന്റെ മരണമായ സായാഹ്നത്തെ നോക്കി ഒന്നു കോട്ടുവായിട്ടു മൂരി നിവർന്നു. ശവങ്ങളെയും കബന്ധങ്ങളെയും തൊടാൻ അറച്ചുകൊണ്ടുതന്നെ ശ്മശാനത്തിന്റെ കവാടം കടന്ന് തിരിഞ്ഞുനോക്കാതെ സാവധാനം നടന്നുപോയി. അയാളുടെ യാത്രയിൽ സമയമായിട്ടില്ലാത്ത സഹപ്രവർത്തകരും തലതാഴ്ത്തി അനുഗമിച്ചു. അന്യശ്മശാനങ്ങളിൽ പോയിവന്നവർ പറഞ്ഞു ഗുമസ്തൻ അടുത്തൂൺ പറ്റിയെന്ന്. ഈശ്വരന്റെ കാലാവധി തീർന്നത്രേ.

അധികം കഴിയാതെ ശ്മശാനത്തിനു പുതിയ സൂക്ഷിപ്പുകാരൻ വന്നു. അയാളിരിക്കുന്നിടത്ത്, കാല്പാദങ്ങൾക്ക് കീഴെ നിന്ന് പുതിയ ഒരു പുറ്റ് മുളച്ചു തുടങ്ങുന്നതായും തങ്ങളുടെ വിധിക്ക് മാറ്റമൊന്നുമില്ലെന്നും പാവം ഫയലുകൾ തിരിച്ചറിഞ്ഞു.

Sunday, October 15, 2017

ആബ്സിന്തെ കനവുകൾ

ആബ്സിന്തെ ബൊട്ടാണിക്കൽ നേഴ്സറി, ഇടുക്കി ജില്ല.

അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ആബ്സിന്തെ. വിദേശരാജ്യങ്ങളിൽ കിട്ടുന്ന വീര്യം കൂടിയ മദ്യം. ‘പ്രേമം’ സിനിമയിൽ ജോർജ്ജും കൂട്ടുകാരും ഒരന്തിക്ക് അടിച്ച് കിളി പാറിച്ച അതേ തീത്തൈലം..

നുമ്മടെ ഒരു ചങ്ക് ബ്രോ ആസ്ത്രേലിയായീന്ന് കെട്ടുംകെട്ടി വരുമ്പ ഒരെണ്ണം കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം മറ്റൊരു കനേഡിയൻ ചങ്കിനോട് പറഞ്ഞപ്പോൾ അതിന്റെ പ്രധാന ചേരുവയെപറ്റി ഒരു വാട്സാപ്പ് സംഭാഷണം ഉണ്ടായി. കാര്യമായ ഭേദഗതികളില്ലാതെ ആ സംഭാഷണം ഇതാ. ( സുരക്ഷയെ കരുതിയുളള മുന്നറിയിപ്പ് - ഇത് ആരും അനുകരിക്കാൻ പാടില്ല. അതു മൂലമുണ്ടാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഈ ബ്ലോഗോ ഞാനോ ഇതിലെ കഥാപാത്രങ്ങളോ സാക്ഷാൽ ഒടേതമ്പുരാനോ പോലും ഉത്തരവാദി ആയിരിക്കുന്നതല്ല.)

അവൻ(കനേഡിയൻ ചങ്ക്): The Truth behind Absinthe. The Chemical that’s taken all the blame for absinthe’s hallucinogenic reputation is called thujone, which is a component of wormwood.
ഞാൻ: what is wormwood?

അവൻ: It is a herb. (അതിന്റെ പടം അയച്ചു തന്നു, എന്നിട്ട് ..) Some people believe this can cure cancer and some other illness... Wormwood is actually used to eliminate intestinal worms, especially roundworms and pinworms

ഞാൻ: ഇതു നമ്മുടെ നാട്ടിൽ പിടിക്കുവോ..??
ഞാൻ: ഉണ്ടേൽ ഒരു തൈ കൊണ്ടുവാ
ഞാൻ: ലക്ഷ്മി തരുവിനു ശേഷം കേരളത്തിന്റെ ഭാവി ഇതിലാണ്.

അവൻ: ശരിയാ. വാറ്റി അടിക്കാം.... രോഗവും മാറും

ഞാൻ: I meant marketing.. ഇതു നെഴ്സറി ഉണ്ടാക്കി ഒരു ഒറ്റ വർഷം കൊണ്ട് വിൽക്കുക. രണ്ടാം വർഷം മുതൽ ആദായമെടുക്കാമെന്ന് വാങ്ങിക്കുന്നവരെ വിശ്വസിപ്പിക്കുക. ഫാർമ കമ്പനികൾ വാങ്ങിക്കോളുമെന്ന് അടിച്ചിറക്കുക. ഏലം പറിച്ചു കളഞ്ഞിട്ട് ആണെങ്കിലും ആൾക്കാർ ഇതു നടും. ഒരു കാലത്തു ഹൈറേഞ്ചുകാർ വാനില വാങ്ങിയതു പോലെ വന്നു വങ്ങിക്കോളും. കച്ചവടം മൂപ്പിച്ചു നടത്തി തയ്യെല്ലാം വിറ്റശേഷം കമ്പനി പൂട്ടി മുങ്ങുക. നമ്മൾ സ്കൂട്ട്. ചോദിച്ചാൽ നമ്മുടെ പാർട്ണർഷിപ്പ് പിരിഞ്ഞെന്നും അതിനാൽ നെഴ്സറി നിർത്തിയെന്നും പറയുക

അവൻ: ആട് - മാഞ്ചിയം ലൈൻ, സംഭവം കഴിയുമ്പോൾ രാജ്യം വിടണം, അല്ലേൽ നാട്ടുകാർ വീട്ടിൽ വന്നു പഞ്ഞിക്കിടും.

ഞാൻ: യു goat ഇറ്റ്

അവൻ: നമ്മൾ മുങ്ങിയാലും നമ്മുടെ ബന്ധുക്കളുടെ കാര്യം സ്വാഹ....

