Tuesday, January 15, 2013

എന്തിനോ വേണ്ടി തിളച്ച സാമ്പാർ

മരങ്ങളും പണിമുടക്കുകളും അന്യമായ നാടല്ല കേരളം. ഇക്കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും അദ്ധ്യാപകരും ആരംഭിച്ച സംസ്ഥാന വ്യാപകമായ ഒരു അനിശ്ചിതകാല പണിമുടക്കിന്‌ കഴിഞ്ഞ ദിവസം അറുതിയായി. ഈ അവസരത്തിൽ ജനുവരി എട്ടുമുതൽ കേരളം സാക്ഷ്യം വഹിച്ച ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങളെ ഞാൻ കണ്ടുകൊള്ളട്ടെ.

അനിശ്ചിതകാല പണിമുടക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പരമപ്രധാനമായത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക എന്നതായിരുന്നു. പെട്ടെന്നു മനസ്സിലാക്കാനായി, പങ്കാളിത്ത പെൻഷൻ എന്നാൽ ഓരോ ജീവനക്കാരന്റെയും പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു വിഹിതം സർക്കാർ തിരിച്ചുപിടിച്ച് അതിന്റെ കൂടി വിനിയോഗ ഫലമായി റിട്ടയർമെന്റിനു ശേഷം ആ ജീവനക്കാരനു പെൻഷൻ നല്കുക എന്നതാണ്‌. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിൽ റിട്ടയറായ ജീവനക്കാരനു പെൻഷൻ നല്കുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയാവുന്നു; അതായത് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വിഹിതം പറ്റിക്കൊണ്ടല്ല പെൻഷനുള്ള വക സർക്കാർ കണ്ടെത്തുന്നത്. ചുരുക്കത്തിൽ പങ്കാളിത്ത പെൻഷൻ ബാധകമാവുന്ന ജീവനക്കാരന്‌ പ്രതിമാസശമ്പളത്തിൽ പത്തിലൊന്നു ഭാഗം കുറവു വരും.

എൻ.ജി.ഓ. അസോസിയേഷൻ തുടങ്ങിയ വലതുപക്ഷ സർവീസ് സംഘടനകൾ മുന്നേ തന്നെ തങ്ങൾ സമരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഡയസ്‌നോൺ തുടങ്ങിയ പ്രതിരോധനടപടികൾസർക്കാർ പ്രഖ്യാപിക്കുകയും അവധി അനുവദിക്കുന്നതിന്‌ കർശനമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യ ദിനം മുതൽ വിവിധ പത്ര മാധ്യമങ്ങൾ ആഫീസ് തലത്തിലുള്ള ഹാജർ നില പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തുകൊണ്ട് സമരത്തിന്റെ യഥാർഥ ചിത്രം ജങ്ങളിലേക്കെത്തിക്കുകയും ചെയ്തു.

അതേസമയം, ഇടതുപക്ഷ അനുകൂല സംഘടനകൾ പൊതുവായി ശക്തമായ നിലപാടുകളും മുദ്രാവാക്യങ്ങളുമായി സമരമുഖത്തു പ്രത്യക്ഷപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഒറ്റപ്പെടുത്താനും അത്തരക്കാർ ജോലിക്കെത്തുന്നതു തടയാനും ചിലയിടങ്ങളിൽ കായികമായി ആക്രമിക്കാനും വരെ ശ്രമങ്ങളുണ്ടായി. ഇത്തരം സംഘർഷങ്ങൾ തെരുവിലേക്കു വ്യാപിക്കുകയും ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും പരസ്യമായിത്തന്നെ ജീവനക്കാരുടെ സമരത്തിനു പിന്തുണ നല്കുകയും ചെയ്തു.

