Tuesday, August 07, 2012

വന്യസമ്മാനം

ന്നത്തെ ദിവസം അസ്തമിച്ചത് ഒരു കൗതുകവും കൊണ്ടാണ്‌. ഒരു സമ്മാനം കൊണ്ട്. ഇടുക്കി സിവിൽ സ്റ്റേഷനിൽ വരുന്ന ആർക്കും ലഭിക്കാവുന്ന ഒരു കുഞ്ഞു സമ്മാനം കൊണ്ട്.

പതിവുപോലെ ഒരു പ്രവൃത്തി ദിനമായിരുന്നു ഇന്നും. വൈകിട്ട്, ഇറങ്ങാനുദ്ദേശിച്ച സമയമായിട്ടും പിണങ്ങി നിന്ന കമ്പ്യൂട്ടറിനെ വല്ല വിധേനയും അനുനയിപ്പിച്ചുവന്നപ്പോഴേക്കും അല്പം വൈകി. നിവർന്നു നിന്നു പ്രവർത്തിക്കാൻ മതിയാംവണ്ണം റാം ഇല്ലാത്ത ആ സിസ്റ്റം ഇന്ന് ചെറുതല്ലാത്ത വിധം എന്റെ ക്ഷമയെ പരീക്ഷിച്ചിരുന്നു. ശ്വാസം കിട്ടാതെ കണ്ണു മിഴിച്ചു പുളയുന്ന ഒരു രോഗിയെപ്പോലെ ഇടയ്ക്കെല്ലാം ആ സിസ്റ്റം കിറുങ്ങി നില്ക്കാറുണ്ട്. ഒടുക്കം ഷട്ട് ഡൗൺ ചെയ്ത് ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ അവിടെ അപ്പോഴും ആൾക്കൂട്ടം ഉണ്ടെന്നു കണ്ട് ബസ് പോയിട്ടില്ല എന്നാശ്വസിച്ചു. പരിചയമുള്ള മുഖങ്ങൾ, ഓഫീസിലും തീരാത്ത പെൺവർത്തമാനങ്ങൾ ഇടുക്കി, പൈനാവ്, കുയിലിമലയിൽ വനമദ്ധ്യത്തിലെ ആ വഴിയിലേക്കും ചിതറിവീണുകൊണ്ടിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും ഇന്നു മഴയുണ്ടായിരുന്നു. ട്വീറ്റ് ചെയ്തിരുന്നതു(@olapeeppi) പോലെ പരിഭവിച്ചു നില്ക്കുന്ന പ്രണയിനിപ്പോലെയായിരുന്നു വനത്തിലെ മഴ. ഇടയ്ക്കൊരുവേള രൗദ്രഭാവത്തോടെ അലറിപ്പെയ്ത് ഒരു മഴ വീണു. ആർത്തനാദത്തോടെ മോഹാലസ്യപ്പെട്ടുവീണ ഒരു പെണ്ണിനെപ്പോലെ അതും പെട്ടെന്നു തന്നെ ശമിച്ചു. ശ്യാമഹരിതമായ ഇലകളിൽ മഴനൂലുകൾ അത്യാവേശത്തോടെ പാഞ്ഞുവീഴുന്നതിന്റെ ദൂരക്കാഴ്ച എന്റെ ഇരിപ്പിടത്തിൽ നിന്നും കാണാം. ഓരോ മഴയുടെയും ഇരമ്പം ആർത്തുവരുമ്പോഴും ഞാൻ ആ മഴയിലേക്കും അതിനെ പുണരാൻ കയ്യും കണ്ണും തുറന്നു പിടിച്ചു നില്ക്കുന്ന വനത്തെയും സാകൂതം നോക്കാറുണ്ട്.

ഇന്നു പതിവിലും വിഭിന്നമായി സാറ്റുകളിച്ച മഴ വൈകുന്നേരമായപ്പോഴേക്കും കോടമഞ്ഞിന്റെ വെണ്മയാർന്ന പടലങ്ങൾ കൊണ്ട് ആ പ്രദേശത്തെയാകെ അലങ്കരിച്ചിരുന്നു. താഴേ പച്ചിലച്ചാർത്തിനു മറഞ്ഞിരിക്കുന്ന റിസർവ്വോയറിൽ നിന്നും കാറ്റു പൊന്തിവന്ന് പലകുറി ആ മഞ്ഞിൻ കോലങ്ങളെ മായ്ച്ചെഴുതിക്കൊണ്ടിരുന്നു. റോഡിന്റെ ഓരം ചേർന്നു ഞാൻ നിന്നു. രണ്ടു മിനിറ്റു പോലും നിന്നില്ല,ബസ് വന്നു. തിരക്കിലലിഞ്ഞു കയറി.