ഞാൻ: ഇതു വലിയ സംഭവമാണെന്ന് നമ്മൾ പരസ്യപ്പെടുത്താൻ പാടില്ല.. കരക്കമ്പി ആയിരിക്കണം നമ്മുടെ പ്രധാന മാർക്കറ്റിങ് സ്റ്റ്രാറ്റജി. നമ്മുടെ ഫ്ലക്സിലും ബോർഡിലും ഒന്നും ഈ സാധനത്തിനു പ്രാധാന്യം കാണരുത്. ഇതൊരു വിശേഷപ്പെട്ട ചെടി ആണെന്ന് മാത്രം പറഞ്ഞാൽ മതി

അവൻ: ഈ ചെടിക്ക് എന്തൊക്കയോ ഔഷധ ഗുണമുള്ളതാ. അപ്പോ ചെറുതായിട്ട് നമ്മൾ ബാക്ക്ഗ്രൗണ്ട് കളി വച്ചാൽ കരക്കമ്പി പറന്നു കളിച്ചോളും

ഞാൻ: വിരയ്ക്കു കൊള്ളാമെന്നു മാത്രമേ നമ്മൾ പറയാവൂ. ഇതുപയോഗിച്ചു ആരുടെ എങ്കിലും വിര മാറിയാൽ തന്നെ കാൻസർ കേസ് ജനം ഏറ്റെടുത്തോളും. അവർ എയ്ഡ്സിനു വരെ കൊള്ളാമെന്ന് വെച്ചു കാച്ചിക്കോളും

അവൻ: ലോകവ്യാപകമായി അംഗീകരിച്ച ഔഷധ ഗുണങ്ങൾ പരസ്യപ്പെടുത്താൻ

ഞാൻ: കാരണം നാളെ കേസ് വന്നാലും പ്രൂഫൊള്ള ഫലമേ നമ്മൾ വാഗ്ദാനം ചെയ്യാവൂ. കാൻസറിന്റെ കാര്യം വാക്കാൽ മാത്രമേ പറയാവൂ. അതും ഉണ്ടത്രേ ചേർത്ത് പറഞ്ഞാൽ മതി

ഞാൻ: നാല് വാട്സാപ്പ് മെസെജ് നാസയുടെ ചെലവിൽ ഇറക്കിയാൽ മതി.. ഒപ്പം ഇത് ** ഫാർമസി ച്യവനപ്രാശത്തിൽ ചേർക്കുന്ന രഹസ്യ ചേരുവ ആണെന്നും കീച്ചിയേക്കണം

അവൻ: അതേ....നിയമപരമായി നമ്മളെ ഒരു ***ഉം ചെയ്യാൻ പറ്റരുത്
അവൻ: ക്യാൻസർ കാര്യം നമ്മുടെ വിശ്വസ്ത സുഹൃത്തുക്കൾ വഴി ഇറക്കാം. പിന്നെ ഇല്ലാത്ത ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വക കുറച്ച് മെസ്സേജുകളും

ഞാൻ: എന്നാപ്പിന്നെ വെള്ളം സൗകര്യമുള്ള റോഡ് സൈഡിലെ പരന്ന സ്ഥലം രണ്ടു വർഷത്തേക്ക് പാട്ടത്തിനു കിട്ടുമോന്നു നോക്കട്ടേ? ഈ കുന്ത്രാണ്ടത്തിന്റെ നേഴ്സറി തുടങ്ങാൻ??

അവൻ: ഹഹാ... അതേയ്, വെള്ളം വേണമെന്നില്ല. സാധാരണ കര നിലം മതി. ഞാൻ നോക്കി. ഡ്രൈ ലാൻഡ് എന്നാ പറഞ്ഞിരിക്കുന്നത്

ഞാൻ: വെള്ളം വേണമെന്നെ. മൂന്നു നേരം സ്പ്രിംഗ്ലർ വെച്ച് എമ്പാടും വെള്ളം ചീറ്റിച്ചാലേ നെഴ്സറിക്ക് ഒരു ഗുമ്മുണ്ടാകൂ

അവൻ: സ്പ്രിംഗ്ലർ വെക്കുന്നുണ്ടെങ്കിൽ പിന്നെ പച്ച നെറ്റ് കൂടി വിരിക്കാം.

ഞാൻ: ഗ്രാന്റ്. പച്ച നെറ്റും നാല് ബംഗാളികളും. മഹാരാഷ്ട്രയിൽ ഇതു കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് അവന്മാരെ വരുത്തിയതെന്ന് പറയാം. കേരളീയർക്ക് മഹാരാഷ്ട്രാന്നു പറഞ്ഞാൽ ബോംബെ, കൂടിയാൽ പൂനെ. അത്രേയുള്ളൂ.

ഞാൻ: ഹോ എടാ നമ്മളെ ഇനി പിടിച്ചാൽ കിട്ടത്തില്ല

അവൻ: മുന്തിയ ഇനം കാർ, കൂളിംഗ് ഗ്ലാസ്സ് എല്ലാം വേണം. ജാഡ ഒട്ടും കുറയാൻ പാടില്ല. നല്ല കിളി പോലത്തെ ഒരു പെങ്കൊച്ചിനെ മാസം 2000 രൂപ കൊടുത്ത് ഓഫീസിൽ ഇരുത്താം

അവൻ: ഓ.... നമ്മൾക്ക് അങ്ങ് സുഖിക്കണം.

ഞാൻ: ഏഹ്..?? നീ പ്രമുഖ നടനു പറ്റിയതൊക്കെ ഇത്രവേഗം മറന്നോ!

അവൻ: ശേ.. അതിനല്ല.. മുതലാളിമാരായിട്ട് ഇരുന്നു സുഖിക്കണമെന്ന്.