എന്നാൽ, ദിനംപ്രതി ആഫീസുകളിലെ ഹാജർ നില കൂടി വരികയും പണിമുടക്കു നടത്തുന്ന സംഘടനകളിലെ തന്നെ ജീവനക്കാർ ഒളിഞ്ഞും തെളിഞ്ഞും ജോലിക്കു ഹാജരാകുകയും ചെയ്തുകൊണ്ടിരുന്നു. സമരം ചെയ്യുന്നവർക്കെതിരേ സ്വീകരിക്കുന്ന നടപടികളിൽ യാതൊരിളവും ഉണ്ടാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനില്ക്കുകയും ചെയ്തതോടെ 2012 ആഗസ്റ്റ് 8-ആം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ നടപ്പാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്നത് അരക്കിട്ടുറപ്പിക്കപ്പെട്ടു.

പിന്നെക്കണ്ടത് സമരത്തിന്‌ ഒരു തീർപ്പു കണ്ടെത്താനുള്ള വ്യഗ്രതയോടെയുള്ള ശ്രമങ്ങളായിരുന്നു. ജനുവരി 13-ആം തീയതി ഞായറാഴ്ച എങ്ങനെയും ഒരു ഒത്തുതീർപ്പ് ഉണ്ടാകേണ്ടത് അനിവാര്യമായി എന്നു വേണം കരുതാൻ. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കേതന്നെ ജനു. 11ന്‌ വെള്ളിയാഴ്ച ആഫീസുകളിലെ ഹാജർ നില മികച്ച രീതിയിൽ ഉയർന്നു. അതിനൊരു പ്രധാന കാരണം, അന്നേ ദിവസം പണിമുടക്കിയാൽ തുടർന്നു വരുന്ന രണ്ടാം ശനി, ഞായർ, തിങ്കളാഴ്ച പൊങ്കൽ പ്രമാണിച്ചുള്ള പ്രദേശിക അവധി എന്നിങ്ങനെ മൂന്നു ദിവസത്തെ കൂടി ശമ്പളം നഷ്ടപ്പെടുമെന്ന ലളിതമായ സാമ്പത്തിക വശം മാത്രമാണ്‌. ഫലിതം അതല്ല, ഇടതു മാധ്യമങ്ങൾ ‘ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്ത് പരിപൂർണ്ണ വിജയമാക്കിയ പണിമുടക്ക്’ എന്നൊക്കെ സമരത്തെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ഹാജർ നിലയുടെ കണക്ക് കെട്ടിച്ചമച്ചതാണെന്ന്‌ ഒരുളുപ്പുമില്ലാതെ തട്ടി വിടുന്നുമുണ്ടായിരുന്നു. ഹാജർ നിലയിൽ സർക്കാർ കള്ളത്തരം കാണിച്ചിട്ടുണ്ടോ എന്ന് പണിമുടക്കിയവർക്ക് ഇനിയാണെങ്കിലും വിവരാവകാശ നിയമപ്രകാരം പരിശോധിക്കാമല്ലോ. അതേ സമയം, യാഥാർഥ്യ ബോധമുള്ള മാധ്യമങ്ങളിലെല്ലാം പണിമുടക്കിനെക്കുറിച്ചുള്ള പരാമർശം തന്നെ 'ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക്' എന്നായിരുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ അതിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെ ജീവനക്കാർക്ക് പറ്റുന്നത്ര ആനുകൂല്യങ്ങൾ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടായിരുന്നതാണ്‌. മിനിമം പെൻഷൻ ഉറപ്പാക്കും എന്ന് സമരം ആരംഭിക്കുന്നതിനു മുൻപേ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിപ്പിക്കും എന്ന ‘നടക്കാത്ത ഒരു സ്വപ്ന’ത്തിനായിട്ടാണ്‌ ജീവനക്കാരെ സമരമുഖത്തേക്ക് ഇടതു സംഘടനകൾ തള്ളിവിട്ടത്. കാര്യങ്ങൾ ഇങ്ങനെ പോകെ, ദിനം പ്രതി ഹാജർ നില കൂടി വന്നതും സർക്കാരിന്റെ കർശനമായ അച്ചടക്ക നടപടികളും സമരത്തെ ദുർബ്ബലമാക്കി. അതോടൊപ്പം സോഷ്യൽ മീഡിയയിൽ തൊഴിൽ രഹിതരുടെയും യുവാക്കളുടെയും സർക്കാരിതര മേഖലകളിലെ ജീവനക്കാരുടെയും വികാരം സമരത്തിനെതിരേ തിരിഞ്ഞതും വിസ്മരിക്കാനാവില്ല. ‘തിന്ന് എല്ലിനിടയിൽ കയറിയതിന്റെ അഹങ്കാരത്തിൽ കാട്ടിക്കൂട്ടുന്നത്’ എന്നാണ്‌ ഫേസ്‌ബുക്കിൽ സമരത്തെക്കുറിച്ച് വന്ന ഒരുകമന്റ്. ‘ഇപ്പോഴുള്ളതിന്റെ പാതി ശമ്പളവും ആനുകൂല്യങ്ങളും മതി, ഇവർക്കു പകരം ഞങ്ങൾ ജോലി ചെയ്യാം’ എന്നു വരെ പ്രഖ്യാപിച്ചുകൊണ്ട് ഓൺലൈൻ ജനത മുന്നോട്ടുവന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ തയ്യാറെടുപ്പുകളും നടത്തിപ്പും സമരാനുകൂലികളായ അദ്ധ്യാപകരുടെ നിലപാടുമൂലം താളം തെറ്റുമെന്നായപ്പോൾ സമരം തികച്ചും ജനവിരുദ്ധമായി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ വികസനപദ്ധതികളുടെ പ്രവൃത്തികളും പുരോഗമിക്കവേ സമരം വന്നത് ബന്ധപ്പെട്ട മേഖലകളിൽ നിന്ന് എതിർപ്പ് ഉയരുന്നതിനു കാരണമായി. ചുരുക്കത്തിൽ അനുകൂലവികാരം ഉണ്ടാവുന്നതിനു പകരം പൊതുജനങ്ങളുടെ എതിർപ്പ് വാങ്ങിയെന്നതാണ്‌ സമരം ഉണ്ടാക്കിയ നേട്ടം.