തുടർന്ന് കട്ടപ്പനയിലേക്കു നീങ്ങുമ്പോഴും മഞ്ഞിന്റെയും തണുപ്പിന്റെയും ശക്തമായ ഒരു മുന്നണി പ്രകൃതിയെ ഭരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ പുളിയന്മല എസ്.എച്.33-ൽ ഇടുക്കി ഡാമിനു തോളൊപ്പം റോഡെത്തുന്ന വളവും കഴിഞ്ഞ് നീങ്ങുമ്പോൾ ബസിന്റെ ഷട്ടറുകൾ താഴ്ന്നു. പരശതം തവണ ആ ആർച്ച് ഡാം കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആദ്യം കണ്ട കൗതുകത്തോടെയാണ്‌ ആ ഹെയർപിൻ വളവു താണ്ടുമ്പോൾ ഞാൻ ആ ഡാമിനെ നോക്കാറുള്ളത്. എന്നെപ്പോലെ പലരും കാണും. കാരണം സമാന ഭാവം വിരിയുന്ന പലജോഡി കണ്ണുകൾ ആ ഡാമിനു നേർക്ക് പോകുന്നതു ഞാൻ എത്രയോ കണ്ടിരിക്കുന്നു.

തൊട്ടു പിന്നിലിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയുടെ ഫോണിൽ നിന്ന്‌ ഹിന്ദിസിനിമാ പാട്ടുകൾ അലോസരപ്പെടുത്തിക്കൊണ്ട് കടന്നു വന്നു. റേഡിയോയിൽ കേൾക്കുന്നതു പോലെ പതറുന്ന ശബ്ദം. ചൈനാമൊബൈൽ ആവണം. കുറെ കഴിഞ്ഞപ്പോൾ ഞാനുമതാസ്വദിച്ചു എന്നതു നേര്‌. “ഗജിനി”യിലെ “എങ്ങനെ നിന്നെയെനിക്കു കിട്ടീ” എന്ന ഗാനവും മറ്റും വളരെനാൾ കൂടിയാണു കേട്ടത്!

കട്ടപ്പനയിൽ വന്നിറങ്ങിയപ്പോഴാണ്‌ ഞാൻ പറഞ്ഞുവന്ന അക്കിടി കിട്ടിയത്. നടക്കുമ്പോൾ ഇടത്തെ കാല്പാദത്തിനടിയിൽ ചെരുപ്പിനോട് ഒട്ടുന്നതു പോലെ ഒരു തോന്നൽ. എന്താവും അത്? ഉച്ചയൂണു കഴിച്ചപ്പോൾ ചോറിന്റെ മണി വല്ലത്തും വീണതാവുമോ? ആവാൻ വഴിയില്ല. ആയിരുന്നെങ്കിൽ മുൻപു നടന്നപ്പോൾ അറിഞ്ഞേനെ. ചിലപ്പോൾ മുൻപു മുറിച്ച സെല്ലോടേപ്പിന്റെ കഷണമോ മറ്റോ ആവാം. എനിക്കു വീണ്ടും ബസ് കയറേണ്ട മാർക്കറ്റ് ജംങ്ങ്‌ഷനിൽ നിന്നപ്പോൾ പിന്നെയും അതേ ഒട്ടൽ! നിന്ന നില്പിൽ സൂത്രത്തിൽ ഇടതുകാലിലെ ചെരിപ്പൂരി ഉള്ളിലെന്താണ്‌ പറ്റിപ്പിടിച്ചിരിക്കുന്നതെന്നു നോക്കി. ഇരുണ്ട നിറത്തിൽ എന്തോ അല്പം കാണാം. വിരൽ കൊണ്ട് ചുരണ്ടിക്കളയാൻ നോക്കിയിട്ടു വിജയിച്ചില്ല. ഇനി കാലിൽ അതിന്റെ ബാക്കി വല്ലതും ഉണ്ടോ? വലത്തേക്കു മടക്കി ഉള്ളം കാലിൽ നോക്കിയപ്പോൾ കാൽ വെള്ളയിൽ ഇരുണ്ട നിറത്തിൽ എന്തോ പുരണ്ടിരിക്കുന്നതുകണ്ടു. അത് പാദത്തിന്റെ ഇടത്തെ പാർശ്വത്തിൽനിന്നിറങ്ങി വരുന്ന പോലെ.