ഞാൻ: ഹോ എന്റെ അകവാളു മിന്നി.. അങ്ങനെ നോക്കിയാൽ രണ്ട് കൊടുക്കണോ.. പിരിച്ചു വിടുമ്പോൾ സ്റ്റേറ്റ് ലെവൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മാനേജരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞാൽ മതി. പിന്നെ ഡ്യൂട്ടി‌സമയത്ത് പ്ലസ്ടുവിനു യൂണിഫോം ആയി ഉപയോഗിച്ച പാൻറ്റ്സും ഓവർകോട്ടും ഇടാൻ പറയണം. കയ്യിലെപ്പോളും അസുസിന്റെ ഒരു ടാബും ഒരു റൈറ്റിങ് പാഡും കരുതാനും പറയണം. ഐപാഡ് ഇല്ലേലും സാരമില്ല. ചെലവാ.

അവൻ: അത് മതി.....

ഞാൻ: പാഡ് വെച്ച് അവൾ വേണമെങ്കിൽ ബംഗാളികൾക്ക് വാട്സാപ്പ് അയച്ചു കളിച്ചോട്ടെ. അംബേട്ടന്റെ ഒരു സിമ്മും എടുത്ത് കൊടുത്തേക്കാം, വിത്ത് അൺലിമിറ്റഡ് നെറ്റ്.

അവൻ: അതേ. പിന്നെ വരുന്ന നാട്ടുകാരെ മുഴുവൻ അവൾ കൊഞ്ചി കൊഞ്ചി സാറേ എന്നു വിളിക്കണം. സകല ഞോഞ്ഞന്മാരെയും ഇളിച്ച് കാണിക്കുകേം ചെയ്യണം. ടാക്റ്റിക്കാണ്, പ്രമുഖ വ്യാപാരികൾ തൊട്ട് മുറുക്കാൻ കടക്കാർ വരെ ചെയ്യുന്നതാ.

ഞാൻ: നമ്മടെ ഡാഡി ഗിരിജയുടെ ഫാർമ കമ്പനിയിലേക്ക് എല്ലാ ദിവസവും ഈ ചെടി ലോഡ് പോകുന്നത് നമ്മൾ കസ്റ്റമേഴ്സിന്റെ മുന്നിൽ ഫേക്ക് ചെയ്യണം. "അടുത്തയാഴ്ച രണ്ടു ടൺ വേണമെന്നൊക്കെ ഇപ്പോൾ പറഞ്ഞാലെങ്ങനെയാ" എന്നൊക്കെ ഫാർമ കമ്പനിയുടെ പർചേസ് മാനേജരോട് കറങ്ങുന്ന കസേരയിൽ ഇരുന്ന് നമ്മുടെ കസ്റ്റമേഴ്സ് കാൺകെ ഫോണിലൂടെ തട്ടിക്കേറണം.

അവൻ: ഇതിലെ തേരാ പാരാ നടക്കുന്ന രണ്ടു ഊള സായിപ്പുമാരെ കള്ളും കഞ്ചാവും കൊടുത്ത് ആറു മാസം അവിടെ നിർത്താം. നാസയിലെ വിദഗ്ധര് ആണെന്ന് കാച്ചാം..

ഞാൻ : കലക്കും. ഇനി കാൻസർ ക്ലെയിം എന്ന വകുപ്പിൽ ക്ലച്ച് പിടിച്ചില്ലേലും പേടിക്കാനില്ല. അബ്സിന്തെയിൽ ഉപയോഗിക്കുന്നതാണെന്ന് കേട്ടാൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ നല്ല സെയിൽ‌സ് കിട്ടും. ലോക്കൽ ഈപ്പച്ചന്മാർ ഇരുട്ടുവാക്കിനു വന്നു വാങ്ങിച്ചോണ്ട് പൊക്കോളും.

അവൻ: ലോകത്തിലെ ഏറ്റവും നല്ല ആബ്‌സിന്ത് കിട്ടുന്ന സ്ഥലമായി രണ്ടു വർഷം കൊണ്ട് കേരളത്തിനെ നമുക്ക് മാറ്റണം

ഞാൻ: യേസ്.. വേൾഡ് ആബ്സിന്ത് ഹബ്. പറ്റിയാൽ സോമവേദത്തിൽ ആബ്സിന്ത് ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശം ഉണ്ടെന്നും സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ആബ്സിന്ത് അരിക്കുന്ന അരിപ്പ കിട്ടിയെന്നും ഒക്കെ കീച്ചാം.

അവൻ: വേറെ ലെവലായി!! പിന്നെ ആളുകേറാൻ, നമ്മുടെ നേഴ്സറിയിൽ ഒരു ഫ്രീ ടോയ്‌ലറ്റ് വെച്ചാൽ വഴീക്കൂടി പോകുന്ന ടൂറിസ്റ്റ് വണ്ടിയൊക്കെ ഓസിനു ശങ്ക തീർക്കാൻ നിര്ത്തിക്കോളും. പ്രസ്ഥാനത്തിൽ തിരക്കും തോന്നും!

ഞാൻ: അത് പൊളിച്ചു. ഓരോ വിസിറ്ററിനും വേനപ്പച്ച, തൊട്ടാവാടി എന്നി ഔഷധചെടികളുടെ മേൽത്തരം ടിഷൂ കൾചർ തൈ കോപ്ലിമെന്റായി കൊടുക്കാം.

അവൻ: ഒരു നോട്ടീസും.

ഞാൻ: ഷുവർ. ടോയ്‌ലറ്റ് ഡെയ്‌ലി കഴുകാൻ നിലവിലുള്ള ബംഗാളികളിൽ നിന്ന് ഒരാളെ തന്നെ വെക്കാം. അവനു ഡെയ്‌ലി അൻപതു രൂപ കൂടുതൽ കൊടുത്തേക്കാം.

ഞാൻ: പിന്നെ, പ്രസ്ഥാനത്തിൽ ഒരു സെൽഫീ പോയിന്റ് വേണം. ഏത് ആംഗിളിൽ ഫോട്ടോ എടുത്താലും നമ്മുടെ ബോർഡ് ഫ്രെയിമിൽ വരണം.

