Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

4 comments:

  1. ഓഹോ.അടുത്ത പോസ്റ്റുമായി വേഗം വാാ.

    ReplyDelete
  2. ഒരു കാര്യംപറയട്ടെ. വെറുതെ ഇങ്ങിനെ എഴുതി പോയാൽ അതൊരു യാത്രാ വിവരണം ആകില്ല. കുറച്ചു കൂടി വായനക്കാർക്കു സുഖവും അനുഭവവും വിജ്ഞാനവും പകരുന്നതായാൽ നന്നായിരിക്കും.

    എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങൾ വായിച്ചു കാണുമല്ലോ. ചെറിയ കാര്യങ്ങൾ പോലും എഴുത്തും. രസകരമായി.പക്ഷെ വായനക്കാർക്ക് ആസ്വാദ്യ കാര്യമായി.ഇൻഡോനേഷ്യൻ ഡയറിയിൽ ബീഡി കൈവശം വച്ചതിനു അവിടത്തെ പോലീസ് ചോദ്യം ചെയ്യുന്നതും സുക്കാർണോ യുടെ അടുത്ത് വരെ എത്തിക്കും എന്ന് തോന്നുന്നു എന്നൊക്കെ യുള്ള വിവരണം, സ്‌കൂൾ സമയത്തു വായിച്ചത്, ഇന്നും ഓർമയിൽ താങ്ങി നിൽക്കുന്നു.
    പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളിൽ കൂടി ഒന്ന് യാത്ര പോകൂ. അടുത്ത വാഗമൺ വായനക്കാർക്കു ഒരു അനുഭവമാകട്ടെ

    ReplyDelete
    Replies
    1. യാത്രാവിവരണം എന്നു തീർത്തു പറയാം എന്നെനിക്കും തോന്നുന്നില്ല. അനുഭവക്കുറിപ്പ്‌ എന്നാണു പറയേണ്ടത്‌. ഇവിടെ എഴുതുന്നതു കൂടുതലും.യാത്രയിലെ അനുഭങ്ങളായതിനാൽ യാത്രാ വിവരണം എന്നും വിളിക്കുന്നു എന്നേയുള്ളൂ.

      വിസ്താര ഭയം കൊണ്ടും പ്രാധാന്യക്കുറവുകൊണ്ടുമാണു ചെറിയ കാര്യങ്ങളിൽ അധികം ശ്രദ്ധ വെയ്ക്കാത്തത്‌. എന്തു തന്നെ ആയാലും നിർദ്ദേശങ്ങൾ പരിഗണിച്ച്‌ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായിരിക്കും. അഭിപ്രായത്തിനു നന്ദി. വീണ്ടും വരിക.

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'