മറുവശത്ത് ജീൻസിത്തിരി പൊക്കി നോക്കിയപ്പോൾ കാര്യം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ചോര! ചോരയാണ്‌ ഒട്ടിയത്! ഇടത്തെ കാലിന്റെ ഞെരിയാണിക്കു തൊട്ടു താഴെ നിന്നും ചെറിയ ഒരു ചാലായി രക്തം ഒലിച്ചിറങ്ങുന്നു. ഇപ്പോഴുണ്ടായ ഒരു മുറിവിൽ നിന്നെന്നപോലെ. അട്ട കടിച്ചതാണ്‌. അട്ടയെ കാണാനില്ല. ആവശ്യത്തിനു ചോരയൂറ്റിക്കുടിച്ച് തൃപ്തനായി അവൻ പിടിവിട്ടു പോയിട്ടുണ്ടാവും. അതെന്തായാലും നന്നായി. ഇനി വീട്ടിൽ ചെന്നിട്ട് ബാക്കി നോക്കിയാൽ മതി. മാർക്കറ്റ് ജംങ്ങ്‌ഷനിലെ ഭരതനാട്യം തുടരാൻ വയ്യ. അല്ല, അട്ട മേലേക്കെങ്ങാനും കേറീട്ടുണ്ടാവുമോ? എപ്പോൾ ആ ചിന്ത എനിക്കു വന്നോ അപ്പോൾ തൊട്ട് എന്റെ തുടയിലും ഷർട്ടിനുള്ളിലും ഒക്കെ അട്ട കടിക്കുന്നുണ്ടോ എന്ന സംശയം എനിക്കു തോന്നിത്തുടങ്ങി. ഹാലൂസിനേഷൻ ഹാലൂസിനേഷൻ..!

ഇനി അട്ടയെപ്പറ്റി. ഈ ജീവി എവിടുന്നു വന്നു. ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ കാട്ടിൽ ഇവ സുലഭമാണ്‌. അവിടെ സന്ദർശനത്തിനെത്തുന്നവർ പലരും ഇവയുടെ ആക്രമണത്തിനു വിധേയരാവാറുമുണ്ട്. അങ്ങനെയുള്ളപ്പോൾ സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ വരാന്തകളിൽ രക്തം തുള്ളിതുള്ളിയായി വീണു കിടക്കുന്നതു കാണാം. ഈ സാധനം വന്നു കടിക്കുന്ന നേരത്ത് നമ്മൾ അറിയണമെന്നില്ല. കൂടാതെ, കടി വീഴുന്ന കൂട്ടത്തിൽ രക്തം കട്ടപിടിക്കുന്നതിനെ തടയാൻ പോന്ന സംഗതിയും പിടിപ്പിക്കുന്നതിനാൽ നിർലോഭം രക്തം അട്ടയ്ക്കു കിട്ടും. കടിച്ചിരിക്കുന്ന നേരം, ഇവനെ വലിച്ചു പറിച്ചാൽ പണി വേറെ കിട്ടും. ഇവറ്റയുടെ പല്ലു പോലത്തെ അവയവങ്ങൾ അടർന്നു മുറിവിൽത്തന്നെ ഇരിക്കുമെന്നും മുറിവു പിന്നീടു പഴുക്കാൻ അതിടയാക്കുമെന്നും അനുഭവസ്ഥർ പറയുന്നു. അട്ട സ്വമേധയാ പിടി വിടണമെന്നർഥം. അതിനു കാണിക്കുന്ന ചില സൂത്രപ്പണികൾ ഉണ്ട്. ഒന്ന്‌, തീപ്പിട്ടിക്കൊള്ളിയുരച്ച് അട്ടയുടെ തല പൊള്ളിക്കുക. രണ്ട്, പുകയില ചവച്ചു ഉമിനീർ അട്ടയുടെ മേൽ വീഴ്ത്തുക. മൂന്ന്, മൂക്കിൽപ്പൊടി വിതറുക. നാല്‌, ഉപ്പു തൊടുക. അഞ്ച്, ചുണ്ണാമ്പു തൊടുക. ഈ പ്രയോഗങ്ങൾ ചെല്ലുമ്പോൾ അട്ട ഉള്ള ജീവനും കൊണ്ട് പായാൻ കടി വിടും.