ഞാൻ: മറ്റൊരു കിടിലൻ ഐഡിയാ ഉണ്ട്. വീട്ടിൽ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ രണ്ടു ദിവസത്തിലധികം പ്രായമില്ലാത്ത ഒരു തളിരു ഇട്ട് തിളപ്പിച്ചാൽ ആദ്യം പറഞ്ഞ മാതിരി ഉദരരോഗ പ്രതിവിധിക്കു ഉത്തമമാണെന്ന് പറയണം. മെയിൻ പോയിന്റായിട്ട് ശുക്ലവർദ്ധനവിനും കേമമാണെന്ന് കീച്ചിയേക്കണം.

അവൻ: ശുക്ല വർദ്ധനവ് - അത് ഉറപ്പായും വേണം.

ഞാൻ: അങ്ങനെയായാൽ സെയിത്സ് പിടിച്ചാൽ കിട്ടാതാകും.

അവൻ: സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ കൂടി നല്ലതാണെന്ന് കാച്ചിയേക്കാം. പെണ്ണുങ്ങളും മേടിക്കട്ടെ.

ഞാൻ: അയ്യോ ആശാനേ! പർട്ടിക്കുലർ സെറ്റ് ഒഫ് കസ്റ്റമേഴ്സിനു യൂണിവേഴ്സലി അക്സപ്റ്റബിളായിട്ടുള്ള ആർത്തവ വേദന കുറയ്ക്കും എന്നായാലോ. ഒരു പ്രായം കഴിഞ്ഞ എല്ലാം വീഴും.

അവൻ: സമയം ദീർഘിപ്പിക്കും തുടങ്ങി സകലമാന തള്ളലും കരക്കമ്പി ആയി ഇറക്കാം.

ഞാൻ: സിവനേ!! ആ പിന്നെ, നമ്മുടെ ജൈവകൃഷിയിലേക്കിറങ്ങിയ നടനെ ഒക്കെ കാശു കൊടുത്തിട്ടായാലും ഇടയ്ക്കിടെ സ്പോട്ടിൽ വരുത്തണം. എന്നിട്ട് കുളമാവ് വനത്തിൽ പാഴ്തൈ കളയാൻ പോകുന്ന കൂട്ടത്തിൽ ആ വണ്ടിയേൽ കേറ്റി വിടണം. കണ്ടാൽ മൂപ്പിൽസ് തൈകളെല്ലാം ഹോൾസെയിലായിട്ട് വാങ്ങിക്കൊണ്ട് പോവാണെന്ന് നാട്ടുകാർക്ക് തോന്നണം.

അവൻ: ഹവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന് പറഞ്ഞ് രണ്ടു പേരെ ഇടയ്ക്ക് കൊണ്ടുവരാം.

ഞാൻ: “ബോട്ടണി - ക്യൂറേറ്റിവ് ഹെർബ്സ്” വിഭാഗം മേധാവിയും പിന്നെ ഡീനും ആയിക്കോട്ടെ.

അവൻ: ഡീനോ..??

ഞാൻ: അയ്യോ യൂത്തനല്ല!

അവൻ: ഓ... മറ്റേ ഡീൻ!!

ഞാൻ: വ്വാ തന്നെ.

അവൻ: (കാനഡായിലെ കുറെ സായിപ്പുമാരുടെയും ഒരു ചുന്ദരിപ്പെണ്ണിന്റെയും ഗ്രൂപ്പ് പോട്ടം കാണിച്ചിട്ട്) ഇവന്മാര് പോരെ?? വട്ടച്ചിലവും കുപ്പിയും കൊടുത്താൽ മതി.

ഞാൻ: ആ പെണ്ണിന്റെ ടിക്കറ്റ് ഞാൻ വഹിക്കാം‌. ആ രണ്ടു താടിക്കാരെയും കൂട്ടിക്കോ. പിന്നെ ആ എബി മാത്യുവും പോന്നോട്ടെ. (ആറാംതമ്പുരാൻ.jpg)

ഞാൻ: അതേയ്, ഇടുക്കി ഡാം ഓപ്പണാകുകയും പൂജാ, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ഒക്കെ വരുമ്പോൾ ***, ***, *** തുടങ്ങിയ നമ്മുടെ സിനിമയിലെ കെട്ടു കോലങ്ങളെ ഒക്കെ കാശു കൊടുത്ത് എഴുന്നള്ളിച്ചു നിർത്തണം. പുതിയ ഒരുത്തി ഉണ്ടല്ലോ, ചുമ്മാ ചിരിക്കാൻ മാത്രം അറിയാവുന്ന.. ആ അവളൊക്കെ വന്നാലേ യൂത്ത് ഇടിച്ചു നിൽക്കൂ. അതിന്റെ ഒക്കെ പിക് എടുത്ത് ഫ്രെയിം ചെയ്ത് ഓഫീസിലെ ഭിത്തിയിൽ തൂക്കണം.

അവൻ: സീരിയൽ റാണിമാരെ ഇറക്കാം. മന്ത്രിമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും വേണം.

ഞാൻ: അങ്ങനാണെങ്കിൽ കരിക്ക് മസ്റ്റ്. മറ്റേ ബോംബെ, ചെന്നൈ ഒക്കെ വിദേശത്താണെന്നു പറഞ്ഞ ടീംസിനെ ഒന്നും വേണ്ട.

അവൻ: അയ്യോ കുഴപ്പമില്ലന്നേ. ഇവരൊക്കെ വന്നിട്ടു ഫുൾ മേക്കപ്പിൽ കമാന്നു മിണ്ടാതെ തൈയും തലോടി നിന്നാൽ മതി. ഒരു ഗ്രിപ്പിന് കാനഡയിലെ രണ്ടു യൂണിവേഴ്സിറ്റിയിൽ നിന്ന് നമുക്ക് കോണസാണ്ടർ അവാർഡ് കിട്ടുന്നതിന്റെ ഫോട്ടോയും ഉണ്ടാക്കാം.