ഒത്തുതീർപ്പുചർച്ചയ്ക്കുള്ള സാദ്ധ്യതകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായി പിന്നീട്. സമരാനുകൂലികളെ ചർച്ചയ്ക്കു വിളിച്ച് ഇനിയും അപഹാസ്യനാകാൻ വയ്യ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമരക്കാർ ഒടുക്കം പണിമുടക്ക് ഏകപക്ഷീയമായി പിൻ‌വലിക്കുമോ എന്ന സംശയമേകി. ചർച്ചയ്ക്ക് അവസരമുണ്ട് എന്ന് സമയം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി വാതിൽ തുറന്നിട്ടു. മുൻപേ പ്രതിരോധത്തിലായിരുന്ന സമരസമിതി നേതാക്കൾക്ക് ആ അവസരം വിനിയോഗിക്കാതെ തരമുണ്ടായിരുന്നില്ല.

ഒടുക്കം ഏറെക്കുറെ അപ്രായോഗികമോ യാതൊരു പുതുമയും ഇല്ലാത്തതോ ആയ ചില വ്യവസ്ഥകൾക്കു സമ്മതിച്ച് അനിശ്ചിതകാല പണിമുടക്ക് നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കപ്പെട്ടില്ല. ഒത്തുതീർപ്പു ചർച്ചയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയെ സമരസമിതി നേതാക്കൾക്ക് അംഗീകരിക്കേണ്ടതായിത്തന്നെ വന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതി ഒരുതരത്തിലും ബാധിക്കില്ലെന്ന ഉത്തരവു വേണമെന്ന ആവശ്യം മുഖ്യമാന്ത്രി അംഗീകരിച്ചു. അതിൽ പുതുതായൊന്നും അംഗീകരിക്കാനില്ല തന്നെ. 2013 മാർച്ച് 31 നു ശേഷം സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കു മാത്രമേ ഇതു ബാധകമാവൂ എന്നത് വ്യക്തമാണല്ലോ.