വീട്ടിൽ വന്നു മുറിവുകഴുകി. കാണാനുള്ള മുറിവില്ലെങ്കിലും കഴുകിക്കഴിഞ്ഞപ്പോൾ രക്തം പിന്നെയും ഒലിച്ചു വന്നു. തുടർച്ചയായി അതു തുടച്ചുകളഞ്ഞു കൊണ്ടിരുന്നു. അല്പനേരത്തിനുള്ളിൽ രക്തം നിന്നു. അങ്ങനെ ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ അട്ടകൾ എന്ന വന്യജീവികളുടെ ഒളിയാക്രമണത്തിന്‌ ഇരയായി.

പിൻകുറിപ്പ് : 1. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതിനു മുൻപ് ഞാൻ അട്ടകടിയേറ്റത് മോളുടെ നാമകരണച്ചടങ്ങിനായുള്ള യാത്രയ്ക്കിടയിലാണ്‌. ഏലപ്പാറയ്ക്കു സമീപം ഇതുപോലെ തന്നെ റോഡരികിൽ നിന്ന്. അന്ന് ആശാനെ പിന്തിരിപ്പിച്ചത് ഒരു നുള്ളു മൂക്കിപ്പൊടികൊണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ അട്ടകടി!

2. എറണാകുളം ജില്ലയിൽ വനത്തിനുള്ളിലെ ഏകാധ്യാപക വിദ്യാലയത്തിലെ ഒരു പരിപാടിക്ക് ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപകരും ഉദ്യോഗസ്ഥരും ആദിവാസിക്കുടിയിൽ ക്യാമ്പ് ചെയ്ത വേള. പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥവൃന്ദം ആൺ-പെൺ സംഘം വെവ്വേറെ വെളിമ്പ്രദേശത്ത്(വെളിക്കിറങ്ങാനുള്ള പ്രദേശം എന്നർഥം) ‘ചെന്നു’. ഉപ്പ് ചെറിയ കിഴിയാക്കി കെട്ടി കയ്യിൽ കരുതിയാണു പോവുക. അട്ട കാലിലൂടെ കയറുമ്പോൾ ഈ കിഴിയൊന്നു മുട്ടിക്കും. അട്ട പിടീം വിട്ടു പൊത്തോന്നു താഴെവീഴും. കാര്യമെന്നാന്നു വെച്ചാൽ, ഒരു മാഡത്തിന്റെ കാലിൽ അട്ട കയറിയത് ആ മാഡം അറിഞ്ഞത് അല്പം വൈകിയാണ്‌. അറിഞ്ഞപാടെ മാഡം പരിഭ്രാന്തയായി ഓടി. ഒടുക്കം കുറെ സ്ത്രീകളുടെ നേതൃത്വത്തിൽ അടച്ചിട്ട മുറിയിൽ വെച്ച് ദേഹപരിശോധന നടത്തി അട്ടയെ കസ്റ്റഡിയിലെടുത്തു, വിചാരണ ചെയ്യാതെ വധിച്ചു!

1 comment:

Chikku said...

:) അങ്ങനെ ഏറെ നാളിനു ശേഷം ചേട്ടായിയുടെ ബ്ലോഗ്‌ വീണ്ടും വായിച്ചു. എന്തോ ഒരു സുഖം. :) ഭാഷ പ്രയോഗങ്ങള്‍ കുറച്ച് കൂടി നന്നായിരിക്കുന്നു, compared to Infy posts, i feel.

ഇനി പോയി മിസ്സ്‌ ആയ ബാക്കി പോസ്റ്സ്‌ വായിക്കട്ടെ.