ഞാൻ: നമുക്ക് പ്രസ്ഥാനം സണ്ണിചേച്ചിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ??

അവൻ: ഡേയ് നമ്മൾ തുടങ്ങുന്നതു കോഴിഫാം അല്ല.

ഞാൻ: എന്നാൽ നമ്മുടെ ആശാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം. പ്രസംഗിക്കുന്ന മൈക്കിനു മുന്നിൽ മൈക്കു കാരന്റെ പേരിനു പകരം നമ്മുടെ സ്ഥാപനത്തിന്റെ പേരു വെക്കും. സ്ത്രീ തൊഴിലാളികളെയും ഖദറുകാരെയും മൂപ്പരു നാല് തെറി പറഞ്ഞാൽ പബ്ലിസിറ്റിക്ക് പിന്നെ നമ്മുടെ കയ്യീന്ന് അഞ്ചിന്റെ പൈസാ മുടക്ക് വരില്ല.

അവൻ: മഞ്ഞ ചാനലുകാരെ വിളിക്കണം. അവന്മാർ വാർത്ത ആക്കിക്കോളും.

ഞാൻ: ലോക്കലു മതി . രണ്ടേ രണ്ടേണ്ണം.

ഞാൻ: വിവാദം ആയിക്കഴിയുമ്പോൾ അന്തിവെളിച്ചപ്പാടന്മാരൊക്കെ ചർച്ചിക്കാനുളള വിഡിയോ ഫുട്ടേജ് കിട്ടാൻ പിന്നാലെ നടക്കും . അന്നേരം ലോക്കൽ ചാനലുകാരനും ഒരു പത്രാസൊക്കെ കിട്ടിക്കോട്ടെ.

അവൻ: എന്നാപ്പിന്നെ ലോക്കല് ഊളകൾ മതി. രണ്ടു ഫുള്ളു കൊടുത്താൽ ഓകെ.

അവൻ: പിന്നെ സകല ചോട്ടാ നേതാക്കൾക്കും കവട്ട ജവാൻ മേടിച്ചു കൊടുത്ത് നമ്മുടെ ആളാക്കണം.

ഞാൻ: പോരുംപ്പോ ആബ്സിന്തെയുടെ പത്ത് കാലിക്കുപ്പി കൊണ്ടുപോരെ. അതിൽ ഒഴിച്ചു കൊടുക്കാം.

ഓരോന്നിലും നേരിയ ഡോസ് ഉറക്കഗുളികയും കലക്കണം. എന്നാലെ യെവന്മാർ വീഴൂ. ഓസിനു അടിച്ചടിച്ചു മുടിഞ്ഞ കപ്പാസിറ്റി ആയിരിക്കും.

അവൻ: ആനമയക്കി കലക്കാം.

അവൻ: വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് ഫ്രീ പിക്നിക് സംവിധാനം, ക്ലാസ്സ് വിത്ത് പ്രൊജക്ടർ.

ഞാൻ: അതിൽ നാം നാടിന്റെ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുന്നതിനെ പറ്റി മാത്രം പറയണം. വീണ്ടും തൊട്ടാവാടി, വേനപ്പച്ച, ഫ്രീ നോട്ടീസ്..

ഞാൻ: ജപ്തി നോട്ടീസിന്റെ കോപ്പി തരുന്ന ചെറുകിട കർഷകർക്ക് കേന്ദ്രത്തിന്റെ എന്ന പേരിൽ 25% ഇളവ് കൊടുക്കാം. പിന്നെ ആ കൊടിക്കാരുടെ ശല്യം പേടിക്കേണ്ട.

ഞാൻ: ഇതെല്ലാം ആ പെങ്കൊച്ച് സിങ്കിൾ ഹാൻഡഡ് ആയിട്ട് ചെയ്യേണ്ടി വരുമല്ലോ.

അവൻ: അതിനു അവൾക്ക് ഡെയ്‌ലി ചായയും കടിയും നാലുമണിക്ക്. കമ്പനി വക.

ഞാൻ: കൊള്ളാം അളിയാ. നമ്മടെ അച്ഛാദിൻ ആയെന്നാ തോന്നുന്നത്!

ശുഭം.

Friday, March 03, 2017

"മതത്തേൽ കേറി ചൊറിയരുത്!"

ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെ‌ൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.

ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു‌ സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?

രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ‌
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.

നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി‌ ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു‌ കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ‌ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരു‌കളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.

ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

Monday, February 06, 2017

ഓൺലൈൻ വിശ്വാസികളേ, ഇതിലേ ഇതിലേ..

വിശ്വാസത്തിന്റെ പേരിൽ മതനേതാക്കന്മാരും ആത്മീയഗുരുക്കളും പൊതു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത പണ്ടേയുള്ളതാണ്. സോഷ്യൽ മീഡിയാ ശക്തമായ ഇക്കാലത്ത് ഓരോ മതങ്ങളുടെയും ലേബലിലുള്ള ആരാധനാപാത്രങ്ങളുടെയും ആൾദൈവങ്ങളുടെയും സാക്ഷാൽ പ്രപഞ്ചനാഥനായ ദൈവത്തിന്റെ തന്നെയും അത്ഭുതങ്ങളും അനുഭവസാക്ഷ്യങ്ങളും ഒന്നൊഴിയാതെ നമ്മെ സോഷ്യൽ മീഡിയായിലൂടെ തേടി വരുന്നു.