മിനിമം പെൻഷൻ ഉറപ്പാക്കും എന്ന്‌ കൊട്ടിഘോഷിക്കുന്നത് പണ്ടും പറഞ്ഞിട്ടുള്ളതാണെന്നതിനു പുറമേ നിലവിലെ ഇ.പി.എഫ്. പെൻഷൻ തുക എന്നത് വളരെ കുറഞ്ഞ ഒരു തുക ആണെന്നതിനാൽ അത്ര കാര്യമായ നേട്ടമായി അവതരിപ്പിക്കാവുന്നതല്ല. പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമെന്ന ആവശ്യം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന ഉറപ്പാണു സർക്കാർ നല്കിയിട്ടുള്ളത്. നിക്ഷേപിക്കും എന്നു തീർത്തു പറഞ്ഞിട്ടില്ല എന്നതു കൂടാതെ, ഈ നിർദ്ദേശം അംഗീകരിക്കാൻ സാധ്യത തുലോം കുറവാണെന്നു പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുമെന്ന് സമരസമിതി അവകാശപ്പെടുമ്പോൾ സമരദിവസങ്ങളോട് ചേർന്നു വന്ന അവധി ദിനങ്ങളിലും ഡയസ്‌നോൺ ബാധകമായിരിക്കും, അതു പിൻവലിക്കില്ല എന്നു ധനമന്ത്രി പറഞ്ഞുകഴിഞ്ഞു. ഐതിഹാസികമെന്നും തങ്കലിപികളിൽ എഴുതപ്പെട്ടതെന്നും വിശേഷിപ്പിക്കപ്പെട്ട 2002-ലെ പണിമുടക്കിൽ 32 ദിവസത്തെ ശമ്പളം ഭൂരിഭാഗം ജീവനക്കാർക്കും ഡയസ്‌നോണിലൂടെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അധികാരം തിരികെ കിട്ടിയപ്പോൾ ആ ഡയസ്നോൺ റദ്ദാക്കാൻ കഴിയാതിരുന്ന ഇടതന്മാർക്ക് ഇപ്പറഞ്ഞിടത്തു നാവു പൊന്തില്ല എന്നുറപ്പ്. അഞ്ചു വർഷത്തിൽ ഒരിക്കൽ ശമ്പള പരിഷ്കരണം ഉറപ്പാക്കാനായതും എൽ.ടി.സി. അനുവദിച്ചതും ഈ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നടന്ന ചർച്ചയിലൂടെയാണ്‌ എന്നിപ്പോൾ പറയുന്നതു മുൻതീരുമാനങ്ങളെ പണിമുടക്കിന്റെ അനന്തരഫലമായി ചിത്രീകരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയനീക്കം മാത്രമാണ്‌.

അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി 14/01/2013-ൽ പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന ഒരേയൊരു വാചകം മതി- ‘2002-ലെതുപോലെ എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ സിവിൽസർവ്വീസിന്റെ ഹൃദയമായ പെൻഷൻ സംരക്ഷിക്കുവാൻ സാധിക്കുമായിരുന്നു’ - സമര പങ്കാളിത്തം കുറവായിരുന്നു എന്ന ഏറ്റുപറച്ചിലും സമരലക്ഷ്യം നേടാനാവാത്തതിന്റെ ഭാരം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമവും ഇതിൽ വ്യക്തമായി കാണാം. ഒപ്പം, ഭാവിയിൽ പങ്കാളിത്ത പെൻഷൻ പ്രാവർത്തികമാവുമ്പോൾ 2013-ൽ പണിമുടക്കിൽ പങ്കെടുക്കാതെ സമരം പരാജയപ്പെടുത്തിയവരെയും ഇതു കൊണ്ടുവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പഴിപറഞ്ഞ് തലയൂരുകയും ചെയ്യാം(ഈ പണിമുടക്കിന്റെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം ഭാവിയിലേക്ക് കാത്തുവെച്ചിരിക്കുന്ന ഈ പഴുതു തന്നെ!). കൂടുതൽ വിപുലമായ പോരാട്ടങ്ങൾക്കായി അനിശ്ചിതകാല പണിമുടക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് പറയുമ്പോൾ കേരളത്തിലെ സർവ്വീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ഈ പേരിൽ ഇനി മറ്റൊരു പണിമുടക്കിന്‌ ആഹ്വാനം ഉണ്ടായാൽ അതൊരു വനരോദനമായി അവസാനിക്കും എന്ന യാഥാർഥ്യം. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് കേവലം സാമ്പത്തിക-സർവീസ് നഷ്ടങ്ങൾക്കുപരിയായി യാതൊന്നും സമ്മാനിക്കാൻ കഴിയാതെയാണ്‌ ഈ സമരകാലം അവസാനിച്ചത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും കേവലം രാഷ്ട്രീയക്കളികളിലെ കരുക്കളായി തുടരാതിരിക്കാനും നാം കരുതലോടെ നീങ്ങുക തന്നെ വേണം.


വാല്ക്കഷണം (1) : മുടക്കുന്ന സമരങ്ങൾ കൊണ്ട് കേരള ജനതയ്ക്ക് ഇനിയെന്തൊക്കെ നേടാമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് മുടക്കുന്ന സമരങ്ങൾ കളഞ്ഞിട്ട് വല്ലതും ‘നടത്തുന്ന’ സമരങ്ങളിലേക്ക് നീങ്ങരുതോ? ഒന്നുമല്ലെങ്കിലും ഈ ‘കടിച്ചതുമില്ല, പിടിച്ചതുമില്ല’ എന്ന അവസ്ഥയിലും ഭേദമല്ലേ അങ്ങനെയൊന്ന്‌?


(2) ഭൂമി പിടിച്ചെടുക്കൽ സമരം - ആയിരക്കണക്കിനാളുകൾക്ക് പട്ടയം നല്കുകയും ആദിവാസികൾക്ക് വനാവകാശരേഖകൾ നല്കുകയും പ്രഖ്യാപിത ലക്ഷ്യവും കടന്ന് നടപടികൾ മുന്നേറുകയും ഭൂരഹിതർക്കു സ്ഥലം നല്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന നേരത്തുവന്ന ഈ നവതരംഗസമരത്തെ സർക്കാർ തണുപ്പൻ മട്ടിൽ വീക്ഷിക്കുന്നു. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടിയ ചിലയിടങ്ങളിൽ മരുന്നിനു പോലും പൊലീസില്ല. ഒരു ജലപീരങ്കി പ്രയോഗമോ ലാത്തിച്ചാർജ്ജോ അറ്റ് ലീസ്റ്റ് ഒരു ബലപ്രയോഗമോ പോലും ഇല്ലാതെ സമരം ചെയ്യാൻ ഒരു ത്രില്ലില്ല എന്ന് ചില സഖാക്കൾ അടക്കം പറയുന്നു! "എന്നെ അറസ്റ്റ് ചെയ്യൂ" എന്ന് സരോജ്കുമാർ പറയുന്നത് ഓർമ്മവന്നു.

3 comments:

  1. മുടക്കുന്ന സമരങ്ങൾ കൊണ്ട് കേരള ജനതയ്ക്ക് ഇനിയെന്തൊക്കെ നേടാമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് മുടക്കുന്ന സമരങ്ങൾ കളഞ്ഞിട്ട് വല്ലതും ‘നടത്തുന്ന’ സമരങ്ങളിലേക്ക് നീങ്ങരുതോ?

    ReplyDelete
  2. Kore naalaayi vannitt...
    Kollaam :)

    ReplyDelete
  3. Pinnalla.. :D:D Sarojkumar thanne ivanmar hihi..

    Well written Raj...

    Mithun

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'