മന്ത്രങ്ങൾ, പ്രാർഥനകൾ, സ്തുതികൾ, അനുഭവസാക്ഷ്യങ്ങൾ, മിന്നുന്ന ദേവചിത്രങ്ങൾ മുതലായവ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിച്ച് അരങ്ങു തകർക്കുന്നു. അവയോടൊപ്പം അവ പ്രചരിപ്പിക്കണമെന്നുള്ള അഭ്യർഥനയും ഉണ്ടാവും. ഈ ദിവ്യസന്ദേശം എത്ര പേർക്കു ഷെയർ ചെയ്യണം എന്നു സൂചിപ്പിച്ചിരിക്കും. അപ്രകാരം ചെയ്തില്ലെങ്കിൽ വലിയ ആപത്തുകൾ തേടിവരുമെന്ന ഭീഷണികളൊപ്പം കാണും. അവയുടെ സാക്ഷ്യങ്ങളും ഉണ്ടാവും. ഈ മെസേജ് ഫോർവാഡ് ചെയ്യാതെ അവഗണിച്ച ബാങ്ക് മനേജരുടെ ജോലി പോയി. മറ്റൊരാൾക്ക് വാഹനാപകടം പറ്റി, കയ്യിലെ വള ഊരിപ്പോയി, തലയിലെ പൂട കൊഴിഞ്ഞു,വഴിയിൽക്കൂടി നടന്നവനെ കട്ടുറുമ്പു കടിച്ചു... അങ്ങനെയങ്ങനെ.‌ അതു പങ്കുവെച്ചവർക്കോ, വെച്ചടി വെച്ചടി കേറ്റമാണ് - കൂലിപ്പണിക്കാരനു ലോട്ടറിയടിച്ചു, അരയ്ക്കാൻ തേങ്ങാ ഇല്ലാതെ തേങ്ങിയ വീട്ടമ്മയുടെ മുന്നിൽ‌ തേങ്ങാ പൊഴിഞ്ഞു വീണു, തീർന്ന പേനയിൽ മഷി നിറഞ്ഞു, പത്തു പാസാകാഞ്ഞവനു‌ ഡിഗ്രി കിട്ടി എന്നിങ്ങനെ.

ദൈവത്തെ കണ്ടു എന്നു പറഞ്ഞു കൊണ്ട് സാക്ഷ്യം പറയുന്നവർ തികഞ്ഞ മൗലികവാദികളാണ്. കാരണം അവർ വിശ്വസിക്കുന്ന മതത്തിന്റെ ചട്ടക്കൂടിലെ സങ്കല്പങ്ങളോട് തികച്ചും ചേർന്നു നിൽക്കുന്ന ചുറ്റുപാടുകളിലുള്ള ദൈവത്തെ മാത്രമേ അവർ കാണൂ. ഹൈന്ദവൻ ഒരിക്കലും അവന്റെ തപസ്സിലും ധ്യാനത്തിലും അതീന്ദ്രിയ അനുഭവങ്ങളിലും ക്രൈസ്തവമോ ഇസ്ലാമികമോ ആയ വിശ്വാസപ്രമാണങ്ങളിലെ ദൈവികഭാവം അനുഭവിച്ചതായി‌ കണ്ടിട്ടില്ല. അഹിന്ദുക്കൾ ആരും ഇന്ദ്രലോകത്തിലെയോ കൈലാസത്തിലെയോ പാലാഴിയിലെയോ വ്യവസ്ഥാപിത ബിംബങ്ങളായി ദൈവങ്ങളെ ദർശിച്ചിട്ടില്ല. മാലാഖമാരും പുണ്യവാന്മാരും ക്രിസ്ത്യാനിക്കും രാജാപ്പാർട്ട് വേഷമിട്ട് ആയുധധാരികളായി മൃഗ-പക്ഷി വാഹനാരൂഢരായ ദേവീദേവന്മാർ അഥവാ മറ്റ് സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾ ഹിന്ദുക്കൾക്കും പ്രത്യേകം ദർശനമരുളുന്നു.

ദൈവമുണ്ടെന്നും ദൈവത്തെ കണ്ടെന്നും പറയുന്ന ഓരോരുത്തരും‌ അവരവരുടെ വിശ്വാസത്തെ പിന്തുടരാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് -അത് ഏതു മതമായാലും. മതത്തിന്റെ പരസ്യങ്ങൾ - ഇതാണു സത്യം, ഇതാണു ധർമ്മം, ഇതാണു പാരമ്പര്യം, ഇതാണ് ഏകൻ, ഇതാണ് ശരി, മറ്റേതെല്ലാം തെറ്റ്, ഇതിലൂടെയേ സ്വർഗ്ഗം പൂകാൻ/ മോക്ഷം കിട്ടാൻ /പരമപദം പ്രാപിക്കാൻ പറ്റൂ, ഇങ്ങോട്ടു വരൂ, ഈ വിശ്വാസത്തിൽ അണിചേരൂ... മൊബൈൽ നമ്പർ 'പോർട്ട്' ചെയ്യാൻ കമ്പനിക്കാർ പ്രലോഭിപ്പിക്കും പോലെ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. ഇവർ, ദൈവത്തിങ്കലേക്ക് മനുഷ്യനെ ഓൺലൈനായി എത്തിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവർ എല്ലാം, ചെയ്യുന്നത് അതാത് മതത്തിങ്കലേക്ക് ആൾക്കാരെ അടുപ്പിക്കലാണ്. മനുഷ്യരെ നല്ലവരാക്കുക, ആത്മീയമായും ഭൗതികമായും അവർക്കു മെച്ചപ്പെടൽ നൽകുക, സഹജീവികളെ കൂടുതൽ സ്നേഹിക്കുന്നവരാക്കുക, കുടുംബത്തെ കൂടുതൽ ദൃഢമാക്കുക ഇതൊന്നും ഓൺലൈൻ ഭക്തിക്കാരുടെ അജൻഡയിൽ ഉള്ളതല്ല. അവർക്കാവശ്യം അതാതു മതങ്ങളുടെ പ്രചാരണം മാത്രമാണ്. അതുകൊണ്ടാണ് അവർ ഓം നമഃശിവായ മന്ത്രവും പുണ്യാളന്റെ ചിത്രവും മറ്റും മറ്റും ഇത്രയിത്ര പേർക്ക് അയച്ചു നൽകാൻ നമ്മെ നിർബന്ധിക്കുന്നത്. അല്ലെങ്കിൽ എന്തുകൊണ്ട് ആ പ്രാർഥന അത് അനുവർത്തിക്കേണ്ടുന്ന രീതിയിൽ ജപിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നില്ല? ദേവന്മാരും മധ്യസ്ഥന്മാരും പുണ്യാളന്മാരും സർവ്വശക്തനായ ദൈവവും ആരെല്ലാം ഏതെല്ലാം മെസേജുകൾ ഫോർവാഡ് ചെയ്യുന്നു എന്നു നോക്കിയിരിപ്പാണോ? ചിത്രഗുപ്തൻ നമ്മുടെ ഫേസ്ബുക്കിലും വാട്സാപ്പിലും നൂണ്ടുകയറി മെസേജുകൾക്ക് എണ്ണം വെയ്ക്കുന്നോ? ഇല്ല സുഹൃത്തേ ഇല്ല.

'ഈ മെസേജ് നിങ്ങൾ പത്തു പേർക്കയച്ചാൽ ഒരു ഡോളർ/രൂപ വീതം രോഗാതുരയായ കുട്ടിക്ക് നൽകുമെന്ന് വാട്സാപ്/മൊബൈൽ നെറ്റ്‌വർക്ക് സമ്മതിച്ചിട്ടുണ്ട്.. അതുകൊണ്ട് ഇത് മാക്സിമം ഫോർവാഡ്ചെയ്യൂ.. ഈ പിഞ്ചുകുഞ്ഞിനു ചികിൽസയ്ക്ക് പണം കണ്ടെത്താ‌ൻ സഹായിക്കൂ...' തലയിൽ ആൾത്താമസമുള്ളവർ ആരും ഈ മണ്ടത്തരം അംഗീകരിക്കില്ല. ഫോണിൽ സംസാരവും smsഉം മാത്രം ഉണ്ടായിരുന്ന കാലത്തേ ഇത്തരം കബളിപ്പിക്കലുകൾ ഉണ്ട്.(ഇന്നും ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു ഫോർവേഡ് ചെയ്യുന്നവർ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതായത്, നമുക്കു മുന്നിൽ കാണുന്ന വാട്സാപ്പും മൊബൈൽ
കമ്പനിയും നമ്മുടെ മെസേജുകളുടെ പേരിൽ ആർക്കും ധനസഹായം ചെയ്യുമെന്ന് നാം കരുതുന്നില്ല. എങ്കിൽ പിന്നെ അരൂപിയും സോഷ്യൽ മീഡിയാ അക്കൗണ്ട് ഇല്ലാത്തവനുമായ ദൈവം എങ്ങനെ നാമയച്ച മെസേജുകളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ നമ്മെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും?

ഒരു പ്രാർഥനയോ മതാനുഷ്ഠാനമോ നിങ്ങൾക്കയച്ചു തന്നുകൊണ്ട് ഫോർവാഡ് ചെയ്യാൻ ഒരാൾ ആവശ്യപ്പെട്ടാൽ അത് ചെയ്യരുത്. അതിലൂടെ നിങ്ങൾ ഒന്നും നേടുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനും ഇല്ല. ഒരു മതപുരോഹിതന്റെ ഭാവനയിൽ വിരിഞ്ഞ സങ്കല്പ കഥയോ അതീന്ദ്രിയാനുഭവമോ നിങ്ങൾ പങ്കിടരുത്. മനസ്സും ശരീരവും ഓരോരുത്തർക്കും വിഭിന്നമെന്നതു പോലെ ജീവിതവും സാഹചര്യങ്ങളും വിഭിന്നമെന്നതുപോലെ,അനുഭവങ്ങളും വ്യത്യസ്തമാവും. രോഗവും വേദനകളും മരണവും മരണത്തിലേക്കുള്ള യാത്രകളും ഒന്നൊന്ന് വ്യത്യസ്തമാകും;അവ സ്വയം അനുഭവിച്ചേ മതിയാകൂ. സ്വർഗ്ഗവും നരകവും പരലോക യാത്രകളും വർണ്ണിക്കപ്പെട്ടു കേൾക്കുമ്പോൾ തിരിച്ചറിയുക, അത് ആ പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം മെനഞ്ഞെടുക്കപ്പെട്ടതാണ്. കാരണം, ഇതര മതങ്ങളെയും അവയുടെ സങ്കല്പങ്ങളെയുമെല്ലാം അവ പാടേ അവഗണിക്കുന്നു. സ്വന്തം തത്വങ്ങളാണ് ശരിയെന്ന് മൗനമായി‌ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മരണം സത്യമാണ്. മരിച്ചാൽ ശ്വാസവും ഹൃദയവും എന്നേക്കുമായി നിലയ്ക്കുന്നു, ശരീരം അഴുകുന്നു. ഭൂഗുരുത്വം എല്ലാരെയും ഒരുപോലെ താഴേക്ക് വലിക്കുന്നു എന്നതുപോലെ പരലോകം എന്നൊന്നുണ്ടെങ്കിൽ, ഞാൻ പറയുന്നു, അത് വിശ്വാസിക്കും അവിശ്വാസിക്കും എ മതക്കാരനും ബി മതാനുയായിക്കും ഒരുപോലെ ആയിരിക്കും. അത് എന്റെ മതം അനുശാസിക്കുന്നതുപോലെ ആണ് എന്ന് മരിക്കാത്ത ഒരാൾ - ഹൃദയവും ശ്വാസവും നിലച്ചു്, ശരീരം തണുത്ത്, മരണമെന്ന സത്യം പൂർണ്ണമായും ബാധിക്കാത്ത ഒരാൾ - പറഞ്ഞാൽ, നിങ്ങൾ ഒരു മതവിശ്വാസിയോ അതിനുമപ്പുറം ഈശ്വര വിശ്വാസിയോ ആണെങ്കിൽ മതങ്ങൾ വളരേണ്ടത് ഇങ്ങനെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തിയിട്ടല്ല എന്നുമാത്രം തിരിച്ചറിയുക. അത് വിശ്വാസത്തിനും വിശ്വാസരീതികൾക്കും ആരാധനാബിംബങ്ങൾക്കും അപ്പുറം വെറും മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിച്ചുകൊണ്ടാണ്; അതിലൂടെ അവനിലും അവന്റെ കുടുംബത്തിലും അങ്ങനെ സമൂഹത്തിലും നന്മ വളർത്തുന്നതിലൂടെയാണ്. മതപ്രബോധനങ്ങൾ മനുഷ്യന്റെ നന്മയ്ക്കായി ഉണ്ടാക്കിയവയാണ്. അവ കൊണ്ട് മനുഷ്യനെ ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഓരോരുത്തരും സ്വന്തം മതം വളർത്തുമ്പോൾ മാനവികത എന്ന സാർവ്വലൗകിക മതം ഇല്ലാതാകുന്നു.

മതങ്ങൾ നല്ലതാവണമെങ്കിൽ അവയിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യർ നന്നാവണം, അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നന്നാവണം. മനുഷ്യനെ നന്നാക്കാതെ മതത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന പുരോഹിതരും ഗുരുക്കന്മാരും സന്യാസിമാരും പ്രഭാഷകരും നിർമ്മിക്കുന്നത് പാലങ്ങളല്ല, വന്മതിലുകളാണ്.

വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുക. അനുഗ്രഹവും ശിക്ഷയും സോഷ്യൽ മീഡിയയിലൂടെ വരില്ല. ഇനി ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യനിൽ വിശ്വസിക്കുക; സ്നേഹത്തിൽ വർത്തിക്കുക. വാട്സാപ്പിലെ ദൈവം തരുന്നതിനെക്കാൾ കൂടുതൽ ഭൂമിയിലെ മനുഷ്യർ തരും. അതല്ലേ യഥാർഥ അനുഗ്രഹം?

Monday, January 30, 2017

എന്റെ വാട്സാപ് രഹസ്യങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാകുമോ?

സൈബർ ലോകത്ത്‌ ഈയിടെയായി പടരുന്ന ഈ ആശങ്ക ഫേസ്ബുക്കും വാട്സാപ്പും ഒരു കുടക്കീഴിൽ ആയതിന്റെ അനന്തര ഫലമാണ്‌‌. നമ്മളയക്കുന്ന മെസേജുകൾ പച്ചയ്ക്ക് ഇന്റർനെറ്റിൽ വരുമെന്നോ അവയെല്ലാം മറ്റുള്ളവർക്ക് കാണാൻ പറ്റുമെന്നോ അതിനർഥമില്ല. നമ്മുടെ വ്യക്തിവിവരങ്ങൾ വാട്സാപ് , ഫേസ്ബുക്കുമായി പങ്കിടും എന്ന് ലളിതമായി പറയാം.

ഉദാഹരണത്തിന്, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്റെ മൊബൈൽ നമ്പർ ചേർത്തിട്ടില്ല, ഇമെയിൽ ഉണ്ട് താനും. വാട്സാപ്പിലാകട്ടെ മൊബൈൽ നമ്പരിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം, എന്നാൽ അതിനു ഇമെയിലുമായി യാതൊരു ബന്ധവും ഇല്ല. ഇവ രണ്ടും ഒന്നാകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ, ഫേസ്ബുക്ക്, വാട്സാപ് എന്നിങ്ങനെ സോഷ്യൽ മീഡിയായിലെ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ ഒരേ സ്രോതസ്സിൽ നിന്നും ശേഖരിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും ഫേസ്ബുക്ക്-വാട്സാപ് അധികൃതർക്ക് സാധിക്കുന്നു. നിലവിൽ വാട്സാപ്പും ഫേസ്ബുക്കും ഫ്രീയാണെങ്കിലും പരസ്യങ്ങളിലൂടെയുള്ള വരുമാനം ഫേസ്ബുക്കിനു ചില്ലറയല്ല. ആ സ്ഥിതിക്ക് വാട്സാപ്പിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ഫേസ്ബുക്കിനു ലഭിക്കുമ്പോൾ ഇടപാടുകാരെ വ്യക്തിപരമായി അടുത്തറിയാനും അങ്ങനെ കൂടുതൽ ഫലപ്രദമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാനും അവർക്ക് സാധിക്കും.

ഇവ ചോർന്നാൽ, നാം ഭയക്കുന്നതുപോലെ നമ്മുടെ ഓൺലൈൻ ഇടപാടുകളും സമ്പർക്കങ്ങളും പരസ്യമാകാനും അതുമുഖേന നാം വഞ്ചിതരാകാനും മതി.

പ്രൈവസി സെറ്റിങ്സ് ഒന്നുകൂടി പരിശോധിക്കുക.
ഫേസ്ബുക്കിൽ പബ്ലിക് ആയി നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതു വിവരവും(ചിത്രവും വീഡിയോയും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പരും ജീവിത ദുഃഖങ്ങളും നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും യാത്രകൾ സംബന്ധിച്ച വിവരവും അങ്ങനെ എന്തും...) അതിൽ അക്കൗണ്ട് ഉള്ള(എന്നും നിര്‍ബ്ബന്ധമില്ല) ലോകത്തെവിടെയുമുള്ള ആൾക്കാർക്കു കാണാമെന്നോർക്കുക.

നമ്മുടെ ഒരു ഫോട്ടോ എടുക്കാൻ അപരിചിതരെ നാം അനുവദിക്കാറില്ല. അതേ സമയം‌ നമ്മുടെ ഒന്നാന്തരം ഫോട്ടോകൾ പബ്ലിക് ആക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാ‌ൻ നാം മടിക്കാറില്ല. രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. രണ്ടാമത്തേത് ആണു കൂടുതൽ അപകടകരം. അതറിയാൻ ചില സൈറ്റുകളിൽ വരുന്ന നമ്മുടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ മതി!


സോഷ്യൽ മീഡിയായിൽ അച്ചടക്കം പാലിക്കുക. അത്രമാത്രമേ ചെയ്യാനുള്ളൂ.